ജനതാപരിവാര്‍, സിപിഎം, ആപ്പ് – പ്രതീക്ഷക്കു വകയുണ്ടോ?

ഇന്ത്യന്‍ രാഷ്ട്രീയം വളരെ നിര്‍ണ്ണായകമായ ഘട്ടങ്ങളിലൂടെയാണ് കടന്നു പോകുന്നത്. വിവിധ ജനതാപാര്‍ട്ടികളുടെ ലയനം, സിപിഎം കോണ്‍ഗ്രസ്സിലെ ചര്‍ച്ചകള്‍, എപിപിയിലെ പുതിയ സംഭവവികാസങ്ങള്‍ തുടങ്ങിയവ നല്‍കുന്നത് നേരിയ പ്രതീക്ഷ തന്നെയാണ്. ബിജെപിയുടെ ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരായ വിശാലമായ ഐക്യനരയുടെ സാധ്യതകള്‍ ഉരുത്തിരിയാനുള്ള സാധ്യതകളാണ് ദുര്‍ബ്ബലമായാണെങ്കിലും കാണാന്‍ കഴിയുന്നത്. ജനതാദള്‍ യുണൈറ്റഡ് നേതാവ് ശരത് യാദവാണ് വിവിധ ജനതാ പാര്‍ട്ടികളുടെ ലയനതീരുമാനം പ്രഖ്യാപിച്ചത്. സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവാണ് പാര്‍ട്ടി അധ്യക്ഷന്‍. പാര്‍ട്ടിയുടെ പേര്, ചിഹ്നം, കൊടി […]

jjjjഇന്ത്യന്‍ രാഷ്ട്രീയം വളരെ നിര്‍ണ്ണായകമായ ഘട്ടങ്ങളിലൂടെയാണ് കടന്നു പോകുന്നത്. വിവിധ ജനതാപാര്‍ട്ടികളുടെ ലയനം, സിപിഎം കോണ്‍ഗ്രസ്സിലെ ചര്‍ച്ചകള്‍, എപിപിയിലെ പുതിയ സംഭവവികാസങ്ങള്‍ തുടങ്ങിയവ നല്‍കുന്നത് നേരിയ പ്രതീക്ഷ തന്നെയാണ്. ബിജെപിയുടെ ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരായ വിശാലമായ ഐക്യനരയുടെ സാധ്യതകള്‍ ഉരുത്തിരിയാനുള്ള സാധ്യതകളാണ് ദുര്‍ബ്ബലമായാണെങ്കിലും കാണാന്‍ കഴിയുന്നത്.
ജനതാദള്‍ യുണൈറ്റഡ് നേതാവ് ശരത് യാദവാണ് വിവിധ ജനതാ പാര്‍ട്ടികളുടെ ലയനതീരുമാനം പ്രഖ്യാപിച്ചത്. സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവാണ് പാര്‍ട്ടി അധ്യക്ഷന്‍. പാര്‍ട്ടിയുടെ പേര്, ചിഹ്നം, കൊടി എന്നിവ തീരുമാനിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചു. മുലായമിന്റെ ഡല്‍ഹിയിലെ വസതിയില്‍ നടന്ന യോഗത്തിലാണ് തീരുമാനങ്ങള്‍.
സമാജ് വാദി പാര്‍ട്ടിക്കു പുറമെ നിതിഷ്‌കുമാര്‍ നയിക്കുന്ന ജനതാദള്‍ – യു, ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍, ദേവഗൗഡയുടെ ജനതാദള്‍ – എസ്, കമല്‍ മൊറാര്‍ക്കയുടെ സമാജ് വാദി ജനതാപാര്‍ട്ടി, ഓംപ്രകാശ് ചൗതാലയുടെ ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍ എന്നീ പാര്‍ട്ടികളാണ് ലയിച്ച് ഒന്നായത്. ഭാവിപരിപാടികള്‍ തീരുമാനിക്കാന്‍ ആറംഗ പാര്‍ലമെന്ററി ബോര്‍ഡിനും രൂപം നല്‍കി. മുലായം സിങ് അധ്യക്ഷനായ ബോര്‍ഡില്‍ നിതീഷ്‌കുമാര്‍, ദേവഗൗഡ, ലാലുപ്രസാദ് യാദവ്, കമല്‍ മൊറര്‍ക്ക, ഓംപ്രകാശ് ചൗത്താല എന്നിവരാണ് മറ്റ് അംഗങ്ങള്‍. പുതിയ പാര്‍ട്ടിയുടെ പേരും കൊടിയും ചിഹ്നവും പിന്നീട് തീരുമാനിക്കും. സമാജ്‌വാദി ജനതാ പാര്‍ട്ടി, സമാജ്‌വാദി ജനതാദള്‍ എന്നീ പേരുകളാണ് പരിഗണനയിലുള്ളത്. സമാജ്‌വാദി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിള്‍ പൊതുവായി അംഗീകരിക്കപ്പെട്ടതായി പാര്‍ട്ടി കേന്ദ്രങ്ങള്‍ അറിയിച്ചു.
മുലായമിന്റെ സമാജ്വാദി പാര്‍ട്ടിക്കാണ് പാര്‍ലമെന്റില്‍ കൂടുതല്‍ സീറ്റുള്ളത്. ലോക്‌സഭയില്‍ അഞ്ച് അംഗങ്ങള്‍. ആര്‍.ജെ. ഡിക്ക് നാല്, ജനതാദള്‍ യുണൈറ്റഡ്, ജനതാദള്‍എസ്, ലോക്ദള്‍ എന്നിവയ്ക്ക് രണ്ട് എന്നിങ്ങനെയാണ് മറ്റു പാര്‍ട്ടികളുടെ സീറ്റുനില. രാജ്യസഭയില്‍ എസ്.പിക്ക് 15 അംഗങ്ങളുണ്ട്. ജനതാദള്‍ യുണൈറ്റഡിന് 12, ലോക്ദളിനും ജനതാദള്‍ എസ്സിനും ആര്‍.ജെ.ഡിക്കും ഓരോന്നു വീതവും. രണ്ട് സഭകളിലുമായി 30 അംഗങ്ങള്‍ ജനതാപരിവാറിന് ഉണ്ടാകും.
ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയില്‍ നി്ന്നാണ് ലയനമെന്ന ആശയം ഉരുത്തിരിഞ്ഞത്. ബിഹാറില്‍ നവംബറില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ലയനം നടക്കുന്നത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. തുടര്‍ന്ന് 2017ല്‍  ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെങ്ങളില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ അത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മറ്റൊരു വഴിത്തിരിവാകും.
മറുവശത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പിടിച്ചുനില്‍ക്കാന്‍ അവസാന ശ്രമം നടത്തുന്ന സിപിഎം ഇന്ത്യന്‍ സാഹചര്യങ്ങളെ യാഥാര്‍ത്ഥ്യബോധ്യത്തോടെ വിലയിരുത്താനാരംഭിച്ചിട്ടുണ്ട്. ദേശീയതലത്തില്‍ പ്രാദേശിക പാര്‍ട്ടികളുടെ മൂന്നാംമുന്നണി പ്രായോഗികമല്ലെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. കോണ്‍ഗ്രസിനെ തോല്‍പ്പിക്കുകയും ബിജെപിയെ ഒറ്റപ്പെടുത്താന്‍ ഉതകുന്നതുമായ ഇടത് മതേര ബദല്‍ ശക്തിപ്പെടുത്താനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഇതിന് ഇടത്കക്ഷികളുടെയും ഗ്രൂപ്പുകളുടെയും പൊതുവേദി ശക്തിപ്പെടുത്തും. ഇതിന്റെ ഭാഗമായാണ് ഇടതുപക്ഷ പാര്‍ട്ടി പ്രതിനിധികള്‍ സിപിഐ എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തത്. ഈ വേദി ഇനിയും കൂടുതല്‍ വിപുലമാക്കും. തെരഞ്ഞെടുപ്പിനായുള്ള സഖ്യമല്ല ഇത്. ബൂര്‍ഷ്വാപാര്‍ട്ടികള്‍ക്കു ബദലായ ഇടത് ഐക്യമാണിത് – ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറയുന്നു. പ്രാദേശിക പാര്‍ട്ടികളുമായി രാഷ്ടീയ സഖ്യമുണ്ടാക്കില്ലെങ്കിലും സംസ്ഥാന തലങ്ങളില്‍ മതേതര കക്ഷികളുമായി ധാരണകളാകാമെന്നും തീരുമാനമായിട്ടുണ്ട്.  മൂന്നാംമുന്നണി എന്ന ആശയം മുന്നോട്ട് വെച്ചപ്പോള്‍ എ.ഐ.എ.ഡി.എം.കെ, ബിജു ജനതാദള്‍ തുടങ്ങിയ പാര്‍ട്ടികള്‍ അതിലേക്ക് വരുന്ന സ്ഥിതിയുണ്ടായി. നവലിബറല്‍ ആശയങ്ങളുള്ള പാര്‍ട്ടികളെ ഉള്‍പ്പെടുത്തി മൂന്നാം മുന്നണി സാധ്യമല്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ഇതുതന്നെയായിരിക്കും പ്രായോഗികമായി സാധ്യമാവുന്ന നിലപാട്. ഒറ്റക്കെടുത്താല്‍ രാജ്യത്ത് കാര്യമായ സ്വാധീനമില്ലെങ്കിലും ഇടതുബദല്‍ നിലവില്‍ വരുന്നത് ഗുണകരമായിരിക്കും. തീര്‍ച്ചയായും പ്രാദേശികപാര്‍ട്ടികളും ജനതാപരിവാറും ആപ്പുമൊക്കെയായി കഴിയുന്നിടങ്ങളില്‍ സഹകരിക്കേണ്ടിവരും. ബമഗാളില്‍ കോണ്‍ഗ്രസ്സുമായിപോലും സഹകരിക്കണമെന്ന ആവശ്യം പോലും ഉയര്‍ന്നിട്ടുണ്ട്.
രാജ്യത്തെ ദളിത് വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ വളരെ ഗൗരവമായി എടുക്കുന്നു എന്നതാണ് സിപിഎം കോണ്‍ഗ്രസ്സിലെ എടുത്തുപറയത്തക്ക മറ്റൊരു വസ്തുത. ഡോ. ബി ആര്‍ അംബേദ്കറുടെ നൂറ്റിയിരുപത്തിയഞ്ചാം ജന്മവാര്‍ഷികം ആചരിക്കുന്ന വേളയില്‍ രാജ്യത്തെ പട്ടികവിഭാഗ സമൂഹങ്ങളുടെ പദവിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെണ്ടിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് പാര്‍ടി കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. തൊട്ടകൂടായ്മയും പട്ടികവിഭാഗ സമുദായങ്ങള്‍ക്കെതിരായ അക്രമങ്ങളും തുടരുമ്പോഴും ഇത്തരം കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. പട്ടിക വിഭാഗക്കാര്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്ന നിയമം ശക്തിപ്പെടുത്തുകയും പൂര്‍ണ്ണമായി നടപ്പാക്കുകയും വേണം. ഇന്ത്യയിലെ ഭൂരിപക്ഷം ഗ്രാമീണ ദളിതരും ഭൂരഹിത തൊഴിലാളികളാണ്. അവര്‍ക്ക് ഒരു സ്വത്തുമില്ല. സംവരണ വിഭാഗങ്ങള്‍ക്കുള്ള ഒഴിവുകള്‍ നികത്തുന്നതില്‍ കാലങ്ങളായി കുറവുവരുന്നു. ദളിത് ക്രിസ്ത്യാനികള്‍ക്കും ദളിത് മുസ്ലീങ്ങള്‍ക്കും പട്ടികജാതി പദവി നിഷേധിക്കപ്പെടുന്നു.അവര്‍ക്ക് ആനുകൂല്ല്യങ്ങള്‍ കിട്ടുന്നില്ല.ഈ വിഷയങ്ങളൊക്കെ പാര്‍ലമെണ്ട് പ്രത്യേകം ചര്‍ച്ച ചെയ്ത് പ്രമേയം പാസാക്കേണ്ടതുണ്ട്. പാര്‍ലമെണ്ടിന്റെ പ്രത്യേക സമ്മേളനം വിളിച്ച് രാജ്യത്തിന്റെയാകെ ശ്രദ്ധ ഇതിലേക്ക് കൊണ്ടുവരണമെന്നും പാര്‍ട്ടി ആവശ്യപ്പെടുന്നു.
വര്‍ഗ്ഗസമരത്തിനൊപ്പം സാമൂഹ്യജാതിവിവേചനങ്ങള്‍ക്കെതിരെയും ദളിതരുടെ അവകാശങ്ങള്‍ക്കുവേണ്ടിയും അവര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെയും തൊട്ടുകൂടായ്മയും ജാതിവ്യവസ്ഥയും ഇല്ലാതാക്കാനും മിശ്രവിവാഹങ്ങള്‍ പ്രോല്‍സാഹിപ്പിക്കാനുമുള്ള പാര്‍ട്ടിയുടെ ആഹ്വാനം നല്ലതാണ്. അതേസമയം ദളിതരുടെ കയ്യില്‍ ചെങ്കൊടി ഏല്‍പ്പിക്കലാവരുത് അത്. അംബേദ്കര്‍ ചിന്തകളെയാണ് പാര്‍ട്ടി പിന്തുണക്കേണ്ടത്. എന്തായാലും അത്തരമൊരു ചിന്ത ഉടലെടുത്തതുതന്നെ നല്ലതാണ്.
മറ്റൊരു പ്രധാന രാഷ്ട്രീയ സംഭവം ആം ആദ്മി പാര്‍ട്ടിയിലുണ്ടായവയാണ്. വിമത നേതാക്കളായ പ്രശാന്ത് ഭൂഷനും യോഗേന്ദ്ര യാദവും  ഉള്‍പാര്‍ട്ടി പോരാട്ടങ്ങള്‍ക്കായി ‘സ്വരാജ് അഭിയാന്‍’ എന്ന പേരില്‍ രാഷ്ട്രീയ ഇതര സംഘടന രൂപീകരിക്കുന്നു. സ്വരാജ് അഭിയാന്‍ കര്‍ഷകരുടെയും സ്തീകളുടെയും സാധാരണക്കാരുടെയും പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് പ്രക്ഷോഭം നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു. എ.എ.പി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യത്തിനായും സ്വരാജ് അഭിയാന്‍ പോരാടും.
കൂടംകുളം സമരനേതാവ് എസ്.പി ഉദയകുമാര്‍ ഉള്‍പ്പെടെ ആദ്യകാലത്ത് ആം ആദ്മി പാര്‍ട്ടിയോട് അനുഭാവം പ്രകടിപ്പിച്ചിരുന്ന നൂറുകണക്കിന് നേതാക്കളും നാലായിരത്തിലധികം പ്രവര്‍ത്തകരും വിമത യോഗത്തില്‍ പങ്കെടുത്തതായാണ് കണക്ക്. ബദല്‍ രാഷ്ട്രീയത്തിന് വേണ്ടിയുള്ള തുടക്കമാണിതെന്ന് യോഗത്തില്‍ സംസാരിച്ച പ്രശാന്ത് ഭൂഷന്‍ പറഞ്ഞു.  പ്രതിഷേധങ്ങളും റാലികളുമായി രാജ്യത്തുടനീളം കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്ന് സമ്മേളനശേഷം യോഗേന്ദ്രയാദവ് പറഞ്ഞു. യോഗത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടിയെടുത്തേക്കാം. അപ്പോഴും ഡെല്‍ഹിയില്‍ കോജ്രിവാളിന്റേയും മറ്റിടങ്ങളില്‍ യോഗേന്ദ്രയാദവിന്റേയും പ്രശാന്ത് ഭൂഷന്റേയും നേതൃത്വത്തില്‍ രാഷ്ട്രീയമുന്നേറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇവയെല്ലാം ചേര്‍ന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തിനു ഭീഷണിയായി മാറിയിട്ടുള്ള ഫാസിസത്തെ ചെറുക്കാനൊന്നിക്കുമെന്ന് പ്രതീക്ഷിക്കുക. അല്ലാത്തപക്ഷം ഫാസിസത്തിന്റെ യാഗാശ്വം എല്ലാം തകര്‍ക്കുന്നതിന് എല്ലാവര്‍ക്കും മൂകസാക്ഷിയാകാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply