ഗഡ്ചിറോളിയിലെ കൂട്ടക്കൊല ജനാധിപത്യത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തത്

ജനാധിപത്യം എന്നതുതന്നെയാണ് ജനാധിപത്യത്തെ ലോകം പരീക്ഷിച്ച മറ്റെല്ലാ ഭരണകൂടരൂപങ്ങളില്‍ നിന്നു വ്യത്യസ്ത മാക്കുന്നത്. ഭരണ സൗകര്യത്തിനായി ജനങ്ങളുടെ പ്രതിനിധികളാണ് ഭരിക്കുകയെങ്കിലും ജനങ്ങള്‍ തന്നെയാണ് അവരെ നിയന്ത്രിക്കുന്നത്, അല്ലെങ്കില്‍ നിയന്ത്രിക്കേണ്ടത്. അങ്ങനെയാണ് ഭരണകൂടം മുഴുവന്‍ ജനങ്ങളുടേയും ഭരണകൂടമാകുന്നത്. ആ മുഴുവന്‍ ജനങ്ങളുടേയും ജീവിതവും അവകാശങ്ങളും സംരക്ഷിക്കുക എന്നത് ഭരണകൂടത്തിന്റെ ഉ്തതരവാദിത്തമാണ്. ആ ജനങ്ങളില്‍ ജനാധിപത്യത്തില്‍ വിശ്വസിക്കാത്തവരും ഉള്‍പ്പെടുന്നു. അഥവാ ഉള്‍പ്പെടണം. പലകാരണങ്ങളാലും ജനാധിപത്യത്തില്‍ വിശ്വസിക്കാത്തവരുടേയും ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കാനും അവരെ ജനാധിപത്യത്തിന്റെ പാതയിലേക്ക് തിരിച്ചുകൊണ്ടുവരാനും ഭരണകൂടത്തിനു ഉത്തരവാദിത്തമുണ്ട്. അത് അവര്‍ […]

ggg

ജനാധിപത്യം എന്നതുതന്നെയാണ് ജനാധിപത്യത്തെ ലോകം പരീക്ഷിച്ച മറ്റെല്ലാ ഭരണകൂടരൂപങ്ങളില്‍ നിന്നു വ്യത്യസ്ത മാക്കുന്നത്. ഭരണ സൗകര്യത്തിനായി ജനങ്ങളുടെ പ്രതിനിധികളാണ് ഭരിക്കുകയെങ്കിലും ജനങ്ങള്‍ തന്നെയാണ് അവരെ നിയന്ത്രിക്കുന്നത്, അല്ലെങ്കില്‍ നിയന്ത്രിക്കേണ്ടത്. അങ്ങനെയാണ് ഭരണകൂടം മുഴുവന്‍ ജനങ്ങളുടേയും ഭരണകൂടമാകുന്നത്. ആ മുഴുവന്‍ ജനങ്ങളുടേയും ജീവിതവും അവകാശങ്ങളും സംരക്ഷിക്കുക എന്നത് ഭരണകൂടത്തിന്റെ ഉ്തതരവാദിത്തമാണ്. ആ ജനങ്ങളില്‍ ജനാധിപത്യത്തില്‍ വിശ്വസിക്കാത്തവരും ഉള്‍പ്പെടുന്നു. അഥവാ ഉള്‍പ്പെടണം. പലകാരണങ്ങളാലും ജനാധിപത്യത്തില്‍ വിശ്വസിക്കാത്തവരുടേയും ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കാനും അവരെ ജനാധിപത്യത്തിന്റെ പാതയിലേക്ക് തിരിച്ചുകൊണ്ടുവരാനും ഭരണകൂടത്തിനു ഉത്തരവാദിത്തമുണ്ട്. അത് അവര്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ ഗൗരവമായി പരിശോധിച്ചും പരിഹരിച്ചുമാകണം. അതുവഴി ജനാധിപത്യം കൂടുതല്‍ ഗുണപരമായി ഉയര്‍ത്തികൊണ്ടായിരിക്കണം.
എന്നാല്‍ നിര്‍ഭാഗ്യവാശാല്‍ ഇന്ത്യയില്‍ സംഭവിക്കുന്നത് അതല്ല. ജനാധിപത്യത്തിന്റെ ഗുണനിലവാരം ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ പലപ്പോഴും ഇന്ത്യയില്‍ നടക്കുന്നുണ്ട്. വിവരാവകാശനിയമവും സേവനാവകാശനിയമവും പട്ടികജാതി – പട്ടിക വര്‍ഗ്ഗ പീഡന നിരോധനനിയമവും സ്ത്രീപീഡനനിരോധന നിയമങ്ങളും മറ്റും ഉദാഹരണങ്ങള്‍. അതുപോലെ ജനങ്ങള്‍ ജനാധിപത്യത്തെ പോരാട്ടത്തിനുള്ള വേദിയാക്കിയതിന്റെ നിരവധി ഉദാഹരണങ്ങളുമുണ്ട്. അടിയന്തരാവസ്ഥാവിരുദ്ധ പോരാട്ടങ്ങളും മണ്ഡല്‍ കമ്മീഷനും ദളിത് – പിന്നോക്ക രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഉദാഹരണായി ചൂണ്ടികാണിക്കാം. മറുവശത്താകട്ടെ ജനാധിപത്യത്തെ കശാപ്പു ചെയ്ത അവസരങ്ങളും കുറവല്ല. ഗാന്ധിവധവും ഇഎംഎസ് മന്ത്രിസഭയെ പിരിച്ചുവിട്ടതും അടിയന്തരാവസ്ഥയും ബാബറി മസ്ജിദ് തകര്‍ത്തതും മണ്ഡല്‍ വിരുദ്ധ സമരങ്ങളും സമീപകാല ഫാസിസ്റ്റ പ്രവണതകളുമൊക്കെ ഉദാഹരണങ്ങള്‍. ആ നിരയിലുള്ള ഒന്നാണ് കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ സംഭവിച്ചിരിക്കുന്നത്. ഗഡ്ചിറോളിയില്‍ നാല്‍പ്പതോളം മാവോയിസ്റ്റുകളെയും ഗ്രാമീണരെയും നിയമവിരുദ്ധമായി കൊന്നുകളഞ്ഞ സംഭവമാണ് ഉദ്ദേശിക്കുന്നത്. അവരെ ഏറ്റുമുട്ടലിലാണ് വധിച്ചതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍ അതിനു പ്രകടമായ തെളിവൊന്നുമില്ല. വര്‍ഗ്ഗാസ് വധം മുതലാരംഭിച്ച വ്യാജ ഏറ്റുമുട്ടല്‍ തന്നെയാണ് നടന്നതെന്നാണ് സൂചന. ഗ്രാമത്തിലെ ആദിവാസിയുടെ വിവാഹ പരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് വിളമ്പിയ ഭക്ഷണത്തില്‍ പോലീസ് ഏജന്റുമാര്‍ വിഷം ചേര്‍ത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ പിടികൂടിയ ശേഷം മര്‍ദ്ദിച്ച് കൊല്ലപ്പെടുത്തുകയായിരുന്നുവത്രെ. മാവോയിസ്റ്റുകള്‍ക്കു പുറമെ നിരവധി ഗ്രാമീണരും കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് സൂചനകള്‍. കൊല ചെയ്യപ്പെട്ടവരില്‍ ഭൂരിപക്ഷവും ദരിദ്ര ആദിവാസി വിഭാഗങ്ങളില്‍ പെടുന്നവരും സ്ത്രീകളുമാണ്. തങ്ങളുടെ ആവാസമേഖലകളില്‍ വന്‍കിട കോര്‍പ്പറേറ്റുകളും അവരെ സഹായിച്ച് ഭരണകൂടവും നടത്തുന്ന കടന്നകയറ്റത്തിനെതിരെയുള്ള പ്രതികരണമാണ് അവരുടെ സായുധ ചെറുത്തുനില്‍പ്പ്. ഗാഡ്ചിറോളി ജില്ലയില്‍ തദ്ഗാവോണ്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കസാന്‍സുര്‍ ഗ്രാമത്തില്‍ കഴിഞ്ഞ ഞായറാഴ്ച കാലത്ത് പത്തിനും പതിനൊന്നിനും ഇടയ്ക്കു ആരംഭിച്ച് ഉച്ചക്ക് ഒന്നര മണി വരെ നീണ്ട ഏറ്റുമുട്ടലില്‍ 16 ഓളം മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടെന്നായിരുന്നു ഗാഡ്ചിറോളി പോലീസ് ആദ്യം അറിയിച്ചത് . പിന്നീട് ഇന്ദ്രാവതി നദിയില്‍ മൃതശരീരങ്ങള്‍ ഒഴുകി നടക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്തതിനു പിന്നാലെയാണ് 15 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തത്. കസാന്‍സുര്‍ ഏറ്റുമുട്ടല്‍ നടന്നു 36 മണിക്കൂറുകള്‍ പിന്നിട്ടപ്പോഴാണ് ഗാഡ്ചിറോളി ജില്ലയില്‍ തന്നെയുള്ള ജിംലാഗാട്ട പ്രദേശത്തു നടന്ന രണ്ടാമത്തെ ഏറ്റുമുട്ടലില്‍ 6 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി വാര്‍ത്ത വന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ മേഖലയില്‍ മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ വ്യാപകമായ സൈനികവത്ക്കരണം നടക്കുന്നതായും കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി വനവും ഭൂമിയും ജലവും പിടിച്ചെടുക്കുന്നതിനായുള്ള അടിച്ചമര്‍ത്തല്‍ നടപടികള്‍ വ്യാപകമാവുന്നതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. മാവോയിസ്റ്റ് വേട്ട,ഭീകരവാദികള്‍ക്കെതിരായ നടപടി എന്നീ പേരുകളില്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ പോലീസിന്റെ ഏറ്റുമുട്ടല്‍ കൊലയെന്ന അവകാശവാദത്തെ കണ്ണടച്ച് വിശ്വസിക്കുക പ്രയാസമാണ്. 2014 ല്‍ സുപ്രീം കോടതി പി.യു.സി.എല്‍ കേസില്‍ പുറപ്പെടുവിച്ച വിധിന്യായത്തില്‍ ഏറ്റമുട്ടല്‍ കൊലപാതകങ്ങള്‍ ഉണ്ടായാല്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. അതൊന്നും പക്ഷെ പാലിക്കപ്പെടാറില്ല. അവര്‍ മാവോയിസ്റ്റ് പ്രവര്‍ത്തകരാണെങ്കില്‍ തന്നെ കൊല്ലാനുള്ള അവകാശം പോലീസിനോ പട്ടാളത്തിനോ ഇല്ലല്ലോ. നിയമലംഘനം നടത്തുന്നു എന്നു പറഞ്ഞ് അതിനേക്കാള്‍ വലിയ നിയമ ലംഘനമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നര്‍ത്ഥം. അവിടെ ജനങ്ങള്‍ ആയുധമെടുക്കുന്നുണ്ടെങ്കില്‍ തന്നെ അതിന്റഎ കാരണം പരിശോധിച്ച് തിരുത്താനാണ് ജനകീയ സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. അതായത് രാഷ്ട്രീയമായ പരിഹാരമാണ് ജനാധിപത്യ സര്‍ക്കാരിന്റെ വഴി. ആരംഭത്തില്‍ പറഞ്ഞ പോലെ ഏതു കാരണമായാലും ജനാധിപത്യേതരമായ വഴിയിലൂടെ പോകുന്നവരുടേയും ജനാധിപത്യാവകാശങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്. അതാണിവിടെ ക്രൂരമായി ലംഘിക്കപ്പെട്ടിരിക്കുന്നത്. മഹാരാഷ്രയില്‍ മാത്രമല്ല, ഉത്തരേന്ത്യയില്‍ പലയിടത്തും ഇത്തരത്തലുള്ള അക്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഝാര്‍ഖണ്ഡിലെ സാംഗജാഠ വനപ്രദേശത്ത് നിരന്തരം വ്യോമാക്രമണങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. നിരപരാധികളായ ആദിവാസികള്‍ പോലും കൊല്ലപ്പെടുന്നതായും. എന്നാല്‍ ഈ ആക്രമണങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ വലിയ രീതിയില്‍ ഉയര്‍ന്നു വരുന്നില്ല. മാവോയിസ്റ്റുകളുടെ പേരു പറഞ്ഞാല്‍ സര്‍ക്കാരിനു എന്തുമാകാമെന്ന ധാരണയാണ് പൊതുവില്‍ നിലനില്‍ക്കുന്നത്. ഒരു ജനാധിപത്യസംവിധാനത്തിന് യോജിച്ചതല്ല ഇത്തരം അക്രമങ്ങള്‍ എന്നുറക്കെ വിളിച്ചുപറയാന്‍ മുഴുവന്‍ ജനാധിപത്യവിശ്വാസികളും ബാധ്യസ്്ഥരാണ്. ഒപ്പം രാഷ്ട്രീയമായാണ് പ്രശ്‌നം പരിഹരിക്കേണ്ടതെന്ന് വിളിച്ചുപറയാനും. അതൊരിക്കലും മാവോയിസ്റ്റുകള്‍ അക്രമം നടത്തുന്നുണ്ടെങ്കില്‍ അതിനെ പിന്തുണക്കലാവില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply