ജനകീയാധികാരത്തെ ശക്തിപ്പെടുത്തും:

സാറാ ജോസഫ് ഒരേസമയം ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും ഡല്‍ഹിയിലെ ജനങ്ങള്‍ പരിപൂര്‍ണമായി തള്ളിക്കളഞ്ഞിരിക്കുകയാണല്ലോ. പതിറ്റാണ്ടുകളായി ഡല്‍ഹിയും ഇന്ത്യയും ഭരിച്ച കോണ്‍ഗ്രസ് നേതാക്കളുടെ ഞെട്ടിപ്പിക്കുന്ന അഴിമതികളും സ്വജനതാത്പര്യങ്ങളും കോര്‍പ്പറേറ്റ്‌വത്കരണവും ജനങ്ങള്‍ക്കു മടുത്തിരുന്നു. സാധാരണക്കാരെ അന്യവല്‍ക്കരിക്കുന്ന വികസനമായിരുന്നു അവര്‍ നടപ്പാക്കിയത്. അവരുടെ ഭരണത്തിന്റെ ആത്യന്തികനേട്ടം കോര്‍പ്പറേറ്റുകള്‍ക്കു മാത്രമായിരുന്നു. സാധാരണക്കാര്‍ അവരുടെ ഭൂമിയില്‍നിന്നും സ്വത്തില്‍നിന്നും കൃഷിയില്‍നിന്നുമെല്ലാം പിഴുതെറിയപ്പെട്ടു. പിറന്ന മണ്ണില്‍ അവരന്യരായി മാറി. പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്മയുമായിരുന്നു ആ വികസനം അവര്‍ക്ക് സമ്മാനിച്ചത്. ഇതിനോട് ജനാധിപത്യരീതിയില്‍ ജനങ്ങള്‍ പ്രതികരിച്ചതായിരുന്നു കേന്ദ്രഭരണം ബി.ജെ.പിയുടെ കൈകളിലെത്താന്‍ […]

kegriwalസാറാ ജോസഫ്

ഒരേസമയം ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും ഡല്‍ഹിയിലെ ജനങ്ങള്‍ പരിപൂര്‍ണമായി തള്ളിക്കളഞ്ഞിരിക്കുകയാണല്ലോ. പതിറ്റാണ്ടുകളായി ഡല്‍ഹിയും ഇന്ത്യയും ഭരിച്ച കോണ്‍ഗ്രസ് നേതാക്കളുടെ ഞെട്ടിപ്പിക്കുന്ന അഴിമതികളും സ്വജനതാത്പര്യങ്ങളും കോര്‍പ്പറേറ്റ്‌വത്കരണവും ജനങ്ങള്‍ക്കു മടുത്തിരുന്നു. സാധാരണക്കാരെ അന്യവല്‍ക്കരിക്കുന്ന വികസനമായിരുന്നു അവര്‍ നടപ്പാക്കിയത്. അവരുടെ ഭരണത്തിന്റെ ആത്യന്തികനേട്ടം കോര്‍പ്പറേറ്റുകള്‍ക്കു മാത്രമായിരുന്നു. സാധാരണക്കാര്‍ അവരുടെ ഭൂമിയില്‍നിന്നും സ്വത്തില്‍നിന്നും കൃഷിയില്‍നിന്നുമെല്ലാം പിഴുതെറിയപ്പെട്ടു. പിറന്ന മണ്ണില്‍ അവരന്യരായി മാറി. പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്മയുമായിരുന്നു ആ വികസനം അവര്‍ക്ക് സമ്മാനിച്ചത്. ഇതിനോട് ജനാധിപത്യരീതിയില്‍ ജനങ്ങള്‍ പ്രതികരിച്ചതായിരുന്നു കേന്ദ്രഭരണം ബി.ജെ.പിയുടെ കൈകളിലെത്താന്‍ കാരണമായത്.
അപ്പോഴും നരേന്ദ്രമോഡിക്ക് ലഭിച്ചത് 31 ശതമാനം വോട്ടുമാത്രമായിരുന്നു. അതിലാകട്ടെ വലിയ ഒരുഭാഗം ഹിന്ദുത്വവാദികളായിരുന്നു. 69 ശതമാനം പേര്‍ അപ്പോഴും മറുപക്ഷത്തായിരുന്നു. അവരാകട്ടെ മതേതര – ജനാധിപത്യമൂല്യങ്ങളില്‍ വിശ്വസിക്കുന്നവരായിരുന്നു. എന്നാല്‍ അവരുടെ വോട്ടുകള്‍ ഭിന്നിക്കുകയായിരുന്നു. പക്ഷേ കഴിഞ്ഞ എട്ടുമാസത്തെ മോഡി ഭരണം ഡല്‍ഹിയിലെങ്കിലും ഈവിഭാഗത്തെ വേറിട്ട് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. ഏതെല്ലാം കാരണങ്ങള്‍കൊണ്ട് തങ്ങള്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍നിന്ന് വലിച്ചെറിഞ്ഞോ അതേ കാരണങ്ങള്‍ അതിനേക്കാള്‍ മോശമായ അവസ്ഥയിലാണ് ബി.ജെ.പിയും പിന്തുടരുന്നതെന്ന് അവര്‍ മനസിലാക്കി. എട്ടുമാസംകൊണ്ടുതന്നെ തങ്ങള്‍ കോണ്‍ഗ്രസിനേക്കാള്‍ കോര്‍പ്പറേറ്റ് ദാസന്മാരാണെന്ന് മോഡി തെളിയിച്ചു കഴിഞ്ഞു. വിദേശകുത്തകകളോടൊപ്പം ഇന്ത്യന്‍ കുത്തകകള്‍ക്കും മോഡി ദാസ്യവേലയാണ് ചെയ്യുന്നത്. അദാനിതന്നെ മികച്ച ഉദാഹരണം. കോര്‍പ്പറേറ്റുകളാണ് സത്യത്തില്‍ ഇന്ന് ഇന്ത്യ ഭരിക്കുന്നത്. ബി.ജെ.പിക്ക് വന്‍തുകകള്‍ ഫണ്ടായി നല്‍കുന്നതും മറ്റാരുമല്ല.
ഇതിനെല്ലാംപുറമെ അധികാരത്തിലെത്തിയപ്പോഴേക്കും തങ്ങളുടെ വര്‍ഗീയ അജന്‍ഡയും ബി.ജെ.പി. പ്രകടമാക്കി കഴിഞ്ഞു. ബി.ജെ.പി. നേതാക്കളും സംഘപരിവാര്‍ ശക്തികളും രാജ്യത്തെങ്ങും വര്‍ഗീയകലാപത്തിനു ശ്രമിക്കുകയാണ്.
ഇത്തരമൊരു സാഹചര്യത്തിലാണ് ജനങ്ങളുടെ പങ്കാളിത്ത നയരേഖയുമായി ആംആദ്മി രംഗത്തുവരുന്നത്. ജനങ്ങളില്‍ നിന്നകന്ന് ദന്തഗോപുരത്തിലിരുന്നല്ല ആംആദ്മി നയരേഖ തയ്യാറാക്കിയത്. ജനങ്ങളഭിമുഖീകരിക്കുന്ന വിഷയങ്ങള്‍ നേരിട്ടുചോദിച്ചു മനസിലാക്കിയായിരുന്നു. വെള്ളം, വെളിച്ചം, പാര്‍പ്പിടം, വസ്ത്രം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി അടിസ്ഥാനപരമായ വിഷയങ്ങളില്‍ ജനം നേരിടുന്ന പ്രശ്‌നങ്ങള്‍ അങ്ങനെയാണ് ആംആദ്മി പാര്‍ട്ടിയുടെ പ്രധാന വിഷയമാകുന്നത്. സാധാരണക്കാരോട് അവരുടെതന്നെ ഭാഷയിലാണ് കെജ്‌രിവാളും മറ്റ് ആംആദ്മി നേതാക്കളും സംസാരിക്കുന്നത്. ഒരിക്കല്‍ അധികാരത്തില്‍നിന്ന് ഒളിച്ചോടി എന്ന ആരോപണമുയര്‍ന്നപ്പോള്‍ ഇനിയതാവര്‍ത്തിക്കില്ല എന്ന് ആര്‍ജവത്തോടെ അദ്ദേഹം പറഞ്ഞത് വിശ്വസിക്കാതിരിക്കാന്‍ കാരണമൊന്നും ഡല്‍ഹിയിലെ ജനങ്ങള്‍ കണ്ടില്ല. പാര്‍ട്ടി മുന്നോട്ടുവച്ച വാഗ്ദാനങ്ങള്‍ നടപ്പാക്കാനാകില്ല എന്നാണ് പുതിയ വിമര്‍ശനം. അതും അസ്ഥാനത്താണ്. ജനങ്ങളുടെ പരിപൂര്‍ണ സഹകരണത്തോടെ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ കഴിയുമെന്ന് പാര്‍ട്ടിക്കുറപ്പുണ്ട്. അതേസമയം ഉയര്‍ന്നു വരാനിടയുള്ള മറ്റൊരു വിഷയമുണ്ട്. ഏറെക്കാലം ഡല്‍ഹിയും കേന്ദ്രവും ഭരിച്ചിരുന്നത് ഒരേ പാര്‍ട്ടിക്കാരായിരുന്നല്ലോ. അതിന്റെ സൗകര്യം അവര്‍ക്കുണ്ടായിരുന്നു. ഷീലാ ദീക്ഷിതിന്റെ അഴിമതികള്‍ പോലും മൂടിവയ്ക്കപ്പെടുന്നത് അങ്ങനെയായിരുന്നു. ഇപ്പോഴതല്ല അവസ്ഥ. ഡല്‍ഹിയില്‍ ആംആദ്മി നടപ്പാക്കാന്‍ പോകുന്ന നയപരിപാടികള്‍ തുരങ്കംവയ്ക്കാന്‍ മോഡി സര്‍ക്കാര്‍ ശ്രമിക്കുമെന്ന ആശങ്ക ശക്തമാണ്. പ്രത്യേകിച്ച് ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവിയില്ലാത്ത സാഹചര്യത്തില്‍. പക്ഷേ ജനങ്ങള്‍ ആം ആദ്മിക്കൊപ്പമുണ്ടായാല്‍ ആ പ്രതിസന്ധിയൊക്കെ മറികടക്കാനാകുമെന്ന് ഉറപ്പുണ്ട്. ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാനപദവി എന്ന ആവശ്യവും ആംആദ്മി മുന്നോട്ടുവച്ചിരിക്കുന്നത് ജനതാത്പര്യപ്രകാരമാണ്. മാത്രമല്ല ഈ വിഷയം മറ്റു സംസ്ഥാനങ്ങളും അഭിമുഖീകരിക്കുന്നുണ്ട്.  ഫെഡറലിസം ശക്തിപ്പെടുത്തിയാണ് ഇതിനെ മറികടക്കാനാവുക.
ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം നടന്ന തെരഞ്ഞെടുപ്പിലെല്ലാം ബി.ജെ.പി. വിജയിച്ചത് ഏറെ കൊട്ടിഘോഷിക്കപ്പെട്ടിരുന്നല്ലോ. സത്യത്തില്‍ വര്‍ഗീയതയും അവസരവാദസഖ്യങ്ങളും നിലപാടുകളുമൊക്കെയാണ് അതിനു കാരണമായത്. കാശ്മീരില്‍ത്തന്നെ ബി.ജെ.പി. എടുത്ത നിലപാട് എത്രമാത്രം അവസരവാദപരമായിരുന്നു. അതില്‍നിന്നെല്ലാം വ്യത്യസ്തമായ പോരാട്ടം ഡല്‍ഹിയില്‍ നടന്നപ്പോള്‍ ബി.ജെ.പി. തകരുകയും ചെയ്തു. എന്നുവച്ച് എല്ലാ സംസ്ഥാനങ്ങളിലും ആംആദ്മി തരംഗം ശക്തമാകുമെന്നൊന്നും ഞങ്ങള്‍ അവകാശപ്പെടുന്നില്ല. അന്നാ ഹസാരെ സമരവുമായി ബന്ധപ്പെട്ട് വന്ന ആള്‍ക്കൂട്ടത്തിന്റെ സ്വഭാവമല്ല ആംആദ്മിയുടേത്. ആ ആള്‍ക്കൂട്ടത്തില്‍ എല്ലാ ചിന്താഗതിക്കാരുമുണ്ടായിരുന്നു. ബി.ജെ.പിക്കാര്‍പോലും. രാംദേവ് മുതല്‍ കിരണ്‍ ബേദിവരെയുള്ളവര്‍ അന്നാഹസാരെയുമായി സഹകരിച്ചിരുന്നല്ലോ. ആ പ്രസ്ഥാനത്തിന്റെ തുടര്‍ച്ചയാണ് ആംആദ്മി പാര്‍ട്ടി എന്നു പൂര്‍ണമായും പറയാനാകില്ല. അഴിമതിക്കെതിരായ ശക്തമായ നിലപാടെടുക്കുകയും ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ ദൃഢനിശ്ചയമെടുക്കുകയും ജനങ്ങള്‍ക്കിടയില്‍ അവരുടെ വളണ്ടിയര്‍മാരായി അവരുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് ആംആദ്മി പ്രവര്‍ത്തകര്‍. ഒറ്റയടിക്ക് രാജ്യംമുഴുവന്‍ ആംആദ്മി ശക്തമാകുമെന്ന് ആരും അവകാശപ്പെടുന്നില്ല. എങ്ങനെയെങ്കിലും ശക്തിപ്പെടുത്തേണ്ട കാര്യവുമില്ല. ആം ആദ്മി പാര്‍ട്ടി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നത് ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്ന ഒറ്റ ഉദ്ദേശ്യത്തോടെയല്ല. തീരുമാനങ്ങളെടുക്കുന്നതില്‍ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന പ്രക്രിയ ത്വരിതപ്പെടുത്തുകയാണ് മുഖ്യം. ഒപ്പം ജനങ്ങളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുകയും. ആ ദിശയിലുള്ള ചില നടപടികളാണ് വിവരാവകാശനിയമവും സേവനാവകാശനിയമവും മറ്റും. അത്തരത്തിലുള്ള അടുത്ത പടിയാണ് ജന ലോക്പാല്‍. അത്തരത്തില്‍ ജനകീയാധികാരം വിപുലമാക്കാനാണ് ഞങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തനം. അതിനായി അധികാരവും ആവശ്യമാകുമെന്നതിനാലാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുതന്നെ. പരിവര്‍ത്തന്‍ മൂവ്‌മെന്റ് എന്ന പേരില്‍ 10 വര്‍ഷം മുമ്പാരംഭിച്ച പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഡല്‍ഹിയിലെ ഈ വിജയം. അത്തരത്തില്‍ മറ്റു സംസ്ഥാനങ്ങളിലും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് ഞങ്ങള്‍.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍  പഞ്ചാബിലും ബീഹാറിലും കേരളത്തിലുമെല്ലാം ഞങ്ങളുടെ നിലപാടുകള്‍ക്ക് അംഗീകാരം ലഭിക്കുമെന്നുറപ്പാണ്. എല്‍.ഡി.എഫ്., യു.ഡി.എഫ്., ബി.ജെ.പി. എന്നീ മുന്നണികള്‍ വീതംവച്ചിരിക്കുന്ന  കേരളത്തില്‍ ആംആദ്മിക്ക് ഒന്നും ചെയ്യാനാകില്ല എന്നു പറയുന്നത് തെറ്റാണ്. പല കാര്യങ്ങളിലും ഡല്‍ഹിയേക്കാള്‍ മോശമാണ് ഇവിടത്തെ അവസ്ഥ. ഇടതുപക്ഷമടക്കം ഇവിടെ വ്യത്യസ്തരല്ല. ഒരുകാലത്ത് ഏറെ പ്രതീക്ഷ നല്‍കിയ അവരുടെ പല നിലപാടുകളും ഇപ്പോള്‍ ജനവിരുദ്ധമാണ്. ജനകീയ സമരങ്ങളിലൊന്നും അവരില്ല. അതിനാല്‍ ജനകീയ ഇച്ഛയുമായി മുന്നോട്ടുവരുന്ന സാധാരണക്കാരുടെ പ്രസ്ഥാനത്തെ തള്ളിപ്പറയാന്‍ മലയാളിയും തയ്യാറാകില്ല. ചെങ്കൊടി ഒരിക്കല്‍ പിടിച്ചവര്‍ ചൂല്‍ പിടിക്കില്ല എന്ന് പറയാനാകില്ല. അഴിമതിയില്‍ മുങ്ങിയ കോണ്‍ഗ്രസിനെയും വര്‍ഗീയവാദികളായ ബി.ജെ.പിയെയും  ജനം തള്ളിക്കളയും. ഒരുപക്ഷേ കേരളത്തില്‍ അത്തരമൊരു പ്രക്രിയ ഡല്‍ഹിയേക്കാള്‍ എളുപ്പമായിരിക്കും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply