ചുംബനവിവാദത്തിന്റെ കാണാപ്പുറങ്ങള്‍

സി കെ ഹസന്‍ കോയ ‘ഓമനേ, കാറ്റ്‌ ഇലകളോടു ചെയ്യുന്നത്‌ നിന്നോടു ചെയ്യാന്‍ എന്നെ അനുവദിക്കുമോ’ എന്നാണ്‌ കവി പാബ്ലോ നെരൂദ തന്റെ പ്രണയ ഭാജനത്തോടു മുട്ടിപ്പായി അപേക്ഷിച്ചത്‌. പ്രണയത്തിന്റെ അസുലഭ മുഹൂര്‍ത്തങ്ങളില്‍ കമിതാക്കള്‍ കാമത്തിന്റെ കോടമഞ്ഞില്‍ അകപ്പെടുമ്പോഴാണത്രേ ചുംബനം സംഭവിക്കുന്നത്‌. ലഹരി നല്‍കുന്ന കൃത്രിമ ഉത്തേജനവും ചുംബനത്തിലേക്കു നയിക്കാറുണ്ട്‌. ഇരുണ്ട ഇടനാഴികളിലും കിടപ്പറകളിലും അഭ്രപാളിയുടെ തുറസുകളിലും രതി വര്‍ണനകളുള്ള സാഹിത്യത്തിലും മാത്രമായി ഒതുങ്ങിയ ചുംബനം ഇപ്പോള്‍ മലയാളിയുടെ കപട സദാചാരത്തിന്റെ മടിക്കുത്തഴിച്ചുകൊണ്ട്‌ തെരുവില്‍ ചൂടന്‍ ചര്‍ച്ചയായിരിക്കുന്നു. […]

kissസി കെ ഹസന്‍ കോയ

‘ഓമനേ, കാറ്റ്‌ ഇലകളോടു ചെയ്യുന്നത്‌ നിന്നോടു ചെയ്യാന്‍ എന്നെ അനുവദിക്കുമോ’ എന്നാണ്‌ കവി പാബ്ലോ നെരൂദ തന്റെ പ്രണയ ഭാജനത്തോടു മുട്ടിപ്പായി അപേക്ഷിച്ചത്‌. പ്രണയത്തിന്റെ അസുലഭ മുഹൂര്‍ത്തങ്ങളില്‍ കമിതാക്കള്‍ കാമത്തിന്റെ കോടമഞ്ഞില്‍ അകപ്പെടുമ്പോഴാണത്രേ ചുംബനം സംഭവിക്കുന്നത്‌. ലഹരി നല്‍കുന്ന കൃത്രിമ ഉത്തേജനവും ചുംബനത്തിലേക്കു നയിക്കാറുണ്ട്‌. ഇരുണ്ട ഇടനാഴികളിലും കിടപ്പറകളിലും അഭ്രപാളിയുടെ തുറസുകളിലും രതി വര്‍ണനകളുള്ള സാഹിത്യത്തിലും മാത്രമായി ഒതുങ്ങിയ ചുംബനം ഇപ്പോള്‍ മലയാളിയുടെ കപട സദാചാരത്തിന്റെ മടിക്കുത്തഴിച്ചുകൊണ്ട്‌ തെരുവില്‍ ചൂടന്‍ ചര്‍ച്ചയായിരിക്കുന്നു. പരസ്യചുംബനം ആകാമോ ഇല്ലയോ എന്നതാണു തര്‍ക്കം. ഭാഗ്യം. രഹസ്യ ചുംബനം പാടില്ലെന്ന്‌ ആരും പറഞ്ഞില്ല. ആണുങ്ങള്‍ റോഡരികില്‍ പരസ്യമായി മൂത്രമൊഴിക്കുന്നതും മദ്യലഹരിയില്‍ ഓടയില്‍ വീണു കിടക്കുന്നതും തെറ്റായി കാണാത്ത സമൂഹം സ്‌നേഹത്തിന്റെ ഉദാത്ത നിമിഷങ്ങളില്‍ മാത്രം സംഭവിക്കുന്ന തികച്ചും നൈസര്‍ഗിക പ്രവര്‍ത്തനമായ ചുംബനം അധാര്‍മികമെന്ന്‌ വിലയിരുത്തുന്നത്‌ എന്തുകൊണ്ടാണെന്നറിയില്ല.
മനുഷ്യര്‍ പരിണമിച്ചുണ്ടായതാണെന്ന സിദ്ധാന്തമാണു ശരിയെന്നും വേദപുസ്‌തകത്തില്‍ ഇതുസംബന്ധിച്ചു പറഞ്ഞ കാര്യങ്ങളില്‍ വലിയ കഴമ്പില്ലെന്നും ദൈവത്തിന്റെ പക്കല്‍ മാന്ത്രിക വടിയൊന്നും ഇല്ലെന്നും മാര്‍പാപ്പ കണ്ടെത്തുന്നതും ഏതാണ്ടിതേ സമയത്തു തന്നെയാണെന്നത്‌ ഒരുപക്ഷേ യാദൃഛികമാവാം. സ്വവര്‍ഗരതിയോടും സമാനമായ കാഴ്‌ചപ്പാടു സൂക്ഷിക്കുന്ന പഴയ ഫുട്‌ബോള്‍ താരമായ മാര്‍പാപ്പയാണ്‌ യഥാര്‍ഥ വിപ്ലവകാരിയെന്ന്‌ യൂറോപ്പിലെ നവ നാസികള്‍ പോലും കരുതുന്നു. നാസി വീര്യം ഉള്‍ക്കൊണ്ട സംഘ്‌പരിവാര്‍ യുവജന വിഭാഗമായ യുവമോര്‍ച്ചയാണിപ്പോള്‍ ചുംബന വിവാദത്തിനു തുടക്കമിട്ടിരിക്കുന്നത്‌. കോഴിക്കോട്ടെ ഒരു ന്യൂജനറേഷന്‍ കോഫീ ഷോപ്പിന്റെ പരിസരത്ത്‌ രണ്ടുപേര്‍ ചുംബിക്കുന്നതിന്റെ ദൃശ്യം ചാനല്‍ ക്യാമറ ഒപ്പിയെടുത്തതോടെയാണ്‌ സദാചാര പോലീസിന്റെ പുതിയ ബറ്റാലിയന്‍ രംഗത്തെത്തിയത്‌. ധര്‍മബോധത്താല്‍ ഉത്തേജിതരായ മഞ്ഞപ്പട ശത്രുക്കളെ നേരിടാനെന്നവണ്ണം പാഞ്ഞെത്തി ഹോട്ടല്‍ അടിച്ചു തകര്‍ത്തു. അതിന്റെ ദൃശ്യങ്ങള്‍ എല്ലാ ചാനലുകളും ആവേശത്തോടെ പകര്‍ത്തി നാട്ടുകാരെ കാണിച്ചു. എന്തു കാര്യം? ഉശിരുള്ള ചെറുപ്പക്കാര്‍ രംഗത്തിറങ്ങി വൈകിട്ടോടെ ഹോട്ടല്‍ പ്രവര്‍ത്തനക്ഷമമാക്കി. ഇതു വല്ലതും കണ്ടു കുലുങ്ങുന്നവരാണോ കോഴിക്കോട്ടുകാര്‍? രണ്ടാം ഗേറ്റില്‍നിന്ന്‌ ക്രൗണ്‍ തീയറ്ററിനടുത്തേക്കു നടക്കുമ്പോള്‍ മതിലിനപ്പുറം റെയില്‍പാളത്തിനരികിലെ പുറംപോക്കില്‍ നട്ടുച്ചയ്‌ക്കു പോലും പരസ്യമായ രതിക്രിയകള്‍ കാണാവുന്ന ഇടമായിരുന്നു കോഴിക്കോട്‌. കേരളത്തില്‍ ആദ്യമായി കാബറേ നൃത്തം അവതരിച്ചതും ഇവിടെത്തന്നെ. നൃത്തത്തിന്റെ മറവില്‍ പെണ്ണുങ്ങളുടെ നഗ്‌ന ശരീരം കാണാന്‍ ടിക്കറ്റെടുത്ത്‌ ക്യൂ നിന്നിരുന്നു ആബാലവൃദ്ധം ജനം. ഇതിനായി മറ്റു ജില്ലകളില്‍നിന്നു പോലും ആളുകള്‍ എത്തിയിരുന്നു. മലയോരങ്ങളില്‍നിന്ന്‌ കൊപ്രയും നാളികേരവും മലഞ്ചരക്കുമായി എത്തുന്ന കര്‍ഷകര്‍ ഒരു സിനിമയും ഒരു കാബറേയും എന്ന കണക്കില്‍ കണ്ടാണു നാട്ടിലേക്കു മടങ്ങിയിരുന്നത്‌. നഗരത്തിന്റെ സിരാകേന്ദ്രമായ ഇടുങ്ങിയ മിഠായിത്തെരുവില്‍ മാത്രം രണ്ടു കാബറേ ഹോട്ടലുകളുണ്ടായിരുന്നു. എസ്‌കിമോയും ക്യൂന്‍സും. ബീച്ച്‌ ആശുപത്രിക്കു മുന്നില്‍ ഹസ്‌തിനപുരി, സി.എസ്‌.ഐ. ഷോപ്പിംഗ്‌ സെന്ററില്‍ മറ്റൊരെണ്ണം. ഫ്രാന്‍സിസ്‌ റോഡിലും തളി ക്ഷേത്ര പരിസരത്തും പാളയത്തുമെല്ലാം ലോഡ്‌ജുകളുടെ മറവില്‍ ആണ്‍പെണ്‍ വേശ്യാലയങ്ങളും നഗരത്തെ അലങ്കരിച്ചു. ഇതൊക്കെയുണ്ടായിട്ടും ആരോഗ്യകരമായ ലൈംഗികത കാത്തുസൂക്ഷിച്ചവരായിരുന്നു കോഴിക്കോട്ടുകാര്‍.
ഇപ്പോള്‍ ഏതോ രണ്ടുപേര്‍ ചുംബിച്ചതുകൊണ്ടു മാത്രം തകര്‍ന്നു വീഴുന്നതാണോ ഈ നഗരത്തിന്റെ സദാചാരബോധം? ജന്തുക്കള്‍ പരസ്യമായി ഇണചേരുന്നതു കണ്ടു നില്‍ക്കാന്‍ വിദ്യാര്‍ഥികള്‍ക്കു പോലും മടിയില്ല. കാരണം പ്രത്യുല്‌പാദനവുമായി ബന്ധപ്പെട്ട ഒരു ജൈവ പ്രക്രിയയാണതെന്നവര്‍ക്കറിയാം.
അവിവേകികളായ രണ്ടുപേര്‍ ചുംബിച്ചതുകൊണ്ടോ ചാനലുകാരന്റെ ഒളിക്യാമറ അതു കാണിച്ചതുകൊണ്ടോ ആകാശമൊന്നും ഇടിഞ്ഞുവീഴാന്‍ പോകുന്നില്ല. ‘കപടലോകത്തിലെന്നുടെ കാപട്യം/സകലരും കാണ്‍മതെന്‍ പരാജയം’ എന്ന വരികള്‍ ഓരോരുത്തരും പേര്‍ത്തും പേര്‍ത്തും അവനവനു തന്നെ ചൊല്ലിക്കൊടുക്കേണ്ട സമയമാണിത്‌.
അവഗണിക്കേണ്ടതിനെ അവഗണിക്കാനും കാണേണ്ടതു മാത്രം കാണിക്കാനും എന്നാണു നമ്മുടെ മാധ്യമ പ്രവര്‍ത്തകര്‍ പഠിക്കുക? സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന കഞ്ചാവ്‌, ലഹരി വില്‍പനയാണിന്ന്‌ കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ചെറുപ്പക്കാരുടെ ലഹരി ശീലം ഒരു തലമുറയെ ഒന്നാകെ മതിഭ്രമത്തിലേക്കു നയിക്കാനുള്ള സാധ്യതകള്‍ നിലനില്‍ക്കേ വളരെ നിസാരമായ ഒരു പ്രശ്‌നത്തിന്‌ ഊര്‍ജം പാഴാക്കുന്നത്‌ ഉചിതമാണോ എന്ന്‌ ഇത്തരം ചര്‍ച്ചകളുമായി ഇറങ്ങിത്തിരിക്കുന്നവര്‍ ആലോചിക്കുന്നതു നന്നായിരിക്കും.
ചുംബനം കുട്ടികളെ വഴിതെറ്റിക്കും പോലും. സിനിമകളിലും ഇന്റര്‍നെറ്റിലും സുലഭമായി ലഭിക്കുന്ന ഇടപാടുകള്‍ തടഞ്ഞുവയ്‌ക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? ക്ലാസില്‍ ജീവശാസ്‌ത്രം പഠിപ്പിക്കുമ്പോള്‍ പ്രത്യുല്‌പാദന പ്രക്രിയയെക്കുറിച്ച്‌ ശാസ്‌ത്രീയമായി പറഞ്ഞു മനസിലാക്കുന്നതു തടയാന്‍ ശ്രമിച്ച മൗലികവാദികള്‍ക്ക്‌ ആരോഗ്യകരമായ ലൈംഗിക വിദ്യാഭ്യാസത്തിന്റേയും ബോധവല്‍ക്കരണത്തിന്റെയും ആവശ്യം ഒരിക്കലും ബോധ്യപ്പെടുകയില്ല. അതുകൊണ്ടാണ്‌ ഈ ചൈല്‍ഡ്‌ ലൈനിന്റെ കാലത്തു പോലും അധ്യാപകരാല്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നത്‌. കുട്ടികള്‍ ഏറ്റവും കൂടുതല്‍ പീഡനം നേരിടുന്നത്‌ വീടിന്റെ അകത്തളങ്ങളിലാണെന്ന വസ്‌തുതയും നമ്മുടെ കപട സദാചാര ബോധത്തിലേക്കല്ലേ വിരല്‍ ചൂണ്ടുന്നത്‌.
‘ചെമ്പകത്തൈകള്‍ പൂത്ത മാനത്തു പൊന്നമ്പിളി ചുംബനം കൊള്ളാനിറങ്ങി’ എന്നെഴുതിയ ശ്രീകുമാരന്‍ തമ്പി ചുംബനത്തിലെ ഇത്തരം കൊള്ളക്കൊടുക്കകളുടെ വിപര്യയങ്ങളെക്കുറിച്ച്‌ ഓര്‍ത്തു കാണുമോ എന്തോ?
‘കിസ്‌ ഓഫ്‌ ലവ്‌’ എന്ന പേരില്‍ നവംബര്‍ രണ്ടിന്‌ എറണാകുളം മറൈന്‍ െ്രെഡവില്‍ എന്തോ ചെയ്യുമെന്നു പറയുന്ന നാലഞ്ചാളുകളെ നേരിടാന്‍ ആക്രോശങ്ങളുമായി ഇറങ്ങിത്തിരിച്ച മറ്റൊരു സംഘമാണ്‌ കഴിഞ്ഞ ദിവസം ചാനല്‍ തിരകളെ സജീവമാക്കിയത്‌. ചുംബനമൊന്നുമില്ല സദാചാര പോലീസിനെതിരേ പ്ലക്കാര്‍ഡ്‌ പ്രദര്‍ശനം മാത്രമേയുള്ളൂവെന്ന്‌ സംഘാടകര്‍ ആണയിട്ടു പറഞ്ഞിട്ടും ചെവിക്കൊള്ളാന്‍ സദാചാരികള്‍ കൂട്ടാക്കിയില്ല. എല്ലാവരുടേയും ലക്ഷ്യം ഇത്തരം പരിപാടികളിലൂടെ ലഭിക്കുന്ന ഫ്രീ പബ്ലിസിറ്റിയാണെന്നു മനസിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. മലയാളിയുടെ അജന്‍ഡ നിശ്‌ചയിക്കേണ്ടത്‌ ചാനല്‍ പയ്യന്മാരോ പ്രതിഷേധക്കാരോ അല്ല.
ഗൗരവതരമായ നിരവധി പ്രശ്‌നങ്ങള്‍ക്കു നടുവിലാണ്‌ കേരളീയ സാമൂഹ്യ ജീവിതം ഇന്ന്‌. നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധന മുതല്‍ വരാനിരിക്കുന്ന പുതുനികുതികളും കേന്ദ്രത്തിന്റെ തൊഴില്‍ നിയമ പരിഷ്‌കരണവുമെല്ലാം ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കാന്‍ പോന്ന നടപടികളാണ്‌. ഫലശൂന്യമായ തര്‍ക്കങ്ങള്‍ക്കിടയില്‍ ഫാസിസം അതിന്റെ മാര്‍ജാര പാദങ്ങളുമായി മന്ദമന്ദം കടന്നുവരുന്നതും തിരിച്ചറിയാനാവാതെ പോവുന്നു എന്നതാണ്‌ യഥാര്‍ഥ ദുരന്തം. വരും തലമുറയോടു നാം മറുപടി പറയേണ്ടി വരിക അക്ഷന്തവ്യമായ ഇത്തരം വീഴ്‌ചകള്‍ക്കാണ്‌. അല്ലാതെ ചുംബിക്കുന്നവരെ കണ്ടെത്താനുള്ള മത്സരത്തിന്റെ പേരിലായിരിക്കില്ല. നാം നാളെയുടെ നാണക്കേടാവാതിരിക്കാന്‍ ഉണര്‍ന്നിരിക്കുക. ഉത്തിഷ്‌ഠത. ജാഗ്രത.

മംഗളം 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply