ജനസഞ്ചയരാഷ്ട്രീയം കപടസൈദ്ധാന്തിക നിര്‍മ്മിതി

കെ വേണു ജനസഞ്ചയങ്ങള്‍ എന്ന് സ്പിനോസ വിളിക്കാന്‍ തുടങ്ങിയ വിവിധതരം കൂട്ടായ്മകളുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ജനസഞ്ചയസൈദ്ധാന്തികര്‍ ഊന്നല്‍ നല്‍കുന്നത്. തീര്‍ച്ചയായും വിവിധതരം ജനക്കൂട്ടായ്മകള്‍ തന്നെയാണ് എല്ലാകാലത്തും ചെറുത്തുനില്പുകള്‍ നടത്തിയിട്ടുള്ളത്. ഗോത്രകാലം മുതല്‍ക്കതന്നെ ഇത്തരം കൂട്ടായ്മകള്‍ക്കെല്ലാം ഏതെങ്കിലും വിധത്തിലുള്ള സാമൂഹ്യസംഘടനാരൂപങ്ങള്‍ ഉണ്ടായിട്ടുണ്ട്. സംഘടനാരൂപങ്ങള്‍ ഇല്ലാതെ, അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ എന്തെങ്കിലും പ്രത്യേക സംഭവങ്ങളോടുള്ള പ്രതികരണമെന്ന നിലയ്ക്ക് ആള്‍ക്കൂട്ടമുന്നേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, അവ താലാക്കാലികം മാത്രമായിരിക്കും. തുടരേണ്ട അവസ്ഥയുണ്ടായാല്‍, ഏതെങ്കിലും സാമൂഹ്യസംഘടനാരൂപങ്ങളിലേയ്ക്ക് അവ രൂപാന്തരപ്പെടുകയും ചെയ്യും. ചരിത്രാതീതകാലം മുതല്‍ക്കേ മനുഷ്യസമൂഹചരിത്രത്തില്‍ കണ്ടുവരുന്ന ഈ […]

jjjകെ വേണു

ജനസഞ്ചയങ്ങള്‍ എന്ന് സ്പിനോസ വിളിക്കാന്‍ തുടങ്ങിയ വിവിധതരം കൂട്ടായ്മകളുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ജനസഞ്ചയസൈദ്ധാന്തികര്‍ ഊന്നല്‍ നല്‍കുന്നത്. തീര്‍ച്ചയായും വിവിധതരം ജനക്കൂട്ടായ്മകള്‍ തന്നെയാണ് എല്ലാകാലത്തും ചെറുത്തുനില്പുകള്‍ നടത്തിയിട്ടുള്ളത്. ഗോത്രകാലം മുതല്‍ക്കതന്നെ ഇത്തരം കൂട്ടായ്മകള്‍ക്കെല്ലാം ഏതെങ്കിലും വിധത്തിലുള്ള സാമൂഹ്യസംഘടനാരൂപങ്ങള്‍ ഉണ്ടായിട്ടുണ്ട്. സംഘടനാരൂപങ്ങള്‍ ഇല്ലാതെ, അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ എന്തെങ്കിലും പ്രത്യേക സംഭവങ്ങളോടുള്ള പ്രതികരണമെന്ന നിലയ്ക്ക് ആള്‍ക്കൂട്ടമുന്നേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, അവ താലാക്കാലികം മാത്രമായിരിക്കും. തുടരേണ്ട അവസ്ഥയുണ്ടായാല്‍, ഏതെങ്കിലും സാമൂഹ്യസംഘടനാരൂപങ്ങളിലേയ്ക്ക് അവ രൂപാന്തരപ്പെടുകയും ചെയ്യും. ചരിത്രാതീതകാലം മുതല്‍ക്കേ മനുഷ്യസമൂഹചരിത്രത്തില്‍ കണ്ടുവരുന്ന ഈ സാമൂഹ്യപ്രക്രിയയുടെ പല രൂപത്തിലുള്ള തുടര്‍ച്ചകള്‍ തന്നെയാണ് സമീപകാലചരിത്രത്തിലും കണ്ടുകൊണ്ടിരിക്കുന്നത്.
ജൈവാധികാരകേന്ദ്രത്തോടുള്ള ചെറുത്തുനില്പ് എന്ന രീതിയില്‍ വളര്‍ന്നുവരുന്നതായി അവതരിപ്പിക്കുന്ന ജൈവരാഷ്ട്രീയം മുഖ്യമായും ജനസഞ്ചയമുന്നേറ്റങ്ങളായി വളര്‍ന്നുവരുമെന്ന സങ്കല്പമാണ് നെഗ്രിയും കൂട്ടരും അവതരിപ്പിക്കുന്നത്. ഉത്തരാധുനിക സൈദ്ധാന്തികര്‍ ഉന്നയിക്കുന്ന ഒരു വ്യാഖ്യാനത്തെ കൂട്ടുപിടിച്ചുകൊണ്ടാണ് ഈ ജനസഞ്ചയമുന്നേറ്റങ്ങള്‍ ഇവര്‍ അവതരിപ്പിക്കുന്നത്. ആധുനികം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പാര്‍ലമെന്ററി ജനാധിപത്യത്തില്‍ അധിഷ്ഠിതമായ മുഖ്യധാരാരാഷ്ട്രീയത്തിന് സമാന്തരമായി ഇരുപതാംനൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍, ലോകത്തിന്റെ നാനാഭാഗങ്ങളിലും വളര്‍ന്നുവന്ന വംശീയ, ദേശീയ, ഭാഷാ, മതന്യൂനപക്ഷങ്ങള്‍, മര്‍ദ്ദിതജാതിവിഭാഗങ്ങള്‍, പുരുഷമേധാവിത്തത്തില്‍ അമരുന്ന സ്ത്രീസമൂഹങ്ങള്‍, ലൈംഗികന്യൂനപക്ഷങ്ങള്‍ തുടങ്ങിയ പ്രാന്തവല്‍കൃത ജനവിഭാഗങ്ങളുടെ സമരങ്ങളാണ് ലോകരാഷ്ട്രീയത്തെ നിര്‍ണ്ണയിക്കാന്‍ പോകുന്നതെന്നാണ് ഉത്തരാധുനികരുടെ വാദം. ജനസഞ്ചയക്കാര്‍ ഈ വാദത്തെ പൊതുവില്‍ അംഗീകരിക്കുന്നുണ്ട്. പക്ഷേ, ജനസഞ്ചയസമരങ്ങളുടെ ഭാഗമായി ബദല്‍ ആധുനിക പ്രസ്ഥാനങ്ങളായി അവതരിപ്പിക്കുന്നു എന്നു മാത്രം. കൂടാതെ, തൊഴിലാളിവര്‍ഗ്ഗം ഉള്‍പ്പെടെ എല്ലാ വിഭാഗം മര്‍ദ്ദിത, ദരിദ്രജനസമൂഹങ്ങളുടെ മൊത്തം സമരങ്ങളുടെ ഭാഗമായിട്ടാണ് ഈ പ്രാന്തവല്‍കൃതജനസമരങ്ങളെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മാര്‍ക്‌സും ലെനിനും കൂട്ടരും ചെയ്തതുപോലെ തൊഴിലാളി വര്‍ഗ്ഗത്തിന് നേതൃപരമായ പദവിയൊന്നും നല്‍കുന്നില്ലതാനും.
ജൈവാധികാരകേന്ദ്രീകരണത്തിനെതിരായി ലോകവ്യാപകമായി വളര്‍ന്നുവരുന്ന ഈ സമരങ്ങളില്‍ സജീവമാകുന്ന വൈവിധ്യമാര്‍ന്ന ജനസഞ്ചയങ്ങളോരോന്നും തനതായ കര്‍തൃത്വങ്ങളെ വളര്‍ത്തിക്കൊണ്ടുവരുന്നുണ്ടത്രെ. അതായത് ഓരോ ജനസഞ്ചയവും സ്വന്തം നേതൃത്വശക്തികളെ ഉള്ളില്‍നിന്നു തന്നെ വികസിപ്പിക്കുന്നുണ്ടത്രെ. വ്യക്തിതലത്തിലും ഈ കര്‍തൃത്വവികാസം സംഭവിക്കുന്നുണ്ടെങ്കിലും ജനസഞ്ചയങ്ങളുടെ തലത്തിലാണത്രെ അത് ഏറെ ചലനാത്മകമാവുന്നത്. ലോകത്തെമ്പാടും അങ്ങേ അറ്റം വൈവിധ്യമാര്‍ന്ന ചരിത്രപശ്ചാത്തലത്തിലും സാഹചര്യങ്ങളിലും രൂപപ്പെടുന്ന ഈ ജനസഞ്ചയമുന്നേറ്റങ്ങള്‍ അവയുടെ വ്യതിരിക്തതകള്‍ അതേപടി നിലനിര്‍ത്തിക്കൊണ്ടുതന്നെ പൊതുശത്രുവിനെതിരായി അഭൂതപൂര്‍വ്വമായ രീതിയില്‍ ഒന്നിക്കാനുള്ള ലോകസാഹചര്യമാണ് ഉരുത്തിരിഞ്ഞുകൊണ്ടിരിക്കുന്നതെന്നും ജനസഞ്ചയക്കാര്‍ സമര്‍ത്ഥിക്കുന്നു. സാമ്പ്രദായികരൂപത്തിലുള്ള നേതൃത്വമോ സംഘടനയോ ഇല്ലാതെ തന്നെ വിപുലമായ ജനസഞ്ചയമുന്നേറ്റങ്ങളുടെ കാലമാണ് വരാന്‍ പോകുന്നതെന്ന് അവര്‍ പ്രവചിക്കുകയും ചെയ്തു. വിവരസാങ്കേതികവിദ്യയുടെയും മറ്റും സഹായത്തോടെ ആഗോളതലത്തില്‍ തന്നെ രൂപം കൊണ്ടിട്ടുള്ള വിവരവിനിമയശൃംഖലകള്‍ പുതിയ കര്‍തൃത്വവല്‍ക്കരണത്തിന് അന്തരീക്ഷമൊരുക്കിയിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാണിച്ചിരുന്നു.
അന്റോണിയോ നെഗ്രിയും മിഷേല്‍ ഹാര്‍ട്ടും ചേര്‍ന്നെഴുതിയ പുസ്തകപരമ്പര പ്രസിദ്ധീകരിക്കപ്പെട്ടതിന് ശേഷമാണ് അവരുടെ പ്രവചനങ്ങളെ സാധൂകരിക്കുംവിധം 2010-11ല്‍ അറബ് വസന്തകലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും നാലഞ്ച് അറബ് രാജ്യങ്ങളിലേയ്ക്ക് വ്യാപിക്കുകയും ചെയ്തത്. ജനസഞ്ചയരാഷ്ട്രീയത്തിന്റെ സാധൂകരണമായി ഈ കലാപങ്ങള്‍ പരിഗണിയ്ക്കപ്പെട്ടുകൊണ്ടുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നു. തുടര്‍ന്ന് സ്‌പെയിനിലും ഗ്രീസിലും ഉയര്‍ന്നു വന്ന ജനമുന്നേറ്റങ്ങളും വാള്‍സ്ട്രീറ്റ് ഉപരോധവും കൂടിയായപ്പോള്‍ പുതിയ രാഷ്ട്രീയസാധ്യത ഗൗരവപൂര്‍വ്വം പരിഗണിയ്ക്കാന്‍ പലരും തയ്യാറായി. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് പരിശോധിയ്‌ക്കേണ്ടത് ആവശ്യം തന്നെ. വിവരവിനിമയശൃംഖലകള്‍ ഉപയോഗിച്ചുള്ള സംഘാടനം ഒരു പുതുമ തന്നെയായിരുന്നു. പക്ഷേ, അത് സാങ്കേതിക തലത്തിലുള്ള ഒരു ഇടപെടല്‍ മാത്രമാണ്. സ്വേച്ഛാധിപത്യഭരണങ്ങള്‍ക്കെതിരായ ജനവികാരം മുമ്പും പല രാജ്യങ്ങളിലും കലാപങ്ങളും ജനമുന്നേറ്റങ്ങളും സൃഷ്ടിച്ചിട്ടുള്ളതിന്റെ ഒരു തുടര്‍ച്ച തന്നെയാണ് ഇവിടെയും സംഭവിച്ചത്. വിവരവിനിമയ ശൃംഖലകളുടെ ഇടപെടല്‍ താല്ക്കാലികമായതുകൊണ്ടു തന്നെ ഈ കലാപങ്ങള്‍ക്കൊന്നും തന്നെ തനതായ രീതിയില്‍ മുന്നോട്ടു പോകാനായില്ല. യാഥാസ്ഥിതികസംഘടന, ഭരണസംവിധാനങ്ങളിലേയ്ക്ക് അവ എത്തിപ്പെടുകയും ചെയ്തു. കലാപം നടന്ന രാജ്യങ്ങളിലെ രാഷ്ട്രീയത്തിന് പുതിയ ഉള്ളടക്കമോ സ്വഭാവമോ കൈവന്നില്ല. സ്പാര്‍ട്ടാക്കസ് കലാപത്തിന് ആ കാലഘട്ടത്തില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞ രാഷ്ട്രീയസ്വാധീനത്തിന്റെ തലത്തില്‍ ഒന്നും സൃഷ്ടിക്കപ്പെട്ടില്ല. ഈ കലാപങ്ങള്‍ നടന്ന രാജ്യങ്ങളിലെ രാഷ്ട്രീയപ്രക്രിയകള്‍ പഴയ സ്വഭാവത്തിലേയ്ക്ക് തന്നെ തിരിച്ച് പോവുകയും ചെയ്തു. ജൈവരാഷ്ട്രീയത്തിന്റെ പുതിയ കര്‍തൃത്വനിര്‍മ്മിതിയൊന്നും അവിടെ സംഭവിച്ചില്ല. ജൈവരാഷ്ട്രീയവും കര്‍തൃത്വനിര്‍മ്മിതിയുമൊക്കെ ജനസഞ്ചയക്കാരുടെ ഭാവനയില്‍ മാത്രമായി ഒതുങ്ങി.
സ്പാര്‍ട്ടക്കസിന്റെ കാലം മുതല്‍ക്ക് കണ്ടുവരുന്ന ജനമുന്നേറ്റങ്ങളില്‍ നിന്ന് ഗുണപരമായി ഒരു പുതിയ സ്വഭാവവും സമകാലീന ജനമുന്നേറ്റങ്ങള്‍ക്ക് ഉണ്ടായിട്ടില്ല. മാത്രമല്ല, കൃത്യമായ സാമൂഹ്യസംഘടനാരൂപങ്ങളില്ലാതെ ഒരു സാമൂഹ്യക്രമത്തിനും നിലനില്ക്കാനാവില്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ്. വിവരവിനിമയശൃംഖലകള്‍ നല്‍കിയ പുതുമയ്ക്ക് ഒരു മറുപുറം കൂടിയുണ്ട്. ഇത്തരം ശൃംഖലകള്‍, ജനാധിപത്യവിരുദ്ധവും സാമൂഹ്യവിരുദ്ധവുമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടിയും അനായാസം ഉപയോഗിക്കപ്പെടാമെന്നതാണ്. അതുകൊണ്ടുതന്നെ, നാളിതുവരെ മനുഷ്യസമൂഹം ജനാധിപത്യപ്രക്രിയയിലൂടെ കൈവരിച്ച ചരിത്രപാഠങ്ങള്‍ സമാഹരിച്ചുകൊണ്ട്, മെച്ചപ്പെട്ട ജനാധിപത്യസമ്പ്രദായത്തിന് ഉതകുന്ന സാമൂഹ്യസംഘടനാരൂപങ്ങള്‍ക്കുവേണ്ടിയുള്ള അന്വേഷണങ്ങളിലാണ് കേന്ദ്രീകരിക്കേണ്ടത്.
ജനസഞ്ചയക്കാര്‍ ഉന്നയിക്കുന്ന മറ്റൊരു ദുരൂഹസങ്കല്പത്തെക്കുറിച്ചുകൂടി ഒരു പരിശോധന ആവശ്യമാണ്. മാര്‍ക്‌സും ലെനിനുമൊക്കെ പറഞ്ഞതുപോലെ, പാര്‍ലമെന്ററി ജനാധിപത്യം ലക്ഷ്യം വെക്കുന്നത് സ്വകാര്യത്വത്തിന്റെ സംരക്ഷണമാണെന്ന് തന്നെയാണ് നെഗ്രിയും കൂട്ടരും സമര്‍ത്ഥിക്കുന്നത്. പക്ഷേ, മാര്‍ക്‌സിനും ലെനിനിനും നേരിടേണ്ടി വരാതിരുന്ന ഒരു പ്രതിസന്ധിയാണ് ഇവരുടെ മുന്നിലുള്ളത്. അത് മറ്റൊന്നുമല്ല, സോവിയറ്റ് മോഡല്‍ സോഷ്യലിസം സൃഷ്ടിച്ച പുതിയ പാഠങ്ങളാണ്. സ്വകാര്യസ്വത്ത് നിരോധിച്ച്, ഉല്പാദനോപാധികള്‍ മുഴുവന്‍ പൊതുസ്വത്താക്കിയാല്‍, സോഷ്യലിസമല്ല, അധികാരകേന്ദ്രീകരണത്തിലൂടെ സോഷ്യല്‍ ഫാസിസമാണ് ഉല്പാദിപ്പിക്കപ്പെടുകയെന്ന പാഠമാണത്. അതുകൊണ്ട് സ്വകാര്യസ്വത്ത് നിരോധിച്ച് പൊതുസ്വത്ത് കേന്ദ്രീകരിക്കുന്ന സോഷ്യലിസ്റ്റ് പരിപാടിയ്ക്ക് ആരുടെയും പിന്തുണ കിട്ടുകയില്ല. തന്മൂലം നെഗ്രിയും കൂട്ടരും പുതിയൊരു സൈദ്ധാന്തികക്കസര്‍ത്തിന് തയ്യാറായിരിക്കുകയാണ്. സ്വാകാര്യസ്വത്ത്/പൊതുസ്വത്ത് എന്ന വിഭജനം കൃത്രിമമായ ദ്വന്ദ്വവിഭജനസങ്കല്പത്തില്‍ നിന്ന് ഉടലെടുക്കുന്നതാണ് എന്ന് പറഞ്ഞുകൊണ്ട്, ആ രണ്ട് സങ്കല്പങ്ങളെയും കയ്യൊഴിയുകയാണ് അവര്‍ ആദ്യം ചെയ്യുന്നത്. പകരമായി എല്ലാവരുടെയും സമ്പത്ത് (രീാാീി ംലമഹവേ) എന്നൊരു സങ്കല്പം അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഭരണകൂടം സ്വകാര്യസമ്പത്ത് പിടിച്ചെടുത്ത് സൃഷ്ടിക്കുന്നതാണ് പൊതുസ്വത്ത്. എന്നാല്‍ ജൈവരാഷ്ട്രീയത്തിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാമൂഹ്യപുനരുല്പാദനപ്രക്രിയയിലൂടെ സൃഷ്ടിക്കപ്പെടുന്ന സാമൂഹ്യവല്‍കൃതസമ്പത്താണത്രെ ഈ എല്ലാവരുടെയും സമ്പത്ത്. സര്‍ക്കാര്‍ പിടിച്ചെടുത്ത സ്വത്തായാലും സാമൂഹ്യ പുനരുല്പാദനത്തിലൂടെ സൃഷ്ടിക്കപ്പെട്ട് സമൂഹത്തിന്റെ സമ്പത്തായാലും രണ്ടും ഫലത്തില്‍ സമൂഹത്തിന് പൊതുവായി അവകാശപ്പെടാവുന്ന സ്വത്താണ്. രണ്ടും ഒന്നുതന്നെയാണ്. ഈരണ്ടുതരം സമ്പത്തിനും മുകളില്‍ സമൂഹത്തിന്റെ നിയന്ത്രണം ഏത് രീതിയില്‍ എന്നതാണ് മര്‍മ്മപ്രധാനം. എല്ലാവരുടെയും സ്വത്തിന് മുകളില്‍ എല്ലാവരുടെയും അവകാശവും നിയന്ത്രണവും സ്വാഭാവികമായി സ്ഥാപിക്കപ്പെടും എന്നൊക്കെ സങ്കല്പിക്കുന്നത് കാല്പനിക സങ്കല്പമെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞുകൂടാ. സോവിയറ്റ് മോഡല്‍ സോഷ്യലിസത്തിന്റെ തിക്താനുഭവങ്ങള്‍ക്കുശേഷവും ഇത്തരം വ്യാമോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ഏറ്റവും മിതഭാഷയില്‍ പറഞ്ഞാല്‍ ജനവഞ്ചനയാണ്.
ജൈവാധികാരകേന്ദ്രിതമായ സാമ്രാജ്യത്തിനെതിരായി വൈവിധ്യമാര്‍ന്ന രീതിയില്‍ നടക്കുന്ന ജനസഞ്ചയമുന്നേറ്റങ്ങളുടെ വിപ്ലവപ്രക്രിയ ലോകവ്യാപകസ്വഭാവം കൈവരിക്കുന്നതോടെ മനുഷ്യസമൂഹത്തിന്റെ നിയന്ത്രണത്തിലുള്ള സമ്പത്തെല്ലാം എല്ലാവരുടെയും സമ്പത്തായി മാറുമെന്നാണ് ജനസഞ്ചയരാഷ്ട്രീയം വിഭാവനം ചെയ്യുന്നത്. അതെങ്ങിനെ യഥാര്‍ത്ഥത്തില്‍ പ്രായോഗികമാവും എന്നൊന്നും അവര്‍ക്ക് പറയാനാവില്ല. പക്ഷേ, അത് സംഭവിക്കും എന്ന് സൈദ്ധാന്തികമായി സ്ഥാപിക്കാനാവും എന്നാണ് അവരുടെ നിലപാട്. മാര്‍ക്‌സ് വിഭാവന ചെയ്ത കാലഹരണപ്പെട്ട കമ്മ്യൂണിസ്റ്റുസ്വപ്നത്തിന്റെ ദൈന്യമായ ഒരു പുനരവതരണം.
സോവിയറ്റ് മോഡല്‍ സോഷ്യലിസത്തില്‍ സംഭവിച്ചതെന്താണെന്ന് നമ്മള്‍ മുന്‍ അദ്ധ്യായങ്ങളില്‍ കണ്ടിട്ടുണ്ട്. യാതൊരുവിധ സ്വത്തിന്റെയും ഉടമകളാകാതെ, സ്വത്തുടമകളായ ജന്മിമാര്‍ക്കും മുതലാളിമാര്‍ക്കും ലഭ്യമായിരുന്ന അധികാരത്തേക്കാള്‍ എത്രയോ മടങ്ങ് അധികം അധികാരം കയ്യാളുന്നവരായി കമ്മ്യൂണിസ്റ്റുകാര്‍ മാറുന്ന കാഴ്ചയാണ് അവിടെ കണ്ടത്. കേന്ദ്രീകരിക്കപ്പെടുന്ന സമ്പത്തില്‍ നിന്നുള്ള കേന്ദ്രീകൃതാധികാരമാണ് കമ്മ്യൂണിസ്റ്റുകാരിലേയ്ക്ക് പ്രവഹിച്ചത്. കമ്മ്യൂണിസ്റ്റുപാര്‍ട്ടി ഭരണം നടക്കുന്നിടത്തെല്ലാം ഈ അധികാരകേന്ദ്രീകരണം കാണാം. ആല്‍ത്തൂസര്‍ മുതല്‍ നെഗ്രി വരെയുള്ള പാശ്ചാത്യമാര്‍ക്‌സിസ്റ്റ് ബുദ്ധിജീവികളാരും ഈ കേന്ദ്രവിഷയം തുറന്നു ചര്‍ച്ച ചെയ്യുകയില്ല. മാര്‍ക്‌സിസംപോലെ അധികാരകേന്ദ്രിതമായ ഒരു സിദ്ധാന്തത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ അധികാരം എന്ന വിഷയം ബോധപൂര്‍വ്വം ഒഴിവാക്കപ്പെടുന്നത് ബുദ്ധിപരമായ സത്യസന്ധതയില്ലായ്മയെയാണ് പ്രതിഫലിപ്പിക്കുന്നത്.
സമ്പത്ത് എല്ലാവരുടേതുമായാലും സാമൂഹ്യവല്‍കൃതമായാലും സ്വകാര്യസ്വത്തല്ലാതാവുന്നതോടെ അത് കേന്ദ്രീകൃതമാകുന്നു. കേന്ദ്രീകൃതസമ്പത്തിന് മുകളില്‍ വരുന്ന അധികാരവും കേന്ദ്രീകൃതമാകുന്നു. കേന്ദ്രീകൃതസമ്പത്തിന് മേല്‍ വികേന്ദ്രീകൃതാധികാരം സാങ്കല്പികം മാത്രമായിരിക്കും. ഇതുവരെയുള്ള മനുഷ്യചരിത്രം നല്‍കുന്ന പാഠം ഇതാണ്. ഇത്തരം ഏകപക്ഷീയമായ അധികാരകേന്ദ്രീകൃതസാമൂഹ്യക്രമങ്ങള്‍ ചരിത്രത്തില്‍ അതിജീവിക്കുകയില്ലെന്നും നമ്മുടെ അന്വേഷണത്തില്‍ കാണുകയുണ്ടായി. അധികാരകേന്ദ്രീകരണം ഒഴിവാക്കപ്പെടണമെങ്കില്‍ സമ്പത്തിന്റെ കേന്ദ്രീകരണവും ഒഴിവാക്കപ്പെടണം. ജനാധിപത്യവ്യവസ്ഥകളില്‍ സ്വകാര്യസ്വത്തും വിപണിയും നിരോധിക്കാതെ, ജനാധിപത്യപരമായ സാമൂഹ്യനിയന്ത്രണത്തിന് വിധേയമാക്കുന്നത് ഏകപക്ഷീയമായ കേന്ദ്രീകരണത്തെയും വികേന്ദ്രീകരണത്തെയും ഒഴിവാക്കാന്‍ വേണ്ടിയാണ്. നെഗ്രിയും കൂട്ടരും നടത്തുന്നതു പോലത്തെ സൈദ്ധാന്തികാഭ്യാസം കൊണ്ട് ഈ ഏകപക്ഷീയമായ കേന്ദ്രീകരണത്തെ ഒഴിവാക്കാനോ ജനാധിപത്യപരമായ സന്തുലനം ഉറപ്പുവരുത്താനോ കഴിയില്ല.
1960കള്‍ മുതല്‍ക്ക് ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ഉയര്‍ന്നുവന്ന തീവ്രവാദപ്രവണതകളില്‍ യൂറോപ്യന്‍ മാതൃകയുടെ സവിശേഷപരിണാമത്തിന്റെ ഫലമാണ് ഈ ജനസഞ്ചയരാഷ്ട്രീയ സിദ്ധാന്തം. ചരിത്രം നിരാകരിച്ചുകഴിഞ്ഞ സോവിയറ്റ് മോഡല്‍ കമ്യൂണിസത്തെ സൈദ്ധാന്തികമായി കൈയൊഴിഞ്ഞുകൊണ്ട് മാര്‍ക്‌സിയന്‍ അടിസ്ഥാനപ്രമാണങ്ങളേയും കമ്യൂണിസ്റ്റ് സ്വപ്നത്തേയും പുതിയ രീതിയില്‍ അവതരിപ്പിച്ച് പ്രതിരോധിക്കാനുള്ള ശ്രമമാണ് ഈ സിദ്ധാന്തവത്കരണത്തിന്റെ അന്തര്‍ധാര. പക്ഷേ നമ്മള്‍ കണ്ടതുപോലെ കപടസൈദ്ധാന്തിക നിര്‍മ്മിതികള്‍ ഏറെ മുഴച്ചുനില്‍ക്കുന്നതുകൊണ്ട് സാമൂഹ്യരാഷ്ട്രീയരംഗങ്ങളില്‍ പ്രയോഗത്തിലേര്‍പ്പെടുന്നവരെ കബളിപ്പിക്കാന്‍ ഈ രാഷ്ട്രീയ സിദ്ധാന്തത്തിന് കഴിയില്ല. എങ്കിലും ആദര്‍ശാത്മകമായി ചിന്തിക്കുന്ന ഒരു ചെറു വിഭാഗത്തെ വ്യമോഹിപ്പിക്കാനും ഇതിന് കഴിഞ്ഞേക്കാം. അത്ര മാത്രം.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പ്രകൃതി, ജനാധിപത്യം, സ്വാതന്ത്ര്യം എന്ന കൃതിയില്‍ നിന്ന്

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply