ഗുജറാത്ത്, യുപി, മുംബൈ… പിന്തുണക്കുക ഈ ദളിത് പ്രക്ഷോഭങ്ങളെ

രോഹിത് വെമുലയുടെ ആത്മഹത്യക്കുശേഷം ശക്തമായ ദളിത് പ്രക്ഷോഭങ്ങള്‍ കെട്ടടങ്ങി എന്നു ധരിച്ചവര്‍ക്ക് ചുട്ട മറുപടി നല്‍കുന്ന സംഭവവികാസങ്ങളാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. ജനാധിപത്യവിശ്വാസികള്‍ക്കും സാമൂഹ്യമീതിയില്‍ വിശ്വസിക്കുന്നവര്‍ക്കും പ്രതീക്ഷ നല്‍കുന്ന സംഭവങ്ങളാണിവ. സാക്ഷാല്‍ മോദിയുടെ ഗുജറാത്തില്‍ നിന്നും കന്‍ഷിറാമിന്റെ യുപിയില്‍ നിന്നും അംബേദ്കറിന്റെ മഹാരാഷ്ട്രയില്‍ നിന്നുമാണ് ദളിത് പ്രക്ഷോഭങ്ങളുടെ വാര്‍ത്തകള്‍ പുറത്തുവരുന്നത്. തുടര്‍ച്ചയായ പീഡനങ്ങളില്‍ സഹികെട്ടാണ് ഗുജറാത്തിലെ ദളിതര്‍ തെരുവിലിറങ്ങിയത്. പശുതോല്‍ കടത്തിയെന്നാരോപിച്ച് ഏഴ് ദളിത് യുവാക്കളെ നഗ്‌നരാക്കി പരസ്യമായി തല്ലിച്ചതച്ച സംഭവമാണ് ദളിത് രോഷത്തെ ആളികത്തിച്ചത്. […]

mumbai

രോഹിത് വെമുലയുടെ ആത്മഹത്യക്കുശേഷം ശക്തമായ ദളിത് പ്രക്ഷോഭങ്ങള്‍ കെട്ടടങ്ങി എന്നു ധരിച്ചവര്‍ക്ക് ചുട്ട മറുപടി നല്‍കുന്ന സംഭവവികാസങ്ങളാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. ജനാധിപത്യവിശ്വാസികള്‍ക്കും സാമൂഹ്യമീതിയില്‍ വിശ്വസിക്കുന്നവര്‍ക്കും പ്രതീക്ഷ നല്‍കുന്ന സംഭവങ്ങളാണിവ. സാക്ഷാല്‍ മോദിയുടെ ഗുജറാത്തില്‍ നിന്നും കന്‍ഷിറാമിന്റെ യുപിയില്‍ നിന്നും അംബേദ്കറിന്റെ മഹാരാഷ്ട്രയില്‍ നിന്നുമാണ് ദളിത് പ്രക്ഷോഭങ്ങളുടെ വാര്‍ത്തകള്‍ പുറത്തുവരുന്നത്.
തുടര്‍ച്ചയായ പീഡനങ്ങളില്‍ സഹികെട്ടാണ് ഗുജറാത്തിലെ ദളിതര്‍ തെരുവിലിറങ്ങിയത്. പശുതോല്‍ കടത്തിയെന്നാരോപിച്ച് ഏഴ് ദളിത് യുവാക്കളെ നഗ്‌നരാക്കി പരസ്യമായി തല്ലിച്ചതച്ച സംഭവമാണ് ദളിത് രോഷത്തെ ആളികത്തിച്ചത്. ബുധനാഴ്ച വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് പല മേഖലകളിലും പൂര്‍ണമായിരുന്നു. ചിലയിടങ്ങളില്‍ പ്രതിഷേധം സംഘര്‍ഷത്തിലെത്തി. ഒരു പോലീസുകാരന്‍ മരിച്ചു. പത്ത് ദളിത് യുവാക്കള്‍ ആത്മാഹുതിക്ക് ശ്രമിച്ചു.
ബന്ദിനോടനുബന്ധിച്ച് നഗരങ്ങളിലും ചെറുപട്ടണങ്ങളിലും ദളിതരുടെ പ്രതിഷേധ മാര്‍ച്ചും റാലിയും അരങ്ങേറി. അക്രമാസക്തരായ പ്രക്ഷോഭകര്‍ ബസുകളും പൊലീസ് വാഹനങ്ങളും തകര്‍ത്തു. ദേശീയപാത ഉപരോധിച്ചു. തീവണ്ടികള്‍ തടഞ്ഞിട്ടു. സൗരാഷ്ട്രയിലും വടക്കന്‍ ഗുജറാത്തിലും മിക്ക പ്രദേശങ്ങളിലും ബന്ദ് പൂര്‍ണമായിരുന്നു. പോര്‍ബന്തറില്‍ ജനക്കൂട്ടം സ്വകാര്യബസിന് തീവച്ചു. കൂടാതെ അവിടത്തെ പൊലീസ് സ്‌റ്റേഷന്‍ ആക്രമിച്ചു. ഡിവൈഎസ്പിയടക്കം നാലു പൊലീസുകാര്‍ക്ക് പരിക്കേറ്റു. നാല് പൊലീസ് ജീപ്പും സ്വകാര്യബസും കത്തിച്ചു. രാജ്‌കോട്ടില്‍ അമ്പതോളം പേരെ പൊലീസ് അറസ്റ്റ്‌ചെയ്തു.

gujarath

അഹമ്മദാബാദില്‍ പല മേഖലകളിലും ബന്ദ് വിജയിച്ചു. കഴിഞ്ഞ 11നാണ് ഉനായിലെ മോട്ട സമലിയാല ഗ്രാമത്തില്‍ ചത്ത പശുവിന്റെ തോല്‍ തുകലിനായി ശേഖരിച്ചതിന്റെ പേരില്‍ ദളിത് യുവാക്കളെ ഭീകരമായി മര്‍ദ്ദിച്ചത്. ഗോരക്ഷ സംഘടനയുടെ പേരില്‍ ശിവസേന പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സമാനമായ സംഭവങ്ങളുടെ ആവര്‍ത്തനമാണ് തെരുവിലിറങ്ങാന്‍ ദളിതുകളെ നിര്‍ബന്ധിതരാക്കിയത്. സംഘപരിവാര്‍ സംഘടനകള്‍ ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന സംഭവങ്ങളാണ് ഗുജറാത്തില്‍ നടന്നത്. അപകടം മനസ്സിലാക്കിയ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ രാജ്‌കോട്ട് ആശുപത്രിയില്‍ ചികിത്സയിലുള്ളവരെ സന്ദര്‍ശിക്കുകയും ഉനായില്‍ മര്‍ദ്ദിക്കപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ബി.എസ്.പി നേതാവ് മായാവതിയെ ഉത്തര്‍പ്രദേശിലെ ബി.ജെ.പി മുന്‍ ഉപാധ്യക്ഷന്‍ ദയാശങ്കര്‍ സിങ്ങ് അധിക്ഷേപിച്ച സംഭവമാണ് യുപിയിലെ പ്രക്ഷോഭങ്ങള്‍ക്ക് ഹേതുവായത്. ഹസ്‌റത്ഗഞ്ച് ക്രോസിങ്ങിലെ അംബേദ്കര്‍ പ്രതിമക്ക് മുന്നില്‍ വിവിധ ജില്ലകളിലെ പ്രവര്‍ത്തകര്‍ ഒത്തുകൂടിയാണ് പ്രതിഷേധം സമരം ആരംഭിച്ചത്. സംസ്ഥാനത്ത് പലയിടത്തും വന്‍പ്രതിഷേധപ്രകടനങ്ങളും കഴിഞ്ഞു.

up

ബി.എസ്.പി സ്ഥാപക നേതാവ് കന്‍ഷി റാമിന്റെ സ്വപ്നങ്ങള്‍ മായാവതി തകര്‍ക്കുകയാണെന്ന് കഴിഞ്ഞ ദിവസം പറഞ്ഞ ദയാശങ്കര്‍ സിങ്, അതിനെ തുടര്‍ന്ന് അവരെ ഏറ്റവും മോശമായി ചിത്രീകരിച്ച് സംസാരിച്ചതാണ് വന്‍പ്രതിഷേധത്തിന് ഇടയാക്കിയത്. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് സിങ്ങിനെ ബി.ജെ.പിയില്‍നിന്ന് പുറത്താക്കി. വാക്ക്, അംഗവിക്ഷേപം, പ്രവൃത്തി എന്നിവകൊണ്ട് സ്ത്രീകളുടെ മാന്യത കളങ്കപ്പെടുത്തുക, ഇരുവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത സൃഷ്ടിക്കുക, പട്ടികജാതിപട്ടിക വര്‍ഗ അതിക്രമം തടയല്‍ തുടങ്ങിയ കുറ്റങ്ങളുടെ വകുപ്പുകള്‍ ചേര്‍ത്ത് സിങ്ങിനെതിരെ കേസെടുത്തിട്ടുണ്ട്. തുടര്‍ന്ന് പ്രക്ഷോഭം കെട്ടടങ്ങിയിരിക്കുകയാണ്. എന്നാല്‍ യുപിയില്‍ തെരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍ ബിജെപിക്കു ശക്തമായ തിരിച്ചടിയാകും ഈ സംഭവം എന്നാണ് വിലയിരുത്തല്‍. രാജ്യത്തെങ്ങും ദളിതുകളേയും ആദിവാസികളേയും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ക്കും കനത്ത പ്രഹരമായി യുപിയിലെ സംഭവവികാസങ്ങള്‍ മാറിയിരിക്കുകയാണ്.

ദാദറിലെ അംബേദ്കര്‍ ഭവന്‍ പൊളിച്ച സംഭവമാണ് മഹാരാഷ്ട്രയിലെ പ്രക്ഷോഭത്തിന് കാരണമായത്. ദളിത് സാഹിത്യം പ്രോത്സാഹിപ്പിക്കാന്‍ അംബേദ്കര്‍ അച്ചടിശാലയായി തുടങ്ങിയ കെട്ടിടമാണ് പൊളിച്ച് നീക്കിയത്. അംബേദ്കര്‍ തന്റെ ഒട്ടുമിക്ക പുസ്തകങ്ങളുടെയും രചന നിര്‍വഹിച്ചത് ഇവിടെ വച്ചായിരുന്നു. അടുത്തയിടെ രോഹിത് വെമുലയുടെ മാതാവും സഹോദരനും ബുദ്ധമതം സ്വീകരിച്ചത് ഇവിടെ വെച്ചായിരുന്നു. 500 ഓളം പൊലീസുകാരുടെ സംരക്ഷണത്തിലാണ് യാതൊരു മുന്നറിയിപ്പും കൂടാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അംബേദ്കര്‍ ഭവന്‍ പൊളിച്ചു നീക്കിയത്. കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടെ അംബ്ദേകറിന്റെ കൈയെഴുത്തു പ്രതികള്‍ നശിക്കപ്പെട്ടതായി പരാതിയുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധ ദളിത് സംഘടനകള്‍ മുംബൈയിലെ ഭിവാഡ പൊലീസ് സ്‌റ്റേഷനിലേക്ക് വന്‍ മാര്‍ച്ച് സംഘടിപ്പിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദളിത് സമൂഹം ഉണരുകയാണെന്നു തന്നെയാണ് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. തീര്‍ച്ചയായും നമ്മുടെ ജനാധിപത്യവല്‍ക്കരണ പ്രക്രിയക്ക് ആക്കം കൂട്ടുന്ന ചലനങ്ങളാണിവ എതില്‍ സംശയമില്ല. ഒപ്പം ഫാസിസ്റ്റ് ശക്തികള്‍ക്കുള്ള ശക്തമായ താക്കീതും.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Dalit | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply