ജനങ്ങളെ കേട്ടും പഠിച്ചും രണ്ടാം പശ്ചിമഘട്ട സംവാദയാത്ര

ജനങ്ങളില്‍ നിന്നും കേട്ടും പഠിച്ചും സംവേദിച്ചും രണ്ടാം പശ്ചിമഘട്ട സംവാദയാത്ര 20 ദിവസം പിന്നിട്ട് കഴിഞ്ഞ ദിവസം നിലമ്പൂരിലെത്തി. പരിസ്ഥിതിക്കും നീതിക്കും വേണ്ടി യുവജനങ്ങള്‍ എന്ന മുദ്രാവാക്യത്തോടെ 12-ാം തിയതി കാസര്‍ഗോട്ടെ ബേഡകത്തുനിന്നാണ് യൂത്ത് ഡയലോഗിന്റെ നേതൃത്വത്തിലുള്ള സംവാദയാത്ര ആരംഭിച്ചത്. പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫര്‍ എന്‍ എ നസീര്‍ ക്യാപ്റ്റനായ ജാഥയില്‍ 35 സ്ഥിരാംഗങ്ങളുണ്ട്. കാല്‍ നൂറ്റാണ്ട് മുമ്പ് കേരളത്തിന്റെയും മറ്റ് പശ്ചിമഘട്ട പരദേശങ്ങളുടെയും പാരിസ്ഥിതികാപചയങ്ങള്‍ ദീര്‍ഘദര്‍ശനം ചെയ്ത ഒരുകൂട്ടം സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നവാപൂരില്‍ നിന്നും […]

Untitled-1

ജനങ്ങളില്‍ നിന്നും കേട്ടും പഠിച്ചും സംവേദിച്ചും രണ്ടാം പശ്ചിമഘട്ട സംവാദയാത്ര 20 ദിവസം പിന്നിട്ട് കഴിഞ്ഞ ദിവസം നിലമ്പൂരിലെത്തി. പരിസ്ഥിതിക്കും നീതിക്കും വേണ്ടി യുവജനങ്ങള്‍ എന്ന മുദ്രാവാക്യത്തോടെ 12-ാം തിയതി കാസര്‍ഗോട്ടെ ബേഡകത്തുനിന്നാണ് യൂത്ത് ഡയലോഗിന്റെ നേതൃത്വത്തിലുള്ള സംവാദയാത്ര ആരംഭിച്ചത്. പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫര്‍ എന്‍ എ നസീര്‍ ക്യാപ്റ്റനായ ജാഥയില്‍ 35 സ്ഥിരാംഗങ്ങളുണ്ട്.

കാല്‍ നൂറ്റാണ്ട് മുമ്പ് കേരളത്തിന്റെയും മറ്റ് പശ്ചിമഘട്ട പരദേശങ്ങളുടെയും പാരിസ്ഥിതികാപചയങ്ങള്‍ ദീര്‍ഘദര്‍ശനം ചെയ്ത ഒരുകൂട്ടം സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നവാപൂരില്‍ നിന്നും കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച രണ്ട് പശ്ചിമഘട്ട യാത്രകളാണ് കേരളത്തിന്റെ പരിസ്ഥിതി ബോധത്തില്‍ വന്‍ചലനങ്ങള്‍ സൃഷ്ടിച്ചത്. സൈലന്റ് വലി കാടുകളുടെ സംരക്ഷണത്തിനുവേണ്ടി നടന്ന പ്രചരണങ്ങളും പ്രക്ഷോഭങ്ങളും കാടില്ലെങ്കില്‍ നാടില്ല എന്ന തിരിച്ചറിവ് വ്യാപകമാക്കാന്‍ സഹായിച്ചിരുന്നു. എന്നാല്‍ പുതിയ വികസന സങ്കല്പങ്ങളും രാഷ്ട്രീയ നേതൃത്വത്തിന്റെ അവസരവാദപരമായ സമീപനങ്ങളും കൂടുതല്‍ വനനാശത്തിനും അനിയന്ത്രിതമായ വനം കയ്യേറ്റങ്ങള്‍ക്കും ഇടയാക്കിയ പശ്ചാത്തലത്തിലാണ് പരിസ്ഥിതി ശാസ്ത്രജ്ഞരും സാമൂഹ്യ പ്രവര്‍ത്തകരും, കവികളും കലാകാരന്മാരുമടങ്ങുന്ന രണ്ട് യാത്രാസംഘങ്ങള്‍ നാല് മാസത്തോളം നീണ്ടുനിന്ന ഒരു പഠന പ്രചരണയാത്ര സംഘടിപ്പിച്ചത്. വനം കയ്യേറ്റങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ശക്തമായ സാമൂഹിക ഇടപെടലുകള്‍ ഉണ്ടാകുന്നതിന് അത് പ്രേരണ നല്‍കി. വന വിഭവങ്ങളുടെ ഭരണം എന്നതില്‍ നിന്നും വനപരിപാലനം എന്ന കാഴ്ചപ്പാടിലേക്ക് വനം വകുപ്പിനെ എത്തിക്കുന്നതിനും അങ്ങനെ ഉയര്‍ന്നു വന്ന പുതിയ പരിസ്ഥിതി ബോധം സഹായകമായി.
പക്ഷേ രണ്ട് ദശകങ്ങളിലായി കേരളത്തില്‍ സംഭവിച്ച റിയല്‍ എസ്റ്റേറ്റ്/നിര്‍മ്മാണ വികസനം കാര്യങ്ങളാകെ തകിടം മറിച്ചതിന്റെ പശ്ചാത്തലത്തിലാണ് യൂത്ത് ഡയലോഗ് 25 വര്‍ഷത്തിനുശേഷം ഇത്തരമൊരു സംവാദയാത്ര സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ പറയുന്നു. നാട്ടിന്‍പുറത്തെ തുണ്ടു ഭൂമികള്‍ റിയല്‍ എസ്റ്റേറ്റ് മുതലാളിമാര്‍ക്ക് തീറെഴുതിയ ഇടത്തരക്കാരില്‍ നല്ലൊരു പങ്ക് മലയോരങ്ങളിലെ കന്നിമണ്ണിലാണ് കണ്ണ് വെച്ചത് സംഘടിത വനംകയ്യേറ്റം പ്രോത്സാഹിപ്പിച്ചു. ഭൂമി മറിച്ചുവില്‍ക്കുന്ന ലോബികള്‍ രാഷ്ട്രീയ പിന്‍ബലത്തോടെ രംഗത്തെത്തി. ടൂറിസം വികസനത്തിന്റെയും റിസോര്‍ട്ട് നിര്‍മ്മാണത്തിന്റെയും പേരില്‍ വനമേഖലയിലെ നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നതിനും നിയമം ലഘിച്ച് നിര്‍മ്മാണങ്ങള്‍ നടത്തുന്നതിനും സംഘടിതമായ ശ്രമങ്ങള്‍ നടന്നു. വന്‍കിട വികസന പദ്ധതികള്‍ക്കും ഫ്‌ളാറ്റ് നിര്‍മ്മാണ വ്യവസായത്തിനും വിഭവങ്ങളൊരുക്കാന്‍ കുന്നുകള്‍ ഇടിച്ചുനിരത്തപ്പെട്ടു. പാറമടകളും കല്ലുടക്കുന്ന യന്ത്രഭീമന്മാരും പാറമണല്‍ ഫാക്ടറികളും പശ്ചിമഘട്ടത്തില്‍ വ്യാപകമായി. രാഷ്ട്രീയ നേതാക്കള്‍ നേരിട്ടും ബിനാമിയായും പെട്ടെന്ന് കോടീശ്വരന്‍മാരാകുന്നതിനുള്ള എളുപ്പവഴിയെന്ന നിലയില്‍ പാറമടകളിലേയ്ക്കും ചാടിയിറങ്ങി. കേന്ദ്രമന്ത്രിമാര്‍ മുതലുള്ളവര്‍ ഈ പുതുപ്പണക്കാരുടെ സംരക്ഷക വേഷം കെട്ടി. ആദിവാസികള്‍ വംശനാശത്തിന്റെ വക്കിലെത്തി. അതോടൊപ്പം കാടുകയ്യേറ്റം, കാട്ടുതീയിടല്‍, അണക്കെട്ടുകളുടെയും റോഡുകളുടെയും വ്യാപനം, കുന്നിടിക്കല്‍, പുഴകളില്‍ നിന്നുള്ള മണല്‍ വാരല്‍, ഏകവിളത്തോട്ടങ്ങള്‍, രാസകൃഷി, നിയന്ത്രണമില്ലാത്ത തീര്‍ത്ഥാടനങ്ങള്‍. വിനോദസഞ്ചാരം, വനവിഭവക്കൊള്ള, നായാട്ട്, അനിയന്ത്രിതമായ കെട്ടിടനിര്‍മ്മാണങ്ങള്‍, പട്ടണവികസനം, അനഭിമത വ്യവസായങ്ങള്‍ തുടങ്ങിയവ പശ്ചിമഘട്ടത്തെ മുന്‍പില്ലാത്തവിധമുള്ള ദുരന്തത്തിലേക്ക് നയിച്ചു.
ഈ സാഹചര്യത്തിലാണ് പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തയ്യാറാക്കപ്പെട്ടതെന്ന് യൂത്ത് ഫോര്‍ ഡയലോഗ് ഭാരവാഹികള്‍ ചൂണ്ടികാട്ടി. എന്നാല്‍ റിപ്പോര്‍ട്ട് മലയാളത്തില്‍ അച്ചടിക്കാനോ കര്‍ഷകരിലെത്തിക്കാനോ ഭരണകര്‍ത്താക്കള്‍ താല്‍പ്പര്യം കാണിച്ചില്ല. ഈയവസരം മുതലെടുത്താണ് മേല്‍സൂചിപ്പിച്ച മാഫിയകള്‍ രംഗത്തെത്തിയതും കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് അക്രമാസക്തമായ സമരങ്ങള്‍ നടത്തിയതും. എന്നാല്‍ സമരമേഖലകളായ താമരശ്ശേരിയിലടക്കം നൂറുകണക്കിനു കര്‍ഷകരുമായി തങ്ങള്‍ സംസാരിച്ചെന്നും അവരുടെ ആശങ്കകള്‍ പങ്കുവെച്ചെന്നും യാത്രികര്‍ പറഞ്ഞു. ജനങ്ങളെ പഠിപ്പിക്കുക എന്നതില്‍ നിന്ന് വ്യത്യസ്ഥമായി അവരെ കേള്‍ക്കുകയാണ് യാത്രയിലുടനീളം തങ്ങള്‍ ചെയ്യുന്നതെന്നും അവര്‍ കൂട്ടിചേര്‍ത്തു.
പശ്ചിമഘട്ട മേഖലയുടെ സംരക്ഷണം അതിന്റെ യഥാര്‍ത്ഥ ഉടമകളായ ആദിവാസികള്‍ക്കും കര്‍ഷകര്‍ക്കുമാണെന്നും പ്രാദേശിക ജനവിഭാഗങ്ങള്‍ക്ക് കൂടുതല്‍ അധികാരം ലഭ്യമാകുമ്പോള്‍ മാത്രമേ പ്രകൃതിസംരക്ഷണം സാധ്യമാകുകയുള്ളൂ എന്നുമാണ് യാത്രയിലൂടെ യൂത്ത് ഡയലോഗ് ഉന്നയിക്കുന്നത്. ആദിവാസികള്‍ക്കും കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും നയരൂപീകരണത്തില്‍ പങ്കാളികളാകാന്‍ സാധിക്കുന്ന വിധത്തില്‍ അധികാര ഘടനകളില്‍ പൊളിച്ചെഴുത്ത് അനിവാര്യമാണെന്നും അതു തടയാനുള്ള തന്ത്രങ്ങളാണ് ഇന്ന് നടക്കുന്ന വിവാദങ്ങള്‍ക്ക് പിറകിലെന്നും സംഘടന ആരോപിക്കുന്നു. മെയ് 31ന് തിരുവനന്തപുരത്തെ വിളാവെട്ടിയിലാണ് ജാഥയുടെ സമാപനം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply