ജാനു : ഉത്തരവാദി മലയാളിസമൂഹം

ആദിവാസി നേതാവ് സി കെ ജാനു എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി നിയമസഭയിലേക്കു മത്സരിക്കുന്ന വാര്‍ത്ത സാമൂഹ്യനീതിയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്നവര്‍ക്ക് നിരാശ നല്‍കുന്നതു തന്നെയാണ്. എന്നാല്‍ അത്തരമൊരു നിലപാടിലേക്ക് അവരെയെത്തിച്ചത് പ്രബുദ്ധമെന്നു ഉദ്‌ഘോഷിക്കുന്ന കേരളിയ സമൂഹവും പ്രത്യകിച്ച് രാഷ്ട്രീയ സമൂഹവുമാണ് എന്നത് വിസ്മരിക്കാനാവില്ല. ജാനു ഉയര്‍ത്തി കൊണ്ടുവന്ന നീതിയുക്തവും ആദിവാസികളുടെ ജീവന്മരണപ്രശ്‌നങ്ങളോട് നിഷേധാത്മക സമീപനമായിരുന്നു കേരളത്തിലെ മുഖ്യധാരാ സമൂഹവും അവരുടെ പ്രതിനിധികളായ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സ്വീകരിച്ചത് എന്നത് മറക്കരുത്. പൊതുമിനിമം പരിപാടിയുടെ പേരിലാണു ജനാധിപത്യ രാഷ്ട്രീയ സഭ […]

c k

ആദിവാസി നേതാവ് സി കെ ജാനു എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി നിയമസഭയിലേക്കു മത്സരിക്കുന്ന വാര്‍ത്ത സാമൂഹ്യനീതിയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്നവര്‍ക്ക് നിരാശ നല്‍കുന്നതു തന്നെയാണ്. എന്നാല്‍ അത്തരമൊരു നിലപാടിലേക്ക് അവരെയെത്തിച്ചത് പ്രബുദ്ധമെന്നു ഉദ്‌ഘോഷിക്കുന്ന കേരളിയ സമൂഹവും പ്രത്യകിച്ച് രാഷ്ട്രീയ സമൂഹവുമാണ് എന്നത് വിസ്മരിക്കാനാവില്ല. ജാനു ഉയര്‍ത്തി കൊണ്ടുവന്ന നീതിയുക്തവും ആദിവാസികളുടെ ജീവന്മരണപ്രശ്‌നങ്ങളോട് നിഷേധാത്മക സമീപനമായിരുന്നു കേരളത്തിലെ മുഖ്യധാരാ സമൂഹവും അവരുടെ പ്രതിനിധികളായ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സ്വീകരിച്ചത് എന്നത് മറക്കരുത്. പൊതുമിനിമം പരിപാടിയുടെ പേരിലാണു ജനാധിപത്യ രാഷ്ട്രീയ സഭ എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ച് എന്‍.ഡി.എയില്‍ ചേരുന്നതെന്നു ജാനു പറയുന്നു. എന്നാല്‍ ഫലത്തില്‍ ഹൈന്ദവമുന്നണിയായ എന്‍ ഡി എയില്‍ ഘടകമാകുന്നതോടെ താനിന്നോളം ഉന്നയിച്ച വിഷയങ്ങളോട് രാജി പറയുകതന്നെയാണ് ജാനു ചെയ്യുന്നത്. അതിനുത്തരവാദിത്തത്തില്‍ നിന്ന് ശരാശരി മലയാളിക്ക് ഒഴിഞ്ഞുമാറാനാകില്ല എന്നുമാത്രം.
സി കെ ജാനു നയിച്ച എല്ലാ സമരത്തേയും ഇരുമുന്നണികളും എതിര്‍ത്തിട്ടുണ്ട്.. സെക്രട്ടറിയേറ്റിനു മുന്നിലെ കുടില്‍ കെട്ടിസമരം, മുത്തങ്ങ, നില്‍പ്പ് സമരം, ആറളം സമരം എന്നിങ്ങനെ പോകുന്നു ആ പട്ടിക. കുട്ടില്‍ കെട്ടി സമരത്തിന്റെ കാലത്ത് പ്രതിപക്ഷനേതാവായിരുന്ന വി എസ് പറഞ്ഞത് ആദിവാസികള്‍ വന്ന് തലസ്ഥാന നഗരം വൃത്തികേടാക്കി എന്നായിരുന്നു. ആദിവാസികള്‍ക്ക് ഭൂമി ലഭിക്കാനും ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന സ്വയംഭരണാവകാശത്തിനും കുടില്‍കെട്ടി സമരത്തിലെ ഒത്തുതീര്‍പ്പുകള്‍ നടപ്പാക്കാനും വേണ്ടിയായിരുന്നു മുത്തങ്ങ സമരം നടന്നത്. എന്നാല്‍ മുത്തങ്ങയില്‍ നിന്ന് സമരം ചെയ്യുന്നവരെ പുറത്താക്കാനാവശ്യപ്പട്ട് സിപിഎം അടക്കമുള്ളവര്‍ പ്രാദേശിക ഹര്‍ത്താല്‍ നടത്തി. ആര്‍ വി ജി മേനോനേയും സുഗതകുമാരിയേയും പോലുള്ളവരും അതാവശ്യപ്പെട്ടു. തുടര്‍ന്നാണ് ആന്റണി സര്‍ക്കാര്‍ അവര്‍ക്കുനേരെ വെടുയുതിര്‍ത്തത്. അന്നത്തെ കേസുകള്‍ പിന്‍വലിക്കുമെന്ന് ഇടതുപക്ഷം പറഞ്ഞിരുന്നെങ്കിലും തുടര്‍ന്നുവന്ന വി എസ് ഗവണ്മന്റോ പിന്നീടുവന്ന ഉമ്മന്‍ ചാണ്ടി ഗവണ്മന്റോ അതു ചെയ്തില്ല. സി പി എം ആകട്ടെ സ്വത്വവാദം തെറ്റാണെന്നു പറയുമ്പോഴും ഗോത്രമഹാസഭക്കു ബദലായി ബദല്‍ ആദിവാസി സംഘടനയുണ്ടാക്കി. ഗോത്രമഹാസഭയേയും ജാനുവിനേയും തകര്‍ക്കലായിരുന്നു സമിതിയുടെ പ്രധാന ലക്ഷ്യം. (ചങ്ങറ സമരത്തിനുശേഷം ബദല്‍ പട്ടിക ജാതി സംഘടനയുമുണ്ടാക്കിയിരുന്നല്ലോ). നിരന്തരസമരങ്ങളുടെ ഫലമായി കുറച്ചു പേര്‍ക്കു ഭൂമി ലഭിച്ചെങ്കിലും കാര്യമായ നേട്ടങ്ങളൊന്നും ആദിവാസികള്‍ക്കുണ്ടായില്ല. ഈ സാഹചര്യത്തിലായിരുന്നു സെക്രട്ടറിയേറ്റിനുമുന്നില്‍ നില്‍പ്പുസമരം നടന്നത്. സമരം ഏറെ ശ്രദ്ധേയമാകുകയും ഒത്തുതീര്‍പ്പുണ്ടാകുകയും ചെയ്‌തെങ്കിലും മുഖ്യധാരാസമൂഹത്തിന്റെ നിലപാട് നിഷേധാത്മകം തന്നെയായിരു്‌നനു അന്നത്തെ ഒത്തുതീര്‍പ്പുവ്യവസ്ഥകളും നടപ്പാകാത്ത സാഹചര്യത്തിലാണ് എന്‍ ഡി എയിലേക്കുപോകാനുള്ള ജാനുവിന്റെ തീരുമാനം. കേരളത്തില്‍ നിര്‍ണ്ണായകശക്തിയല്ലാതിരുന്നതിനാല്‍ ഇതുവരേയും ബിജെപിയുമായി ആദിവാസികള്‍ക്ക് ഏറ്റുമുട്ടേണ്ടിവരാത്തതും പലപ്പോഴും വെള്ളാപ്പള്ളിയും കൂട്ടരും അനുകൂലനിലപാടു സ്വീകരിച്ചതും ഗാഡ്ഗില്‍ പോലുള്ള വിഷയങ്ങളില്‍ കുമ്മനത്തിന്റെ സമീപനവുമായിരിക്കാം ഇത്തരമൊരു നിലപാടിലെത്താല്‍ ജാനുവിനെ പ്രേരിപ്പിച്ചത്. യുഡിഎഫും എല്‍ഡിഎഫും എന്നും ശക്തരായ കുടിയേറ്റക്കാര്‍ക്കൊപ്പമായിരുന്നല്ലോ. എന്‍ഡിഎ വ്യത്യസ്ഥമാകുമെന്ന് ജാനു കരുതിയിരിക്കാം. പക്ഷെ സികെ ജാനു ആദിവാസി വിഷയത്തില്‍ മാത്രമല്ല, നാട്ടിലെ ഓരോ വിഷയത്തിലും പ്രതികരിക്കുകയും ഇടപെടുകയും ചെയ്യുന്ന നേതാവെന്ന രീതിയില്‍ എന്‍ഡിഎക്കു നേതൃത്വം നല്‍കുന്ന ബിജെപിയുടെ രാഷ്ട്രീയവും സമീപകാല സംഭവവികാസങ്ങളും അറിയാത്തതാവില്ലല്ലോ. അതിനാലാണീ നീക്കം ഞെട്ടിക്കുന്നത്.
സമൂത്തിന്റെ അടിത്തട്ടില്‍ നിന്നു പോരാട്ടത്തിലൂടെ വളര്‍ന്നുവന്ന ഒരു നേതാവാണ് ജാനു. കെ ആര്‍ ഗൗരിക്കുശേഷം അത്തരത്തില്‍ ഉയര്‍ന്നുവന്ന സ്ത്രീയും. മുഖം മുഴുവന്‍ കാണാന്‍ കഴിയുന്ന ഒരു കണ്ണാടിക്കായി ചെറുപ്പത്തില്‍ കൊതിച്ചതായി ജാനു ആത്മകഥയില്‍ പറയുന്നുണ്ട്. എഴുത്തും വായനയും പഠിച്ചത് സാക്ഷരതയജ്ഞത്തിലൂടെ. അനുഭവിച്ച ത്യാഗങ്ങളേയോ ദുരിതങ്ങളേയോപറ്റി വാചാലമാകാതെ പക്വമാര്‍ന്ന സമീപനമായിരുന്നു ജാനുവിന്റേത്. ഏഴാം വയസില്‍ വീട്ടുജോലിക്കാരിയായി പണിയെടുത്തു തുടങ്ങിയ ജാനു പന്ത്രണ്ടാം വയസോടെ കര്‍ഷകത്തൊഴിലാളിയായി. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരുകയും എന്നാല്‍ തങ്ങളുടെ പ്രശ്‌നങ്ങളോടുള്ള നിഷേധാത്മക സമീപനം ബോധ്യപ്പെട്ട് പാര്‍ട്ടി വിടുകയും ചെയ്തു. 92 ല്‍ മൂന്നു സംസ്ഥാനങ്ങളിലെ ആദിവാസി ഭൂസമരങ്ങള്‍ ഏകോപിപ്പിച്ചിരുന്ന സൗത്ത് സോണ്‍ ആദിവാസി ഫോറത്തിന്റെ ചെയര്‍പഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. 94 ല്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ ഇന്ത്യയില്‍ നിന്നുള്ള ആദിവാസികളെ പ്രതിനിധീകരിച്ചു ജാനു പങ്കെടുത്തു. പ്ലാച്ചിമടയിലെ കൊക്കക്കോള പ്ലാന്റിനെതിരായ തദ്ദേശവാസികളുടെ സമരം 2002 ല്‍ തുടങ്ങിവച്ചതും ജാനുവിന്റെ നേതൃത്വത്തിലാണ്. പിന്നീടാണ് ജാനുവും കൂട്ടരും ശക്തമായ സമരങ്ങളുമായി രംഗത്തെത്തുന്നത്. ആ സമരങ്ങളൈല്ലാം ഇരുമുന്നണികളും പ്രബുദ്ധമലയാളികളും ചേര്‍ന്നു തകര്‍ത്തുകൊടുത്തു. അത്തരക്കാര്‍ക്ക് ജാനുവിന്റെ പുതിയ നീക്കത്തെ വിമര്‍ശിക്കാന്‍ എന്തവകാശമാണുള്ളത്?
അപ്പോഴും ജാനുവിന്‍െ തീരുമാനം രാഷ്ട്രീയമായി തെറ്റുതന്നെ. വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള ബി.ഡി.ജെ.എസിന്റെ നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരുടെ ഐക്യമെന്ന ലക്ഷ്യത്തിലേക്കാണു ജാനുവും എത്തുന്നത്. എന്‍ഡിഎയില്‍ ഈഴവരുടേയും ദളിതരുടേയും ആദിവാസികളുടേയും പങ്കാളിത്തം ഉണ്ടാക്കാന്‍ കുമ്മനത്തിനു കഴിഞ്ഞിരിക്കുന്നു. തമാശയെന്തെന്നുവെച്ചാല്‍ എന്‍എസ്എസാണ് മാറിനില്‍ക്കുന്നതെന്നതാണ്.
ജാനു എന്‍.ഡി.എയുമായി കൂട്ടുചേരുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധാപട്കറും ബംഗാളി എഴുത്തുകാരി മഹേശ്വതാദേവിയും സഹപ്രവര്‍ത്തകനായ ഗീതാനന്ദനും അടക്കമുള്ളവര്‍ ശ്രമിച്ചിരുന്നു. അതിന് ചെവി കൊടുക്കാതെയാണ് ജാനുവിന്റെ തീരുമാനം. ആദിവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ എല്‍.ഡി.എഫും യു.ഡി.എഫും പരാജയപ്പെട്ടെന്നും എന്‍.ഡി.എയുടെ വാഗ്ദാനങ്ങളില്‍ പ്രതീക്ഷയുണ്ടെന്നും ജാനു വ്യക്തമാക്കുന്നു. ഒരുപക്ഷെ ഏറെകാലം പ്രതീക്ഷയോടെ പോരാട്ടം നടത്തി തളര്‍ന്ന ഒരാളുടെ അവസാന പിടിവള്ളിയായിരിക്കാം അത്.
തീര്‍ച്ചയായും തീരുമാനം ദൗര്‍ഭാഗ്യകരംതന്നെ. എന്നാല്‍ ഈയവസരത്തെ
ആഘോഷിക്കുന്നവര്‍ സ്വയം വിലയിരുത്തലിന് തയ്യാറാകുകയാണ് വേണ്ടത്. ജാനുവിന്റേത് സ്വത്വരാഷ്ട്രീയമാണെന്നും അതിന്റെ പരാജയമാണിതെന്നുമെല്ലാം വ്യാഖ്യാനിക്കുന്നവരുണ്ട്. അതും യാഥാര്‍ത്ഥ്യത്തിനു നിരക്കുന്നതല്ല. വര്‍ഗ്ഗസമസിദ്ധാന്തമനുസരിച്ചുള്ള കര്‍ഷകത്തൊഴിലാളിയല്ലല്ലോ ആദിവാസികള്‍. പ്രബുദ്ധമെന്നു സ്വയം അഹങ്കരിക്കുന്ന ഒരു സമൂഹം സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ളവരോടു സ്വീകരിച്ച നിഷേധാത്മക സമീപനത്തിനോടുള്ള നിഷേധാത്മക നിലപാടാണ് ജാനുവിന്റേത്. അതു നമുക്കൊരു ഷോക് ട്രീറ്റ്‌മെന്റാകുകയാണ് വേണ്ടത്. ഒരു സ്വയംവിലയിരുത്തലിന് മലയാളിസമൂഹം തയ്യാറാകുകയാണ് വേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply