ഗുരുവിന്റെ പേരുപറയാന്‍ ആര്‍ക്കു യോഗ്യത?

ഹരികുമാര്‍ മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ഗുരുവിന്റെ വചനങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നിടം ആ മതം തന്റെതാകണമെന്ന് ശഠിക്കുന്നവരെ വിളിച്ചിരുത്തുവാനുള്ള സ്ഥലമല്ലെന്ന സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ അഭിപ്രായം വളരെ പ്രസക്തമാണ്. അതേസമയം ശിവഗിരി മഠത്തിലെത്താന്‍ ആര്‍ക്കാണ് യോഗ്യത എന്നും പരിശോധിക്കണം. ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു നരേന്ദ്രമോഡിയെ അവിടേക്ക് ക്ഷണിച്ചതിനെപറ്റി പിണറായി ഇപ്രകാരം പറഞ്ഞത്. അത്തരക്കാരെ എത്തിക്കുവാനുള്ള സ്ഥലമല്ലിതെന്ന് ഗുരുവിന്റെ ശിഷ്യന്മാരായ സന്യാസിവര്യന്‍മാര്‍ ഓര്‍ക്കണമെന്ന് പിണറായി പറഞ്ഞു. അവകാശങ്ങള്‍ക്കായി സംഘടിക്കണമെന്നാണ് ശ്രീനാരായണ […]

download

ഹരികുമാര്‍

മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ഗുരുവിന്റെ വചനങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നിടം ആ മതം തന്റെതാകണമെന്ന് ശഠിക്കുന്നവരെ വിളിച്ചിരുത്തുവാനുള്ള സ്ഥലമല്ലെന്ന സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ അഭിപ്രായം വളരെ പ്രസക്തമാണ്. അതേസമയം ശിവഗിരി മഠത്തിലെത്താന്‍ ആര്‍ക്കാണ് യോഗ്യത എന്നും പരിശോധിക്കണം.

ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു നരേന്ദ്രമോഡിയെ അവിടേക്ക് ക്ഷണിച്ചതിനെപറ്റി പിണറായി ഇപ്രകാരം പറഞ്ഞത്. അത്തരക്കാരെ എത്തിക്കുവാനുള്ള സ്ഥലമല്ലിതെന്ന് ഗുരുവിന്റെ ശിഷ്യന്മാരായ സന്യാസിവര്യന്‍മാര്‍ ഓര്‍ക്കണമെന്ന് പിണറായി പറഞ്ഞു. അവകാശങ്ങള്‍ക്കായി സംഘടിക്കണമെന്നാണ് ശ്രീനാരായണ ഗുരു പറഞ്ഞത്. അല്ലാതെ മറ്റ് ജാതികള്‍ക്കോ മതങ്ങള്‍ക്കോ എതിരായി സംഘടിക്കണമെന്നല്ല. ജനിച്ച നാടിന്റെ അവസ്ഥ മാറ്റിയെഴുതിയതാണ് ശ്രീനാരായണഗുരുവിനെ വ്യത്യസ്തനാക്കുന്നത്. ദുരാചാരങ്ങള്‍ മൂലം മനുഷ്യത്വം തൊട്ടുതെറിച്ചിട്ടില്ലാത്ത ഒരു സമൂഹത്തിലാണ് അദ്ദേഹം മാനവ സ്‌നേഹത്തിന്റെ മഹത്വം കൊണ്ടുവന്നത്. അവര്‍ണന്റെ ശരീരഭാഗങ്ങള്‍ക്ക് വരെ കരം ചുമത്തിയിരുന്ന ഭൂതകാലം നമുക്കുണ്ടായിരുന്നു. അക്കാലത്ത് ഈഴവ സമുദായത്തിലുണ്ടായിരുന്ന അനാചാരങ്ങള്‍ മാറ്റിയെടുക്കുവാനാണ് ഗുരു ശ്രമിച്ചത്. അതിന്റെ അലയൊലികള്‍ മറ്റ് സമുദായങ്ങള്‍ക്കകത്തേക്കും പടര്‍ന്നു. കേരളം ഭ്രാന്താലയമെന്ന കാഴ്ചപ്പാടിന് മാറ്റം വരുത്തുവാന്‍ കഴിഞ്ഞതും ആ അലയൊലികള്‍ക്കാണെന്ന് പിണറായി പറഞ്ഞു. സംഘടനകൊണ്ട് ശക്തരാകുക എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഈഴവ സമുദായത്തെ മാത്രമല്ല സ്വാധീനിച്ചതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
തീര്‍ച്ചയായും പിണറായി പറഞ്ഞത് പൂര്‍ണ്ണമായും ശരി. ഗുരു എന്തിനെല്ലാമെതിരെ നിലകൊണ്ടോ അവയെല്ലാം തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ നേതാവിനെ ശിവഗിരിയിലേക്ക് കൊണ്ടുവന്നത് തെറ്റായ നടപടി തന്നെ. എന്നാല്‍ ആര്‍ക്കാണ് ശിവഗിരിയില്‍ തലയുയര്‍ത്തി കയറാനുള്ള അര്‍ഹതയുള്ളത് എന്ന ചോദ്യം വളരെ പ്രസക്തമാകുന്നു.
കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളത്തെ മാറ്റി മറിച്ചത് നവോത്ഥാന പ്രസ്ഥാനങ്ങളായിരുന്നു എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. നവോത്ഥാനനായകരില്‍ ഏറ്റവും പ്രമുഖന്‍ നാരായണഗുരുവായിരുന്നു എന്നതിലും. എന്നാല്‍ പിന്നീട് സംഭവിച്ച ചില സംഭവങ്ങളില്‍ പുനപരിശോധന അര്‍ഹിക്കുന്നു. നവോത്ഥാന പ്രസ്ഥാനം ഉഴുതുമറിച്ച മണ്ണില്‍ ഫലം കൊയ്തത് മുഖ്യമായും കമ്യൂണിസ്റ്റുകാരായിരുന്നു. ഗുരുവിന്റെ ഊര്‍ജ്ജം ആത്മീയതയായിരുന്നെങ്കില്‍ കമൂണിസ്റ്റുകാരുടേത് ഭൗതികതയായിരുന്നു എന്നാലും അതില്‍ തെറ്റൊന്നുമല്ല. എന്നാല്‍ കമ്യൂണിസ്റ്റുകാര്‍ ചെയ്തത് എന്താണ്? നവോത്ഥാനത്തിന്റെ ധാര വര്‍ഗ്ഗസമരത്തിന്റെ ധാരയിലേക്ക് തിരിച്ചുവിട്ടപ്പോള്‍ കേരളത്തിനു നഷ്ടപ്പെട്ടത് എന്തായിരുന്നു? മഹാത്മാ ഫൂലേക്ക് അംബേദ്കറെ പോലൊരു പിന്‍ഗാമിയുണ്ടാകുകയും രാഷ്ട്രീയാധികാരം അധസ്ഥിതന് എന്നു പ്രഖ്യാപിക്കുകയും ചെയ്തപോലൊരു മുന്നേറ്റം പിന്നീട് ഇവിടെയുണ്ടായില്ല. പകരമുണ്ടായത് ജാതി ഇല്ലാതായി എന്ന മിഥ്യാധാരണയായിരുന്നു. അപ്പോഴും ഉയര്‍ന്ന ജാതിയില്‍പെട്ട കമ്യൂണിസ്റ്റ് നേതാക്കള്‍ പേരിന്റെ കൂടെ ജാതി ഉപയോഗിച്ചു. ഉത്തരേന്ത്യയില്‍ കഴിഞ്ഞ ദശകങ്ങളിലുണ്ടായ ദളിത് മുന്നേറ്റങ്ങള്‍ പോലൊന്ന് കേരളത്തിലുണ്ടാകാത്തത് അതുകൊണ്ടാണ്. ആ അര്‍ത്ഥത്തില്‍ ശിവഗിരിയിലെത്താന്‍ പിണറായിയുടെ യോഗ്യതയും രാഷ്ട്രീയമായി – വ്യക്തിപരമല്ല – പരിശോധിക്കേണ്ടതാണ്. അദ്ദേഹത്തിന് അതിനുള്ള അര്‍ഹതയില്ല എന്നാണ് ഈ ലേഖകന്റെ അഭിപ്രായം. തീര്‍ച്ചയായും ഇക്കാരണം കൊണ്ടുതന്നെ എ കെ ആന്റണി അടക്കമുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കും തലയുയര്‍ത്തി ശിവഗിരിയിലെത്താനുള്ള ധാര്‍മ്മികവും രാഷ്ട്രീയവുമായ അര്‍ഹതയില്ല.
സ്വാഭാവികമായും ഇതോടൊപ്പം ഉയരുന്ന പ്രസക്തമായ ചോദ്യമുണ്ട്. മുകളില്‍ സൂചിപ്പിച്ച ഒരു തുടര്‍ച്ച ശിവഗിരിയിലെ സന്യാസിമാര്‍ക്കോ എസ്എന്‍ഡിപി എന്ന പ്രസ്ഥാനത്തിനോ ഉണ്ടോ എന്നതാണത്. അതിന്റെ മറുപടിയും ഇല്ല എന്നുതന്നെ. ഗുരുവിനെ അക്ഷരാര്‍ത്ഥത്തില്‍ വിഗ്രഹമാക്കി ചില്ലുകൂട്ടിലടക്കുകയാണ് സന്യാസിമാര്‍ ചെയ്യുന്നത്. ഗുരുവിന് ഒരു തുടര്‍ച്ചയുണ്ടാക്കാന്‍ അവരൊരിക്കലും ശ്രമിച്ചില്ല. ആ ചില്ലുകൂട് തകര്‍ക്കുകയാണ് അടിയന്തിരമായി വേണ്ടത്. മറുവശത്ത് വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള എസ്എന്‍ഡിപിയും അടുത്തയിടെ സംസാരിക്കുന്നത് ഹിന്ദുത്വത്തെ കുറിച്ചാണ്. ആ ഹിന്ദുത്വത്തില്‍ അധസ്ഥിതന് സ്ഥാനമില്ല എന്ന് വ്യക്തം. അവസാനം വെള്ളാപ്പള്ളി മോഡിയെ പിന്തുണക്കുന്നതുവരെയെത്തി. തീര്‍ച്ചായും ഗുരുവിന്റെ പേരുന്നയിക്കാന്‍ മോഡി മുതല്‍ വെള്ളാപ്പള്ളി വരെയുള്ള ആരും യോഗ്യരല്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതില്‍ പിണറായിയും ആന്റണിയും ഉള്‍പ്പെടും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply