ജിഷക്കും രോഹിതിനും നീതി ലഭിക്കുന്നില്ല.

ഇന്ത്യയിലെ കീഴാളസമൂഹവും സ്ത്രീസമൂഹവും അഭിമുഖീകരിക്കുന്ന വളരെ ആഴമേറിയ പ്രശ്‌നങ്ങളാണ് ജിഷയുടേയും രോഹിത് വെമുലയുടേയും മരണങ്ങള്‍ ഉന്നയിക്കുന്നത്. നിരവധി ചോദ്യങ്ങള്‍ നമുക്ക് മുന്നിലേക്കെറിഞ്ഞാണ് ഇരുവരും പോയത്. എന്നാലത് ആ രീതിയില്‍ അഭിമുഖീകരിക്കാന്‍ നമ്മുടെ മുഖ്യധാരയെന്നവകാശപ്പെടുന്ന സമൂഹവും അധികാരികളും ഇനിയും തയ്യാറായിട്ടില്ല എന്നതാണ് വസ്തുത. സ്വാഭാവികമായും വസ്തുതാന്വേഷണവും കുറെ സമാശ്വാസനടപടികളും തന്നെയാണ് ഈ സംഭവങ്ങളിലും ഉണ്ടായിരിക്കുന്നത്. അതനിവാര്യമാണ്. എന്നാല്‍ അതൊന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള കരുതലാകുന്നില്ല. ഈ മരണങ്ങള്‍ ഉന്നയിക്കുന്ന രാഷ്ട്രീയപ്രശ്‌നങ്ങള്‍ക്കുള്ള ഉത്തരമാകുന്നില്ല. നിയമപരവും സാമൂഹ്യപരവുമായ ശക്തമായ ഇടപെടലുകളാണ് പ്രധാനം. […]

jjj

ഇന്ത്യയിലെ കീഴാളസമൂഹവും സ്ത്രീസമൂഹവും അഭിമുഖീകരിക്കുന്ന വളരെ ആഴമേറിയ പ്രശ്‌നങ്ങളാണ് ജിഷയുടേയും രോഹിത് വെമുലയുടേയും മരണങ്ങള്‍ ഉന്നയിക്കുന്നത്. നിരവധി ചോദ്യങ്ങള്‍ നമുക്ക് മുന്നിലേക്കെറിഞ്ഞാണ് ഇരുവരും പോയത്. എന്നാലത് ആ രീതിയില്‍ അഭിമുഖീകരിക്കാന്‍ നമ്മുടെ മുഖ്യധാരയെന്നവകാശപ്പെടുന്ന സമൂഹവും അധികാരികളും ഇനിയും തയ്യാറായിട്ടില്ല എന്നതാണ് വസ്തുത.
സ്വാഭാവികമായും വസ്തുതാന്വേഷണവും കുറെ സമാശ്വാസനടപടികളും തന്നെയാണ് ഈ സംഭവങ്ങളിലും ഉണ്ടായിരിക്കുന്നത്. അതനിവാര്യമാണ്. എന്നാല്‍ അതൊന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള കരുതലാകുന്നില്ല. ഈ മരണങ്ങള്‍ ഉന്നയിക്കുന്ന രാഷ്ട്രീയപ്രശ്‌നങ്ങള്‍ക്കുള്ള ഉത്തരമാകുന്നില്ല. നിയമപരവും സാമൂഹ്യപരവുമായ ശക്തമായ ഇടപെടലുകളാണ് പ്രധാനം. അതാണ് ഇല്ലാതെ പോകുന്നത്.
ജിഷവധക്കേസ് അന്വേഷണം ഒരുമാസം കഴിഞ്ഞിട്ടാണെങ്കിലും എ.ഡി.ജി.പി ബി.സന്ധ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് വിടാനുള്ള തീരുമാനം സ്വാഗതാര്‍ഹം തന്നെ. സ്ത്രീപീഡനമന്വേഷിക്കുന്നത് വനിതകളുടെ നേതൃത്വത്തിലാകുന്നത് ഒരു നല്ല സന്ദേശമാണ് നല്‍കുന്നത്. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ എറണാകുളം റൂറല്‍ എസ്.പി യതീഷ്ചന്ദ്ര അടക്കമുള്ള ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയിട്ടുമുണ്ട്. ജിഷയുടെ വീട് നിര്‍മാണം 45 ദിവസത്തിനകം പൂര്‍ത്തിയാക്കും. അതിന്റെ ചുമതല കലക്ടറെ ഏല്‍പ്പിച്ചു. ജിഷയുടെ സഹോദരിക്ക് പെട്ടെന്ന് ജോലി നല്‍കുന്നതിനുള്ള നടപടിയെടുക്കും. ജിഷയുടെ അമ്മക്ക് മാസം 5000 രൂപ പെന്‍ഷന്‍ നല്‍കും. ഇതെല്ലാം പുതിയ സര്‍ക്കാര്‍ ചെയ്യുമ്പോള്‍ കെ പി സി സി 15 ലക്ഷമാണ് ഒറ്റയടിക്ക് ജിഷയുടെ മാതാവിനു നല്‍കിയത്. അതും നന്ന്. എന്നാല്‍ ആ പണം വാങ്ങുമ്പോഴും ജിഷയുടെ മാതാവ് ചോദിച്ച ചോദ്യമുണ്ട്. ‘ഈ പണം എനിക്ക് എന്തിനാ സാറേ. ഇത് കുറച്ചുമുമ്പ് കിട്ടിയിരുന്നെങ്കില്‍ എന്റെ മകള്‍ തെണ്ടിപ്പഠിക്കേണ്ടിവരുമായിരുന്നോ’ ഇപ്പോള്‍ അവള്‍ പോയില്ലേ?’ അതുതന്നെയാണ് ചോദ്യം. ഇനിയും ജിഷമാരും രോഹിതുമാരും ഉണ്ടാകാതിരിക്കുകയാണ് വേണ്ടത്.
ദളിത് – ആദിവാസി – സ്ത്രീസമൂഹങ്ങള്‍ക്കെതിരായ കടന്നാക്രമണങ്ങളും നീതിനിഷേധങ്ങളും ്അനുദിനം വര്‍ദ്ധിക്കുകയാണെന്ന് സര്‍ക്കാരിന്റെ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു. ഏറ്റക്കുറച്ചിലുണ്ടാകാമെങ്കിലും രാജ്യത്തെ ഒരു സംസ്ഥാനവും അതില്‍ നിന്ന് വിമുക്തമല്ല. സ്ത്രീകള്‍ക്കും കീഴാളര്‍ക്കും മനുഷ്യാവകാശങ്ങളും തുല്ല്യതയും നിഷേധിക്കുന്ന, നമ്മുടെ പഴയ ഭരണഘടനയായ മനുസ്മൃതിയുടെ സ്വാധീനം തന്നെയാണ് ഇപ്പോഴും പ്രകടമാകുന്നത്. അതില്‍നിന്ന് പൂര്‍ണ്ണമെന്നു പറയാനാകില്ലെങ്കിലും അംബേദ്കര്‍ രൂപം കൊടുത്ത ഇന്ത്യന്‍ ഭരണഘടനയിലേക്ക് എന്നാണ് നാമെത്തുക? അതും ഭരണഘടനക്കെതിരെ ഭരണകര്‍ത്താക്കള്‍തന്നെ വാളോങ്ങുമ്പോള്‍…
രാജ്യത്തിനു മാതൃകയായി എന്ന അവകാശവാദത്തില്‍ കേരളത്തില്‍ നടപ്പാക്കിയ ഭൂപരിഷ്‌കരണത്തിലൂടെ ദളിതനു ഒരു നേട്ടവും ലഭിച്ചില്ല എന്ന യാഥാര്‍ത്ഥ്യമാണ് ഇവിടെ വീണ്ടും വീണ്ടും പ്രകടമാകുന്നത്. വളരെ പ്രാഥമികമായ ഒരു ഘട്ടം നടപ്പാക്കിയാണ് നാം ഭൂപരിഷ്‌കരണത്തിന്റെ പേരില്‍ ഊറ്റം കൊണ്ടത്. എന്നാല്‍ ഭൂമി ലഭിച്ചത് അതിന്റെ യഥാര്‍ത്ഥ അവകാശികള്‍ക്കായിരുന്നില്ല. ഇതേകുറിച്ച് ഇന്ന് നിരവധി പഠനങ്ങള്‍ വന്നുകഴിഞ്ഞു. രണ്ടാം ഘട്ട ഭൂപരിഷ്‌കരണത്തിനായി ശബ്ദമുയര്‍ത്തുകയും പോരാട്ടത്തിനിറങ്ങുകയും ചെയത് ദളിത് – ആദിവാസി സംഘടനകളോടും അവരുടെ പ്രക്ഷോഭങ്ങളോടും ‘പ്രബുദ്ധ’കേരളം സ്വീകരിച്ച നിലപാട് നാം പലപ്പോഴും കണ്ടു. ഇപ്പോഴും ഒരു രണ്ടാം ഭൂപരിഷ്‌കരണത്തെ കുറിച്ചവര്‍ ചിന്തിക്കുന്നില്ല. അതുനടന്നിരുന്നെങ്കില്‍ ഒരുപക്ഷെ ജിഷ സംഭവിക്കുമായിരുന്നില്ല. ദളിതന് ഭൂമിക്കോ വിദ്യാഭ്യാസത്തിനോ മാന്യമായ തൊഴിലിനോ അവകാശമില്ല എന്ന മനുസ്മൃതി പ്രമാണം തന്നെയല്ലേ ഇവിടെ നടപ്പായത്..? അവസാനഘട്ടത്തില്‍പോലും ഒരു കൂരക്കായുള്ള ന്യായമായ അവകാശത്തിനുവേണ്ടി അധികാരികളുടേയും ജനപ്രതിനിധികളേയും പലവട്ടം സമീപിച്ച ജിഷയുടെ കുടുംബത്തിനുണ്ടായ അനുഭവങ്ങളും പുറത്തുവന്നിട്ടുണ്ടല്ലോ. അതാണല്ലോ കെപിസിസി പ്രസിഡന്റിനോടടക്കും ജിഷയുടെ മാതാവ് പറഞ്ഞത്. ആദിവാസികളെ സംബന്ധിച്ചിട്തതോളം പറയുകയാണെങ്കില്‍ ഭരണഘടന അംഗീകരിച്ചിട്ടുള്ള പെസയടക്കമുശള്ള നിയമങ്ങള്‍ നടപ്പാക്കാന്‍ ഇരുമുന്നണികളും തയ്യാറാകുന്നില്ല.
സ്ത്രീ എന്ന നിലയിലും ജിഷ നേരിട്ടതെന്താണ്? ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്നു പ്രഖ്യാപിക്കുന്ന മനുവചനം തന്നെ അവിടേയും നടപ്പായത്. സ്ത്രീകള്‍ക്കെതിരെ പ്രകടമായി കടന്നാക്രമണം നടത്തുന്നവര്‍ മാത്രമല്ല, അവരെ സംരക്ഷിക്കണമെന്നു ആത്മാര്‍ത്ഥമായി പറയുന്നവരും ഇതേ ചിന്താഗതിക്കാരാണ്. പീഡനവും സംരക്ഷണവും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങള്‍ മാത്രം. അതൊന്നുമല്ല സ്ത്രീകള്‍ക്കാവശ്യം. ഭരണഘടന അനുശാസിക്കുന്ന പുരുഷനു തുല്ല്യമായ അവകാശങ്ങളാണ്. ആ ദിശയില്‍ ഇപ്പോഴും നാം മുന്നോട്ടുപോയിട്ടില്ല. നിര്‍ഭയ സംഭവത്തിനുശേഷം കൊണ്ടുവന്ന ചില നിയമങ്ങള്‍ പോലും ജിഷസംഭവവുമായി ബന്ധപ്പെട്ട് ലംഘിക്കപ്പെട്ടു. കേരളത്തിലെ നിര്‍ഭയാ പദ്ധതി സര്‍ക്കാര്‍ തന്നെ തകര്‍ക്കുകയാണെന്ന് ശ്രീലേഖ ഐ പി എസ് തന്നെ തുറന്നു പറഞ്ഞല്ലോ.
ഏറ്റവംു പ്രധാനപ്പെട്ട പ്രശ്‌നം മറ്റൊന്നാണ്. പലരുമത് ചൂണ്ടികാട്ടി കഴിഞ്ഞു. ജനാധിപത്യത്തില്‍ ചൂഷിതവിഭാഗങ്ങളുടെ പങ്കാളിത്തത്തിന്റെ പ്രശ്‌നമാണത്. ഏറ്റവംു ചുരുങ്ങിയത് ഓരോവിഭാഗത്തിനും അധികാരത്തില്‍ ജനസംഖ്യാനുപാതികമായ പങ്കാളിത്തമെങ്കിലും ലഭിക്കണം. എന്നാല്‍ ജിഷ സംഭവത്തിനുശേഷം രൂപം കൊണ്ട പിണറായി മന്ത്രിസഭയുടെ കാര്യം തന്നെ നോക്കുക. ദളിത് മന്ത്രി ഒന്ന്. ആദിവാസി മന്ത്രിയില്ല. സ്ത്രീകള്‍ രണ്ട്. മന്ത്രിസഭയില്‍ മാത്രമല്ല, അധികാരത്തിന്റെ എല്ലാ മേഖലയിലും ഇതുതന്നെയവസ്ഥയെന്നുറപ്പ്. അധികാരത്തെ നിയന്ത്രിക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ അവസ്ഥയും വ്യത്യസ്ഥമല്ലല്ലോ. അല്ലെങ്കകില്‍ രാഷ്ട്രീയകൊലപാതങ്ങളുടെ പേരില്‍ നിരന്തരമായി ഹര്‍ത്താല്‍ നടത്തുന്നവര്‍, ജിഷാവധത്തിലെ അന്വേഷണം തൃപ്തികരമായി നടക്കാത്തതിന്റെ പേരില്‍ ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ പിന്തുണക്കുമായിരുന്നല്ലോ. കേരളത്തോടൊപ്പം തെരഞ്ഞെടുപ്പു നടന്ന ബംഗാളിലും തമിഴ് നാട്ടിലും സ്ത്രീമുഖ്യമന്ത്രിയും ആസാമില്‍ ഗോത്രവര്‍ഗ്ഗക്കാരനായ മുഖ്യമന്ത്രിയും ്അധികാരമേറ്റ സന്ദര്‍ഭത്തിലാണ് കേരളത്തില്‍ ഇതു നടക്കുന്നതെന്നത് നാമെത്ര പുറകിലാണെന്ന് വ്യക്തമാക്കുന്നു. മായാവതിയുടെ ഭരണത്തെ തുടര്‍ന്ന് യുപിയില്‍ ദളിത് പീഡനവും ജയലളിതയുടെ ഭരണത്തെ തുടര്‍ന്ന് തമിഴ് നാട്ടില്‍ സ്ത്രീപീഡനവും ഗണ്യമായി കുറഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു. അധികാരത്തെ ദളിതവല്‍ക്കരിക്കാനും സ്‌ത്രൈണവല്‍ക്കരിക്കാനും കഴിയുമ്പോഴാണ് ജനാധിപത്യം പരിപക്വമാകുക. ജന്മംകൊണ്ടുലഭിച്ച ആനുകൂല്യങ്ങളാല്‍ സമൂഹത്തിന്റെ എല്ലാ മേഖലകളും അടക്കി ഭരിക്കുന്നവര്‍ സമൂഹത്തെ നയിക്കുന്നത് പുറകോട്ടാണ്, ഫ്യൂഡലിസത്തേക്കാണ്. ഏതു മാറ്റത്തിനേയും അതിജീവിച്ച് അധികാരത്തിന്റെ ഉന്നതഗോപുരത്തിലെത്താനുള്ള ഈ മെയ്‌വഴക്കം അപാരം തന്നെ.
എന്നാലതിനിയും അനുവദിക്കാനാവില്ല എന്നുതന്നെയാണ് ജിഷയുടെയും രോഹിതിന്റേയും അനുഭവം വ്യക്തമാക്കുന്നത്. ആ ദിശയിലൊരു മുന്നേറ്റമാണ് ഈ മരണങ്ങള്‍ ആവശ്യപ്പെടുന്നത്. അപ്പോഴാണ് ഇരുവര്‍ക്കും നീതി ലഭിക്കുക…

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply