ജസ്റ്റിസ് ലോയ കേസും മാധ്യങ്ങളുടെ കാവിവല്‍ക്കരണവും

വിനോദ് കെ. ജോസ് മാദ്ധ്യമങ്ങളുടെ കാവിവല്‍ക്കരണം വ്യക്തിപരമായി എനിക്കനുഭവപ്പെട്ടത് ജഡ്ജ് ലോയ കേസുമായി ബന്ധപ്പെട്ടാണ്. അമിത് ഷാ പ്രതിയാക്കപ്പെട്ടിട്ടുള്ള സൊറാബ്ദ്ദീന്‍ കേസ് പരിഗണിക്കുന്ന സിബിഐ ജഡ്ജ് ലോയയുടെ മരണം അസ്വാഭാവികമായ ഒന്നാണെന്ന് ആദ്യം റിപ്പോര്‍ട്ട് തയ്യാറാക്കിയത് മറാഠി പത്രപ്രവര്‍ത്തകനായ നിരഞ്ജന്‍ താക്ലേയായിരുന്നു. അദ്ദേഹത്തിന്റെ പത്രം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാന്‍ മടിച്ചുനിന്നപ്പോഴാണ് ഞാന്‍ ജോലി ചെയ്യുന്ന കാരവന്‍ മാഗസിനിലേക്ക് അതെത്തുന്നത്. വായിച്ചുനോക്കിയപ്പോള്‍ വ്യക്തിപരമായി ഞങ്ങളുടെ ജീവനക്കാരെയും സ്ഥാപനത്തിന്റെ നിലനില്‍പ്പിനെപ്പോലും അപകടത്തിലാക്കുന്ന ഒന്നാണെന്ന് മനസിലായെങ്കിലും സ്റ്റോറിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. സ്റ്റോറി […]

loya

വിനോദ് കെ. ജോസ്

മാദ്ധ്യമങ്ങളുടെ കാവിവല്‍ക്കരണം വ്യക്തിപരമായി എനിക്കനുഭവപ്പെട്ടത് ജഡ്ജ് ലോയ കേസുമായി ബന്ധപ്പെട്ടാണ്. അമിത് ഷാ പ്രതിയാക്കപ്പെട്ടിട്ടുള്ള സൊറാബ്ദ്ദീന്‍ കേസ് പരിഗണിക്കുന്ന സിബിഐ ജഡ്ജ് ലോയയുടെ മരണം അസ്വാഭാവികമായ ഒന്നാണെന്ന് ആദ്യം റിപ്പോര്‍ട്ട് തയ്യാറാക്കിയത് മറാഠി പത്രപ്രവര്‍ത്തകനായ നിരഞ്ജന്‍ താക്ലേയായിരുന്നു. അദ്ദേഹത്തിന്റെ പത്രം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാന്‍ മടിച്ചുനിന്നപ്പോഴാണ് ഞാന്‍ ജോലി ചെയ്യുന്ന കാരവന്‍ മാഗസിനിലേക്ക് അതെത്തുന്നത്. വായിച്ചുനോക്കിയപ്പോള്‍ വ്യക്തിപരമായി ഞങ്ങളുടെ ജീവനക്കാരെയും സ്ഥാപനത്തിന്റെ നിലനില്‍പ്പിനെപ്പോലും അപകടത്തിലാക്കുന്ന ഒന്നാണെന്ന് മനസിലായെങ്കിലും സ്റ്റോറിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. സ്റ്റോറി വികസിപ്പിച്ചു. ഒരു സിബിഐ സ്‌പെഷ്യല്‍ ജഡ്ജ് ഇങ്ങനെയൊരു ദുരൂഹ സാഹചര്യത്തില്‍ മരിക്കുക എന്നത് അവിശ്വസനീയമായിരുന്നു. എന്നിട്ടും ഒരു വാര്‍ത്ത പോലും വരാതിരുന്നത് എന്തുകൊണ്ടാണെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. സൊറാബ്ദ്ദീന്‍ കേസ് നമുക്ക് എല്ലാവര്‍ക്കും പരിചിതമാണ്. മൂന്ന് പേരുടെ കൊലപാതകമാണ് വിഷയം. സൊറാബ്ദ്ദീന്‍, കൂടെ യാത്ര ചെയ്തിരുന്ന അദ്ദേഹത്തിന്റെ ഭാര്യയും പ്രജാപതി എന്നയാളുമാണ് കൊലചെയ്യപ്പെട്ടത്. 2009-11 കാലഘട്ടത്തില്‍ നടത്തിയ അന്വേഷണത്തിലൂടെ സിബിഐ കണ്ടെത്തിയ തെളിവുകള്‍ 11,000 പേജുകളുണ്ട്. ഗുജറാത്തില്‍ വിചാരണ നടത്തേണ്ടതില്ല എന്ന് സുപ്രീംകോടതി തീരുമാനിക്കുകയും മഹാരാഷ്ട്രയിലേക്ക് വിചാരണ മാറ്റുകയുമായിരുന്നു. മാത്രമല്ല, തുടക്കം മുതല്‍ ഒടുക്കം വരെ ഈ കേസ് ഒരേയൊരു ജഡ്ജി മാത്രമേ കേള്‍ക്കാവൂ എന്നും സുപ്രീംകോടതി പറഞ്ഞു. അങ്ങനെയാണ് പ്രത്യേക ജഡ്ജിയായി ജഡ്ജ് ഉത്പതിനെ നിയോഗിക്കുന്നത്. പ്രതിയായ അമിത് ഷാ വിചാരണ സമയത്തൊന്നും കോടതിയില്‍ വരാറുണ്ടായിരുന്നില്ല. തിരക്കുള്ളതിനാല്‍ വരാന്‍ കഴിയുന്നില്ല എന്ന വക്കീല്‍ വഴി അറിയിക്കും. എന്നാല്‍ ഉറപ്പായും 2014 ജൂണ്‍ 26 കോടതിയില്‍ ഹാജരാകാന്‍ ജഡ്ജ് ഉത്പല്‍ നിര്‍ദ്ദേശം നല്‍കി. പക്ഷെ ജൂണ്‍ 25ന് ജഡ്ജ് ഉത്പലിനെ ട്രാന്‍സ്ഫര്‍ ചെയ്തു. ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹിത് ഷായാണ് ട്രാന്‍സ്ഫര്‍ ചെയ്തത്. ഇത് സുപ്രീംകോടതി നിര്‍ദ്ദേശത്തിന്റെ നഗ്നമായ ലംഘനമായിരുന്നു. പക്ഷെ രാജ്യം നിശബ്ദമായിരുന്നു, സുപ്രീം കോടതിക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. രണ്ടാമത് നിയോഗിക്കപ്പെട്ട ജഡ്ജ് ആയിരുന്നു ലോയ. ബി.ജെ.പിയുടെ ദേശീയ പ്രസിഡന്റ് ആയതിനാല്‍ കോടതിയില്‍ ഹാജരാകാന്‍ കഴിയുന്നില്ലെന്ന് വീണ്ടും അമിത് ഷായുടെ വക്കീല്‍ അറിയിക്കുന്നു. 2014 ഒക്‌ടോബറില്‍ മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ വിജയിച്ച ഫട്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ പോവുകയാണ്. ജഡ്ജ് ലോയയുടെ കോടതിയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയാണ് സത്യപ്രതിജ്ഞ നടക്കുന്നത്. ഹാജരാകാന്‍ പറഞ്ഞിട്ടും പ്രതി എന്തുകൊണ്ടാണ് വരാത്തതെന്ന് ലോയ അന്നും ചോദിച്ചു. തിരക്കിലാണെന്ന് വക്കീല്‍ അറിയിച്ചപ്പോള്‍, ഒന്നര കിലോമീറ്റര്‍ അകലെ അദ്ദേഹം നില്‍ക്കുന്നത് ഞാന്‍ ടെലിവിഷനിലൂടെ കണ്ടു എന്നും എന്നിട്ടും എന്തുകൊണ്ടാണ് കോടതിയില്‍ ഹാജരാകാത്തതെന്നും ലോയ ചോദിച്ചു. ഡിസംബര്‍ 15ന് അമിത്ഷായ്ക്ക് ഹാജരാകാന്‍ സമയം നല്‍കി. അതിന് 15 ദിവസം മുമ്പ്, നവംബര്‍ 30ന് സിഗരറ്റ് വലിക്കാത്ത, മദ്യപിക്കാത്ത, ഷട്ടില്‍ കളിക്കുന്ന, ദിവസവും ഒരു മണിക്കൂറോളം വ്യായാമം ചെയ്യുന്ന ജഡ്ജ് ലോയ കാര്‍ഡിയാക് അറസ്റ്റ് മൂലം മരിക്കുന്നു. ജഡ്ജ് ലോയയുടെ സഹോദരിയും മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ഡോക്ടറുമായ അനുരാധ പിയാനി ഇത് സ്വാഭാവിക മരണമല്ല എന്ന് മെഡിക്കല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്നേ പറഞ്ഞിരുന്നു. പക്ഷെ എവിടെയും വാര്‍ത്തയായില്ല. മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹിത് ഷാ ഈ കേസില്‍ അനുകൂലവിധിയുണ്ടാകുന്നതിനായി 100 കോടി രൂപ വാഗ്ദാനം ചെയ്ത കാര്യം അനുരാധ പിയാനിയോട് ജഡ്ജ് ലോയ പറഞ്ഞിട്ടുണ്ടായിരുന്നു. അതും അവരുടെ സംശയം വര്‍ദ്ധിപ്പിച്ചു. ഇത്തരം വാഗ്ദാനങ്ങളെക്കുറിച്ച് ജഡ്ജ് ലോയ സംസാരിച്ച കാര്യം അദ്ദേഹത്തിന്റെ അച്ഛനും അമ്മയും കാരവനോട് പറഞ്ഞിരുന്നു. ഇക്കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തി വിശദമായ റിപ്പോര്‍ട്ട് ഞങ്ങള്‍ പ്രസിദ്ധീകരിച്ചുവെങ്കിലും ഇന്ത്യയിലെ ഒരൊറ്റ ദേശീയ മാദ്ധ്യമങ്ങളും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറായില്ലെന്നതാണ് വാസ്തവം. ഈ വാര്‍ത്ത അവഗണിച്ച ടൈംസ് ഓഫ് ഇന്ത്യ പോലെയുള്ള പത്രങ്ങള്‍ അടുത്ത തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നതിന്റെ ഭാഗമായി അമിത് ഷാ തമിഴും ബംഗ്ലായും പഠിക്കാന്‍ പോകുന്നതാണ് പ്രധാന വാര്‍ത്തയായി നല്‍കിയത്. തമിഴും ബംഗ്ലായും പഠിച്ചു എന്നല്ല, പഠിക്കാന്‍ പോകുന്നു എന്നതാണ് മുഖ്യ വാര്‍ത്ത. ഇതാണ് ഇന്ത്യയിലെ ദേശീയ മാദ്ധ്യമങ്ങളുടെ അവസ്ഥ. കാരവനിലെ വാര്‍ത്ത സോഷ്യല്‍ മീഡിയ വഴിയാണ് നന്നായി വായിക്കപ്പെട്ടത്. സോഷ്യല്‍ മീഡിയയില്‍ മാത്രമായി ആറ് കോടിയോളം പേര്‍ ഈ വാര്‍ത്ത വായിച്ചതായി ഇന്റര്‍നെറ്റ് ട്രാഫിക്കിംഗ് നിരീക്ഷിക്കുന്നവര്‍ അറിയിക്കുകയുണ്ടായി. പ്രാദേശിക വാര്‍ത്താ പത്രങ്ങള്‍ പലരീതിയില്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചുവെങ്കിലും ദേശീയ മാദ്ധ്യമങ്ങള്‍ സമ്പൂര്‍ണ്ണമായി വാര്‍ത്താ തമസ്‌കരണം നടത്തുകയായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും ഈ വാര്‍ത്ത ഏറ്റെടുക്കാന്‍ തയ്യാറായില്ല. ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കുന്നതുകൊണ്ടാണ് മിണ്ടാത്തത് എന്നാണ് അന്ന് പല കോണ്‍ഗ്രസ് നേതാക്കളും വ്യക്തിപരമായി പറഞ്ഞത്. ഗുജറാത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞു, അതുകഴിഞ്ഞ് പലതവണ പാര്‍ലമെന്റും സമ്മേളിച്ചു. എന്നിട്ടും ജഡ്ജ് ലോയയുടെ ദുരൂഹമരണം ആരും ചര്‍ച്ചയിലേക്ക് കൊണ്ടുവന്നില്ല.
സുപ്രീം കോടതിയിലെ നാല് ജഡ്ജുമാര്‍ ജസ്റ്റിസ് ലോയ കേസ് സംബന്ധിച്ച അന്വേഷണം സുതാര്യമാക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണ് അത് മാദ്ധ്യമങ്ങളുടെ പരിഗണനയിലേക്ക് എത്തിയത്. ശരിക്കും നമ്മള്‍ മാച്ച് ഫിക്‌സിംഗ് എന്നെല്ലാം പറയുന്നതുപോലെ ഒരു ബഞ്ച് ഫിക്‌സിംഗ് ആണ് സുപ്രീംകോടതിയില്‍ നടന്നത്. ജഡ്ജ് ലോലയുടെ മരണവുമായി ബന്ധപ്പെട്ട കേസ് ആര്‍.എസ്.എസ് അനുഭാവമുണ്ടെന്ന് വ്യക്തമായിട്ടുള്ള ജസ്റ്റിസ് അരുണ്‍ കുമാറിന്റെ ബഞ്ചിലേക്ക് മാറ്റുകയായിരുന്നു ചീഫ് ജസ്റ്റിസ് ചെയ്തത്. ഇതിനെതിരെയാണ് ആ മുതിര്‍ന്ന ന്യായാധിപന്മാര്‍ പരസ്യമായി രംഗത്തുവന്നത്. അവരുടെ ആ പ്രതികരണം വലിയ ആശ്വാസകരമായ കാര്യമായിരുന്നു.

കേരളീയം കൂട്ടായ്മയുടെ ഫെബ്രുവരി 27, 28 തീയതികളില്‍ തൃശൂരില്‍ സംഘടിപ്പിച്ച ‘റൈറ്റ് ടു ഡിസന്റ്: വിസമ്മതങ്ങളുട കൂടിച്ചേരല്‍’ എന്ന പരിപാടിയില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Media | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply