ഗാന്ധിയേയും ഇന്ത്യയേയും മനസ്സിലാക്കാത്ത ഇടതുപക്ഷം

ബി രാജീവന്‍ ഗാന്ധി ഏറ്റവും സ്‌നേഹിച്ചവര്‍, സമൂഹത്തിന്റെ അടിത്തട്ടിലുള്ളവര്‍ ഏറ്റവും ദുരിതങ്ങള്‍ അനുഭവിക്കുന്ന കാലമാണല്ലോ ഇത്. ഒരു തൊഴിലിനായി അവര്‍ കൂട്ടപലായനം ചെയ്യുന്നു. വികസനത്തിനായി കുടിയിറക്കപ്പെടുന്നു. ഗാന്ധി എന്തിനായി നിലകൊണ്ടു, അതിന് നേര്‍ വിപരീതമായി നിലകൊള്ളുന്നവരാണ് ഇന്നു നമ്മെ ഭരിക്കുന്നത്. ഇടതുപക്ഷക്കാരും നില കൊണ്ടത് പാവപ്പെട്ടവര്‍ക്കുവേണ്ടിയായിരുന്നു. ഇരുകൂട്ടരും ആരെയെതിര്‍ത്തോ അവരിന്ന് അധികാരത്തില്‍. അവരുടെ പുരോഗതിയാണ് ലോകപുരോഗതിയായി വ്യാഖ്യാനിക്കപ്പെടുന്നത്. അതേസമയം ഗാന്ധിയെ മനസ്സിലാക്കുന്നതില്‍ ഇടതുപക്ഷം പരാജയപ്പെടുകയായിരുന്നു. ഗാന്ധിയെ മാത്രമല്ല, ഇന്ത്യയേയും. ഇടതുപക്ഷം മാത്രമല്ലല്ലോ ഗാന്ധിയെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടത്. ഗാന്ധിയന്മാര്‍ […]

gggബി രാജീവന്‍

ഗാന്ധി ഏറ്റവും സ്‌നേഹിച്ചവര്‍, സമൂഹത്തിന്റെ അടിത്തട്ടിലുള്ളവര്‍ ഏറ്റവും ദുരിതങ്ങള്‍ അനുഭവിക്കുന്ന കാലമാണല്ലോ ഇത്. ഒരു തൊഴിലിനായി അവര്‍ കൂട്ടപലായനം ചെയ്യുന്നു. വികസനത്തിനായി കുടിയിറക്കപ്പെടുന്നു. ഗാന്ധി എന്തിനായി നിലകൊണ്ടു, അതിന് നേര്‍ വിപരീതമായി നിലകൊള്ളുന്നവരാണ് ഇന്നു നമ്മെ ഭരിക്കുന്നത്. ഇടതുപക്ഷക്കാരും നില കൊണ്ടത് പാവപ്പെട്ടവര്‍ക്കുവേണ്ടിയായിരുന്നു. ഇരുകൂട്ടരും ആരെയെതിര്‍ത്തോ അവരിന്ന് അധികാരത്തില്‍. അവരുടെ പുരോഗതിയാണ് ലോകപുരോഗതിയായി വ്യാഖ്യാനിക്കപ്പെടുന്നത്. അതേസമയം ഗാന്ധിയെ മനസ്സിലാക്കുന്നതില്‍ ഇടതുപക്ഷം പരാജയപ്പെടുകയായിരുന്നു. ഗാന്ധിയെ മാത്രമല്ല, ഇന്ത്യയേയും.
ഇടതുപക്ഷം മാത്രമല്ലല്ലോ ഗാന്ധിയെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടത്. ഗാന്ധിയന്മാര്‍ എന്നു പറയപ്പെടുന്നവരുടെ കാര്യവും വ്യത്യസ്ഥമല്ല. ഗാന്ധിയെ നോട്ടിലാക്കി, പ്രതിമയാക്കി നിഷ്‌ക്രിയമാക്കുകയാണല്ലോ അവര്‍ ചെയ്തത്. ഗാന്ധിസം എന്ന ഒന്നില്ല എന്നു ഗാന്ധി തന്നെ പറഞ്ഞിട്ടുണ്ട്. എല്ലാ ഇസങ്ങളും മൃതസിദ്ധാന്തങ്ങളാണെന്നും. അതിനദ്ദേഹത്തിനു കൃത്യമായ കാരണവുമുണ്ടായിരുന്നു. തന്റെ അഭിപ്രായങ്ങള്‍ എപ്പോള്‍ വേണമെങ്കിലും മാറാവുന്നവയാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. താനൊരു പരീക്ഷകന്‍ മാത്രമാണെന്നും. എന്നിട്ടും നാം ഗാന്ധിസം എന്നതിനു പേരിട്ടു. മൃതസിദ്ധാന്തമാക്കി. മാര്‍ക്‌സിസ്റ്റുകളുടെ പരാജയമാകട്ടെ വളരെ പ്രകടമാണ്. അവരുടെ രാഷ്ട്രീയ സിദ്ധാന്തം ആഗോളതലത്തില്‍ തന്നെ പരാജയപ്പെട്ടിരിക്കുന്നു. അത് മാര്‍ക്‌സിസത്തിന്റെ പരാജയമാണോ ആ പേരില്‍ മറ്റെന്തിന്റെയെങ്കിലും പരാജയമാണോ എന്ന ചര്‍ച്ചയാണ് നടക്കുന്നത്.
ഗാന്ധിയോടുള്ള ഇടതുപക്ഷത്തിന്റെ സമീപനത്തിന് പല ഘട്ടങ്ങളുള്ളതായി കാണാം. സാമ്രാജ്യത്വത്തിനെതിരെ കര്‍ഷകരെ അണിനിരത്തിയ വിപ്ലവകാരിയായ നേതാവായാണ് ലെനിന്‍ ഗാന്ധിയെ വിശേഷിപ്പിച്ചത്. എന്നാല്‍ അക്കാലത്തുതന്നെ കമ്യൂണിസ്റ്റ് ഇന്റര്‍ നാഷണലില്‍ എം എന്‍ റോയ് ഗാന്ധിയെ വിപ്ലവകാരിയെന്ന് അംഗീകരിക്കാന്‍ തയ്യാറായില്ല. മറിച്ച് ഫ്യൂഡലിസത്തോട് സന്ധിചെയ്ത നേതാവായാണ് അദ്ദേഹം ഗാന്ധിയെ വിലയിരുത്തിയത്. പിന്നീട് മുപ്പതുകളില്‍ കമ്യൂണിസ്റ്റ് ഇന്റര്‍ നാഷണല്‍ ഐക്യമുന്നണി സംവിധാനം രൂപീകരിച്ചപ്പോള്‍ ഗാന്ധിയെ പുരോഗമനകാരിയാക്കി. എന്നാല്‍ രണ്ടാംലോകമഹായുദ്ധകാലത്ത് ഫാസിസ്റ്റ് വിരുദ്ധ മുന്നണിയില്‍ അണിനിരക്കാതിരുന്നതിനാല്‍ അദ്ദേഹത്തെ പിന്തിരിപ്പനാക്കി. ഇത്തരം മാറിമാറിയുള്ള വിലയിരുത്തലുകള്‍ ഇപ്പോഴും തുടരുന്നു.
വാസ്തവത്തില്‍ അന്നുതന്നെ ഗാന്ധിയെ വിലയിരുത്തുന്നതില്‍ ഇന്ത്യന്‍ നേതാക്കള്‍ക്കു വന്ന വീഴ്ചകള്‍ ആഗോള കമ്യൂണിസ്റ്റ് നേതാക്കള്‍ തന്നെ ചൂണ്ടികാട്ടിയിരുന്നു. സ്റ്റാലിനും ഹോചിമീനും ചെഗ്വരയുമടക്കമുള്ളവര്‍. ഗാന്ധിയെ അവഗണിച്ചത് തെറ്റായിരുന്നെന്ന് ഹോചിമീന്‍ പറഞ്ഞത് കെ ദാമോദരനോടായിരുന്നു. ഗറില്ലായുദ്ധം ധാര്‍മ്മികമായി ശരിയാണോ എന്ന ചോദ്യത്തിനുള്ള മറുപടിയില്‍ ചെഗ്വര പറഞ്ഞത് ഞങ്ങളുടെ നാട്ടില്‍ ഒരു ഗാന്ധിയുണ്ടായില്ല എന്നായിരുന്നു. ഗ്രാംഷിയാകട്ടെ ഗാന്ധിയന്‍ നിലപാടുകളെ സൂക്ഷ്മതലത്തിലെ വിപ്ലവമായാണ് കണ്ടത്. എന്നാല്‍ ഒരേസമയം മുതലാളിത്തത്തെ താലോലിക്കുകയും ഫ്യൂഡലിസത്തോട് സന്ധിചെയ്യുകയും ചെയ്ത വൈരുദ്ധ്യങ്ങളുടെ സങ്കലനമായി ഗാന്ധിയെ കണ്ട എ ആര്‍ ദേശായിയെയായിരുന്നു ഇ എം എസടക്കമുള്ള കമ്യൂണിസ്റ്റുകാര്‍ പിന്തുടര്‍ന്നത്. റഷ്യന്‍ ജനത മഹത്തായ സംസ്‌കാരമുള്ളവരാണെന്ന് ലെനിനും ചൈനീ്‌സ് ജനത മഹത്തായ പരമ്പര്യമുള്ളവരാണെന്ന് മാവോയും പറഞ്ഞപ്പോള്‍ ഇന്ത്യന്‍ പാരമ്പര്യത്തെ അവഗണിക്കുകയായിരുന്നു ഇവിടെത്തെ കമ്യൂണിസ്റ്റ് നേതാക്കള്‍ ചെയ്തത്. ഗാന്ധി പക്ഷെ അതു മനസ്സിലാക്കി. അതുകൊണ്ടായിരുന്നു അദ്ദേഹത്തിനു വെടിയേറ്റത്. സ്വന്തം മഹത്വത്തെ കുറിച്ചുള്ള തിരിച്ചറിവ് നമുക്ക് നഷ്ടപ്പെട്ടതിനാലാണ് ആ വിടവിലേക്ക് പ്രതിലോമശക്തികള്‍ കടന്നുവന്നത്. വലിയ അവസരങ്ങളായിരുന്നു നാം പാഴാക്കിയത്. അതിലേറ്റവും വലുത് ജ്യോതിബാസു പ്രധാനമന്ത്രിയാകാതിരുന്നതല്ല, ഗാന്ധിയെ മനസ്സിലാകാതിരുന്നതാണ്.
ഒരു മാറ്റവും മുകളില്‍ നിന്ന് അടിച്ചേല്‍പ്പിക്കാനാവില്ല എന്ന് ഗാന്ധി വിശ്വസിച്ചു. അത് അടിമത്തമാണെന്നും. റഷ്യയില്‍ സ്വകാര്യ സ്വത്ത് ഇല്ലാതാക്കാനുള്ള നീക്കം നടന്നിരുന്നത് അങ്ങനെയായിരുന്നു എന്നും ഗാന്ധി തിരിച്ചറിഞ്ഞു. പാര്‍ട്ടി കമ്മിറ്റികള്‍ അധികാരം മുകളിലേക്ക് കൊണ്ടുപോയി താഴേക്ക് അടിച്ചേല്‍പ്പിക്കുകയായിരുന്നു. അധികാരത്തെ കുറിച്ചുള്ള പാശ്ചാത്യസങ്കല്‍പ്പത്തെ ഗാന്ധി തള്ളി. ഗാന്ധിയെ അവര്‍ അനാര്‍ക്കിസ്റ്റായാണ് കരുതിയത്. പട്ടാളവും ഭരണകൂടവും കോടതിയുമില്ലെങ്കില്‍ ജീവിക്കാനാവില്ല എന്നു കരുതുന്നത് അനാര്‍ക്കിസമായാണ് വ്യാഖ്യാനിക്കുപ്പെട്ടത്. നാമെല്ലാം അത്ര മോശപ്പെട്ടവരാണോ? പോലീസില്ലെങ്കില്‍ നാമെല്ലാം കള്ളന്മാരും കൊലയാളികളുമാകുമോ? മനുഷ്യനിലും ധാര്‍മ്മികതയിലും വിശ്വാസമില്ലാത്തവരാണ് അതു പറയുന്നത്. ഇവിടത്തെ ഇടതുപക്ഷവും ആ ഭയം പങ്കുവെക്കുകയായിരുന്നു. ഇപ്പോഴിതാ മൂന്നാറിലെ തൊഴിലാളികളെ കുറിച്ച് നമ്മുടെ നേതാക്കള്‍ പറയുന്നതും അതുതന്നെ. അവരെ നിയന്ത്രിക്കണം, അല്ലെങ്കില്‍ അപകടമാണെന്ന്. ഗാന്ധി പക്ഷെ മനുഷ്യനിലും ധാര്‍മ്മികതയിലും വിശ്വസിച്ചു. അതുകൊണ്ടായിരുന്നു ബ്രിട്ടീഷുകാരോട് തിരിച്ചുപോകുമ്പോള്‍ ഭരണകൂടവും കൊണ്ടുപോകാന്‍ അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാല്‍ അതാവശ്യമുള്ളവര്‍ ഇവിടെയുണ്ടായിരുന്നു.
സ്‌നേഹത്തെയാണ് ഗാന്ധി രാഷ്ട്രീയ ആയുധമാക്കിയത്. അല്ലാതെ യുക്തിയും അനുഭൂതിയും വിരുദ്ധമാണെന്നും പ്രകൃതിയും മനുഷ്യനും വിരുദ്ധമാണെന്നും കരുതിയ പാശ്ചാത്യയുക്തിയുടെ രാഷ്ട്രീയമല്ല. സ്റ്റാലിന്‍ പക്ഷെ അത്തരം രാഷ്ട്രീയത്തെയാണ് പിന്തുടര്‍ന്നത്.
എന്തിനേറെ, മാര്‍ക്‌സ് തന്നെ തന്റെ അവസാനകാലത്തെ കുറിപ്പുകളില്‍ ഇക്കാര്യം പറയുന്നുണ്ട്. ഗോത്രസമൂഹങ്ങളെ പ്രാകൃതമായല്ല കാണേണ്ടതെന്നും അവിടെനിന്നാണ് ആരംഭിക്കേണ്ടതെന്നും മാര്‍ക്‌സ് അവസാനകാലത്ത് എഴുതിയിട്ടുണ്ട്. പടിപടിയായി കമ്യൂണിസത്തിലേക്കെത്തുന്ന തന്റെ ആദ്യകാല രാഷ്ട്രീയപദ്ധതി ഫലത്തില്‍ മാര്‍ക്‌സ് തള്ളിപ്പറയുകയായിരുന്നു. ഗാന്ധി ഗാന്ധിസത്തെ നിഷേധിച്ചപോലെ. എന്നാല്‍ പ്രായം കൊണ്ടുള്ള അദ്ദേഹത്തിന്റെ പിശകുകളായാണ് ആ കുറിപ്പുകള്‍ ചിത്രീകരിക്കപ്പെട്ടത്.
ഇന്ത്യയിലെ കര്‍ഷകജനതയെ ഉയര്‍ത്തികൊണ്ടുവരാനായിരുന്നു ഗാന്ധി ശ്രമിച്ചത്. താഴെനിന്ന് അധികാരം പടുത്തുയര്‍ത്താന്‍. എന്നാല്‍ കര്‍ഷകരെ പിന്നോക്കക്കാരായി കണ്ട കമ്യൂണിസ്റ്റുകാര്‍ മുതലാളിമാര്‍ പൂര്‍ത്തീകരിക്കാതിരുന്ന ബൂര്‍ഷ്വാ വിപ്ലവം പൂര്‍ത്തീകരിക്കണമെന്നാണ് പറഞ്ഞത്. ഗാന്ധിയേയും ഇന്ത്യയേും മനസ്സിലാക്കാന്‍ കഴിയാതിരുന്നതാണ് അവരുടെ യഥാര്‍ത്ഥ പ്രശ്‌നം. മുകളില്‍ നിന്നുള്ള നിയന്ത്രണങ്ങളെ അവഗണിക്കുന്ന മൂന്നാറിനു ശേഷമെങ്കിലും ഒരു പുനപരിശോധനക്ക് അവര്‍ തയ്യാറാകുമെന്ന് പ്രതീക്ഷിക്കട്ടെ.

(ഗാന്ധിയും ഇടതുപക്ഷവും എന്ന വിഷയത്തില്‍ നടത്തിയ ജി കുമാരപ്പിള്ള – ഐ എം വേലായുധന്‍ സ്മാരകപ്രഭാഷണത്തില്‍ നിന്ന്)

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “ഗാന്ധിയേയും ഇന്ത്യയേയും മനസ്സിലാക്കാത്ത ഇടതുപക്ഷം

  1. ഇൻഡ്യൻ ഫ്യൂഡൽ -ജാതി പാരമ്പര്യത്തെയും (ഗാന്ധിയെയും) വിമർശനത്തോടെ നോക്കിക്കണ്ടതും അതിൽ പുരോഗമനപരമായി ഇടപെടാൻ ശ്രമിച്ചതും കമ്മ്യൂണിസ്റ്റുകാർ മാത്രമായിരുന്നില്ല ; 1932 ഇൽ കമ്മ്യൂണൽ അവാർഡിന്റെ സന്ദർഭത്തിൽ, ഹിന്ദുമതത്തിന്റെ അടിസ്ഥാന സമീപനങ്ങൾ സംബന്ധിച്ച് ഗാന്ധിയും അംബെദ്കറും തമ്മിൽ നിർണ്ണായകമായ ഒരു തർക്കത്തെത്തുടർന്ന് ഗാന്ധിയുടെ നിരാഹാര സത്യാഗ്രഹവും, അതിന് ശേഷം ഏറെക്കുറെ അടിചെല്പ്പിക്കപ്പെട്ട ഒരു ‘ഗാന്ധി-അംബേദ്കർ സന്ധി’ യും ഉണ്ടായി. അതിനും മുൻപ് കേരളത്തിൽ ,1924 മാർച്ച് 30 തുടങ്ങി 603 ദിവസം നീണ്ടു നിന്ന സമരമായ വൈക്കം സത്യാഗ്രഹം പൊതു നിരത്തുകളിൽ നടക്കാനുള്ള അവർണ്ണരുടെ അവകാശത്തിനു വേണ്ടിയായിരുന്നു; അന്ന് കേരളത്തിലെ ആദ്യതലമുറ കമ്മ്യൂണിസ്റ്റുകാർ എന്ന് ആരെയെങ്കിലും വിശേഷിപ്പിക്കാമെങ്കിൽ അവരെല്ലാം ഇൻഡ്യൻ നാഷണൽ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു . ആ പ്രസ്ഥാനത്തിൻറെ അതുല്യനായ ദേശീയ നേതാവ് എന്ന നിലയിൽ ഗാന്ധി നേരിട്ട് ഇടപെട്ടത് ഫ്യൂഡൽ- ജാതീയ പാരമ്പര്യങ്ങളെ ധിക്കരിച്ചു കൊണ്ടായിരുന്നില്ല; വലിയൊരളവോളം അവ നില നിർത്തുന്നതിന് കോണ്ഗ്രസ്സിന്റെ പിൻതുണ പ്രഖ്യാപിച്ചു കൊണ്ടായിരുന്നു.
    ഇതെല്ലാം ചരിത്ര യാഥാർഥ്യം ആയിരിക്കുമ്പോഴും ഇടതു / വലത് വ്യത്യാസങ്ങൾക്കതീതമായി കേരളത്തിലെ ചില ബുദ്ധിജീവികൾ ഗാന്ധിയെ മനസ്സിലാക്കുന്നതിന്റെ പ്രാധാന്യം പേർത്തും പേർത്തും ഓർമ്മിപ്പിക്കുന്നുവെങ്കിൽ, അവരുടെ ചിന്താ രീതിയ്ക്ക് എവിടെയോ എന്തോ തകരാറ് സംഭവിച്ചിട്ടുണ്ട്.

Leave a Reply