ജനീവയിലെ ബാലികേറാമല

ഡോ. സെബാസ്റ്റിന്‍ ചിറ്റിലപ്പിള്ളി വിജയമെന്ന് വിശേഷിപ്പിക്കാവുന്ന വികസ്വര രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ബ്രിക്‌സ് രാഷ്ട്രങ്ങളുടെ തലവന്‍മാരുമായി ബ്രസീലില്‍ വെച്ച് നടന്ന ചര്‍ച്ചകള്‍ക്കുശേഷം നാട്ടില്‍ തിരിച്ചെത്തിയ പ്രധാനമന്ത്രി മോഡി തന്റെ പ്രധാനപ്പെട്ട രണ്ടു മന്ത്രിമാരെ വിളിച്ചുവരുത്തി ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയും വ്യാപാരമന്ത്രി നിര്‍മ്മല സീതാരാമനുമായിരുന്നു അവര്‍. ജൂലൈ 22ന് സഹായികളില്ലാതെ നടന്ന ഈ യോഗത്തിലാണ് ലോകകകവ്യാപാര സംഘടനയില്‍ ഭക്ഷ്യസുരക്ഷാസംബന്ധിയായി കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കുന്നതും ധാന്യസംഭരണം നടത്തുന്നതും സംബന്ധിച്ച് ധാരണയാവാതെ ലോകരാഷ്ട്രങ്ങള്‍ തമ്മിലുള്ള വ്യാപാരം സുഗമമാക്കുന്ന ഉടമ്പടിയില്‍ ഒപ്പുവെക്കേണ്ടെന്ന നിലപാടെടുക്കുവാന്‍ തീരുമാനമായത്. […]

modi2ഡോ. സെബാസ്റ്റിന്‍ ചിറ്റിലപ്പിള്ളി

വിജയമെന്ന് വിശേഷിപ്പിക്കാവുന്ന വികസ്വര രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ബ്രിക്‌സ് രാഷ്ട്രങ്ങളുടെ തലവന്‍മാരുമായി ബ്രസീലില്‍ വെച്ച് നടന്ന ചര്‍ച്ചകള്‍ക്കുശേഷം നാട്ടില്‍ തിരിച്ചെത്തിയ പ്രധാനമന്ത്രി മോഡി തന്റെ പ്രധാനപ്പെട്ട രണ്ടു മന്ത്രിമാരെ വിളിച്ചുവരുത്തി ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയും വ്യാപാരമന്ത്രി നിര്‍മ്മല സീതാരാമനുമായിരുന്നു അവര്‍. ജൂലൈ 22ന് സഹായികളില്ലാതെ നടന്ന ഈ യോഗത്തിലാണ് ലോകകകവ്യാപാര സംഘടനയില്‍ ഭക്ഷ്യസുരക്ഷാസംബന്ധിയായി കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കുന്നതും ധാന്യസംഭരണം നടത്തുന്നതും സംബന്ധിച്ച് ധാരണയാവാതെ ലോകരാഷ്ട്രങ്ങള്‍ തമ്മിലുള്ള വ്യാപാരം സുഗമമാക്കുന്ന ഉടമ്പടിയില്‍ ഒപ്പുവെക്കേണ്ടെന്ന നിലപാടെടുക്കുവാന്‍ തീരുമാനമായത്. അങ്ങിനെ ജൂലൈ 31 എന്ന സമയപരിധിവെച്ചിരുന്ന 160 രാഷ്ട്രങ്ങള്‍ തമ്മിലുള്ള വ്യാപാരം സുഗമമാക്കുനന്ന ഉടമ്പടി ജനീവയില്‍ വെച്ച് നടക്കാതെ പോയതിന്റെ പ്രധാന ഉത്തരവാദിത്വം ഇന്ത്യയുടെ മേല്‍ വന്നു വീണിരിക്കുകയാണ്.
കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ വെച്ചുനടന്ന ലോകവ്യാപാര സംഘടനയുടെ മന്ത്രതലയോഗത്തില്‍ യു.പി.എയിലെ വ്യാപാര മന്ത്രിയായിരുന്ന ആനന്ദ് ശര്‍മ്മയെടുത്ത ഇതേ നിലപാട്, പക്ഷേ, നീണ്ടുനിന്ന സന്ദിഗ്ദാവസ്ഥക്കുശേഷം വ്യവസ്ഥകളോടെ തീരുമാനങ്ങളുടെ കരട് അംഗീകരിക്കുന്നതിലേക്ക് നയിക്കപ്പെട്ടു. ഭക്ഷ്യസുരക്ഷയെ സംബന്ധിച്ച് വ്യക്തതയില്ലെന്ന് ആരോപിച്ചുകൊണ്ട് അന്ന് പ്രതിപക്ഷമായിരുന്ന മോഡിയും കൂട്ടരും ബാലിധാരണയെ എതിര്‍ത്തിരുന്നു.
1995-ല്‍ സ്ഥാപിതമായെങ്കിലും ലോകവ്യാപാര സംഘടനയ്ക്ക് ആഗോള വ്യാപാര മണ്ഡലത്തില്‍ കാര്യമായ സംഭാവനകളൊന്നും നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് 159 അംഗരാഷ്ട്രങ്ങള്‍ കഴിഞ്ഞ ഡിസംബറില്‍ ബാലിയില്‍ ഒപ്പുവെച്ച ആഗോള വ്യാപാരകരാര്‍ നാഴികക്കല്ലായത്. പ്രധാനമായും മൂന്നുമേഖലകള്‍ സംബന്ധിക്കുന്ന 10 തീരുമാനങ്ങളാണ് മന്ത്രിതല സമ്മേളനം ബാലിയില്‍ വെച്ചെടുത്തത്.
വ്യാപാരം സുഗമമാക്കുന്ന ധാരണ, കാര്‍ഷിക സബ്‌സിഡി, തീരെ വികസികാത്ത രാഷ്ട്രങ്ങളുടെ വികസനത്തിനുള്ള നടപടികള്‍ എന്നീ മേഖലകളിലായിരുന്നു തീരുമാനങ്ങള്‍
വ്യാപാരം സുഗമമാക്കുന്ന കരാര്‍
അന്താരാഷ്ട്ര ചരക്കുനീക്കം സുഗമമാക്കുന്നതിനും കസ്റ്റംസ് സംവിധാനങ്ങള്‍ ഉദാരവല്‍ക്കരിക്കുന്നതിനും മെച്ചപ്പെടുത്തുന്ന്തിനും ഉള്ളതായിരുന്നു ബാലിയിലെ മുഖ്യതീരുമാനം. വിവിധ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന കസ്റ്റംസ് കടമ്പകളാണ് ചരക്കുനീക്കം നേരിടുന്ന വലിയ വെല്ലുവിളി. സ്വന്തം രാജ്യത്തെ  കൃഷിയും വ്യവസായവും സംരക്ഷിക്കാനാണ് പലപ്പോഴും വര്‍ദ്ധിച്ച കസ്റ്റംസ് തീരുവകള്‍ ചുമത്തി രാജ്യങ്ങള്‍ കടമ്പകള്‍ സൃഷ്ടിക്കുന്നത്. ബാലി ധാരണ പ്രകാരം എല്ലാ രാജ്യങ്ങളും ഒരേ തരത്തിലുള്ള രേഖകള്‍ ഉപയോഗിച്ച്, കസ്റ്റംസ് ഓഫീസുകളിലെ ചുവപ്പുനാട ഒഴിവാക്കി, അധിക തീരുവകള്‍ എടുത്തുകളഞ്ഞ്,  ചരക്കുകളുടെ നീക്കത്തിനും അനുമതിക്കും  അംഗരാഷ്ട്രങ്ങളെല്ലാം സമാന നടപടിക്രമങ്ങള്‍ പാലിക്കുക വഴി അന്താരാഷ്ട്ര വ്യാപാരം ഏറെ സുഗമമാക്കുന്നതിന് വഴിയൊരുങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.
ഇതുപ്രകാരം  ചരക്കുനീക്കത്തിന് എല്ലാ രാജ്യങ്ങളും ഏക ജാലകസംവിധാനം ഏര്‍പ്പെടുത്തണം. കയറ്റുമതിക്കും ഇറക്കുമതിക്കും ഈ ഏകജാലകസംവിധാനമുപയോഗിക്കാം. വികസിത രാഷ്ട്രങ്ങളിലേക്ക് വികസ്വര രാഷ്ട്രങ്ങളിലേയും വികസിക്കാത്ത രാഷ്ട്രങ്ങളിലെയും ചരക്കുകള്‍ അയക്കുന്നതിന് പ്രത്യേക പരിഗണനയും ഇളവുകളും ലഭിക്കും. അവികസിത രാജ്യങ്ങളില്‍ നിന്നുള്ള 97 ശതമാനം ഉല്‍പന്നങ്ങള്‍ക്കും  ക്വാട്ടയും തീരുവയുമില്ലാതെ വികസിത-വികസ്വര രാഷ്ട്രങ്ങള്‍ പ്രവേശനാനുമതി നല്‍കണം.
ഇതെല്ലാം നടപ്പാവുകയാണെങ്കില്‍, അമേരിക്ക ആസ്ഥാനമായ അന്തര്‍ദേശീയ സാമ്പത്തിക ശാസ്ത്രത്തിനുവേണ്ടിയുള്ള പീറ്റേഴ്‌സന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഗണനമനുസരിച്ച്  ആഗോള വ്യാപാരരംഗത്ത് വന്‍ കുതിച്ചു ചാട്ടമുണ്ടാകും. ഇതുമൂലം ഒരു ലക്ഷം കോടി ഡോളറിന്റെ അധിക വ്യാപാരവും രണ്ടുകോടിയലധികം തൊഴിലവസരങ്ങളുമുണ്ടാകും. അതില്‍ 1.8 കോടി തൊഴിലവസരങ്ങളും വികസ്വര രാഷ്ട്രങ്ങളിലായിരിക്കും. ഈ കണക്കുകള്‍ അതിമോഹമാണെന്ന് ആരോപണമുണ്ടെങ്കിലും അന്താരാഷ്ട്ര വ്യാപാര രംഗത്ത് കരാര്‍ വലിയ കുതിപ്പ് ഉണ്ടാകുമെന്നാണ് ഉറപ്പാണ്.
കാര്‍ഷിക സബ്‌സിഡി
ബാലിയിലും തുടര്‍ന്നിപ്പോള്‍ ജനീവയിലും കാര്‍ഷിക സബ്‌സിഡി സംബന്ധിച്ച് ചര്‍ച്ചകളാണ് പൊതുധാരണയ്ക്ക് വിലങ്ങു തടിയാവുന്നത്.
ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനായി വികസ്വര രാഷ്ട്രങ്ങള്‍ കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് താങ്ങുവില നിശ്ചയിക്കുന്നതും ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുന്നതുമാണ് വികസിത രാഷ്ട്രങ്ങള്‍ എതിര്‍ക്കുന്നത് ഇത് വികസിത രാഷ്ട്രങ്ങളുടെ ഈ മേഖലയിലുള്ള കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുമെന്നതാണ് അവരുടെ യഥാര്‍ത്ഥ ആശങ്ക. എന്നാല്‍ വികസ്വര രാഷ്ട്രങ്ങള്‍ ആവശ്യത്തിലധികം സംഭരിച്ച ധാന്യങ്ങള്‍ തങ്ങളുടെ രാജ്യത്ത് വിലകുറച്ചു തള്ളുക വഴി അവരുടെ കാര്‍ഷിക മേഖല തളരുമെന്നാണ് വികസിത രാജ്യങ്ങള്‍ ഉന്നയിക്കുന്ന ആരോപണം. യാഥാര്‍ത്ഥത്തില്‍ ദാരിദ്ര്യമാണ് ഇവിടത്തെ വില പേശല്‍ വസ്തു. എന്നാല്‍ പരുത്തിക്ക് യുറോപ്യന്‍ രാജ്യങ്ങള്‍ നല്‍കുന്ന സബ്‌സിഡി കുറയ്ക്കണമെന്ന് ഇന്ത്യയും കോട്ടണ്‍ ഫോര്‍  രാജ്യങ്ങളും(ബനിന്‍, ബുര്‍ക്കിക്കോ ഫാബോ, ഛാദ്,മാലി) ആവശ്യപ്പെട്ടത് ബാലി കരാറില്‍ പോലും ഇടം കണ്ടില്ല.
കാര്‍ഷിക സബ്‌സിഡി കാര്യത്തില്‍ ബാലിയില്‍ ഇന്ത്യയെടുത്ത സുദൃഡമായ നിലപാട്, ഭക്ഷ്യധാന്യം സംഭരിക്കുന്നതു സംബന്ധിച്ച് അംഗരാഷ്ട്രങ്ങള്‍ തമ്മില്‍ പൊതുധാരണയുണ്ടാകുന്നതുവരെ അതു തുടക്കം എന്ന നിലയിലേക്ക്  വികസിത രാഷ്ട്രങ്ങളെ എത്തിക്കാനുപകരിച്ചു. പൊതുധാരണ നാലുകൊല്ലത്തിനകം ഉണ്ടാകണമെന്നാണ് വിവക്ഷ. ഇതുണ്ടാകുന്നതുവരെ ലോക വ്യാപാര സംഘടനയുടെ തക്കപരിഹാര സംവിധാനത്തിലൂടെ ആരും തന്നെ ഏതെങ്കിലും രാജ്യം ഭക്ഷ്യ ഉല്പന്നങ്ങള്‍ സംഭരിക്കുന്നതിനെ ചോദ്യം ചെയ്യാന്‍ പാടില്ല. കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് താങ്ങുവില നിശ്ചയിക്കുവാനുള്ള അവകാശവും ഇന്ത്യയുടെ നിലപാടുമൂലം വികസ്വര രാഷ്ട്രങ്ങള്‍ക്ക് നിലനിര്‍ത്താനായി. അങ്ങിനെ സംഭരിച്ച ഭക്ഷ്യധാന്യങ്ങള്‍ ഒരിക്കലും അന്യരാജ്യങ്ങളിലേക്ക് കയറ്റി അയക്കരുതെന്നു മാത്രം.
അത്തരത്തില്‍  വ്യാപാരം സുഗമമാക്കുന്ന കരാര്‍ നടപ്പിലാക്കുന്നതിന് ബാലി ധാരണ പ്രകാരം പൊതു സമിതിക്കു കീഴില്‍ ഒരു ‘മൂന്നൊരുക്ക സമിതി’ രൂപീകരിക്കുകയുണ്ടായി. ഈ. ”മൂന്നൊരുക്ക സമിതി’ നിര്‍ദ്ദേശിക്കുന്ന പെരുമാറ്റച്ചട്ടം അംഗീകരിക്കുന്നതിനായി 2014 ജൂലൈ 31 നകം പൊതു സമിതി സമ്മേളിക്കണമെന്നായിരുന്നു ബാലി ധാരണ. ഇവിടെയാണ് ശക്തമായ എതിര്‍പ്പുമായി ഇന്ത്യ വീണ്ടും രക്ഷക്കെത്തിയത്.
ഇന്ത്യയുടെ ആവശ്യം
വ്യാപാര സുഗമമാക്കുന്ന ധാരണയോടൊപ്പം തന്നെ ഭക്ഷ്യസുരക്ഷയ്ക്ക് വേണ്ട കാര്‍ഷിക സബ്‌സിഡിയും ധാന്യസംഭരണവും സംബന്ധിച്ച ധാരണയും ഒപ്പുവെയ്ക്കണമെന്നാണ് ഇന്ത്യ ഉന്നയിച്ച ആവസ്യം. ലോക വ്യാപാര സംഘടനയുടെ കാര്‍ഷിക ധരണാപത്ര പ്രകാരം കര്‍ഷകന് സബ്‌സിഡി നല്‍കുന്നുണ്ടോ എന്ന് കണക്കാക്കുന്ന രീതി കാലാനുസൃതമായി പുതുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നത് തികച്ചും ന്യായുക്തമാണ്. ലോകവില സൂചികയിലെത്തിനേക്കാളും സംഭരണ വില കൂടുകയാണെങ്കില്‍ സര്‍ക്കാര്‍ കര്‍ഷകന് സബ്‌സിഡി നല്‍കുന്നതായി കണക്കാക്കും.  പക്ഷേ ഈ സൂചിക 1986-87 വര്‍ഷത്തെ വില ആസ്പദമാക്കിയാണ്.  അന്നത്തെ വിലയനുസരിച്ച് രാജ്യത്തിന്റെ കാര്‍ഷികോല്‍പാദനത്തിന്റെ  10 ശതമാനം വരുന്ന തുകയ്ക്ക് മാത്രമേ കര്‍ഷകന് സബ്‌സിഡി നല്‍കാനാവുകയുള്ളൂ.
ഈ അപാകത ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. 1986-87 കാലത്ത് ഒരു ടണ്‍ ഗോതമ്പിന് 130 ഡോളറായിരുന്നെങ്കില്‍ ഇന്നത് 300 ഡോളറാണ്. ഗോതമ്പിന് സര്‍ക്കാര്‍ ഇന്ന് നല്‍കുന്ന ക്വിന്റലിന് 1400 രൂപയെന്ന താങ്ങുവില ടണ്ണിന് 233 ഡോളര്‍ ആയി കണക്കാക്കാം. ലോക വ്യാപാര സംഘടനയുടെ ഇപ്പോള്‍ നിലവിലുള്ള കാര്‍ഷിക ധാരണാപത്രപ്രകാരം ഇന്ത്യന്‍ കര്‍ഷകന് 100 ഡോളറിനടുത്ത് സര്‍ക്കാരില്‍ നിന്ന് സബ്‌സിഡി ലഭിക്കുന്നുണ്ട്. എന്നാല്‍ ഇന്നത്തെ കമ്പോള വിലയനുസരിച്ച് യഥാര്‍ത്ഥത്തില്‍ കര്‍ഷകന്‍ സര്‍ക്കാരിനാണ് സബ്‌സിഡി നല്‍കുന്നത്.
എന്നാല്‍ ഇത്തരം അപാകതകള്‍ പരിഹരിക്കുന്നതിന് നാലുവര്‍ഷത്തെ സാവകാശം ബാലി കരാര്‍ നല്‍കിയിരുന്നതുകൊണ്ട് സബ്‌സിഡി ധാരണയും വ്യാപാരക്കരാറിനൊപ്പം ഒപ്പുവെക്കണമെന്ന് ഇന്ത്യ ശഠിച്ചത് അതിരു കടന്നെന്നാണ് വികസിതരാജ്യങ്ങളുടെ ആരോപണം. ഈ ‘സാവകാശം’ സബ്‌സിഡി കരാര്‍ ഒപ്പു വെക്കുന്നതുവരെ സമയപരിധിയില്ലാതെ നീട്ടണമെന്നായിരുന്നു ഇന്ത്യ ഒരു ഘട്ടത്തില്‍ ആവശ്യപ്പെട്ടത്. എന്തായാലും ഇതേ സമയത്ത് ഇന്ത്യ സന്ദര്‍ശിച്ച അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി വ്യാപാരക്കരാറില്‍ ഒപ്പുവെയ്ക്കാഞ്ഞത് ഇന്ത്യയെക്കുറിച്ച് നിഷേധാത്മക സൂചനകള്‍ ലോകത്തിന് നല്‍കുമെന്ന് അഭിപ്രായപ്പെട്ടു. കൂടാതെ മോഡി ഇന്ത്യയെക്കുറിച്ച് നല്‍കാനുദ്ദേശിച്ചിരുന്ന ചിത്രത്തെ ഇത് അട്ടിമറിച്ചുവെന്നും.
ഇതിനിടെ 19 വര്‍ഷമായി ലോക വ്യാപാര സംഘടന മഞ്ചിയായി തുടരുകയാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ നിലപാടു തിരുത്തുന്നില്ലെങ്കില്‍ അമേരിക്ക പ്രാദേശിക കരാറുകള്‍ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന് മുറവിളി കൂട്ടുന്നവരുണ്ട്. 2005-ല്‍ രൂപം  നല്‍കിയ അമേരിക്കയും ജപ്പാനുമടക്കമുള്ള 12 രാജ്യങ്ങളുടെ ട്രാന്‍സ്-പസഫിക് പാര്‍ട്ടണര്‍ഷിപ്പ്, അമേരിക്കയും യൂറോപ്യന്‍ യൂണിയനുമായുള്ള ട്രാന്‍സ്-അറ്റ്‌ലാന്റിക് അലയന്‍സ് തുടങ്ങി.യ കൂട്ടായ്മകളിലൂടെ ഇന്ത്യയെ ഒറ്റപ്പെടുത്തണമെന്നാണ് ഇക്കൂട്ട്ര്‍ ഭീഷണിപ്പെടുത്തുന്നത്. ചൈന, തായ്‌ലന്റ്, മെക്‌സിക്കോ, ഇന്ത്യയെക്കാളും പ്രതിശീര്‍ഷവരുമാനം കുറവുള്ള, എന്നാല്‍ നെല്‍കൃഷി ധാരാളമുള്ള പാക്കിസ്ഥാന്‍ തുടങ്ങിയ  നിരവധി വികസ്വര രാഷ്ട്രങ്ങളും ഇന്ത്യയുടെ പിടിവാശിയെ അപലപിച്ചിട്ടുണ്ട്. അമേരിക്ക, യൂറോപ്യന്‍, യൂണിയന്‍, ആസ്‌ട്രേലിയ, ജപ്പാന്‍, നോര്‍വെ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയെ കൂടാതെ തന്നെ വ്യാപാരക്കരാര്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനെക്കുറിച്ച്  ചര്‍ച്ച ചെയ്യുന്നുണ്ട്. എന്നാല്‍ ന്യൂസിലന്റിന്റെ വിദേശവ്യാപാര മന്ത്രി ടിം ഗ്രോസര്‍, ജനസംഖ്യയില്‍ രണ്ടാമത്തെ വലിയ രാജ്യമായ ഇന്ത്യയെകൂടാതെ മുന്നോട്ടു പോകുന്നത് പരിഹാസ്യമായിരിക്കുമെന്ന്  തുറന്നടിച്ചു.
പരിഹാരം
18 വര്‍ഷത്തെ യത്‌നങ്ങള്‍ക്കുശേഷം ലോക വ്യാപാര സംഘടന നേടിയെടുത്ത 159 രാഷ്ട്രങ്ങള്‍ ഒപ്പുവെച്ച്  ബാലികരാര്‍ അട്ടിമറിച്ചുവെന്ന ദുഷ്‌പേര് ഇന്ത്യക്ക് വിനാശകരമായിരിക്കും. പക്ഷേ, അതുണ്ടാകുമെന്ന് തോന്നുന്നില്ല. ഒപ്പം ഭക്ഷ്യസുരക്ഷാധാരണയും ഒപ്പുവെക്കുകയാണെങ്കില്‍  ഈ വരുന്ന സെപ്തംബറില്‍ തന്നെ വ്യാപാരി കരാര്‍ ഒപ്പുവെക്കാന്‍ ഇന്ത്യ  തയ്യാറാണെന്ന് വിദേശകാര്യ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്.
ലോകവ്യാപാര സംഘടന നിലവില്‍ വന്ന് 19 വര്‍ഷങ്ങള്‍കൊണ്ട് ഇന്ത്യ അതിന്റെ അന്താരാഷ്ട്ര വ്യാപാരം 12 മടങ്ങ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അത് രാജ്യത്തിന് നേടികൊടുത്ത വളര്‍ച്ചയും വരുമാനവര്‍ദ്ധനവും സുവിദിതമാണ്. അതുകൊണ്ട് ലോകവ്യാപാരം സുഗമമാക്കുന്ന പുതിയ കരാര്‍ നടപ്പാക്കുന്നത് പ്രധാന വികസ്വര രാഷ്ട്രമായ ഇന്ത്യക്ക് ഏറെ ഗുണകരമായിരിക്കുമെന്നതില്‍ തര്‍ക്കമില്ല.
ജനീവയില്‍ ഇന്ത്യയെടുത്ത നിലപാട് ഭക്ഷ്യസുരക്ഷ അവികസിത -വികസ്വര രാഷ്ട്രങ്ങള്‍ക്ക് എത്ര പ്രധാനമാണ് എന്ന സന്ദേശം ലോകത്തിന് നല്‍കുന്നതിന് ഉതകിയിട്ടുണ്ട്. എന്നാല്‍ ആ നിലപാട് ഇന്ത്യക്കുതന്നെ ഏറെ ഗുണകരമായ അന്താരാഷ്ട്ര വ്യാപാരം  സുഗമമാക്കുന്ന ധാരണാപത്രം  നടപ്പാക്കുന്നതിന് വിളംബം വരുത്താന്‍ ഇടയാക്കരുത്. ഗുജറാത്തിയെ വിലപേശല്‍ പഠിപ്പിക്കേണ്ടതില്ല. അഞ്ചുരാഷ്ട്രങ്ങളുടെ കൂട്ടായ്മയായ  ബ്രിക്‌സ് യോഗത്തില്‍ നേടിയ ഭേദപ്പെട്ട വിജയം 160 രാഷ്ട്രങ്ങളുടെ ലോക വ്യാപാരസംഘടനയില്‍ നേടുക  ഇന്നത്തെ നിലയില്‍ ബാലികേറാമലയാണ്. പ്രധാനമന്ത്രി മോഡിയുടെയും വ്യാപാര മന്ത്രി നിര്‍മ്മല സീതാരാമന്റെയും  മിടുക്കില്‍ പ്രതീക്ഷയര്‍പ്പിച്ച് സെപ്തംബര്‍ വരെ കാത്തിരിക്കുക.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Economics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply