ചൂടു കൂടുന്നു : ആനകള്‍ക്ക് ദുരിതവും

ഈ ചിത്രം നോക്കൂ. തൃശൂരിനടുത്ത് കുറ്റുമുക്ക് ക്ഷേത്ത്രതില്‍ കഴിഞ്ഞ ദിവസം നടന്ന ഉത്സവമാണിത്. ഉത്സവത്തിന് എഴുന്നള്ളിച്ച ആനകള്‍ നില്‍ക്കുന്നതുനോക്കൂ. മേളക്കാരും നാട്ടുകാരും നില്‍ക്കുന്നതോ? ആനകളെ വെയിലത്ത് നിര്‍ത്തി മനുഷ്യര്‍ ഭംഗിയായി പന്തലിനകത്ത് നിന്ന് കൊട്ടുന്നു, കൊട്ടുന്നത് ആസ്വദിക്കുന്നു. സാമാന്യബുദ്ധിയുള്ള എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ് കറുത്ത നിറമുള്ള ആനകള്‍ക്ക് മനുഷ്യനോളം ചൂട് സഹിക്കാനാകില്ല എന്ന സത്യം. അതുകൊണ്ടാണല്ലോ ഇടയുന്ന ആനകള്‍ മിക്കപ്പോഴും ജലാശയങ്ങളിലിറങ്ങി നീരാടുന്നത്. ആനപ്രേമികളുടെ നിരവധി നിവേദനങ്ങള്‍ക്കുശേഷം 11 മുതല്‍ മൂന്നുവരെ ആനകളെ എഴുന്നള്ളിക്കരുതെന്ന് ചട്ടമുണ്ട്. ക്ഷേത്രത്തിനകത്ത് […]

Photo0113

ഈ ചിത്രം നോക്കൂ. തൃശൂരിനടുത്ത് കുറ്റുമുക്ക് ക്ഷേത്ത്രതില്‍ കഴിഞ്ഞ ദിവസം നടന്ന ഉത്സവമാണിത്. ഉത്സവത്തിന് എഴുന്നള്ളിച്ച ആനകള്‍ നില്‍ക്കുന്നതുനോക്കൂ. മേളക്കാരും നാട്ടുകാരും നില്‍ക്കുന്നതോ? ആനകളെ വെയിലത്ത് നിര്‍ത്തി മനുഷ്യര്‍ ഭംഗിയായി പന്തലിനകത്ത് നിന്ന് കൊട്ടുന്നു, കൊട്ടുന്നത് ആസ്വദിക്കുന്നു.
സാമാന്യബുദ്ധിയുള്ള എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ് കറുത്ത നിറമുള്ള ആനകള്‍ക്ക് മനുഷ്യനോളം ചൂട് സഹിക്കാനാകില്ല എന്ന സത്യം. അതുകൊണ്ടാണല്ലോ ഇടയുന്ന ആനകള്‍ മിക്കപ്പോഴും ജലാശയങ്ങളിലിറങ്ങി നീരാടുന്നത്. ആനപ്രേമികളുടെ നിരവധി നിവേദനങ്ങള്‍ക്കുശേഷം 11 മുതല്‍ മൂന്നുവരെ ആനകളെ എഴുന്നള്ളിക്കരുതെന്ന് ചട്ടമുണ്ട്. ക്ഷേത്രത്തിനകത്ത് എഴുന്നള്ളിക്കുകയാണെങ്കില്‍ അവക്ക് പന്തലിട്ട് കൊടുക്കണമെന്നും. എന്നാല്‍ അതാണിവിടെ പരസ്യമായി ലംഘിക്കപ്പെടുന്നത്. ഇവിടെയല്ല, മിക്കവാറും സ്ഥലങ്ങളില്‍ ഇതുതന്നെയാണ് അവസ്ഥ. ഈ ആനകള്‍ക്ക് ഒരു ദിവസം പോലും വിശ്രമം നല്‍കാതെയാണ് എഴുന്നള്ളിക്കുന്നതെന്നും മറക്കരുത്. വെഞ്ചാമരവും ആലവട്ടവും വീശുന്നവര്‍ ഒരാനയുടെ പുറത്തുനിന്ന് മറ്റാനകളുടെ പുറത്തേക്ക് ചാടിചാടി നടക്കുന്നതും കണ്ടു. ആനകളിടയാനും വന്‍ദുരന്തത്തിനും അതുമാത്രം മതി എന്നുപോലും വിസ്മരിച്ചുകൊണ്ട്.
വേനല്‍ കനക്കാനാരഭിച്ചതോടെ ആനകളുടെ ദുരിതങ്ങളും രൂക്ഷമായിരിക്കുകയാണ്. പാലക്കാട് ജില്ലയില്‍ ഊഷ്മാവ് 40 കടന്നു. മധ്യകേരളത്തിലെ ഉത്സവകാലവും സജീവമായി. അതോടൊപ്പം ആനയിടയലുകള്‍ നിത്യസംഭവങ്ങളായി മാറി. ഈ വര്‍ഷം ഇതുവരെ 308 സ്ഥലങ്ങളില്‍ ചെറുതും വലുതുമായ രീതിയില്‍ ആനകള്‍ ഇടഞ്ഞ സംഭവങ്ങള്‍ ഉണ്ടായി. വലിയ ദുരന്തങ്ങള്‍ ഉണ്ടായില്ലെങ്കിലും മൂന്നു പാപ്പാന്മാര്‍ കൊല്ലപ്പെട്ടു. ചൂടു കൂടുന്തോറും ആനകളുടെ ഇടയല്‍ സംഭവങ്ങള്‍ ഇനിയും കൂടാനിടയുണ്ടെന്നാണ് ആനപ്രേമികള്‍ പറയുന്നത്. പ്രശസ്തങ്ങളായ തൃശൂര്‍, ഇരിങ്ങാലക്കുട, ആറാട്ടുപുഴ, നെന്മാറ – വല്ലംഗി പോലുള്ള ഉത്സവങ്ങള്‍ വരാനിരിക്കുന്നതേയുള്ളുതാനും.
വര്‍ഷങ്ങള്‍ക്കുമുമ്പ് ആനയിടയല്‍ സംഭവങ്ങള്‍ വളരെയധികം വര്‍ദ്ധിച്ചപ്പോഴാണ് വനം വകുപ്പും കോടതിയും മറ്റും വിഷയത്തില്‍ ഇടപെട്ടത്. തുടര്‍ന്ന് എഴുന്നള്ളിപ്പുകളുമായി ബന്ധപ്പെട്ട് നിരവധി നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. 11 മുതല്‍ 3 വരെ എഴുന്നള്ളിപ്പ് പാടില്ല, മൂന്നുമണിക്കൂര്‍ തുടര്‍ച്ചയായി എഴുന്നള്ളിച്ചാല്‍ ആനകളെ മാറ്റണം, ഒരു ഉത്സവം കഴിഞ്ഞാല്‍ 12 മണിക്കൂര്‍ വിശ്രമം നല്‍കണം, ദിവസവും ഡോക്ടര്‍ പരിശോധിക്കണം തുടങ്ങി നിരവധി നിയണ്രങ്ങള്‍ വന്നു. എന്നാല്‍ അവയില്‍ പലതിലും പിന്നീട് വെള്ളം ചേര്‍ത്തു. മാത്രമല്ല, അവപോലും പാലിക്കപ്പെടുന്നില്ല. രേഖകളില്ലാത്ത ആനകളെ എഴുന്നള്ളിക്കാനോ ആനകളെ പാട്ടത്തിനു കൊടുക്കാനോ പാടില്ലെന്ന നിയമവും നിരന്തരമായി ലംഘിച്ചു കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം തൃശൂര്‍ പൂരത്തിനു എഴുന്നള്ളിച്ച ആനകളുടെ കാലുകളിലെ വ്രണങ്ങളുടേയും മറ്റും ഫോട്ടോയെടുത്ത വന്യജീവി ഫോട്ടോഗ്രാഫര്‍ എന്‍ എ നസീര്‍ അവ പ്രമുഖ വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ അതേകുറിച്ചന്വേഷിക്കാന്‍ മൂന്നംഗ കമ്മീഷനെ നിയമിച്ചു. എന്നാല്‍ ഈ വര്‍ഷത്തെ പൂരമാകാറായിട്ടും അതുമായി ബന്ധപ്പെട്ട് കാര്യമായ നടപടികള്‍ ഉണ്ടായിട്ടില്ല. അതേസമയത്തുതന്നെ ഗുരുവായൂര്‍ ആനക്കോട്ട സന്ദര്‍ശിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കവയിത്രി സുഗതകുമാരിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. കോട്ട സന്ദര്‍ശിച്ച സുഗതകുമാരി അവിടത്തെ ദയനീയമായ അവസ്ഥ കണ്ട് ആനകളെ അവിടെ നിന്ന് മാറ്റാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ അതിനുതയ്യാറാകാതെ മലമ്പുഴയില്‍ നിന്നും മറ്റും മണല്‍ കൊണ്ടുവന്ന് ആനകള്‍ക്ക് വിരിച്ചുകൊടുക്കാനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ബന്ധപ്പെട്ടവരുടെ യോഗം തീരുമാനിച്ചത്.
അതിനിടെ ഉത്സവങ്ങള്‍ക്ക് ആനകള്‍ക്കുപകരം അവയുടെ വലിയ ശില്‍പ്പങ്ങളോ രഥങ്ങലോ എഴുന്നള്ളിച്ചാല്‍ മതിയെന്ന നിര്‍ദ്ദേശം ഉയര്‍ന്നുവന്നിട്ടുണ്ട്. തൃശൂര്‍ ജില്ലയില്‍ ഈ വര്‍ഷം 2 ക്ഷേത്രത്തിലെങ്കിലും അത് പ്രായോഗികമാക്കി. അത്തരത്തില്‍ ചിന്തിക്കാന്‍ മറ്റുള്ളവരും തയ്യാറായാല്‍ ഒരുപാട് ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ കഴിയും.
ഉത്സവങ്ങളുടെ കാര്യം ഇങ്ങനെയാണെങ്കില്‍ മറുവശത്തുനോക്കൂ. പഞ്ചായത്ത് മെമ്പറെ സ്വീകരിക്കാന്‍ മുതല്‍ ഏതു കടയുടെ ഉദ്്ഘാടനത്തിനും ഘോഷയാത്രകള്‍ക്കും കല്ല്യാണങ്ങള്‍ക്കുപോലും നിയമവിരുദ്ധമായി ആനയെ എഴുന്നള്ളിക്കുകയാണ്. പരസ്യമായി നിയമം ലംഘിക്കുമ്പോഴും നിയമപാലകര്‍ നോക്കുകുത്തികളായി നോക്കി നില്‍ക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply