ജെന്റര്‍ ഇക്വാളിറ്റി ആന്റ് എംപവര്‍മെന്റ് എന്ന നയപ്രഖ്യാപനത്തില്‍ ലൈംഗിക ന്യൂനപക്ഷങ്ങളെ ഉള്‍പ്പെടുത്തണം .

കേരളത്തിലെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍, നീതി നിഷേധങ്ങള്‍ ഇവയിലൊക്കെ കാര്യക്ഷമമായി ഇടപെടുക, ന്യായമായ അവരുടെ അവകാശങ്ങള്‍ക്ക് അംഗീകാരം നേടിക്കൊടുക്കുക, അവരവരുടെ ലൈംഗിക സ്വത്വം നിലനിര്‍ത്തിക്കൊണ്ട് അന്തസ്സോടെ തൊഴിലെടുത്ത് ജീവിക്കുന്നതിനുള്ള സാമൂഹിക സാഹചര്യം കേരളത്തില്‍ സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളില്‍ എര്‍പ്പെടുക എന്നിവയാണ് ക്വിയര്‍ പ്രൈഡ് കേരളം എന്ന ഈ കൂട്ടായ്മ ലക്ഷ്യമാക്കുന്നത്. ഈ വര്‍ഷത്തെ ക്വിയര്‍ പ്രൈഡ് പരേഡ് 11ന് തിരുവനന്തപുരത്ത് നടക്കുകയാണ്. കേരളീയ സമൂഹത്തില്‍ ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ കേരള നിയമസഭയുടേയും […]

sarath

കേരളത്തിലെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍, നീതി നിഷേധങ്ങള്‍ ഇവയിലൊക്കെ കാര്യക്ഷമമായി ഇടപെടുക, ന്യായമായ അവരുടെ അവകാശങ്ങള്‍ക്ക് അംഗീകാരം നേടിക്കൊടുക്കുക, അവരവരുടെ ലൈംഗിക സ്വത്വം നിലനിര്‍ത്തിക്കൊണ്ട് അന്തസ്സോടെ തൊഴിലെടുത്ത് ജീവിക്കുന്നതിനുള്ള സാമൂഹിക സാഹചര്യം കേരളത്തില്‍ സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളില്‍ എര്‍പ്പെടുക എന്നിവയാണ് ക്വിയര്‍ പ്രൈഡ് കേരളം എന്ന ഈ കൂട്ടായ്മ ലക്ഷ്യമാക്കുന്നത്. ഈ വര്‍ഷത്തെ ക്വിയര്‍ പ്രൈഡ് പരേഡ് 11ന് തിരുവനന്തപുരത്ത് നടക്കുകയാണ്. കേരളീയ സമൂഹത്തില്‍ ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ കേരള നിയമസഭയുടേയും മറ്റ് നീതിന്യായ വകുപ്പുകളുടേയും ശ്രദ്ധയില്‍ കൊണ്ടുവരാനും നീതിയുക്തമായ നടപടികള്‍ സ്വികരിക്കണമെന്ന് അഭ്യര്‍ത്ഥിക്കാനുമാണ് ഇത്തരമൊരു ഹര്‍ജ്ജി സര്‍ക്കാരിനു സമര്‍പ്പിക്കുന്നത്.

ലൈംഗികാഭിരുചിയുടെ കാര്യത്തില്‍ വ്യത്യസ്തരായി എന്ന കാരണത്താല്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കു നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ പലതാണ്. അവര്‍ മര്‍ദ്ദിക്കപ്പെടുന്നതോ അപമാനിക്കപ്പെടുന്നതോ ആത്മഹത്യയിലഭയം തേടുന്നത് പോലും മനുഷ്യാവകാശ പ്രശ്‌നമായി നമ്മുടെ മുഖ്യധാര രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ കണക്കാക്കുന്നില്ല. വീട്ടില്‍ നിന്നേ തുടങ്ങുന്ന വിവേചനങ്ങളും അതിക്രമങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും പൊതുയിടങ്ങളിലുമെല്ലാം നില നില്‍ക്കുന്ന സാമൂഹ്യ ചുറ്റുപാടിലാണ് ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് കേരളത്തില്‍ ജീവിക്കേണ്ടി വരുന്നത്. ആരോഗ്യകരമായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവം കേരളീയ സമൂഹത്തില്‍ പൊതുവെ നില നില്‍ക്കുന്ന സ്ത്രീ വിരുദ്ധവും ആണ്‍ കോയ്മയിലധിഷ്ഠിതമായ യാഥാസ്ഥിതിക ധാരണകള്‍ ലൈംഗികതയെക്കുറിച്ചുള്ള മിഥ്യാധാരണകള്‍ ഇവയൊക്കെ ഇവര്‍ക്കെതിരായുള്ള വിവേചനങ്ങള്‍ക്ക് പശ്ച്ചാത്തലമാകുന്നു. നിയമങ്ങളെക്കുറിച്ചുള്ള അജ്ഞത മൂലം പലപ്പോഴും നിയമപാലകരുടെ വരെ സദാചാര പോലീസിങ്ങിന് ഇവര്‍ ഇരകളാവേണ്ടി വരുന്ന സാഹചര്യങ്ങളും കുറവല്ല.

ജനാധിപത്യത്തെക്കുറിച്ചും മനുഷ്യാവകാശങ്ങളേക്കുറിച്ചുമുള്ള സങ്കല്‍പ്പങ്ങള്‍ വികസിക്കുന്നതിനനുസരിച്ച് ലോകത്തെമ്പാടുമുള്ള സമൂഹങ്ങളില്‍ ലൈംഗികതയെക്കുറുച്ചുള്ള ധാരണകളില്‍ വ്യാപകമായ മാറ്റം സംഭവിച്ചിട്ടുണ്ട്. സ്വവര്‍ഗ്ഗ പ്രണയത്തിനെതിരെയുള്ള വിവേചനങ്ങളൊക്കെ പാശ്ച്ചാത്യനാടുകളിലെ നിയമപുസ്തകങ്ങളില്‍ നിന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു. അവയൊക്കെ മനുഷ്യന്റെ സ്വാഭാവിക ലൈംഗിക താല്‍പ്പര്യങ്ങളായി കരുതണമെന്ന് അമേരിക്കന്‍ സൈക്ക്യാട്രിക്ക് അസ്സോസിയേഷന്‍ മൂന്നു ദശകങ്ങള്‍ക്ക് മുന്‍പു തന്നെ പ്രസ്താവിക്കുകയുണ്ടായി. പ്രസ്തുത പ്രസ്താവന ഇന്ത്യന്‍ സൈക്ക്യാറ്റ്രിക്ക് അസ്സോസിയേഷനും ഈയിടെ അംഗീകരിച്ചു.. കേരളത്തെ അപേക്ഷിച്ച് തമിഴ്‌നാട് കര്‍ണ്ണാടകം തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ വരെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക പരിഗണനയും നിയമ സാമൂഹ്യ ആരോഗ്യ സുരക്ഷയും നല്‍കാനുള്ള തീരുമാനങ്ങള്‍ കൈക്കൊണ്ടു കഴിഞ്ഞു. ഇക്കാരണങ്ങളാല്‍ വിമത ലൈംഗികതയുമായി ജീവിക്കുന്ന ആയിരക്കണക്കിനു മലയാളികളാണ് കര്‍ണ്ണാടക പോലുള്ള സംസ്ഥാനങ്ങളിലേക്ക് കുടിയേറിക്കൊണ്ടിരിക്കുന്നത്.

സാമൂഹിക പുരോഗതിയില്‍ മുമ്പെ നടക്കേണ്ട കേരളം ഇത്തരം കാരങ്ങളിലെല്ലാം മുരടിച്ച യാഥാസ്ഥിതിക സമൂഹമായി അധപതിക്കുന്നത് അത്യന്തം ഖേദകരമായ കാര്യമാണ്. ആയതിനാല്‍ ലിംഗസമത്വം അതിന്റെ പരിപൂര്‍ണ്ണ അര്‍ത്ഥത്തില്‍ കൈവരിക്കുന്നതിനായി കേരള സര്‍ക്കാരിന്റെ സാമൂഹ്യ നീതി വകുപ്പ് തയ്യാറാക്കിക്കൊണ്ടിരിക്കുന്ന ജെണ്ടര്‍ ഇക്വാളിറ്റി ഏന്റ് എംപവര്‌മെന്റ്‌റ് (Gender Equaltiy & Empowerment Policy, GEE Policy ) എന്ന നയ പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി തയ്യാറാക്കിയ നിവേദനം സ്വീകരിക്കണമെന്നും പ്രസ്തുത നയ പ്രഖ്യാപനത്തില്‍ ലൈംഗിക ന്യൂനപക്ഷ സമുദായാംഗങ്ങളുടെ മനുഷ്യാവകാശങ്ങള്‍ക്കായി ക്വിയര്‍ െ്രെപഡ് കേരളം ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്നും ലൈംഗിക ന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ ബഹുമാനപ്പെട്ട സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ന്യൂനപക്ഷ സമുദായാംഗങ്ങളേയും അവരെ പിന്തുണക്കുന്ന എല്ലാ സംഘടനകളെയും പ്രതിനിധീകരിച്ചുകൊണ്ട് ക്വിയര്‍ െ്രെപഡ് കേരളം അഭ്യര്‍ത്ഥിക്കുന്നു..

ലൈംഗിക ന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങള്‍ക്കായി
ക്വിയര്‍ െ്രെപഡ് കേരളം ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍

കേരള ജെന്റര്‍ പോളിസിയില്‍ ലെസ്ബിയന്‍ ഗേ ബൈ സെക്ഷ്വല്‍ ട്രാന്‍സ്‌ജെന്റര്‍ വിഭാഗങ്ങളിലും മറ്റ് വ്യത്യസ്ത ലിംഗ ലൈംഗികസ്വത്വങ്ങളില്‍ ജീവിക്കുന്നവരുടേയും അവകാശങ്ങളും സംരക്ഷിക്കൂന്നതിനാവശ്യമായ നിയമ നിര്‍മ്മാണങ്ങള്‍ കമ്മ്യൂണിറ്റിയുമായി ചര്‍ച്ച ചെയ്തു നടപ്പിലാക്കുക. പ്രസ്തുത ചര്‍ച്ചകളില്‍ കമ്മ്യൂണിറ്റി ബേസ്ഡ് ഓര്‍ഗനൈസേഷന്‍ പ്രതിനിധികള്‍, ജെന്‍ഡര്‍ സെക്ഷ്വാലിറ്റി ഹ്യൂമന്‍ റൈറ്റ്‌സ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികള്‍ എന്നിവരെ കൂടി ഉള്‍പ്പെടുത്തി നയരൂപീകരണം നടത്തുക.
ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള എല്ലാതരത്തിലുമുള്ള വിവേചനങ്ങളും അവസാനിപ്പിക്കുക. ലിംഗ ലൈംഗിക വ്യത്യസ്തതകളുടെ പേരിലുള്ള എല്ലാ വിവേചനങ്ങളും അതിക്രമങ്ങളും അവസാനിപ്പിക്കുന്നതിനാവശ്യമായ നിയമപരിഷ്‌കരണങ്ങളും നടപടികളും സ്വീകരിക്കുക. കേരള പോലീസുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ എല്‍ ജി ബി ടി സമുദായാംഗങ്ങള്‍ക്കു നേരെ നടക്കുന്ന വിവേചനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കെതിരെ സക്തമായ നിയമനിര്‍മ്മാനം നടപ്പിലാക്കുക. ഈ വിഷയം കൈകാര്യം ചെയ്യുന്ന ക്യാമ്പെയിനുകളും ബോധവല്‍ക്കരണ സെമിനാറുകളും കമ്മ്യൂണിറ്റി ബേസ്ഡ് ഓര്‍ഗനൈസേഷന്‍സിന്റേയും മറ്റ് സാമൂഹ്യ സംഘടനകളുടേയും സഹകരണത്തോടെ നടപ്പിലാക്കുക.
ബഹുമാനപ്പെട്ട സുപ്രീം കോടതി നിര്‍ദ്ദേശിച്ചതു പോലെ കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ സമുദായാംഗങ്ങളുടെ ആരോഗ്യപരവും സാമൂഹികവും സാംസ്‌കാരികവും വിദ്യാഭ്യാസപരവും ജീവ സന്ധാരണപരവുമായ കാര്യങ്ങളില്‍ ആവശ്യമായ പിന്തുണ നല്‍കുന്നതിനാവശ്യമായ നിയമ നിര്‍മ്മാണങ്ങള്‍ നടത്തുകയും പ്രസ്തുത നിയമങ്ങള്‍ നടപ്പില്‍ വരുത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യുക. പരമോന്നത നീതിപീഠത്തിന്റെ നിര്‍ദ്ദേശം പരിഗണിച്ച് കേരളം ഓൗദ്യോഗികമായിത്തന്നെ എല്‍ ജി ബി ടി സൗഹൃദ സംസ്ഥാനമായി പ്രഖ്യാപിക്കുക.
കേരളത്തിലെ ലൈംഗിക ന്യൂനപക്ഷങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുക. അവരവരുടെ ലിംഗ സ്വത്വത്തില്‍ ജീവിക്കാനാഗ്രഹിക്കുവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ അനുവദിക്കുക.മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേതുപോലെ ലൈംഗിക ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി കേരള സംസ്ഥാന സാമൂഹ്യ ക്ഷേമ വകുപ്പിനു കീഴില്‍ ലൈംഗിക ന്യൂനപക്ഷ ബോര്‍ഡ് രൂപീകരിക്കുക. ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ക്കെതിരെ സാമൂഹികവും വൈകാരികവും നിയമപരവുമായ പരിരക്ഷ ഉറപ്പു വരുത്തുതിനായി ഹെല്‍പ്പ്‌ലൈന്‍ സേവനങ്ങള്‍ അടിയന്തിര ഘട്ടങ്ങളില്‍ താല്‍ക്കാലിക താമസത്തിനായുള്ള പുനരധിവാസ കേന്ദ്രങ്ങള്‍ മുതലായവ നടപ്പിലാക്കുകയും ചെയ്യുക.
ലൈംഗിക ന്യൂനപക്ഷങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുതിനാവശ്യമായ നടപടികള്‍, ലിംഗ മാറ്റ ശസ്ത്രക്രിയ നടത്താന്‍ തയ്യാറെടുക്കുന്നവര്‍ക്കായുള്ള കൗണ്‍സിലിങ്ങ്, ശസ്ത്രക്രിയ എന്നിവ സംസ്ഥാന ആരോഗ്യ വകുപ്പുമായി കൂടിയാലോചിച്ച് സൗജന്യ നിരക്കില്‍ നടപ്പില്‍ വരുത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുക.സ്വകാര്യ ആശുപത്രികളില്‍ നിയമവിരുദ്ധമായി നടത്തുന്ന ലിംഗ നിര്‍ണ്ണയ ടെസ്റ്റുകള്‍ കര്‍ശ്ശനമായി തടയാനുള്ള നടപടികള്‍ സ്വീകരിക്കുക.
ആരോഗ്യകരമായ ലൈംഗിക വിദ്യാഭ്യാസം ലഭിക്കുന്നതിന് ലൈംഗികത ലിംഗഭേദങ്ങള്‍ എിവയെക്കുറിച്ചുള്ള അറിവുകള്‍ ഹൈസ്‌കൂള്‍ ഹയര്‍ സെക്കണ്ടറി തലങ്ങളില്‍ ജീവശാസ്ത്ര പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നടപ്പില്‍ വരുത്തുക. ഇത്തരം വിഷയങ്ങള്‍ പഠിപ്പിക്കുന്നതിന് അദ്ധ്യാപകരെ പ്രാപ്തരാക്കുതിനായി ടി ടി സി, ബി എഡ് കോഴ്‌സുകളുടെ സിലബസ്സില്‍ പ്രസ്തുത വിഷയങ്ങള്‍ ഉള്‍പ്പെടുത്തുകയും ഈ വിഷയത്തില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള പരിശീലകരെ ഉള്‍പ്പെടുത്തി പ്രത്യേക പരിശീലന ശില്‍പ്പശാലകള്‍ സംഘടിപ്പിക്കുകയും ചെയ്യുക.
ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങളില്‍പെടുന്നവര്‍ നേരിടുന്ന തൊഴില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഗവണ്മെന്റ് തലത്തില്‍ വിവിധ വകുപ്പുകളുമായി സഹകരിച്ച് സ്വയം തൊഴില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പില്‍ വരുത്തുക. ഗവണ്മെന്റ് ജോലികളുമായി ബന്ധപ്പെട്ടും ഉപരിപഠനവുമായി ബന്ധപ്പെട്ടുമുള്ള ഫോമുകളിലും പരീക്ഷകളിലും ട്രാന്‍സ്‌ജെന്‍ഡെര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് പ്രത്യേക സംവരണം നല്‍കുക.
മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ പരിഗണിച്ച് സാമൂഹ്യ മനുഷ്യാവകാശ സംഘടനകളുടെ സഹായത്തോടെ സാമൂഹ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കേരള സര്‍ക്കാര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന ജെന്റര്‍ ഇക്വാളിറ്റി ഏന്റ് എംപവര്‍മെന്റ് (Gender Equaltiy & Empowerment Policy, GEE Policy) എന്ന നയ പ്രഖ്യാപനത്തില്‍ ലൈംഗിക ന്യൂനപക്ഷ സമുദായാംഗങ്ങളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി മേല്പ്പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തണം. കേരള സമൂഹത്തില്‍ ലൈംഗിക ന്യൂനപക്ഷ സമുദായാംഗങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ പഠിച്ച്, അവരില്‍ നിന്ന് തന്നെ നേരിട്ടു മനസ്സിലാക്കി ആയത് പരിഹരിക്കുന്നതിനാവശ്യമായ നിയമ നടപടികള്‍ കൈക്കൊള്ളണം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply