ജീവിതശൈലിരോഗങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളി

മലയാളികള്‍ക്കുമുന്നല്‍ ഏറ്റവും വലിയ ഭീഷണിയായി നിലനില്‍ക്കുന്ന ജീവിതശൈലി രോഗങ്ങളുടെ ചികിത്സക്കായി വലിയ തുക തന്നെയാണ് കഴിഞ്ഞ ബജറ്റില്‍ മാറ്റി വെച്ചിട്ടുള്ളത്. ഒറ്റവാക്കില്‍ വളരെ നല്ലത് എന്നായിരിക്കും ആരും പറയുക. എന്നാല്‍ നിര്‍ഭാഗ്യകരമെന്നു പറയട്ടെ ചികിത്സക്കാണ് തുക മാറ്റി വെച്ചത്. രോഗപ്രതിരോധത്തിനായുള്ള ബോധവല്‍ക്കരണത്തിനായി കാര്യമായ പ്രഖ്യാപനങ്ങളൊന്നും ബജറ്റിലുണ്ടായിരുന്നില്ല. അതേ കുറിച്ച് സര്‍ക്കാര്‍ ഒട്ടും ജാഗരൂകരല്ല എന്നു തന്നെ അനുമാനിക്കാം. മലമ്പനി, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയ പരമ്പരാഗത രോഗങ്ങള്‍ െേറക്കുറെ നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ട അവസ്ഥയിലാണ് കേരളം. ഒരു കാലത്ത് കേരളത്തിന്റെ […]

jjj

മലയാളികള്‍ക്കുമുന്നല്‍ ഏറ്റവും വലിയ ഭീഷണിയായി നിലനില്‍ക്കുന്ന ജീവിതശൈലി രോഗങ്ങളുടെ ചികിത്സക്കായി വലിയ തുക തന്നെയാണ് കഴിഞ്ഞ ബജറ്റില്‍ മാറ്റി വെച്ചിട്ടുള്ളത്. ഒറ്റവാക്കില്‍ വളരെ നല്ലത് എന്നായിരിക്കും ആരും പറയുക. എന്നാല്‍ നിര്‍ഭാഗ്യകരമെന്നു പറയട്ടെ ചികിത്സക്കാണ് തുക മാറ്റി വെച്ചത്. രോഗപ്രതിരോധത്തിനായുള്ള ബോധവല്‍ക്കരണത്തിനായി കാര്യമായ പ്രഖ്യാപനങ്ങളൊന്നും ബജറ്റിലുണ്ടായിരുന്നില്ല. അതേ കുറിച്ച് സര്‍ക്കാര്‍ ഒട്ടും ജാഗരൂകരല്ല എന്നു തന്നെ അനുമാനിക്കാം.
മലമ്പനി, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയ പരമ്പരാഗത രോഗങ്ങള്‍ െേറക്കുറെ നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ട അവസ്ഥയിലാണ് കേരളം. ഒരു കാലത്ത് കേരളത്തിന്റെ ആരോഗ്യനിലവാരം ലോകം മുഴുവന്‍ പ്രശംസിച്ചിട്ടുണ്ട്. എന്നാല്‍ മറ്റെല്ലാ മേഖലകളേയും പോലെ ഈ കേരളമോഡലും ഉള്ളു പൊള്ളയായ ഒന്നായിരുന്നു എന്നതാണ് വാസ്തവം. ഇന്ന് പനിപോലും മരണകാരണമാകുന്നു. വൈവിധ്യമാര്‍ന്ന പനികളാണ് ഇന്നു മലയാളികളെ വേട്ടയാടുന്നത്. ചിക്കന്‍ ഗുനിയ, പക്ഷിപനി, എലിപ്പനി എന്നിങ്ങനെ പട്ടിക നീളുന്നു. മാറിയ ജീവിതശൈലിയുടെ ഭാഗമായുണ്ടായ സാമൂഹ്യ ശുചിത്വത്തിന്റെ അഭാവമാണ് പ്രധാനമായും അതിനുള്ള കാരണം. ജനസംഖ്യാ വര്‍ദ്ധനവിനും, നഗരവത്കരണത്തിനും അനുസൃതമായി പരിസര ശുചിത്വ മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനങ്ങള്‍ ഒരുക്കുന്നതിനും, ശുദ്ധജല വിതരണം ശക്തിപ്പെടുത്തുന്നതിലും നാം വേണ്ടത്ര ശ്രദ്ധിച്ചിട്ടില്ല. വ്യക്തി ശുചിത്വത്തില്‍ അതീവ താല്‍പര്യമുള്ളവരെങ്കിലും സാമൂഹ്യ ശുചിത്വത്തില്‍ കാട്ടുന്ന അലംഭാവവും പകര്‍ച്ചവ്യാധികളുടെ കടന്നുവരവിനുള്ള മുഖ്യകാരണങ്ങളായി കാണാം.
മറുവശത്ത് ജീവിതശൈലി രോഗങ്ങള്‍ ഇന്ന് പേടിപ്പെടുത്ത അവസ്ഥയില്‍ എത്തിയിരിക്കുന്നു. ഹൃദ്രോഗം, രക്താതിമര്‍ദ്ദം, പ്രമേഹം തുടങ്ങിയ സമ്പന്നരുടേതെന്നും ജീവിതരീതിയുടേതെന്നും വിശേഷിപ്പിക്കപ്പെടുന്ന രോഗങ്ങള്‍ ഇന്നു സര്‍വ്വവ്യാപിയാണ്. ഇത്തരം രോഗങ്ങള്‍ ഇന്ത്യന്‍ ശരാശരിയേക്കാള്‍ എത്രയോ കൂടുതലായാണ് കേരളത്തില്‍ കണ്ടുവരുന്നത്. മാത്രമല്ല സംസ്ഥാനത്തെ പ്രധാനപ്പെട്ട മരണകാരണങ്ങള്‍ പഠിക്കുമ്പോള്‍ പകര്‍ച്ച വ്യാധികളും, മറ്റുള്ളവയും കൂടി 13% മാത്രമേ ആകുന്നുള്ളു. 87% മരണകാരണങ്ങളും പകര്‍ച്ചേതര വ്യാധികളാണ്.1956 ല്‍ സംസ്ഥാനം രൂപംകൊള്ളുമ്പോള്‍ ഈ അനുപാതം തിരിച്ചായിരുന്നു. നേരത്തെയുണ്ടായ മാറ്റങ്ങളുടെ ഫലമായുണ്ടായ ആയുര്‍ദൈര്‍ഘ്യവര്‍ദ്ധനയുടെ ഫലമായി വൃദ്ധരുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. അവരില്‍ വലിയൊരു ഭാഗവും ഇത്തരം രോഗങ്ങള്‍ക്കടിമകളാണ്. വലിയൊരു ഭാഗം കിടപ്പിലുമാണ്. വലിയൊരു പൊതുജനാരോഗ്യ സാമ്പത്തിക ബാധ്യതയായി ഇത് വളര്‍ന്നുവരാനിടയുണ്ട്.
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മരണകാരണമായി ഹൃദ്‌രോഗവും, രണ്ടാമത്തെ പ്രധാന കാരണമായി പക്ഷാഘാതവും കാണപ്പെടുന്നതായാണ് കണക്കുകള്‍. ക്യാന്‍സര്‍, ആത്മഹത്യ, അപകടങ്ങള്‍ എന്നിവയുടെ സംഭാവനയും ചെറുതല്ല. ഈ രോഗങ്ങള്‍ എല്ലാത്തിന്റെയും അടിസ്ഥാനമായി കാണപ്പെടുന്നത് അനാരോഗ്യകരമായ ജീവിതശൈലി തന്നെയാണ്. ജീവിതശൈലി എന്നു പറഞ്ഞതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു വ്യക്തി അയാളുടെ ജീവിതം ദീര്‍ഘകാലാടിസ്ഥാനത്തില്‍ എങ്ങനെയൊക്കെ ചെലവിടുന്നു എന്നത് പരിഗണിച്ചാണ്. ആഹാരം, വ്യായാമം, പുകയിലയുടെ ഉപയോഗം, മദ്യം, മയക്കുമരുന്നുകള്‍, ലൈംഗിക ജീവിതം എന്നിങ്ങനെ ജീവിത ശൈലിയുമായി ബന്ധപ്പെട്ട വിവിധ മാനങ്ങള്‍ ആരോഗ്യത്തിന് ഗുണകരമായോ, വിനാശകരമായോ ഭവിക്കാം. പൊതുവെ പറഞ്ഞാല്‍ കാര്‍ഷിക സംസ്‌കാരത്തിന്റെ തളര്‍ച്ച കായികാദ്ധ്വാനത്തിന്റെ തളര്‍ച്ചയിലേക്കും അതില്‍ നിന്നും ജീവിതശൈലീരോഗങ്ങളിലേക്കും നയിക്കുന്ന രീതിയിലാണ് കേരളത്തിലെ സാമൂഹ്യവികസനം ആരോഗ്യമേഖലയില്‍ സ്വാധീനം ചെലുത്തിയിരിക്കുന്നത്.
പ്രമേഹത്തിന്റെ കാര്യം തന്നെ ഉദാഹരണമായി എടുക്കാം. 1960കളില്‍ വെറും 3%ത്തില്‍ താഴെയായിരുന്നു പ്രമേഹരോഗം കണ്ടു വന്നിരുന്നത്. ഇന്ന്, കേരളത്തില്‍ 20 വയസ്സു കഴിഞ്ഞവരില്‍ 16% മുതല്‍ 20% വരെ ആളുകള്‍ക്ക് പ്രമേഹരോഗമുണ്ട. 30 വയസ്സിനും 40 വയസ്സിനും ഇടയ്ക്കുതന്നെ 10%ത്തില്‍ ഏറെ ആളുകള്‍ക്ക് പ്രമേഹം ഉണ്ട് എന്നാണ്. 40-50 വയസ്സ് ആകുമ്പോഴേക്കും ഇതിന്റെ തോത് 20%ത്തില്‍ അധികമാകുകയും 50-70 വരെയുള്ള പ്രായത്തില്‍ 35-45% ആകുകയും ചെയ്യുന്നു. അലക്ഷ്യജീവിതം നയിക്കുന്ന പ്രമേഹരോഗിയുടെ വൃക്കകള്‍ തകരാറിലാവാനുള്ള സാദ്ധ്യത വളരെയധികമാണ്. കൂടാതെ നാഡീരോഗങ്ങള്‍, നേത്രരോഗങ്ങള്‍, ഡയബറ്റിക് കോമാ അഥവാ ബോധക്ഷയം തുടങ്ങിയവക്കെല്ലാം ഇതു കാരണമാകും.
രക്താതിമര്‍ദ്ദം ഒരു പ്രധാനപ്പെട്ട ദീര്‍ഘസ്ഥായീരോഗമാണ്. ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങി വിവിധ രോഗങ്ങള്‍ക്ക് അടിസ്ഥാനകാരണമായി രക്താതിമര്‍ദ്ദം പ്രവര്‍ത്തിക്കുന്നു. ഹൃദയ സ്തംഭനം അഥവാ ഹാര്‍ട്ട് അറ്റാക്ക് എന്ന വാക്ക് കേരളത്തിലെ കുട്ടികള്‍ക്ക് പോലും സുപരിചിതമാണ്. രണ്ടുതലമുറകള്‍ക്കു മുന്‍പ് അപൂര്‍വ്വമായി മാത്രം സംഭവിച്ചു കൊണ്ടിരുന്ന ഹൃദയാഘാതം ഇപ്പോള്‍ ഒരു സാംക്രമിക രോഗമെന്ന രീതിയില്‍ ജനങ്ങളുടെ ഇടയില്‍ പടര്‍ന്നു പിടിച്ചിരിക്കുന്നു. കേരളത്തിലെ ഗ്രാമങ്ങളില്‍ പോലും ഹൃദയാഘാതംമൂലമുള്ള മരണനിരക്ക് സമ്പന്ന രാഷ്ട്രമായ അമേരിക്കയിലുള്ളതിനേക്കാള്‍ അധികമാണ്. രക്തത്തില്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്നതും ഹൃദ്രോഹസാദ്ധ്യത കൂട്ടുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ് മറ്റൊരു മുഖ്യ അപകട ഘടകം. ആഹാരരീതിയും ഹൃദ്രോഗ സാദ്ധ്യതയും തമ്മിലും വലിയ ബന്ധമുണ്ട്. ആഹാരത്തില്‍ ധാരാളം കൊഴുപ്പുകള്‍, പ്രത്യേകിച്ചും പൂരിത കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ ഹൃദ്രോഗം വരാനുള്ള സാദ്ധ്യത ഏറുന്നു. മാനസിക സംഘര്‍ഷം നിരന്തരമായി അനുഭവിക്കുന്നവര്‍ക്ക് ഹൃദ്രോഗബാധ വരാനുള്ള സാദ്ധ്യതയും ഏറും. മാനസിക പിരിമുറുക്കത്തിനും കാരണം നമ്മുടെ മോശമായ വൈയക്തികവും സാമൂഹ്യവുമായ ജീവിതശൈലി തന്നെ. വര്‍ദ്ധിക്കുന്ന വന്ധ്യതക്കും പ്രധാന കാരണം അതുതന്നെ. എത്രപണമാണ് വന്ധ്യതയെ മറികടക്കാന്‍ നമ്മള്‍ ചിലവഴിക്കുന്നത്. ഭൂരിഭാഗവും പരാജയവും.
അമിതമായ മദ്യപാനവും ഇന്നു മലയാളിയുടെ രോഗകാരണങ്ങളില്‍ ഒന്നാണ്. കരള്‍ സംബന്ധമായ രോഗങ്ങള്‍ തന്നെ ഉദാഹരണം. ആഹാരരീതിയുടേയും മദ്യത്തിന്റേയും ഫലമായ മലയാളികളില്‍ വലിയൊരു ഭാഗം പൊണ്ണത്തടിയന്മാരായി മാറുകയാണ്. അതും വളരെ മോശമായ ആരോഗ്യ അവസ്ഥയാണ്.
മലയാളിയുടെ തെറ്റായ ജീവിതശൈലിയുടെ മറ്റൊരു ഉദാഹരണമാണ് വാഹനാപകട മരണങ്ങള്‍. കേരളത്തിന് ഉള്‍ക്കൊള്ളാവുന്നതിനേക്കാള്‍ എത്രയോ വാഹനങ്ങളാണ് നിരത്തിലുള്ളത്. ഫലമെന്താ? ശരാശരി 10 ലധികം പേരാണ് ദിനം പ്രതി മരിക്കുന്നത്. ഭൂരിഭാഗവും യുവാക്കള്‍. അതുപോലെ മാനസികമായ ആരോഗ്യമില്ലായ്മയുടെ ഫലമാണ് വര്‍ദ്ധിക്കുന്ന ആത്മഹത്യകള്‍. അവയില്‍ കൂട്ട ആത്മഹത്യകളുടെ പ്രധാന കാരണം കടക്കെണിയാണ്. കടക്കെണിക്കു കാരണവും ജീവിതശൈലിയിലെ പൊങ്ങച്ചം തന്നെ. വിവാഹം, വീടുണ്ടാക്കല്‍, വിദ്യാഭ്യാസം, ചികിത്സ എന്നിവയാണ് മലയാളിയെ പ്രധാനമായും കടക്കെണിയില്‍ ചാടിക്കുന്നത്. അതിനെല്ലാാമിടയില്‍ കുട്ടികളെ പരിഗണിക്കാതിരിക്കുന്നതും അവരെ മികച്ച പഠനമെന്നു ധരിച്ച് കാരാഗൃഹങ്ങള്‍ക്കു തുല്ല്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൊണ്ടുചെന്നാക്കുന്നതും നശിപ്പിക്കുന്നത് വരുംതലമുറയുടെ സാമൂഹ്യാരോഗ്യമാണ്.
രോഗാവസ്ഥയുടെ അവസ്ഥ ഇതാണെങ്കില്‍ ചികിത്സക്കും മരുന്നുകള്‍ക്കുമായി ഏറ്റവുമധികം തുക ചിലവാക്കുന്നതും നമ്മള്‍ തന്നെ. അവയില്‍ വലിയൊരു ഭാഗം അനാവശ്യവും സ്വകാര്യ ആശുപത്രികളും മരുന്നു നിര്‍മ്മാണക്കാരും നടത്തുന്ന കൊള്ളയുമാണ്. യാതൊരുവിധത്തിലുള്ള നൈതികതക്കും സ്ഥാനമില്ലാത്ത കൊള്ളസംഘക്കാരായി ഇവരെല്ലാം മാറിയിരിക്കുന്നു. അതിനു മൂക്കുകയറിടാന്‍ ഒരു സര്‍ക്കാരിനും ആകുന്നില്ല. ഇത്തരം സാസചര്യത്തില്‍ ചികിത്സക്കായി തുക മാറ്റി വെക്കുന്നതുപോലും അര്‍ത്ഥശൂന്യമാണ്. രോഗത്തെ തടയുന്ന ജീവിതശൈലി തിരിച്ചുപിടിക്കന്നതിനെ കുറിച്ചാണ് നാമിനി ചിന്തിക്കണ്ടത്.

ഫേസ് ബുക്ക് പോസ്റ്റ്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: malayali | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply