ചുവടുവെപ്പ് : പുതുവൈപ്പിന്‍ ഉണരുന്നു..

ജനകീയസമരങ്ങളാല്‍ കേരളത്തിന്റെ സാമൂഹ്യരംഗം സജീവമാകുകയാണ്. ഗെയ്‌ലും കിഴാറ്റൂരും പുകയുകയാണ്. ഇപ്പോഴിതാ പുതുവൈപ്പില്‍ എല്‍.പി.ജി. ടെര്‍മിനല്‍ സ്ഥാപിക്കുന്നതിനെതിരേ പ്രദേശവാസികള്‍ നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ രണ്ടാം ഘട്ടത്തിന് തിങ്കളാഴ്ച തുടക്കമാകുംന്നു. ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദനാണ് രണ്ടാം ഘട്ടം സമരപരിപാടികളുടെ ഉദ്ഘാടകന്‍ എന്നതാണ് ശ്രദ്ധേയം. സഥിരം പതിവുള്ള പോലെ തീവ്രവാദി സാന്നിധ്യം എന്ന് സര്‍ക്കാര്‍ ആരോപിക്കുന്ന സമരത്തോട് ഐക്യപ്പെടാന്‍ വിഎസിനും സുധീരനും പുറമെ നിരവധി രാഷ്ട്രീയനേതാക്കളും എത്തുന്നുണ്ട്. മുപ്പത് വര്‍ഷത്തേ ഭരണതഴമ്പുണ്ടായിരുന്ന ബംഗാളില്‍ നന്ദിഗ്രാമും, സിംഗൂരും ആഗോള ധനമൂലധനശക്തികള്‍ക്ക് […]

vv

ജനകീയസമരങ്ങളാല്‍ കേരളത്തിന്റെ സാമൂഹ്യരംഗം സജീവമാകുകയാണ്. ഗെയ്‌ലും കിഴാറ്റൂരും പുകയുകയാണ്. ഇപ്പോഴിതാ പുതുവൈപ്പില്‍ എല്‍.പി.ജി. ടെര്‍മിനല്‍ സ്ഥാപിക്കുന്നതിനെതിരേ പ്രദേശവാസികള്‍ നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ രണ്ടാം ഘട്ടത്തിന് തിങ്കളാഴ്ച തുടക്കമാകുംന്നു. ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദനാണ് രണ്ടാം ഘട്ടം സമരപരിപാടികളുടെ ഉദ്ഘാടകന്‍ എന്നതാണ് ശ്രദ്ധേയം. സഥിരം പതിവുള്ള പോലെ തീവ്രവാദി സാന്നിധ്യം എന്ന് സര്‍ക്കാര്‍ ആരോപിക്കുന്ന സമരത്തോട് ഐക്യപ്പെടാന്‍ വിഎസിനും സുധീരനും പുറമെ നിരവധി രാഷ്ട്രീയനേതാക്കളും എത്തുന്നുണ്ട്.
മുപ്പത് വര്‍ഷത്തേ ഭരണതഴമ്പുണ്ടായിരുന്ന ബംഗാളില്‍ നന്ദിഗ്രാമും, സിംഗൂരും ആഗോള ധനമൂലധനശക്തികള്‍ക്ക് തീറെഴുതിയ ജോതി ബസു സര്‍ക്കാരിനെതിരെ ഉയര്‍ന്ന ജനവികാരമാണ് സിപിഎം നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരിനെ കടപുഴക്കിയെറിഞ്ഞതെന്ന പാഠം പഠിക്കാതെയാണ് ജനകീയസമരങ്ങളെ ചോരയില്‍ മുക്കികൊല്ലാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. പുതുവൈപ്പിന്‍ സമരക്കാരേയും അത്തരത്തില്‍ അടിച്ചൊതുക്കാന്‍ ശ്രമിച്ചു. എന്നാല്‍ അതിനെയെല്ലാം മറികടന്നാണ് നിരവധി പോരാട്ടങ്ങളുടെ പാരമ്പര്യമുള്ള വൈപ്പിന്‍ ജനത ഒറ്റകെട്ടായി ചുവടുവെപ്പ് എന്ന പേരില്‍ നഗരത്തിലേക്ക് മാര്‍ച്ച് ചെയ്യുന്നത്.
വികസന രംഗത്ത് മോദിയുടെ ഗുജറാത്ത് പരിഷക്കാരങ്ങള്‍ തന്നെയാണ് പിണറായി സര്‍ക്കാര്‍ പിന്തുടരുന്നതെന്നതാണ് കൗതുകകരം. വ്യവസായ സൗഹൃദത്തിന്റെ മറവില്‍ രാജ്യത്ത് നിലനിന്നിരുന്ന എല്ലാ നിയമങ്ങളെയും മരവിപ്പിച്ചു കൊണ്ടാണ് ഗുജറാത്ത് മുന്നോട്ട് പോയത്. ഇവിടേയും അങ്ങനെത്തന്നെ. വികസനപദ്ധതിയുടെ ഭാഗമായി കുടിയൊഴിക്കുന്നവര്‍ക്ക് പകരം ഭൂമി നല്‍കും, എന്നിട്ടും ഒതുങ്ങിയില്ലെങ്കില്‍ അടിച്ചമര്‍ത്തുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. മാത്രമല്ല, സമരക്കാര്‍ക്കെതിരെ ഗുണ്ടാനിയമം ചുമത്തുമെന്നും പിണറായി പ്രഖ്യാപിച്ചു. സത്യത്തില്‍ തങ്ങള്‍ ജീവിതത്തില്‍ നിന്ന് കുടിയൊഴിക്കപ്പെടുമെന്നാണ് ജനം ഭയക്കുന്നത്. എളങ്കുന്നപുഴ ഗ്രാമപഞ്ചായത്തില്‍ കൊച്ചി പോര്‍ട്ട് ട്രസ്റ്റിന്റെ ഭൂമിയില്‍ കടല്‍ത്തിരമാലയില്‍ നിന്ന് 500 മീറ്റര്‍ അകലെയുള്ള ഏജട കോ.ഓര്‍ഡിനേറ്റുകള്‍ പ്രൊജക്റ്റ് സൈറ്റ് ആയി നല്‍കിയാണ് IOC സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയതെന്ന് അവകാശപ്പെടുന്ന ടാങ്ക് നിര്‍മ്മാണത്തിന് പാരിസ്ഥിതിക്കാനുമതിക്ക് അപേക്ഷിച്ചത്. കപ്പല്‍ വഴി വരുന്ന ഇന്ധനം ജെട്ടിയില്‍ നിന്ന് പൈപ്പ് വഴി ഇവിടെയെത്തിച്ച്, ഭൂമിക്കടിയില്‍ പൂര്‍ണ്ണമായി കുഴിച്ചിടുന്ന വന്‍ ടാങ്കറുകളില്‍ സ്റ്റോര്‍ ചെയ്ത്, ടാങ്കറുകളില്‍ നിറച്ച് വിതരണം നടത്തുക എന്നതാണ് പദ്ധതി. ഹൈടൈഡ് ലൈനില്‍ നിന്ന് 200 മീറ്റര്‍ വിട്ട് നിര്‍മ്മാണം നടത്താന്‍ തീരദേശപരിപാലന അതോറിറ്റിയും കേന്ദ്രസര്‍ക്കാരും അംഗീകാരം നല്‍കി. എന്നാല്‍ അതെല്ലാം ധിക്കരിച്ച് കടല്‍ത്തിര വന്നടിക്കുന്ന ഇന്റര്‍ ടൈഡല്‍ സോണില്‍ ആണ് നിര്‍മ്മാണം നടത്തുന്നത്. ഓരോ വര്‍ഷവും 23 മീറ്റര്‍ വീതം കടല്‍ എടുത്തുപോകുന്ന ഇറോഷന്‍ സോണ്‍ ആണ് ഇതെന്നു നാട്ടുകാര്‍ പറയുന്നു. ഒരു മീറ്റര്‍ എങ്കിലും കടല്‍ എടുക്കുന്നുണ്ടെന്ന് കമ്പനിയും സമ്മതിക്കുന്നു. നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ മതിലില്‍നിന്ന് 10 മീറ്ററിലധികം ഉണ്ടായിരുന്ന കടല്‍ ഇപ്പോള്‍ പ്ലോട്ടിനകത്ത് അടിച്ചു കയറി മതില്‍ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അവിടെയാണ് കോടികള്‍ മുടക്കി ഭൂമിക്കടിയില്‍ ഇത്രവലിയ ടാങ്ക് നിര്‍മ്മാണം നടക്കുന്നത്. അധികാരവികേന്ദ്രീകരണത്തിന്റഎ ഇക്കാലത്തും പഞ്ചായത്തിന്റെ അനുമതി ആവശ്യമില്ല എന്ന നിലപാടിലാണ് IOC. SEZ നയത്തില്‍ പോലും പഞ്ചായത്ത്രാജ് നിയമം ബാധകമാണെന്നും, കേരളത്തില്‍ ഏറ്റവും അധികം ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ ഒന്നാണ് ഇവിടമെന്നും, വ്യവസ്ഥകള്‍ പാലിക്കാതെ ഇത്ര വലിയ സുരക്ഷാഭീഷണി ഉള്ള ഈ പ്ലാന്റ് ഇവിടെ പാടില്ലെന്നുമാണ് പഞ്ചായത്തു നിലപാട്. ജനകീയപോരാട്ടത്തെ തുടര്‍ന്ന് ഇപ്പോള്‍ നിര്‍മ്മാണം നിര്‍ത്തിവെച്ചിട്ടുണ്ട്. പഠനസംഘം വിഷയം പഠിക്കുന്നുമുണ്ട്. എന്നാല്‍ അതിലൊന്നും വിശ്വാസമില്ലാത്തിനാലാണ് വൈപ്പിന്‍ ഒന്നടങ്കം നഗരത്തിലേക്ക് ഒഴുകുന്നത്.
പുതുവൈപ്പിനു സമാനമായ മറ്റൊരു സമരവും പയ്യന്നൂരില്‍ ശക്തിയാര്‍ജ്ജിക്കുകയാണ്. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനും പെരുമ്പ പുഴയ്ക്കും മധ്യേ, വയലും തണ്ണീര്‍ത്തടങ്ങളും ഉള്‍പ്പെട്ട 129.74 ഏക്കര്‍ കൃഷിഭൂമി ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനികളുടെ എണ്ണസംഭരണ ടാങ്കുകള്‍ക്കായി വിട്ടുകൊടുക്കുന്നതിനെതിരെയാണ് സമരം. നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണനിയമം, െജെവെവെവിധ്യനിയമം, തീരദേശ പരിപാലനനിയമം എന്നിവ മറികടന്നാണിതെന്ന ആരോപണം ശക്തമാണ്. പതിവുപോലെ സി.പി.എം. പ്രതിനിധിയായ സ്ഥലം എം.എല്‍.എയും പാര്‍ട്ടി നിയന്ത്രണത്തിലുള്ള പയ്യന്നൂര്‍ നഗരസഭയും പദ്ധതിക്ക് അനുകൂലമാണ്. സമരക്കാരുമായുള്ള ചര്‍ച്ചയേത്തുടര്‍ന്ന്, പരിസ്ഥിതിപഠനം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ പദ്ധതി തയാറാക്കിയ കിറ്റ്കോ ലിമിറ്റഡിനോടു ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. എന്നാല്‍, അതിനിടയിലും പദ്ധതിക്കായുള്ള നീക്കം സജീവമാണ്. 39 കോടി ലിറ്റര്‍ സംഭരണശേഷിയുള്ള ഇരുപതോളം കൂറ്റന്‍ ടാങ്കുകളാണു പയ്യന്നൂരിലെ പുഞ്ചക്കാട്ട് സ്ഥാപിക്കാനുദ്ദേശിക്കുന്നത്. 53.98 ഏക്കറോളം കണ്ടല്‍ക്കാട് മേഖലയും 76.43 ഏക്കര്‍ വയലുമാണ് ഏറ്റെടുക്കപ്പെടുന്നത്. സംസ്ഥാന പരിസ്ഥിതി ആഘാത വിലയിരുത്തല്‍ സമിതിക്ക് എണ്ണക്കമ്പനികള്‍ സമര്‍പ്പിച്ച സാധ്യതാപഠന റിപ്പോര്‍ട്ടില്‍ ഇവിടം വരണ്ടഭൂമിയായും ചതുപ്പുനിലമായുമാണു കാണിച്ചിരിക്കുന്നതായും ആരോപണമുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: movements | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply