ജനാധിപത്യ – മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍

ജനവിരുദ്ധ ഭരണകൂടനയങ്ങള്‍ക്കും പോലീസ്‌ രാജിനും എതിരെ ഫെബ്രുവരി 1ന്‌ തൃശൂര്‍ തെക്കേഗോപുര നടയില്‍ നടക്കുന്ന ജനാധിപത്യ അവകാശ കണ്‍വെന്‍ഷനുമായി ബന്ധപ്പെട്ട്‌ തയ്യാറാക്കിയ സമീപനരേഖ സാമൂഹികനീതിക്കും വിഭവസംരക്ഷണത്തിനും ജനാധിപത്യ അവകാശങ്ങള്‍ക്കും വേണ്ടി നടക്കുന്ന ജനകീയ സമരങ്ങള്‍ ഇന്ന്‌ പലവിധ പ്രതിസന്ധികളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്‌. കോര്‍പ്പറേറ്റ്‌ – സാമ്പത്തിക താത്‌പര്യങ്ങളുടെ സംരക്ഷകരായിത്തീര്‍ന്നിരിക്കുന്ന ഭരണാധികാരികള്‍ ജനാധിപത്യ വ്യവസ്ഥയെ നിഷ്‌പ്രഭമാക്കിക്കൊണ്ട്‌ ജനകീയ ചെറുത്തുനില്‍പ്പുകളെ നേരിടാന്‍ തുടങ്ങിയിരിക്കുന്നു. ജനായത്തഭരണവും നിയമനിര്‍വഹണ സംവിധാനങ്ങളും ഏറെ വളര്‍ച്ച പ്രാപിച്ചിട്ടുള്ള ഇന്ത്യന്‍ സമൂഹത്തില്‍ പോലും അഹിംസാത്മക സമരങ്ങളോടുള്ള സര്‍ക്കാറുകളുടെ സമീപനം […]

kk

ജനവിരുദ്ധ ഭരണകൂടനയങ്ങള്‍ക്കും പോലീസ്‌ രാജിനും എതിരെ ഫെബ്രുവരി 1ന്‌ തൃശൂര്‍ തെക്കേഗോപുര നടയില്‍ നടക്കുന്ന ജനാധിപത്യ അവകാശ കണ്‍വെന്‍ഷനുമായി ബന്ധപ്പെട്ട്‌ തയ്യാറാക്കിയ സമീപനരേഖ

സാമൂഹികനീതിക്കും വിഭവസംരക്ഷണത്തിനും ജനാധിപത്യ അവകാശങ്ങള്‍ക്കും വേണ്ടി നടക്കുന്ന ജനകീയ സമരങ്ങള്‍ ഇന്ന്‌ പലവിധ പ്രതിസന്ധികളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്‌. കോര്‍പ്പറേറ്റ്‌ – സാമ്പത്തിക താത്‌പര്യങ്ങളുടെ സംരക്ഷകരായിത്തീര്‍ന്നിരിക്കുന്ന ഭരണാധികാരികള്‍ ജനാധിപത്യ വ്യവസ്ഥയെ നിഷ്‌പ്രഭമാക്കിക്കൊണ്ട്‌ ജനകീയ ചെറുത്തുനില്‍പ്പുകളെ നേരിടാന്‍ തുടങ്ങിയിരിക്കുന്നു. ജനായത്തഭരണവും നിയമനിര്‍വഹണ സംവിധാനങ്ങളും ഏറെ വളര്‍ച്ച പ്രാപിച്ചിട്ടുള്ള ഇന്ത്യന്‍ സമൂഹത്തില്‍ പോലും അഹിംസാത്മക സമരങ്ങളോടുള്ള സര്‍ക്കാറുകളുടെ സമീപനം കൂടുതല്‍ നിര്‍ദ്ദയവും നിഷേധാത്മകവുമായി മാറുകയാണ്‌. ഭരണഘടനയും നിയമവ്യവസ്ഥയും ഉറപ്പുനല്‍കുന്ന പരിരക്ഷകളെയും അവകാശങ്ങളെയും പലവിധത്തില്‍ റദ്ദുചെയ്‌തുകൊണ്ട്‌ സ്ഥാപിത താത്‌പര്യങ്ങളെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുമായി ഭരണാധികാരികള്‍ മുന്നോട്ട്‌ പോവുകയും ജനജീവിതം കൂടുതല്‍ ദുസഹമാവുകയും ചെയ്‌തിരിക്കുന്നു. ദേശസുരക്ഷയുടെയും വികസനത്തിന്റെയും പേരില്‍ പൗരാവകാശങ്ങള്‍ക്ക്‌ മേലുള്ള രാഷ്‌ട്രത്തിന്റെ കടന്നുകയറല്‍ കൂടുതല്‍ രൂക്ഷമായിരിക്കുന്ന ഒരു ദേശീയ സാഹചര്യത്തിലൂടെയാണ്‌ നാം ഇന്ന്‌ കടന്നുപോകുന്നത്‌. വ്യാവസായിക ആവശ്യങ്ങള്‍ക്കായി വന്‍തോതില്‍ ഭൂമി ഏറ്റെടുക്കുന്നതിന്റെ തടസ്സങ്ങള്‍ നീക്കിയ ഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ്‌ മുതല്‍ പ്ലാച്ചിമട നഷ്‌ടപരിഹാര ട്രിബ്യൂണല്‍ ബില്‍ രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്ക്‌ നല്‍കാതെ വീണ്ടും തിരിച്ചയച്ച നടപടിവരെയുള്ള കേന്ദ്ര സര്‍ക്കാറിന്റെ സമീപകാല ഇടപെടലുകളെല്ലാം സമഗ്രാധിപത്യ പ്രവണതകളുടെ ഉറച്ച സൂചനകളെ നമുക്ക്‌ മുന്നില്‍ അനാവരണം ചെയ്യുന്നുണ്ട്‌.
അതേസമയം തന്നെ ജനങ്ങളുടെ ചെറുത്തുനില്‍പ്പുകള്‍ക്ക്‌ മുന്നില്‍ ജനവിരുദ്ധ സര്‍ക്കാറുകള്‍ക്കും ഭരണവര്‍ഗ്ഗ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും അടിപതറുന്ന സാഹചര്യവും ഇവിടെ സംജാതമാകുന്നുമുണ്ട്‌. അതിനാല്‍ അടിസ്ഥാന ജനാധിപത്യമൂല്യങ്ങള്‍ പോലും തിരസ്‌കരിക്കും വിധമുള്ള അധികാര പ്രയോഗങ്ങളിലൂടെ ജനങ്ങളെ നിയന്ത്രിക്കുന്നതിനും ഭയപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങള്‍ ഭരണകൂടം ശക്തമാക്കുകയാണ്‌. ജനോപകാര നിയമങ്ങളുടെ പൊളിച്ചെഴുത്ത്‌ മുതല്‍ കരിനിയമങ്ങളുടെ പ്രയോഗങ്ങള്‍ വരെ നീളുന്നു അത്തരം ശ്രമങ്ങള്‍. സൈനീകശേഷി വര്‍ദ്ധിപ്പിച്ചും പോലീസ്‌ സേനയേയും രഹസ്യാന്വേഷണ വിഭാഗത്തെയും സ്ഥാപിത താത്‌പര്യങ്ങള്‍ക്കായി വിനിയോഗിച്ചും നിയമങ്ങള്‍ ദുര്‍വ്യാഖ്യാനിച്ചും വിമത ശബ്‌ദങ്ങളെ നിശബ്‌ദമാക്കുന്നതിനുള്ള ഭരണഘടനാ വിരുദ്ധമായ ഉദ്യമങ്ങള്‍ ഭരണകൂടം ഊര്‍ജ്ജിതമാക്കുകയാണ്‌. സ്വന്തം ആജ്ഞാനുവര്‍ത്തികളെ പോലീസ്‌ സേനയില്‍ പ്രതിഷ്‌ഠിച്ചുകൊണ്ട്‌ വര്‍ഗീയ കലാപങ്ങള്‍ക്കും വ്യാജ ഏറ്റുമുട്ടലുകള്‍ക്കും നേതൃത്വം നല്‍കിയവര്‍ ഭരണചക്രം തിരിക്കുന്ന കാലത്ത്‌ പൗരസ്വാതന്ത്ര്യം ഫാസിസത്തിന്‌ വഴിമാറുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടമായിത്തുടങ്ങിയിരിക്കുന്നു.
കേരളത്തിലും ജനാധിപത്യപരവും അഹിംസാത്മകവുമായി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ക്കും സമരപ്രവര്‍ത്തകര്‍ക്കും നേരെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും മൗലീകാവകാശങ്ങള്‍ക്കും നേരെയുമുള്ള പോലീസിംഗ്‌ പെരുകുകയാണ്‌. അവകാശങ്ങള്‍ റദ്ദുചെയ്യപ്പെട്ട അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കും വിധമുള്ള ധാര്‍ഷ്‌ട്യം പോലീസ്‌ സംവിധാനത്തിന്റെ ഭാഗത്തുനിന്നും ആവര്‍ത്തിക്കപ്പെടുന്നു. അതേസമയം വര്‍ഗീയ ശക്തികളെയും മാഫിയകളെയും നേരിടുന്നതില്‍ നിഷ്‌ക്രിയരായിത്തീര്‍ന്ന സംസ്ഥാന പോലീസ്‌ സമാധാനപരമായി സംഘടിക്കുന്നതിനും സമരം ചെയ്യുന്നതിനുമുള്ള അവകാശം നിഷേധിക്കുന്ന സംഭവങ്ങളും സമീപകാലത്ത്‌ പതിവായിരിക്കുന്നു. സിവില്‍ സമൂഹത്തിന്റെ ഭാഗത്ത്‌ നിന്നുമുണ്ടാകുന്ന ഉണര്‍ച്ചകളെ ഭയപ്പെട്ടുതുടങ്ങിയിരിക്കുന്ന വ്യവസ്ഥാപിത ഭരണകൂടം ഭീതി വിതച്ച്‌ അധികാരം നിലനിര്‍ത്തുന്നതിനുള്ള ഒരു ഉപകരണമായി പോലീസിനെ ഉപയോഗിക്കുകയാണ്‌. ജനമൈത്രി പോലീസ്‌ പോലെയുള്ള സംവിധാനങ്ങളെ ഉപരിപ്ലവമായി നിലനിര്‍ത്തിക്കൊണ്ട്‌ രാഷ്‌ട്രീയനേട്ടങ്ങള്‍ക്കുള്ള കൂലിപ്പടയായി ഇടത്‌-വലത്‌ മുന്നണികള്‍ പോലീസിനെ ദുരപയോഗം ചെയ്യുന്ന സ്ഥിതിയാണ്‌ കേരളത്തില്‍ നാളുകളായി നിലനില്‍ക്കുന്നത്‌. ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുകയും സമരങ്ങളിലൂടെ രാഷ്‌ട്രീയ പരിഹാരങ്ങള്‍ തേടുകയും ചെയ്യുന്നതിനുള്ള ശേഷി വ്യവസ്ഥാപിത രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ പൂര്‍ണ്ണമായും നഷ്‌ടമായിരിക്കുന്നു. ഇന്ന്‌ കേരളത്തില്‍ നടക്കുന്ന പരിവര്‍ത്തനാത്മകമായ സമരങ്ങളെല്ലാം ജനങ്ങളുടെ മുന്‍കൈയില്‍ ഉയര്‍ന്നുവരുന്ന ചെറുപ്രതിരോധങ്ങളാണ്‌. ഈ സമരങ്ങള്‍ രാഷ്‌ട്രീയ നേതൃത്വങ്ങളുടെ സാമ്പത്തിക താത്‌പര്യങ്ങള്‍ക്ക്‌ തടസ്സമായി നില്‍ക്കുന്നു എന്നതും പോലീസ്‌രാജിലേക്ക്‌ ഭരണകൂടം നീങ്ങുന്നതിന്‌ കാരണമായിത്തീര്‍ന്നിരിക്കുന്നു. കേരളത്തിലെ എല്ലാ ജനകീയ സമരങ്ങള്‍ക്കും പോലീസിന്റെ ഏതെങ്കിലും വിധത്തിലുള്ള അധികാര പ്രയോഗങ്ങളെ അനുദിനം അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട്‌. ലാത്തിചാര്‍ജ്ജും കള്ളക്കേസില്‍ കുടുക്കലും കേസ്‌ കെട്ടിച്ചമയ്‌ക്കലും അറസ്റ്റും നിരന്തരമുള്ള ചോദ്യം ചെയ്യലും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കലും പരിപാടികള്‍ക്ക്‌ അനുമതി നിഷേധിക്കലും രാജ്യദ്രോഹത്തിന്റെ ലേബല്‍ പതിക്കലും ഒക്കെയായി ദുരനുഭവങ്ങളുടെ ഒരു നീണ്ടപട്ടിക മിക്ക സാമൂഹികപ്രവര്‍ത്തകര്‍ക്കും പറയാനുണ്ട്‌. മാവോയിസ്റ്റ്‌ വേട്ടയ്‌ക്കായി പ്രത്യേകം രൂപീകരിച്ച തണ്ടര്‍ബോള്‍ട്ട്‌ പോലെയുള്ള സേനയും സാമൂഹിക പ്രവര്‍ത്തകര്‍ക്ക്‌ നേരെ തിരിഞ്ഞ സംഭവം കേരളത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. ജനകീയ സമരങ്ങളുടെ ശബ്‌ദമായി നിലനില്‍ക്കുന്ന കേരളീയം മാസികയ്‌ക്ക്‌ നേരെയും അകാരണമായ പോലീസ്‌ നടപടിയുണ്ടായി. നിലവിലെ ജനാധിപത്യ ഭരണവ്യവസ്ഥയുമായി സംവാദത്തിലേര്‍പ്പെട്ടുകൊണ്ട്‌ ജനാധികാരത്തെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന ചെറുസമരങ്ങളെ ഇത്തരം പോലീസ്‌ ഇടപെടല്‍ ശിഥിലമാക്കുന്നുണ്ട്‌.
അതേസമയം കേരളത്തില്‍ സജീവമാകാന്‍ ശ്രമിക്കുന്ന സി.പി.ഐ (മാവോയിസ്റ്റ്‌) സംഘടന നടത്തുന്ന ഏകപക്ഷീയമായ അക്രമസമരങ്ങള്‍ ജനകീയ സമരങ്ങള്‍ നിര്‍മ്മിച്ചെടുത്ത ജനാധിപത്യ പ്രതിരോധത്തിന്റെ പ്ലാറ്റ്‌ഫോമുകളെ പ്രതിസന്ധിയിലാഴ്‌ത്തുന്നുണ്ട്‌. കേരള പോലീസിന്റെ സൈനീകവത്‌കരണത്തിനും വിഭവസംരക്ഷണ സമരങ്ങള്‍ക്കും ആദിവാസി പ്രക്ഷോഭങ്ങള്‍ക്കും നേരെയുള്ള പോലീസ്‌ അതിക്രമം കൂടുന്നതിനും മാവോയിസ്റ്റ്‌ ഗ്രൂപ്പുകളുടെ ഇടപെടലുകളും കാരണമായിട്ടുണ്ട്‌. ആദിവാസി മേഖലകളിലെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക്‌ പോലും പോലീസിന്റെ മേല്‍നോട്ടം വേണമെന്ന സര്‍ക്കാര്‍ തീരുമാനത്തിലേക്ക്‌ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. അതുകൊണ്ടുതന്നെ, ജനാധിപത്യവത്‌കരണ പ്രക്രിയയില്‍ ഏറെ മുന്നോട്ട്‌ പോയിരിക്കുന്ന സിവില്‍ സമൂഹ പ്രസ്ഥാനങ്ങള്‍ മാവോയിസ്റ്റ്‌ സംഘടനകളുടെ ഗറില്ല സമരങ്ങളോട്‌ വിയോജിക്കേണ്ട സാഹചര്യവും നിലനില്‍ക്കുന്നുണ്ട്‌. അതേസമയം മാവോയിസ്റ്റുകളെ നേരിടുന്നതില്‍ നിയമവ്യവസ്ഥയെ അതിലംഘിക്കുന്നതരത്തിലുള്ള ഇടപെടല്‍ ഭരണകൂടത്തിന്റെയും പോലീസിന്റെയും ഭാഗത്ത്‌ നിന്നും ഉണ്ടാകാതിരിക്കുന്നതിനുള്ള സാമൂഹിക ഉത്തരവാദിത്തം ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കുമുണ്ട്‌. അടിയന്തരാവസ്ഥ കാലത്ത്‌ നക്‌സലൈറ്റുകള്‍ക്ക്‌ നേരെയുണ്ടായതുപോലെയുള്ള ഒരു പോലീസ്‌ നരനായാട്ട്‌ ഇനി കേരളത്തില്‍ ആവര്‍ത്തിക്കപ്പെടാന്‍ അനുവദിക്കരുത്‌. നിയമവിധേയമായി പ്രവര്‍ത്തിക്കാനുള്ള ബാധ്യത തങ്ങള്‍ക്കുണ്ട്‌ എന്ന കാര്യം പോലീസ്‌ മറക്കരുത്‌.
ജനാധിപത്യതത്വങ്ങളെയും മനുഷ്യാവകാശങ്ങളെയും മാനിക്കും വിധമുള്ള സമഗ്രമായ നിയമപരിഷ്‌കരണങ്ങളുടെ കാര്യത്തില്‍ ഇന്ത്യ ഇനിയും ഏറേ മുന്നേറേണ്ടതുണ്ട്‌. സ്വാതന്ത്ര്യം നേടി 67 വര്‍ഷം കഴിഞ്ഞിട്ടും ബ്രിട്ടീഷ്‌ കൊളോണിയല്‍ ഭരണകൂടം ജനങ്ങളോട്‌ സ്വീകരിച്ചിരുന്ന അധീശ സമീപനം തുടരുന്നത്‌ ഒരു ജനാധിപത്യ രാജ്യത്തിന്‌ ഒട്ടും അഭികാമ്യമല്ല. ജനാധിപത്യ അവകാശങ്ങളെ കവര്‍ന്നെടുക്കുന്ന ഭരണകൂടനയങ്ങളെയും അതിന്‌ അകമ്പടി സേവിക്കുന്ന പോലീസ്‌രാജിനെയും അഹിംസാത്മകമായി പ്രതിരോധിക്കേണ്ടുന്നതിന്റെ ആവശ്യം അനുദിനം ഏറിവരുകയാണ്‌. ഈ പശ്ചാത്തലത്തിലാണ്‌ ജനവിരുദ്ധ ഭരണകൂടനയങ്ങള്‍ക്കും പോലീസ്‌രാജിനും എതിരെ ജനാധിപത്യ അവകാശ കണ്‍വെന്‍ഷന്‍ എന്ന പേരില്‍ വിപുലമായ ഒരു ഏകദിന കണ്‍വെന്‍ഷന്‍ വിളിച്ചുകൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply