ജനകീയ ബാങ്കിങ്ങിനു ചരമഗീതം??

നോട്ടുനിരോധനം സൃഷ്ടിച്ച ദുരിതങ്ങളില്‍ നിന്നു ഇനിയും രക്ഷപ്പെടാത്ത ജനങ്ങളെ കൂടുതല്‍ പ്രശ്‌നങ്ങളിലേക്കു തള്ളി വിടുന്ന സാഹചര്യമാണ് സ്റ്റേറ്റ് ബാങ്ക് ലയനം സൃഷ്ടിച്ചിരിക്കുന്നത്. ലയനത്തിനു ശേഷം നടപ്പാക്കിയിരിക്കുന്ന പല നടപടികളും അന്യായവും ഇടപാടുകാരുടെ കീശ പിഴിയുന്നതുമാണെന്ന ആരോപണം ശക്തമായിരിക്കുകയാണ്. ഇപ്പോള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ലോകത്തെ വലിയ 50 ബാങ്കുകളിലൊന്നാണ്. കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക, കൂടുതല്‍ ജനപ്രിയമാകുക എന്നതാണ് ഇതുവഴി പ്രതീക്ഷിച്ചതെങ്കില്‍ തെറ്റി. സംഭവിക്കുന്നത് മറിച്ചാണ്. ആദ്യനടപടിയായ സര്‍വീസ് ചാര്‍ജ് വര്‍ധന തന്നെ ഉദാഹരണം. മിക്ക സാമ്പത്തിക ഇടപാടുകള്‍ക്കും […]

sbiനോട്ടുനിരോധനം സൃഷ്ടിച്ച ദുരിതങ്ങളില്‍ നിന്നു ഇനിയും രക്ഷപ്പെടാത്ത ജനങ്ങളെ കൂടുതല്‍ പ്രശ്‌നങ്ങളിലേക്കു തള്ളി വിടുന്ന സാഹചര്യമാണ് സ്റ്റേറ്റ് ബാങ്ക് ലയനം സൃഷ്ടിച്ചിരിക്കുന്നത്. ലയനത്തിനു ശേഷം നടപ്പാക്കിയിരിക്കുന്ന പല നടപടികളും അന്യായവും ഇടപാടുകാരുടെ കീശ പിഴിയുന്നതുമാണെന്ന ആരോപണം ശക്തമായിരിക്കുകയാണ്.
ഇപ്പോള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ലോകത്തെ വലിയ 50 ബാങ്കുകളിലൊന്നാണ്. കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക, കൂടുതല്‍ ജനപ്രിയമാകുക എന്നതാണ് ഇതുവഴി പ്രതീക്ഷിച്ചതെങ്കില്‍ തെറ്റി. സംഭവിക്കുന്നത് മറിച്ചാണ്. ആദ്യനടപടിയായ സര്‍വീസ് ചാര്‍ജ് വര്‍ധന തന്നെ ഉദാഹരണം. മിക്ക സാമ്പത്തിക ഇടപാടുകള്‍ക്കും ഫീസുകള്‍ ഉയര്‍ത്തിക്കഴിഞ്ഞു. കൂടാതെ 14.5 ശതമാനം സര്‍വീസ് ടാക്‌സും. സ്വന്തം പണം ബാങ്കില്‍ നിക്ഷേപിക്കുന്നതിനും എടിഎമ്മില്‍നിന്ന് പിന്‍വലിക്കുന്നതിനും ഫീസ് ഈടാക്കുന്ന അവസ്ഥയുടെ യുക്തി എന്താണാവോ?  ചെക്ക് ബുക്ക് കിട്ടാന്‍, എടിഎം കാര്‍ഡിന്, മറ്റൊരു അക്കൌണ്ടിലേക്ക് പണം മാറ്റാനുള്ള നിര്‍ദേശത്തിന്, ചെക്ക് പാസാക്കേണ്ടതില്ല എന്ന ആവശ്യത്തിന് തുടങ്ങി എല്ലാ ബാങ്ക് പ്രവൃത്തികള്‍ക്കും ഫീസും  നികുതിയും. കഴിഞ്ഞില്ല, താല്‍പ്പര്യമില്ലാതെ അക്കൌണ്ട് അവസാനിപ്പിക്കാനും പിഴ. ജനങ്ങളുടെ ബാങ്ക് എന്നു കൊട്ടിഘോഷിക്കുന്ന സ്ഥാപനത്തിലാണ് ഇതു നടക്കുന്നത്…!! ഇത്തരം ഫീസുകളുടെ പേരില്‍ ന്യൂ ജെനറേഷന്‍ ബാങ്കുകളെ തെറി വിളിക്കുന്നവര്‍ പോലും ഇക്കാര്യ്തതില്‍ നിശബ്ദരാണ്. ഇനിയവര്‍ ഫീസ് കൂട്ടുമെന്നതില്‍ സംശയമില്ല. ജീവനക്കാര്‍ക്കും കാര്യമായ പ്രതിഷേധമില്ല എന്നതാണ് കൗതുകകരം. തൊഴില്‍ സാധ്യത കുറയുമോ എന്ന ഭയം മാത്രമാണവര്‍ക്ക്.
എന്തിനുവേണ്ടായാണ് ഇത്തരം ഫീസുകള്‍ എന്നാണ് പരിശോധിക്കേണ്ടത്. സ്‌റ്റേറ്റ് ബാങ്ക് നഷ്ടത്തിലാണെന്ന് ആരും പറയില്ല. അടുത്ത കാലത്തെ പ്രധാന പ്രശ്‌നം കിട്ടാക്കടങ്ങളാണെന്നു പറയുന്നു. ചെറുകിടക്കാരുടെ കിട്ടാക്കടം വളരെ കുറവാണു താനും. വിഷയം വന്‍കിടക്കാരുടെ കിട്ടാക്കടമാണ്. കഴിഞ്ഞവര്‍ഷം  10 പൊതുമേഖലാ ബാങ്കുകള്‍ക്ക് നഷ്ടം സംഭവിച്ചതെന്ന് ഇങ്ങനെയായിരുന്നു.  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2016 മാര്‍ച്ചിലെ പ്രവര്‍ത്തനലാഭം 43,258 കോടി രൂപയാണ്. ഈ തുകയില്‍നിന്ന് 33,307 കോടി രൂപ കിട്ടാക്കടത്തിലേക്ക് നീക്കിവച്ചപ്പോള്‍ അറ്റലാഭം 9951 രൂപയായി ഇടിഞ്ഞു. അതു പിരിച്ചെടുക്കാനുള്ള ശക്തമായ നടപടിയാണ് ചെയ്യേണ്ടത്. അതിനുപകരമാണ് മുഴുവന്‍ ഇടപാടുകാരേയും കൊള്ളയടിക്കുന്നത്. കിട്ടാക്കടങ്ങളാകട്ടെ എഴുതിതള്ളുകയും ചെയ്യുന്നു. ചെറുകിട കടക്കാരെ പീഡിപ്പിക്കുകയും ചെയ്യുന്നു.
നിക്ഷേപ അക്കൌണ്ടുകളില്‍ മൂന്നുതവണയില്‍ കൂടുതല്‍ പ്രാവശ്യം അധികം പണം നിക്ഷേപിച്ചാല്‍ പിഴ ചുമത്തുമെന്ന വ്യവസ്ഥ തന്നെ നോക്കൂ. നിക്ഷേപത്തെ നിരുത്സാഹപ്പെടുത്തുക. എന്തായിരിക്കും അതിന്റെ ഫലം എന്ന് ആര്‍ക്കുമറിയാം. ബാങ്ക് വീണ്ടും പ്രതിസന്ധിയിലാകും. അത്രതന്നെ. നിക്ഷേപം കുറയുമ്പോള്‍ വായ്പകളും കുറയും. അത് സ്വാഭാവികമായും നാടിന്റെ പുരോഗതിയേയും ബാധിക്കും. അപ്പോള്‍ ലോകബാങ്കിനേയും ഐഎംഎഫിനേയും മറ്റും ആശ്രയിക്കേണ്ടിയും വരും.  ജനങ്ങളുടെ സമ്പാദ്യത്തിന് കഴിയുന്നത്ര പലിശയും പ്രോത്സാഹനവും നല്‍കി, അവരെ ബാങ്കുകളിലേക്ക് ആകര്‍ഷിക്കുന്നതിനു പകരമാണ് ഈ നിഷേധാത്മക നടപടി.  സമ്പാദ്യശീലം വളര്‍ത്തുന്നതിനു പകരം വളരുടെ ഉപഭോഗാസക്തിയായിരിക്കും എന്നതുപോലും തിരിച്ചറിയപ്പെടുന്നില്ല. ബാങ്കിലിടാന്‍ കഴിയില്ലെങ്കില്‍ ആ പണം പോകുക  ഓഹരിക്കമ്പോളത്തിലേക്കും റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്കും ഉപഭോഗ മേഖലകളിലേക്കും മറ്റുമായിരിക്കും.
കഴിഞ്ഞില്ല, സാധാരണക്കാരെ ബാങ്കില്‍ നിന്നകറ്റുന്ന മറ്റനവധി നടപടികളും നടപ്പാക്കിയിട്ടുണ്ട്.  മിനിമം ബാലന്‍സ് തുക കുത്തനെ ഉയര്‍ത്തിയതിന്റെ ഫലം അതാണ്. ഇങ്ങനെ ബാങ്കുകളില്‍നിന്ന് പുറന്തപ്പെടുന്നവര്‍ക്കുവേണ്ടിയാണ് സ്വകാര്യമേഖലയില്‍ പേമെന്റ് ബാങ്കുകളും സ്‌മോള്‍ ബാങ്കുകളും ഉയര്‍ന്നുവരുന്നത്. സഹകരണ ബാങ്കുകളാകട്ടെ ഇനിയും സ്വതന്ത്രമായിട്ടില്ല. സ്റ്റേറ്റ് ബാങ്കിന്റെ ബാങ്കിങ് പ്രവൃത്തികളില്‍ 90 ശതമാനവും ഔട്ട് സോഴ്‌സിങ്ങിലൂടെ റിലയന്‍സ് സ്ഥാപനങ്ങളാണ് നിര്‍വഹിക്കുന്നതെന്നതും പ്രസക്തമാണ്. അവരുടെ താല്‍പ്പര്യം എന്തായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. വളരെ രൂക്ഷമായ ഒരവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നു വ്യക്തം. ജനകീയ സ്ഥാപനങ്ങള്‍ക്ക് ചരമഗീതം പാടുന്ന നവലിബറല്‍ നടപടികള്‍തന്നെയാണ് ബാങ്കിംഗ് മേഖലയിലും ഊര്‍ജ്ജിതമാക്കുന്നതെന്നു വ്യക്തം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Economics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply