ജുഡീഷ്യല്‍ ആക്ടിവിസം അതിരുകടക്കുമ്പോള്‍?

ജുഡീഷ്യല്‍ ആക്ടിവിസം അതിരുകടക്കുന്നോ എന്നു ചേദിച്ചാല്‍ ഉത്തരം ഉവ്വ് എന്നുതന്നെയാണ്. എന്നാല്‍ അതിനു കാരണക്കാര്‍ ആരെന്നു ചോദിച്ചാല്‍ ഉത്തരം രാഷ്ട്രീയപാര്‍ട്ടികളും ജനപ്രതിനിധികളും തന്നെ എന്നു പറയാതിരിക്കാനാവില്ല. അവരാണ് അമിതമായ ജുഡീഷ്യല്‍ ആക്ടിവിസത്തിനെതിരെ രംഗത്തുവരുന്നതും. ജുഡീഷ്യല്‍ ആക്ടിവിസത്തിന്റെ അവസാനത്തെ ഉദാഹരണം തിരഞ്ഞെടുപ്പു രംഗവുമായി ബന്ധപ്പെട്ടാണ്. രാഷ്ട്രീയത്തിലെ കുറ്റവത്കരണം തടയുന്നതിനും തിരഞ്ഞെടുപ്പ് രംഗം പരിഷ്‌കരിക്കുന്നതിനുമായി സുപ്രീംകോടതി വളരെ സജീവമായ ഇടപെടലാണ് നടത്തുന്നത്. നമ്മുടെ നേതാക്കളെ ഇതു ചൊടിപ്പിക്കുന്നുണ്ട്. എന്നാല്‍ അവര്‍ തന്നെ ചെയ്യേണ്ട കാര്യങ്ങളാണ് കോടതി പറയുന്നതെന്നതാണ് പരിഗണിക്കേണ്ടത്. ജനങ്ങള്‍ […]

supreme-court-India

ജുഡീഷ്യല്‍ ആക്ടിവിസം അതിരുകടക്കുന്നോ എന്നു ചേദിച്ചാല്‍ ഉത്തരം ഉവ്വ് എന്നുതന്നെയാണ്. എന്നാല്‍ അതിനു കാരണക്കാര്‍ ആരെന്നു ചോദിച്ചാല്‍ ഉത്തരം രാഷ്ട്രീയപാര്‍ട്ടികളും ജനപ്രതിനിധികളും തന്നെ എന്നു പറയാതിരിക്കാനാവില്ല. അവരാണ് അമിതമായ ജുഡീഷ്യല്‍ ആക്ടിവിസത്തിനെതിരെ രംഗത്തുവരുന്നതും.
ജുഡീഷ്യല്‍ ആക്ടിവിസത്തിന്റെ അവസാനത്തെ ഉദാഹരണം തിരഞ്ഞെടുപ്പു രംഗവുമായി ബന്ധപ്പെട്ടാണ്. രാഷ്ട്രീയത്തിലെ കുറ്റവത്കരണം തടയുന്നതിനും തിരഞ്ഞെടുപ്പ് രംഗം പരിഷ്‌കരിക്കുന്നതിനുമായി സുപ്രീംകോടതി വളരെ സജീവമായ ഇടപെടലാണ് നടത്തുന്നത്. നമ്മുടെ നേതാക്കളെ ഇതു ചൊടിപ്പിക്കുന്നുണ്ട്. എന്നാല്‍ അവര്‍ തന്നെ ചെയ്യേണ്ട കാര്യങ്ങളാണ് കോടതി പറയുന്നതെന്നതാണ് പരിഗണിക്കേണ്ടത്. ജനങ്ങള്‍ മിക്കവാറും ഈ ഇടപെടലുകളെ പിന്തുണക്കുന്നു എന്നതാണ് ശ്രദ്ധേയം.
കേസുകളില്‍ കുറ്റപത്രം ലഭിച്ചവര്‍ക്ക് മത്സരവിലക്ക് വേണമെന്ന ഉത്തരവിലൂടെയാണ് കോടതി സമീപകാലത്ത് തിരഞ്ഞെടുപ്പു നിയമങ്ങളില്‍ ഇടെപെടാന്‍ തുടങ്ങിയത്. സത്യത്തില്‍ ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തേ ശുപാര്‍ശ ചെയ്തിരുന്നു. പക്ഷെ ഇത് സര്‍ക്കാര്‍ അംഗീകരിച്ചില്ല. നിയമകമ്മീഷന്റെ 170ാം റിപ്പോര്‍ട്ടിലും ഇതേ ശുപാര്‍ശയുണ്ട്. എന്നാല്‍ പാര്‍ലമെന്റിന്റെ സ്ഥിരംസമിതി ഈ നിര്‍ദേശത്തോട് വിയോജിക്കുകയാണുണഅടായത്. നിലവിലുള്ള നിയമത്തിന് വിരുദ്ധമാണ് ഈ നിര്‍ദേശമെന്ന് സമിതി അഭിപ്രായപ്പെട്ടിരുന്നു. നിയമങ്ങള്‍ സനാതനമൊന്നുമല്ലല്ലോ. പല കേസുകളിലും കുറ്റവിചാരണയെ അധികാരത്തിലുള്ള രാഷ്ട്രീയകക്ഷികള്‍ അന്യായമായി സ്വാധീനിക്കാറുണ്ടെന്നും രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കള്ളക്കേസുകള്‍ ധാരാളമാണെന്നുമാണ് സമിതി പറഞ്ഞത്. ശരിയായിരിക്കാം. എന്നാല്‍ കുറ്റവാളിയല്ല എന്നു തെളിയിക്കപ്പെടുന്നതുവരെ അത്തരക്കാര്‍ മാറിനിന്നാല്‍ എന്താണ് പ്രശ്‌നം? വേറേയും നേതാക്കള്‍ പാര്‍ട്ടയിലുണ്ടല്ലോ. ജനങ്ങള്‍ മിക്കവാറും ഈ അഭിപ്രായക്കാരാണെന്ന് നേതാക്കള്‍ മറക്കുകയാണ്. അതാണല്ലോ കോടതി കയ്യടി വാങ്ങുന്നത്.
സത്യത്തില്‍ തുടര്‍ച്ചയായിവന്ന സുപ്രീംകോടതിയുടെ അഞ്ച് വിധികള്‍ രാഷ്ട്രീയത്തിലെ ക്രിമിനല്‍വത്കരണവും തിരഞ്ഞെടുപ്പ് പരിഷ്‌കരണവും ലക്ഷ്യമിട്ടുള്ളതായിരുന്നു. മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷനും നിയമകമ്മീഷനും ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്തിയവയായിരുന്നു കോടതിവിധികളിലെ നിര്‍ദേശങ്ങളില്‍ പലതും. രാഷ്ട്രീയ കാരണങ്ങളാല്‍ ഇവ നടപ്പാക്കാന്‍ സര്‍ക്കാര്‍ വിമുഖത കാണിച്ചപ്പോഴാണ് കോടതി ഇടപെടല്‍ ഉണ്ടായത്. വിധി മറികടക്കുന്നതിന് നടത്തിയ ശ്രമങ്ങളില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണു താനും.
ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരുടെ അംഗത്വം ഉടനടി റദ്ദാകുമെന്ന വിധിക്കുപുറകെ പോലീസ്ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ളവരെ മത്സരിക്കുന്നതില്‍ നിന്ന് വിലക്കിയുള്ള കോടതി വിധി വന്നു. എന്നാല്‍ ഈ വിധി മറികടന്ന് നിയമം നിര്‍മിക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു.
സ്ഥാനാര്‍ഥിക്കെതിരെയുള്ള കേസുകളടക്കം എല്ലാ വിവരങ്ങളും രേഖപ്പെടുത്താത്ത പത്രികകള്‍ റിട്ടേണിങ് ഓഫീസര്‍മാര്‍ തള്ളിക്കളയണമെന്നായിരുന്നു അടുത്ത ഉത്തരവ്. ഏറ്റവും വിവാദമായ ഉത്തരവുണ്ടായത് പിന്നീടാണ്. തിരഞ്ഞെടുപ്പില്‍ നിഷേധവോട്ടിന് കോടതി അനുമതി നല്‍കുകയായിരുന്നു.. ഈ നിര്‍ദേശവും പത്തു കൊല്ലം മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടു വെച്ചതാണ്. എന്നാല്‍, സര്‍ക്കാര്‍ അംഗീകരിച്ചില്ല. ജനാധിപത്യത്തില്‍ അനിവാര്യമായ ഒന്നാണ് നിഷേധവോട്ടെന്ന് നിരവധി ചിന്തകര്‍ എന്നേ ചൂണ്ടികാട്ടിയിട്ടുള്ളതാണ്. അക്കാര്യത്തിലും കക്ഷിരാഷ്ട്രീയമന്യേ എല്ലാ പാര്‍ട്ടികളും എതിരാണ്. വോട്ട് കൃത്യമായി ചെയ്തുവെന്ന് വോട്ടര്‍ക്ക് ഉറപ്പു നല്‍കുന്ന രശീത് സംവിധാനം നടപ്പാക്കാനുള്ള നിര്‍ദേശമാണ് ഈ വിഷയത്തില്‍ ഏറ്റവും ഒടുവിലുണ്ടായ വിധി.
എന്തായാലും നിയമമന്ത്രാലയം കോടതിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് വിധികളിലുള്ള അമര്‍ഷം നിയമമന്ത്രാലയം വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് പരിഷ്‌കരണം സര്‍ക്കാറിന്റെ നയപരമായ വിഷയമാണെന്നും ഇക്കാര്യത്തില്‍ നിയമനിര്‍മാണത്തിന് പാര്‍ലമെന്റിനാണ് പൂര്‍ണ അവകാശമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാറിന്റെ നയപരമായ തീരുമാനങ്ങള്‍ ഭരണഘടനാവിരുദ്ധമോ നിയമങ്ങള്‍ ലംഘിക്കുന്നതോ അല്ലെങ്കില്‍ കോടതികള്‍ ഇടപെടാന്‍ പാടില്ല. തിരഞ്ഞെടുപ്പ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും നിയമകമ്മീഷന്റെ പരിഗണനയ്ക്ക് വിട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പ്രതിപക്ഷകക്ഷികളില്‍ മിക്കവാറും ഇക്കാര്യത്തില്‍ സര്‍ക്കാരിനൊപ്പമാണ്.
തീര്‍ച്ചയായും ആരംഭത്തില്‍ സൂചിപ്പിച്ചപോലെ ഒരു ജനാധിപത്യസംവിധാനത്തില്‍ ജുഡീഷ്യല്‍ ആക്ടിവിസം ഗുണകരമല്ല. കോടതികള്‍ വിമര്‍ശനത്തിനതീതരുമല്ല. വളരെ ഗുരുതരമായ കേസുകളില്‍ പോലും വിദഗ്ദമായി കോടതികളെ കമ്പളിപ്പിച്ച് കൊടുംകുറ്റവാളികള്‍ രക്ഷപ്പെടുന്നു. ബീഹാറില്‍ 28 ദളിതുകളെ കൂട്ടക്കൊല ചെയ്ത രണ്‍വിര്‍സേനക്കാര്‍ സാക്ഷികള്‍ കൂറുമാറിയതിനാല്‍ ശിക്ഷിക്കപ്പെടാതെപോയത് അവസാന ഉദാഹരണം. എങ്കില്‍ കൂടി ജനപ്രതിനിധികള്‍ അവരുടെ കടമ നിര്‍വ്വഹിക്കുന്നില്ലെങ്കില്‍ മറ്റെന്താണ് മാര്‍ഗ്ഗം എന്ന ചോദ്യം പ്രസക്തമാകാതാകുന്നില്ല.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply