ഗവേഷണം അറവുശാലയിലേക്കോ?

ഡോ ആസാദ് ദില്ലിയില്‍ സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ സമരം തുടരുകയാണ്. യു ജി സി ആസ്ഥാനത്ത് ഒക്യുപൈ യു ജി സി പ്രക്ഷോഭത്തിനുനേരെ ദില്ലി പൊലീസിനെയും ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിനെയും അഴിച്ചുവിടാനാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറായത്. പൂനയിലെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെന്നപോലെ രാജ്യത്തെ സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റികളിലും വിദ്യാര്‍ത്ഥികള്‍ സമരരംഗത്തിറങ്ങാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. യു ജി സിയുടെ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനു പുറമേ ഇതര ഗവേഷകര്‍ക്ക് അയ്യായിരവും എണ്ണായിരവും രൂപ ഫെലോഷിപ്പു നല്‍കിവന്നിരുന്നു. അതു നിര്‍ത്തലാക്കാനുള്ള നീക്കമാണ് നടക്കുന്നത്. എല്ലാ ക്ഷേമപദ്ധതികളും […]

ugc

ഡോ ആസാദ്

ദില്ലിയില്‍ സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ സമരം തുടരുകയാണ്. യു ജി സി ആസ്ഥാനത്ത് ഒക്യുപൈ യു ജി സി പ്രക്ഷോഭത്തിനുനേരെ ദില്ലി പൊലീസിനെയും ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിനെയും അഴിച്ചുവിടാനാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറായത്. പൂനയിലെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെന്നപോലെ രാജ്യത്തെ സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റികളിലും വിദ്യാര്‍ത്ഥികള്‍ സമരരംഗത്തിറങ്ങാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്.
യു ജി സിയുടെ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനു പുറമേ ഇതര ഗവേഷകര്‍ക്ക് അയ്യായിരവും എണ്ണായിരവും രൂപ ഫെലോഷിപ്പു നല്‍കിവന്നിരുന്നു. അതു നിര്‍ത്തലാക്കാനുള്ള നീക്കമാണ് നടക്കുന്നത്. എല്ലാ ക്ഷേമപദ്ധതികളും എന്നപോലെ ഈ ഫെലോഷിപ്പും ആദ്യം പരിമിതപ്പെടുത്തുകയും പിന്നെ നിര്‍ത്തലാക്കുകയും ചെയ്യുക എന്ന രീതിയാണ് അധികൃതര്‍ അവലംബിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്‌ടോബര്‍ 7ന് ചേര്‍ന്ന യൂനിവേഴ്‌സിറ്റി ഗ്രാന്റ് കമീഷന്‍ 510 ാമത് മീറ്റിങ്ങിലെ തീരുമാനം നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് യോഗ്യതയില്ലാത്ത ഗവേഷകര്‍ക്കുള്ള ഫെലോഷിപ്പുകള്‍ ഇനി തുടരേണ്ടതില്ല എന്നാണ്. ഇത് വിവിധ വിഷയങ്ങളിലെ ഗൗരവതരമായ ഗവേഷണങ്ങളെയും അതു നിര്‍വ്വഹിച്ചുപോരുന്ന അതിസാധാരണക്കാരായ ഗവേഷകരുടെ പഠന – ജീവിത സാധ്യതകളെയും പ്രതിസന്ധിയിലാക്കും.
ഇത് കേവലം ഫെലോഷിപ്പിന്റെ പ്രശ്‌നമല്ലെന്നും ഉന്നത വിദ്യാഭ്യാസരംഗത്ത് വ്യാപാരകരാര്‍ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ബോധപൂര്‍വ്വമായ ആസൂത്രണങ്ങളുടെ ഭാഗമാണെന്നും വിദ്യാര്‍ത്ഥികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പൂനയിലെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ തീവ്രഹിന്ദുത്വ നിലപാടുകള്‍ക്കു മാത്രമല്ല കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ക്കുകൂടി വഴങ്ങുന്ന ഒരാളെ പ്രതിഷ്ഠിച്ചതും വിമര്‍ശനങ്ങളുയര്‍ത്താതെ കോര്‍പറേറ്റ് മൂലധന താല്‍പ്പര്യങ്ങള്‍ക്കു ദല്ലാള്‍പണി ചെയ്യാന്‍ ശേഷിയുള്ളവരെമാത്രം ഉന്നത സമിതികളില്‍ നിറയ്ക്കുന്നതും വിദ്യാഭ്യാസ സാംസ്‌ക്കാരിക സേവനതുറകളെ പൂര്‍ണമായും അന്താരാഷ്ട്ര വ്യാപാര കരാറിന്റെ മുന്നുപാധികള്‍ക്കും നിബന്ധനകള്‍ക്കും വിധേയമാക്കുന്നതിന്റെ ഭാഗമായിട്ടാണെന്ന് വ്യക്തമാകുന്നു. 2015 ഡിസംബര്‍ 15 മുതല്‍ 18വരെ കെനിയയിലെ നെയ്‌റോബിയില്‍ നടക്കുന്ന ഗാട്ട്‌സ് മന്ത്രിതല കോണ്‍ഫ്രന്‍സിന്റെ മുന്നൊരുക്കംകൂടിയാണിത്. പത്തു വര്‍ഷം മുമ്പ് ഗാട്ടിന്റെ ദോഹ വട്ട ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന സുപ്രധാനമായ ഒരു വിഷയം വിദ്യാഭ്യാസ സേവനത്തെ വ്യാപാര കരാറിന്റെ ഭാഗമാക്കുന്നതു സംബന്ധിച്ചായിരുന്നു.
രാജ്യാതിര്‍ത്തികള്‍ ഭേദിച്ചുള്ള മൂലധനത്തിന്റെ സ്വതന്ത്രമായ ഒഴുക്കും തുറന്ന വ്യാപാരവുമാണ് ആഗോളവത്ക്കരണത്തിന്റെ കാതല്‍. ആഗോള സാമ്പത്തിക ക്രമം ജ്ഞാന സമ്പദ്ഘടയിലേക്ക് വഴിതിരിഞ്ഞതോടെ വിദ്യാഭ്യാസത്തിന്റെ ആഗോളവത്ക്കരണവും അവരുടെ ലക്ഷ്യമായി. ആരോഗ്യവും വിദ്യാഭ്യാസവുമാണ് ഇന്ത്യയിലെ ഏറ്റവും ശക്തവും വിപുലവുമായ സേവനതുറകള്‍. ജനങ്ങളുടെ പുരോഗതി എന്ന ലക്ഷ്യം മൂലധനത്തിന്റെയും കോര്‍പറേറ്റുകളുടെയും വികസനമായി മാറുന്നതുപോലെ സേവനമെന്നത് സേവനവ്യവസായമായാണ് ആഗോളവത്ക്കരണത്തില്‍ രൂപഭേദം കൈവരിക്കുന്നത്. വ്യാപാരത്തിന്റെ നിയമങ്ങളിലേക്ക് ഉന്നത വിദ്യാഭ്യാസത്തെ തുറന്നുതരൂ എന്നാണ് വടക്കന്‍ വികസിതക്കോയ്മകള്‍ ആവശ്യപ്പെടുന്നത്. ലോകബാങ്കും യുനസ്‌ക്കോയും ഇതിനുള്ള പദ്ധതികള്‍ ആരംഭിച്ചിട്ട് മൂന്നു വ്യാഴവട്ടമെങ്കിലുമായി.
ലോകത്തിലെ വിദ്യാഭ്യാസ വ്യവസ്ഥകളുടെ ഏകീകരണം, വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും അതിര്‍ത്തികളില്ലാത്ത സ്വതന്ത്രമായ വിന്യസനം വിനിമയം എന്നിവയാണ് നവഉദാരലോകം വാഗ്ദാനം ചെയ്യുന്നത്. വളരെ ആകര്‍ഷകമായ ഒരു വികാസമായാണ് വിദ്യാഭ്യാസരംഗത്തെ ആഗോളവത്ക്കരണം അവതരിപ്പിക്കപ്പെടുന്നത്. ക്രിസ്തുവിനും ആറു നൂറ്റാണ്ടു മുമ്പുതന്നെ രാജ്യങ്ങള്‍ തമ്മിലുള്ള വിദ്യാഭ്യാസപരമായ ആദാനപ്രദാനങ്ങള്‍ നടപ്പുണ്ടായിരുന്നുവെന്നും അതിന്റെ സ്വാഭാവികവും വികസനോന്മുഖവുമായ തുടര്‍ച്ചയാണ് പില്‍ക്കാലത്തു ശക്തിപ്പെട്ടതെന്നും നിയോലിബറല്‍ ബുദ്ധിജീവികള്‍ വാദിക്കുന്നു. എന്നാല്‍, സേവനങ്ങളെ ഏറ്റവും വിനിമയമൂല്യമുള്ള ചരക്കാക്കി പരിവര്‍ത്തിപ്പിക്കുന്ന വ്യാപാരയുക്തിയും ആസൂത്രണവും എല്ലാ മാനവികമൂല്യങ്ങളുടെയും നഗ്‌നമായ നിരാകരണമാണെന്ന് ഇപ്പോള്‍ വെളിവാക്കപ്പെടുന്നു. ദേശീയവും പ്രാദേശികവുമായ വൈവിദ്ധ്യങ്ങളോടെ വികസിച്ചുവന്ന ജ്ഞാനത്തിന്റെയും ബോധനത്തിന്റെയും മാതൃകകള്‍ തുടച്ചുനീക്കപ്പെടുകയാണ്. ഡി പി ഇ പി, എസ് എസ് എ, ആര്‍ എം എസ് എ, റൂസ എന്നിങ്ങനെ ആവിഷ്‌കൃതമായ ലോകബാങ്ക് പദ്ധതികളെല്ലാം ജ്ഞാനോത്പാദനത്തിന്റെയും വിതരണത്തിന്റെയും സവിശേഷമായ വിപണിസമ്പദ്ഘടന രൂപപ്പെടുത്തുകയായിരുന്നു. പുതിയ ലോകക്രമത്തിനനുരോധമായി രാഷ്ട്രങ്ങളുടെ സര്‍വ്വമേഖലകളും പുനര്‍ക്രമീകരിക്കുന്നതിന്റെ മുന്നൊരുക്കങ്ങളെ നാം വിദ്യാഭ്യാസവിപ്ലവമെന്നു തെറ്റിദ്ധരിക്കുകയും പാടിപ്പുകഴ്ത്തുകയും ചെയ്തു.
വ്യവസായമുതലാളിത്തത്തിന്റെ കാലത്ത് ജനാധിപത്യരാഷ്ട്രങ്ങള്‍ ഉയര്‍ന്നുതുടങ്ങുമ്പോള്‍ വിദ്യാഭ്യാസത്തിന്റെ സാര്‍വ്വദേശീയവത്ക്കരണവും ആരംഭിച്ചിരുന്നു. കൊളോണിയല്‍ കോയ്മകളുടെ പദ്ധതികള്‍ പിന്‍പറ്റിയാണ് നാം നമ്മുടെ വിദ്യാഭ്യാസ പുരോഗതിയുടെ അടിത്തറയിട്ടതെങ്കിലും ഭാഷാവൈവിദ്ധ്യങ്ങളുടെയും സാംസ്‌ക്കാരിക ബഹുസ്വരതകളുടെയും ബോധനശീലങ്ങളുടെയും തദ്ദേശീയ മാതൃകകളെ കഴിയുംവിധം സ്വീകരിച്ചുപോന്നിരുന്നു. വിദേശത്തുനിന്ന് വിദ്യാര്‍ത്ഥികളെ സ്വീകരിക്കുമ്പോഴും വിദേശത്തേക്ക് വിദ്യാര്‍ത്ഥികളെ അയക്കുമ്പോഴും വലിയ ഉത്തരവാദിത്തത്തോടെ പഠനം സ്‌പോണ്‍സര്‍ ചെയ്യാനും നിരന്തരം ശ്രദ്ധ ചെലുത്താനും ഉത്സാഹിച്ചിരുന്നു. ആ വിനിമയത്തിന്റെ തോത് രാഷ്ട്രപുനര്‍നിര്‍മാണത്തിന്റെയും രാഷ്ട്രങ്ങള്‍ തമ്മിലുള്ള സഹകരണത്തിന്റെയും വേഗമേറ്റുമെന്നും നാം കരുതിയിരുന്നു. ശാസ്ത്രവും ചരിത്രവും കലയും സാഹിത്യവുമെല്ലാം ഭിന്ന ദേശങ്ങളിലും സമൂഹങ്ങളിലും രൂപപ്പെട്ട് വളര്‍ന്നതെങ്ങനെയെന്നും അവ മനുഷ്യസമുദായത്തെ എങ്ങനെ മാറ്റിത്തീര്‍ത്തുവെന്നും അനവധി അനുഭവങ്ങളിലൂടെ വിശകലനം ചെയ്യപ്പെട്ടു. അത് നമ്മുടെ വിദ്യാഭ്യാസത്തിന്റെ സാര്‍വ്വദേശീയവത്ക്കരണമായിരുന്നു..
അതില്‍നിന്നും ഏറെ ഭിന്നമാണ് വിദ്യാഭ്യാസത്തിന്റെ ആഗോളവത്ക്കരണം. ജ്ഞാനസമ്പദ്ഘടനയുടെ ക്രയവിക്രയങ്ങള്‍ക്ക് ഒരു ചരക്കായി പരുവപ്പെടുകയാണ് അവിടെ വിദ്യാഭ്യാസം. ജ്ഞാനോത്പാദനവും വിതരണവും ക്രമീകരിക്കപ്പെടുന്നു. ഫീസ്‌നിരക്കുമുതല്‍ കരിക്കുലംവരെ ആഗോളമൂലധന താല്‍പ്പര്യത്തിനനുസരിച്ച് നിര്‍ണയിക്കപ്പെടുന്നു. സേവനം എന്നതില്‍നിന്ന് വ്യവസായം എന്ന പദവിയിലേക്ക് മാറ്റി സ്ഥാപിക്കപ്പെടുന്നു. പൗരാവകാശത്തിന്റെ എല്ലാ പരിഗണനകളില്‍നിന്നും ഒഴിപ്പിച്ച് സ്വകാര്യമൂലധനശക്തികളുടെ വിളയാട്ടങ്ങള്‍ക്ക് വാതിലുകള്‍ തുറന്നിടുന്നു. ഗാട്‌സ് മന്ത്രിതല ചര്‍ച്ചകളിലേക്ക് നീങ്ങുമ്പോഴേക്കും നമ്മുടെ രാജ്യം വിദ്യാര്‍ത്ഥികളുടെ എന്റോള്‍മെന്റില്‍ ലോകരാഷ്ട്രങ്ങളില്‍ മൂന്നാമതും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുമാണുള്ളത്.
ദോഹവട്ട ചര്‍ച്ചകള്‍ക്കു ശേഷമുള്ള കാലത്ത് ഉന്നത വിദ്യാഭ്യാസരംഗത്ത് പൊതുനിക്ഷേപം കുറയ്ക്കാനും സ്വകാര്യവത്ക്കരണം ത്വരിതപ്പെടുത്താനും ഊര്‍ജ്ജിതമായ ശ്രമമുണ്ടായി. ഫീസ് നിരക്കുകള്‍ വ്യാപകമായി വര്‍ദ്ധിപ്പിച്ചു. സ്വാശ്രയകോളേജുകള്‍ മുതല്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍വരെ യാഥാര്‍ത്ഥ്യമാക്കി. തികഞ്ഞ സാമ്പത്തിക മത്സരങ്ങളുടെ കളിനിലമാക്കി ഉന്നത വിദ്യാഭ്യാസരംഗത്തെ മാറ്റി. ഗാട്‌സ് കരാര്‍ സംബന്ധിച്ചു മുമ്പുണ്ടായിരുന്ന ആശങ്കകളൊന്നും ഇപ്പോള്‍ നമ്മുടെ ഭരണ സംവിധാനങ്ങളെ അലട്ടുന്നില്ല. ഉന്നത വിദ്യാഭ്യാസ രംഗത്തെ എന്റോള്‍മെന്റിന്റെ മുപ്പതു ശതമാനത്തിലേറെയും ഇപ്പോള്‍ സ്വകാര്യമേഖലയിലാണ്. വിദ്യാര്‍ത്ഥികള്‍ അവിടെ ഉപഭോക്താക്കള്‍ മാത്രമാണ്. യോഗ്യതയുള്ള അദ്ധ്യാപകരോ അടിസ്ഥാന സൗകര്യങ്ങളുള്ള കോളേജുകളോ കുറവാണ്. അദ്ധ്യാപകര്‍ക്ക് ഒരുവിധ സേവന വേതന വ്യവസ്ഥയും ബാധകമല്ല. മിനിമം വേതനവും തൊഴില്‍സംരക്ഷണവും ഉറപ്പാക്കാന്‍ കഴിയുന്നില്ല. വിദ്യാര്‍ത്ഥി അധ്യാപക അനുപാതം ശാസ്ത്രീയമായി നിശ്ചയിക്കുന്നില്ല. നൂറുശതമാനവും വിദേശനിക്ഷേപത്തിന് വാതിലുകള്‍ തുറന്നിട്ടുകൊണ്ട് ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയും പാരമ്പര്യവും എന്നേക്കുമായി പഴങ്കഥയാക്കിത്തീര്‍ക്കാനാണ് ഗവണ്‍മെന്റ് ഉത്സാഹിക്കുന്നത്. ലോകബാങ്ക് തിട്ടൂരങ്ങള്‍ക്കപ്പുറം ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ സാധിക്കാത്തവിധം പുതിയ കോളനിവത്ക്കരണം യാഥാര്‍ത്ഥ്യമായിരിക്കുന്നു.
ഉന്നതവിദ്യാഭ്യാസമേഖലയും സമൂഹവുമായി നിലനിന്ന അലിഖിതകരാര്‍ പൊളിച്ചെഴുതിക്കൊണ്ടേ മത്സരാധിഷ്ഠിത ധനവിദ്യാഭ്യാസത്തിന് കടന്നുകയറാന്‍ കഴിയൂ. അതിന്റെ ന്യായീകരണങ്ങളാണ് കഴിഞ്ഞ രണ്ടര ദശകങ്ങളില്‍ നാം കേട്ടത്. വിദ്യാര്‍ത്ഥി കേന്ദ്രിതമെന്ന പേരിലുണ്ടായ പരിഷ്‌ക്കാരങ്ങള്‍ മിക്കതും ഉപഭോക്തൃ കേന്ദ്രിതം മാത്രമായിരുന്നുവെന്നും സംരക്ഷിക്കപ്പെട്ടത് വിപണിയുടെ സ്വാതന്ത്ര്യമായിരുന്നുവെന്നും പലര്‍ക്കും ഇപ്പോഴാണ് മനസ്സിലാകുന്നത്. ഗുണകരമായ വിദ്യാഭ്യാസം എന്ന കാഴ്ച്ചപ്പാടിന്റെ സ്ഥാനം ലാഭകരമായ വിദ്യാഭ്യാസം എന്ന പരസ്യവാക്യം പിടിച്ചെടുത്തു. ഗാട്‌സ് കരാറുകള്‍ക്ക് പൂര്‍ണമായി വഴങ്ങുന്നതോടെ ദേശീയവും പ്രാദേശികവുമായ നമ്മുടെ പാരമ്പര്യങ്ങളും വഴക്കങ്ങളും മൂല്യവിചാരങ്ങളും മൂലധനത്തിന്റെ അത്യാര്‍ത്തിക്കു മുന്നില്‍ തിരസ്‌കൃതമാവും. സമൂഹത്തിനും രാഷ്ട്രത്തിനും വേണ്ടിയുള്ള പഠനവും ഗവേഷണവും എന്ന കാഴ്ച്ചപ്പാടും അപ്രസക്തമാവും. ലജ്ജാലേശമന്യേ മൂലധനത്തിന് വിടുപണിചെയ്യലായി ഉന്നതവിദ്യാഭ്യാസം പരുവപ്പെടും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply