ചെറുത്തുനില്‍പ്പിന്റെ പുരാവൃത്തങ്ങള്‍

കെ സി സെബാസ്റ്റിന്‍ (ഗോവയില്‍ നടന്ന 47-ാം അന്താരാഷ്ട്ര ചലചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച മികച്ച സിനിമകളെ കുറിച്ച്) ഒരു കുമ്പിള്‍ നല്ല ചിത്രങ്ങള്‍ക്കപ്പുറത്തേക്ക് ഗോവയിലെ അന്താരാഷ്ര്ട മേളയ്ക്ക് വളരാന്‍ ആകില്ലെന്ന പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് പ്രഹരം നല്‍കാന്‍ 47ാം ഐ.എഫ്.എഫ്.ഐക്കും കഴിയാതെ ഒടുങ്ങി. അതേസമയം തിക്കിത്തിരക്കാതെ ശാന്തമായ അന്തരീക്ഷത്തില്‍ സിനിമ കാണുകയെന്ന പ്രേക്ഷകരുടെ ആവശ്യം സാക്ഷാത്കരിക്കാന്‍ മേളയുടെ സംഘാടകര്‍ക്ക് കഴിഞ്ഞുവെന്നത് അഭിമാനകരമാണ്. കേരളത്തിന്റെ അന്താരാഷ്ര്ട ചലച്ചിത്രമേളയ്ക്ക് (ഐ.എഫ്.എഫ്.കെ.) നഷ്ടമാകുന്നതും ഈ നേട്ടമാണ്. ഏകദേശം 290 ഓളം ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച ഈ […]

fffകെ സി സെബാസ്റ്റിന്‍

(ഗോവയില്‍ നടന്ന 47-ാം അന്താരാഷ്ട്ര ചലചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച മികച്ച സിനിമകളെ കുറിച്ച്)

ഒരു കുമ്പിള്‍ നല്ല ചിത്രങ്ങള്‍ക്കപ്പുറത്തേക്ക് ഗോവയിലെ അന്താരാഷ്ര്ട മേളയ്ക്ക് വളരാന്‍ ആകില്ലെന്ന പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് പ്രഹരം നല്‍കാന്‍ 47ാം ഐ.എഫ്.എഫ്.ഐക്കും കഴിയാതെ ഒടുങ്ങി. അതേസമയം തിക്കിത്തിരക്കാതെ ശാന്തമായ അന്തരീക്ഷത്തില്‍ സിനിമ കാണുകയെന്ന പ്രേക്ഷകരുടെ ആവശ്യം സാക്ഷാത്കരിക്കാന്‍ മേളയുടെ സംഘാടകര്‍ക്ക് കഴിഞ്ഞുവെന്നത് അഭിമാനകരമാണ്. കേരളത്തിന്റെ അന്താരാഷ്ര്ട ചലച്ചിത്രമേളയ്ക്ക് (ഐ.എഫ്.എഫ്.കെ.) നഷ്ടമാകുന്നതും ഈ നേട്ടമാണ്.
ഏകദേശം 290 ഓളം ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച ഈ മേളയില്‍ ദിവസവും ഏഴു പ്രദര്‍ശനങ്ങള്‍ വീതമുണ്ടായിരുന്നു. രാവിലെ എട്ടരയ്ക്ക് ആരംഭിക്കുന്ന പ്രദര്‍ശനങ്ങള്‍ തീരുന്നത് പിറ്റേദിവസം വെളുപ്പിന് രണ്ടുമണിയോടെയാണ്. മേളയുടെ ദിനങ്ങള്‍ രണ്ടുദിവസം വെട്ടിക്കുറച്ചപ്പോള്‍, നേരത്തെ തെരഞ്ഞെടുത്ത ചിത്രങ്ങള്‍ ആയതിനാല്‍ എങ്ങനെയെങ്കിലും ഓടിച്ചു തീര്‍ക്കുക എന്നതായിരുന്നു ഇത്തരം മാരത്തോണ്‍ പ്രദര്‍ശനങ്ങള്‍ എന്ന് അനുമാനിക്കാം. അതുകൊണ്ടുതന്നെ മിക്ക ചിത്രങ്ങളും പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിഞ്ഞില്ലെന്ന പരാതിയുമുണ്ട്. പാതിരാ ചിത്രങ്ങള്‍ കാണാന്‍ നിയേറ്ററുകളില്‍ പ്രേക്ഷകര്‍ വളരെ കുറവുമായിരുന്നു.മേളയ്‌ക്കെത്തിയ ഗൗരവ ബുദ്ധികള്‍ക്ക് സാന്ത്വനമേകുന്നതായിരുന്നു, തിരശീലയില്‍ തെളിഞ്ഞ ഒരുപിടി നല്ല ചിത്രങ്ങള്‍. ഇവ ചലച്ചിത്ര ഭൂമികയില്‍ മികച്ച ചിത്രങ്ങള്‍ ഉണ്ടാകുന്നു എന്നതിന് സാക്ഷ്യമേകി.
അനീതിക്കും ഫാഷിസത്തിനുമെതിരെ മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ചിത്രങ്ങള്‍ സിനിമ പിറവിയെടുത്ത കാലം മുതല്‍ ഇപ്പോഴും തുടരുന്ന ഒരു നൈരന്തര്യതയാണ്. ഇത് നമ്മുടെ ആസ്വാദനബോധത്തെ വിരസമാക്കുന്നില്ല. പലകാലത്തിലും ശൈലിയിലും കരണങ്ങളിലും തീര്‍ത്ത വ്യത്യസ്തമാര്‍ന്ന രചനകള്‍ നമ്മള്‍ ജീവിക്കുന്ന കാലവുമായി കണ്ണി ചേര്‍ക്കപ്പെടുകയാണ്. അതുകൊണ്ട് ഇത്തരം ചിത്രങ്ങള്‍ ഇപ്പോഴും ജന്മംകൊള്ളുന്നു. ഇവയെല്ലാംതന്നെ യഥാര്‍ഥ കഥയില്‍നിന്നുള്ള ജീവചരിത്രപരമായ ചലച്ചിത്രങ്ങളാണ്. അതില്‍തന്നെ അന്വേഷണാത്മകമായ അവലംബം നൈരന്തര്യമായി ദര്‍ശിക്കാന്‍ കഴിയും. ഈ മേളയില്‍ പ്രദര്‍ശിപ്പിച്ച നല്ല ചിത്രങ്ങള്‍ ഈ ദിശയിലുള്ള സര്‍ഗാത്മക രചനകളായിരുന്നു. ഇവയില്‍തന്നെ പലതും കലാകാരി-കാരന്ാമരുടെതായിരുന്നു.

twilightഫാഷിസത്തിനെതിരെ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ബര്‍മയിലെ ഷാന്‍ പ്രവിശ്യയുടെ രാജകുമാരന്‍ സാവൊ ക്യ സെങിന്റെയും നൈതികതയ്ക്കുവേണ്ടി പോരാടിയ ഓസ്ട്രിയക്കാരിയായ അദ്ദേഹത്തിന്റെ പ്രിയ പത്‌നി ഇന്‍ഗെ സര്‍ജന്റിന്റെയും കഥ പയുന്ന ടൈ്വലൈറ്റ് ഓവര്‍ ബര്‍മ ഉജ്ജ്വലമായ ചിത്രമാണ്. ഓസ്ട്രിയക്കാരിയായ ഇന്‍ഗെ സര്‍ജന്റിന്റെ ട്രൂ സ്‌റ്റോറിയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രത്തിന്റെ നിര്‍മിതി.
ബര്‍മയില്‍ ജനാധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ച സാവൊ ക്യ സെങിനെ ഒരു പട്ടാള അട്ടിമറിയിലൂടെ തടവിലാക്കുകയകും തുടര്‍ന്നുള്ള പട്ടാളത്തിന്റെ ക്രൂരമായ പീഡനങ്ങളെ പ്രതിരോധിക്കാനാകാതെ തന്റെ രണ്ടു കുട്ടികളുമായി ഇന്‍ഗെ ഓസ്ട്രിയയിലേക്ക് തിരിച്ചുപോകുകയും സാവൊയെക്കുറിച്ചുള്ള അന്വേഷണം തുടരുകയും ചെയ്യുന്നു. ഇന്നും പട്ടാള ഭരണത്തില്‍നിന്നും പൂര്‍ണമായും മുക്തമല്ലാത്ത ബര്‍മയുടെ ദശാബ്ദങ്ങള്‍ക്കു മുമ്പേയുള്ള ചരിത്ര പശ്ചാത്തലത്തിലാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്.
ഓസ്ട്രിയയില്‍ സാവൊ ക്യ സെങിന് സ്മാരകം നിര്‍മിച്ചിട്ടുണ്ടെന്നും സാവൊ എവിടെയാണെന്നുള്ള അന്വേഷണം ഇപ്പോഴും തുടരുന്നതായും ചിത്രാന്ത്യത്തില്‍ എഴുതിക്കാണിക്കുന്നുണ്ട്. മാത്രമല്ല, അന്നെങ്ങനെയോ ചിത്രീകരിച്ച അവരുടെ യഥാര്‍ഥ ജീവിത മുഹൂര്‍ത്തങ്ങള്‍ (സിനിമയിലും ആ രംഗങ്ങള്‍ ഉണ്ട്) നമ്മളെ കാണിച്ചുകൊണ്ട് സംവിധായക സബീന ഡെര്‍ ഫ്‌ളിങ്കര്‍ നമ്മളെ വിസ്മയിപ്പിക്കുന്നു. ഇന്‍ഗെയായി തകര്‍ത്തഭിനയിച്ച മരിയ എഹ്‌റിച്ച് പ്രേക്ഷക മനസില്‍ മായാത്ത മുദ്രപതിപ്പിച്ചു. ഇന്‍ഗെ-സാവെ പ്രണയ ജീവിതം ഒരു പ്രക്ഷുബ്ധ കാലത്തിലൂടെ സഞ്ചരിക്കുമ്പോള്‍ അവര്‍ക്കൊപ്പം ഫാഷിസത്തിനെതിരെയുള്ള പോരാട്ടത്തില്‍ നമ്മളെയും അണിചേര്‍ക്കാന്‍ ഈ ചിത്രത്തിന്റെ ശില്പികള്‍ക്ക് കഴിയുന്നു.

train3മൊസാമ്പിക്കില്‍ നിന്നെത്തിയ ദ് ട്രെയിന്‍ ഓഫ് സാള്‍ട്ട് ആന്‍ഡ് ഷുഗര്‍ എന്ന പോര്‍ച്ചുഗീസ് ഭാഷയിലുള്ള ചിത്രം ശ്രദ്ധേയമായിരുന്നു. 1989ല്‍ ആഭ്യന്തര കലാപത്താല്‍ നശിച്ചുകൊണ്ടിരിക്കുന്ന കമ്യൂണിസ്റ്റ് ചേരിയിലുള്ള മൊസാമ്പിക്കില്‍, പഞ്ചസാരയ്ക്കു പകരമായി നല്‍കാന്‍ ഉപ്പു ചാക്കുകളുമായുള്ള ഒരു നീണ്ട ട്രെയിന്‍ യാത്രയാണ്. പലയിടത്തും അട്ടിമറിക്കപ്പെട്ട റെയില്‍ പാതകളിലൂടെ അവയെല്ലാം പൂര്‍വസ്ഥിതിയിലാക്കി പട്ടാളത്തിന്റെ നേതൃത്വത്തില്‍ ജീവന്‍ കയ്യില്‍ പിടിച്ചു യാത്ര ചെയ്യുന്ന നിസ്വരായ ജനങ്ങളാണ് ഈ തീവണ്ടിയില്‍. ഫാഷിസത്തിനെതിരെ പോരാടി വിജയം വരിച്ചവരിലും ഫാഷിസം ഉടലെടുക്കുന്നതും ഈ പട്ടാള സഖാക്കള്‍ മനുഷ്യത്വം ചവിട്ടിയരക്കുകയും സ്ത്രീകളെ ബലാല്‍സംഗം ചെയ്യുകയും മറ്റും ചെയ്യുമ്പോള്‍ പ്രതികരിക്കാന്‍ കഴിയാതെ നില്‍ക്കുന്ന ജനങ്ങളും അവരെ സ്വേച്ഛാധിപത്യത്തിനെതിരെ പോരാടാന്‍ പ്രേരിപ്പിക്കുന്ന മറ്റൊരു പട്ടാള മേധാവിയായ സഖാവും തമ്മിലുള്ള സംഘര്‍ഷം മുറ്റിനില്‍ക്കുന്നതാണീ ചിത്രം. സ്വാതന്ത്ര്യത്തിലേക്കു യാത്ര ചെയ്യുന്ന ഈ തീവണ്ടി ചിത്രം ലിസിനിയോ അസെവെദോ സാക്ഷാത്കരിച്ചിരിക്കുന്നു.

the nights of....വിഖ്യാതനായ സംവിധായകന്‍ മൊഹ്‌സിന്‍ മഖ്മല്‍ ബഫിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് പ്രദര്‍ശിപ്പിച്ച അദ്ദേഹത്തിന്റെ ദ് നൈറ്റ്‌സ് ഓഫ് സായന്‍ദെഹ് – റോഡ് മേളയിലെ വ്യത്യസ്ത ഫാഷിസ്റ്റു വിരുദ്ധ ചിത്രമായിരുന്നു. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ചിത്രം ഇറാനിലെ സ്വേച്ഛാധിപത്യ ഭരണത്തെ ചോദ്യം ചെയ്യുന്നതായതിനാല്‍ ഒരു മണിക്കൂറിലേക്ക് വെട്ടിച്ചുരുക്കിയാണ് പ്രദര്‍ശനാനുമതി നല്‍കിയതെങ്കിലും പിന്നീട് നിരോധിച്ചു. ഇറാന്‍ ഫിലിം ആര്‍ക്കെവ്‌സില്‍ നിന്നും മോഷ്ടിച്ചു കൊണ്ടുവന്ന നെഗറ്റീവില്‍ നിന്നുമാണ് പ്രിന്റ് എടുത്തിരിക്കുന്നത്. 1990ല്‍ നിര്‍മിച്ച ഈ ചിത്രം വെട്ടിമാറ്റിയ കുറച്ചു ഭാഗങ്ങള്‍ സംയോജിപ്പിച്ചാണ് ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നതെങ്കിലും ഈ രംഗങ്ങള്‍ ശബ്ദരഹിതമാണ്. (മുറിച്ചുമാറ്റിയ ഈ ചിത്രത്തിന്റെ നെഗറ്റീവും സൗണ്ട് ട്രാക്കും എവിടെയാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല). സ്വേച്ഛാധിപത്യത്തിനെതിരേയുള്ള സിനിമ എങ്ങനെ സ്വേച്ഛാധിപത്യത്തിന്റെതന്നെ ഇരയാകുന്നുവെന്ന ദൃഷ്ടാന്തമാണിത്.
ഫാഷിസ്റ്റായ ഇറാനിയന്‍ ഭരണാധികാരി ഷായ്‌ക്കെതിരെ നടന്ന വിപ്ലവത്തിന്റെ മുമ്പും പിമ്പും വിപ്ലവം നടക്കുമ്പോഴും എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായാണ് ഈ ഇറാനിയന്‍ ചിത്രം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഏതൊരു ഫാഷിസ്റ്റ് ചലച്ചിത്രത്തെപ്പോലെതന്നെ ദ് നൈറ്റ്‌സ് ഓഫ് സായന്‍ദെഹ് – റോഡ് നമ്മുടെ ഉള്ളുലയ്ക്കുന്നു. ഒരു നരവംശശാസ്ത്രജ്ഞന്റെയും ആശുപത്രിയിലെ അപകട അത്യാഹിത വിഭാഗത്തില്‍ ജോലി ചെയ്യുന്ന മകളുടെയും ജീവിതത്തിലൂടെയാണ് ചലച്ചിത്രം സഞ്ചരിക്കുന്നത്. പ്രമേയത്തിന്റെ കരുത്തുകൊണ്ടുതന്നെയാണ് 15 വര്‍ഷത്തിനുശേഷവും മഖ്മല്‍ ബഫിന്റെ ഈ ചിത്രം പ്രേഷകന്റെ കാഴ്ചയെ ഉദ്ദീപിപ്പിക്കുന്നത്.

after imageസ്റ്റാലിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ രണ്ടു ശക്തമായ ചിത്രങ്ങളുണ്ടായിരുന്നു. വിശ്വവിഖ്യാതനായ ചലച്ചിത്രാചാര്യന്‍ ആന്ദ്രേവൈദയുടെ ആഫ്ടര്‍ ഇമേജ് എന്ന പോളീഷ് ചിത്രവും യുവ സംവിധായക അങ്ക ലാസറെസ്‌ക്യുവിന്റെ ദാറ്റ് ട്രിപ് വീ ടുക് വിത്ത് ഡാഡ് എന്ന റൊമാനിയന്‍, ജര്‍മന്‍ ഭാഷയിലുള്ള ചിത്രവും. ഇവ രണ്ടും ട്രൂ സ്‌റ്റോറികളാണ്.
പുതിയ ആശയങ്ങളും ശൈലികളും സൃഷ്ടിക്കുന്ന വ്‌ളാഡിസ്ലോ സ്‌ട്രെമിന്‍സ്‌കി എന്ന ചിത്രകാരന്റെ കഥയാണ് ആഫ്ടര്‍ ഇമേജ്. കലയ്ക്കുവേണ്ടിയുള്ള തന്റെ പുരോഗമന കാഴ്ചപ്പാടുകളുമായി സ്റ്റാലിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ ദൃഢനിശ്ചയനായി പൊരുതിയ വ്‌ളാഡിസ്ലോ തന്റെ ഭൗതിക ഹാനികളൊന്നും കാര്യമാക്കിയില്ല. തീരുമാനങ്ങളെടുക്കുന്നതില്‍നിശ്ചയമുള്ള, എളുപ്പത്തില്‍ ഗ്രഹിക്കാനാകാത്ത കലയ്ക്കുവേണ്ടി അര്‍പ്പിക്കപ്പെട്ട ഒരു അറിയപ്പെടാത്ത ഉടഞ്ഞ മനുഷ്യന്റെ ഛായാചിത്രമാണ് ആഫ്ടര്‍ ഇമേജ്. ആധുനിക ചിത്രകലയ്ക്കുവേണ്ടി 1934ല്‍ വേള്‍ഡ് മ്യൂസിയം സ്ഥാപിച്ച ഇദ്ദേഹം ഒരു അപൂര്‍വ അധ്യാപകനുമായിരുന്നു.
കലാവിഷ്‌കാരം സോഷ്യലിസ്റ്റ് റിയലിസത്തിന്റെ കടമയായിത്തീര്‍ന്ന പോളണ്ടിലെ സോവിയറ്റുവത്കരണത്തിന്റെ ഭീഷണമായ നാലുവര്‍ഷങ്ങളാണ് (1949 1952) ഈ ചിത്രത്തില്‍ വരഞ്ഞിടുന്നത്. ആചാര്യസ്പര്‍ശം അനുഭവവേദ്യമാകുന്ന ഈ ശ്രദ്ധേയ ചിത്രം ഇഫി മേളയിലെ ഉദ്ഘാടന ചിത്രവും ആന്ദ്രേ വൈദയുടെ അവസാനത്തെ സിനിമയുമാണ്.

Trip_4_1350x900വസന്ത കലാപത്താല്‍ പ്രക്ഷുബ്ധമായ 1968ലെ ഒരു പയണ കഥയാണ് ദാറ്റ് ട്രിപ് വി ടുക് വിത്ത് ഡാഡി. സ്റ്റാലിന്റെ ഫാഷിസത്തിനതിരെ ചുവരെഴുത്തു നടത്തിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ തങ്ങള്‍ പിടിക്കപ്പെടുമെന്ന ഭീതിയില്‍ ഹൃദ്രോഗിയായ തന്റെ അച്ഛനേയും സ്റ്റാലിനിസ്റ്റ് വിരുദ്ധനായ ഇളയ സഹോദരനേയും കൊണ്ട് ഒരു ഡോക്ടര്‍ ആത്മരക്ഷാര്‍ത്ഥം റൊമാനിയയിലെ അരദ് എന്ന പട്ടണത്തില്‍ നിന്നും ജര്‍മ്മനിയിലേക്ക് നടത്തുന്ന ഒളിച്ചോട്ടമാണ് ഈ ചലചിത്രം. പ്രാഗിലെ വസന്തകലാപത്തെ അടിച്ചമര്‍ത്താനുള്ള സോവിയറ്റ് ടാങ്കുകളുടെ നീക്കം കിഴക്കന്‍ ജര്‍മ്മനിയുടെ അതിര്‍ത്തിയില്‍ വെച്ച് ഇവരുടെ യാത്രയെ തടയുന്നു. ഇതിനിടയിലും അതിനുശേഷവും നടക്കുന്ന സംഭവബഹുലതയിലൂടെ സ്റ്റാലിന്റെ സേച്ഛാധിപത്യത്തിന്റെ തിക്താനുഭവങ്ങള്‍ പ്രേക്ഷകനെ അനുഭവിപ്പിക്കുകയാണ് സംവിധായകനായ ഉങ്കലാസ് റെസ്‌ക്യൂ.

 

 

el-amparo-still-filmഫാഷിസത്തിന്റെ മറ്റൊരു മുഖം വെളിപ്പെടുത്തുന്നതാണ് ‘എല്‍ അമ്പാരെ’ എന്ന വെനിസ്വലയില്‍ നിന്നുള്ള ചിത്രം. കൊളംബിയ – വെനിസ്വല അതിര്‍ത്തിയില്‍ വെച്ച് 14 നിരപരാധികളായ മത്സ്യത്തൊഴിലാളികളെ കമ്യൂണിസ്റ്റ് ഗറില്ലകളാണെന്നു പറഞ്ഞ് ഭരണകൂടം വെടിവെച്ചുകൊല്ലുന്നത്. സര്‍ക്കാര്‍ അധീനതയിലുള്ള കടലിലെ എണ്ണക്കിണറുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഗറില്ലകള്‍ക്ക് വെടിയേറ്റതെന്നായിരുന്നു അധികാരികളുടെ വിശദീകരണം. ദരിദ്രരും നിസ്സഹായരുമായിരുന്ന ഈ മുക്കുവരുടെ കൊലയെ തുടര്‍ന്നുള്ള തെളിവെടുപ്പുകളും അന്വേഷണങ്ങളുമായി മുന്നോട്ടുനീങ്ങുന്ന ചിത്രം, കേരളത്തിലെ തീരദേശഗ്രാമത്തിന്റെ പ്രതിച്ഛായയുള്ള ഇവരുടെ നിഷ്‌കളങ്കമായ ഗ്രാമത്തിന്റെ ആകുലതകളും വ്യഥകളും നമ്മള്‍ക്ക് പകുത്തു നല്‍കുന്നു. മുപ്പതുവര്‍ഷങ്ങള്‍ക്കുമുമ്പു നടന്ന ഈ യഥാര്‍ത്ഥ സംഭവത്തിന്റെ സത്യം ഇതുവരെ പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. ഇതിനുവേണ്ടിയുള്ള നിയമപോരാട്ടം തുടരുന്നതായി ചിത്രാന്ത്യത്തില്‍ നമ്മള്‍ അറിയുന്നു. നമ്മുടെ മനസ്സിനെ പ്രകോപിപ്പിക്കുന്ന ഈ ചലചിത്രം റോബര്‍ കാല്‍സദില്ലയുടെ സൃഷ്ടിയാണ്.

 

UstavRepublikeHrvatskeFilm-113-photoSasaHuzjak_bലിംഗ, സ്വത്വ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടുള്ള കുറച്ചു ചിത്രങ്ങള്‍ കൂടി മേളയിലുണ്ടായിരുന്നു. അതില്‍ സ്ത്രീയായി ജീവിക്കാനാഗ്രഹിക്കുന്ന പുരുഷന്റെ കഥ പറയുന്ന രണ്ടുചിത്രങ്ങളാണ് ‘ദ് കോണ്‍സ്റ്റിറ്റിയൂഷന്‍’, ‘തമര’. ഒരേ കെട്ടിടത്തില്‍ താമസിക്കുന്ന നാലു വ്യത്യസ്തരായ മനുഷ്യര്‍ ചുറ്റുപാടുകളുടെ സമ്മര്‍ദ്ദത്തില്‍ സമന്വയിക്കേണ്ടിവരുന്ന ‘ദ് കോണ്‍സ്റ്റിറ്റിയൂഷന്‍’ ട്രാന്‍സ്‌ജെന്ററിന്റെ അസ്തിത്വപ്രശ്‌നമാണ് കാതലാക്കുന്നത്. ട്രാന്‍സ്‌ജെന്ററായ പ്രഫസറും അയാളുടെ രോഗശയ്യയിലായ വൃദ്ധനായ പിതാവും അയല്‍ക്കാരിയായ നഴ്‌സും ഒരു പൊലീസുകാരനുമാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങള്‍. തന്മയത്വത്തോടെ മെനഞ്ഞെടുത്തിരിക്കുന്ന ഈ ക്രൊയേഷ്യന്‍ ചിത്രം മാസ്റ്ററായ രാജ്‌കൊ ഗ്രിലികിന്റെ കൈയൊപ്പുള്ളതാണ്.

 

 

 

thamaraഭാര്യയും രണ്ടു കുട്ടികളുമുള്ള ഒരു ഉത്തമ വക്കീലിന്റെ സ്ത്രീയാകാനുള്ള ആഗ്രഹങ്ങളും അതേ തുടര്‍ന്നുള്ള പ്രശ്‌നങ്ങളുമായി വികസിക്കുന്ന വെനസ്വെലയില്‍നിന്നുള്ള തമര എന്ന ചലച്ചിത്രം പ്രശസ്തയായ എലിയ ഷ്‌നെയ്ഡര്‍ എന്ന എഴുത്തുകാരിയാണ് സംവിധാനം ചെയ്തത്. വെനസ്വലയിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്റര്‍ രാഷ്ട്രീയക്കാരനായ തമര അഡ്രിയന്റെ യഥാര്‍ത്ഥ ജീവിതകഥയാണ് ഈ ചിത്രം. വെനസ്വലയില്‍ കോണ്‍ഗ്രസ്സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ LGBTIQ വിന്റേയും അവകാശങ്ങള്‍ക്കുവേണ്ടി പോരാടി.

 

 

 

 

 

 

 

like cotton...സ്ത്രീ സ്വാതന്ത്ര്യം ഉന്നയിക്കുന്ന രണ്ടു പ്രധാന ചിത്രങ്ങളായിരുന്നു, ലൈക്ക് കോട്ടന്‍ ടൈ്വന്‍, പൗല. ഈ ചിത്രങ്ങളും ട്രൂ സ്‌റ്റോറിയെ ആസ്പദമാക്കിയുള്ള ദൃശ്യാവിഷ്‌കാരമാണ്. മതപുരോഹിതര്‍ കന്യകകളായ പെണ്‍കുട്ടികളെ വിവാഹം ചെയ്ത് അടിമകളാക്കിവയ്ക്കുന്ന ആഫ്രിക്കയിലെ ഘാന എന്ന രാജ്യത്തെ അതിനീചമായ ആചാരത്തിനെതിരെയുള്ള ചെറുത്തുനില്‍പാണ് ലൈക്ക് കോട്ടണ്‍ ടൈ്വന്‍. ഉന്നത വിദ്യാഭ്യാസം ചെയ്യണമെന്ന് അതിയായി ആഗ്രഹിച്ച ടുയ്ജി എന്ന 14 കാരിയായ പെണ്‍കുട്ടിയെ, അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും മറവില്‍ ദൈവത്തിന്റെ അടിമയായി പ്രഖ്യാപിക്കുന്നതിനെ തുടര്‍ന്ന്, ഇങ്ങനെ അടിമകളാക്കിയ ധാരാളം ഭാര്യമാരുള്ള 60 വയസുള്ള മതപുരോഹിതന്റെ ഭാര്യയാകേണ്ടിവരുന്നു. ടുയ്ജിയുടെ പ്രായത്തെയും വിസമ്മതത്തെയും അവഗണിക്കുന്ന പുരോഹിതന്‍ നിരന്തരമായി അവളെ ലൈംഗികമായി പീഡിപ്പിക്കുന്നു.

ചരിത്രവും പള്ളിയും സ്‌റ്റേറ്റും തമ്മിലുള്ള യുദ്ധത്തില്‍ തടവിലാക്കപ്പെട്ട ഗര്‍ഭിണിയായ ടുയ്ജിയെ, ആണ്‍കോയ്മയില്‍നിന്നും മതപരമായ അടിമത്വത്തില്‍നിന്നും മോചിതയാകാന്‍ സഹായിക്കുന്നത്, വളന്റിയര്‍ അധ്യാപകനായി അവിടെ എത്തുന്ന ആഫ്രോ – അമേരിക്കന്‍ മൈക്ക ബ്രൗണ്‍ ആണ്. ജീവന്‍ അവഗണിച്ചുള്ള അദ്ദേഹത്തിന്റെ ധീരമായ ഇടപെടല്‍ ടുയ്ജിക്ക് തുണയായി. എന്നാല്‍ കൗമാരത്തിലെ അനാരോഗ്യ പ്രസവത്തോടെ ടുയ്ജിയെ മരണം തട്ടിയെടുത്തു. ഇവള്‍ക്കുണ്ടായ പെണ്‍കുഞ്ഞിനെ മൈക്ക ബ്രൗണ്‍ ഏറ്റെടുത്തു. ഒടുവില്‍ ചരിത്രത്തിലെ ട്രൊക്കോസി എന്ന ധീര വനിതയായി വളരാന്‍ ടുയ്ജിയുടെ മകള്‍ക്ക് പാതയൊരുക്കി. യുവസംവിധായകയായ ലൈല ജാന്‍സിയാണ് ഈ കരുത്തുറ്റ ചിത്രത്തിന്റെ ശില്പി.
ഫെമിനിസം പിറവികൊള്ളുന്നതിനും മുമ്പേ നടന്ന ഒരു ജീവിതകഥയാണ് പൗല എന്ന ചലച്ചിത്രം. ചിത്രകലയില്‍ വ്യത്യസ്തമായ ശൈലി സൃഷ്ടിച്ചുകൊണ്ട് തനിച്ചു നില്‍ക്കേണ്ടിവരികയും കലയുമായി ബന്ധപ്പെട്ട് കണ്ടെത്തിയ ചിത്രകാരനായ സുഹൃത്തുമായി ജീവിതം തുടങ്ങുകയും ചെയ്ത പൗല, ഇതൊന്നുമല്ല തന്റെ ലോകമെന്ന് തിരിച്ചറിയുകയും ചിത്രകലയുടെ സ്വപ്‌നനഗരമായ പാരീസിലേക്ക് കുടിയേറുകയും ചെയ്യുന്നു. അവിടെ സ്വതന്ത്രമായ ജീവിതം തുടങ്ങുന്ന പൗല, ചിത്രകലയില്‍ തന്റെ കഴിവുകള്‍ തെളിയിക്കുകയും ചെയ്യുന്നു. ചിത്രകലയിലെയും ജീവിതത്തിലെയും യാഥാസ്ഥിതികതയില്‍നിന്നുള്ള മോചനം പൗലയ്ക്കു നല്‍കിയത് ആധുനിക ചിത്രകലയില്‍ ഫ്രാന്‍സിലെ പ്രഥമ ചിത്രകാരിയെന്ന അംഗീകാരം. കാവ്യാത്മകമായ ഈ ചിത്രം ക്രിസ്ത്യന്‍ ഷൊചൗ സംവിധാനം ചെയ്തിരിക്കുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഓസ്ട്രിയയിലെ വിയന്നയില്‍ ജീവിച്ചിരുന്ന ഏറ്റവും ക്ഷോഭമുണര്‍ത്തുന്ന ചിത്രകാരനായ ഇഗോണ്‍ ഷൈലെയെക്കുറിച്ചുള്ള ചലച്ചിത്രമാണ് ഇഗോണ്‍ ഷൈലെ – ഡെത്ത് ആന്‍ഡ് മെയ്ഡന്‍. ചിത്രം വരയ്ക്കാതെ ഒരു ദിവസംപോലും തനിക്ക് ജീവിക്കാന്‍ കഴിയില്ലെന്നു പറഞ്ഞിരുന്ന ഇഗോണ്‍ 27ാം വയസില്‍ പനിമൂലം മരിക്കുമ്പോള്‍ ആയിരക്കണക്കിന് ഓയില്‍, ജലഛായ ചിത്രങ്ങളും ഡ്രോയിങ്ങുകളും പൂര്‍ത്തീകരിച്ചിരുന്നു. കലയുടെ സ്വതന്ത്രവിഹായസിലേക്കു പറക്കുന്ന ഈ ട്രൂ സ്‌റ്റോറിയുടെ സംവിധായകന്‍ ഡയറ്റര്‍ ബെര്‍ണര്‍ ആണ്ബന്ധങ്ങളുടെ നിരര്‍ഥകതയും ഏകാന്തതയും വേര്‍പാടുമെല്ലാം കെട്ടുപിണഞ്ഞ കുറച്ചു നല്ല ചിത്രങ്ങള്‍കൂടിയുണ്ടായിരുന്നു, ക്രൊയേഷ്യന്‍ ചിത്രമായ ഓണ്‍ ദ് അദര്‍ സൈഡ്, കൊസോവൊയില്‍നിന്നുള്ള ഹോം സ്വീറ്റ് ഹോം, പെയ്ല്‍ സ്റ്റാര്‍ (ഐസ്്‌ലാന്റ്), ഹാര്‍മൊണിയ (ഇസ്രയേല്‍). ഈജിപ്തിലെ രാഷ്ര്ടീയ ഉയിര്‍ത്തെഴുന്നേല്പുമായ ബന്ധപ്പെട്ട ചലച്ചിത്രമായ ക്ലാഷ് (സൗദി അറേബ്യ) മേല്‍പറഞ്ഞ ചിത്രങ്ങളില്‍നിന്നും വേറിട്ടുനിന്നു.

kaadu-pookkunna-neram-dr-biju.jpg.image.275.145ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ 26 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതില്‍ കെ.ആര്‍. ബിജുവിന്റെ കാടുപൂക്കുന്ന നേരം എന്ന ചിത്രം ആനുകാലിക തീവ്രരാഷ്ര്ടീയമായ മാവോയിസത്തെ പ്രമേയമാക്കുന്നതിലൂടെ വേറിട്ടുനില്‍ക്കുന്നു. മാവോവാദികളുടെ ഏറ്റുമുട്ടലുകളും കൊലകളും മറ്റും ദൈനം ദിനം മാധ്യമങ്ങളിലൂടെ നമ്മള്‍ അറിയുന്നതാണ്. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര പ്രശ്‌നം മാവോയിസ്റ്റുകളാണെന്ന് കേന്ദ്ര ഭരണകൂടംതന്നെ വിലയിരു്തിയിട്ടുള്ളതുമാണ്. എന്നാല്‍ നമ്മുടെ മുന്നിലുള്ള ഈ തിളയ്ക്കുന്ന സത്യത്തെ തമസ്‌കരിക്കാതെ അതെന്താണെന്ന് അറിയാനും അറിയിക്കാനുമുള്ള സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു കലാകാരനെന്ന നിലയില്‍ ബിജു കാണിച്ച ചങ്കൂറ്റം പ്രകീര്‍ത്തിക്കപ്പെടേണ്ടതാണ്.
ബിജുവിന്‍െ മുന്‍ ചിത്രങ്ങളില്‍നിന്നും കുറച്ചുകൂടി ആര്‍ജവത്തോടെയുള്ള മുന്നേറ്റം ഈ ചിത്രം വെളിവാക്കുന്നു. പെണ്ണിന്റെ കരുത്ത്, സാമൂഹ്യ പ്രതിബദ്ധത, മനുഷ്യന്റെ സാംസ്‌കാരിക ഔന്നത്യം എന്നീ കാഴ്ചകളാണ് താന്‍ ഈ ചലച്ചിത്രത്തിലൂടെ ദൃശ്യവത്കരിച്ചിരിക്കുന്നതെന്നാണ് സംവിധായകനായ ബിജു പറയുന്നത്. റീമ കല്ലിങ്കല്‍ മാവോയിസ്റ്റും ഇന്ദ്രജിത് പോലീസുകാരനുമായുള്ള ഈ ചിത്രം വേട്ടക്കാരനും ഇരയും തമ്മിലുള്ള സംഘര്‍ഷത്തിന്റെയും ഇണങ്ങലിന്റെയും തിരിച്ചറിവിന്റേയുമാണ്. ഒടുവില്‍ ഇരയെ വെറുതെ വിടുമ്പോള്‍ വേട്ടക്കാരന്റെ മനസിന്റെ വിങ്ങലുകള്‍ അയാളുടെ കണ്ണുകളില്‍ ദൃശ്യമായിരുന്നു. പക്ഷേ, ഇവിടെ സിനിമയില്‍ മാവോയിസ്റ്റ് എന്നാല്‍ മനുഷ്യസ്‌നേഹിയാണെന്ന പോലീസുകാരന്റെ വെളിപാട് പ്രേക്ഷകന്റെകൂടി അവബോധമാകുന്നതിലൂടെ ഗൗരവമേറിയ ഒരു പ്രത്യയശാസ്ത്ര കാഴ്ചപ്പാടിനെ വികലമാക്കാന്‍ വിസമ്മതിക്കുന്നു. പി.എ. ബക്കര്‍, ജോണ്‍ ഏബ്രഹാം, ശ്യാം ബനഗല്‍, ഗോവിന്ദ് നിഹലാനി എന്നീ ചലച്ചിത്രകാരന്മാര്‍ മാത്രമേ ഇന്ത്യയില്‍ നക്‌സലൈറ്റ് രാഷ്ര്ടീയം ഗൗരവമായി സിനിമയില്‍ പ്രതിപാദിച്ചിട്ടുള്ളൂ. ഇനി ബിജുവും ഈ സമുന്നത ശ്രേണിയിലേക്കു ചേര്‍ക്കപ്പെട്ടേക്കാം?
പനാജിയിലെ ഇനോക്‌സ് തീയറ്ററില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചതിന് അടുത്ത ദിവസമായിരുന്നു കേരളത്തില്‍ രണ്ടു മാവോയിസ്റ്റുകള്‍ വെടിയേറ്റു മരിച്ചത്. കാടുപൂക്കുന്ന നേരം കണ്ടവരില്‍ പലര്‍ക്കും അതൊരു ’ഞെട്ടലാ’യിരുന്നു. ഇപ്പോഴത്തെ അന്തരീക്ഷത്തില്‍ ഈ ചിത്രം കേരളത്തില്‍ റിലീസ് ചെയ്യുകയാണെങ്കില്‍ വ്യാപകമായി ചര്‍ച്ച ചെയ്യാനും വിവാദത്തിനുമുള്ള സാധ്യതയുണ്ട്.
വിഖ്യാത ചലച്ചിത്രാചാര്യന്മാരുടെ മാസ്‌റ്റേഴ്‌സ്് സ്‌ട്രോക്ക്‌സ് എന്ന വിഭാഗത്തില്‍ മികച്ച ചിത്രങ്ങളുണ്ടായിരുന്നു. വിംവെന്‍ഡേഴ്‌സിന്റെയും കെന്‍ലോച്ചിന്റെയും ചിത്രങ്ങള്‍ ഈ മേളയിലും ഇടംനേടിയിരുന്നു.
പോയവര്‍ഷത്തെ പോലെ തന്നെ ഇക്കുറിയും മത്സരവിഭാഗത്തേക്കാള്‍ മികച്ച ചിത്രങ്ങള്‍ ലോക സിനിമാ വിഭാഗത്തിലായിരുന്നു. ഔന്നത്യമാര്‍ന്ന കാന്‍മേള പോലെയുള്ള മേളകളില്‍ പങ്കെടുക്കുന്നതുമൂലം മികച്ച ചിത്രങ്ങള്‍ക്ക് ഇഫിയുടെ മത്സര വിഭാഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് നമ്മുടെ മത്സരവിഭാഗത്തേക്കാളും നല്ല ചിത്രങ്ങള്‍ ലോക സിനിമാ വിഭാഗത്തില്‍ വരുന്നത്. ഇതു സമീപഭാവിയില്‍ പരിഹരിക്കാന്‍ സാധ്യത കുറവാണ്. അതുകൊണ്ട് ഇഫിയുടെ മത്സര വിഭാഗം ചിത്രങ്ങള്‍ അല്പം ശോഷിച്ചതായിരിക്കും. ഇതേ പ്രശ്‌നം ഐ.എഫ്.എഫ്.കെയും കേരളത്തില്‍ അഭിമുഖീകരിക്കുന്നുണ്ട്. അതേസമയം ഇഫിയുടെ പുരസ്‌കാര തുക 40 ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ടെങ്കിലും ഇതുവരെയും വമ്പന്മാരുടെ സിനിമകളൊന്നും മത്സര വിഭാഗത്തില്‍ ലഭ്യമായിട്ടില്ല.
വരും വര്‍ഷത്തില്‍ കൂടുതല്‍ മികച്ച സിനിമകള്‍ ഇഫിയില്‍ ഉണ്ടായില്ലെങ്കില്‍ പങ്കെടുക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് മേളയ്ക്കു തിരശീല വീണപ്പോള്‍, ഒരുപിടി സര്‍ഗരചനകളെ മനസില്‍ ശേഖരിച്ചുകൊണ്ട് സൗഹൃദങ്ങളോടും പരിചയങ്ങളോടും വിടപറഞ്ഞുപോയ പല ഡെലിഗേറ്റുകളും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply