ക്വാറി മുതലാളിക്കും പോലീസിനും ഒരേ ഭാഷ

സുരേഷ് നാരായണന്‍, യാമിനി പരമേശ്വരന്‍ പാലക്കാട് ജില്ലയിലെ അമ്പിട്ടന്‍തരിശ്ശില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട ക്വാറികള്‍ ദുരിതത്തിലാഴ്ത്തിയ ജനങ്ങളെ നേരില്‍ കാണുന്നതിനും ക്വാറികള്‍ സൃഷ്ടിക്കുന്ന ആഘാതങ്ങള്‍ പകര്‍ത്തുന്നതിനുമെത്തിയ ഡോക്യുമെന്ററി പ്രവര്‍ത്തകര്‍ക്ക് മംഗലം ഡാം എസ്.ഐ ചന്ദ്രന്റെയും പോലീസുകാരുടെയും ഭാഗത്ത് നിന്നുണ്ടായ ദുരനുഭവം. ഗാഡ്ഗില്‍ – കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുകളെ തുടര്‍ന്നുണ്ടായ കോലാഹലങ്ങളുടെയും പരിസ്ഥിതി-രാഷ്ട്രീയ പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിലാണ്, കേരളത്തിന്റെ നിര്‍മ്മാണ മേഖലയേയും കരിങ്കല്‍ ക്വാറികളേയും ബന്ധപ്പെടുത്തി ഒരു ഡോക്യുമെന്ററി ചെയ്യണമെന്ന് ഞങ്ങള്‍ ആലോചിച്ചു തുടങ്ങുന്നത്. ഇതിനിടയിലാണ് പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരി […]

images

സുരേഷ് നാരായണന്‍, യാമിനി പരമേശ്വരന്‍

പാലക്കാട് ജില്ലയിലെ അമ്പിട്ടന്‍തരിശ്ശില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട ക്വാറികള്‍ ദുരിതത്തിലാഴ്ത്തിയ ജനങ്ങളെ നേരില്‍ കാണുന്നതിനും ക്വാറികള്‍ സൃഷ്ടിക്കുന്ന ആഘാതങ്ങള്‍ പകര്‍ത്തുന്നതിനുമെത്തിയ ഡോക്യുമെന്ററി പ്രവര്‍ത്തകര്‍ക്ക് മംഗലം ഡാം എസ്.ഐ ചന്ദ്രന്റെയും പോലീസുകാരുടെയും ഭാഗത്ത് നിന്നുണ്ടായ ദുരനുഭവം.

ഗാഡ്ഗില്‍ – കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുകളെ തുടര്‍ന്നുണ്ടായ കോലാഹലങ്ങളുടെയും പരിസ്ഥിതി-രാഷ്ട്രീയ പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിലാണ്, കേരളത്തിന്റെ നിര്‍മ്മാണ മേഖലയേയും കരിങ്കല്‍ ക്വാറികളേയും ബന്ധപ്പെടുത്തി ഒരു ഡോക്യുമെന്ററി ചെയ്യണമെന്ന് ഞങ്ങള്‍ ആലോചിച്ചു തുടങ്ങുന്നത്. ഇതിനിടയിലാണ് പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരി പഞ്ചായത്തില്‍, അമ്പിട്ടന്‍തരിശ്ശ് എന്ന ഗ്രാമത്തില്‍ രണ്ടര വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ഒരു വന്‍കിട കരിങ്കല്‍ ക്വാറിക്കെതിരെ നടക്കുന്ന സമരത്തെക്കുറിച്ച് അറിയുന്നത്.

ചെറിയ ചില രോഷപ്രകടനങ്ങളിലും അടക്കം പറച്ചിലുകളിലും ഒതുങ്ങി നിന്നിരുന്ന പ്രതിഷേധം, 2013 ഒക്‌ടോബര്‍ നാലിന് കരിങ്കല്‍ ക്വാറിയിലേക്ക് കല്ലുകയറ്റാനായി അതിവേഗത്തില്‍ ഓടിച്ചു വന്ന ടിപ്പര്‍ ലോറിയിടിച്ച് റുബീന എന്ന യുവതി മരണപ്പെട്ടതിനെ തുടര്‍ന്ന് അണപൊട്ടിഒഴുകുകയായിരുന്നു. ഭൂരിപക്ഷം പ്രദേശവാസികളും സി.പി.ഐ (എം) അനുഭാവികളായ അമ്പിട്ടന്‍തരിശ്ശിലെ ഈ പ്രതിഷേധത്തെ മുളയിലേതന്നെ നുള്ളിക്കളയുവാന്‍ വ്യവസ്ഥാപിത രാഷ്ട്രീയക്കാരും പോലീസും രംഗത്തുണ്ടായിരുന്നു. സമരത്തെ സഹായിക്കാന്‍ പുറത്തുനിന്ന് വരുന്നവര്‍ തീവ്രവാദികളാണെും, അവരുമായി ബന്ധപ്പെട്ടാല്‍ തീവ്രവാദക്കേസില്‍ അകപ്പെടുത്തി ജയിലിലാക്കുമെന്നുമായിരുന്നു പോലീസിന്റെ ഭീഷണി.
2014 ജനുവരി 11 ന് മനുഷ്യവകാശ-പരിസ്ഥിതി പ്രവര്‍ത്തകരുടെ ഒരു വസ്തുതാന്വേഷണ സംഘത്തിനൊപ്പമാണ് ഞങ്ങള്‍ ആദ്യമായി അമ്പിട്ടന്‍ തരിശ്ശിലെത്തുന്നത്. ഞങ്ങള്‍ എത്തുമ്പോള്‍ തന്നെ സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസും മംഗലം ഡാം പോലീസും വാഹനങ്ങളും ക്യാമറകളുമായി നിലയുറപ്പിച്ചിരുന്നു. പട്ടികവര്‍ഗക്കാരുടെ 21 കുടുംബങ്ങളടക്കം 72 ഓളം വീടുകളുള്ള കോളനിയോട് ചേര്‍ന്നാണ് ക്വാറി പ്രവര്‍ത്തിക്കുന്നത്. കോളനിയിലെ ഏതാണ്ട് എല്ലാ വീടുകളിലും ക്വാറിയിലെ സ്‌ഫോടനങ്ങള്‍ മൂലം വിള്ളലുകള്‍ വീണിട്ടുണ്ട്. ഒരു വീടിന്റെ മുന്‍ഭാഗം ഒന്നാകെ ഇടിഞ്ഞുപോയിരിക്കുന്നു. ക്വാറിയില്‍ സ്‌ഫോടനം നടക്കുമ്പോള്‍ ഓടുകള്‍ പൊട്ടി താഴെ വീഴുന്നത് തടയാനായി മേല്‍കൂരയ്ക്ക് കീഴെ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയിട്ടുള്ള പല വീടുകളും കോളനിയിലുണ്ട്. രാവിലെ മുതല്‍ വൈകീട്ട് വരെ ഞങ്ങളുടെ ഓരോ ചലനവും നിരീക്ഷിക്കാനും ക്യാമറയില്‍ പകര്‍ത്താനും പോലീസ് നിതാന്ത ജാഗ്രതയില്‍ ഞങ്ങളെ അനുഗമിച്ചിരുന്നു. ഈ സാഹചര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കിയപ്പോള്‍ അവിടെ നിന്നു തയൊണ് ഡോക്യുമെന്ററി തുടങ്ങേണ്ടത് എന്ന തീരുമാനത്തില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്നു.
ഡോക്യുമെന്ററിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി പിറ്റേന്ന് (2014 ജനുവരി 12ന്) ഉച്ചകഴിഞ്ഞ് കാറില്‍ വണ്ടാഴി മംഗലം ഡാം വഴി അമ്പിട്ടന്‍ തരിശ്ശിലേക്ക് പോകുമ്പോഴാണ് പോലീസിന്റെ ഇടപെടല്‍ വീണ്ടുമുണ്ടാകുന്നത്. വണ്ടാഴിയില്‍ വച്ച് ഒരു സംഘം പോലീസുകാര്‍ വാഹനത്തിന് കൈ കാണിച്ചു. കാര്‍ നിറുത്തിയപ്പോഴേക്കും പോലീസ് തന്നെ പോകാന്‍ പറഞ്ഞു. തുടര്‍ന്ന് മംഗലം ഡാം പോലീസ് സ്റ്റേഷന് മുമ്പില്‍ എത്തിയപ്പോള്‍ രണ്ടു പോലീസുകാര്‍ കയ്യിലുള്ള കടലാസിലെഴുതിയ നമ്പറും വണ്ടിയുടെ നമ്പറും ഒത്തുനോക്കിയതിനു ശേഷം വണ്ടി നര്‍ത്താന്‍ ആവശ്യപ്പെട്ടു. ഞങ്ങള്‍ വാഹനം നിറുത്തി. ഞങ്ങള്‍ സഞ്ചരിച്ചിരുന്ന കാറിന്റെ നിറവും മറ്റു വിവരണങ്ങളുമാണ് കടലാസിലുണ്ടായിരുന്നത്. വിവരങ്ങളെല്ലാം ഞങ്ങളുടെ വണ്ടിയുടേതു തന്നെയായിരുന്നു. എന്നാല്‍ നമ്പര്‍ എഴുതിയെടുത്തതില്‍ വന്ന പിഴവുകൊണ്ടാകാം, ഒന്നു രണ്ടക്കങ്ങള്‍ മാറിപ്പോയത്. രണ്ടു പോലീസുകാര്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ക്കൊടുവില്‍ ഞങ്ങളെ പോകാന്‍ അനുവദിച്ചു. നിവര്‍ത്തിപ്പിടിച്ച കടലാസുതുണ്ടിലേക്കും കാറിന്റെ നമ്പര്‍ പ്ലേറ്റിലേക്കും മാറി മാറി നോക്കുന്ന പോലീസുകാരെ പിന്നിട്ട് ഞങ്ങള്‍ അമ്പിട്ടന്‍തരിശ്ശിലേക്ക് പോയി.
തുടര്‍ന്നുള്ള പല ദിവസങ്ങളിലായി കോളനിയിലെ ജീവിതവും പരിസരപ്രദേശങ്ങളും ഷൂട്ടുചെയ്തു. ക്വാറിക്കകത്തു നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുറത്തുനിന്നും കാണാന്‍ സാധിക്കുന്നത്രയും വീഡിയോയില്‍ പകര്‍ത്തി. ക്വാറിയില്‍ പാറ പൊട്ടിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ശബ്ദത്തോടും പ്രകമ്പനങ്ങളോടും ഉയരുന്ന പൊടിപടലങ്ങള്‍ വളരെ അസഹ്യമാണെന്ന് പരിസരവാസികള്‍ ഞങ്ങളോട് പറഞ്ഞിരുന്നു. ഈ പ്രവര്‍ത്തനങ്ങളാകട്ടെ, എല്ലാ ക്വാറികളെയും പോലെ തന്നെ, ഉച്ചക്ക് ഒരു മണി മുതല്‍ രണ്ട് മണി വരെയുള്ള സമയത്താണ് നടക്കുന്നത്.
ജനുവരി മാസം 23ന് ഈ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കാണുന്നതിനും വീഡിയോയില്‍ പകര്‍ത്തുന്നതിനുമായി ഞങ്ങള്‍ വീണ്ടും അമ്പിട്ടന്‍തരിശ്ശിലെത്തി. ക്വാറിക്ക് സമീപത്തുള്ള ഒരു റബര്‍ തോട്ടത്തില്‍ നിന്നാണ് ഈ പ്രവൃത്തികള്‍ ഏറ്റവും നന്നായി കാണാനും വിഡിയോ എടുക്കാനും സാധിക്കുമായിരുന്നത്. റബര്‍ തോട്ടത്തിന്റെ ഉടമയുടെ അനുവാദത്തോടെ ഞങ്ങള്‍ അവിടെ നില്‍ക്കുമ്പോള്‍ ക്വാറിയില്‍ ഒരു ഭാഗത്ത് കുഴികളില്‍ വെടിമരുന്നു നിറയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. മറുഭാഗത്താകട്ടെ, അനുവദനീയമായ ആറു മീറ്ററിലധികം ആഴത്തില്‍ പാറ ഖനനം നടത്തിയ സ്ഥലങ്ങളില്‍ ക്വാറിയിലെ മാലിന്യങ്ങളും മണ്ണും നിറച്ച് അവ നികത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ക്വാറി ഉടമ തന്നെ നേതൃത്വം നല്‍കുന്നുണ്ടായിരുന്നു. ഞങ്ങളുടെ ക്യാമറാമാന്‍ വൈശാഖും സഹായി സവാദും റബര്‍ തോട്ടത്തിന്റെ അതിര്‍ത്തിയില്‍ നിന്ന് ക്യാമറയില്‍ ഈ പ്രവൃത്തികള്‍ പകര്‍ത്തി. ഞങ്ങളുടെ സാന്നിധ്യം മനസ്സിലാക്കിയ ക്വാറി ഉടമയും സഹായിയും ക്യാമറയ്ക്കുനേരെ പാഞ്ഞടുക്കുകയും തന്റെ അനുവാദമില്ലാതെ ഷൂട്ട് ചെയ്യാന്‍ സാധിക്കില്ല എന്നാക്രോശിക്കുകയും ചെയ്തു. അവരുടെ പ്രവര്‍ത്തികള്‍ തടസ്സപ്പെടുത്തുന്നില്ല എന്നും ക്വാറിയിലേക്ക് പ്രവേശിച്ചിട്ടില്ലെന്നും അവരെ ബോധ്യപ്പെടുത്താന്‍ ഞങ്ങളോടൊപ്പം കോളനിവാസികളും ശ്രമിച്ചുകൊണ്ടിരുന്നു. ഇതിനിടയില്‍ ക്വാറിയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ച് അറുപതോളം തൊഴിലാളികളും ഞങ്ങള്‍ക്ക് ചുറ്റുംകൂടി.
അരമണിക്കൂറോളമായി നടന്നുകൊണ്ടിരിക്കുന്ന വാക്കുതര്‍ക്കങ്ങള്‍ക്കിടയിലേക്ക് മംഗലംഡാം പോലീസ് സ്റ്റേഷനില്‍ നിന്നുള്ള രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ എത്തി. ക്വാറി ഉടമ ജോര്‍ജ്ജിന്റെ ആവശ്യപ്രകാരം എത്തിയ ഇവരും അയാളുടെ അതേ ചോദ്യങ്ങള്‍ തന്നെയാണ് ആവര്‍ത്തിച്ചത്. ക്യാമറ ഉപയോഗിക്കാനും ഇത്തരം സ്ഥലങ്ങളില്‍ ഷൂട്ട് ചെയ്യാനും നിങ്ങള്‍ക്ക് എന്താണ് അധികാരം എന്ന ചോദ്യത്തോടെയാണ് പോലീസ് സംസാരം തുടങ്ങിയതുതന്നെ. കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഒളിക്യാമറ ഉപയോഗിക്കുന്ന അതേ പ്രവൃത്തിയാണ് ഞങ്ങളും ചെയ്യുന്നത് എന്ന് സ്ഥാപിക്കാനാണ് പോലീസ് തുടര്‍ന്ന് ശ്രമിച്ചത്. ക്യാമറ പിടിച്ചെടുക്കണമെന്നും ഷൂട്ട് ചെയ്ത ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും ക്വാറി ഉടമ പോലീസിനോട് ആക്രോശിച്ചുകൊണ്ടിരുന്നു. പോലീസാകട്ടെ നാലുപേരെയും അപ്പോള്‍ത്തന്നെ സ്റ്റേഷനിലെത്തിക്കാനുള്ള വ്യഗ്രതയിലായിരുന്നു. വാക്കുതര്‍ക്കങ്ങള്‍ക്കൊടുവില്‍ പോലീസ് സ്റ്റേഷനില്‍ ഞങ്ങള്‍ വരേണ്ടത് എന്ത് കാരണത്താലാണ് എന്ന് അന്വേഷിക്കുകയും ഞങ്ങളുടെ ജോലി കഴിഞ്ഞതിന് ശേഷം മാത്രമെ സ്റ്റേഷനിലേക്ക് വരൂ എന്ന് അറിയിക്കുകയും ചെയ്തു. അതോടെ രണ്ടുപോലീസുകാരും സ്റ്റേഷനിലേക്ക് തിരിച്ചുപോയി.
ഞങ്ങള്‍ വീണ്ടും കോളനിയിലും പരിസരത്തുമുള്ള ആളുകളുമായി അഭിമുഖ സംഭാഷണം നടത്തുകയും ഷൂട്ടിംഗ് തുടരുകയും ചെയ്തു. സ്റ്റേഷനിലേക്ക് തിരിച്ചുപോയ അതേ പോലീസ് ഉദ്യോഗസ്ഥര്‍ വളരെ വേഗം തിരിച്ചെത്തി. എസ്.ഐയുടെ നിര്‍ദ്ദേശ പ്രകാരം അവര്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിച്ചുകൊണ്ടിരുന്നു. ഇതിനിടയില്‍ത്തന്നെ, വൈകീട്ട് അഞ്ചുമണിയോടെ പോലീസ് എസ്.ഐ ജീപ്പില്‍ കോളനി പരിസരത്തെത്തുകയും കോളനി നിവാസികളായ സ്ത്രീകളോട് ഇതുപോലെ പുറത്ത്‌നിന്നും വരുന്നവരെ കോളനിക്കകത്ത് കയറ്റുകയോ അവരെ സഹായിക്കുകയോ ചെയ്താല്‍ ഗോതമ്പുണ്ട തിന്നേണ്ടിവരുന്നമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
സ്റ്റേഷനിലെത്തിയ ഞങ്ങളെ, ആരടാ നിങ്ങള്‍ക്ക് ക്യാമറ ഉപയോഗിക്കാനും ഇവിടെ ഷൂട്ട് ചെയ്യാനും അധികാരം തന്നത് എന്ന് ക്വാറി ഉടമയുടെ അതേ വികാരത്താല്‍ ആക്രോശിച്ചുകൊണ്ടാണ് എസ്.ഐ ചന്ദന്‍ സ്വീകരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയും ക്വാറിക്കകത്ത് അതിക്രമിച്ചു കയറി നിങ്ങള്‍ ഷൂട്ട് ചെയ്തു എന്ന് ഞങ്ങള്‍ അറിഞ്ഞിട്ടുണ്ട്. അതെല്ലാം നിങ്ങള്‍ക്കെതിരെ നിയമനടപടികളെടുക്കാന്‍ മതിയായ കാരണങ്ങളാണ് എന്നെല്ലാം അദ്ദേഹം തുടര്‍ന്നു. കിടപ്പറരംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനെക്കുറിച്ചുള്ള ക്വാറി ഉടമയുടെ ഉപമ എസ്.ഐയും ആവര്‍ത്തിച്ചു. ഞങ്ങള്‍ നാലുപേരും കുറ്റവാളികളാണെന്ന് സ്ഥാപിച്ചെടുക്കാന്‍ മറ്റ് പോലീസ് ഉദ്യോഗസ്ഥരും എസ്.ഐയോടൊപ്പം ചേര്‍ന്നു. അരമണിക്കൂറിലധികം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവില്‍ ക്വാറി ഉടമ ജോജി പരാതി തരാത്തതിനാല്‍ നിങ്ങളെ തല്‍ക്കാലം വെറുതെ വിടുന്നു എന്ന് എസ്.ഐ പ്രഖ്യാപിക്കുകയായിരുന്നു.
പൊതുജനങ്ങള്‍ക്ക് അവകാശപ്പെട്ട വിഭവങ്ങള്‍ സംരക്ഷിക്കേണ്ട സര്‍ക്കാരും സര്‍ക്കാര്‍ സംവിധാനങ്ങളും ഇന്ന് ജനങ്ങളില്‍ ഭയം ജനിപ്പിക്കുകയും അതുവഴി വിഭവങ്ങള്‍ കൊള്ളയടിക്കുന്നവര്‍ക്ക് ജനത്തിന്റെ മേല്‍ അധീശത്വം സ്ഥാപിച്ചെടുക്കാന്‍ അവസരമൊരുക്കുകയുമാണ് ചെയ്യുന്നതെന്ന് ഈ സംഭവവും ബോധ്യപ്പെടുത്തുന്നു. ഇങ്ങനെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സാമാന്യജനങ്ങളെ അനാഥത്വത്തിലേക്ക് തള്ളിവിടുന്നു.

കടപ്പാട് – കേരളീയം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “ക്വാറി മുതലാളിക്കും പോലീസിനും ഒരേ ഭാഷ

  1. പാലക്കാട് ജില്ലയിലെ മുതലമടയിലും സമാനമായ അന്തരീക്ഷം തന്നെ.
    ഇവിടെ ക്വാറി പ്രവര്‍ത്തനങ്ങളാല്‍ ചില ചരിത്ര സൂക്ഷിപ്പുകളും നഷ്ടപ്പെട്ടേക്കാം. മുതലമടയിലെ ചരിത്ര സംബന്ധമായ ചില കണ്ടെത്തലുകളും, പാറ ഖനനത്താല്‍ അവയ്ക്ക് നേരിട്ടേക്കാവുന്ന നാശവും
    ഈ പോസ്റ്റില്‍ പരാമര്‍ശിക്കുന്നു.

    https://www.facebook.com/photo.php?fbid=247010955471190&set=a.111632879008999.17486.100004868623626&type=1&stream_ref=10

Leave a Reply