ജോണ്‍ ഓര്‍മ്മ

ഇ.പി. കാര്‍ത്തികേയന്‍ ജോണ്‍ അബ്രഹാം എന്ന ചലച്ചിത്രപ്രതിഭയുടെ ഓര്‍മയ്ക്ക് 28 വര്‍ഷം തികഞ്ഞു. സിനിമ കേവലം വിനോദോപാധിയല്ലെന്നും അതൊരു സാമൂഹികഇടപെടലാണെന്നും പറയാന്‍ ശ്രമിച്ച സംവിധായകനായിരുന്നു ജോണ്‍. എന്നാല്‍ ആ ചിന്തയിലേക്ക് അദ്ദേഹം എത്തിച്ചേരുന്നതിന് വഴിവച്ചത് എണ്‍പതുകളുടെ മധ്യഹ്നത്തില്‍ നിശ്ചലമാവാന്‍ തുടങ്ങിയ സാമൂഹികാന്തരീക്ഷമായിരുന്നു. തീവ്ര ഇടതുപക്ഷം ധൈഷണികമായി ഔന്നത്യം നേടിയിരുന്ന സര്‍ഗാത്മകാന്തരീക്ഷത്തിനും തെളിച്ചം കുറഞ്ഞുകൊണ്ടിരുന്ന കാലം. അതുവരെ സജീവമായിരുന്ന ഫിലിം സൊസൈറ്റി പ്രസ്ഥാനവും പതുക്കെ അന്തര്‍ധാനം ചെയ്തു തുടങ്ങിയിരുന്നു. കച്ചവടക്കണ്ണിലാതെ, ലാഭം നോക്കാതെ സിനിമ ചെയ്യുകയും കാണുകയും ചെയ്തിരുന്ന […]

johnഇ.പി. കാര്‍ത്തികേയന്‍

ജോണ്‍ അബ്രഹാം എന്ന ചലച്ചിത്രപ്രതിഭയുടെ ഓര്‍മയ്ക്ക് 28 വര്‍ഷം തികഞ്ഞു. സിനിമ കേവലം വിനോദോപാധിയല്ലെന്നും അതൊരു സാമൂഹികഇടപെടലാണെന്നും പറയാന്‍ ശ്രമിച്ച സംവിധായകനായിരുന്നു ജോണ്‍. എന്നാല്‍ ആ ചിന്തയിലേക്ക് അദ്ദേഹം എത്തിച്ചേരുന്നതിന് വഴിവച്ചത് എണ്‍പതുകളുടെ മധ്യഹ്നത്തില്‍ നിശ്ചലമാവാന്‍ തുടങ്ങിയ സാമൂഹികാന്തരീക്ഷമായിരുന്നു. തീവ്ര ഇടതുപക്ഷം ധൈഷണികമായി ഔന്നത്യം നേടിയിരുന്ന സര്‍ഗാത്മകാന്തരീക്ഷത്തിനും തെളിച്ചം കുറഞ്ഞുകൊണ്ടിരുന്ന കാലം. അതുവരെ സജീവമായിരുന്ന ഫിലിം സൊസൈറ്റി പ്രസ്ഥാനവും പതുക്കെ അന്തര്‍ധാനം ചെയ്തു തുടങ്ങിയിരുന്നു. കച്ചവടക്കണ്ണിലാതെ, ലാഭം നോക്കാതെ സിനിമ ചെയ്യുകയും കാണുകയും ചെയ്തിരുന്ന സൗന്ദര്യസങ്കല്‍പത്തിനു മങ്ങലേറ്റു കൊണ്ടിരുന്ന കാലം.
വ്യവസായേതര സിനിമാ പ്രദര്‍ശനങ്ങളുടെ മുഖ്യ പ്രയോക്താക്കളായിരുന്ന ഫിലിം സൊസൈറ്റികള്‍ കേരളത്തില്‍ 1980 കളുടെ മദ്ധ്യത്തോടെ നിശ്ചലമാവാന്‍ തുടങ്ങിയിരുന്നു. കേരളത്തിലങ്ങോളമിങ്ങോളം നൂറുകണക്കിന്  ഫിലിം സൊസൈറ്റികള്‍ ഈ കാലത്ത് പ്രവര്‍ത്തനമവസാനിപ്പിച്ചു. മലയാള സിനിമാ വ്യവസായത്തിന്റെ കുത്തകവല്‍ക്കരണത്തിനും ഇന്ന് പൂര്‍ണ്ണമായി പ്രകടമായിട്ടുള്ള അനാശാസ്യമത്സരങ്ങള്‍ക്കും ആദിമരൂപമുണ്ടായത് ഇതേ കാലത്താണ്. ഈ ഘട്ടത്തില്‍ കോഴിക്കോടും സമീപപട്ടണങ്ങളിലുമായി പ്രവര്‍ത്തനം നിലച്ച പതിനേഴോളം ഫിലിം സൊസൈറ്റികളെ ഏകോപിപ്പിച്ചു വ്യവസായേതര സിനിമാപ്രദര്‍ശനം സംഘടിപ്പിക്കുന്നതിനുള്ള ശ്രമമാരംഭിക്കുകയുണ്ടായി.
1984 ജൂണില്‍ മൂന്നു സിനിമകള്‍ പ്രദര്‍ശനത്തിനായി സംഘടിപ്പിച്ചു. ജോണ്‍ അബ്രഹാമിന്റെ ‘ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍’, പട്ടാഭിരാമ റെഢിയുടെ ‘സംസ്‌കാര’, ജി.വി.അയ്യരുടെ ‘വംശവൃക്ഷ’ എന്നീ സിനിമകള്‍. നിശ്ചലമായ ഫിലിം സൊസൈറ്റികളില്‍ മൂന്നെണ്ണം മാത്രമാണ് ആദ്യഘട്ടത്തില്‍ പ്രദര്‍ശനം സംഘടിപ്പിക്കാന്‍ തയ്യാറായത് (ഫറൂക്ക് ബോധി, കോഴിക്കോട് മെഡിക്കല്‍ കോളജ് ഫിലിംക്ലബ്ബ്, തിരൂര്‍ ജ്വാല). തുടര്‍ന്ന് ചാര്‍ളി ചാപ്ലിന്റെ ‘ദി കിഡ്’ കൂടി സംഘടിപ്പിച്ചതോടെ കേരളത്തിലങ്ങോളമിങ്ങോളം സ്‌കൂളുകളിലും പൊതുസ്ഥലങ്ങളിലുമായി ദിവസം നാലഞ്ച് പ്രദര്‍ശനങ്ങള്‍ എന്ന കണക്കില്‍ ചുരുങ്ങിയ കാലയളവില്‍ ആയിരക്കണക്കിന് പ്രദര്‍ശനവേദികള്‍ രൂപീകൃതമായി. ഒരു 16 എം.എം. പ്രിന്റുകൊണ്ട് 1000 പ്രദര്‍ശനങ്ങള്‍ എന്ന ഫോര്‍മുലയും ‘ ദി കിഡ് ‘ സ്ഥാപിച്ചു. ജോണ്‍ അബ്രഹാമിന്റെ ”അഗ്രഹാരത്തില്‍ കഴുതൈ”, പത്മരാജന്റെ
‘പെരുവഴിയമ്പലം” എന്നീ സിനിമകളുടെ പ്രദര്‍ശനത്തിനും വേദിയൊരുക്കി. 1986ല്‍ കേരളത്തില്‍ പരിചിതമല്ലാതിരുന്ന പുതിയ സിനിമകള്‍ (ഡോക്യുമെന്ററി സിനിമകള്‍) പ്രദര്‍ശിപ്പിക്കുന്നതിന് തുടക്കം കുറിച്ചു. അതുവരെ കേരളത്തില്‍ ഡോക്യുമെന്ററികള്‍ സിനിമ തിയ്യറ്ററിലെ ഇടവേളകളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന സര്‍ക്കാര്‍ ന്യൂസ് റീലുകളോ ചില സംഘടനകള്‍ അപൂര്‍വമായി പ്രദര്‍ശിപ്പിച്ചിരുന്ന ചില ഗുണപാഠസിനിമകളോ ആയിരുന്നു. ഡോക്യുമെന്ററി പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നതിനായി സിനിമകള്‍ അന്വേഷിച്ചെത്തിയതാകട്ടെ ബെര്‍മ്മാഷെല്‍ പോലുള്ള എണ്ണ കമ്പനികളിലായിരുന്നു. അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ‘ബോംബെ ഹമാര ശഹര്‍” എന്ന ആനന്ദ് പട്‌വര്‍ദ്ധന്റെ ഡോക്യുമെന്ററി സിനിമയാണ് കേരളത്തിന്റെ പൊതുകാഴ്ചയിലേക്ക് ആദ്യമായി എത്തിയ ഡോക്യുമെന്ററി സിനിമ. ഫിലിം മേക്കര്‍ എന്നതിനപ്പുറം ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയായിരുന്ന പട്‌വര്‍ദ്ധനെ കേരളത്തിലേക്ക് ക്ഷണിക്കുകയും അദ്ദേഹം തന്റെ സിനിമകളുമായി കേരളത്തിലെത്തുകയും ചെയ്തു.
1986 മെയ്മാസത്തില്‍ കേരളത്തിലെ 16 കേന്ദ്രങ്ങളില്‍ സിനിമാപ്രദര്‍ശനങ്ങളില്‍ ആനന്ദ് പട്‌വര്‍ദ്ധന്‍ പങ്കെടുക്കുകയും കാണികളുമായി നേരിട്ട് സംവദിക്കുകയും ചെയ്തു. ഇതാണ് കേരളത്തിലെ ആദ്യത്തെ ആക്ടിവിസ്റ്റ് ഡോക്യുമെന്ററി പ്രദര്‍ശനവും-സിനിമ സംവിധായകനുമായി നേരിട്ട് സംവദിക്കുന്ന പരിപാടിയും. തുടര്‍ന്ന് പട്‌വര്‍ദ്ധന്റെ ”ബോംബെ അവര്‍ സിറ്റി”, ”പ്രിസനേഴ്‌സ് ഓഫ് കോണ്‍ഷ്യസ് ” തുടങ്ങിയ സിനിമകള്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ പ്രദര്‍ശിപ്പിച്ചു. ചില പ്രദേശങ്ങളില്‍ ചില രാഷ്ട്രീയകക്ഷികള്‍ ഇടപെട്ട് പോലിസിനെ അയച്ച് പ്രദര്‍ശനം തടയാന്‍ ശ്രമിച്ചിരുന്നു. മറ്റു സ്ഥലങ്ങളില്‍ ഭാഷാപ്രശ്‌നം ഉന്നയിക്കപ്പെട്ടപ്പോള്‍ മലയാളം ‘വോയ്‌സ് ഓവര്‍’ നല്‍കികൊണ്ട് വീണ്ടും പ്രദര്‍ശിപ്പിച്ചു.
സ്വതന്ത്ര സിനിമാപ്രദര്‍ശനപ്രസഥാനത്തിന്റെ ഈ തിരയില്‍ പല മതിലുകളും തകര്‍ന്നു. പോലിസ് അസോസിയേഷന്‍ സമ്മേളനത്തില്‍പോലും (തൃശൂര്‍ സാഹിത്യ അക്കാദമിയില്‍) ”ബോംബെ അവര്‍ സിറ്റി” പ്രദര്‍ശിപ്പിച്ചു. തിരുവനന്തപുരം പൂജപ്പുര സെട്രല്‍ ജയിലിലും അടിയന്തരാവസ്ഥയിലെ തടവുകാരെക്കുറിച്ചുള്ള ”പ്രിസനേഴ്‌സ് ഓഫ് കോന്‍ഷ്യസ്” പ്രദര്‍ശിപ്പിക്കുകയുണ്ടായി.
വ്യവസായേതര സിനിമാപ്രദര്‍ശനത്തിന് വേദികള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍തന്നെ സമാന്തരമായി വ്യവസായേതര സിനിമാ നിര്‍മ്മാണത്തിനുള്ള ആലോചനകളും നടന്നുകൊണ്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ജോണ്‍ അബ്രഹാമിന്റെ സംവിധാനത്തില്‍ ”അമ്മ അറിയാന്‍” എന്ന ജനകീയ സിനിമ പിറവികൊള്ളുന്നത്. ജനകീയ പണപ്പിരിവിലൂടെ നിര്‍മ്മിച്ച ഒരു സിനിമ മാത്രമായിരുന്നില്ല ‘അമ്മ അറിയാന്‍’. സിനിമാമേഖലയില്‍ നിലനില്‍ക്കുന്ന കച്ചവടവല്‍ക്കരണത്തിനെതിരെയുള്ള ഒരു അന്വേഷണം കൂടിയായിരുന്നു. സിനിമാ വ്യവസായത്തിലെ ലാഭത്തിലധിഷ്ടിതമായ മൂന്നു മേഖലകളും ജനകീയ കൂട്ടായ്മയിലൂടെ ഏറ്റെടുക്കലായിരുന്നു അമ്മ അറിയാന്‍ പ്രവര്‍ത്തനത്തിലൂടെ പ്രാവര്‍ത്തികമായത്. അങ്ങനെ നിര്‍മ്മാണവും വിതരണവും പ്രദര്‍ശനവും ജനകീയ കൂട്ടായ്മയിലൂടെ പ്രാവര്‍ത്തികമാക്കിയ ലോകത്തിലെ ആദ്യത്തെ ജനകീയസിനിമയാണ് ‘അമ്മ അറിയാന്‍’ നിലൂടെ പിറന്നുവീണത്. ആദ്യപ്രദര്‍ശനത്തിനായി പ്രിന്റ് റിലീസ് ചെയ്യുന്നതിന് (കെ.എസ്.എഫ്.ഡി.സി ക്ക് 50,000 രൂപയും രണ്ട് 16 എം.എം. പ്രിന്റുകള്‍ എടുക്കുന്നതിനായി 15,000 രൂപയും) 650 പ്രദര്‍ശനകേന്ദ്രങ്ങളില്‍ ”അമ്മ അറിയാന്‍” പ്രദര്‍ശിപ്പിക്കുന്നതിനായി 100 രൂപ വീതം അഡ്വാന്‍സ് വാങ്ങിയാണ് സമാഹരിച്ചത്. 35 എം.എം. സെല്ലുലോയ്ഡില്‍ ചിത്രീകരിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് രണ്ട് 16 എം.എം. പ്രിന്റുകളടക്കം നാലേകാല്‍ ലക്ഷം (4,25,000) രൂപ ചിലവുവന്ന ”അമ്മ അറിയാന്‍” പൂര്‍ണ്ണമായും സര്‍ക്കാര്‍ അധീനതയിലുള്ള ചിത്രാഞ്ജലി സ്റ്റുഡിയോയുടെ പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് പൂര്‍ത്തിയാക്കി യത്. പാക്കേജ് സബ്ബ്‌സിഡി ഒഴിച്ച് യാതൊരു സൗജന്യവും സര്‍ക്കാരില്‍ നിന്ന് ലഭിച്ചിരുന്നില്ല. ‘അമ്മ അറിയാന്‍’ ന്റെ നെഗറ്റീവ് സൂക്ഷിച്ചിരുന്നതും ചിത്രാഞ്ജലി സ്റ്റുഡിയോവില്‍ തന്നെയായിരുന്നു.
1986 ജനുവരി ഒമ്പതിന്  ഫോര്‍ട്ട്‌കൊച്ചിയിലെ വാസ്‌കോ ഡ ഗാമ സ്‌ക്വയറില്‍ ‘അമ്മ അറിയാന്‍’ ഷൂട്ടിങ്ങ് ആരംഭിച്ചു. 1986 ആഗസ്റ്റ് 30 ന് സെന്‍സറിങ്ങ് പൂര്‍ത്തിയാക്കി. ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ‘അമ്മ അറിയാന്‍’ പനോരമ പ്രദര്‍ശനത്തിനുമുമ്പ് തന്നെ ജനകീയപ്രദര്‍ശനത്തിലൂടെ റിലീസ് ചെയ്യപ്പെട്ടു. എറണാകുളം രാജേന്ദ്ര മൈതാനിയിലായിരുന്നു ‘അമ്മ അറിയാന്‍’ന്റെ ആദ്യ പ്രദര്‍ശനം. തുടര്‍ന്ന് കേരളത്തിലെ സാംസ്‌കാരിക സംഘടനകള്‍, വായനശാലകള്‍, ആര്‍ട്ട്‌സ്-സ്‌പോര്‍ട്ട്‌സ് ക്ലബ്ബുകള്‍, യുവജന സംഘടനകള്‍, ഫിലിം സൊസൈറ്റികള്‍ എന്നിവയെല്ലാം ”അമ്മ അറിയാന്‍” പ്രദര്‍ശിപ്പിക്കുന്നതിനായി പരസ്പരം മത്സരിച്ചു. കേരളത്തിലെ തെരുവോരങ്ങളും കൃഷിയൊഴിഞ്ഞ പാടങ്ങളും അമ്പലപ്പറമ്പുകളും പള്ളിമുറ്റങ്ങളും തിയേറ്ററുകളും ക്ലബ്ബുകളുടെ തട്ടിന്‍പ്പുറങ്ങളും ”അമ്മ അറിയാന്‍” പ്രദര്‍ശനത്തിനു വേദിയായി. നേരത്തെ സിനിമാപ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിരുന്ന സ്‌ക്രീനിങ്ങ് സെന്ററുകളാണ് ”അമ്മ അറിയാന്‍” എന്ന സിനിമ നിര്‍മ്മാണത്തിന്റെ പ്രധാന ചാലകശക്തിയായി ഉണ്ടായിരുന്നത് സിനിമയുടെ നിര്‍മ്മാണവേളകളിലെല്ലാം പ്രദര്‍ശനകേന്ദ്രങ്ങളുടെ എണ്ണവും വര്‍ദ്ധിച്ചുകൊണ്ടിരുന്നു. കേരളത്തിന് പുറത്തും നിരവധി പ്രദര്‍ശനങ്ങള്‍ നടത്തി.
1987 ല്‍ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് നേടിയ അമ്മ അിറയാന്‍, 1988 ല്‍ ബെര്‍ളിന്‍ ഇന്‍ര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവെല്‍ (ജര്‍മ്മിനി), അമിന്‍സ് ഫെസ്റ്റിവല്‍ 1988(ഫ്രാന്‍സ്), 1989 ബ്രിമിങ്ങ്ഹാം ഫിലിം ഫെസ്റ്റിവല്‍ (യു.കെ), 1997 പിസാറോ ഫിലിം ഫെസ്റ്റിവല്‍ (റോം), 2005 ബ്രിസ്‌ബേന്‍ ഇന്റര്‍ നാഷ്ണല്‍ ഫിലിം ഫെസ്റ്റിവല്‍ (സിഡ്‌നി), 2005 എക്‌സ്പിരിമെന്റല്‍ ഫിലിം ഫെസ്റ്റിവല്‍ (മുംബൈ, ഇന്ത്യ), 2009 ഹ്യൂഗ് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവെല്‍ നെതര്‍ ലാന്റ്‌സ് എന്നീ പ്രസിദ്ധമായ ഫിലിം ഫെസ്റ്റിവലുകളിലും പ്രദര്‍ശിപ്പിക്കപ്പെട്ടു. കൂടാതെ നാല്‍പ്പതിലധികം വിദേശ ടെലിവിഷന്‍ ചാനലുകളിലും അമ്മ അറിയാന്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു.
കേരളത്തിലെ ആക്ടിവിസ്റ്റ് സിനിമ പ്രദര്‍ശനത്തിന്റെ ചരിത്രവും 1986ലെ ”ബോംബെ അവര്‍ സിറ്റി” യുടെ പ്രദര്‍ശനത്തോടെ ആരംഭിച്ചു. ഓരോ സിനിമയുടെ കാര്യത്തിലും ഓരോ പ്രിന്റുകളും പ്രധാനമാണ്, ഓരോ പ്രിന്റുകളുടെ കാര്യത്തിലും ഓരോ പ്രദര്‍ശനങ്ങളും പ്രധാനമാണ്, ഓരോ പ്രദര്‍ശനങ്ങളുടെ കാര്യത്തിലും കാണികള്‍ പ്രധാനമാണ്. ഓരോ സിനിമ പ്രിന്റുകളും പ്രദര്‍ശിപ്പിക്കാവുന്നത് 1000 പ്രദര്‍ശനങ്ങളാണ്. മേല്‍പ്പറഞ്ഞ പല സിനിമകളും നിരവധി തവണ പുതിയ പ്രിന്റുകളെടുത്ത് പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്, ‘ബോംബെ അവര്‍ സിറ്റി’ 5000 ത്തോളം പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു. ഇവയെല്ലാം തന്നെ സ്‌ക്രീനിങ്ങ് സെന്ററുകളുടെ സഹകരണത്തോടെയായിരുന്നു. ഇപ്പറഞ്ഞ സിനിമകളെല്ലാംതന്നെ 16 എം.എം പ്രൊജക്ടറുകളും പ്രിന്റുകളും ഉപയോഗിച്ചായിരുന്നു പ്രദര്‍ശിപ്പിച്ചിരുന്നത്. 60 കിലോ തൂക്കംവരുന്ന പ്രൊജക്ടര്‍ (സ്പീക്കര്‍, സ്‌ക്രീന്‍, സ്റ്റെബിലൈസര്‍, പ്രിന്റ് എന്നിവ ഉള്‍പ്പെടെ) ചുമന്ന് ലൈന്‍ ബസ്സുകളില്‍ യാത്രചെയ്ത് പ്രദര്‍ശനത്തിനായി എത്തിയിരുന്ന സിനിമാ പ്രവര്‍ത്തകര്‍ ആരുംതന്നെ എന്തെങ്കിലും സാമ്പത്തികനേട്ടം ലക്ഷ്യംവെച്ചു കൊണ്ടായിരുന്നില്ല പ്രവര്‍ത്തിച്ചിരുന്നത്. എന്തെങ്കിലും തരത്തിലുള്ള അലവന്‍സുകളോ മറ്റോ വാങ്ങിയിരുന്നുമില്ല. അതിപ്പോഴും തുടരുകയാണ്. അമ്മ അറിയാന്‍ കളക്ടീവ് എന്ന കൂട്ടായ്മയിലൂടെ.  ചലച്ചിത്രപ്രദര്‍ശനം, ക്യാമ്പുകള്‍ എന്നിവയുമായി ജനകീയ സിനിമ മരിച്ചിട്ടില്ലെന്ന് ഓര്‍മ്മപ്പെടുത്തി കോഴിക്കോടുള്ള അമ്മത്, തൃശൂരിലെ സ്‌കറിയാ മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കൂട്ടായ്മ പ്രവര്‍ത്തിക്കുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply