ജനകീയവികസനത്തിന്‌ ഒരു മാനിഫെസ്റ്റോ സമരകേരളം കൂടിയിരിക്കുന്നു

പൊതുവിഭവങ്ങള്‍ കൊള്ളയടിച്ചും മനുഷ്യാന്തസിന്‌ മേല്‍ കടന്നുകയറ്റം നടത്തിയും ജൈവവൈവിധ്യങ്ങളെ മരുവത്‌കരിച്ചും കോര്‍പ്പറേറ്റ്‌ വരേണ്യ വികസനം അതിന്റെ വിനാശകരമായ വ്യാപ്‌തി വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. സ്ഥാപിത താത്‌പര്യങ്ങള്‍ക്കും രാഷ്ട്രീയാധീശത്വത്തിനും വേണ്ടി ഈ വികസന വേഗതയെ വാരിപ്പുണരുന്ന സര്‍ക്കാറുകള്‍ ജനവിരുദ്ധരും പൗരാവകാശ ലംഘകരുമായി പരിണമിച്ചിരിക്കുന്നു. സ്വകാര്യമൂലധനത്തിന്റെ വികാസത്തിന്‌ വഴിയൊരുക്കുന്ന കങ്കാണിപ്പണിക്കാരായി ചുരുങ്ങിപ്പോയ പ്രബല രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം ജനങ്ങളെ നിരാലംബരാക്കുന്നതില്‍ മത്സരിക്കുകയാണ്‌. ‘വികസനം’ എന്ന മിഥ്യാ പ്രയോഗത്തിലൂടെ തങ്ങളുടെ സ്വാര്‍ത്ഥ മോഹങ്ങള്‍ മറച്ചുവയ്‌ക്കുന്നതിനുള്ള ശ്രമങ്ങള്‍ അവര്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ജനാധിപത്യ സംവിധാനങ്ങളെ നിഷ്‌ക്രിയമാക്കിയും നിയമവ്യവസ്ഥയെ നിഷ്‌പ്രഭമാക്കിയും […]

SAMARAM2പൊതുവിഭവങ്ങള്‍ കൊള്ളയടിച്ചും മനുഷ്യാന്തസിന്‌ മേല്‍ കടന്നുകയറ്റം നടത്തിയും ജൈവവൈവിധ്യങ്ങളെ മരുവത്‌കരിച്ചും കോര്‍പ്പറേറ്റ്‌ വരേണ്യ വികസനം അതിന്റെ വിനാശകരമായ വ്യാപ്‌തി വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. സ്ഥാപിത താത്‌പര്യങ്ങള്‍ക്കും രാഷ്ട്രീയാധീശത്വത്തിനും വേണ്ടി ഈ വികസന വേഗതയെ വാരിപ്പുണരുന്ന സര്‍ക്കാറുകള്‍ ജനവിരുദ്ധരും പൗരാവകാശ ലംഘകരുമായി പരിണമിച്ചിരിക്കുന്നു. സ്വകാര്യമൂലധനത്തിന്റെ വികാസത്തിന്‌ വഴിയൊരുക്കുന്ന കങ്കാണിപ്പണിക്കാരായി ചുരുങ്ങിപ്പോയ പ്രബല രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം ജനങ്ങളെ നിരാലംബരാക്കുന്നതില്‍ മത്സരിക്കുകയാണ്‌. ‘വികസനം’ എന്ന മിഥ്യാ പ്രയോഗത്തിലൂടെ തങ്ങളുടെ സ്വാര്‍ത്ഥ മോഹങ്ങള്‍ മറച്ചുവയ്‌ക്കുന്നതിനുള്ള ശ്രമങ്ങള്‍ അവര്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ജനാധിപത്യ സംവിധാനങ്ങളെ നിഷ്‌ക്രിയമാക്കിയും നിയമവ്യവസ്ഥയെ നിഷ്‌പ്രഭമാക്കിയും സ്‌റ്റേറ്റ്‌ മെഷിനറി ‘വികസനത്തി’നായുള്ള ബലപ്രയോഗങ്ങള്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്‌.
എന്നാല്‍, തിരിച്ചടികളുടെയും പുതിയ തിരിച്ചറിവുകളുടെയും കാലം ആഗതമായിരിക്കുകയാണെന്നാണ്‌ വര്‍ത്തമാനാനുഭവങ്ങള്‍ വ്യക്തമാക്കുന്നത്‌. മൗലീകാവകാശങ്ങള്‍ അവകാശപ്പെടാനുള്ള അനുവാദം പോലും നിഷേധിക്കപ്പെടുന്ന കാലത്തും ജനങ്ങള്‍ പ്രതിരോധങ്ങളുയര്‍ത്തുന്നുണ്ട്‌ എന്നതുതന്നെയാണ്‌ ജനാധിപത്യത്തിന്റെ മുന്നില്‍ത്തെളിയുന്ന സാധ്യത. ‘വികസനം’ എന്ന അര്‍ത്ഥശൂന്യ ശബ്ദത്തിന്റെ ഉള്ളില്‍ കുത്തിനിറച്ച അയഥാര്‍ത്ഥ്യങ്ങളെ ജനങ്ങള്‍ തുറന്നുകാണിച്ചു തുടങ്ങിയിരിക്കുന്നു. ഈ ‘വികസനം’ ഇരകളാക്കിത്തീര്‍ത്തവരുടെ സമരങ്ങളും വികസനത്തെ പ്രശ്‌നവത്‌കരിക്കാന്‍ ശ്രമിക്കുന്ന ചെറുസംഘങ്ങളുടെ ഇടപെടലുകളും അതില്‍ ഇന്ന്‌ നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ട്‌. സുരക്ഷിതവും പ്രതീക്ഷിതവുമായ വഴികളില്‍ നിന്നും മാറിനടന്നും ശ്രദ്ധേയമായ ചോദ്യങ്ങളുന്നയിച്ചും ഈ സമരങ്ങളും സംഘങ്ങളും കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തെ മാറ്റിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണ്‌. എന്നിട്ടും ഈ പാര്‍ലമെന്റേതര പ്രതിപക്ഷത്തെ പരിഗണിക്കാതെ മുന്നോട്ടുപോകാമെന്ന ധാര്‍ഷ്ട്യം തുടരുകയാണ്‌ രാഷ്ട്രീയ മുഖ്യധാര. ലാഭകേന്ദ്രീകൃതമായ മുതലാളിത്ത ഉത്‌പാദനവ്യവസ്ഥയെ പരിപോഷിപ്പിക്കാന്‍ തീരുമാനിച്ച ഒരു ഭരണകൂടത്തിന്‌ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ കഴിയില്ല എന്നത്‌ കൂടുതല്‍ അക്രമാസക്തമാകുന്ന അധികാരകേന്ദ്രങ്ങള്‍ ദിനംപ്രതി വ്യക്തമാക്കുന്നുണ്ട്‌. ദേശീയതയുടെയും രാജ്യസ്‌നേഹത്തിന്റെയും പേരില്‍ തീവ്രവലതുപക്ഷ സംഘങ്ങള്‍ രാജ്യത്തുയര്‍ത്തുന്ന അസഹിഷ്‌ണുതകള്‍ പോലും കോര്‍പ്പറേറ്റ്‌ വിഭവചൂഷണത്തിന്റെ വഴി സുഗമമാക്കുന്ന ദൗത്യമാണ്‌ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്‌.
ഫോസില്‍ ഇന്ധനങ്ങള്‍ യഥേഷ്ടം കത്തിച്ച്‌, പൊങ്ങച്ചമൂല്യം മാത്രമുള്ള ഉത്‌പന്നങ്ങള്‍ വിപണിയിലെത്തിച്ച്‌ ലാഭം കൈയാളുന്ന മുതലാളിത്തം പ്രകൃതിയിലെ അമൂല്യവിഭവങ്ങളെയെല്ലാം നശിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ‘വിഭവാധികാരം ജനങ്ങള്‍ക്ക്‌’ എന്ന മുദ്രാവാക്യമുയര്‍ത്തുന്ന സമരങ്ങള്‍ തന്നെയാണ്‌ ഭാവി പ്രതീക്ഷ. ഉത്‌പാദന മേഖലയെ പൂര്‍ണ്ണമായും കൈയൊഴിഞ്ഞുകൊണ്ട്‌, കേരളം നേടിയെടുത്ത പുരോഗതി ഇന്ന്‌ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ്‌. ഒട്ടേറെ പാരിസ്ഥിതിക ദുര്‍ബലതകള്‍ നിലനില്‍ക്കുന്ന കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ വികസനത്തെ സംബന്ധിച്ച സാമ്പ്രദായിക ധാരണകളെയെല്ലാം തന്നെ പൊളിച്ചെഴുത്തിന്‌ വിധേയമാക്കേണ്ട അടിയന്തര സാഹചര്യം നിലനില്‍ക്കുന്നുണ്ട്‌. നിരന്തര വളര്‍ച്ച എന്ന ഭഞ്‌ജിത സ്വപ്‌നത്തില്‍ കുരുങ്ങിക്കിടക്കുകയല്ല, മറിച്ച്‌ സാമൂഹ്യനീതിയേയും സ്ഥായിത്വത്തെയും അടിസ്ഥാനപ്പെടുത്തിയുള്ള ‘അപവളര്‍ച്ച’ എന്ന പാരിസ്ഥിതിക വിവേകത്തിലേക്ക്‌ മുന്നേറുകയാണ്‌ ഒരു സമൂഹം എന്ന നിലയില്‍ നമ്മുടെ കര്‍ത്തവ്യം. സമത്വംസ്ഥായിത്വംസഹവര്‍ത്തിത്വം എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു വികസനസങ്കല്‍പ്പം രൂപപ്പെടുത്തിയെടുക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ആരംഭിക്കേണ്ടതുണ്ട്‌.
എന്നാല്‍ ജനകീയ സമരങ്ങളുയര്‍ത്തുന്ന വികസന വിമര്‍ശനത്തെ ഉള്‍ക്കൊണ്ടുകൊണ്ട്‌ വികസനത്തെ പുനര്‍രചിക്കാന്‍ കഴിയാത്തവിധം ധാര്‍മ്മികമായി അശക്തരായിരിക്കുകയാണ്‌ മൂന്നാംലോക ഭരണകൂടങ്ങള്‍. ഈ വിഷമസന്ധിയെ എങ്ങനെ മറികടക്കണം എന്ന ശക്തമായ ആലോചനകള്‍ ജനകീയ സമരങ്ങളുടെയും ചെറുസംഘങ്ങളുടെയും പക്ഷത്ത്‌ നിന്നും ഉണ്ടാകേണ്ടത്‌ അടിയന്തരാവശ്യമായി മാറിയിരിക്കുന്നു. മനുഷ്യനേയും പ്രകൃതിയേയും പുറംതള്ളുന്ന, ആദിവാസികളെയും ദളിതരേയും വിവിധ ന്യൂനപക്ഷങ്ങളെയും സ്‌ത്രീകളെയും കുട്ടികളെയും പുറന്തള്ളുന്ന വരേണ്യ വികസനത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക്‌ കൂടുതല്‍ മൂര്‍ച്ചയും തീര്‍ച്ചയും വരുത്തേണ്ടതുണ്ട്‌. മാനവരാശിയുടെ സമഗ്ര പുരോഗതി ലക്ഷ്യം വയ്‌ക്കുന്ന ജനങ്ങളുടെ അജണ്ടകള്‍, തീരുമാനങ്ങള്‍ വികസനത്തില്‍ പ്രതിഫലിക്കേണ്ടിയിരിക്കുന്നു. നിലവിലുള്ള സാമ്പത്തികസാമൂഹികരാഷ്ട്രീയ സംവിധാനത്തിനുള്ളില്‍ അത്‌ സാധ്യമാണോ എന്നും, എങ്ങനെ സാധ്യമാക്കാമെന്നും ജനാധിപത്യപരമായി ആലോചിക്കേണ്ടിയിരിക്കുന്നു. അതിനായുള്ള വിപുലമായ ഒരു കൂടിയിരിപ്പിനെക്കുറിച്ച്‌ നമുക്ക്‌ ചിന്തിക്കേണ്ടതുണ്ട്‌. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി ഈ ചര്‍ച്ചകള്‍ കേരളത്തിന്റെ പൊതുരാഷ്ട്രീയ മണ്ഡലത്തില്‍ അവതരിപ്പിക്കാന്‍ കഴിയും വിധമുള്ള ഒരു പരിപാടിയാണ്‌ സങ്കല്‍പ്പിക്കുന്നത്‌. കേരളത്തിലെ ജനകീയ സമരങ്ങളും, രാഷ്ട്രീയ മുഖ്യധാരയ്‌ക്ക്‌ പുറത്തുള്ള ചെറുസംഘങ്ങളും ചേര്‍ന്നിരുന്നത്‌ പുറംതള്ളല്‍ വികസനത്തിന്‌ ഒരു ബദല്‍ രചിക്കാനൊരുങ്ങുകയാണ്‌. ഒപ്പം കൃഷി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ ഒട്ടേറെ മേഖലകളില്‍ നിര്‍മ്മാണാത്മക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ട്‌ സാമ്പ്രദായിക വികസനത്തെ പ്രശ്‌നവത്‌കരിക്കുന്നവരും ഒത്തുചേരുന്നു. 2016 ഏപ്രില്‍ 23, 24 തീയതികളിലായി കോഴിക്കോട്‌ വെച്ച്‌ ‘പുറംതള്ളല്‍ വികസനത്തിന്‌ ഒരറുതി, ജനകീയ വികസനത്തിന്‌ ഒരു മാനിഫെസ്‌റ്റോ: സമരകേരളം കൂടിയിരിക്കുന്നു’ എന്ന പേരില്‍ സംഘടിപ്പിക്കപ്പെടുന്ന പരിപാടിയില്‍ താങ്കളുടെ പങ്കാളിത്തം ഉറപ്പായും ഉണ്ടാകണമെന്ന്‌ ഞങ്ങള്‍ ആഗ്രഹിക്കുന്നു. 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply