ചില്ലുകൂടൂ തകര്‍ത്ത് ഗുരുവിനെ മോചിപ്പിക്കാം.

എസ്് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടശനും സിപിഎം നേതാക്കളായ പിണറായി വിജയനും വി എസ് അച്യൂതാനന്ദനുമായി വാഗ്വാദം തുടരുകയാണല്ലോ. വാചക കസര്‍ത്തില്‍ ആരും മോശമല്ലാത്തതിനാല്‍ തര്‍ക്കം പൊടിപൊടിക്കുന്നുണ്ട.് എന്നാല്‍ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ ഒരു പുതിയ അധ്യായം രചിക്കാവുന്ന രീതിയില്‍ ഈ സന്ദര്‍ഭം വിനിയോഗിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. വാസ്തവത്തില്‍ അത്തരമൊരു സാഹചര്യം ഇന്നിവിടെ നിലനില്‍ക്കുന്നുണ്ട.് ആ ദിശയില്‍ സഞ്ചരിക്കാന്‍ ആരും തയ്യാറല്ല എന്നതാണ് പ്രശ്‌നം. കേരളത്തിലെമ്പാടും കാണുന്ന ചില്ലുകൂട്ടിലടക്കപ്പെട്ട നാരായണഗുരു ഒരു […]

sree

എസ്് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടശനും സിപിഎം നേതാക്കളായ പിണറായി വിജയനും വി എസ് അച്യൂതാനന്ദനുമായി വാഗ്വാദം തുടരുകയാണല്ലോ. വാചക കസര്‍ത്തില്‍ ആരും മോശമല്ലാത്തതിനാല്‍
തര്‍ക്കം പൊടിപൊടിക്കുന്നുണ്ട.് എന്നാല്‍ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ ഒരു പുതിയ അധ്യായം രചിക്കാവുന്ന രീതിയില്‍ ഈ സന്ദര്‍ഭം വിനിയോഗിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. വാസ്തവത്തില്‍ അത്തരമൊരു സാഹചര്യം ഇന്നിവിടെ നിലനില്‍ക്കുന്നുണ്ട.് ആ ദിശയില്‍ സഞ്ചരിക്കാന്‍ ആരും തയ്യാറല്ല എന്നതാണ് പ്രശ്‌നം.
കേരളത്തിലെമ്പാടും കാണുന്ന ചില്ലുകൂട്ടിലടക്കപ്പെട്ട നാരായണഗുരു ഒരു പ്രതീകം തന്നെയാണ്. ആ ചില്ലുകൂട് അക്ഷരാര്‍ത്ഥത്തില്‍ ഗുരുവിനേയും ഗുരുവിന്റെ ചിന്തകളേയും തടവിലിട്ടിരിക്കുക തന്നെയാണ്. അതു തകര്‍ക്കുക എന്നതാണ് ഇന്നു മലയാളിക്കുമുന്നിലെ ചരിത്രപരമായ കടമ. എന്നാല്‍ അതിനാരും തയ്യാറില്ല എന്നതാണ് വസ്തുത.
എസ് എന്‍ ഡി പി നേതൃത്വം എന്തു പറഞ്ഞാലും അണികളുടെ വോട്ട് എന്നും ഇടതുപക്ഷത്തിനായിരുന്നു. അങ്ങനെ പരിശോധിക്കുമ്പോള്‍ ഇടതുപക്ഷവും എസ് എന്‍ ഡി പിയും തമ്മില്‍ അടുത്ത ബന്ധമാണ് നിലനിന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഈഴവരുടെ വോട്ടിലേക്ക് ബി ജെ പി കടന്നുവരാന്‍ ശ്രമിക്കുന്നു. അവരുടെ വാഗ്ദാനങ്ങള്‍ വെള്ളാപ്പള്ളിയെ പ്രലോഭിപ്പിക്കുന്നു. അതാണ് ഇപ്പോഴത്തെ ഈ വിഴുപ്പലക്കിനു അടിസ്ഥാനകാരണം. അല്ലാതെ ഇത്തരമൊരു സന്ദര്‍ഭം ഗൗരവമായ ചര്‍ച്ചക്കായി ഉപയോഗപ്പെടുത്താന്‍ ഇരുവര്‍ക്കും താല്‍പ്പര്യമില്ല.
യോഗം ജനറല്‍ സെക്രട്ടറിയായി മഹാകവി കുമാരനാശാന്‍ 14 വര്‍ഷമിരുന്ന കസേരയിലിരുന്നു ശ്രീനാരായണ ഗുരുവിനെ ഈഴവ ഗുരുവാണെന്നു പറയുന്ന വെള്ളാപ്പള്ളി നടേശന്റെ പ്രവൃത്തി ചരിത്രനിഷേധവും അപകടകരവുമാണെന്നായിരുന്നു വിഎസിന്റെ പ്രസ്താവന. ഗുരു സ്ഥാപിച്ച പ്രസ്ഥാനത്തെ സംഘപരിവാര്‍ ശക്തികളുടെ കാല്‍ക്കീഴില്‍ കാണിക്ക വയ്ക്കാനാണു ശ്രമം. ഇത് അനുവദിക്കാനാകില്ല. ജാതിവികാരത്തെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഹിന്ദുത്വവും ജാതിവ്യവസ്ഥയുടെ ജീര്‍ണതകളെ കടപുഴക്കിയെറിഞ്ഞ ഗുരുദര്‍ശനവും തമ്മില്‍ ഒരു കാലത്തും യോജിച്ചുപോകില്ല. ഇത് എസ്എന്‍ഡിപി യോഗത്തിന്റെ ചരിത്രം തന്നെ നിഷേധിക്കലാവുമെന്നും വിഎസ് ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം ബിജെപിയടക്കം ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും എസ്എന്‍ഡിപി കൂട്ടുകൂടില്ലെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. വരുന്ന തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയേയും എസ്എന്‍ഡിപി സഹായിക്കില്ല. ബിജെപി, കോണ്‍ഗ്രസ്, സിപിഎം എന്നീ പാര്‍ട്ടികള്‍ക്ക് അതീതമായൊരു പാര്‍ട്ടിയെക്കുറിച്ചാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ആ ആഗ്രഹത്തിനൊപ്പമാണ് എസ്എന്‍ഡിപി.
നല്ലതുപോലെ ആലോചിച്ചതിനു ശേഷം മാത്രമേ ഇനി രാഷ്ട്രീയനേതാക്കള്‍ക്ക് എസ്എന്‍ഡിപിയുടെ വേദി നല്‍കുകയുള്ളൂ. പിണറായിക്കു മുന്നില്‍ നല്ലപിള്ള ചമയാനാണ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ശ്രമം. വിഎസ് ചരിത്രം പഠിക്കണം. തീര്‍ഥാടകനായിട്ട് ഒരു തവണയെങ്കിലും ശിവഗിരിയില്‍ പോകണം. എകെജി സെന്ററിലെ സഖാക്കന്മാര്‍ എഴുതി നല്‍കുന്ന കുറിപ്പ് വായിക്കുക മാത്രമാണ് വിഎസ് ചെയ്യുന്നത്. ആര്‍ക്കും വേണ്ടാത്ത ഒരു നേതാവായി വിഎസ് മാറിയെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
എന്തായാലും കാര്യങ്ങള്‍ ഇത്രയുമായപ്പോള്‍ ഗ്രൂപ്പിസമൊക്കെ മാറ്റി വി എസിനായി പിണറായി രംഗത്തെത്തി. വിസിന് ശ്രീനാരായണ ഗുരുവിനെക്കുറിച്ച് ഒന്നും അറിയില്ല എന്നാണല്ലോ ചിലര്‍ പറയുന്നത്. ഇവിടെ ഇപ്പോഴും ശ്രീനാരായണ ഗുരുവിനെ ഒരു ജാതിയുടെ പ്രതീകമാക്കി നിര്‍ത്താനാണ് വെള്ളാപ്പള്ളിയും കൂട്ടരും ശ്രമിക്കുന്നത്. ആരാണ് ചരിത്രം പഠിക്കേണ്ടത്. ആരാണ് ശ്രീനാരായണ ഗുരുവിനെ പഠിക്കേണ്ടത്. അത് ചിന്തിച്ചാല്‍ മതി വെള്ളാപ്പള്ളി’ പിണറായി വിജയന്‍ പറഞ്ഞു. മറ്റൊന്നുകൂടി പിണറായി ചോദിച്ചു. കമ്യൂണിസ്റ്റുകാര്‍ അധികാരത്തിലിരുന്നപ്പോഴൊന്നും സമുദായത്തിന് ഒരു ഗുണവും കിട്ടിയിട്ടില്ല എന്നു പറയുന്നുണ്ട് വെള്ളാപ്പള്ളി നടേശന്‍. ജാതി അടിസ്ഥാനത്തിലാണല്ലൊ അദ്ദേഹം ഇതു പറയുന്നത്. അതുകൊണ്ടുമാത്രം അതേ ഭാഷയില്‍ത്തന്നെ തിരിച്ചുചോദിക്കട്ടെ. ഇ എം എസ് മന്ത്രിസഭ കൊണ്ടുവന്ന കാര്‍ഷികബന്ധ നിയമം, ഭൂപരിഷ്‌കരണ നിയമം തുടങ്ങിയവയുടെ ഫലമായി സ്വന്തമായി ഭൂമിയും കുടികിടപ്പും കിട്ടിയവരില്‍ മഹാഭൂരിപക്ഷവും ഈഴവസമുദായത്തില്‍പ്പെട്ടവരല്ലേ? കര്‍ഷകത്തൊഴിലാളികള്‍, ചെത്തുതൊഴിലാളികള്‍, ചെറുകിട കര്‍ഷകര്‍, കുടികിടപ്പുകാര്‍ ഒക്കെയായ ആ സമുദായത്തിലെ മഹാഭൂരിപക്ഷവും അതിന്റെ ഗുണഭോക്താക്കളായില്ലേ? ഈ വിഭാഗം തൊഴിലാളികളുടെ കൂലിയില്‍ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത വര്‍ധന വരുത്തിക്കൊടുത്തതു കമ്യൂണിസ്റ്റ് പാര്‍ടിയും അതിന്റെ സര്‍ക്കാരുമല്ലേ?
എന്തായാലും കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളത്തെ മാറ്റി മറിച്ചത് നവോത്ഥാന പ്രസ്ഥാനങ്ങളായിരുന്നു എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ലല്ലോ. നവോത്ഥാനനായകരില്‍ ഏറ്റവും പ്രമുഖന്‍ നാരായണഗുരുവായിരുന്നു എന്നതിലും. എന്നാല്‍ പിന്നീട് സംഭവിച്ച ചില സംഭവങ്ങള്‍ പുനപരിശോധന അര്‍ഹിക്കുന്നു. നവോത്ഥാന പ്രസ്ഥാനം ഉഴുതുമറിച്ച മണ്ണില്‍ ഫലം കൊയ്തത് മുഖ്യമായും കമ്യൂണിസ്റ്റുകാരായിരുന്നു. പിണറായി പറഞ്ഞ പോലെ അതിന്റെ ഗുണഭോക്താക്കള്‍ മുഖ്യമായും ഈഴവര്‍ തന്നെയായിരുന്നു. വോട്ടിന്റെ കാരണവും അതുതന്നെ. അതേസമയം ഗുരുവിന്റെ ഊര്‍ജ്ജം ആത്മീയതയായിരുന്നെങ്കില്‍ കമൂണിസ്റ്റുകാരുടേത് ഭൗതികതയായിരുന്നു എന്നാല്‍ കമ്യൂണിസ്റ്റുകാര്‍ ചെയ്തത് എന്താണ്? നവോത്ഥാനത്തിന്റെ ധാര വര്‍ഗ്ഗസമരത്തിന്റെ ധാരയിലേക്ക് തിരിച്ചുവിട്ടപ്പോള്‍ കേരളത്തിനു നഷ്ടപ്പെട്ടത് എന്തായിരുന്നു? മഹാത്മാ ഫൂലേക്ക് അംബേദ്കറെ പോലൊരു പിന്‍ഗാമിയുണ്ടാകുകയും രാഷ്ട്രീയാധികാരം അധസ്ഥിതന് എന്നു പ്രഖ്യാപിക്കുകയും ചെയ്തപോലൊരു മുന്നേറ്റം പിന്നീട് ഇവിടെയുണ്ടായില്ല. പകരമുണ്ടായത് ജാതി ഇല്ലാതായി എന്ന മിഥ്യാധാരണയായിരുന്നു. അപ്പോഴും ഉയര്‍ന്ന ജാതിയില്‍പെട്ട കമ്യൂണിസ്റ്റ് നേതാക്കള്‍ പേരിന്റെ കൂടെ ജാതി ഉപയോഗിച്ചു. ഉത്തരേന്ത്യയില്‍ കഴിഞ്ഞ ദശകങ്ങളിലുണ്ടായ ദളിത് മുന്നേറ്റങ്ങള്‍ പോലൊന്ന് കേരളത്തിലുണ്ടാകാത്തത് അതുകൊണ്ടാണ്.
സ്വാഭാവികമായും ഇതോടൊപ്പം ഉയരുന്ന പ്രസക്തമായ ചോദ്യമുണ്ട്. മുകളില്‍ സൂചിപ്പിച്ച ഒരു തുടര്‍ച്ച ശിവഗിരിയിലെ സന്യാസിമാര്‍ക്കോ എസ്എന്‍ഡിപി എന്ന പ്രസ്ഥാനത്തിനോ ഉണ്ടോ എന്നതാണത്. അതിന്റെ മറുപടിയും ഇല്ല എന്നുതന്നെ. ഗുരുവിനെ അക്ഷരാര്‍ത്ഥത്തില്‍ വിഗ്രഹമാക്കി ചില്ലുകൂട്ടിലടക്കുകയാണ് സന്യാസിമാര്‍ ചെയ്യുന്നത്. ഗുരുവിന് ഒരു തുടര്‍ച്ചയുണ്ടാക്കാന്‍ അവരൊരിക്കലും ശ്രമിച്ചില്ല. ഇപ്പോഴിതാ വെള്ളാപ്പള്ളി ംസാരിക്കുന്നത് ഹിന്ദുത്വത്തെ കുറിച്ചാണ്. ആ ഹിന്ദുത്വത്തില്‍ അധസ്ഥിതന് സ്ഥാനമില്ല എന്ന് വ്യക്തം. സത്യത്തില്‍ ഗുരുവിന്റെ പേരുന്നയിക്കാന്‍ വി എസിനോ പിണറായിക്കോ വെള്ളാപ്പള്ളിക്കോ യോഗ്യതയില്ല. ഉമ്മന്‍ ചാണ്ടിയുടേയും ഒ രാജഗോപാലിന്റേയും അവസ്ഥയും വ്യത്യസ്ഥമല്ല.
വാസ്തവത്തില്‍ ഗുരുവിന്റെ പ്രശസ്തമായ ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന മുദ്രാവാക്യം അക്ഷരാര്‍ത്ഥത്തില്‍ എടുക്കുന്നതില്‍ അര്‍ത്ഥമില്ല. ജാതീയമായ വിവേചനം നിലനില്‍ക്കുന്ന സമൂഹത്തില്‍ ഒരു ജാതിയെന്നു പറയുന്നതില്‍ എന്തര്‍ത്ഥം? അതേസമയം എല്ലാ ജാതിയുടേയും മതത്തിന്റേയും അന്തസത്ത ഒന്നുതന്നെ എന്നാണ് ഗുരു ഉദ്ദേശിച്ചത്. ആ അര്‍ത്ഥത്തിലായിരിക്കണം ആ മുദ്രാവാക്യത്തെ സമീപിക്കാന്‍.
എന്തുകൊണ്ട് ഇത്തരമൊരു സാഹചര്യത്തില്‍ ഗുരുവിനെ ചില്ലുകൂട്ടില്‍ നിന്നു മോചിപ്പിക്കുക എന്ന ഒരു സമരം പ്രഖ്യാപിച്ചുകൂടാ? സംസ്ഥാനത്തെ ഏതെങ്കിലും ഒരു ഭാഗത്തെ ചില്ലുകൂട് തകര്‍ത്ത് ഗുരുവിനെ മോചിപ്പിക്കും എന്നു പ്രഖ്യാപിക്കണം. അതുമായി ബന്ധപ്പെട്ട് പ്രചരണ പ്രവര്‍ത്തനങ്ങളും ചര്‍ച്ചകളും ഉയര്‍ത്തികൊണ്ടുവരണം. വോട്ടുരാഷ്ട്രീയത്തെ മറികടന്നുകൊണ്ട്് കേരളത്തിന്റെ സ്തംഭിച്ചുപോയ നവോത്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകുന്ന രീതിയിലായിരിക്കണം ആ മുന്നേറ്റം. ചില്ലുകൂടു പൊളിക്കല്‍ നമ്മുടെ ചിന്തകള്‍ക്കു മുന്നില്‍ നിലിനില്‍ക്കുന്ന തടവറകള്‍ പൊളിക്കലാകണം. അത്തരമോരാലോചനക്കു പറ്റിയ അവസരമായി ഈ സാഹചര്യത്തെ മാറ്റാന്‍ ശ്രമിക്കുകയാണ് സാമൂഹ്യനീതിയില്‍ വിശ്വസിക്കുന്നവര്‍ ചെയ്യേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply