ചാരകേസ് : ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ തുറന്നു പറച്ചില്‍

എന്‍ മാധവന്‍ കുട്ടി ചാരക്കേസ് കത്തി നിന്ന 1994 -95ല്‍ ഞാന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് ഇംഗ്ലീഷ് ദിനപത്രത്തിന്റെ തിരുവനന്തപുരത്തെ ഡെപ്യൂട്ടി റസിഡന്റ് എഡിറ്ററും വാര്‍ത്തബ്യുറോയുടെ തലവനുമായിരുന്നു. ആ അനുഭവത്തില്‍നിന്നു കുറച്ചു കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കുന്നു. ഇതില്‍ സ്വയം വിമര്‍ശനവും ചില വ്യപകമായ തെറ്റിദ്ധാരകള്‍ നീക്കാനുള്ളശ്രമവുമുണ്ട് . കൂടുതല്‍ വിശദമായി പിന്നീട് എഴുതാം. ഞാന്‍ അഭിസംബോധന ചെയ്യാന്‍ ശ്രമിക്കുന്നത് മുഖ്യമായും പുതിയ തലമുറയിലെ മാധ്യമ പ്രവര്‍ത്തകരെയും മാധ്യമ വിദ്യാര്‍ത്ഥികളേയുമാണ്. സമകാലിക കക്ഷി രാഷ്ട്രീയ തര്‍ക്കങ്ങളുടെ തലത്തിലേക്ക് ഈ പോസ്റ്റിനെക്കുറിച്ചുള്ള […]

nnn

എന്‍ മാധവന്‍ കുട്ടി

ചാരക്കേസ് കത്തി നിന്ന 1994 -95ല്‍ ഞാന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് ഇംഗ്ലീഷ് ദിനപത്രത്തിന്റെ തിരുവനന്തപുരത്തെ ഡെപ്യൂട്ടി റസിഡന്റ് എഡിറ്ററും വാര്‍ത്തബ്യുറോയുടെ തലവനുമായിരുന്നു. ആ അനുഭവത്തില്‍നിന്നു കുറച്ചു കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കുന്നു. ഇതില്‍ സ്വയം വിമര്‍ശനവും ചില വ്യപകമായ തെറ്റിദ്ധാരകള്‍ നീക്കാനുള്ളശ്രമവുമുണ്ട് . കൂടുതല്‍ വിശദമായി പിന്നീട് എഴുതാം. ഞാന്‍ അഭിസംബോധന ചെയ്യാന്‍ ശ്രമിക്കുന്നത് മുഖ്യമായും പുതിയ തലമുറയിലെ മാധ്യമ പ്രവര്‍ത്തകരെയും മാധ്യമ വിദ്യാര്‍ത്ഥികളേയുമാണ്. സമകാലിക കക്ഷി രാഷ്ട്രീയ തര്‍ക്കങ്ങളുടെ തലത്തിലേക്ക് ഈ പോസ്റ്റിനെക്കുറിച്ചുള്ള ചര്‍ച്ച കൊണ്ടുപോകാതിരിക്കാന്‍ ശ്രമിച്ചാല്‍ നന്ന്.

1’തനിനിറവും’ ‘ദേശാഭിമാനി’യുമാണ് മാലിസ്ത്രീകളും ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞന്മാരും ഉള്‍പ്പെടുന്ന ചാരകേസ് വാര്‍ത്ത ആദ്യം അവതരിപ്പിച്ചത് .

2 മൂന്നാം ദിവസമാണ് മനോരമയടക്കം മറ്റെല്ലാ പത്രങ്ങളും ഈ ഒരു കാഴ്ചപ്പാടിലൂടെ ഈ വാര്‍ത്ത പൊലിപ്പിച്ചു കൊടുത്ത് തുടങ്ങിയത് . ‘സ്മാര്‍ട്ട് വിജയന്‍ ‘എന്ന പോലീസ് ഓഫീസര്‍ ആയിരുന്നു പൊലിപ്പിക്കാനുള്ള വക ദിവസവം നല്‍കിയിരുന്നത് . തനിനിറത്തിലെ പോലീസ് സ്റ്റേഷന്‍ ബീറ്റ് ചെയ്തിരുന്ന റിപ്പോര്‍ട്ടര്‍ ജയചന്ദ്രന്‍ ആയിരുന്നു ഈ ‘വാര്‍ത്തകള്‍’ തന്റെ കയ്യില്‍നിന്നുകൂടി ചിലതിറക്കി മറ്റു പത്ര റിപ്പോര്‍ട്ടര്‍മാര്‍ക്കു വിതരണം ചെയ്തിരുന്നത് .ഇദ്ദേഹം ഇപ്പോള്‍ മംഗളത്തിന്റെ തിരുവനന്തപുരത്തെ പത്രാധിപരുംഎ കെ ശശീദ്രന്‍ മന്ത്രിയുടെ ടെലിഫോണ് സെക്‌സ് കേസില്‍ ഒരു പ്രതിയുമാണെന്ന് അറിയുന്നു.

3 ആദ്യമാദ്യം സ്മാര്‍ട് വിജയന്‍, ജയചന്ദ്രന്‍ സൃഷ്ടികളില്‍ ഏറ്റവും ചൂടുള്ളത് കൊടുത്തി രുന്നത് ‘മംഗളം’ റിപ്പോര്‍ട്ടര്‍ കെ അജിത് കുമാര്‍ ആയിരുന്നു . അദ്ദേഹം ഇപ്പോള്‍ മംഗളം സി ഇ ഒയും സെക്‌സ് ഫോണ് കേസില്‍ ജയചന്ദ്രന്റെ കൂട്ടു പ്രതിയുമാണ്. ജയചന്ദ്രനേയും അജിത്തിനെയും എനിക്കു ദിര്ഘകാലമായി അറിയാം

4 മംഗളവുമായുള്ള മത്സരത്തില്‍ പുറകിലാവന്നുവെന്നപ്പോളാണ് മനോരമ ജോണ് മുണ്ടാക്കയത്തെയും മാത്രുഭുമി ജി ശേഖരന്‍ നയായരെയും ഇറക്കി കൂടുതല്‍ നിറംപിടിപ്പിച്ച നുണകളുമായി കളം പിടിച്ചത് . പിന്നെ അവരുതമ്മിലായി മത്സരം .ജോണും ശേഖരന്‍ നായരും ഞാന്‍ നീണ്ടകാലമായി അറിയുന്ന സഹാപ്രവര്‍ത്തകര്‍

5 എനിക്കു നേരിട്ടു ചുമതലയുള്ളള ഇന്ത്യന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് ആദ്യത്തെ അഞ്ചു ദിവസത്തോളം പോലീസിന്റെ ശുഷ്‌കമായ ഔദ്യോഗിക പ്രതികരണം മാത്രമാണ് വര്‍ത്തയാക്കിയിരുന്നത് .എന്നാല്‍ മുഖ്യ മലയാളം മാധ്യമങ്ങളുടെ വിഭ്രമിപ്പിക്കുന്ന വാര്‍ത്തകള്‍ കണ്ടു എന്റെ മുകളിലുള്ള കൊച്ചിയിലെയും ദില്ലിയിലെയും പത്രാധിപര്‍മാര്‍ സ്വാഭാവികമായി എനിക്കുമേല്‍കൂടുതല്‍ വിശദമായ വാര്‍ത്തകള്‍ക്കായി സമ്മര്‍ദ്ദം ചെലുത്തുവാന്‍ ആരംഭിച്ചു. നല്ല ,’ജൂസി’യായ ഫോളോ അപ്പ് ഇല്ലാത്തത് എന്റെയും എന്റെ റീപോര്‍ട്ടിങ്ങിലെ മുഖ്യ സഹപ്രവര്‍ത്തകരായ ജോണ് മേരി, ഉദയ കുമാര്‍ ഗിരീഷ് മേനോന്‍ , എന്‍ നരേന്ദ്രന്‍ തുടങ്ങി നിരവധി മിടുക്കന്‍ സഹപ്രവര്‍ത്തകരുടെ തൊഴില്‍പരമായ കഴിവുകേടായി വ്യഖ്യാനിക്കപ്പെടുന്ന ഘട്ടം വന്നപ്പോള്‍ ഞങളും മലയാള മാധ്യമ ആട്ടും പറ്റങ്ങളോടൊപ്പം മേയാന്‍ ഇറങ്ങി . അപ്പോഴേക്കും പുല്ല് മുഴുവന്‍ മറ്റുള്ളവര്‍ കടിച്ചുതിന്നു കഴിഞ്ഞിരുന്നതുകൊണ്ടു ഞങ്ങള്‍ക്കു താരതമ്യേന കുറവ് നുണകളെ എഴുതേണ്ടിവന്നുള്ളൂ.

6 കരുണാകരനെ പുറത്താക്കി ആന്റണിയേ മുഖ്യ മന്ത്രിയായി കൊണ്ടുവരാനുള്ള ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള കോണ്ഗ്രസ്സ് എ ഗ്രൂപ്പിന്റെ നീക്കത്തിന്റെ കുന്തമുനയായി ചാരക്കേസ് മാറുന്നത് ദിവസങ്ങള്‍ കഴിഞാണ്.തങ്ങള്‍ക്ക് വിശ്വാസമുള്ള ഒരു സംഘംമുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ ഉപയോഗിച്ചാണ് അല്ലെങ്കില്‍ അവരുടെ സഹകരത്തോടെയാണ് ഈ രാഷ്ട്രീയ നീക്കം തകൃതിയായി നടകൊണ്ടിരുന്നത് . ചാരക്കേസ് കൊണ്ടാടിയിരുന്ന ഒറിജിനല്‍ മാധ്യമ ടീമിനു സമാന്തരമായി ആന്റണി ചാണ്ടി സഹായമാധ്യമ ടീം പ്രവര്‍ത്തിക്കുക എന്നതായിരുന്നു സ്ഥിതി .ഉദാഹരണത്തിന് മനോരമക്കുവേണ്ടി ജോണ് മുണ്ടക്കയം ചാരക്കേസ് ടീമിലും സോമന്‍ കരുണാകര വിരുദ്ധ ടീമിലും ഒരേ സമയം പ്രവര്‍ത്തിച്ചുവന്നു. മാതൃഭൂമിക്കുവേണ്ടി ചാരക്കേസ് മുഖ്യമായും ശേഖരന്‍ നായരും കോണ്ഗ്രസ്സ് രാഷ്ട്രിയം എന്‍ ബാലകൃഷ്ണനുമാണ് കൈകാര്യം ചെയ്തതെന്നാണ് ഓര്‍മ്മ.

7 കോണ്ഗ്രസിലെ ഗ്രൂപ്പ് വഴക്കില്‍ തീരേ താല്പര്യമില്ലാതിരുന്നിട്ടും കരുണാകരനോട് കൊച്ചി പ്രദേശത്തുനിന്നുള്ള ദേശിയ സ്വാതന്ത്ര്യ സമരപാരമ്പര്യമുള്ള മതനിരപേക്ഷ ബഹുജന നേതാവ് എന്ന നിലക്ക് വ്യക്തിപരമായ ബഹുമാനമുണ്ടായിട്ടും എന്റെ ഇടതുപക്ഷ രാഷ്ട്രീയ ചായ്വും വാര്‍ത്തക്കുവേണ്ടിയുള്ള വൃത്തികെട്ട ആര്‍ത്തിയും എന്നേ കരുണാകര വിരുദ്ധ സ്പെഷ്യല്‍ വാര്‍ത്തകളും വിശകലനങ്ങളും എഴുതുന്ന മാധ്യമ ടീമില്‍ ( ഇന്നത്തെ ഭാഷയില്‍ സിന്‍ഡിക്കേറ്റ് ) കൊണ്ടെത്തിച്ചു. കരുണാകര പക്ഷത്തുനിന്നു ആധികാരികമായി വാര്‍ത്തകള്‍ ചോര്‍ത്തിത്തരാന്‍ മറുപക്ഷത്തെ ഷാജി . രമേശ് . കാര്‍ത്തികേയന്‍ ത്രയം പോലെ ഒരു സ്ഥിരം സംവിധാനം ഇല്ലാതിരുന്നതും എന്റെ തെറ്റിന്റെ ആക്കംകൂട്ടി. അന്നും ഒറ്റയാന്‍ കളിക്കാരനായിരുന്ന സുധീരന്റെ ഇന്നു അടിമുടി കപടം എന്നു തിരിച്ചറിയുന്ന കരുണാകരന്റെ കുടുംബ വാഴ്ചക്കെതിരായ നിലപാടും എന്നേ പത്രധര്‍മ്മം മറന്നു ഫലത്തില്‍ ആന്റണി -തിരുത്തല്‍വാദി കോണ്ഗ്രസ്സ് ഗ്രൂപ്പുകളെ സഹായിക്കുന്ന രാഷ്ട്രിയ വിശകലനങ്ങള്‍ എഴുതുന്നതിലേക്കു നയിച്ചു.

8 ആദ്യ ദിവസങ്ങളിലെ ദുര്‍ബലമായ തൊഴില്‍പരവും നൈതികവുമായ ചെറുത്തുനില്‍പ്പിനു ശേഷം ചാരക്കേസില്‍ സ്മാര്‍ട് വിജയനത്തു വന്നുകൊണ്ടിരുന്ന നുണകള്‍ എന്റെ ചുമതലയിലുള്ള പത്രത്തില്‍ വരുവാന്‍ ഞാന്‍ അനുവദിച്ചു .  ലീസില്‍ എനിക്കു ഏറ്റവും വിശ്വസിക്കാവുന്ന അന്നത്തെ സിറ്റി കമ്മീഷണര്‍ റിട്ടയേര്‍ഡ് ഡി ജിപ്പി രാജീവന്‍ ഐ പി എസ്‌ന്റെ മുന്നറിയിപ്പുപോലും കണക്കാക്കാതെ ഐ ബി അഡിഷനല്‍ ഡയറക്ടര്‍ ശ്രീകുമാര്‍ കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ച കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം( I B) തിരുവനന്തപൂരം യൂണിറ്റിന്റെ ചോദ്യം ചെയ്യല്‍ റിപ്പോര്‍ട്ട് കണ്ണടച്ചു വിശ്വസിച്ചു രമണശ്രിവാസ്ഥവാക്കു ചാരകേസില്‍ പങ്കുണ്ടാകാം എന്നു സൂചിപ്പിക്കുന്ന ലേഖനം എഴുതി. വര്‍ഷങ്ങള്‍ക്കു ശേഷം തെറ്റു മനസ്സില ഞാന്‍ ശ്രീവാസ്തവയയോട് നേരിട്ടു മാപ്പു ചോദിച്ചുവെന്നതു എന്റെ തെറ്റിന്റെ
ഗൗരവം ഒട്ടും കുറയുന്നില്ല.

9 എന്റെ നല്ല സുഹൃത്തായിരുന്ന സാഹിത്യത്തിലുംസംഗീതത്തിലും താത്പര്യമുണ്ടായിരുന്ന മറ്റൊരു ഉന്നത ഐ പി എസ് ഉദ്യോഗസ്ഥന്റെ പേരും ചാരക്കേസിലെ ലൈംഗിക വശവുമായി ബന്ധപ്പെടുത്തി കേരള പൊലീസിലെ താല്‍പരകക്ഷികള്‍ അന്നു പ്രചരിപ്പിച്ചിരുന്നു. ആ ഘട്ടത്തില്‍ അതു ശരിയാണെന്ന് വിശ്വസിച്ചു അദ്ദേഹത്തില്‍ നിന്നു ബോധപൂര്‍വം അകന്നുനിന്നത് ഇന്നു കുറ്റബോധത്തോടെ ഓര്‍ക്കുന്നു. അദ്ദേഹം തിരുവനന്തപുരത്തു സസുഖം ജിവിക്കുന്നു അതുകൊണ്ടു പേരു പറയുന്നില്ല.

10 ചാരക്കേസ്സു ഒരു വ്യഭിചാരകേസില്‍ ആണ് തുടങ്ങിയത് .എന്നാല്‍ അതു മറ്റുപലതിനുമായി ഉപയോഗിക്കപ്പെട്ടു. ഉപയോഗിവച്ചവരില്‍ മാധ്യമങ്ങളും കരുണാകര വിരുദ്ധ കോണ്ഗ്രസ്സുകാരും അന്നത്തെ കേരളത്തിലെ പ്രതിപക്ഷവും മാത്രമല്ല .അന്നത്തെ കേന്ദ്ര സര്‍ക്കാരിനും രഹസ്യന്വഷണ അജന്‍സികള്‍ ഉള്‍പ്പെടുന്ന പ്രച്ഛന്ന ഭരണകൂടത്ത പ്രധാനമന്ത്രി നരസിംഹറാവുവിനും അദ്ദേഹത്തിന്റെ ഒരു മകനും പങ്കുണ്ടെന്ന് ഞാന്‍ സംശയിക്കുന്നു തെളിവുകള്‍ എന്റകയ്യില്‍ ഇല്ല. ജൈന്‍ കമ്മീഷനുള്ള ടേര്‍മസ് ഓഫ് റഫന്‍സില്‍ ഇതു കൂടി ഉള്‍പ്പെടുത്തിയാല്‍ ഒരുപക്ഷേ തെളിവു നല്‍കാന്‍ ആളുണ്ടാവും.

ഫേസ് ബുക്ക് പോസ്റ്റ്

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Media | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply