ജനാധിപത്യം നാണിച്ച് തലതാഴ്ത്തി നിന്ന ദിനം

ജനാധിപത്യം നാണിച്ച് തലതാഴ്ത്തി നിന്ന ദിനമായിരുന്നു ഇന്ന്. ജനാധിപത്യമൂല്യങ്ങളെല്ലാം മാറ്റിവെച്ച് ഭരണപക്ഷവും പ്രതിപക്ഷവും പിടിവാശിയും ഈഗോയുമായി ഏറ്റുമുട്ടിയപ്പോള്‍ പരിക്കേറ്റത് ഏതാനും എംഎല്‍എമാര്‍ക്കല്ല, ജനാധിപത്യത്തിനാണ്. ഈ സംഭവങ്ങള്‍ സൃഷ്ടിച്ച കീഴ്‌വഴക്കം ഭാവിയില്‍ ഇതിനേക്കാള്‍ മോശമായ അവസ്ഥയുണ്ടാക്കും. കേരളത്തിന്റെ സാമ്പത്തകാവസ്ഥ മോശപ്പെട്ട അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് ധനകാര്യവകുപ്പുതന്നെ സമ്മതിക്കുമ്പോഴാണ് ഈ അപഹാസ്യനാടകങ്ങള്‍ അരങ്ങേറുന്നത്. വാച്ച് ആന്‍ഡ് വാര്‍ഡിന്റെയും ഭരണപക്ഷ എം.എല്‍.എമാരുടെയും കനത്ത വലയത്തിനുള്ളില്‍ സാങ്കേതികമായി മന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിച്ചെന്നു പറയാം. എന്നാല്‍ സ്പീക്കര്‍ ചേംബറിലിരുന്ന് അനുമതി നല്‍കാത്തതിനാല്‍ സാങ്കേതികമായും […]

asemജനാധിപത്യം നാണിച്ച് തലതാഴ്ത്തി നിന്ന ദിനമായിരുന്നു ഇന്ന്. ജനാധിപത്യമൂല്യങ്ങളെല്ലാം മാറ്റിവെച്ച് ഭരണപക്ഷവും പ്രതിപക്ഷവും പിടിവാശിയും ഈഗോയുമായി ഏറ്റുമുട്ടിയപ്പോള്‍ പരിക്കേറ്റത് ഏതാനും എംഎല്‍എമാര്‍ക്കല്ല, ജനാധിപത്യത്തിനാണ്. ഈ സംഭവങ്ങള്‍ സൃഷ്ടിച്ച കീഴ്‌വഴക്കം ഭാവിയില്‍ ഇതിനേക്കാള്‍ മോശമായ അവസ്ഥയുണ്ടാക്കും. കേരളത്തിന്റെ സാമ്പത്തകാവസ്ഥ മോശപ്പെട്ട അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് ധനകാര്യവകുപ്പുതന്നെ സമ്മതിക്കുമ്പോഴാണ് ഈ അപഹാസ്യനാടകങ്ങള്‍ അരങ്ങേറുന്നത്.
വാച്ച് ആന്‍ഡ് വാര്‍ഡിന്റെയും ഭരണപക്ഷ എം.എല്‍.എമാരുടെയും കനത്ത വലയത്തിനുള്ളില്‍ സാങ്കേതികമായി മന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിച്ചെന്നു പറയാം. എന്നാല്‍ സ്പീക്കര്‍ ചേംബറിലിരുന്ന് അനുമതി നല്‍കാത്തതിനാല്‍ സാങ്കേതികമായും ബജറ്റവതരിപ്പിച്ചിട്ടില്ല എന്നാണ് പ്രതിപക്ഷവാദം.
പ്രതിപക്ഷ അംഗങ്ങളും വാച്ച് ആന്‍ഡ് വാര്‍ഡുമായി സ്പീക്കറുടെ ഡയസിലും ഡയസിലേക്കുള്ള വാതിലിനരികിലും കനത്ത സംഘര്‍ഷം നടക്കുന്നതിനിടെയാണ് കെ.എം മാണി സഭയിലേക്ക് എത്തിയത്. മാണിയെ തടയാനായി സ്പീക്കറുടെ ഡയസിനു ചുറ്റുമായാണ് പ്രതിപക്ഷം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായാണ് ഏതാനും എം.എല്‍.എമാരുടെയും വാച്ച് ആന്‍ഡ് വാര്‍ഡുമാരുടെയും ഒപ്പം മന്ത്രി മുന്നിലെ വാതിലിലൂടെ സഭയിലെത്തിയത്. സംഘര്‍ഷത്തിനിടെ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ വലയത്തില്‍ സ്പീക്കര്‍ ഡയസിലെത്തി, മൈക്കില്ലാതെ തന്നെ ബജറ്റ് അവതരിപ്പിക്കാന്‍ മാണിയെ ക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് കോളര്‍ മൈക്ക് വെച്ചാണ് മാണി ബജറ്റ് അവതരിപ്പിച്ചത്. ബജറ്റിന്റെ ആമുഖം വായിച്ചശേഷം ബജറ്റ് സഭയുടെ മേശപ്പുറത്തു വെക്കുകയായിരുന്നു. പിന്നീട് മാധ്യമങ്ങള്‍ക്കുമുന്നിലാണ് ബജറ്റ് വായിച്ചത്.
പ്രതിപക്ഷ അംഗങ്ങളും വാച്ച് ആന്‍ഡ് വാര്‍ഡും തമ്മിലുള്ള സംഘര്‍ഷത്തിനിടെ സ്പീക്കറുടെ ഡയസിലെ കമ്പ്യൂട്ടറും കസേരകളും മൈക്കും തകര്‍ത്തു. പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള വന്‍ വാക്‌പോരിനും സഭ വേദിയായി. പലര്‍ക്കും പരിക്കേറ്റു.
പ്രതിഷേധ പ്രകടനത്തിനിടയില്‍ അഞ്ച് പ്രതിപക്ഷ എം.എല്‍.എമാര്‍ ദേഹാസ്വാസ്ഥ്യമുണ്ടായി. കുഴഞ്ഞു വീണ ശിവന്‍കുട്ടി, കെ.അജിത്, സലിഖ എന്നീ എം.എല്‍.എമാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉന്തിലും തള്ളിലും വാച്ച് ആന്റ് വാര്‍ഡിനും പരിക്കേറ്റു. ഷീജാ ബീഗം, നവീന്‍, രാജേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
സഭയില്‍ വനിതാ എം.എല്‍.എമാരെ കൈയേറ്റം ചെയ്തതായും  പരാതിയുര്‍ന്നിട്ടുണ്ട്. ഗീതാ ഗോപി എം.എല്‍.എയെ തള്ളിയിടുകയും ബിജി മോളെ തടഞ്ഞുവെക്കുകയും ചെയ്തു. കെ.ലതികയെ ഭരണകക്ഷി എം.എല്‍.എ തള്ളിമാറ്റിയതായും പരാതിയുണ്ട്.
സഭയില്‍ ഇതെല്ലാം നടക്കുമ്പോള്‍ പുറത്ത് തിരുവനന്തപുരം നഗരം യുദ്ധക്കളവുമായി. ജനജീവിതം സ്തംഭിച്ച കാര്യം പ്രതേകിച്ച് പറയേണ്ടതില്ലല്ലോ.
ബജറ്റ് മാണി തന്നെ അവതരിപ്പിക്കുമെന്ന ഭരണമുന്നണിയുടേയും അതനുവദിക്കില്ലെന്ന പ്രതിപക്ഷത്തിന്റേയും വാശിയാണ് ഈ നിലയില്‍ ജനാധിപത്യത്തിനു നാണക്കേടുണ്ടാക്കിയത്. ഇരുകൂട്ടരുടേയും നിലപാടുകള്‍ ശരിയല്ല എന്നതാണ് യാഥാര്‍ത്ഥ്യം. അഴിമതി നിരോധ നിയമത്തിലെ 13(ഡി) വകുപ്പുപ്രകാരം ധനമന്ത്രിക്കെതിരേ അന്വേഷണം നടക്കുകയാണ്. അതുസംബന്ധിച്ച റിപ്പോര്‍ട്ടും, ആരോപണങ്ങളുടെ വിവരണവും തെളിവുകളുടെ സൂചനയും വിജിലന്‍സ് കോടതിക്കു മുന്നിലുണ്ട്. ധനമന്ത്രിയെന്ന നിലയില്‍ 116 കോടിയുടെ റവന്യൂറിക്കവറി സ്‌റ്റേ ചെയ്തതടക്കമുള്ള ആരോപണങ്ങളും തെളിവുകളുടെ ശബ്ദരേഖകളും നിയമസഭയുടെ മേശപ്പുറത്തും പൊതുജനങ്ങളുടെ മുമ്പിലുമുണ്ട്. ഈ സാഹചര്യത്തില്‍ മാണി മാറിനിന്നിരുന്നെങ്കില്‍ അതായിരുന്നു ധാര്‍മ്മികമായി ശരി. ജനാധിപത്യത്തെ അത് ശക്തിപ്പെടുത്തുമായിരുന്നു. കുറ്റവാളിയെന്നു കോടതിവിധി വരുംവരെ നിരപരാധിയായി കാണണമെന്ന തത്വം സാങ്കേതികമായി ശരിയാണ്. എന്നാല്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന പൊതുപ്രവര്‍ത്തര്‍ അതില്‍ കടിച്ചുതൂങ്ങുന്നത് ശരിയല്ല.
മറുവശത്ത് കൃത്യമായി ഇനിയും തെളിയാത്ത ആരോപണങ്ങളുടെ പേരില്‍ ഇത്ര രൂക്ഷമായ സംഭവങ്ങള്‍ വേണോ എന്ന് പ്രതിപക്ഷവും ചിന്തിക്കേണ്ടതായിരുന്നു. സോളാറില്‍ അമിതാവേശം കാണിച്ചതിന്റെ ഫലം എന്തായി? ഒരുപക്ഷെ അഡ്ജസ്റ്റ്‌മെന്റ് സമരമെന്ന ആരോപണത്തെ എതിരിടാനായിരിക്കാം ഇത്. എന്നാല്‍ വാച്ച് ആന്റ് വാഡിന്റെ സഹായത്തോടെ മാണി ബജറ്റ് മേശപ്പുറത്തുവെക്കുമെന്നതില്‍ സംശയമുണ്ടായിരുന്നോ? ഈ ലഹള കൊണ്ടൊന്നും അതു തടയാനാകില്ല എന്നു മുന്‍കൂട്ടി കാണാന്‍ പ്രതിപക്ഷത്തിനായില്ലേ? അതല്ല, പ്രതിഷേധം ശക്തമാക്കുകയാണ് ഉദ്ദേശമെങ്കിലും ഇതാണോ ചെയ്യുക? ഉന്തും തള്ളും കമ്പ്യൂട്ടര്‍ വലിച്ചെറിയലുമാണോ ശക്തമായ പ്രതിഷേധം? മാത്രമല്ല, ബജറ്റ് അവതരിപ്പിച്ചു. ഇനിയെന്തുചെയ്യും? ഈ നിലക്ക് മാണി അവതരിപ്പിച്ച ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുക്കാനാവുമോ? പങ്കെടുത്താല്‍ അപഹാസ്യമാകില്ലേ? പങ്കെടുത്തില്ലെങ്കില്‍ ഭരണപക്ഷത്തിനു സന്തോഷമാകില്ലേ? അപ്പോഴും നഷ്ടം ജനങ്ങള്‍ക്കും ജനാധിപത്യത്തിനും തന്നെ.
കേരളത്തിന്റെ കാര്‍ഷികമേഖല വീണ്ടും താഴേക്കെന്ന ആശങ്കാജനകമായ കണക്കുകള്‍ പുറത്തുവന്നപ്പോഴാണ് ഇരുപക്ഷവും ജനങ്ങളെ വഞ്ചിക്കുന്ന ഈ നാടകങ്ങള്‍ നടത്തുന്നതെന്നതാണ് ഏറ്റവും ഖേദകരം. കാര്‍ഷിക മേഖലയില്‍ വളര്‍ച്ചാനിരക്ക് താഴേക്ക് പോയതായി ബജറ്റിനു മുമ്പായുള്ള ആസൂത്രണ ബോര്‍ഡിന്റെ സാമ്പത്തികാവലോകനം പറയുന്നു. നെല്ലും ഏലവും നാളികേരവുമൊഴികെ മറ്റ് മിക്ക കൃഷികളുടെയും ഉല്‍പാദനവും ഉല്‍പാദനക്ഷമതയും ഇടിഞ്ഞിരിക്കുകയാണ്. കാര്‍ഷിക മേഖലയിലെ വളര്‍ച്ച -2.88 ശതമാനമായാണ് കുറഞ്ഞത്. കാര്‍ഷികഅനുബന്ധമേഖലകള്‍ മൊത്തമായി എടുത്താല്‍ -1.36 ശതമാനമാണ് വളര്‍ച്ച. തീര്‍ച്ചയായും സേവന മേഖലയില്‍ വളര്‍ച്ചയുണ്ട്. അതിന്റെ ഫലമായി സംസ്ഥാനം പോയ സാമ്പത്തികവര്‍ഷം 6.27 ശതമാനം വളര്‍ച്ച നേടിയ്ിട്ടുമുണ്ട്. കഴിഞ്ഞ വര്‍ഷം അത് 5.92 ശതമാനമായിരുന്നു. എന്നാലത് ആശ്വാസജനകമല്ല എന്നതാണ് വസ്തുത. സേവനമേഖലയുടെ ഏകപക്ഷിയമായ വളര്‍ച്ചയാണല്ലോ കേരളത്തിന്റെ ശാപം. അതുതന്നെയാണ് തുടരുന്നത്. മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ കാര്‍ഷിക മേഖലയുടെ പങ്ക് മുന്‍വര്‍ഷത്തെ 9.51 ശതമാനത്തില്‍ നിന്ന് 8.83 ശതമാനമായി താഴ്ന്നു. വ്യവസായികമേഖല 1.34 ശതമാനം വളര്‍ച്ച കൈവരിച്ചപ്പോള്‍ സേവനമേഖലക്ക് 8.95 ശതമാനം വളര്‍ച്ചയുണ്ടായി.   മൊത്തം ഉല്‍പാദനത്തില്‍ 70.9 ശതമാനമാണ് സേവന മേഖലയുടെ സംഭാവന.
കാര്‍ഷികമേഖലയുടെ കണക്കുകള്‍ നോക്കുക. 13-14ല്‍ കൃഷിയിറക്കിയ 26.1 ലക്ഷം ഹെക്ടറില്‍ 10.32 ശതമാനം മാത്രമാണ് ഭക്ഷ്യവിളകളായ നെല്ല്, പയര്‍വര്‍ഗങ്ങള്‍, മരച്ചീനി എന്നിവ കൃഷി ചെയ്തത്. നെല്‍കൃഷിയുടെ വിസ്തൃതി നേരിയ തോതില്‍ വര്‍ധിക്കുകയും ഉല്‍പാദനവും ഉല്‍പാദനക്ഷമതയും മുന്‍വര്‍ഷത്തെക്കാള്‍ വര്‍ധിക്കുകയും ചെയ്തു. അതുമാത്രമാണ് അല്‍പ്പം ആശ്വാസം.  ഏലത്തിന്റെ ഉല്‍പാദനവും ഉല്‍പാദനക്ഷമതയും കൂടി. എന്നാല്‍ മറ്റുള്ള വിളകളുടെ അവസ്ഥ മോശമായി. കുരുമുളക്,  ഇഞ്ചി, മഞ്ഞള്‍,  തേയില, കാപ്പി, കശുവണ്ടി , റബര്‍, നാളികേരം  എന്നിവയുടെ ഉല്‍പാദനവും ഉല്‍പാദനക്ഷമതയും കുറഞ്ഞു.  പാല്‍ ഉല്‍പാദനം കുറഞ്ഞിരിക്കുകയാണ്. അതേസമയം  പഴങ്ങളുടെയും നാളികേരത്തിന്റെയും ഉല്‍പാദനം കൂടി.
മറുവശത്ത്  സംസ്ഥാനത്തിന്റെ പൊതു കടം വന്‍തോതില്‍ വര്‍ധിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളില്‍ 29 എണ്ണവും നഷ്ടത്തിലാണ്. 15 എണ്ണം മാത്രമാണ് ലാഭത്തിലുള്ളത്. നഷ്ടം ഈ കാലയളവില്‍ 38.81 കോടിയില്‍ നിന്ന് 107.63 കോടിയായി പെരുകി. ഇവയുടെ ടേണ്‍ ഓവര്‍ 2962.05 കോടിയില്‍ നിന്ന് 1294.67 കോടിയായി  പ്രവാസിനിക്ഷേപത്തില്‍ വര്‍ധന വന്നെങ്കിലും സംസ്ഥാനത്തെ ബാങ്കുകളുടെ വായ്പാനിക്ഷേപ അനുപാതം കുറഞ്ഞു.  ചുരുക്കത്തില്‍ പ്രതീക്ഷ നല്‍കുന്ന ഭാവിയല്ല മുന്നിലെന്ന് സാരം. ആ സാഹചര്യത്തിലാണ് ഇത്തരം അപഹാസ്യസംഭവങ്ങള്‍ നടക്കുന്നതെന്നത് ജനാധിപത്യ വിശ്വാസികള്‍ ഗൗരവമായി കാണേണ്ടതാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply