ചുവപ്പ് പച്ചയാകുമ്പോള്‍ ദക്ഷിണ വെയ്ക്കണ്ടേ?

ടോമി മാത്യു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്‍ഡ്യ (മാര്‍ക്‌സിസ്റ്റ്) കേരള ഘടകം ജൈവകൃഷിയിലേക്ക്. ഈയിടെ നടന്ന പാര്‍ട്ടി ജില്ലാ സമ്മേളനങ്ങളില്‍ ചിലതില്‍ വിളമ്പിയ പച്ചക്കറികളൊക്കെയും ജൈവമായിരുന്നുവത്രേ. പോയ വിഷുവിന് സദ്യയൊരുക്കാന്‍ ഒട്ടേറെ മലയാളി വീടുകളാശ്രയിച്ചത് പാര്‍ട്ടിക്കാര്‍ വിളയിച്ചെടുത്ത ജൈവ പച്ചക്കറികള്‍. മൃദു ഇനം ജൈവ കൃഷിയല്ല, സുഭാഷ് പലേക്കരുടെ പെന്തക്കോസ്തു ജൈവകൃഷി തന്നെ അനുവര്‍ത്തിക്കുന്ന പാര്‍ട്ടി സഖാക്കളുടെ ദൃഷ്ടാന്തങ്ങള്‍ കൊണ്ട് തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പേജുകള്‍ കനം വെക്കുന്നു. ആകെ കേരളത്തില്‍ ചുവപ്പ് പച്ചയാകുന്നതിന്റെ വാര്‍ത്തകളാണെങ്ങും. മഴവെള്ളക്കൊയ്ത്തിന് […]

isacടോമി മാത്യു

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്‍ഡ്യ (മാര്‍ക്‌സിസ്റ്റ്) കേരള ഘടകം ജൈവകൃഷിയിലേക്ക്. ഈയിടെ നടന്ന പാര്‍ട്ടി ജില്ലാ സമ്മേളനങ്ങളില്‍ ചിലതില്‍ വിളമ്പിയ പച്ചക്കറികളൊക്കെയും ജൈവമായിരുന്നുവത്രേ. പോയ വിഷുവിന് സദ്യയൊരുക്കാന്‍ ഒട്ടേറെ മലയാളി വീടുകളാശ്രയിച്ചത് പാര്‍ട്ടിക്കാര്‍ വിളയിച്ചെടുത്ത ജൈവ പച്ചക്കറികള്‍. മൃദു ഇനം ജൈവ കൃഷിയല്ല, സുഭാഷ് പലേക്കരുടെ പെന്തക്കോസ്തു ജൈവകൃഷി തന്നെ അനുവര്‍ത്തിക്കുന്ന പാര്‍ട്ടി സഖാക്കളുടെ ദൃഷ്ടാന്തങ്ങള്‍ കൊണ്ട് തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പേജുകള്‍ കനം വെക്കുന്നു. ആകെ കേരളത്തില്‍ ചുവപ്പ് പച്ചയാകുന്നതിന്റെ വാര്‍ത്തകളാണെങ്ങും. മഴവെള്ളക്കൊയ്ത്തിന് പാര്‍ട്ടി, ജൈവവള നിര്‍മ്മാണത്തിന് പാര്‍ട്ടി. പുഴ സംരക്ഷണത്തിന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി വള്ളത്തില്‍. ദോഷൈക ദൃക്കുകള്‍ പറയും പുഴ സംരക്ഷണമെന്നേ പറയൂ, മണലൂറ്റെന്ന് യൂണിയന്‍കാരെ ഓര്‍ത്ത് പറയില്ലെന്ന്. കുന്നുകളെക്കുറിച്ച് പറയും, പാറമടകളെക്കുറിച്ച് മിണ്ടില്ലെന്ന്. വിമര്‍ശകര്‍ക്കാണോ നാട്ടില്‍ പഞ്ഞം? വിധിനാളില്‍ ഒടേതമ്പുരാന്‍ കണക്കു ചോദിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കത്തിന് കുഴലൂതാതെ കമ്മ്യൂണിസ്റ്റ്കാരുടെ മഴവെള്ളക്കൊയ്ത്തില്‍ പങ്കെടുത്തതാവും തന്നെ ‘നല്ലവരൊത്തു വലംഭാഗെ’ ചേര്‍ക്കുകയെന്ന് ബിഷപ്പു തിരുമേനി തന്നെ സര്‍ട്ടിഫിക്കറ്റ് തരുമ്പോഴാണ് സിനിക്കുകളുടെ കെറുവ് പറച്ചില്‍! നിങ്ങള്‍ക്കിപ്പോഴും ഈ പാര്‍ട്ടിയെക്കുറിച്ചൊരു ചുക്കും…
ഈ മാറ്റത്തെ സ്വാഗതം ചെയ്യണം. ഒരക്ക സംഖ്യയിലേക്ക് പാര്‍ലിമെന്ററി പ്രാതിനിധ്യം ഇടിഞ്ഞ കാലത്താണീ വിവേകം ഉദിച്ചതെന്നതുകൊണ്ട് ഇതിനെ വിനാശകാലേ… എന്ന് പുച്ഛിച്ചു തള്ളരുത്. മുന്നേകാല്‍ ശിഷ്ടം കോടി മലയാളികളുടെ ഏറ്റവും വലിയ സാമൂഹ്യ സ്ഥാപനമാണ് പാര്‍ട്ടിപരിവാര്‍. അവര്‍ പച്ചയെ തൊടുമ്പോള്‍ എങ്ങനെയും അടുത്ത തെരഞ്ഞെടുപ്പില്‍ പച്ച തൊടാനുള്ള വെമ്പലെന്ന് ചുരുക്കരുത്. മുണ്ടും മാടിക്കെട്ടി ആ സംവിധാനം മണ്ണിലിറങ്ങിയാല്‍ നമ്മുടെ അരിയാഹാരം മാത്രമല്ല, ഒഴിച്ചു കൂട്ടാനും ഉപ്പേരിയും വിഷമുക്തമാവും.
പക്ഷേ നേരെയങ്ങ് കൈക്കോട്ടുമെടുത്ത് ചാടിപ്പുറപ്പെട്ടാലോ? ഒരു നിമിഷം: സഖാവെ, നിശബ്ദ വസന്തം പ്രസിദ്ധീകരിച്ചിട്ട് അമ്പതാണ്ട് കഴിഞ്ഞു കെട്ടോ. ഭോപ്പാല്‍ ദുരന്തത്തിന് മുപ്പത്തൊന്ന് വയസ്സ്. കേരളത്തിലെ ആദ്യ ജൈവകൃഷി മുന്‍കൈകള്‍ക്ക് മുപ്പതാണ്ട് പ്രായം. മണ്ണില്‍ ആദ്യത്തെ വിത്താഴ്ത്തുന്നതിന് മുമ്പ് ദക്ഷിണ വെയ്ക്കണ്ടേ? പൊറുക്കാനാവാത്ത വിധം വൈകി ഈ വിവേകമെന്നതിന് മാപ്പ് പറഞ്ഞില്ലെങ്കിലും.
കേരളത്തിലെ പരിസ്ഥിതി പ്രസ്ഥാനത്തിനും അതിന്റെ സ്വാഭാവിക പരിണതിയായി വികസിച്ച ജൈവ കൃഷി പരീക്ഷണങ്ങള്‍ക്കുമെതിരെ ഏറ്റവും വലിയ ആശയ പരിസരം സൃഷ്ടിച്ചത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയായിരുന്നു. അരാഷ്ട്രീയമെന്ന് മൂന്ന് പതിറ്റാണ്ട് നിങ്ങളതിന്റെ ഓരോ കൂമ്പും നുള്ളിക്കളയനാണ് ശ്രമിച്ചത്. അശാസ്ത്രീയം തന്നെയെന്ന് നിങ്ങള്‍ പരിഷത്തിനുള്ളില്‍പ്പോലും പിടിമുറുക്കിയപ്പോഴാണ് സാക്ഷാല്‍ ശിവപ്രസാദ് മാഷും എസ്.പ്രഭാകരന്‍ നായരും (നമിക്കുന്നു) പടിയിറങ്ങിപ്പോയത്. കേരളത്തിലെ നവസാമൂഹ്യ പ്രസ്ഥാനങ്ങള്‍ക്ക് പ്രത്യേകിച്ചും പരിസ്ഥിതി സംഘടനകള്‍ക്കും സമരങ്ങള്‍ക്കും മുന്നില്‍ ഏറ്റവുമധികം വിലങ്ങുതടികള്‍ തീര്‍ത്ത പ്രസ്ഥാനം സംശയം വേണ്ട, മാര്‍ക്‌സ്‌സിസ്റ്റു പാര്‍ട്ടിയാണ്.
നിങ്ങള്‍ ജോണ്‍സി മാഷ്‌ക്കോ ശിവപ്രസാദ് മാഷ്‌ക്കോ എസ്.പ്രഭാകരന്‍ നായര്‍ക്കോ ദക്ഷിണ വെക്കണ്ട. ഉടലോടെയുള്ള കെ വി ദയാലിനേയും സാരംഗ് ഗോപാലകൃഷ്ണനേയും എ.മോഹന്‍കുമാറിനേയും അവഗണിച്ചു കൊള്ളൂ. പക്ഷേ തൃശൂര്‍ വൈദ്യുതി ഭവനടുത്ത് മടങ്ങര്‍ളി മന വരെയൊന്ന് പോകുന്നതുചിതം. ഒരു പതിറ്റാണ്ട് മുമ്പ് പാര്‍ട്ടി പടിയടച്ച് പിണ്ഡം വെച്ച എം.പി പരമേശ്വരനവിടെ ഇപ്പോഴുമുണ്ട്. നിങ്ങളുടെ ഭാഷയിലും വ്യാകരണത്തിലും തന്നെ ഹരിത രാഷ്ട്രീയം പറയാന്‍ തുനിഞ്ഞ ആ മനുഷ്യന്റെ മുമ്പിലെങ്കിലും വെറ്റില, അടക്ക… എന്നിട്ടാവാം കൃഷി.

പാഠഭേദം : മെയ് 2015

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply