ജനാധിപത്യവിശ്വാസികള്‍ ഏറ്റെടുക്കണം ഈ ഹര്‍ത്താല്‍

സംസ്ഥാനത്തു നടക്കുന്ന ഹര്‍ത്താലുകളില്‍ മഹാഭൂരിപക്ഷവും ഗുണ്ടായിസത്തിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്. കൂടുതല്‍ ഹര്‍ത്താലുകളും നടക്കുന്നത് കുടിപ്പക മൂലം പാര്‍ട്ടി പ്രവര്‍ത്തകര്‍ പരസ്പരം നടത്തുന്ന കൊലപാതകങ്ങളെ തുടര്‍ന്നാണ്. അത്തരം കൊലകളില്‍ പ്രതിഷേധിച്ച് മുഴുവന്‍ കേരളീയരുടേയും ജീവിതം സ്തംഭിപ്പിക്കുന്ന അവസ്ഥയിലേക്ക് പൊതുവില്‍ ഹര്‍ത്താലുകള്‍ മാറിയിരിക്കുന്നു. ഭയമാണ് ഇത്തരം ഹര്‍ത്താലുകള്‍ വിജയിക്കുന്നതിന്റെ പ്രധാന കാരണം. അല്ലാതെ ജനാധിപത്യ സമരരൂപമായി കണ്ട് ജനം ഏറ്റെടുക്കുന്നതല്ല. മുമ്പൊക്കെ ബന്ദ് എന്നാണ് ഈ പ്രതിഷേധരൂപത്തെ വിളിച്ചിരുന്നത്. കോടതി ബന്ദ് നിരോധിച്ചതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍ എന്ന പേരില്‍ അതേ […]

amb

സംസ്ഥാനത്തു നടക്കുന്ന ഹര്‍ത്താലുകളില്‍ മഹാഭൂരിപക്ഷവും ഗുണ്ടായിസത്തിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്. കൂടുതല്‍ ഹര്‍ത്താലുകളും നടക്കുന്നത് കുടിപ്പക മൂലം പാര്‍ട്ടി പ്രവര്‍ത്തകര്‍ പരസ്പരം നടത്തുന്ന കൊലപാതകങ്ങളെ തുടര്‍ന്നാണ്. അത്തരം കൊലകളില്‍ പ്രതിഷേധിച്ച് മുഴുവന്‍ കേരളീയരുടേയും ജീവിതം സ്തംഭിപ്പിക്കുന്ന അവസ്ഥയിലേക്ക് പൊതുവില്‍ ഹര്‍ത്താലുകള്‍ മാറിയിരിക്കുന്നു. ഭയമാണ് ഇത്തരം ഹര്‍ത്താലുകള്‍ വിജയിക്കുന്നതിന്റെ പ്രധാന കാരണം. അല്ലാതെ ജനാധിപത്യ സമരരൂപമായി കണ്ട് ജനം ഏറ്റെടുക്കുന്നതല്ല. മുമ്പൊക്കെ ബന്ദ് എന്നാണ് ഈ പ്രതിഷേധരൂപത്തെ വിളിച്ചിരുന്നത്. കോടതി ബന്ദ് നിരോധിച്ചതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍ എന്ന പേരില്‍ അതേ പരിപാടി ആവര്‍ത്തിക്കുന്നത്. സംഘടിതശക്തികള്‍ ഏതു വിഷയത്തില്‍ ഹര്‍ത്താലിനാഹ്വാനം ചെയ്താലും വിജയിക്കും. കാരണം സംഘടിതശക്തിയോടുള്ള ജനങ്ങളുടെ ഭയം തന്നെ.
തീര്‍ച്ചയായും ജനാധിപത്യസംവിധാനത്തിലെ ഉയര്‍ന്ന സമരരൂപമാണ് ഹര്‍ത്താല്‍. ഭരണകൂടത്തോട് പ്രതിഷേധം രേഖപ്പെടുത്താന്‍ കഴിയുന്ന ഏറ്റവും ശക്തമായ സമരരൂപം. പ്രതിഷേധ സൂചകമായി ഹര്‍ത്താലിനാഹ്വാനം ചെയ്യാന്‍ ജനാധിപത്യ സംവിധാനത്തില്‍ ആര്‍ക്കും അവകാശമുണ്ട്. അതുപോലെതന്നെയാണ് അതില്‍ പങ്കാളിയാകണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള ജനങ്ങളുടെ ജനാധിപത്യാവകാശവും. ഇതംഗീകരിക്കലാണ് പ്രധാനം. അതേസമയം ന്യായമായ പ്രതിഷേധങ്ങളെ ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ ജനങ്ങള്‍ തയ്യാറാകുമ്പോഴാണ് നമ്മുടേത് യഥാര്‍ത്ഥ ജനാധിപത്യമാകുക. അത്തരത്തില്‍ വിജയിപ്പിക്കേണ്ട ഒരു ഹര്‍ത്താലിനാണ് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ജനാധിപത്യത്തിന്റെ അന്തര്‍ധാരയായ സാമൂഹ്യനീതി എന്ന മഹത്തായ ആശയത്തിന്റെ നിലനില്‍പ്പിനായാണ് തിങ്കളാഴ്ചത്തെ ഹര്‍ത്താല്‍ എന്നാണ് നാം തിരിച്ചറിയേണ്ടത്.
നിരവധി പോരാട്ടങ്ങളിലൂടെ ദളിത് സമൂഹം നേടിയെടുത്ത പീഡന നിരോധമ നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നതിനെതിരെ നടന്ന അഖിലേന്ത്യാ ബന്ദുദിവസം ഉത്തരേന്ത്യയില്‍ പോലീസ് നടത്തിയ വെടിവയ്പ്പിലും ആക്രമണങ്ങളിലും പ്രതിഷേധിച്ചാണു രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ ഹര്‍ത്താലിനായി ദളിത് ഐക്യവേദി ആഹ്വാനം നല്‍കിയിരിക്കുന്നത്. ചേരമ സാംബവ ഡെവലപ്മെന്റ് സൊസൈറ്റി, അഖില കേരള ചരമര്‍ ഹിന്ദു മഹാസഭ, നാഷണല്‍ ദളിത് ലിബറേഷന്‍ ഫ്രണ്ട്, ദളിത് ഹ്യൂമന്‍ റൈറ്റ് മൂവ്മെന്റ്, കേരള ചേരമര്‍ സംഘം, സോഷ്യല്‍ ലിബറേഷന്‍ ഫ്രണ്ട്, ബി.എസ്.പി, ഡി.സി.യു.എഫ്, കെ.ഡി.പി, പി.ആര്‍.ഡി.എസ്, എന്‍.എ.ഡി.ഒ, ഐ.ഡി.എഫ്. തുടങ്ങിയ സംഘടനകളാണു ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 12 പേരുടെ കൊലപാതകത്തെക്കുറിച്ച് ഹൈക്കോടതി സിറ്റിങ് ജഡ്ജിയെകൊണ്ട് അന്വേഷിച്ച് കുറ്റവാളികള്‍ക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുക്കുക. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 50 ലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കുക. പട്ടികജാതി-വര്‍ഗ നിയമം പൂര്‍വസ്ഥിതിയിലാക്കുവാന്‍ സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിരവധി ദളിത് സംഘടനകളും മനുഷ്യാവകാശ പ്രസ്ഥാനങ്ങളും ഹര്‍ത്താലിനു പിന്തുണ പ്രഖ്യപിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ പ്രവര്‍ത്തകരെ മറ്റുപാര്‍ട്ടിക്കാര്‍ തുറിച്ചുനോക്കിയാല്‍ പോലും ഹര്‍ത്താല്‍ നടത്തുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ നിശബ്ദരാണ്. പോലീസ് വെടിവെപ്പില്‍ പ്രതിഷേധിച്ചവര്‍ പോലും നിശബ്ദരാണ്. അഖിലേന്ത്യാ ബന്ദുനടന്ന ദിവസം കേരളത്തില്‍ തൊഴില്‍ സ്ഥിരതക്കായി സംഘടിത തൊഴിലാളി വിഭാഗങ്ങള്‍ നടത്തിയ പൊതുപണിമുടക്കായിരുന്നു. അഖിലേന്ത്യാ ബന്ദിനെ കുറിച്ചുളള വാര്‍ത്തകള്‍ പോലും ഇവിടെ കണ്ടില്ല. ഈ സാഹചര്യത്തില്‍ ഈ ഹര്‍ത്താലിനെ പിന്തുണക്കുകയാണ് പാര്‍ട്ടികളും മറ്റു സംഘടിത പ്രസ്ഥാനങ്ങളും ചെയ്യേണ്ടത്. എന്നാല്‍ അതല്ല നടക്കുന്നത്. പല സംഘടനകളും പരസ്യമായിതന്നെ ഹര്‍ത്താലിനെതിരെ രംഗത്തുവന്നിരിക്കുകയാണ്. ഹര്‍ത്താലിനോട് സഹകരിക്കില്ല എന്ന് ബസുടകളും വ്യാപാരികളും ഹോട്ടലുടമകളും തീരുമാനിച്ചിരിക്കുന്നു. കേരളത്തിലെ മൂന്ന് ഇടത്തരം സേവന മേഖലകളാണ് ഒരു സമുദായത്തിന്റെ ആത്മാഭിമാന – ജനാധിപത്യ അവകാശ സമരനെതിരെ പരസ്യമായി രംഗത്തുവന്നിരിക്കുന്നത്. ആയിരക്കണക്കിന് ആളുകള്‍ പ്രവര്‍ത്തിക്കുന്ന ഈ മേഖലകളില്‍ ദലിതരുടെയും മറ്റ് പാര്‍ശ്വവല്‍കൃതരുടെയും പ്രാതിനിധ്യം തുച്ഛമാണ് എന്നതായിരിക്കാം ഈ പരസ്യമായ ഇടപെടലിനു കാരണം. വ്യാപാരികളുടെയും ബസുടമകളുടെയും ഹോട്ടലുടമകളുടെയും തീരുമാനം ജാതീയമായ സാമൂഹിക ബഹിഷ്‌കരണമായി തന്നെ കാണേണ്ടതുണ്ട്. ഭൂവുടമസ്ഥതയുടെയും സ്വത്തുടമസ്ഥതയുടെയും വാണിജ്യ സേവന മേഖലകളുടെയും പ്രാതിനിധ്യത്തിലെ വലിയ സാമൂഹിക അന്തരത്തെ കൂടി ഇത് ശ്രദ്ധയില്‍ കൊണ്ടുവരുന്നു. അതേസമയം വികസനത്തിന്റെ മഴു നിങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന വിഭാഗത്തെ ഇല്ലാതാക്കി റിയലന്‍സിനും, വാള്‍മാര്‍ട്ടി നും മൊസാന്റക്കും ലുലുവിനും വഴിമാറിയപ്പോള്‍ കേരള ജനത ചെറുത്ത് നിന്നതിന്റെ ഭാഗമാണ് ഇന്ന് നിങ്ങളുടെ മഹത്വമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയെ ഓര്‍മ്മപ്പെടുത്തി ചില്ലറ വ്യാപാര സംരക്ഷണ മുന്നണി രംഗത്തുവന്നിട്ടുണ്ട്.
തീര്‍ച്ചയായും ഹര്‍ത്താലിനോട് സഹകരിക്കാനും സഹകരിക്കാതിരിക്കാനുമുള്ള ജനാധിപത്യാവകാശം ആര്‍ക്കുമുണ്ട്. എന്നാല്‍ ആ ജനാധിപത്യത്തിന്റെ അന്തസത്തയായ സാമൂഹ്യനീതിയെ നിഷേധിക്കുന്നതിനെതിരാണ് ഈ ഹര്‍ത്താല്‍ എന്നതിനാല്‍ അതിനോട് സഹകരിക്കുകയും വിജയിപ്പിക്കുകയുമാണ് യഥാര്‍ത്ഥ ജനാധിപത്യവിശ്വാസികള്‍ ചെയ്യേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply