ചെന്നിത്തല, കരുണാകരനുമായി താങ്കള്‍ക്കെന്ത്?

കെ എസ് ഹരിഹരന്‍ പുസ്തകങ്ങള്‍ കണ്ടെത്തിയതിന്റെ പേരില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്‌പ്പെട്ട തുഷാര്‍ നിര്‍മല്‍ സാരഥിയുടേയും ജെയ്‌സണ്‍ കൂപ്പറിന്റെയും തടവ് നീണ്ടുപോകുന്ന സാഹചര്യത്തില്‍ ഏതാനും ദിവസം മുമ്പ് മംഗളത്തില്‍ എഴുതിയ ലേഖനം കോണ്‍ഗ്രസിന്റെ ആഭ്യന്തര രാഷ്ട്രീയത്തിന്റെ ചരിത്രം അറിയുന്നവരെ സംബന്ധിച്ച ഈ തലക്കെട്ട് പെട്ടെന്നോര്‍മിപ്പിക്കുക രാഗദ്വേഷങ്ങളിടകലര്‍ന്ന ഒരു ഗുരുശിഷ്യബന്ധത്തെയാകും. നമ്മുടെ ഓര്‍മയില്‍ കെ. കരുണാകരന്റെയും രമേശ് ചെന്നിത്തലയുടെയും മനോഹരമായ ഒരു ചിത്രമുണ്ട്. അത് ഒരേ ഇലയില്‍നിന്ന് പ്രഭാതഭക്ഷണമായ ഇഡ്ഡലി കഴിക്കുന്ന ഗുരുവിന്റെയും ശിഷ്യന്റെയും ചിത്രമാണ്. […]

CCCCകെ എസ് ഹരിഹരന്‍

പുസ്തകങ്ങള്‍ കണ്ടെത്തിയതിന്റെ പേരില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്‌പ്പെട്ട തുഷാര്‍ നിര്‍മല്‍ സാരഥിയുടേയും ജെയ്‌സണ്‍ കൂപ്പറിന്റെയും തടവ് നീണ്ടുപോകുന്ന സാഹചര്യത്തില്‍ ഏതാനും ദിവസം മുമ്പ് മംഗളത്തില്‍ എഴുതിയ ലേഖനം

കോണ്‍ഗ്രസിന്റെ ആഭ്യന്തര രാഷ്ട്രീയത്തിന്റെ ചരിത്രം അറിയുന്നവരെ സംബന്ധിച്ച ഈ തലക്കെട്ട് പെട്ടെന്നോര്‍മിപ്പിക്കുക രാഗദ്വേഷങ്ങളിടകലര്‍ന്ന ഒരു ഗുരുശിഷ്യബന്ധത്തെയാകും. നമ്മുടെ ഓര്‍മയില്‍ കെ. കരുണാകരന്റെയും രമേശ് ചെന്നിത്തലയുടെയും മനോഹരമായ ഒരു ചിത്രമുണ്ട്. അത് ഒരേ ഇലയില്‍നിന്ന് പ്രഭാതഭക്ഷണമായ ഇഡ്ഡലി കഴിക്കുന്ന ഗുരുവിന്റെയും ശിഷ്യന്റെയും ചിത്രമാണ്. പ്രഖ്യാതമായ തിരുത്തല്‍വാദം പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പായിരുന്നു ഇതെന്നാണോര്‍മ. കെ. കരുണാകരന്റെ രാഷ്ട്രീയ അനന്തരാവകാശിയായി കെ. മുരളീധരന്‍ പ്രത്യക്ഷപ്പെട്ടതോടെ ശിഷ്യനും മകനും തമ്മിലുള്ള പോരു തുടങ്ങിയതിന്റെയും അതു പല വിധത്തില്‍ പടര്‍ന്നു കയറിയതിന്റെയും ചരിത്രമുണ്ട്. ഒടുക്കം കെ.കരുണാകരന്‍ കോണ്‍ഗ്രസിന്റെ പടിയിറങ്ങിയതിന്റെയും തിരിച്ചുകയറിയതിന്റെയുമടക്കം അനുഭവകഥകള്‍ ധാരാളമുണ്ടെങ്കിലും അതല്ല ഈ ലേഖനത്തിന്റെ വിഷയം.
അച്യുതമേനോന്‍ മന്ത്രിസഭയില്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്ത കാലത്ത് കെ. കരുണാകരനു കൈവന്ന ദുഷ്‌പേരും ജനശത്രുവായി അദ്ദേഹത്തെ മാറ്റുന്നതില്‍ പോലീസ് മേധാവികള്‍ വഹിച്ച പങ്കാളിത്തവും കുപ്രസിദ്ധമായ കക്കയം ക്യാമ്പും നക്‌സലൈറ്റ് വേട്ടയുമൊക്കെയാണ് പ്രശ്‌നം. കെ. കരുണാകരനെ വേട്ടയാടിയ നക്‌സലൈറ്റ് ഇപ്പോഴത്തെ മാവോയിസ്റ്റ് പ്രശ്‌നമെന്ന നിലയില്‍ അദ്ദേഹത്തിന്റെ വത്സലശിഷ്യന്‍ രമേശ് ചെന്നിത്തലയെ പിന്തുടരുമോയെന്നാണ് രാഷ്ട്രീയകേരളം ആകാംക്ഷയോടെ കാത്തിരിക്കുന്നത്. മാവോയിസ്റ്റ് വേട്ടയാണ് സമീപകാലത്ത് കേരളത്തിലെ പോലീസ് മേധാവികള്‍ക്കു വലിയ ത്രില്ലുണ്ടാക്കിയിട്ടുള്ള സംഭവം. മാവോയിസ്റ്റ് ഭീഷണിയുടെ മറവില്‍ വന്‍തോതില്‍ കേന്ദ്രഫണ്ട് സംഘടിപ്പിക്കാനുള്ള പോലീസ് നേതൃത്വത്തിന്റെ അത്യാര്‍ത്തി നമുക്കു മനസിലാകും. ക്വാറിമാഫിയയില്‍നിന്ന് കൈക്കൂലി വാങ്ങിയെന്നാരോപിച്ച് സസ്‌പെന്‍ഷനിലായ എസ്.പി. മുതല്‍ ഭീകരവാദികളെ വഴിവിട്ടുസഹായിച്ചതടക്കമുള്ള ആരോപണങ്ങളുടെ പേരില്‍ ദീര്‍ഘകാലം സസ്‌പെന്‍ഷന്‍ വാങ്ങിയ ഉന്നത ഉദ്യോഗസ്ഥന്‍വരെയുള്ള അഴിമതിയുടെ വേതാളങ്ങള്‍ നിറഞ്ഞ പോലീസ് സേനയ്ക്ക് കേന്ദ്രഫണ്ടിനോടുള്ള ആസക്തി നമുക്കു മനസിലാകും. എന്നാല്‍ ആഭ്യന്തരമന്ത്രിയെ നയിക്കേണ്ടത് തന്റെ ത്യാജ്യഗ്രാഹ്യവിവേചന ശേഷിയാവണമെന്നാണ് ആരും ആഗ്രഹിക്കുക. കാരണം രാഷ്ട്രീയനേതാക്കളുടെ കോടതി ജനങ്ങളാണ്. ബ്യൂറോക്രാറ്റുകള്‍ക്കു ജനങ്ങള്‍ വെല്ലുവിളിയല്ല. മറ്റൊരര്‍ഥത്തില്‍ അവരെ സംബന്ധിച്ച് ജനങ്ങള്‍ ശല്യം വിതയ്ക്കുന്ന കീടങ്ങളാണ്. രാഷ്ട്രീയ നേതൃത്വത്തിന് അങ്ങനെ ചിന്തിക്കാന്‍ കഴിയില്ല. അങ്ങനെ ചിന്തിച്ചു തുടങ്ങിയാല്‍ അവരുടെ അധോഗതി തുടങ്ങി എന്നാണ് തിരിച്ചറിയേണ്ടത്.
കേരളത്തില്‍ ക്രമസമാധാനത്തകര്‍ച്ചയ്ക്കിടയാക്കുന്ന വിധത്തിലുള്ള മാവോയിസ്റ്റ് ഭീഷണിയുണ്ടോ? പോലീസ് മേധാവികള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിടുന്ന വാര്‍ത്തകള്‍ അങ്ങേയറ്റം ഭീതിജനകമാണ്. എന്നാല്‍ മാവോയിസ്റ്റ് മുദ്രകുത്തി അവര്‍ യു.എ.പി.എ. വലയില്‍ കുടുങ്ങിയിട്ടുള്ള ഭീകരന്‍മാരെ നേരിട്ടുകണ്ടാല്‍ സാധാരണ മനുഷ്യര്‍ക്കാര്‍ക്കും ഇതു ബോധ്യപ്പെടുകയില്ല. കഴിഞ്ഞ ദിവസം കോഴിക്കോട്ടുവച്ച് മനുഷ്യാവകാശ കണ്‍വന്‍ഷന്റെ പത്രസമ്മേളനത്തിനെത്തിയ അഡ്വ. തുഷാര്‍ നിര്‍മ്മല്‍ സാരഥിയെ അറസ്റ്റ് ചെയ്ത പോലീസ് താലിബാന്‍ ഭീകരനെ കിട്ടിയ അമേരിക്കന്‍ പട്ടാളക്കാരെപ്പോലെ ആവേശഭരിതരായിരുന്നു. ദേശീയപാതയുടെ ചുമതലക്കാരുടെ ഓഫീസ് തല്ലിത്തകര്‍ത്തതു മുതല്‍ ഭരണകൂടഭീകരതയ്‌ക്കെതിരേ നോട്ടീസെഴുതിയതുവരെയുള്ള ഭീകരകൃത്യങ്ങള്‍ വിവിധ വകുപ്പുകളായി ഈ ചെറുപ്പക്കാരനുമേല്‍ ചുമത്തപ്പെട്ടിരിക്കുന്നു. കൂട്ടുപ്രതിയായി മറ്റൊരു യുവാവുമുണ്ട്. അദ്ദേഹത്തെ കണ്ടാല്‍ ആര്‍ക്കും സഹതാപമേ തോന്നൂ. ഇത്തരക്കാരെയാണ് രമേശ് ചെന്നിത്തലയുടെ വകുപ്പ് കൈയാളുന്നവര്‍ ഭീകരരായി അവതരിപ്പിക്കുന്നത്. യഥാര്‍ഥ ഭീകരര്‍ക്ക് ഇതിനേക്കാള്‍ മാനക്കേടുണ്ടാക്കുന്ന മറ്റെന്തുണ്ട്?
കെ. കരുണാകരന്‍ ആഭ്യന്തരമന്ത്രിയായി അടിയന്തരാവസ്ഥ പൊടിപൊടിക്കുമ്പോള്‍ ഈ ലേഖകന്‍ കണ്ണൂര്‍ ജില്ലയിലെ െ്രെകസ്തവ മാനേജ്‌മെന്റ് വക ഹൈസ്‌കൂളില്‍ വിദ്യാര്‍ഥിയായിരുന്നു. പേരിനുമാത്രം എസ്.എഫ്.ഐക്കാരുള്ള ആ കലാലയത്തില്‍ കുട്ടികള്‍ക്കിരിക്കാന്‍ ആവശ്യത്തിനു ബെഞ്ചില്ലാത്ത പ്രശ്‌നമുയര്‍ത്തി കെ.എസ്.യുക്കാരും കെ.എസ്.സിക്കാരും ഒക്കെ ഒത്തുചേര്‍ന്ന് ഒരു സമരം നടന്നു. അടിയന്തരാവസ്ഥയില്‍ ഒരു വിദ്യാര്‍ഥിസമരം കോണ്‍ഗ്രസുകാര്‍ക്കു ചിന്തിക്കാനേ കഴിയുമായിരുന്നില്ല. ഡസന്‍കണക്കിന് ഇടിവണ്ടിയില്‍ പോലീസ് പടയും ഉന്നത ഉദ്യോഗസ്ഥരും സ്‌കൂളില്‍ പറന്നെത്തി. ഹെഡ്മാസ്റ്ററെക്കൊണ്ട് അസംബ്ലി വിളിപ്പിച്ച് പോലീസുദ്യോഗസ്ഥര്‍ തന്നെ മിസ, ഡി.ഐ.ആര്‍. തുടങ്ങിയ അന്നത്തെ കരിനിയമങ്ങളെക്കുറിച്ച് പ്രസംഗിച്ച് കുട്ടികളെ ഭീഷണിപ്പെടുത്തിയത് ഇപ്പോഴും ഓര്‍മയുണ്ട്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായിരുന്നു അന്ന് പോലീസിനെ നിയന്ത്രിച്ചിരുന്നത്. ആഭ്യന്തരമന്ത്രിയെ നിയന്ത്രിച്ചത് ജയറാം പടിക്കലും മധുസൂദനനും പുലിക്കോടന്‍ നാരായണനുമടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരും.
താടിവളര്‍ത്തിയവരും മുടിനീട്ടിയവരും പുസ്തകം കൈയില്‍ കൊണ്ടുനടക്കുന്നവരും കൊമ്പന്‍മീശയുള്ളവരും പല്ലു തേക്കാത്തവരും ഒക്കെ ഭീകരരായിരുന്നു അക്കാലത്ത്. സംശയം തോന്നിയാല്‍ കക്കയം ക്യാമ്പിലെയും നന്ദാവനം ക്യാമ്പിലെയും ഉലക്കകള്‍ അവരുടെ ദേഹത്തു പാഞ്ഞുകയറുമായിരുന്നു. തെളിവുകള്‍ ഒന്നും ആവശ്യമായിരുന്നില്ല. ചോദിക്കാനും പറയാനും ആരുമുണ്ടായിരുന്നില്ല. ഈ ഇരുണ്ട കാലത്തിന്റെ സര്‍വാധിപതിയായിരുന്നു കെ. കരുണാകരന്‍. അക്കാലത്തിന്റെ മൂകസാക്ഷിയായിരുന്നു മുഖ്യമന്ത്രി സി. അച്യുതമേനോന്‍. പി. രാജനും വര്‍ക്കല വിജയനും സുലോചനയും ഈച്ചരവാര്യരുമൊക്കെ ഇക്കാലത്തിന്റെ ഓര്‍മപ്പെടുത്തലുകളാണ്.
ഇപ്പോള്‍ രൂപപ്പെടുന്ന യു.എ.പി.എക്കാലം പഴയ അടിയന്തരാവസ്ഥയുടെ രണ്ടാം വരവാണ്. പഴയ നക്‌സലൈറ്റുകള്‍ക്കു പകരം മാവോവാദികള്‍ എന്നു പേരുമാറിയെന്നേയുള്ളൂ. പൗരാവകാശലംഘനങ്ങളുടെ ഈ നാളുകള്‍ സംബന്ധിച്ച് കേരളത്തിലെ രാഷ്ട്രീയസാംസ്‌കാരികപ്രവര്‍ത്തകര്‍ മൗനികളാകുന്നത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കൂടുതല്‍ അപകടത്തിലേക്കെത്തിക്കാനാണു സാധ്യത.
മുന്നണി രാഷ്ട്രീയം മടുത്തുകഴിഞ്ഞ ഇവിടത്തെ ജനം കെ. കരുണാകരനോട് പൊറുത്തതുപോലെ രമേശ് ചെന്നിത്തലയോട് ഭാവിയില്‍ സൗജന്യം കാണിക്കാന്‍ വഴിയില്ല. മാവോയിസ്റ്റ് രാഷ്ട്രീയത്തോട് ആഭിമുഖ്യമില്ലാത്തവര്‍ക്കുപോലും കേരളാ പോലീസ് സമീപകാലത്ത് നടത്തിയിട്ടുള്ള ചില ഇടപെടലുകളോട് ക്ഷമിക്കാനാവില്ല. അവ ഇങ്ങനെ നിരത്താം. 1. ജൈവകൃഷിയിലും ഗാന്ധിയന്‍ ചിന്തയിലും തല്‍പരനും പഴയൊരു ജഡ്ജിയുടെ മകനുമായ ശ്യാം ബാലകൃഷ്ണനെ വയനാട്ടില്‍ അര്‍ധരാത്രിക്കുശേഷം വീട്ടില്‍ക്കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കസ്റ്റഡിയിലെടുത്തു. ലാപ്‌ടോപ് ഉള്‍പ്പെടെ എടുത്തുകൊണ്ടുപോയി. 2. സ്വിറ്റ്‌സര്‍ലന്‍ഡുകാരനായ ഗവേഷകവിദ്യാര്‍ഥി ജോനാഥനെ തൃശൂരില്‍നിന്നു കസ്റ്റഡിയിലെടുത്തു മാസങ്ങളോളം ജയിലിലിട്ടു. ഒടുവില്‍ കോടതി ജാമ്യമനുവദിച്ചതിനാല്‍ വിദേശിയായ ഈ മാവോയിസ്റ്റ് തടി രക്ഷപ്പെടുത്തി. 3. കേരളീയം മാസികയുടെ തൃശൂരിലെ ഓഫീസില്‍ അര്‍ധരാത്രി റെയ്ഡ്‌നടത്തി അവിടെയുണ്ടായിരുന്നവരെ പിടിച്ചുകൊണ്ടുപോയി. യു.എ.പി.എക്കെതിരേ ലഘുലേഖയെഴുതിയ തുഷാര്‍ നിര്‍മ്മല്‍ സാരഥിയെ യു.എ.പി.എ. ചുമത്തി കസ്റ്റഡിയിലെടുത്തു ജയിലിലടച്ചു. 4. ചുംബനസമരത്തിലെ മാവോയിസ്റ്റുകളെ തിരഞ്ഞ് എറണാകുളം മഹാരാജാസ് കോളജ് ഹോസ്റ്റലിലെ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഭീഷണിപ്പെടുത്തി. 5. വയനാട്ടിലെ പരമസാധുവായ ഒരു ഹോമിയോ ഡോക്ടറുടെ വീട്ടില്‍കയറി പാതിരാത്രിയില്‍ റെയ്ഡ് നടത്തി, (ഡോക്ടര്‍ താടിവളര്‍ത്തുന്നത് രാജ്യദ്രോഹമാണെന്നാണ് ഭാഷ്യം).
പക്ഷേ, ഇതേ കേരളത്തില്‍ നാദാപുരത്ത് ഒരു ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനെ വെട്ടിക്കൊന്ന ലീഗ് ക്രിമിനലുകളും അതിന്റെ പേരില്‍ അവിടത്തെ മുസ്ലിം സമുദായത്തില്‍പ്പെട്ടവരുടെ വീടുകള്‍ തെരഞ്ഞുപിടിച്ച് കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്ത സി.പി.എം. ക്രിമിനലുകളും യു.എ.പി.എ. ശല്യമില്ലാതെ സുഖമായി കഴിയുന്നു! കസ്തൂരിരംഗന്‍ പ്രശ്‌നത്തിന്റെ പേരില്‍ ഞങ്ങളൊക്കെ നക്‌സലൈറ്റാവും എന്നു ഭീഷണിപ്പെടുത്തിയ താമരശേരി ബിഷപ്പും ആ ആഹ്വാനം കേട്ട് ഫോറസ്‌റ്റോഫീസ് കത്തിച്ച ഗാഡ്ഗില്‍ വിരുദ്ധരും യാതൊരു വിഷമവുമില്ലാതെ കഴിയുന്നു! അതൊക്കെ രാജ്യസ്‌നേഹപരമായ പ്രവര്‍ത്തനങ്ങളാവാം.
ഏതായാലും മറ്റൊരു കരുണാകരനാവാതെ രമേശ് ചെന്നിത്തലയ്ക്ക് ശിഷ്ടകാലം കഴിയാനുള്ള അവസരം യു.എ.പി.എ. സിന്‍ഡ്രോം തലയ്ക്കുപിടിച്ച പോലീസ് മേധാവികള്‍ നല്‍കുമെന്ന് നമുക്കു കരുതാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply