ചിന്തകള്‍ക്ക് തീ പിടിപ്പിക്കുക ഫാസിസത്തെ പ്രതിരോധിക്കുക

അടയാളം ഖത്തര്‍ ഒക്ടോ 13നു സ്‌കൈ മീഡിയ ഹാളില്‍ സംഘടിപിച്ച  പരിപാടിയില്‍ അവതരിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ പ്രമേയം ഒക്ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികം ആചരിച്ചുകൊണ്ടിരിക്കുന്ന ഒരു സന്ദര്‍ഭത്തിലാണു നാം വീണ്ടും ഫാസിസത്തിനെതിരായ പോരാട്ടത്തെ കുറിച്ച് സംസാരിക്കുന്നത്. ലോകത്തെ ഫാസിസം കീഴടക്കാനൊരുങ്ങിയ സമയത്ത് അതിനെ തടഞ്ഞുനിര്‍ത്താനും നശിപ്പിക്കാനും കഴിഞ്ഞത് ഒക്ടോബര്‍ വിപ്ലവത്തെ തുടര്‍ന്ന് ഉയര്‍ന്നുവന്ന സോവിയറ്റ് യൂണിയന്റെ ഇടപെടല്‍ കൊണ്ട് മാത്രമായിരുന്നു. സോവിയറ്റ് യൂണിയന്‍ ഇല്ലാതിരുന്നു എങ്കില്‍ ഒരുപക്ഷേ ഇന്ന് നിലനില്‍ക്കുന്ന ലിബറല്‍ ഡെമോക്രസി നിലനില്‍ക്കുമായിരുന്നില്ല. എന്നാല്‍ ഇന്ന് […]

fff

അടയാളം ഖത്തര്‍ ഒക്ടോ 13നു സ്‌കൈ മീഡിയ ഹാളില്‍ സംഘടിപിച്ച  പരിപാടിയില്‍ അവതരിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ പ്രമേയം

ഒക്ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികം ആചരിച്ചുകൊണ്ടിരിക്കുന്ന ഒരു സന്ദര്‍ഭത്തിലാണു നാം വീണ്ടും ഫാസിസത്തിനെതിരായ പോരാട്ടത്തെ കുറിച്ച് സംസാരിക്കുന്നത്. ലോകത്തെ ഫാസിസം കീഴടക്കാനൊരുങ്ങിയ സമയത്ത് അതിനെ തടഞ്ഞുനിര്‍ത്താനും നശിപ്പിക്കാനും കഴിഞ്ഞത് ഒക്ടോബര്‍ വിപ്ലവത്തെ തുടര്‍ന്ന് ഉയര്‍ന്നുവന്ന സോവിയറ്റ് യൂണിയന്റെ ഇടപെടല്‍ കൊണ്ട് മാത്രമായിരുന്നു. സോവിയറ്റ് യൂണിയന്‍ ഇല്ലാതിരുന്നു എങ്കില്‍ ഒരുപക്ഷേ ഇന്ന് നിലനില്‍ക്കുന്ന ലിബറല്‍ ഡെമോക്രസി നിലനില്‍ക്കുമായിരുന്നില്ല. എന്നാല്‍ ഇന്ന് സോവിയറ്റ് യൂണിയനും ഒക്ടോബര്‍ വിപ്ലവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഉയര്‍ന്നുവന്ന മറ്റു സോഷ്യലിസ്റ്റ് രാജ്യങ്ങളും നിലവിലില്ല.
അതേ സമയം ലോകം മുഴുവനായിതന്നെ ഫാസിസ്റ്റ് പ്രവണതകളിലേയ്ക്ക് നീങ്ങുന്ന കാഴ്ച്ചയാണു നാം കാണുന്നത്. ഒട്ടനവധി രാജ്യങ്ങള്‍ തീവ്രവലതുപക്ഷ പാര്‍ട്ടികള്‍ അധികാരത്തിലെത്തുകയോ കൂടുതല്‍ കൂടുതല്‍ ശക്തി പ്രാപിക്കുകയോ ചെയ്യുന്ന കാഴ്ച്ചയാണു ഇന്ന് നമുക്ക് കാണാനാകുന്നത്. ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും കേന്ദ്രമെന്ന് മുതലാളിത്തം വിശേഷിപ്പിക്കുന്ന അമേരിക്ക ട്രമ്പിലൂടെ അപരവിദ്വേഷത്തിന്റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുന്നു. നവനാസി പ്രസ്ഥാനങ്ങളും ഇസ്ലാമിസ്റ്റ് തീവ്രവാദസംഘടനകളും ബുദ്ധിസ്റ്റ് സംഘടനളും എല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫാസിസ്റ്റ് ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണു. ഇന്ത്യയില്‍ ഇത് സവര്‍ണ്ണ പ്രത്യയശാസ്ത്രത്തിലൂന്നിയ ഹൈന്ദവ ഫാസിസ്റ്റുകളിലൂടെ നിര്‍വഹിക്കപ്പെടുന്നു. ഇത്തരത്തിലുള്ള ഫാസിസ്റ്റ് പ്രവണതകളും ഫാസിസ്റ്റ് ഭരണകൂടങ്ങളുമെല്ലാം അതാതിടത്തെ സവിശേഷ സാഹചര്യത്തിനനുസരിച്ച് ബഹുരാഷ്ട്ര കോര്‍പ്പറേറ്റ് മൂലധനത്തിനും ഭരണവ്യവസ്ഥയ്ക്കും വിടുപണി ചെയ്തുകൊണ്ടിരിക്കുകയാണു. മൂലധനവും ചൂഷണവും ആഗോളവല്‍ക്കരിക്കപ്പെട്ടിരിക്കുന്ന അവസ്ഥയില്‍ ആ ചൂഷണത്തിനും മൂലധന താല്പര്യങ്ങളുടെ ജീര്‍ണ്ണിച്ച ഫാസിസ്റ്റ് പ്രവണതകള്‍ക്കുമെതിരെയുള്ള ചെറുത്തുനില്‍പ്പുകള്‍ക്കും എല്ലാ ഫാസിസ്റ്റ് പ്രവണതകളെയും ചെറുക്കുന്ന ഒരു ആഗോള ആശയ ധാര ഉണ്ടാകാതെ തരമില്ല. മതേതര ജനാധിപത്യ നിലപാടുകളിലൂന്നിയ മൂലധന താല്പര്യങ്ങള്‍ക്കെതിരെയുള്ള ജനകീയ കാഴ്ച്ചപ്പാടിനു മാത്രമേ അത്തരമൊരു ആശയധാരയായി പ്രവര്‍ത്തിക്കാനാകുകയുള്ളൂ. എന്നാല്‍ തന്നെ ഇത് ഓരോ രാജ്യത്തെയും സമൂര്‍ത്തസാഹചര്യത്തിനനുസരിച്ചും ആകേണ്ടതുണ്ട്.
ഇന്ത്യയിലേയ്ക്ക് വരുമ്പോള്‍ ഒരു ജനത എന്ത് ഭക്ഷിക്കണം എന്ന് തങ്ങള്‍ തീരുമാനിക്കും എന്ന് പറഞ്ഞുകൊണ്ട് ഫാസിസ്റ്റുകള്‍ ഉറഞ്ഞുതുള്ളുകയാണു. മാംസം കൈയില്‍ വെച്ചു എന്നതിന്റെ പേരില്‍, മാംസം ഭക്ഷിച്ചു എന്നതിന്റെ പേരില്‍ ജനങ്ങള്‍ കൊല്ലപ്പെടുന്നു. നിങ്ങള്‍ ആരുടെ കൂടെ പുറത്ത് പോകണം, ആരുടെ കൂടെ കൂട്ടുകൂടണം, ആരുടെ കൂടെ സംസാരിച്ചിരിക്കണം, ആരെ പ്രണയിക്കണം, ആരെ വിവാഹം കഴിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് ഫാസിസ്റ്റുകളാണെന്ന് വരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തില്‍ പങ്കാളികളാകാതിരുന്ന, ദേശീയ പതാകയുടെ നിറത്തെയും രൂപത്തെയും അംഗീകരിക്കാതിരുന്ന, ഭരണഘടന മനുസ്മൃതി മതിയെന്ന വാദിച്ചവരുടെ പിന്മുറക്കാര്‍ ഇന്ന് രാജ്യത്തിന്റെയും രാജ്യസ്‌നേഹത്തിന്റെയും വക്താക്കളാകുകയും തങ്ങള്‍ക്ക് അനഭിമതനാകുന്ന ഏവരേയും രാജ്യദ്രോഹികളായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. ന്യൂനപക്ഷങ്ങള്‍ നിരന്തരം തങ്ങളുടെ രാജ്യസ്‌നേഹം തെളിയിക്കേണ്ട രണ്ടാംകിട പൗരന്മാരാകുകയും അപരവിദ്വേഷത്തിന്റെ കുന്തമുനയില്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. ദളിതുകള്‍ കൂടുതല്‍ രൂക്ഷമായ അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയമാകുന്നു. ഫാസിസത്തിനും സവര്‍ണ്ണ പ്രത്യയശാസ്ത്രത്തിനും എതിരായി നിലകൊള്ളുന്ന സാഹിത്യകാരന്മാരെയും സാമൂഹ്യപ്രവര്‍ത്തകരെയും രാജ്യദ്രോഹികളായി ചിത്രീകരിക്കുകയും പാകിസ്ഥാനിലോട്ട് പോയ്‌ക്കോ എന്ന് അവരോട് ആക്രോശിക്കുകയും വെടിവെച്ചു കൊല്ലുകയുമാണു ഫാസിസത്തിന്റെ വക്താകള്‍.
എന്നാല്‍ ഇതിന്റെ എല്ലാം മറവില്‍, 90 കള്‍ മുതല്‍ ഇന്ത്യയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഉദാരവല്‍ക്കരണ ആഗോളവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ അതിന്റെ പലമടങ്ങ് വേഗത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണു മോഡി സര്‍ക്കാര്‍. ജനങ്ങളുടെ എതിര്‍പ്പുകളെ തുടര്‍ന്ന് വികസിത മുതലാളിത്ത രാജ്യങ്ങള്‍ ആണവനിലയങ്ങള്‍ ഉപേക്ഷിക്കാന്‍ തുടങ്ങുകയും അമേരിക്കയിലെ വെസ്റ്റിങ് ഹൗസ്, ഫ്രാന്‍സിലെ അരേവ, ജപ്പാനിലെ മിത്സുബിഷി തുടങ്ങിയ കമ്പനികള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടുകൊണ്ടിരുന്ന സാഹചര്യത്ത്‌ലാണു ഇന്ത്യയില്‍ 10 ആണവ നിലയങ്ങള്‍ സ്ഥാപിക്കാന്‍ മോഡി സര്‍ക്കാര്‍ തീരുമാനിക്കുന്നത്. പ്രതിരോധ ആയുധ മേഖലയടക്കം സ്വകാര്യ ഉദ്പാതനമേഖലയ്ക്ക് വിട്ടുകൊടുത്ത് ആ മേഖലയിലും നേരിട്ടുള്ള വിദേശമൂലധനനിക്ഷേപത്തിനുള്ള സാധ്യത തുറന്നുവെച്ചു. ഇന്ത്യന്‍ റെയില്‍വേയിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പരിപാടികള്‍ അവഗണിക്കുന്നിടത്താണു ആഗോള ടെണ്ടര്‍ പോലും വേണ്ടെന്ന് വെച്ച്, ജപ്പാനില്‍ നിന്നും ഒരുലക്ഷത്തി പതിനായിരം കോടിയുടെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി മോഡി മുന്നോട്ട് വെയ്ക്കുന്നത്. ആഗോള കുത്തക ഭീമന്മാരെ മാത്രം സഹായിക്കുന്ന ഇത്തരത്തിലുള്ള നിരവധി പദ്ധതികള്‍ മുന്നോട്ട് വെയ്ക്കുന്നതിന്റെ ഭാഗമായി തന്നെ ആണു ഇന്ത്യയിലെ നോട്ടുനിരോധനവും അതിനെ തുടര്‍ന്നുള്ള ജി എസ് ടി പ്രഖ്യാപനവും ഉണ്ടാകുന്നത്. ഇന്ത്യയില്‍ ഏറ്റവും അടിത്തട്ടിലുള്ള ജനതയുടെ കൈവശം ഉള്ള പണം വരെയും ബാങ്കുകളില്‍ എത്തിക്കുന്നതിനും അതിനെ കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായി വഴി തിരിച്ചുവിടുന്നതിനും മോഡി വിദഗ്ദമായിതന്നെ പ്രവര്‍ത്തിച്ചു. കോര്‍പ്പറേറ്റ് അനുകൂല ജി എസ് ടി നടപ്പിലാക്കി. ഓരോ വര്‍ഷവും മോഡി കോര്‍പ്പറേറ്റുകളുടെ കിട്ടാക്കടമായി കോടിക്കണക്കിനു രൂപയാണു എഴുതിതള്ളുന്നത്. ജനസംഖ്യയില്‍ ഒരു ശതമാനം വരുന്ന സമ്പന്നരുടെ ആസ്തി മൊത്തം ദേശീയ സമ്പത്തിന്റെ 57% ആയി ഉയര്‍ന്നപ്പോള്‍ 70% സാധാരണ ജനതയുടെ വരുമാനം 7% മാത്രമായി ചുരുങ്ങി. വിലക്കയറ്റവും തൊഴിലില്ലയ്മയും ചെറുകിട വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ തകര്‍ച്ചയും ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരുടെ സംഖ്യ നിരന്തരം വര്‍ദ്ധിപ്പിക്കുകയാണു. കാര്‍ഷികമേഖയിലെ നയപരിപാടികളുടെ ഭാഗമായി കര്‍ഷക ആത്മഹത്യകള്‍ ഓരോ സംസ്ഥാനത്തും വ്യാപകമാകുകയാണു. മോഡി അധികാരത്തില്‍ വരുമ്പോള്‍ 7 ശതമാനത്തോളമുണ്ടായിരുന്ന GDP വളര്‍ച്ചാനിരക്ക് ഇന്ന് 5 ശതമാനമായി കുറഞ്ഞിരിക്കുന്നു.
ഫാസിസമെന്നത് കോര്‍പ്പരേറ്റ് മൂലധനം രൂപപ്പെട്ട് വന്നതിനുശേഷം മാത്രം നിലവില്‍ വന്ന ഒരു സംജ്ഞയാണു. കോര്‍പ്പറേറ്റ് മൂലധനതാല്പര്യവും ഭരണകൂടവും തമ്മിലുള്ള സമ്പൂര്‍ണ്ണമായ ഏകീകരണമാണു ഫാസിസം. അപരവല്‍ക്കരണവും സങ്കുചിതദേശീയതാ പ്രചരണവും കൂട്ടിച്ചേര്‍ത്ത്, അപരനെ കൊല്ലുന്നത് സാമൂഹ്യബോധമായി പരിവര്‍ത്തിപ്പിക്കുക. അതിനെ ഭരണകൂടത്തിന്റെ താല്പര്യങ്ങളെ സംരക്ഷിക്കാനായി ഉപയോഗിക്കുക എന്നതാണു ഫാസിസത്തിന്റെ യുക്തി. ഒരു രാജ്യത്തിന്റെ നിലനില്‍പ്പിനു തന്നെ വിഘാതമായി ഒരു അപര ശക്തി ആഭ്യന്തരമായോ വൈദേശികമായോ നിലനില്‍ക്കുന്നു എന്ന് പ്രഖ്യാപിക്കുകയും അതിനെ നേരിടുന്നതിനു ഏകാത്മകമായ ഒരു സ്വത്വം ആവശ്യമാണെന്നും അതിനു പുറത്തുള്ളതെല്ലാം അപരത്വമാണെന്നും പ്രഖ്യാപിക്കുക. തുടര്‍ന്ന് ആ എതിര്‍ശക്തികളുടെ ശബ്ദങ്ങളെയെല്ലാം ഇല്ലയ്മ ചെയ്യുന്ന ഒരു പ്രവണതയാണു ഫാസിസം. ഇന്ത്യയില്‍ ഇന്ന് നിയോലിബറല്‍ മൂലധനതാല്പര്യങ്ങളുമായി ആഴത്തില്‍ കൈകോര്‍ത്തുകൊണ്ടാണു ഫാസിസം പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് ഫാസിസ്റ്റ് വിരുദ്ധ സമരമെന്നത് മൂലധനതാല്പര്യത്തിനെതിരെയും അപരവല്‍ക്കരണത്തിനെതിരെയും ഉള്ള സമരമാണു
ഫാസിസ്റ്റ് ആശയങ്ങള്‍ ഭരണകൂടത്തില്‍ മാത്രമല്ല, അത് മനുഷ്യന്റെ സാമാന്യബോധത്തിലും ജീവിതത്തിന്റെ നാനാമേഖലകളിലും കാണാനാകും. കുടുംബത്തിനുള്ളിലുള്ള പുരുഷകേന്ദ്രീകൃത ഘടനയിലും സാമാന്യമായി സ്ത്രീപുരുഷബന്ധത്തിലും , കുട്ടികളൊടുള്ള സമീപനത്തിലും ലൈംഗികന്യൂനപക്ഷത്തിനോടുള്ള പൊതുസമൂഹത്തിന്റെ സമീപനത്തിലും അധ്യാപക വിദ്യാര്‍ത്ഥി ബന്ധത്തിലും സംഘടനാ ചട്ടക്കൂടുകളിലും എല്ലാം ഫാസിസ്റ്റ് പ്രവണത കാണാനാകും. ആ അര്‍ത്ഥത്തില്‍ ഫാസിസത്തിനെതിരെയുള്ള സമരം എല്ലാ ഫാസിസ്റ്റ് പ്രവണതകള്‍ക്കുമെതിരായ സമരം കൂടിയാണു. കേവലമായ തെരഞ്ഞെടുപ്പുകള്‍ക്ക് ഉള്ള അവകാശം എന്നതിനപ്പുറം ഒരു സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആ രാജ്യത്തെ വിഭവങ്ങളില്‍ അവകാശമുണ്ടായിരിക്കുകയും അവ ഉപയോഗിക്കുന്നതിനും വികസിക്കുന്നതിനും തുല്യമായ അധികാരമുണ്ടാകുന്ന ഒരു ജനാധിപത്യക്രമത്തിനുവേണ്ടിയുള്ള പോരാട്ടം കൂടിയാണു ഫാസിസ്റ്റ് വിരുദ്ധസമരം. എന്നാല്‍ ഫാസിസമെന്നാല്‍ ഓരോ വ്യക്തിയിലും കുടുംബത്തിനുള്ളിലും സമൂഹത്തിലും ഉള്ള ജനാധിപത്യവിരുദ്ധപ്രവണതകളാണെന്നും അവിടെ നിന്നാണു ഫാസിസ്റ്റ് വിരുദ്ധ സമരം തുടങ്ങേണ്ടത് എന്ന വാദം ഭരണകൂടം മുന്നോട്ട് വയ്ക്കുന്ന അതിഗുരുതരമായ ഫാസിസ്റ്റ് ഭീഷണിയെ ചെറുതാക്കിക്കാണുന്നതിനോ ലഘൂകരിക്കുന്നതിനോ ഇടയാക്കും.
ഭരണകൂടത്തിന്റെ ഫാസിസവല്‍ക്കരണത്തിനെതിരെയുള്ള ജനരോഷം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്ന കാഴ്ച്ചയാണു നമുക്ക് കാണാനാകുന്നത്. ഗൗരി ലങ്കേഷ് വധിക്കപ്പെട്ടതിനെതിരെ രാജ്യത്ത് നടന്ന പ്രക്ഷോഭങ്ങള്‍ ഇതുവരെയുമുള്ള എല്ലാ പ്രതിഷേധങ്ങളെയും കവച്ചുവെയ്ക്കുന്ന രീതിയില്‍ അതിന്റെ എണ്ണം കൊണ്ടും ജനപ്രാതിനിധ്യം കൊണ്ടും അതിന്റെ സാമൂഹ്യതലങ്ങള്‍ കൊണ്ടും എല്ലാം വളരെ ഉയര്‍ന്നതയിരുന്നു. എന്നാല്‍ അതിനടുത്ത ദിവസങ്ങളിലും ഫാസിസത്തിന്റെ വക്താക്കള്‍ പുതിയ കൊലവിളികളും ഭീഷണികളുമായി രംഗത്ത് വരുന്ന കാഴ്ച്ചയാണു നമുക്ക് കാണാനായത്. ഇത് നമ്മോട് ആവശ്യപ്പെടുന്നത് കൂടുതല്‍ വിശാലമായ ജനകീയ ഐക്യം ഈ വിഷയത്തില്‍ ഉണ്ടാകേണ്ടതുണ്ട് എന്നാണു.
ഒരുഭാഗത്ത് ഭരണകൂടത്തിന്റെ അപരവല്‍ക്കരണത്തിനു വിധേയമാകുന്നത് പ്രധാനമായും ന്യൂനപക്ഷങ്ങളും ദളിതുകളുമാണു എന്നത് സവിശേഷമായ ശ്രദ്ധ ആവശ്യപ്പെടുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളെ ഫലപ്രദമായി ചെറുക്കാന്‍ കഴിയുന്നത് മതേതരമായ ഒരു പ്ലാറ്റ്‌ഫോമില്‍ നിന്നുകൊണ്ട് മാത്രമാണു. ന്യൂനപക്ഷസമൂഹം നേരിടുന്ന മതസ്വാതന്ത്ര്യത്തിന്റെയും പൗരാവകാശത്തിന്റെയും പ്രശ്‌നങ്ങള്‍ മതേതരനിലപാടില്‍ നിന്നുകൊണ്ട് ഏറ്റെടുക്കുവാന്‍ ഫാസിസ്റ്റ് വിരുദ്ധ മുന്നണിയ്ക്ക് കഴിയണം. ന്യൂനപക്ഷങ്ങളുടെ വര്‍ഗീയമായ സംഘാടനങ്ങള്‍ ഭരണകൂടം മുന്നോട്ട് വെയ്ക്കുന്ന ഫാസിസ്റ്റ് സമീപനങ്ങള്‍ക്ക് ഊര്‍ജ്ജം പകരും എന്നതുകൊണ്ട് അത്തരം സംഘാടനങ്ങളെ ഫാസിസ്റ്റ് വിരുദ്ധ ഐക്യമുന്നണിയില്‍ ഉള്‍പ്പെടുത്താനാകില്ല. മാത്രമല്ല ഫാസിസത്തിനെതിരെയുള്ള സമരത്തിന്റെ ജനാധിപത്യ അംശത്തെ അത് ദുര്‍ബലപ്പെടുത്തുകയും ചെയ്യും. ദളിതുകളുടെ പ്രശ്‌നത്തിലേയ്ക്ക് വരുമ്പോള്‍ ദളിതുകള്‍ക്കെതിരായ എല്ലാ അതിക്രമണങ്ങളെയും നീതിനിഷേധങ്ങളെയും ചോദ്യം ചെയ്യുന്ന ജാതിയെ തന്നെ ഇല്ലായ്മ ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന, ദളിതുകളുടെ ഭൂമിയിലും ദേശീയ സമ്പത്തിലും ഉള്ള അവകാശം ഉന്നയിച്ചുള്ള ജാതി ഉന്മൂലനപ്രസ്ഥാനങ്ങള്‍ വിപുലമായ അര്‍ത്ഥത്തില്‍ സംഘടിപ്പിച്ചുകൊണ്ട് അവയെ ഫാസിസ്റ്റ് വിരുദ്ധമുന്നണിയിലേയ്ക്ക് കണ്ണിചേര്‍കേണ്ടിയിരിക്കുന്നു.
ഇതിനെല്ലാമുപരി ഭരണകൂടത്തിന്റെ മൂലധനതാല്പര്യത്തെ ചോദ്യം ചെയ്യുന്ന, ആ മൂലധന താല്പര്യങ്ങള്‍കൊണ്ട് കഷ്ടതയനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ മുന്നേറ്റമുണ്ടാകേണ്ടത് ഫാസിസ്റ്റ് വിരുധ സമരത്തില്‍ അനിവാര്യമാണു. ഫാസിസ്റ്റ് വിരുദ്ധ സമരം മൈനസ് നിയോലിബറല്‍ മൂലധനവിരുദ്ധസമരം എന്നത് ഒരു പ്രഹസനം മാത്രമാണു. അതുകൊണ്ട് തന്നെ ഫാസിസ്റ്റ് വിരുദ്ധമുന്നണി എന്നത് നിയോലിബറല്‍ മൂലധന താല്പര്യങ്ങളെ എതിര്‍ക്കുന്ന ഐക്യമുന്നണിയാണു. സമീപകാലഘട്ടത്തില്‍ രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലും മറ്റും ഉയര്‍ന്നുവന്ന കര്‍ഷകസമരങ്ങളും ഭംഗാറിലും ഭൂവനേശ്വറിലും മറ്റും നടക്കുന്ന ഭൂമിയ്ക്കും കിടപ്പാടത്തിനും അതിജീവനത്തിനും വേണ്ടി നടക്കുന്ന ജനകീയസമരങ്ങളും എല്ലാം ഈ തലത്തില്‍ വളരെ ആശാവഹമായ മുന്നേറ്റങ്ങളാണു.
എന്നാല്‍ പുരോഗമനജനാധിപത്യശക്തികളുടെ മുന്‍ കൈയില്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന ഇത്തരം സമരങ്ങളും സംഘാടനങ്ങളും ഇപ്പോഴും വളരെ ദുര്‍ബലമാണെന്നും അതുകൊണ്ട് ഫാസിസത്തെ മറികടക്കാനാകില്ല എന്ന വാദം വളരെ ശക്തമാണു. അതുകൊണ്ട് കോണ്‍ഗ്രസിന്റെയും മറ്റ് ഭരണവര്‍ഗ പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ മാത്രമേ ഫാസിസത്തെ നേരിടാന്‍ സാധ്യമാകൂ എന്ന് ഇക്കൂട്ടര്‍ വാദിക്കുന്നു. എന്നാല്‍ സമീപകാലത്തെ ചരിത്രം നമ്മെ ബോധിപ്പിക്കുന്നത് മറ്റു ചിലതാണു. പല സംസ്ഥാനങ്ങലിലും കോണ്‍ഗ്രസിന്റെ സാമാജികര്‍ ഫാസിസ്റ്റ് പക്ഷത്തേയ്ക്ക് കൂറുമാറുന്ന കാഴ്ച്ചയാണു നാം കാണുന്നത്. ഫാസിസ്റ്റുകള്‍ പല സാമൂഹ്യസാംസ്‌കാരികപ്രവര്‍ത്തകരെയും കൊലപ്പെടുത്തിയതും ബീഫിന്റെ പേരിലും മറ്റും കൊലകള്‍ നടന്നതും ഇത്തരം ഭരണവര്‍ഗ പ്രതിപക്ഷസംഘടനകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണു. എന്നാല്‍ ആ കൊലപാതകികളെ കണ്ടെത്തുന്നതിനും അവരെ ശിക്ഷിക്കുന്നതിനും ഫലപ്രദമായി ഒന്നും ചെയ്യാന്‍ ഈ സംഘടനകള്‍ക്കോ സര്‍കാരുകള്‍ക്കോ ആയിട്ടില്ല എന്നത് ഫാസിസത്തെ നേരിടുന്നതില്‍ കോണ്‍ഗ്രസിനും ഭരണവര്‍ഗ പ്രതിപക്ഷ പാര്‍ട്ടികല്‍ഉം ഉള്ള ദൗര്‍ബല്യത്തെ വെളിപ്പെടുത്തുന്നു. മാത്രമല്ല അവര്‍ക്കൊന്നും തന്നെ നിലവിലെ കോര്‍പ്പറേറ്റ് മൂലധനതാല്പര്യങ്ങളി വിരുദ്ധ അഭിപ്രായങ്ങളുമില്ല. അതുകൊണ്ട് തന്നെ ഫാസിസ്റ്റ് വിരുദ്ധസമരത്തെ ഇത്തരം ഭരണവര്‍ഗബദലുകള്‍ക്ക് പിന്നില്‍ കെട്ടിയിടാനുള്ള എല്ലാ ശ്രമങ്ങളെയും എതിര്‍ക്കേണ്ടതുണ്ട്.
എന്നാല്‍ ജനകീയ മതേതര പുരോഗമന ശക്തികള്‍ തനിയെ ഫാസിസത്തെ ചെറുക്കാനുള്ള ശക്തി ഇനിയും കൈവരിച്ചിട്ടില്ലാത്ത അവസ്ഥയില്‍ എന്താണു പ്രതിവിധി എന്ന ചോദ്യം അവശേഷിക്കുന്നു. ജനാധിപത്യ പുരോഗമന ശക്തികള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന കര്‍ഷക ജനകീയ പ്രക്ഷോഭങ്ങളുടേയും മതേതരജനാധിപത്യ സമരങ്ങളുടേയും പശ്ചാത്തലത്തില്‍ അതില്‍നിന്നും മുഖം തിരിഞ്ഞുനില്‍ക്കാന്‍ കഴിയാത്ത സാഹചര്യം കോണ്‍ഗ്രസിന്റെയും മറ്റു ഭരണവര്‍ഗ പ്രതിപക്ഷപാര്‍ട്ടികളുടേയും മുന്നില്‍ ഉണ്ടാക്കുക എന്നതും അവരെ കൊണ്ട് ഒരു നിലപാടെടുക്കാന്‍ നിര്‍ബന്ധിതമാക്കുക എന്നത് മാത്രമാണു ആ അര്‍ത്ഥത്തില്‍ ജനാധിപത്യ പുരോഗമന ശക്തികള്‍ക്ക് ചെയ്യാന്‍ കഴിയുക. ഭരണവര്‍ഗപാര്‍ട്ടികളുടെ പിന്നില്‍ ഇഴയുക എന്നതിനപ്പുറം ഭരണവര്‍ഗ പാര്‍ട്ടികള്‍ക്ക് മതേതരജനാധിപത്യശക്തികളുടെ അജണ്ടയിലേയ്ക്ക് താല്‍ക്കാലികമായിട്ടെങ്കിലും വരാന്‍ നിര്‍ബന്ധിതമാക്കുന്ന ഒരു സാഹചര്യം സൃഷ്ടിക്കാവുന്ന ശക്തി ജനാധിപത്യ മതേതരശക്തികള്‍ക്കുണ്ട്. ആ ശക്തി തിരിച്ചറിഞ്ഞ് അതിനുള്ള ശ്രമങ്ങള്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ ഊര്‍ജ്ജിതമാക്കുക എന്നതാണു ചെയ്യാനുള്ളത്. പിന്നീട് മതേതരജനാധിപത്യ ശക്തികള്‍ തങ്ങളുടെ സംഘാടനത്തെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകുക എന്നതും ഒരു ജനകീയജനാധിപത്യത്തിലേയ്ക്ക് നയിക്കാന്‍ കഴിയുന്ന അര്‍ത്ഥത്തിലേയ്ക്കുള്ള വികാസം മുന്നില്‍ കാണുക എന്നതാണു സാധ്യമാകുന്ന മാര്‍ഗം.
ഇത്തരുണത്തില്‍ സ്റ്റാലിനും മറ്റു മാര്‍ക്‌സിസ്റ്റ് ആചാര്യന്മാരുടെ കാലത്ത് സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ നടന്ന ജനാധിപത്യവിരുദ്ധ പ്രവണതകളെ ഫാസിസവുമായി ബന്ധിപ്പിച്ച് പുരോഗമനശക്തികളെ പ്രതിരോധത്തിലാക്കുവാന്‍ ഫാസിസ്റ്റ് സംഘടനകളും മതാധിഷ്ഠിത സംഘടനകളും ശ്രമിക്കുന്നത് അഭിസംബോധന ചെയ്യേണ്ടതുണ്ട് എന്ന് തോന്നുന്നു. ജനാധിപത്യം എന്നത് ആധുനിക കാലഘട്ടത്തില്‍ ഉയര്‍ന്നുവന്ന ഒരു സാമൂഹ്യബന്ധമാണു. ആ ആധുനിക സാമൂഹ്യക്രമത്തില്‍ ഉയര്‍ന്നുവന്ന താത്വിക – സാമൂഹ്യ പദ്ധതിയാണു മാര്‍ക്‌സിസവും. അതുകൊണ്ട് തന്നെ അതിനു മുന്‍ കാലങ്ങളില്‍ സംഭവിച്ചിട്ടുള്ള വീഴ്ച്ചകളെ വിശകലനം ചെയ്യുന്നതിനും പരിഹരിക്കുന്നതിനുമുള്ള കഴിവുണ്ട്. അതുകൊണ്ട് തന്നെ അത് നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്ന ഒരു തത്വശാസ്ത്രം കൂടിയാണു. അത്തരമൊരു നവീകരണത്തിലൂടെ ജനാധിപത്യത്തിന്റെയും സ്വാത്രന്ത്ര്യത്തിന്റെയും പുതിയ തലങ്ങള്‍ രചിച്ചുകൊണ്ട് തന്നെ ആണു അത് ഫാസിസത്തെ പ്രതിരോധിച്ചുകൊണ്ട് മുന്നോട്ട് പോകുക. എന്നാല്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിശ്വാസപ്രമേയങ്ങളില്‍ ആണ്ട് കിടക്കുന്ന, അതില്‍ യാതൊരു മാറ്റവും സാധ്യമല്ല എന്ന് വാദിക്കുന്ന പ്രസ്ഥാനങ്ങളെ സംബന്ധിച്ച് ഇത്തരമൊരു സാധ്യത നിലനില്ക്കുന്നില്ല.
മേല്പറഞ്ഞ ആശയാടിത്തറയില്‍, സമൂഹത്തില്‍ നിലവിലുള്ള എല്ലാ ഫാസിസ്റ്റ് പ്രവണതകളെയും ചോദ്യം ചെയ്യുന്ന, എല്ലാ അപരവല്‍ക്കരണങ്ങളെയും എതിര്‍ക്കുന്ന വിശാലമായ ഒരു മതേതര ജനാധിപത്യ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന നിയോലിബറല്‍ സാമ്പത്തിക നയങ്ങളെ ചോദ്യം ചെയ്യുന്ന ഒരു വിശാല വേദിയായി അടയാളത്തെ വികസിപ്പിക്കുക എന്നതാണു നമുക്ക് മുന്നില്‍ ഉള്ള വഴി. രാജ്യത്ത് നടക്കുന്ന എല്ലാ ഫാസിസ്റ്റ് വിരുദ്ധസമരങ്ങള്‍ക്കും, നിയോലിബറല്‍ സാമ്പത്തിക താല്പര്യങ്ങള്‍ നടപ്പിലാക്കുന്നതിനെതിരെ നടക്കുന്ന എല്ലാ സമരങ്ങള്‍ക്കും പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അടയാളം നയം വ്യക്തമാക്കുന്നു.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply