ചാത്തുണ്ണിപ്പുലിയും ഷക്കീലപ്പുലികളും

ഡോ.പി.രണ്‍ജിത് കേരളവര്‍മ്മ കോളേജിലെ പുലിമടയില്‍ ചായത്തിന്റെയും ടര്‍പെന്റയിന്റെയും മദ്യത്തിന്റെയും മണത്തിനിട യിലൂടെ നടക്കുമ്പോള്‍, മുന്നില്‍ ദേ ചാത്തുണ്ണിപ്പുലി. ചാത്തുണ്ണിപ്പുലി വയസ്സ് 73. പുലിയായി 57 ാം വര്‍ഷം. ‘ഓര്‍മ്മ്യേണ്ടോ ?’ ‘പിന്നെന്താ ? നമ്മള് കഴിഞ്ഞ കൊല്ലം വീട്ടില് വന്നില്ല്യേ ?’ ‘ഇക്കൊല്ലം ചാത്തുണ്ണ്യേട്ടന്‍ കാനാട്ടുകരയിലാ അല്ലേ ?’ ‘അതെ. വയ്യാണ്ടായി. എന്നാലും കളിക്കാതിരിക്കാനും വയ്യ.’ രണ്ടു വര്‍ഷം മുമ്പ് കല്ലൂരില്‍ ചാത്തുണ്ണ്യേട്ടന്റെ വീട്ടില്‍ വെച്ചു നടത്തിയ നീണ്ട സംഭാഷണം. പ്രായമേറിയ പുലിയുടെ ഓര്‍മകള്‍ രേഖപ്പെടുത്താന്‍ മുന്‍കയ്യെടുത്തത് […]

chathunni22

ഡോ.പി.രണ്‍ജിത്

കേരളവര്‍മ്മ കോളേജിലെ പുലിമടയില്‍ ചായത്തിന്റെയും ടര്‍പെന്റയിന്റെയും മദ്യത്തിന്റെയും മണത്തിനിട യിലൂടെ നടക്കുമ്പോള്‍, മുന്നില്‍ ദേ ചാത്തുണ്ണിപ്പുലി.
ചാത്തുണ്ണിപ്പുലി വയസ്സ് 73. പുലിയായി 57 ാം വര്‍ഷം.
‘ഓര്‍മ്മ്യേണ്ടോ ?’
‘പിന്നെന്താ ? നമ്മള് കഴിഞ്ഞ കൊല്ലം വീട്ടില് വന്നില്ല്യേ ?’
‘ഇക്കൊല്ലം ചാത്തുണ്ണ്യേട്ടന്‍ കാനാട്ടുകരയിലാ അല്ലേ ?’
‘അതെ. വയ്യാണ്ടായി. എന്നാലും കളിക്കാതിരിക്കാനും വയ്യ.’
രണ്ടു വര്‍ഷം മുമ്പ് കല്ലൂരില്‍ ചാത്തുണ്ണ്യേട്ടന്റെ വീട്ടില്‍ വെച്ചു നടത്തിയ നീണ്ട സംഭാഷണം. പ്രായമേറിയ പുലിയുടെ ഓര്‍മകള്‍ രേഖപ്പെടുത്താന്‍ മുന്‍കയ്യെടുത്തത് സുഹൃത്തായ സാമൂഹ്യശാസ്ത്ര ഗവേഷകന്‍ ജോര്‍ജ് വര്‍ഗീസ് (മണിപ്പാല്‍ യൂണിവേഴ്‌സിറ്റി) ആണ്. ലോകപ്രസിദ്ധ ആന്ത്രപ്പോളജിസ്റ്റ് ബ്രൂസ് കാപ് ഫെററുടെ (Bruce Kapferer) നേതൃത്വത്തില്‍ ഞങ്ങള്‍ കുറച്ചുപേര്‍ രണ്ടു കൊല്ലം മുമ്പുള്ള ഓണക്കാലത്ത് നടത്തിയ പഠനയാത്രകളാണ് സന്ദര്‍ഭം.
അരനൂറ്റാണ്ട് മുമ്പുള്ള പുലിക്കളി ഇന്നത്തേതില്‍ നിന്ന് വളരെ വ്യത്യസ്തമായിരുന്നെന്ന് ചാത്തുണ്ണ്യേട്ടന്‍.
‘അന്ന് ഒരു ടീമില്‍ പതിനാറോ പതിനേഴോ പുലികളെ ഉണ്ടാകൂ. ഏഴ് അല്ലെങ്കില്‍ എട്ട് ടീമുകള്‍. പട്ടാളം റോഡ്, കൊക്കാല, ചെട്ടിയങ്ങാടി, പടിഞ്ഞാറെ കോട്ട തുടങ്ങിയവ. അധികവും കച്ചവടക്കാരും പണിക്കാരുമാണ് പുലികെട്ടുക. കുപ്പാറ ഔസേപ്പ്, പൂച്ചപ്പരമു, അപ്പണ്ണന്‍, സെയ്താലിക്ക – ഇവരൊക്കെ പ്രധാന കളിക്കാരായിരുന്നു. മൂന്നോണത്തിന് രാത്രി 12 മുതല്‍ ചായം തേപ്പ് തുടങ്ങും. കറുപ്പും മഞ്ഞയുമാണ് പ്രധാന നിറങ്ങള്‍. ഇപ്പോഴത്തെ പോലെ എല്ലാ നിറങ്ങളിലുമുള്ള പുലികള്‍ അന്നില്ല. കുന്നത്തിന്റെ ഷെഡ്ഢിയാണ് (കുന്നത്ത് ടെക്സ്റ്റയില്‍സ്, അയ്യന്തോള്‍) വേഷം. മുന്നില്‍ ഒരു കഷണം തുണി കൂടി തൂക്കിയിടും.’

16-puli‘കൊട്ടിന്റെ പഴയ താളത്തിന് ഇപ്പോഴും വലിയ മാറ്റമില്ല. അന്ന് ചെണ്ടക്കാര്‍ ഇരുപതോളം. ഇപ്പോള്‍ മുപ്പതായി. 123 എന്ന് താളം. താളത്തിനൊത്ത് ചുവടു വെച്ചു കളി. തലകുത്തി മറിയലും ഉലക്കയില്‍ കളിക്കലും അന്ന് പ്രധാനമാണ്. പുലിക്കളിക്കിടയ്ക്ക് അടി നടക്കും. അടിക്കാനും ഉലക്ക ഉപയോഗിക്കും. ഇന്ന് ഷക്കീലമാരുടെ കളിയാണ്, അന്ന് ഷക്കീലമാരില്ല.’ (തടിയും കുടവയറുമുള്ള ഇന്നത്തെ പുലികള്‍ ശരീരഭാഗങ്ങള്‍ ഇളക്കിക്കാണിക്കുന്നതുകൊണ്ടാണ് ചാത്തുണ്ണ്യേട്ടന്‍ ഷക്കീലമാര്‍ എന്ന് വിശേഷിപ്പിക്കുന്നത്.)
‘പഴയകളിക്ക് പുലിക്കുടം ഉണ്ടായിരുന്നു. പറയര്‍ നെയ്യുന്ന ഒരു കൂടയാണിത്. ഒന്നര അടി വ്യാസം ഉണ്ടാകും. അതൊരു ചൂരല്‍ത്തണ്ടില്‍ വെച്ചുകെട്ടും. പേപ്പറുകള്‍കൊണ്ട് കുടത്തില്‍ അലങ്കാരമുണ്ടാക്കും. ഏറ്റവും പിന്നില്‍ പുലിക്കുടം, മുന്നില്‍ ചെണ്ട, ചെണ്ടക്കു മുന്നില്‍ പുലി അതാണ് പഴയ രീതി. ഉച്ചക്ക് രണ്ടു മണി മുതല്‍ വൈകീട്ട് ആറ് ആറര വരെയാണ് കളി. പുലികള്‍ അന്ന് റൌണ്ട് വട്ടം ചുറ്റില്ല. നടുവിലാലില്‍ കളിച്ച് അവസാനിപ്പിക്കും. കാണാന്‍ പെണ്ണുങ്ങള്‍ തീരെ കുറവായിരിക്കും.’
‘പഠാണി മുസ്ലീങ്ങളുടെ പെരുന്നാളിനാണ് പുലിക്കളി ആരംഭിച്ചത് എന്നറിയാം. പഠാണിക്കളിയില്‍ തോക്കുണ്ടായിരുന്നു. പിന്നീട് കളി നാലോണത്തിനായി. തോക്കുകാര്‍ ഇല്ലാതെയായി. പുലിക്കളിക്ക് മിക്കവരും കുടിക്കും. പക്ഷെ ഞാന്‍ പുലി കെട്ടുമ്പോള്‍ കുടിക്കാറില്ല. കുടിച്ചാല്‍ കളിക്കാന്‍ പറ്റില്ല, അദന്നെ.’ ചാത്തുണ്ണ്യേട്ടന്‍ പറഞ്ഞു നിര്‍ത്തി.
ചാത്തുണ്ണ്യേട്ടന്റെ അതേ അഭിപ്രായമുള്ള പ്രായമേറിയ പുലികള്‍ വേറെയുമുണ്ട്. എന്നാല്‍ പഴയ പുലിക്കളിയും പുതിയ കളിയും തമ്മില്‍ നല്ലത് മോശം എന്ന് വിരുദ്ധമായി താരതമ്യം ചെയ്യുന്നതിനു പകരം അര നൂറ്റാണ്ടിനുള്ളില്‍ നടന്ന പരിണാമത്തെ മറ്റൊരു രീതിയില്‍ നമുക്ക് നോക്കിക്കാണാം.
പണ്ട് ശാരീരികമായ അഭ്യാസങ്ങള്‍ക്കായിരുന്നു കാഴ്ചക്കാര്‍. ഇന്ന് ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതായി പ്രധാനം. ഇപ്പോള്‍ കാഴ്ചക്കാരായി ധാരാളം സ്ത്രീകളുണ്ട്. കാഴ്ചക്കാരുടെ കൃത്യമായ കണക്കുകളൊന്നുമില്ലെങ്കിലും ഏകദേശം മൂന്നിലൊന്നു സ്ത്രീകളാണിപ്പോള്‍. പണ്ട് ആഭാസപ്രകടനമെന്നു പറഞ്ഞു് മുതിര്‍ന്നവര്‍ (പുരുഷന്മാര്‍) സ്ത്രീകളെ വിലക്കി നിര്‍ത്തിയിരുന്നതുകൊണ്ടുതന്നെ ആയിരിക്കണം വിലക്കപ്പെട്ടത് കാണാനുള്ള കൗതുകത്തോടെ അറുപതും എഴുപതും കഴിഞ്ഞ സ്ത്രീകള്‍ പോലും പുലിക്കളിയുടെ പ്രേക്ഷകരായി വരുന്നത്. മാറിടത്തിലും കുടവയറിലുമായി പുലിയുടെ കണ്ണും മൂക്കും വായും വരച്ച് മാംസളഭാഗങ്ങളുടെ ചലനം കൊണ്ട് ആളുകളില്‍ ഒരു ഇക്കിളി ഉണ്ടാക്കുന്നതിലാണ് ‘പുപ്പുലി’കളുടെ വ്യഗ്രത. ഷക്കീലമാര്‍ എന്ന് ചാത്തുണ്ണ്യേട്ടന് വിശേഷിപ്പിക്കാന്‍ തോന്നുന്ന തരത്തില്‍ വലിയൊരു വിഭാഗം മലയാളി പുരുഷന്മാര്‍ക്ക് ഇറോട്ടിക് ആയി തോന്നുന്ന മാംസളമായ ശരീരപ്രദര്‍ശനമാണത്. എന്നാല്‍ പുലിയുടെ കോമ്പല്ലുകളുള്ള തുറന്ന വായും ഉണ്ടക്കണ്ണുകളും ആയി മാറിയതുകൊണ്ട് അതു വെറും മനുഷ്യശരീരവുമല്ല.
താളാത്മകമായ വാദ്യത്തിന്റെ അകമ്പടിയില്‍ ഇരു കൈകളും മാറിമാറി മുന്നോട്ടു നീട്ടിയുള്ള പുലികളുടെ നൃത്തം കണ്ട് ബ്രൂസ് കാപ് ഫെറര്‍ നിരീക്ഷിച്ചത് പട്ടാളത്തിന്റെ പഴയ മാര്‍ച്ച് പാസ്റ്റിന്റെ സ്വാധീനം പുലിക്കളിയില്‍ ഉണ്ടെന്നാണ്. അദ്ദേഹത്തെ പിന്തുടര്‍ന്ന ഞങ്ങള്‍ ഇപ്പോഴത്തെ കോര്‍പ്പറേഷന്‍ ഓഫീസായ പഴയ ഭരണകേന്ദ്രത്തിനടുത്തുള്ള പട്ടാളം റോഡില്‍ ചെന്നു മുട്ടുകയും ചെയ്തു.
ശ്രദ്ധിച്ചാല്‍ ഒന്നുകൂടി വ്യക്തമാവും. പുലിക്കളിയില്‍ എക്കാലത്തും കളിയുണ്ടായിരുന്നു. കളിക്ക് നരവംശശാസ്ത്രപരമായ അര്‍ത്ഥതലങ്ങളുണ്ട്. അധികാരവ്യവസ്ഥക്കു കീഴില്‍ വരുന്ന ഒരു സമൂഹം, തങ്ങള്‍ നിത്യേന അനുഷ്ഠിക്കാന്‍ നിയോഗിക്കപ്പെട്ട ഗൗരവമുള്ള ചടങ്ങുകളെ, ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ തലകീ ഴ് മറിച്ച്, ആ ചടങ്ങിലെ ഓരോ അംശത്തെയും കഴിയുന്നത്ര വിപരീതമാക്കി ഒരു കളിയെന്ന നിലയില്‍ ആവിഷ്‌കരിക്കുന്നു. ദൈനംദിന ജീവിതത്തില്‍ കൃത്യമായ ചിട്ടകളും വിലക്കുകളുമുള്ള പട്ടാളജീവിതത്തെ, അതിലെ മാര്‍ച്ചിങ്ങിന്റെ ചലനവും വാദ്യവും, മറ്റൊരു രീതിയില്‍ മാറ്റിയെടുത്ത പഠാണികളുടെ കളി, പിന്നീട് തൃശൂര്‍ അങ്ങാടിയിലെ കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കും തങ്ങളുടെ ജീവിതത്തെ അപനിര്‍മിക്കുന്ന കളിയായി ആവിഷ്‌കരിക്കാന്‍ അവസരമൊരുങ്ങുന്നു. കച്ചവടസമൂഹത്തെ സംബന്ധിച്ചിടത്തോളം ശാരീരികാഭ്യാസങ്ങള്‍ ജീവിതത്തിലെ പ്രധാന കാര്യമല്ലാതായി മാറിയതുകൊണ്ട് പിന്നീട് ശരീരം തന്നെയായി കളിപ്പാട്ടം. താന്‍ തൃശൂരങ്ങാടിയിലെ ഒരു പ്രധാന കച്ചവടക്കാരനാണെന്നും മിക്കവര്‍ഷവും ഏതെങ്കിലും സെറ്റില്‍ പുലികെട്ടാറുണ്ടെന്നും അടുത്ത ബന്ധുക്കള്‍ പോലും തിരിച്ചറിയാറില്ലെന്നും മൂന്നു വര്‍ഷം മുമ്പ് ഒരു വയറന്‍ പുലി സ്വകാര്യമായി പറഞ്ഞിരുന്നു.
കളി ഇവിടെ സ്വാതന്ത്ര്യമാണ്. കളിക്കാനുള്ള സ്വാതന്ത്ര്യം സമൂഹത്തിന് പ്രത്യാഖ്യാനങ്ങള്‍ (counter narratives) സൃഷ്ടിക്കാനുള്ള സ്വാതന്ത്ര്യമാണ്. അതു വിലക്കപ്പെട്ടാല്‍ വൈകാതെ രൂപം മാറി തിരിച്ചുവരും. പണ്ട് ചെട്ടിയങ്ങാടി പള്ളിപ്പെരുന്നാളിന് നടന്നിരുന്ന പുലിക്കളി, ആഭാസപ്രകടനമെന്നു ഇന്‍സ്‌പെക്ടര്‍ പാപ്പാളി വിലക്കിയപ്പോഴാണ് പിന്നീട് നാലോണത്തിന്റെ പുലിക്കളിയായി തിരിച്ചുവന്നത് എന്ന് പഴയ പുലികളുടെ ഓര്‍മകള്‍.
വീണ്ടുമിപ്പോള്‍ നിയമങ്ങള്‍കൊണ്ടും വിലക്കുകള്‍കൊണ്ടും നിറയുകയാണ് പുലിക്കളി. അഞ്ചു വര്‍ഷം മുമ്പ് പുലിക്കളിക്ക് ‘ജഡ്ജാ’യി പോകേണ്ടിവന്ന സന്ദര്‍ഭത്തില്‍ സ്‌കോറിങ് ഷീറ്റിലെ നിയമങ്ങളും നിര്‍ദ്ദേശങ്ങളും കണ്ട് ഈ ലേഖകന്‍ അമ്പരന്നുപോയി. അച്ചടക്കവും കൃത്യനിഷ്ഠയും ഒതുക്കവും വിധേയത്വവും ഉണ്ടാക്കിയെടുത്ത് സായിപ്പിനും മാധ്യമങ്ങള്‍ക്കും മുന്നില്‍ സഞ്ചരിക്കുന്ന പുലിമൃഗശാല ഒരുക്കാനാണ് ശ്രമം. വയറുകൊണ്ടുള്ള കളികള്‍ക്കുമപ്പുറം പുലികള്‍ക്ക് ഈ നിയമങ്ങളെ ‘കളിയാക്കാന്‍’ പറ്റുമോ എന്ന് നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply