ക്ഷേത്രത്തില്‍ യേശുദാസിനെ മാത്രം പ്രവേശിപ്പിച്ചാല്‍ പോര സര്‍….

ഗായകന്‍ യേശുദാസിന് ക്ഷേത്രനടയില്‍ പ്രവേശിക്കുന്നതിന് അര്‍ഹതയുണ്ടെന്ന് കേരള ക്ഷേത്രസംരക്ഷണസമിതി ഉപാധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ് പറയുന്നു. നല്ലത്. എന്നാല്‍ അദ്ദേഹമതിനു പറയുന്ന കാരണം നോക്കുക. ക്ഷേത്രങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും മൂല്യങ്ങളും അംഗീകരിച്ചു കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് യേശുദാസ്.ക്ഷേത്രാചാരങ്ങളില്‍ വിശ്വസിക്കുന്ന വ്യക്തികള്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനം നല്‍കണം. ഈശ്വരനിഷേധികളായ ഹിന്ദുക്കളെക്കാള്‍ ഭേദമാണു ഹിന്ദു സംസ്‌കാരത്തെ അംഗീകരിക്കുന്ന അഹിന്ദുക്കള്‍. പേരില്‍ മാത്രം ഹിന്ദുത്വം വന്നാല്‍ പോരാ മനസിലും അത് ഉണ്ടാവണം. ശരിയായ ഒരു കാര്യത്തിന് അദ്ദേഹം നിരത്തുന്ന കാരണങ്ങള്‍ എത്രയോ പിന്തിരിപ്പനാണെന്നു നോക്കുക. യേശുദാസിനുമാത്രമല്ല, […]

yesudasഗായകന്‍ യേശുദാസിന് ക്ഷേത്രനടയില്‍ പ്രവേശിക്കുന്നതിന് അര്‍ഹതയുണ്ടെന്ന് കേരള ക്ഷേത്രസംരക്ഷണസമിതി ഉപാധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ് പറയുന്നു. നല്ലത്. എന്നാല്‍ അദ്ദേഹമതിനു പറയുന്ന കാരണം നോക്കുക. ക്ഷേത്രങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും മൂല്യങ്ങളും അംഗീകരിച്ചു കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് യേശുദാസ്.ക്ഷേത്രാചാരങ്ങളില്‍ വിശ്വസിക്കുന്ന വ്യക്തികള്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനം നല്‍കണം. ഈശ്വരനിഷേധികളായ ഹിന്ദുക്കളെക്കാള്‍ ഭേദമാണു ഹിന്ദു സംസ്‌കാരത്തെ അംഗീകരിക്കുന്ന അഹിന്ദുക്കള്‍. പേരില്‍ മാത്രം ഹിന്ദുത്വം വന്നാല്‍ പോരാ മനസിലും അത് ഉണ്ടാവണം. ശരിയായ ഒരു കാര്യത്തിന് അദ്ദേഹം നിരത്തുന്ന കാരണങ്ങള്‍ എത്രയോ പിന്തിരിപ്പനാണെന്നു നോക്കുക. യേശുദാസിനുമാത്രമല്ല, ജാതി മത പരിഗണനകൂടാതെ ഏഥൊരു വ്യക്തിക്കും ക്ഷേത്രപ്രവ്ശനം സാധ്യമാകുകയാണ് വേണ്ടത്. അത്തരമൊരു ജനാധിപത്യവല്‍ക്കരണമാണ് കാലം ആവശ്യപ്പെടുന്നത്.
പോയകാലത്തെ കുറിച്ച് ആവേശത്തോടെ പ്രസംഗിച്ച്, അതിലൂറ്റം കൊണ്ട് കഴിയുന്ന ഒരു ജനതയാണല്ലോ കേരളീയര്‍. അതില്‍ നിന്ന് ഒരടി പോലും മുന്നോട്ടു പോകാന്‍ നാം തയ്യാറല്ല. കേരളീയ നവോത്ഥാനകാലത്തെ ഏറ്റവും പ്രധാനപ്പെട്ട അധ്യായമായിട്ടാണല്ലോ ക്ഷേത്രപ്രവേശന വിളംബരം വിലയിരുത്തപ്പെടുന്നത്. അധസ്ഥിത ജനവിഭാഗങ്ങളുടെ വന്‍തോതിലുള്ള മതംമാറ്റത്തെ തടയാനായിരുന്നു അത്തരമൊരു വിളംബരമുണ്ടായതെന്ന വിലയിരുത്തലില്‍ കുറെ ശരിയുണ്ട്. എങ്കില്‍ പോലും അത് ജനാധിപത്യവല്‍ക്കരണത്തിലേക്കുള്ള  പ്രധാന കാല്‍വെപ്പായിരുന്നു. എന്നാല്‍  പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അതിനൊരു തുടര്‍ച്ചയുണ്ടായോ? എല്ലാ ആരാധനാലയങ്ങളും എല്ലാവര്‍ക്കുമായി തുറന്നു കൊടുക്കുക എന്ന നിലയിലേക്ക് നാം ഉയര്‍ന്നോ? ക്ഷേത്രപ്രവേശനവിളംബരത്തെ കുറിച്ച്  ഊറ്റം കൊള്ളുമ്പോള്‍തന്നെ അതിന്റെ തുടര്‍ച്ചക്കായി നാം രംഗത്തിറങ്ങാത്തതെന്തേ? പൊതു ഇടങ്ങള്‍ നഷ്ടപ്പെടുന്ന ഇക്കാലത്ത് എല്ലാവര്‍ക്കും ഒത്തുചേരാവുന്ന ഇടങ്ങളായി ആരാധനാലയങ്ങള്‍ മാറണം. ജനാധിപത്യത്തില്‍ തീര്‍ച്ചയായും മതങ്ങള്‍ക്കും റോളുണ്ട്. മതങ്ങളടക്കം എല്ലാം ജനാധിപത്യവല്‍ക്കരിക്കപ്പെടണം.  എന്നാല്‍ അതിനുള്ള മുന്നേറ്റങ്ങളില്‍ പങ്കുചേരാതെ ഭൂതകാലത്തെ ആദര്‍ശവല്‍ക്കരിച്ച് ഒതുങ്ങി കൂടാനാണ് നമുക്കിഷ്ടം. പറച്ചില്‍ പുരോഗമനവാദികളാണ് ഇവിടെയുള്ളത്. ചെയ്യല്‍ പുരോഗമനവാദികളല്ല.
ഒരു ഉദാഹരണം കൂടി ചൂണ്ടികാട്ടാം. 1917ലെ മിശ്രഭോജനത്തെ നാമിപ്പോഴും ഉയര്‍ത്തിപിടക്കുന്നു. എന്നാല്‍ മിശ്രഭോജനം എന്തിനുവേണ്ടിയായിരുന്നു? ആ അവസ്ഥ ഔപചാരികമായല്ലാതെ, യഥാര്‍ത്ഥത്തില്‍ ഇവിടെ ഇല്ലാതായിട്ടുണ്ടോ? ഏതു മണ്ഡലത്തിലാണ് ഇന്നു ജാതിയുടെ സ്വാധീനമില്ലാത്തത്? മിശ്രഭോജനത്തിന്റെ അടുത്ത ഘട്ടമായി പേരിനു പുറകിലെ ജാതിവാല്‍ മുറിച്ചുകളയാന്‍ എന്തേ പുരോഗമനവാദികള്‍ പോലും മടിക്കുന്നു? എന്തുകൊണ്ട് പേരിനു പുറകില്‍ നമുക്ക് സ്വന്തം ബ്ലഡ് ഗ്രൂപ്പ് വെച്ചുകൂടാ?
അടുത്തയിടെ ഫെയ്‌സ് ബുക്കില്‍ തമാശപോലെ കണ്ട ഒരു ചോദ്യവും ഉത്തരവും ഇങ്ങനെ. പഴയ ചില നടിമാരുടെ പേരു പറയൂ ശാരദ, ഷീല, അംബിക, ശ്രീദേവി, ജയഭാരതി, ശ്രീവിദ്യ.. പുതിയതോ. മഞ്ജു വാര്യര്‍, സംയുക്തവര്‍മ്മ, ശാലുമേനോന്‍, മഞ്ജുപിള്ള, നവ്യാനായര്‍, ശ്വേതാമേനോന്‍.. എവിടെ നിന്നാണ് ഈ വാലുകള്‍ വന്നത്്? എന്തേ ഈ വാലുകളില്‍ പുലയത്തിയും പറയത്തിയും ഇല്ലാത്തത്? നേരത്തേയും ഇങ്ങനെയായിരുന്നല്ലോ? ഇഎംഎസ് നമ്പൂതിരിപ്പാടും സി അച്യൂതമേനോനും ഉണ്ടായിരുന്ന മന്ത്രിസഭയില്‍ ചാത്തന്‍ മാഷ്, ചാത്തന്‍ പുലയന്‍ എന്ന പേര്‍ വെച്ചില്ലല്ലോ. പി കെ വാസുദേവന്‍ നായരും എം എന്‍ ഗോവിന്ദന്‍ നായരും പി ഗോവിന്ദപിള്ളയുമൊക്കെ മരണംവരെ വിപ്ലവകാരികളായിരുന്നല്ലോ.
ക്ഷേത്രപ്രവേശനമൊക്കെ അംഗീകരിച്ചെങ്കിലും സത്യത്തില്‍ എത്രമാത്രം അത് പ്രായോഗികമാകുന്നുണ്ട്. അമ്പലത്തില്‍ കടക്കാമെന്നല്ലാതെ പൂജ ചെയ്യാനോ കലാവിഷ്‌കാരങ്ങള്‍ നടത്താനോ ഇന്നും എല്ലാവര്‍ക്കും കഴിയുന്നു ണ്ടോ? കണ്ണൂര്‍ തലശ്ശേരിയിലെ ശ്രീ തൃക്കൈക്കുന്ന് മഹാദേവ ക്ഷേത്രത്തിലെ പൂജാരി രാജേഷിനെ നാട്ടുകാര്‍ എന്ന പേരില്‍, സവര്‍ണ്ണര്‍ മര്‍ദ്ദിച്ചു ക്ഷേത്രത്തില്‍നിന്ന് പുറത്താക്കിയതിനു കാരണമെന്തായിരുന്നു?  ബ്രാഹ്മണനല്ലാത്തതിനാല്‍. പൂജാവിധികള്‍ ശാസ്ത്രീയമായി പഠിച്ച് ഉപനയനത്തിന് ശേഷമാണ് അദ്ദേഹം അവിടെയെത്തിയത്.  രാജേഷിനെ ക്ഷേത്രത്തില്‍ നിന്നും അടിച്ചിറക്കിയ ശേഷം ഈ നാട്ടുകാര്‍ ക്ഷേത്രത്തില്‍ മറ്റൊരു തന്ത്രിയെ കൊണ്ട് ശുദ്ധികലശം നടത്തുകയും ചെയ്തു.. രാജേഷ് ബ്രാഹ്മണനല്ല എന്ന കാര്യം തങ്ങളോട് ബോധിപ്പിച്ചില്ല എന്നാണത്രെ അവരുടെ പരാതി. അവരെ അതു ബോധിപ്പിക്കണമെന്ന് എവിടേയും നിയമമില്ല.
ഇതൊരു ഒറ്റപ്പെട്ട് പ്രശ്‌നമാണെങ്കില്‍ പോട്ടെ എന്നു വെക്കാം. ഇടതുപക്ഷരാഷ്ട്രീയത്തിന്റെ ഈറ്റില്ലമായ കണ്ണൂരില്‍ തന്നെ, അയിത്തത്തിനും അനാചാരത്തിനുമെതിരെ എകെജിയുടെ നേതൃത്വത്തില്‍ ശക്തമായ മുന്നേറ്റം നടന്ന ചരിത്രമുള്ള തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തില്‍ ബ്രാഹ്മണര്‍ക്ക് പ്രസാദം കൈയ്യിലും മറ്റുള്ളവര്‍ക്ക് നിലത്തും കൊടുക്കുന്നു എന്ന വാര്‍ത്ത ഏതാനും മാസം മുമ്പ് വന്നിരുന്നു. ഇത്തരമൊരു അയിത്തം കേരളത്തിലെമ്പാടും നടക്കുന്നുണ്ട്. നമ്മുടെ ക്ഷേത്രങ്ങളില്‍ കാലാകാരന്മാര്‍ക്ക് ജാതിയുടെ പേരില്‍ തങ്ങളുടെ കലോപാസന സമര്‍പ്പിക്കാന്‍ അവസരം നിഷേധിക്കുന്ന സംഭവങ്ങള്‍ നിരന്തരമായി ആവര്‍ത്തിക്കുകയാണല്ലോ. സാക്ഷാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജാതിയുടെ പേരില്‍ കല്ലൂര്‍ ബാബുവെന്ന ഇലത്താള കലാകാരനെ പഞ്ചവാദ്യ സംഘത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയത് അടുത്തയിടെയാണ്. തന്ത്രിയുടെ വാക്കാണ് അവസാനത്തേത് എന്നു പറഞ്ഞ് ദേവസ്വം അധികൃതര്‍ അതിനെ ന്യായീകരിച്ചു. പൗരോഹിത്യ വാഴ്ച്ചയുടെ സംരക്ഷകശക്തിയായ ആ അവസാന വാക്ക് അധഃസ്ഥിതന്റെ ക്ഷേത്രപ്രവേശനത്തിന് തീര്‍ത്തും എതിരുമായിരുന്നുവെന്നും ആ അവസാന വാക്കിനെ പഴയൊരു ചാക്കു പോലെ വലിച്ചെറിയാന്‍ ഉണര്‍ന്നു മുന്നേറുന്ന കേരള ജനതക്ക് അന്ന് ഒരു കൂസലുമുണ്ടായിരുന്നില്ലെന്നും ാം മറക്കുന്നു. എന്നാല്‍ ഇന്ന് ക്ഷേത്രാചാരങ്ങളുടെ അവസാന വാക്ക് തന്ത്രിയുടേതാണ് എന്ന പ്രസ്താവനഅംഗീകരിക്കുന്ന കേരളത്തെയാണ് കാണുന്നത്. നവോത്ഥാനത്തിന്റെ ഭാഗമായി ഉണര്‍ന്ന ഒരു ജനതയുടെ മഹത്തായ മുന്നേറ്റം എവിടെയോവെച്ച് തടസപ്പെട്ടു. ഞെരളത്ത് ഹരിഗോവിന്ദനു മറുപടി നല്‍കാന്‍ പ്രബുദ്ധകേരളത്തിന് ഇനിയും കഴിയുന്നില്ലല്ലോ. സ്ത്രീകളുടെ കാര്യം പറയുകയും വേണ്ട. കര്‍ണ്ണാടകത്തില്‍ സ്ത്രീകളെ പൂജാരികളാക്കിയ വാര്‍ത്ത അടുത്തയിടെ പുറത്തുവന്നിരുന്നു. ഇവിടെ നമുക്കത് സ്വപ്‌നം കാണാമോ? ലോകപ്രശസ്തമായ തൃശൂര്‍ പൂരം കമ്മിറ്റിയില്‍ പിന്നോക്കക്കാര്‍ക്ക് പ്രാതിനിധ്യമില്ലെന്ന് ചൂണ്ടികാട്ടി വെള്ളാപ്പിള്ളി തന്നെ രംഗത്തു വന്നിരുന്നു. ദളിതന്റെ കഥ പറയാനില്ലല്ലോ. ഈ സാഹചര്യത്തില്‍ അന്യമതസ്ഥര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശിക്കാനുള്ള അവകാശത്തെ കുറിച്ച് നമുക്ക് എന്ന് ചിന്തിക്കാനാവും? യേശുദാസിനെ കയറ്റികൊണ്ട് പരിഹരിക്കാവുന്ന ഒന്നല്ലല്ലോ അത്.
എന്താണ് വാസ്തവത്തില്‍ നമുക്ക് സംഭവിച്ചത്? നാരായണഗുരുവും വിടിയും അയ്യങ്കാളിയുമൊക്കെ ഉഴുതുമറിച്ച നവോത്ഥാനത്തിന്റെ വിത്തുകള്‍ക്കെന്തു സംഭവിച്ചു? മഹാരാഷ്ട്രയില്‍ മഹാത്മാ ഫൂലേക്ക് അംബേദ്കര്‍ എന്ന പിന്‍ഗാമിയുണ്ടായപോലെ കേരളത്തില്‍ നാരായണഗുരുവിനു പിന്‍ഗാമി എന്തേയുണ്ടായില്ല. പകരമുണ്ടായത് ഇഎംഎസ്. വിടി നിശബ്ദനാകുകയും ഇഎംഎസ് വാചാലനാകുകയും ചെയ്തു. അല്ലെങ്കില്‍ നവോത്ഥാനത്തിന്റെ സ്ഥാനം കക്ഷിരാഷ്ട്രീയം ഏറ്റെടുത്തു. എല്ലാറ്റിനും ഒറ്റമൂലിയായി വര്‍ഗ്ഗസമരം അവതരിക്കപ്പെട്ടു.  തോപ്പില്‍ ഭാസി നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകത്തില്‍ ചിത്രീകരിച്ചപോലെ മാലയെന്ന ദളിത് പെണ്‍കുട്ടിയില്‍ നിന്ന് ഞാന്‍ മുന്നില്‍ നില്‍ക്കാമെന്ന് പറഞ്ഞ് സവര്‍ണ്ണര്‍ ചെങ്കൊടിയേറ്റുവാങ്ങി. അതിന്റെ അനന്തരഫലമാണ് യുപിയില്‍ മായാവതിയെപോലുള്ള ദളിത് സ്ത്രീ മുഖ്യമന്ത്രിയായിട്ടും കേരളത്തില്‍ അതു സങ്കല്പിക്കാന്‍ പോലുമാകാത്തത്. തങ്ങള്‍ക്കിനി ദത്തുപുത്രന്മാര്‍ വേണ്ടെന്നു പറഞ്ഞു രംഗത്തെത്തിയ സി കെ ജാനുവിനെ നമ്മള്‍ ഒതുക്കി മൂലക്കിരുത്തിയത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ദളിത് സാഹിത്യവും ദളിത് ഉണര്‍വ്വുകളും സജീവമാകുമ്പോള്‍ കേരളത്തില്‍ അതില്ലാത്തത്. ശിവഗിരിയില്‍ മോഡിയും കൊടുങ്ങല്ലൂരിലെ എസ്എന്‍ഡിപി നാരായണഗുരു അനുസ്മരണത്തില്‍ ശശികലടീച്ചറും മുഖ്യ അതിഥികളാകുന്നത്. ഗുരുവിനെ ചില്ലുകൂട്ടില്‍ തളച്ചത്. എന്തിനേറെ, എല്ലാവര്‍ക്കും പ്രവേശനമുണ്ടെന്ന് നാം കരുതിയിരുന്നു കൃസ്ത്യന്‍ പള്ളിയില്‍ ദളിത് ക്രൈസ്തവര്‍ക്ക് പ്രവേശനം നിഷേധിച്ച സംഭവം പോലും അടുത്തയിടെ ഉണ്ടായി. സത്യത്തില്‍ ക്ഷേത്രപ്രവേശന വിളംബരം മൂലം ദളിതര്‍ക്ക് സ്വന്തം ദൈവങ്ങളേയും നഷ്ടപ്പെട്ടു. മിശ്രവിവാഹം വഴി വിദ്യാസമ്പന്നരേയും. ചരിത്രത്തിന്റെ തമാശകള്‍…

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply