ചോദ്യങ്ങളും പക്ഷേകളും ജനാധിപത്യത്തില്‍ അനിവാര്യം.

മഹാപ്രളയത്തെ അതിജീവിക്കാനും നവകേരളം സൃഷ്ടിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ സംവാദങ്ങളാലും വിവാദങ്ങളാലും മുഖരിതമാണ്. വിവാദങ്ങള്‍ അനാവശ്യമാണെങ്കിലും സംവാദങ്ങള്‍ ജനാധിപത്യവ്യവസ്ഥക്ക് അനിവാര്യമാണ്. അതിനെ തള്ളിക്കളയുന്നത് ജനാധിപത്യത്തെ അംഗീകരിക്കാത്തവരാണ്. സര്‍ക്കാര്‍ ജീവനക്കാരടക്കമുള്ള ഉദ്യോഗസ്ഥരും പ്രവാസികളുമൊക്കെ തങ്ങളുടെ ഒരു മാസത്തെ വേതനം നവകേരളസൃഷ്ടിക്കായി സംഭാവന നല്‍കണമെന്ന ആഹ്വാനത്തെ തുടര്‍ന്നാണ് പുതിയ വിവാദം ആരംഭിച്ചത്. വേതനം നല്‍കാം, പക്ഷെ.. എന്ന വാക്കാണ് ചര്‍ച്ചകളുടെ കേന്ദ്രബിന്ദു. ഇത്തരം പ്രകൃതി ദുരന്തങ്ങള്‍ ഇനിയും ഉണ്ടാകാം. എന്നാല്‍ അതിന്റെ മനുഷ്യനിര്‍മ്മിതികള്‍ അതിന്റെ ആഘാതം കൂട്ടരുത്. ആ ലക്ഷ്യത്തിലുള്ള വികസനനയത്തിലൂടെയാകണം നവകേരളം […]

nnn

മഹാപ്രളയത്തെ അതിജീവിക്കാനും നവകേരളം സൃഷ്ടിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ സംവാദങ്ങളാലും വിവാദങ്ങളാലും മുഖരിതമാണ്. വിവാദങ്ങള്‍ അനാവശ്യമാണെങ്കിലും സംവാദങ്ങള്‍ ജനാധിപത്യവ്യവസ്ഥക്ക് അനിവാര്യമാണ്. അതിനെ തള്ളിക്കളയുന്നത് ജനാധിപത്യത്തെ അംഗീകരിക്കാത്തവരാണ്. സര്‍ക്കാര്‍ ജീവനക്കാരടക്കമുള്ള ഉദ്യോഗസ്ഥരും പ്രവാസികളുമൊക്കെ തങ്ങളുടെ ഒരു മാസത്തെ വേതനം നവകേരളസൃഷ്ടിക്കായി സംഭാവന നല്‍കണമെന്ന ആഹ്വാനത്തെ തുടര്‍ന്നാണ് പുതിയ വിവാദം ആരംഭിച്ചത്. വേതനം നല്‍കാം, പക്ഷെ.. എന്ന വാക്കാണ് ചര്‍ച്ചകളുടെ കേന്ദ്രബിന്ദു. ഇത്തരം പ്രകൃതി ദുരന്തങ്ങള്‍ ഇനിയും ഉണ്ടാകാം. എന്നാല്‍ അതിന്റെ മനുഷ്യനിര്‍മ്മിതികള്‍ അതിന്റെ ആഘാതം കൂട്ടരുത്. ആ ലക്ഷ്യത്തിലുള്ള വികസനനയത്തിലൂടെയാകണം നവകേരളം കെട്ടിപ്പടുക്കേണ്ടത് എന്ന അഭിപ്രായമാണ് പൊതുവില്‍ ‘പക്ഷെ’ എന്നു പറയുന്നവര്‍ ഉന്നയിക്കുന്നത്. എന്നാല്‍ ഇത്തരം വിഷയങ്ങള്‍ ഉന്നയിക്കേണ്ട സമയമിതല്ല എന്നുപറഞ്ഞും ഉന്നയിക്കുന്നവരെ സംഘികളും രാജ്യദ്രോഹികളുമായി ചിത്രീകരിക്കാനുമാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. ചര്‍ച്ചകളും ചോദ്യങ്ങളും പക്ഷേകളും ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയേ ഉള്ളു എന്നും യുദ്ധം നടക്കുമ്പോഴാണ് സമാധാനത്തെ കുറിച്ച് പറയേണ്ടതെന്നും ഇവര്‍ മറക്കുന്നു.
നവകേരളസൃഷ്ടിയില്‍ പ്രധാനമായും ഉയരുക കാലങ്ങളായിനടക്കുന്ന ഒരു തര്‍ക്കം തന്നെയാണ്. വികസനമോ പരിസ്ഥിതിയോ പ്രധാനമെന്നതുതന്നെയാണത്. ആ ചോദ്യത്തെ അഭിമുഖീകരിക്കാനുള്ള വൈമനസ്യമാണ് പൊതുവില്‍ കാണുന്നത്. ഇതുവരേയും മുഖ്യധാരാകേരളം ഈ ചോദ്യത്തിനു നല്‍കിയ മറുപടി വികസനം എന്നായിരുന്നു. അതിനായി പരിസ്ഥിതിയെ തകര്‍ത്താലും വിരോധമില്ല എന്നായിരുന്നു. 1500 ഏക്കര്‍ വയല്‍ നികത്തി നെടുമ്പാശ്ശേരി വിമാനത്താവളം പണിതതുമുതല്‍ കീഴാറ്റൂരില്‍ പാടം നികത്തി റോഡിന്റെ വളവുനികത്താന്‍ ശ്രമിക്കുന്നതുവരെ നൂറുകണക്കിനു ഉദാഹരണങ്ങള്‍ ചൂണ്ടികാട്ടാം. പശ്ചിമഘട്ടങ്ങളിലെ ക്വാറികളും നദീതടങ്ങളിലെയും കായല്‍ത്തടങ്ങളിലേയും സമുദ്രതീരങ്ങളിലേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നദികളിലെ അമിതമായ മണലെടുക്കലും നദീതീരങ്ങളിലെ രാസവ്യവസായങ്ങളുമെല്ലാം അവയില്‍പെടും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍തുകകള്‍ നല്‍കിയ പല വ്യവസായ പ്രമുഖരുടേയും സ്ഥാപനങ്ങള്‍ നിര്‍മ്മിച്ചത് ആയിരകണക്കിനു ഏക്കര്‍ വയല്‍ നികത്തിയാണല്ലോ. ഇനിയെങ്കിലും ഈ നയം നാം തിരുത്തിയേ തീരു. പരിസ്ഥിതി സംരക്ഷിക്കാത്ത വികസനം വികസനമല്ല, വിനാശമാണെന്ന് ഈ ദുരന്തമെങ്കിലും നമ്മെ പഠിപ്പിക്കണം. അതു പറയേണ്ട ഏറ്റവും അനുയോജ്യമായ സമയമിതാണ്. സംഭാവന കൊടുത്തവര്‍ക്കും കൊടുക്കാത്തവര്‍ക്കുമൊക്കെ അതിനവകാശമാണ്. ഈ അനുഭവങ്ങളില്‍ നിന്നും മുന്നറിയിപ്പുകളില്‍ നിന്നും പാഠം പഠിച്ചായിരിക്കണം ഇനി നമ്മുടെ ആവാസവ്യവസ്ഥക്ക് രൂപം കൊടുക്കല്‍. എന്നാലാദിശയിലുള്ള വാചകങ്ങളൊന്നും മഖ്യമന്ത്രിയില്‍ നിന്നു കാര്യമായി കേള്‍ക്കുന്നില്ല എന്നത് ഖേദകരമാണ്. അദ്ദേഹത്തിന്റെ ആരാധകരാകട്ടെ ഇതെല്ലാമുണ്ടായിട്ടാണോ 1924ല്‍ പ്രളയമുണ്ടായത് എന്നാണ് ചോദിക്കുന്നത്. ഗാഡ്ഗില്‍ പറഞ്ഞ ഒരു വിഷയം ഇപ്പോള്‍ ഏറ്റവും പ്രസക്തമാണ്. വികസനവിഷയങ്ങളില്‍ ഫിനാന്‍ഷ്യല്‍ ഗവേണന്‍സിനു പകരം എന്‍വിറോണ്‍മെന്റല്‍ ഗവേണന്‍സിലേക്ക് മാറണമെന്നതാണത്. ഫിനാന്‍ഷ്യല്‍ ഗവേണന്‍സില്‍ ഒരു തീരുമാനമെടുക്കുന്നത് കയ്യില്‍ പണമുണ്ടോ എന്ന് നോക്കിയാണ്. അതിനൊരു ഉദാഹരണവും അദ്ദേഹം പറയുന്നു. വീടിന് മുന്നില്‍ ടൈല്‍ ഇടണോയെന്ന് കയ്യിലെ പണത്തിന്റെ ലഭ്യതയനുസരിച്ചാണ് നാം തീരുമാനിക്കുന്നത്. എന്നാല്‍ വീടിന് മുന്നില്‍ ടൈല്‍ ഇട്ടാല്‍ വെള്ളം മണ്ണിലിറങ്ങില്ലെന്നും തൊട്ടടുത്തുള്ള കിണറ്റില്‍ വെള്ളമില്ലാത്തതാകുമെന്നു തിരിച്ചറിഞ്ഞ് തീരുമാനമെടുക്കുന്നതാണ് എന്‍വിറോണ്‍മെന്റല്‍ ഗവേണന്‍സ്. നവകേരള സൃഷ്ടിയില്‍ ഇതായിരിക്കണം നമ്മുടെ ദിശ. പ്രളയവും മണ്ണിടിച്ചിലുമുണ്ടായ സ്ഥലങ്ങളില്‍ പുനരധിവാസം നടത്തില്ല എ്ന്നു മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. അത്രയും നല്ലത്. എന്നാല്‍ പുനരധിവാസത്തില്‍ മാത്രമല്ല, എല്ലാ വികസനപ്രവര്‍ത്തനങ്ങളിലും എന്‍വിറോണ്‍മെന്റല്‍ ഗവേണന്‍സ് എന്ന നയം സ്വീകരിക്കണം. കേരളീയസാഹചര്യത്തില്‍ പരിസ്ഥിതി നശിപ്പിക്കാത്ത, അതേസമയം സാമാന്യം സൗകര്യങ്ങളെല്ലാമുള്ള കെട്ടിട സമുച്ചയങ്ങളാണ് നിര്‍മ്മിക്കേണ്ടത്. അതില്‍ തന്നെ തീരദേശങ്ങളിലും ഇടനാട്ടിലും മലമ്പ്രദേശങ്ങളിലുമുള്ള പാരിസ്ഥിതിക വൈജാത്യങ്ങള്‍ കണക്കിലെടുക്കണം. ഇന്നത്തെ പോലെ ഒറ്റപ്പെട്ട കൂറ്റന്‍ മതിലുകളാല്‍ സംരക്ഷിക്കപ്പെട്ട മണിമാളികകള്‍ വേണ്ട എന്നുതന്നെ വെക്കണം. വലിയ ഫ്‌ളാറ്റു സമുച്ചയങ്ങള്‍ ആവശ്യമാകാം. പക്ഷെ അതിനുമുമ്പ് പാരിസ്ഥിതികാഘാതപഠനം നടത്തണം. ഇത്തരം നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കേണ്ടേത്് ഇപ്പോള്‍ തന്നെയാണ്. അതിനുള്ള ആരുടേയും ജനാധിപാത്യാവകാശം തടയുന്നത് ആരോഗ്യകരമായ സമൂഹത്തിന്റെ ലക്ഷണമല്ല. പൊതുവില്‍ നാം പിന്തുടരുന്ന വികസനമൗലിക വാദമാണ് ദുരന്തങ്ങളെ തീവ്രമാക്കുന്നതെന്നു കരുതുന്നവര്‍ ‘പക്ഷെ’ എന്ന വാക്കുച്ചരിക്കുന്നുവെങ്കില്‍ അതു രാഷ്ട്രീയ ജാഗ്രതയുടെ സൂചകമാണ്. അതിനെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്.
ഇക്കാര്യത്തില്‍ സര്‍ക്കാരിനു മാത്രമല്ല, അതിനു നേതൃത്വം നല്‍കുന്ന സിപിഎ്മമിനും സവിശേഷ ഉത്തരവാദിത്തമുണ്ട്. കേരളത്തില്‍ പതിറ്റാണ്ടുകളായി നടക്കുന്ന പാരിസ്ഥിതിക ജനകീയ സമരങ്ങളെ ഏറ്റവും ശക്തമായി എതിര്‍ത്ത ചരിത്രമാണ് സിപിഎമ്മിനും അതിന്റെ വര്‍ഗ്ഗ ബഹുജന സംഘടനകള്‍ക്കും ഉള്ളത്. മിക്കവാറും പാര്‍ട്ടികളുടേയും നയമതാണെങ്കിലും ഏറ്റവും ശക്തമായി രംഗത്തിറങ്ങാറുള്ളത് സിപിഎം തന്നെ. കീഴാറ്റൂര്‍ അവസാന ഉദാഹരണം മാത്രം. സര്‍ക്കാരിന്റെ വികസന പദ്ധതികളെ എതിര്‍ക്കുന്നവര്‍ക്കെതിരെ കരിനിയമങ്ങള്‍ ഉപയോഗിക്കുമെന്നുപോലും മുഖ്യമന്ത്രി അംബാനിയുടെ ചാനലിലിരുന്നു പറഞ്ഞിരുന്നു. വികസനത്തെ കുറിച്ച് മുതലാളിത്തത്തില്‍ നിന്ന് വളരെ വ്യത്യസ്ഥമല്ല കമ്യൂണിസ്റ്റ് സങ്കല്‍പ്പവും എന്ന കാരണവും ഇതിനുണ്ട്. ഈ തെറ്റു തിരുത്താനുള്ള ചരിത്രപരമായ സന്ദര്‍ഭമാണിത്. നിര്‍ഭാഗ്യമെന്നു പറയട്ടെ ‘പക്ഷെ’ എന്നു പറയുന്നവരെയല്ലാം ആക്ഷേപിക്കുന്നതില്‍ മുന്നില്‍ മറ്റാരുമല്ല എന്നതാണ് ഖേദകരം. അഭിപ്രായ ഭിന്നതയുള്ളവരെയെല്ലാം സംഘിയെന്നും സുഡാപ്പിയെന്നും മാവോയിസ്റ്റ് എന്നും ആരോപിച്ചാല്‍ പ്രശ്‌നം പരിഹരിച്ചു എന്നാണ് പലരും ചിന്തിക്കുന്നത്. പണ്ട് ഇത് സാമ്രാജ്യത്വചാരന്‍, കോണ്‍ഗ്രസ്സുകാരന്‍ എന്നായിരുന്നു.
നവകേരള സൃഷ്ടിയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നിരിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു വിഷയം പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുടേതാണ്. ദളിതര്‍, ആദിവാസികള്‍, മത്സ്യത്തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍, ഇതരസംസ്ഥാനത്തൊഴിലാളികള്‍, അസംഘടിത തൊഴിലാളികള്‍, ചെറുകിട കര്‍ഷകര്‍, ട്രാന്‍സ് ജെന്ററുകള്‍, സ്ത്രീകള്‍, വൃദ്ധര്‍, വ്യത്യസ്ഥകഴിവുകളുള്ളവര്‍, ഭാഷാന്യൂനപക്ഷങ്ങള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കായിരിക്കണം നവകേരള സൃഷ്ടിയില്‍ മുന്‍ഗണന നല്‍കേണ്ടത്. ഇന്നോളം നടന്ന വികസന പ്രവര്‍ത്തനങ്ങളില്‍ ചിലവഴിച്ച കോടികളുടെ അര്‍ഹമായ വിഹിത ലഭിക്കാത്തവരാണിവര്‍. എന്നും ദുരന്തങ്ങള്‍ അനുഭവിക്കുന്നവരും ഇവര്‍ തന്നെ. ഇവരില്‍ പലരും മലയാളികളല്ല. അതിനാല്‍ മലയാളി അതിജീവിക്കും എന്നല്ല, കേരളം അതിജീവിക്കുമെന്നുതന്നെയാണ് ഉപയോഗിക്കേണ്ടത്. കേരളത്തിന്റെ പുനസൃഷ്ടിക്കായി കോടികള്‍ ചിലവഴിക്കുമ്പോള്‍ അര്‍ഹമായ വിഹിതം തങ്ങള്‍ക്കും വേണമെന്ന് അവര്‍ ഇപ്പോഴല്ലാതെ എപ്പോഴാണ് പറയുക? ഇത്തരം ചര്‍ച്ചകള്‍ ജനാധിപത്യസംവിധാനത്തെ മുന്നോട്ടു നയിക്കുകയാണ് ചെയ്യുക എന്ന തിരിച്ചറാവാണ് ‘മുഖ്യധാരാകേരള’ത്തിന് ഇന്ന് അനിവാര്യമായിരിക്കുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply