ജയ് ഭീം – ലാല്‍ സലാം

കെ എന്‍ രാമചന്ദ്രന്‍/ഐ ഗോപിനാഥ് ഭൂമിയാണ് രാജ്യം നേരിടുന്ന പ്രധാന വിഷയം അല്ലേ? അതെ, ഭൂമി തന്നെയാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷവും നേരിടുന്ന പ്രധാന പ്രശ്‌നം. ഭൂമിയില്ലെങ്കില്‍ ഇല്ലാതാകുന്നത് അവരുടെ ജീവിതം തന്നെയാണ്. ഇന്ത്യയിലെമ്പാടും കര്‍ഷകരുടെ ഭൂമി കോര്‍പ്പറേറ്റുകള്‍ക്കായി തട്ടിയെടുക്കുകയാണ്. അങ്ങനെ ഭൂമിക്കുവേണ്ടിയുള്ള പോരാട്ടം ആഗോളീകരണത്തിനും കോര്‍പ്പറേറ്റുകള്‍ക്കുമെതിരായ പോരാട്ടം കൂടിയാണ്. ദളിതരുടെ ഭൂപ്രശ്‌നമുന്നയിച്ച് ഗുജറാത്തില്‍ ജിഗ്നേഷ് മേവാനിയും മറ്റും നയിക്കുന്ന പോരാട്ടത്തെ എങ്ങനെയാണ് സി പി ഐ എം എല്‍ റെഡ് സ്റ്റാര്‍ നോക്കി കാണുന്നത്? ജിഗ്നേഷ് നേതൃത്വം […]

JJJ

കെ എന്‍ രാമചന്ദ്രന്‍/ഐ ഗോപിനാഥ്

ഭൂമിയാണ് രാജ്യം നേരിടുന്ന പ്രധാന വിഷയം അല്ലേ?

അതെ, ഭൂമി തന്നെയാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷവും നേരിടുന്ന പ്രധാന പ്രശ്‌നം. ഭൂമിയില്ലെങ്കില്‍ ഇല്ലാതാകുന്നത് അവരുടെ ജീവിതം തന്നെയാണ്. ഇന്ത്യയിലെമ്പാടും കര്‍ഷകരുടെ ഭൂമി കോര്‍പ്പറേറ്റുകള്‍ക്കായി തട്ടിയെടുക്കുകയാണ്. അങ്ങനെ ഭൂമിക്കുവേണ്ടിയുള്ള പോരാട്ടം ആഗോളീകരണത്തിനും കോര്‍പ്പറേറ്റുകള്‍ക്കുമെതിരായ പോരാട്ടം കൂടിയാണ്.

ദളിതരുടെ ഭൂപ്രശ്‌നമുന്നയിച്ച് ഗുജറാത്തില്‍ ജിഗ്നേഷ് മേവാനിയും മറ്റും നയിക്കുന്ന പോരാട്ടത്തെ എങ്ങനെയാണ് സി പി ഐ എം എല്‍ റെഡ് സ്റ്റാര്‍ നോക്കി കാണുന്നത്?

ജിഗ്നേഷ് നേതൃത്വം നല്‍കുന്ന പോരാട്ടം തീര്‍ച്ചയായും ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്. അദ്ദേഹം നയിച്ച ഉന മാര്‍ച്ചില്‍ ഞങ്ങളുടെ സഖാക്കള്‍ സജീവമായി പങ്കെടുത്തിരുന്നു. ഭൂമി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിര്‍ണ്ണായക പ്രശ്‌നമായി മാറുകയാണ്. നിങ്ങള്‍ പശുവിന്റെ വാലെടുത്തോളൂ, ഞങ്ങള്‍ക്ക് ഞങ്ങളുടെ ഭൂമി നല്‍കൂ എന്ന ജിഗ്നേഷിന്റെ മുദ്രാവാക്യം തന്നെയാണ് ഭാവി ഇന്ത്യയെ രൂപപ്പെടുത്താന്‍ പോകുന്നത്.

വര്‍ഗ്ഗരാഷ്ട്രീയം ഉയര്‍ത്തിപിടിക്കുന്ന ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് എങ്ങനെയാണ് ജാതിപ്രശ്‌നമുന്നയിക്കുന്ന ഒരു പോരാട്ടത്തെ ഉദാത്തവല്‍ക്കരിക്കാന്‍ കഴിയുക?

ഇന്ത്യയേയും പുതിയ കാലത്തെ മനസ്സിലാക്കാന്‍ പൊതുവില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പരാജയപ്പെട്ടു എന്നത് സത്യമാണ്. ഇന്ത്യയിലെ ജാതി വ്യവസ്ഥയെ അവര്‍ക്ക് മനസ്സിലായില്ല. കേരളം തന്നെ ഉദാഹരണം. ആദ്യകാലത്തുയര്‍ത്തിയ കൃഷിഭൂമി കര്‍ഷകന് എന്ന മുദ്രാവാക്യം വളരെ പെട്ടെന്ന് കമ്യൂണിസ്റ്റുകാര്‍ കൈവിട്ടു. 1957ലെ കാര്‍ഷിക ബന്ധ ബില്‍ മുതല്‍ അടിയില്‍ നിന്നാരംഭിച്ച ഭൂപരിഷ്‌കരണത്തെ അവര്‍ അട്ടിമറിച്ചു. തോട്ടങ്ങളെയെല്ലാം ഭൂപരിഷ്‌കരണത്തില്‍ നിന്ന് ഒഴിവാക്കി. ഇപ്പോഴിതാ ആ വഞ്ചന തിരിച്ചറിഞ്ഞ വിഭാഗങ്ങള്‍ ഭൂസമരത്തിലിറങ്ങി കഴിഞ്ഞു. എന്നാല്‍ സി പി എമ്മും സിപിഐയും ഈ സമരങ്ങളെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. ഭൂരഹിതര്‍ക്ക് മൂന്നു സെന്റ് വീതം ഭൂമി കൊടുത്ത് പ്രശ്‌നം പരിഹരിക്കാമെന്നാണ് ഇടതുസര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഭൂരഹിതര്‍ക്ക്, ദളിതര്‍ക്കു വേണ്ടത് മൂന്നു സെന്റ് ഭൂമിയല്ല. കൃഷിഭൂമിയാണ്. അതിനായുള്ള പോരാട്ടം ആരംഭിച്ചു കഴിഞ്ഞു. ഞങ്ങളും ആ പോരാട്ടത്തില്‍ ഭാഗഭാക്കാണ്. ഇടതുപക്ഷം എന്ന് പൊതുവില്‍ വിവക്ഷിക്കപ്പെടുന്നത് സിപിഎം, സിപിഐ പോലുള്ള വ്യവസ്ഥാപിത കമ്യൂണിസ്റ്റ് പാര്‍ട്ടികളെയാണല്ലോ. എന്നാല്‍ അവയെ കമ്യൂണിസ്റ്റ് പാര്‍ട്ടികളായോ ഇടതുപാര്‍ട്ടികളായോ ഞങ്ങള്‍ അംഗീകരിക്കില്ല. അവയിന്ന് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടികളാണ്. സോഷ്യലിസം പറയുകയും മുതലാളിത്തം നടപ്പാക്കുകയും ചെയ്യുന്ന പാര്‍ട്ടികള്‍. ഇവിടെ മാത്രമല്ല, ലോകത്തെ മിക്ക വ്യവസ്ഥാപിത കമ്യൂണിസ്റ്റ് പാര്‍ട്ടികളുടേയും അവസ്ഥ അതാണ്.

ജാതിവിഷയത്തോടുള്ള നിങ്ങളുടെ നിലപാടെന്താണ്?

ഞങ്ങളുടെ നിലപാട് വ്യക്തമാണ്. 1986ലാണ് കേരളത്തില്‍ ഞങ്ങള്‍ ജാതിവിരുദ്ധ മതേതര സമ്മേളനം നടത്തിയത്. അന്നുമുതല്‍ തന്നെ ജാതിപ്രശ്‌നത്തെ അതര്‍ഹിക്കുന്ന ഗൗരവത്തോടെ ഞങ്ങള്‍ പരിഗണിച്ചിട്ടുണ്ട്. ഇപ്പോഴത് ജാതി ഉന്മൂലന പ്രസ്ഥാനമായി മാറികഴിഞ്ഞിരിക്കുന്നു. ജാതിവിരുദ്ധ സമരത്തെ വര്‍ഗ്ഗസമരത്തിന്റെ ഭാഗമായാണ് ഞങ്ങള്‍ കാണുന്നത്. 10 കൊല്ലം മുമ്പുതന്നെ പ്രസംഗം അവസാനിപ്പിക്കുമ്പോള്‍ ഞാന്‍ ജയ് ഭീം – ലാല്‍ സലാം എന്നു പറയാറുണ്ടായിരുന്നു. ഇപ്പോള്‍ ആ രാഷ്ട്രീയം കൂടുതല്‍ പ്രകടമായി വരുകയാണ്. ജാതി വിരുദ്ധസമരവും വര്‍ഗ്ഗസമരവും പരസ്പര പൂരകമാണ്. ജാതി ഉന്മൂലനമില്ലാതെ വര്‍ഗ്ഗ ഐക്യം സാധ്യമല്ല. അതോടൊപ്പം വര്‍ഗ്ഗനിലപാടില്ലാതെ ദലിതരുടെ പോരാട്ടങ്ങളും ലക്ഷ്യം കാണില്ല. ഇത്തരമൊരു വൈരുദ്ധ്യാധിഷ്ടിത നിലപാടാണ് ശരി. വര്‍ഗ്ഗസമരത്തിലൂടെ വിപ്ലവം കഴിഞ്ഞാല്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന യാന്ത്രിക ധാരണയാണ് പൊതുവില്‍ കമ്യൂണിസ്റ്റുകാരുടേത്. ലെനിനുശേഷം തന്നെ ആ ധാരണ ആരംഭിച്ചിരുന്നു. വിപ്ലവപ്രവര്‍ത്തനത്തോടൊപ്പം എല്ലാ വിഷയങ്ങളും ഉന്നയിക്കണം. മറ്റൊരു ഉദാഹരണം പാരിസ്ഥിതിക പ്രശ്‌നങ്ങളാണ്. ഭാംഗാറില്‍ ആ വിഷയവുമുണ്ട്.

സ്വത്വവാദമെന്നു വിശേഷിപ്പിക്കപ്പെടുന്ന രാഷ്ട്രീയത്തെ എങ്ങനെ കാണുന്നു?

സ്വത്വവാദത്തിന് അസ്തിത്വമില്ല. സംവരണത്തിന്റെ ആനുകൂല്യം ലഭിച്ച് സമ്പന്നരാകുന്ന ഒരു ചെറിയ വിഭാഗത്തിന്റെ പ്രശ്‌നമാണത്. എന്നാല്‍ മഹാഭൂരിപക്ഷം ദളിതരും ദരിദ്രരാണ്. പസ്വാനെപോലേയും മായാവതിയേയും പോലുള്ള നേതാക്കള്‍ അതു മനസ്സിലാക്കാതെയാണ് സ്വത്വരാഷ്ട്രീയം പറയുന്നത്. പല ബുദ്ധിജീവികളും അതേറ്റുപിടിക്കുന്നു. ദളിതരുടെ മോചനം ഭൂമിയുമായി ബന്ധപ്പെട്ടാണ്. ജിഗ്നേഷ് അതുമനസ്സിലാക്കുന്നു.

സിപിഐ എംഎല്ലില്‍ നിന്നു വിട്ടുപോയവരാണല്ലോ മാവോയിസ്റ്റുകള്‍. അവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് എന്താണ് പറയാനുള്ളത്?

തികച്ചും സെക്ടേറിയനായ പ്രവര്‍ത്തനങ്ങളാണ് മാവോയിസ്റ്റുകള്‍ ചെയ്യുന്നത്. 1960കളുടെ അവസാനം രൂപം കൊണ്ട സിപിഐ എംഎല്‍ പാര്‍ട്ടിയില്‍ 72ല്‍ തന്നെ പ്രശ്‌നങ്ങള്‍ ഉരുത്തിരിഞ്ഞിരുന്നു. തുടര്‍ന്നുണ്ടായ പല പിളര്‍പ്പുകള്‍ക്കും ശേഷം ഒരു വിഭാഗമാണ് മാവോയസ്റ്റുകളായി മാറിയത്. അവര്‍ക്ക് മാര്‍ക്‌സിസുവമായി ഒരു ബന്ധവുമില്ല എന്നുറപ്പിച്ചു പറയാം. കുറച്ചുപേര്‍ നടത്തുന്ന സായുധപോരാട്ടത്തിലൂടെ നടക്കാവുന്ന ഒന്നല്ല ഇന്ത്യന്‍ വിപ്ലവം. ഇവരാകട്ടെ പലയിടത്തും കോര്‍പ്പറേറ്റുകളെയാണ് സഹായിക്കുന്നത്. അവരില്‍ നിന്ന് പണം വാങ്ങിയാണ് പ്രവര്‍ത്തിക്കുന്നത്. മറുവശത്ത് ചില എം എല്‍ ഗ്രൂപ്പുകള്‍ ഇതിനകം വലതുപക്ഷമായി മാറിയിട്ടുള്ള സിപിഎമ്മിനൊപ്പമാണ്. ഇരുകൂട്ടരില്‍ നിന്നും വ്യത്യസ്ഥമായി ഇന്ത്യന്‍ സാഹചര്യത്തെ വസ്തുനിഷ്ഠമായി പഠിക്കുകയും അതേസമയം മാര്‍ക്‌സിസത്തെ ഉയര്‍ത്തിപിടിക്കുകയും ചെയ്യുന്ന എം എല്‍ വിഭാഗങ്ങളെ ഐക്യപ്പെടുത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.

ഇന്ത്യയിലെ സാമൂഹ്യമാറ്റം ജനാധിപത്യസംവിധാനത്തിലൂടെ സാധ്യമാകുമെന്ന് കരുതുന്നുണ്ടോ?

അതെ, ഇന്ത്യയുടെ മോചനം ജനാധിപത്യവ്യവസ്ഥയിലൂടെതന്നെ സാധ്യമാണ്. ഇന്ത്യ ഇന്ന് മുമ്പ് വിശേഷിപ്പിക്കാറുള്ള പോലെ അര്‍ദ്ധകൊളോണിയല്‍ – അര്‍ദ്ധഫ്യൂഡല്‍ രാജ്യമല്ല. പുത്തന്‍ കോളോണിയല്‍ സംവിധാനമാണ് ഇവിടെ നിലനില്‍ക്കുന്നത്. ചൈനയെപോലെ ജനകീയയുദ്ധമോ ജനകീയ ഉയര്‍ത്തെഴുന്നേല്‍പ്പോ ഇവിടെ നടക്കാനിടയില്ല. നവലിബറല്‍ നയങ്ങള്‍ക്കെതിരായി രാജ്യവ്യാപകമായി പോരാടുന്ന ശക്തികളെ ഐക്യപ്പെടുത്തണം. ജനവിരുദ്ധസമീപനങ്ങള്‍ക്കെതിരെ പുതിയ പ്രക്ഷോഭങ്ങള്‍ വളര്‍ത്തി കൊണ്ടുവരണം. തെരഞ്ഞെടുപ്പടക്കമുള്ള എല്ലാ സമരരൂപങ്ങളും സ്വീകരിക്കണം. ജനകീയപ്രക്ഷോഭങ്ങളെ യുഎപിഎ പോലുള്ള കരിനിയമങ്ങള്‍ ഉപയോഗിച്ചു തകര്‍ക്കാനുള്ള ഭരണകൂട നീക്കത്തേയും ചെറുക്കണം. ജനങ്ങളാണ് ചരിത്രം സൃഷ്ടിക്കുന്നതെന്ന മാര്‍ക്‌സിയന്‍ കാഴ്ചപ്പാടാണ് ഞങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നത്. അധികാരം ജനങ്ങള്‍ക്ക് എന്ന വിപ്ലവകരമായ മുദ്രാവാക്യം ഇന്നോളം യാഥാര്‍ത്ഥ്യമായിട്ടില്ല. അഹഹ ുീംലൃ ീേ ടീ്ശലെേ എന്ന ലെനിന്റെ പ്രശസ്തമായ മുദ്രാവാക്യം യാഥാര്‍ത്ഥ്യമായില്ല. ഫലത്തിലത് ഉദ്യോഗസ്ഥ മേധാവിത്വമായി അധപതിക്കുകയായിരുന്നു. ഈ ചരിത്രത്തില്‍ നിന്നെല്ലാം പാഠം പഠിച്ച് ഒരു പുതിയ വിചാരവിപ്ലവത്തിനാണ് നാം തയ്യാറാകേണ്ടത്.

ഇടതുപക്ഷ പ്രവര്‍ത്തനം മൂലം നേടിയ മുന്നേറ്റങ്ങളെ പുറകോട്ടുവലിക്കുക എന്ന ദൗത്യമാണ് കേരളത്തില്‍ നക്‌സലൈറ്റുകള്‍ ചെയ്തതെന്ന എം എ ബേബിയുടെ അഭിപ്രായത്തെ കുറിച്ച് എന്തുപറയുന്നു?

എം എ ബേബിയുടേത് പരിഹാസ്യമായ പ്രസ്താവനയാണ്. ചരിത്രത്തെ പുറകോട്ടുവലിക്കുന്നത് അദ്ദേഹത്തിന്റെ പ്രസ്ഥാനമാണ്. മറിച്ച് കേരളത്തില്‍ പുരോഗമനനാമ്പുകള്‍ ഉണ്ടാക്കുകയാണ് എം എല്‍ പ്രസ്ഥാനം ചെയ്തത്. പരിസ്ഥിതി, ജാതി, ആദിവാസി, സ്ത്രീ തുടങ്ങിയ മേഖലകളെല്ലാം പരിശോധിച്ചാല്‍ അതു ബോധ്യപ്പെടും. ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട പോരാട്ടങ്ങളിലെല്ലാം ഞങ്ങള്‍ നേതൃത്വപരമായ ഇടപെടലാണ് നടത്തുന്നത്. അതേസമയം ചില പഴയ നക്‌സലൈറ്റുകള്‍ മുസ്ലിം തീവ്രവാദികളുമായി ഐക്യപ്പെടുന്നതും കാണാനുണ്ട്. ആ പ്രവണത അംഗീകരിക്കാനാവില്ല. ഇപ്പോള്‍ കേരളത്തിലും ഇന്ത്യയിലും നടക്കുന്ന മുതലാളിത്തവികസനരീതി തകര്‍ക്കേണ്ടതാണ്. ഉല്‍പ്പാദനത്തിനു ഇപ്പോള്‍ കുറവൊന്നുമില്ല. ഇല്ലാത്തത് വിഭവങ്ങളുടെയും സമ്പത്തിന്റേയും നീതിയുക്തമായ വിതരണമാണ്. അവിടെയാണ് അധികാരം ജനങ്ങള്‍ക്ക് എന്ന മുദ്രാവാക്യത്തിന്റെ പ്രസക്തി. ജനങ്ങളുടെ വികസനത്തിനായുള്ള നയമാണ് വേണ്ടത്. കോര്‍പ്പറേറ്റുകളുടേതല്ല. ബേബിയുടെ പാര്‍ട്ടിയടക്കം നില്‍ക്കുന്നത് കോര്‍പ്പറേറ്റുകള്‍ക്കൊപ്പമാണ്.

ഏറെകാലം താങ്കളുടെ സഹപ്രവര്‍ത്തകനായിരുന്ന കെ വേണു പറയുന്നത് സോഷ്യലിസം ചരിത്രപരമായി ജനാധിപത്യത്തേക്കാള്‍ പുറകിലാണെന്നാണ്.

കെ വേണു അടിസ്ഥാനപരമായി യുക്തിവാദിയാണ്, മാര്‍ക്‌സിസ്റ്റല്ല. യുക്തിവാദികള്‍ക്ക് ഒരു വിഷയത്തേയും സമഗ്രമായി കാണാനാകില്ല. അതിനാലാണ് സോഷ്യലിസത്തേക്കാള്‍ പുരോഗമനപരമാണ് ബൂര്‍ഷ്വാജനാധിപത്യമെന്ന നിലപാടെടുക്കുന്നത്. ജനാധിപത്യസംവിധാനത്തില്‍ നിലനിന്ന് സാമ്രാജ്യത്വശക്തികള്‍ ലോകമെങ്ങും നടപ്പാക്കുന്ന അതിക്രമങ്ങള്‍ മുതല്‍ ഇന്ത്യന്‍ ഗവണ്മന്റ് ജനങ്ങളെ അടിച്ചമര്‍ത്തുന്നതുവരെയുള്ള സംഭവങ്ങളൊന്നും അദ്ദേഹം കാണുന്നില്ല. ജനാധിപത്യസംവിധാനത്തില്‍ തന്നെയാണ് ഇന്ത്യയിലെ സ്വത്തു മുഴുവന്‍ കേന്ദ്രീകരിക്കപ്പെടുന്നത്. നടപ്പാക്കപ്പെട്ട സോഷ്യലിസം പരാജയമാണെങ്കില്‍ നടപ്പാക്കപ്പെട്ട ജനാധിപത്യം ഭീകരവും ജനവിരുദ്ധവുമാണ്. ചരിത്രത്തില്‍ നിന്ന് പാഠം പഠിക്കുന്നവര്‍ ചെയ്യേണ്ടത് സോഷ്യലിസത്തിന്റെ പരാജയകാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കലാണ്. അതിനായി ജാധിപത്യത്തിലെ ഗുണകരമായ വശങ്ങള്‍ സ്വീകരിക്കാവുന്നതുമാണ്. മാര്‍ക്‌സിസം ശാസ്ത്രമാണ്. അത് പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് വികസിപ്പിക്കണം. അതാണ് കാലം ആവശ്യപ്പെടുന്നത്.

സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളിലെല്ലാം പ്രക്ഷോഭങ്ങള്‍ നടന്നത് സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമായിരുന്നല്ലോ…

വിപ്ലവം നടന്നാലും തൊഴിലാളി വര്‍ഗ്ഗ അധികാരം സ്ഥാപിച്ചാലും ആ സമൂഹത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യമാണ്. ജനാധിപത്യം ആവശ്യമാണ്. അതില്ലെങ്കില്‍ ബൂര്‍ഷ്വാജനാധിപത്യത്തില്‍ നിന്ന് പുറകോട്ടുപോകലാകും. അങ്ങനെയാണ് ഉദ്യോഗസ്ഥ മേധാവിത്വം ശക്തമാകുന്നത്. അതാണിവിടങ്ങളില്‍ സംഭവിച്ചത്. വസ്തവത്തില്‍ ഐ എ എസുകാരടക്കമുള്ള ഉദ്യോഗസ്ഥ ബ്യൂറോക്രസി നമുക്കാവശ്യമില്ല. ഉദ്യോഗസ്ഥരെ ജനം തെരഞ്ഞെടുക്കുകയാണ് വേണ്ടത്. അങ്ങനെയാണ് അധികാരം ജനങ്ങളിലെത്തിക്കാനാവുക.

യുപിയിലും പഞ്ചാബിലും മറ്റും വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ എന്താണ് പാര്‍ട്ടി നിലപാട്?

തീര്‍ച്ചയായും തെരഞ്ഞെടുപ്പിനെ രാഷ്ട്രീയപോരാട്ടത്തിന്റെ ഭാഗമാക്കുക എന്ന നയത്തില്‍ ഉറച്ചുനിന്ന് ഞങ്ങള്‍ മത്സരിക്കുന്നു. യുപിയില്‍ പല മേഖലകളിലുമുള്ള ജനകീയസമരങ്ങളില്‍ ഞങ്ങളുടെ സഖാക്കള്‍ സജീവമാണ്. അവിടെ 11 സീറ്റുകളില്‍ ഞങ്ങള്‍ മത്സരിക്കുന്നു. ഈ ജനകീയ സമരങ്ങളില്‍ സജീവമായ മൂന്നു സ്ഥാനാര്‍ത്ഥികളെ പിന്തുണക്കുന്നു. പഞ്ചാബില്‍ ഒരു സീറ്റിലാണ് മത്സരിക്കുന്നത്. ബാക്കി സീറ്റുകളിലെല്ലാം നോട്ടക്ക് കുത്താനാണ് തീരുമാനം

സംഘപരിവാറിനെതിരെ വോട്ടുചെയ്യുന്നതിനുപകരം നോട്ടക്കു കുത്തുകവഴി നിങ്ങള്‍ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയം കൈവിടുകയാണോ?

രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സംഘപരിവാറിന്റേതുതന്നെ. അതിനാല്‍ തന്നെ അവര്‍ക്കെതിരായ പോരാട്ടങ്ങളില്‍ വിശാലമായ ഐക്യമുന്നണികള്‍ ആവശ്യമാണ്. എന്നാല്‍ തെരഞ്ഞെടുപ്പുപോലുള്ള രാഷ്ട്രീയപോരാട്ടത്തില്‍ നയങ്ങളും നിലപാടുകളുമായി ബന്ധപ്പെട്ടേ ഐക്യം സാധ്യമാകൂ. നവലിബറല്‍ നയങ്ങളുടെ നടത്തിപ്പുകാരായ കോണ്‍ഗ്രസ്സുമായി നമുക്കെങ്ങെനെ ഐക്യപ്പെടാന്‍ കഴിയും? എസ് പിയും ബിഎസ് പിയും വ്യത്യസ്ഥമല്ല. നവഉദാരനയങ്ങളെ അവരെതിര്‍ക്കുന്നില്ല. വര്‍ഷങ്ങള്‍ ഭരിച്ചിട്ടും ജനങ്ങളുടെ അടിസ്ഥാനപ്രശ്‌നങ്ങളൊന്നും പരിഹരിക്കാന്‍ അവര്‍ക്കായോ? നമ്മള്‍ ചര്‍ച്ച ചെയയ്ത ഭൂപ്രശ്‌നമടക്കം.

ആം ആദ്മി പാര്‍ട്ടിയോ?

ഏറെ പ്രതീക്ഷകള്‍ നല്‍കിയാണ് ആം ആദ്മി പാര്‍ട്ടി രംഗപ്രവേശം ചെയ്തത്. എന്നാല്‍ ഡെല്‍ഹിയില്‍ അധികാരത്തലെത്തിയിട്ടും അവര്‍ക്കൊന്നും ചെയ്യാനാവുന്നില്ല. അവിടെ മൂന്നിലൊന്നു പേര്‍ ഇപ്പോഴും വസിക്കുന്നത് ചേരികളിലാണ്. ബൂര്‍ഷ്വാസംവിധാനത്തിനെതിരെ ഒരു ബദല്‍ എന്ന സ്വപ്‌നം പോലും അവര്‍ക്കുമില്ല. തീര്‍ച്ചയായും എല്ലാവരേയും ഒരു നുകത്തില്‍ കെട്ടാനാവില്ല. ബി ജെ പി തീവ്രവലതുപക്ഷ പാര്‍ട്ടിയാണ്. കോണ്‍ഗ്രസ്സും എസ്പിയും ബിഎസ്പിയുമെല്ലാം വലതുപക്ഷം തന്നെ. പുരോഗമനം പറയുന്ന കെജ്രിവാളും വ്യത്യസ്ഥനല്ല. സൂചിപ്പിച്ച പോലെ ഹൈന്ദവഫാസിസത്തിനെതിരെ വിശാലമായ ഐക്യനിരവേണം. എന്നാല്‍ രാഷ്ട്രീയസമരത്തില്‍ അതിനു കഴിയില്ല. കോണ്‍ഗ്രസ്സിന്റെ ദുര്‍ഭരണമാണല്ലോ ബിജെപിയെ അധികാരത്തിലെത്തിച്ചത്. അതു മറക്കാനാകില്ല.

ബിജെപിയെ ഫാസിസ്റ്റ് സംഘടനയായാണോ വിലയിരുത്തുന്നത്?

ആര്‍ എസ് എസ് ഫാസിസ്റ്റ് സംഘടനയാണെന്നതില്‍ സംശയമില്ല. അതിന്റെ ഫ്രണ്ട് ഓര്‍ഗനൈസേഷനാണ് ബിജെപിയും മറ്റു സംഘപരിവാര്‍ സംഘടനകളും. തീര്‍ച്ചയായും അവരുടെ നീക്കം ഫാസിസത്തിലേക്കുതന്നെ. അതിനെതിരായ വിശാലമായ ജനകീയ പോരാട്ടം ശക്തിപ്പെടുത്തേണ്ടതുണ്ട്.

സഹപ്രവര്‍ത്തകരില്‍ പലരും നിര്‍ജ്ജീവമായിട്ടും മറ്റിടങ്ങളില്‍ ചേക്കേറിയിട്ടും എങ്ങനെയാണ് ഈ പ്രായത്തിലും ശുഭപ്രതീക്ഷയോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നത്?

ശരിയാണ്, മുന്‍കാല നക്‌സലൈറ്റുകളില്‍ മിക്കവരും പുറകോട്ടുപോയി. എന്നാല്‍ എനിക്കിപ്പോഴും പ്രതീക്ഷയുണ്ട.് ഞാന്‍ കാണുന്നത് കേരളത്തെയല്ല, ഇന്ത്യയെയാണ്. ഇന്ത്യയെമ്പാടും യാത്ര ചെയ്ത് ജനകീയ പോരാട്ടങ്ങളില്‍ പങ്കാളിയാകുമ്പോള്‍ എന്റെ പ്രതീക്ഷ വര്‍ദ്ധിക്കുന്നതേയുള്ളു. മറ്റൊന്നുകൂടി. ഞങ്ങളുടെ പാര്‍ട്ടിയില്‍ ഇപ്പോള്‍ ബഹുഭൂരിപക്ഷവും ചെറുപ്പക്കാരാണ്. പഴയതലമുറയിലുള്ളവര്‍ വളറെ കുറവാണ്. കര്‍ണ്ണാടകത്തില്‍ ദളിത് പ്രസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ് മിക്കവരും. ഒറീസയിലാകട്ടെ ജനകീയപോരാട്ടങ്ങളില്‍ നിന്ന് ഉയര്‍ന്നു വന്നവര്‍. കാലത്തിന്റെ മാറ്റം തിരിച്ചറിയാന്‍ ഇവര്‍ക്കെല്ലാം കഴിയുന്നുണ്ട്. പുതിയ തലമുറയോട് സവേദിക്കാനും അവര്‍ കരുത്തരാണ്. അതിനാല്‍തന്നെ ഒരു നിരാശക്കും കാരണമില്ല.

(മാധ്യമം ആഴ്ചപതിപ്പ് പ്രസിദ്ധീകരിച്ച ഇന്‍രര്‍വ്യൂവില്‍ നിന്ന്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Dalit | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply