ജനാധിപത്യമില്ലാത്ത മലയാളിയുടെ ഫേസ് ബുക്ക്

പൊതുഇടങ്ങളിലാണ് ഓരോരുത്തരും എത്രമാത്രം ജനാധിപത്യവിശ്വാസികളാണെന്ന് വ്യക്തമാകുക. വാഹനമോടിക്കുന്നവര്‍, തീവണ്ടി – ബസ് യാത്രക്കാര്‍ തുടങ്ങിയവര്‍ ഉദാഹരണം. പുതിയ കാലത്താകട്ടെ ഒരാള്‍ എത്രമാത്രം ജനാധിപത്യവാദിയാണെന്നത് അളക്കാന്‍ ഏറ്റവും ഉചിതമായത് ഫേസ് ബുക്കിലും മറ്റും അയാളുടെ/അവളുടെ പ്രകടനമാണ്. മലയാളികള്‍ക്ക് സാമൂഹ്യബോധമോ ജനാധിപത്യബോധമോ തീരെയില്ല എന്നതിനു തെളിവാണ് അവരുടെ ഡ്രൈവിംഗ്. എല്ലാവര്‍ക്കും തുല്ല്യഅവകാശമുള്ള തെരുവുകളില്‍ കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന അവസ്ഥയാണ്. ദുര്‍ബ്ബലര്‍ക്കും ചെറുതുകള്‍ക്കും അവിടെ സ്ഥാനമില്ല. കാല്‍നടക്കാരുടെ കാര്യം പറയാനുമില്ല. തെരുവില്‍ നടക്കുന്ന യാതൊരു തത്വദീക്ഷയുമില്ലാത്ത മത്സരത്തിന്റെ ഫലമെന്താ? നിരപരാധികളായ ആയിരങ്ങള്‍ […]

fff

പൊതുഇടങ്ങളിലാണ് ഓരോരുത്തരും എത്രമാത്രം ജനാധിപത്യവിശ്വാസികളാണെന്ന് വ്യക്തമാകുക. വാഹനമോടിക്കുന്നവര്‍, തീവണ്ടി – ബസ് യാത്രക്കാര്‍ തുടങ്ങിയവര്‍ ഉദാഹരണം. പുതിയ കാലത്താകട്ടെ ഒരാള്‍ എത്രമാത്രം ജനാധിപത്യവാദിയാണെന്നത് അളക്കാന്‍ ഏറ്റവും ഉചിതമായത് ഫേസ് ബുക്കിലും മറ്റും അയാളുടെ/അവളുടെ പ്രകടനമാണ്.
മലയാളികള്‍ക്ക് സാമൂഹ്യബോധമോ ജനാധിപത്യബോധമോ തീരെയില്ല എന്നതിനു തെളിവാണ് അവരുടെ ഡ്രൈവിംഗ്. എല്ലാവര്‍ക്കും തുല്ല്യഅവകാശമുള്ള തെരുവുകളില്‍ കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന അവസ്ഥയാണ്. ദുര്‍ബ്ബലര്‍ക്കും ചെറുതുകള്‍ക്കും അവിടെ സ്ഥാനമില്ല. കാല്‍നടക്കാരുടെ കാര്യം പറയാനുമില്ല. തെരുവില്‍ നടക്കുന്ന യാതൊരു തത്വദീക്ഷയുമില്ലാത്ത മത്സരത്തിന്റെ ഫലമെന്താ? നിരപരാധികളായ ആയിരങ്ങള്‍ വര്‍ഷം തോറും മരിച്ചുവീഴുന്നു. യുദ്ധങ്ങളിലോ പ്രകൃതിദുരന്തങ്ങളിലോ മരിക്കുന്നതിനേക്കാള്‍ കൂടുതല്‍. എന്നിട്ടും അതര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഈ വിഷയത്തെ നാം അഭിമുഖീകരിക്കുന്നില്ല.
സമാനരീതിയിലുള്ള ജനാധിപത്യവിരുദ്ധ രീതിയാണ് ഫേസ് ബുക്കിലും നടക്കുന്നതെന്ന് ഈ മേഖലയെ ഗൗരവത്തോടെ സമീപിക്കുന്നവര്‍ പറയുന്നു. പൊതു ഇടത്തില്‍ പാലിക്കേണ്ട യാതൊരു ജനാധിപത്യ ബോധവും ഭൂരിപക്ഷവും പ്രകടിപ്പിക്കുന്നില്ല. വിര്‍ച്ച്വല്‍ ആണെങ്കിലും അതൊരു സാമൂഹ്യജീവിതമാണ്. അവിടെ പ്രതിപക്ഷബഹുമാനം അനിവാര്യം. എന്നാല്‍ അതാണ് തീരെ കാണാത്തത്. യാതൊരു അടിസ്ഥാനവുമില്ലാതെ ആരേയും കുറ്റപ്പെടുത്തുകയാണ് ആദ്യം കാണുക. സംവാദങ്ങളില്‍ മറ്റുള്ളവരുടെ അഭിപ്രായം വായിക്കാതെയായിരിക്കും ആക്രമണം. മുന്‍വിധികളും രാഷ്ട്രീയ – മത വിശ്വാസങ്ങളും മറ്റുമാണ് അഭിപ്രായങ്ങളെ പലപ്പോഴും രൂപപ്പെടുത്തുന്നത്. വ്യത്യസ്ഥമായ അഭിപ്രായം പറയുന്നവരെ യാതൊരു സഹിഷ്ണുതയുമില്ലാതെ ഏറ്റവും മോശമായ ഭാഷയിലാണ് പലരും ആക്ഷേപിക്കുന്നത്. ജനാധിപത്യബോധത്തില്‍ നമ്മളെത്രയോ പുറകിലാണെന്ന് ബോധ്യപ്പെടാന്‍ ഇതു മാത്രം കണ്ടാല്‍ മതി. പൊതുനിരത്തില്‍ പരിധി കടന്നാല്‍ ചിലപ്പോള്‍ അടി കിട്ടുമെന്നതിനാല്‍ അല്‍പ്പം ആശ്വാസമുണ്ട്. എന്നാല്‍ അത്തരം ഭയമില്ലാത്തതിനാല്‍ ഫേസ് ബുക്കില്‍ ഒട്ടും ജനാധിപത്യമര്യാദ കാണാറില്ല.
കഴിഞ്ഞ ആഴ്ച നടന്ന രണ്ടു ഗൗരവമായ വിഷശയങ്ങളുമായി ബന്ധപ്പെട്ട് ഇക്കാര്യം ഏറെ പ്രകടമായി. കലാമിന്റെ മരണവും യാക്കൂബ് മേമന്റെ വധശിക്ഷയുമാണ് ഉദ്ദേശിക്കുന്നത്. ഫേസ് ബുക്ക് ജനസംഖ്യയില്‍ ഭൂരിഭാഗവും കലാമിന്റെ സംഭാവനകളെ പ്രകീര്‍ത്തിക്കുന്നവരാകാം. എന്നാല്‍ ജനാധിപത്യമെന്നത് ന്യൂനപക്ഷങ്ങള്‍ക്കും അഭിപ്രായങ്ങള്‍ കാത്തുസൂക്ഷിക്കാനും പ്രകടമാക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം കൂടിയല്ലേ? അത്തരം വിയോജനങ്ങള്‍ക്കും ഇടമില്ലെങ്കില്‍ എന്തു ജനാധിപത്യം, എന്തു സാമൂഹ്യമാധ്യമം? എന്നാല്‍ സംഭവിച്ചതെന്താ? വിഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചവരെ അടച്ചാക്ഷേപിക്കുകയായിരുന്നു കലാംഉഭക്തര്‍ പൊതുിവല്‍ ചെയ്തത്.. കലാമിന്റെ വികസനസങ്കല്‍പ്പങ്ങള്‍ക്കെതിരായ നിലപാടുകള്‍ കാര്യകാരണസഹിതം എണ്ണിയെണ്ണി പറഞ്ഞി്ട്ടും അതിനൊന്നും മറുപടിപറയാതെ തെറിവിളിക്കുക, ബുദ്ധിജീവിയാകാനുള്ള തന്ത്രമെന്നാക്ഷേപിക്കുക, രാജ്യദ്രോഹിയായി മുദ്രയടിക്കുക തുടങ്ങിയവയായിരുന്നു ഫേസ് ബുക്കില്‍ നിറഞ്ഞത്. അപൂര്‍വവ്വം ചിലര്‍ തിരിച്ചും മോശപ്പെട്ട ഭാഷ ഉപയോഗിച്ചു എന്നു മറക്കുന്നില്ല. അപ്പോഴും ഉന്നയിക്കുന്ന വിഷയങ്ങള്‍ക്ക് ഒരു ഭാഗത്തു നിന്നും മറുപടി ലഭിച്ചില്ല എന്ന യാഥാര്‍ത്ഥ്യം ബാക്കി. ലോകത്തിന്റെ ഏതുകോണിലുമിരുന്ന് ആരേയും തെറിവിളിക്കാനുള്ള അവസരം പരമാവധി ഉപയോഗിക്കുകയായിരുന്നു പലരും.
വധശിക്ഷയുടെ കാര്യത്തില്‍ ഈ പ്രവണത ഏറെ രൂക്ഷമായി. വധശിക്ഷക്കെതിരായി അഭിപ്രായം പറഞ്ഞവരെ കൊന്നു കൊല വിളിക്കുകയായിരുന്നു പലരും. അവിരില്‍ മിക്കവരും വധശിക്ഷക്കെതിരായ നിലപാടുണ്ടായിരുന്നു കലാംഭക്തര്‍ തന്നെയായിരുന്നു. എന്തുകൊണ്ട് വധശിക്ഷക്കെതിരായ നിലപാടെന്ന ആംനസ്റ്റിയുടെ രേഖകള്‍ വെച്ചുപോലും വിശദീകരിച്ചവര്‍ക്ക് മറുപടി പറയാന്‍ ആരും തയ്യാറായില്ല. ഗോവിന്ദച്ചാമിയെ എന്തുചെയ്യും, നിന്റെ പെങ്ങള്‍ക്ക് വിവാഹം കഴിച്ചു കൊടുക്കുമോ, പാക്കിസ്ഥാന്‍ ചാരന്‍ എന്നെല്ലാമുളള ആക്ഷേപങ്ങളായിരുന്നു ഭൂരിഭാഗവും.
എഡിറ്ററില്ല, ആര്‍ക്കും ചര്‍ച്ചകൡ പങ്കെടുക്കാം, അതിനാല്‍ തന്നെ ജനാധിപത്യത്തിന്റെ ഉയര്‍ന്ന മേഖലയാണ് നവമാധ്യമങ്ങള്‍ എന്നാണല്ലോ അവകാശപ്പെടാറുളളത്. എന്നാല്‍ അത്തരമൊരവസ്ഥ ഉള്‍ക്കൊള്ളാനുള്ള സാംസ്‌കാരികബോധം നമുക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അടുത്തയിടെ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നിലപാടുകളെ വിമര്‍ശിച്ചതിന് ഒരു ഇടതുപക്ഷക്കാരനിട്ട കമന്റ്
അതു പണം വാങ്ങിയുള്ള പോസ്‌റ്റെന്നായിരുന്നു. അതിലുന്നയിച്ച ഒരു പോയിന്റിനുപോലും മറുപടിയില്ല. സ്ത്രീകളാണ് വിമര്‍ശനങ്ങളുമായി വരുന്നതെങ്കല്‍ പറയാനുമില്ല. രഞ്ജിനിയുടേയും പ്രീതയുടേയും മറ്റും അനുഭവങ്ങള്‍ ഉദാഹരണം.
പ്രധാനമായും മൂന്നുകൂട്ടരാണ് അസഹിഷ്ണുതയില്‍ മുന്നില്‍. ഹിന്ദു – മുസ്ലിം വര്‍ഗ്ഗീയവാദികളും സിപിഎം പ്രവര്‍ത്തകരമാണവര്‍. പൊതുവില്‍ ജനാധിപത്യത്തെ ആശയപരമായി അംഗീകരിക്കാത്തവരാണിവര്‍ എന്നതുകൊണ്ടുതന്നെ അതില്‍ അത്ഭുതമില്ല താനും.
സൈബര്‍ ലോകത്തെ സ്വാതന്ത്ര്യത്തെ കുറിച്ച് നിരന്തരം ചര്‍ച്ചകള്‍ നടക്കുന്നുണ്ടല്ലോ. എല്ലാ മേഖലയിലുമെന്ന പോലെ ഇവിടേയും ആവിഷ്‌കാരസ്വാതന്ത്ര്യം അനിവാര്യം. എല്ലാ മേഖലയുമെന്നപോലെ ഇവിടേയും ഫാസിസവല്‍ക്കരണം നടക്കുന്നു. അതിനെതിരായി ജനാധിപത്യാവകാശത്തിനും ആവിഷ്‌കാരസ്വാതന്ത്ര്യത്തിനുമുള്ള പോരാട്ടം അനിവാര്യമാണ്. എന്നാല്‍ അത്തരം പോരാട്ടങ്ങളെപോലും തുരങ്കം വെക്കുന്നത് ജനാധിപത്യബോധമില്ലാത്ത സൈബര്‍ പോരാളികളാണ്. 12 വര്‍ഷം മുമ്പ് തെരുവിലെ ഒരു പ്രസംഗത്തിന്റെ പേരില്‍ ഇപ്പോഴും കോടതി കയറിയിറങ്ങുന്ന വ്യക്തിയാണ് ഈ കുറിപ്പെഴുതുന്നത്. അതുപോലെ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമത്തില്‍ പ്രസംഗിക്കാനുള്ള സ്വാതന്ത്ര്യം നിഷധിക്കപ്പെട്ട അനുഭവവുമുണ്ട്. ഭരണകൂടത്തില്‍ നിന്നും സംഘടിതപ്രസ്ഥനങ്ങളില്‍ നിന്നും അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള വിലക്ക് എല്ലാമേഖലയുലുമുണ്ട് എന്നു സാരം. അതിനിടയിലാണ് ഒരു പൊതുഇടത്തില്‍ അല്‍പ്പംപോലും ജനാധിപത്യബോധമില്ലാത്തതുപോലെയുള്ള ഇടപെടലുകള്‍.
വാസ്തവത്തില്‍ ഒരു വ്യക്തിയുടെ ജനാധിപത്യബോധം മാത്രമല്ല, വ്യക്തിത്വവും വെളിവാക്കുന്നതാണ് സൈബര്‍ ലോകത്തെ ഇടപെടലുകള്‍. പല വിദേശരഷ്ട്രങ്ങളിലും ഒരാളെ ജോലിക്കെടുക്കുന്നത് മുതല്‍ വിവാഹാലോചനയില്‍ വരെ ഇത്തരത്തിലുള്ള ഇടപെടലുകള്‍കൂടി പരിശോധിക്കാറുണ്ടത്രെ. കേരളത്തില്‍ ഇത്തരമൊരു പരിശോധന നടത്തിയാല്‍ എന്തായിരിക്കും അവസ്ഥ? മുകളില്‍ സൂചിപ്പിച്ച പോലെ അത്തരമൊരവസ്ഥയിലേക്ക് നാം വളരാന്‍ ഇനിയും എത്രയോ കാലം കാത്തിരിക്കേണ്ടിവരും.. ഫേസ് ബുക്കിലെ പ്രൊഫൈലില്‍ നിന്നുള്ള ചിത്രങ്ങള്‍ ഡൗണ്‍ ലോഡ് ചെയ്ത് മോര്‍ഫിംഗ് നടത്തുന്ന സംഭവങ്ങള്‍ ഒരുപാട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടല്ലോ. ്ത്തരത്തില്‍ ഡൗണ്‍ഡ ലോഡ് ചെയ്യാനുള്ള ഓപ്ഷന്‍ തടയാവുന്നതല്ലേ എന്ന് ആരോ ഒരിക്കല്‍ അന്വേഷിച്ചത്രെ. എന്നാല്‍ ്ത്തരമൊരു സാധ്യത പോലും ഇതിനു രൂപം കൊടുത്തവര്‍ സങ്കല്‍പ്പിച്ചിരുന്നില്ല എന്ന മറുപടിയാണ് ലഭിച്ചത്. അത്തരം പ്രവര്‍ത്തനത്തിലൂടെ നമ്മുടെ നിലവാരമാണ് പ്രകടമാകുന്നത്. അതാകട്ടെ ഒറ്റപ്പെട്ട വ്യക്തികളുടെ പ്രശ്‌നവുമല്ല. ജനാധിപത്യത്തിലും സാമൂഹ്യബോധത്തിലും ലിംഗനീതിയിലുമെല്ലാം കേരളീയസമൂഹം എത്രയോ പുറകിലാണ് എന്നാണ് ഇതെല്ലാം തെളിയിക്കുന്നത്.
അതേസമയം ഫേസ് ബുക്കാണ് സാമൂഹ്യപ്രവര്‍ത്തനത്തിനുള്ള ഏക ഇടം എന്നു കരുതുന്നതും ശരിയല്ല. നിരവധി മാധ്യമങ്ങൡ ഒന്നുമാത്രമാണത്. അതിനെ കൂടുതല്‍ ഉദാത്തവല്‍ക്കരിക്കുന്നതും അര്‍ത്ഥരഹിതമാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply