ജനസമ്പര്‍ക്കപരിപാടി : ഇതെന്താ രാജഭരണമോ?

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണല്ലോ ഇന്ത്യ. എന്നാല്‍  ഇവിടെ നിലനില്‍ക്കുന്നത് രാജഭരണമാണെന്നാണോ നമ്മുടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ധരിച്ചുവെച്ചിരിക്കുന്നത്? ഏറെ കൊട്ടിഘോഷിച്ച് നടത്തുന്ന ജനസമ്പര്‍ക്കപരിപാടി അതിന്റെ സൂചനയല്ലാതെ മറ്റെന്താണ്? തീര്‍ച്ചയായും നമ്മുടെ സര്‍ക്കാര്‍ ഉദ്യാഗസ്ഥരുടെ അനാസ്ഥയും അഴിമതിയും മറ്റുമാണ് ഇത്തരത്തിലുള്ള പരിപാടി ആവശ്യമാക്കുന്നത്. പാവപ്പെട്ട ഒരാള്‍ തങ്ങളുടെ അവകാശത്തിനായി സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുമ്പോള്‍ പൊതുവില്‍ സംഭവിക്കുന്നതെന്താണെന്ന് എല്ലാവര്‍ക്കുമറിയാം. എത്രയോ തവണ അതിനായി കയറിയിറങ്ങേണ്ടിവരുന്നു. സര്‍ക്കാരിന്റെ ചുവപ്പുനാടക്കും ഉദ്യോഗസ്ഥരുടെ അനാസ്ഥക്കും മുന്നില്‍ ജനം നിസ്സഹായരാകുന്നു. അത്തരമൊരു സാഹചര്യത്തിലാണ് […]

mcpidu03

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണല്ലോ ഇന്ത്യ. എന്നാല്‍  ഇവിടെ നിലനില്‍ക്കുന്നത് രാജഭരണമാണെന്നാണോ നമ്മുടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ധരിച്ചുവെച്ചിരിക്കുന്നത്? ഏറെ കൊട്ടിഘോഷിച്ച് നടത്തുന്ന ജനസമ്പര്‍ക്കപരിപാടി അതിന്റെ സൂചനയല്ലാതെ മറ്റെന്താണ്?
തീര്‍ച്ചയായും നമ്മുടെ സര്‍ക്കാര്‍ ഉദ്യാഗസ്ഥരുടെ അനാസ്ഥയും അഴിമതിയും മറ്റുമാണ് ഇത്തരത്തിലുള്ള പരിപാടി ആവശ്യമാക്കുന്നത്. പാവപ്പെട്ട ഒരാള്‍ തങ്ങളുടെ അവകാശത്തിനായി സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുമ്പോള്‍ പൊതുവില്‍ സംഭവിക്കുന്നതെന്താണെന്ന് എല്ലാവര്‍ക്കുമറിയാം. എത്രയോ തവണ അതിനായി കയറിയിറങ്ങേണ്ടിവരുന്നു. സര്‍ക്കാരിന്റെ ചുവപ്പുനാടക്കും ഉദ്യോഗസ്ഥരുടെ അനാസ്ഥക്കും മുന്നില്‍ ജനം നിസ്സഹായരാകുന്നു. അത്തരമൊരു സാഹചര്യത്തിലാണ് ഇത്തരത്തില്‍ ആഘോഷപൂര്‍വ്വമായ പരിപാടികള്‍ സംഘടിപ്പിക്കേണ്ടിവരുന്നതെന്ന വാദത്തില്‍ കഴമ്പുണണ്ട്. എന്നാല്‍ സര്‍ക്കാര്‍ ചെയ്യേണഅടത് എന്താണ്? ഉദ്യോഗസ്ഥരെ കൊണ്ട് അവരുടെ തൊഴില്‍ ചെയ്യിക്കലാണ്. വില്ലേജ് ഓഫീസറുടെ ജോലി പോലും മുഖ്യമന്ത്രി ഏറ്റെടുക്കലല്ല.
ജനസമ്പര്‍ക്കപരിപാടിയുടെ സംഘാടനരീതി രാജഭരണത്തെ അനുസ്മരിക്കുന്നതാണെന്ന് പറയാതെ വയ്യ. ചുരുങ്ങിയത് കഴിഞ്ഞ വര്‍ഷമെങ്കിലും അങ്ങനെയായിരുന്നു. ഇക്കുറി മാറ്റമുണ്ടെങ്കില്‍ നന്ന്. എണിറ്റുനില്‍ക്കാന്‍ പോലും കഴിയാതെ അവശരായ രോഗികള്‍ക്കിടയിലേക്ക് ആശ്വാസവുമായുള്ള മുഖ്യമന്ത്രിയുടെ വരവ് ഫ്യൂഡല്‍ ഭരണത്തെ അനുസ്മരിക്കുന്നതാണ്. പല രോഗികളേയും ആംബുലന്‍സിലാണ് സ്ഥലത്തെത്തിക്കുന്നത്. നൂറുകണക്കിനു ക്യാമറകള്‍ക്കും അണികള്‍ക്കും മുന്നില്‍ നിന്ന് പ്രജകളുടെ പരാതി കേട്ട് ഉടനടി പരിഹാരം പ്രഖ്യാപരിക്കുന്നത് ഒരു ജനാധിപത്യ ഗവണ്മന്റിന്റെ തലവനു ചേര്‍ന്ന രീതിയല്ല. തീര്‍ച്ചായും അതുകൊണ്ട് നിരവധി പേര്‍ക്ക് ഗുണമുണ്ടാകാം. എന്നാല്‍ അത്മുഖ്യന്റെ ഔദാര്യമല്ലാതെ, അവരുടെ അവകാശമായിതന്നെ ലഭ്യമാക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. അതിന്റെ തടസ്സങ്ങള്‍ നീക്കുന്നതിലാണ് മുഖ്യമന്ത്രി ആര്‍ജ്ജവം കാണിക്കേണ്ടത്.
ജനസമ്പര്‍ക്ക പരിപാടിക്ക് ഇത്തവണ ലഭിച്ചത് 1,28,535 പരാതികളാണ്. ഇവയില്‍ നേരത്തെ പരാതി നല്‍കുകയും ഉദ്യോഗസ്ഥതലത്തില്‍ ഇതിനകം പരിഹാരം കാണുകയും ചെയ്തവവര്‍ക്കുള്ള ആനുകൂല്യങ്ങളും രേഖകളും ജനസമ്പര്‍ക്ക പരിപാടിയുടെ വേദിയില്‍ വിതരണം ചെയ്യും. മുഖ്യമന്ത്രി നേരിട്ടു പരിഹരിക്കേണ്ട സങ്കീര്‍ണമായ പരാതികള്‍ രാവിലെ ഒന്‍പതു മുതല്‍ ഒന്നു വരെയും രണ്ടു മുതല്‍ അഞ്ചു വരെയും നേരിട്ടു കേട്ടു തീരുമാനം എടുക്കും. നേരത്തെ പരാതിപ്പെടാന്‍ സാധിക്കാത്തവരുടെ പ്രശ്‌നങ്ങള്‍ ഉച്ചയ്ക്ക് ഒന്നു മുതല്‍ രണ്ടു വരെയുള്ള ഭക്ഷണ സമയത്തും വൈകിട്ട് അഞ്ചിനു ശേഷവുമായിരിക്കും കേള്‍ക്കും. മുഴുവന്‍ പരാതിക്കാരെയും കണ്ട ശേഷമേ മുഖ്യമന്ത്രി പരിപാടി അവസാനിപ്പിക്കുകയുള്ളൂ. തീര്‍ച്ചയായും ഇതൊക്കെ കണ്ടാല്‍ ഐക്യരാഷ്ട്രസഭ പുരസ്‌കാരം നല്‍കും. എന്നാല്‍ ഇതല്ല ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരു ഭരണാധികാരി ചെയ്യേണ്ടെതെന്നുമാത്രം.
തിരുവനന്തപുരത്തെ ജനസമ്പര്‍ക്ക പരിപാടിയില്‍ 14,957 പരാതികള്‍ക്കാണു പരിഹാരം കാണുന്നത്. കൊല്ലം -29(10,820), മലപ്പുറം- നവംബര്‍ 4(10,171), പത്തനംതിട്ട- 8(4073), പാലക്കാട് -11(18,480), കോഴിക്കോട് -16(9925), കണ്ണൂര്‍- 18(5989), തൃശൂര്‍- 22(22,199), കോട്ടയം- 25 (1762), കാസര്‍കോട്- 29 (6908), വയനാട് -ഡിസംബര്‍- 5 (10,264), ആലപ്പുഴ- 7 (6318), ഇടുക്കി- 9(4007). എറണാകുളം (3251) എന്നിങ്ങനെയാണ് പരാതികളുടെ എണ്ണം. 2011ലെ ജനസമ്പര്‍ക്ക പരിപാടിയില്‍ 5,45,208 പരാതി ലഭിച്ചതില്‍ 2,97,212 എണ്ണം പരിഹരിച്ചിരുന്നു. അതേസമയം പ്രഖ്യാപിച്ച നിരവധി ആനുകൂല്യങ്ങള്‍ ഇതുവരേയും ലഭ്യമായിട്ടില്ല എന്ന പരാതി വ്യാപകമാണ്. അക്കാര്യത്തില്‍ ഒരു തുടര്‍ പരിശോധന അനിവാര്യമാണ്.
അതേസമയം ജനസമ്പര്‍ക്ക പരിപാടിക്കെതിരെ ഉപരോധസമരവുമായി മുന്നോട്ടുപോകുന്ന ആത്മഹത്യാപരമായ നീക്കത്തിലാണ് പ്രതിപക്ഷം. പരിപാടിയുടെ ജനാധിപത്യവിരുദ്ധമായ ഉള്ളടക്കമല്ല, ഏറെ ചര്‍ച്ച ചെയ്തും സമരം ചെയ്തും അപഹാസ്യമായി തീര്‍ന്ന സോളാര്‍ വിഷയത്തിന്റെ പേരിലാണ് ഉപരോധം. പരാതി തീര്‍പ്പാക്കാന്‍ ഇത്രയധികം ജനങ്ങള്‍ ഒരുമിച്ചെത്തുന്ന പരിപാടി തടസ്സപ്പെടുത്തുന്നത് ഉചിതമല്ലെന്ന് എല്‍ഡിഎഫിലെ നിരവധി നേതാക്കള്‍ക്ക് അഭിപ്രായമുണ്ടെങ്കിലും സമരം നടത്താനാണ് തീരുമാനം. ജനാഭിപ്രായം എതിരെന്ന് കണ്ടാല്‍ തുടര്‍ സമരങ്ങള്‍ മയപ്പെടുത്തുമെന്നും പറയുന്നുണ്ട്. മിക്കവാറും അതുതന്നെയാകും സംഭവിക്കുക. ഒരിക്കല്‍ കൂടി സ്വയം നാണം കെടാനും മുഖ്യമന്ത്രിയുടെ പ്രതിഛായ വര്‍ദ്ധിക്കാനുമാണ് പ്രതിപക്ഷനീക്കം സഹായിക്കുക എന്നതില്‍ സംശയമില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply