ക്വാറി നല്‍കുന്ന ദുരന്തങ്ങളുമായി ഒരു ജനതയിതാ….

പാലക്കാട് അമ്പിട്ടന്‍തരിശിലെ ക്വാറികളുടെ പ്രവര്‍ത്തനം മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ദുരിതങ്ങളെക്കുറിച്ചും അവരുടെ പ്രതിഷേധത്തിന് നേരെ പോലീസ് നടത്തിയ നിയമ വിരുദ്ധമായ ഇടപെടലുകളെക്കുറിച്ചും മനുഷ്യാവകാശസാമൂഹ്യ സാംസ്‌കാരികരാഷ്ട്രീയ പ്രവര്‍ത്തകരുടെ സംഘം നടത്തിയ വസ്തുതാന്വേഷണത്തെ തുടര്‍ന്നുള്ള ഇടക്കാല റിപ്പോര്‍ട്ട് പാലക്കാട് ജില്ല, കിഴക്കഞ്ചേരി പഞ്ചായത്തില്‍ ക്വാറികള്‍ക്കെതിരെ സമരം നടക്കുന്ന അമ്പിട്ടന്‍തരിശ് 11.01.14 നു മനുഷ്യാവകാശസാമൂഹ്യ സാംസ്‌കാരികരാഷ്ട്രീയ പ്രവര്‍ത്തകരുടെ സംഘം സന്ദര്‍ശിക്കുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തു.പി.യു.സി.എല്‍ കേരള സംസ്ഥാന ഘടകം സെക്രടറി അഡ്വ.പി.എ.പൗരന്‍,എന്‍.സി.എച്.ആര്‍.ഓ സംസ്ഥാന അധ്യക്ഷന്‍ ഗ്രോ വാസു,കൂടങ്കുളം ആണവനിലയ വിരുദ്ധ സമര ഐക്യദാര്‍ഡ്യ […]

quari-2

പാലക്കാട് അമ്പിട്ടന്‍തരിശിലെ ക്വാറികളുടെ പ്രവര്‍ത്തനം മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ദുരിതങ്ങളെക്കുറിച്ചും അവരുടെ പ്രതിഷേധത്തിന് നേരെ പോലീസ് നടത്തിയ നിയമ വിരുദ്ധമായ ഇടപെടലുകളെക്കുറിച്ചും മനുഷ്യാവകാശസാമൂഹ്യ സാംസ്‌കാരികരാഷ്ട്രീയ പ്രവര്‍ത്തകരുടെ സംഘം നടത്തിയ വസ്തുതാന്വേഷണത്തെ തുടര്‍ന്നുള്ള ഇടക്കാല റിപ്പോര്‍ട്ട്

പാലക്കാട് ജില്ല, കിഴക്കഞ്ചേരി പഞ്ചായത്തില്‍ ക്വാറികള്‍ക്കെതിരെ സമരം നടക്കുന്ന അമ്പിട്ടന്‍തരിശ് 11.01.14 നു മനുഷ്യാവകാശസാമൂഹ്യ സാംസ്‌കാരികരാഷ്ട്രീയ പ്രവര്‍ത്തകരുടെ സംഘം സന്ദര്‍ശിക്കുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തു.പി.യു.സി.എല്‍ കേരള സംസ്ഥാന ഘടകം സെക്രടറി അഡ്വ.പി.എ.പൗരന്‍,എന്‍.സി.എച്.ആര്‍.ഓ സംസ്ഥാന അധ്യക്ഷന്‍ ഗ്രോ വാസു,കൂടങ്കുളം ആണവനിലയ വിരുദ്ധ സമര ഐക്യദാര്‍ഡ്യ സമിതി കണ്‍വീനര്‍ എന്‍.സുബ്രഹ്മണ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന വസ്തുതാന്വേഷണത്തില്‍ ഡോ.പി.ജി.ഹരി, യാമിനി പരമേശ്വരന്‍, സുരേഷ് നാരായണന്‍, അനില്‍കുമാര്‍, പ്രശാന്ത് സുബ്രഹ്മണ്യന്‍, അംബിക, വി.സി.ജെന്നി, ജോളി ചിറയത്ത്, തസ്‌നിബാനു, പി.ജെ.മാനുവല്‍, കാര്‍ത്തികേയന്‍, സ്വപ്‌നേഷ് ബാബു, ദിലീപ്.വി,പ്രശാന്ത് ശാരങ്ങധരന്‍, ജെയ്‌സണ്‍.സി.കൂപ്പര്‍, ഉമ.എം.എന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തെളിവെടുപ്പിന്റെ ഭാഗമായി അന്വേഷണ സംഘം അമ്പിട്ടന്‍ തരിശിലെ ആദിവാസി കോളനിയും മറ്റു പ്രദേശങ്ങളും ക്വാറികളും മംഗലം ഡാം പോലിസ് സ്‌റ്റേഷനും സന്ദര്‍ശിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.
അന്വേഷണ സംഘത്തിനു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നുണ്ട്. എന്നാല്‍ അമ്പിട്ടന്‍ തരിശിലെ ജനത ക്വാറികളുടെ പ്രവര്‍ത്തനം മൂലം അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും, ക്വാറികളുടെ പ്രവര്‍ത്തനത്തിനെതിരെ ജനങ്ങള്‍ ഉയര്‍ത്തുന്ന പ്രതിഷേധത്തോട് മംഗലം ഡാം പോലിസ് സ്വീകരിച്ചിട്ടുള്ള അടിച്ചമര്‍ത്തല്‍ നടപടികളും അടിയന്തിരമായ ഇടപെടലുകള്‍ ആവശ്യപ്പെടുന്നതിനാല്‍ ഒരു ഇടക്കാല റിപ്പോര്‍ട്ട് തയ്യാറാക്കി പ്രസിദ്ധീകരിക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചു.
അമ്പിട്ടന്‍തരിശില്‍ പ്രവര്‍ത്തിച്ചു വരുന്ന എം.ജെ.ജോണിയുടെ ഉടമസ്ഥതയിലുള്ള സൈന്റ്.ജോര്‍ജ്,ജോജി ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള കൊട്ടുകാപ്പള്ളി സാന്റ് ആന്‍ഡ് മെറ്റല്‍സ് െ്രെപവറ്റ് ലിമിറ്റഡ് എന്നീ ക്വാറികളാണ് പ്രധാനമായും ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായിട്ടുള്ളത്.ജോജിക്ക് പാറമട കൂടാതെ ക്രഷര്‍ യൂനിറ്റ് കൂടി ഉണ്ട്.പാറ പൊട്ടിക്കുന്നത് മുതല്‍ കല്ല് ടിപ്പര്‍,ടോറസ് എന്നിവയില്‍ കയറ്റി കൊണ്ടുപോകുന്നതു വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും അമ്പിട്ടന്‍ തരിശിലെ ജനങ്ങളെ ദോഷകരമായി ബാധിക്കുന്നതാണ്.2013 ഒക്ടോബര്‍ 4 നു കല്ല് കയറ്റാനായി അതിവേഗത്തില്‍ ഓടിച്ചു വന്ന ജോജിയുടെ ടിപ്പര്‍ ലോറി ഇടിച്ച് റുബീന എന്ന സ്ത്രീ മരണപ്പെട്ടിരുന്നു.അമ്പിട്ടന്‍ തരിശിലെ ഗ്രാമീണ റോഡുകള്‍ക്ക് താങ്ങാന്‍ കഴിയുന്നതിനും അപ്പുറമുള്ള ഗതാഗതമാണ് ക്വാറികള്‍ മൂലം ഉണ്ടാകുന്നത്.ദിനംപ്രതി 250 ഓളം ട്രിപ്പുകളാണ് ക്വാറികളില്‍ നിന്നും നടക്കുന്നത്.റോഡുകള്‍ തകരുന്നതിനു ഇത് കാരണമാകുന്നുണ്ട്.റോഡിന്റെ വശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കുടിവെള്ള പൈപ്പുകള്‍ പൊട്ടി കുടിവെള്ള വിതരണം തടസ്സപ്പെടുന്നതിനും ഈ ഗതാഗത ബാഹുല്യം കാരണമാകുന്നു.
അമ്പിട്ടന്‍തരിശിലെ ജനത നേരിടുന്ന ഒരു പ്രധാന പ്രശ്‌നം ക്വാറികളില്‍ നടക്കുന്ന വലിയ സ്‌ഫോടനങ്ങള്‍ മൂലം വീടുകള്‍ക്കുണ്ടാകുന്ന തകര്‍ച്ചയാണ്. നിയമം അനുശാസിക്കുന്ന യാതൊരു നിബന്ധനയും പാലിക്കാതെയാണ് പാറമട പ്രവര്‍ത്തിക്കുന്നത്. 27 സ്‌ഫോടനങ്ങള്‍ വരെ ഒരേസമയം ജോജിയുടെ പാറമടയില്‍ നടത്തുന്നതായി ജനങ്ങള്‍ അറിയിച്ചു. ഈ പ്രദേശത്തെ 20 ഓളം വീടുകളുടെ ചുമരുകള്‍ക്ക് വിള്ളലുണ്ടാകുന്നതിനു ഇത് കാരണമായിട്ടുണ്ട്.ഓടു മേഞ്ഞ വീടുകളുടെ മേല്‍ക്കൂരയ്ക്കു കേടുപാടുകള്‍ വരുന്ന സംഭവങ്ങളും അന്വേഷണ സംഘത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. 72 വീടുകള്‍ ഉള്ള കോളനിയില്‍ ഇപ്പോള്‍ 42 വീടുകളില്‍ മാത്രമാണ് താമസക്കാരുള്ളത്. അതില്‍ 21 കുടുംബങ്ങള്‍ പട്ടിക വര്‍ഗ്ഗക്കാരാണ്. കോളനിയുടെ തൊട്ടടുത്തുള്ള പാറമടയുടെ പ്രവര്‍ത്തനഫലമായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും കഷ്ടതകളും മൂലമാണ് താമസക്കാര്‍ ഒഴിഞ്ഞുപോയിട്ടുള്ളത്. കോളനി നില്‍ക്കുന്നത് പാറയുടെ മുകളിലാണ്.കെ.എസ്.എം ഉടമ ജോജി കൊളനിയിലെ ചാമിയുടെയും ബാബുവിന്റെയും രണ്ടു വീടുകള്‍ വാങ്ങിച്ചതായി അറിയുന്നു.അതുകൂടാതെ എം.ഈ.മീരാന്‍ എന്നയാളില്‍ നിന്നും കോളനിയോടു ചേര്‍ന്ന് കിടക്കുന്ന 2.5 ഏക്കര്‍ ഭൂമിയും ജോജി വാങ്ങിച്ചിട്ടുണ്ട്.ഈ ഭൂമിയില്‍ പാറമടയില്‍ നിന്നുള്ള മാലിന്യങ്ങളും മട്ടിക്കല്ലും കൂനകളായി നിക്ഷേപിച്ചിരിക്കുകയാണ്.കൊളനിവാസികളെ അവരുടെ വാസസ്ഥലത്തെ ജീവിതം ദുസ്സഹമാക്കി സ്വയം ഒഴിഞ്ഞുപോകാന്‍ നിര്ബന്ധിതരാക്കാന്‍ വേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നത്.കോളനി നില്‍ക്കുന്ന പാറ ലക്ഷ്യം വച്ചു കൊണ്ടാണ് ജോജി ഇപ്രകാരം ചെയ്യുന്നത്. പട്ടികജാതിപട്ടികവര്‍ഗ്ഗ അതിക്രമങ്ങള്‍ നിരോധന നിയമം അനുസരിച്ചു ശിക്ഷാര്‍ഹമായ പ്രവര്‍ത്തിയാണിത്.കോളനിയില്‍ താമസിക്കുന്നവരെ സംബന്ധിച്ചിടത്തോളം വീടുകളുടെ തകര്‍ച്ച രൂക്ഷവും വലിയ ഭയാശങ്കകള്‍ക്ക് കാരണവുമായിട്ടുണ്ട്. കൂലിപണിക്കാരും, റബ്ബര്‍ ടാപ്പിംഗ് തൊഴിലാളികളുമായിട്ടുള്ള കോളനിവാസികള്‍ക്ക് വീടുകളുടെ തകര്‍ച്ച വലിയ സാമ്പത്തിക ബാധ്യത വരുത്തി വെക്കും.അതുകൊണ്ട് തന്നെ ക്വാറികളുടെ പ്രവര്‍ത്തനം ഉടനടി നിറുത്തിവെക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു.ക്വാറികള്‍ റെവന്യു ഭൂമിയിലാണെന്ന് അന്വേഷണ സംഘത്തോട് സര്‍വേ രേഖകള്‍ കാണിച്ചുകൊണ്ട് ജനങ്ങള്‍ പറയുകയുണ്ടായി. കോളനിയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളുടെ ഭയാശങ്കകള്‍ ന്യായമാണെന്നാണ് അന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടത്.
85% ജനങ്ങളും ഉപജീവനത്തിന് ആശ്രയിക്കുന്നത് റബ്ബര്‍ കൃഷിയാണ്.ചെറുകിടഇടത്തരം റബ്ബര്‍ കൃഷിക്കാരും റബ്ബര്‍ തോട്ടങ്ങളില്‍ ടാപ്പിംഗ് തൊഴിലാളികളായി പണിയെടുക്കുന്നവരും ആണ് ഇവിടത്തെ ഭൂരിഭാഗം ജനങ്ങളും. പാറമടയുടെയും ക്രഷര്‍ യൂണിറ്റിന്റെയും പ്രവര്‍ത്തനഫലമായി ഈ പ്രദേശങ്ങളില്‍ അന്തരീക്ഷത്തില്‍ വ്യാപകമായി പാറപ്പൊടി കലരുന്നതിനു ഇടയാകുന്നുണ്ട് .പാറപ്പൊടി റബ്ബര്‍ വൃക്ഷങ്ങളിലും മറ്റും പറ്റി പിടിച്ചിരിക്കുന്നത് ഈ പ്രദേശത്തെ റബ്ബര്‍ കൃഷിയെ ദോഷകരമായി ബാധിക്കുന്നുണ്ട്. പാറപ്പൊടി കലര്‍ന്ന അന്തരീക്ഷത്തില്‍ ജീവിക്കുന്നത് കൊണ്ട് ആസ്ത്മ , ശരീരമാസകലം ചൊറിഞ്ഞു പൊട്ടുക , ശ്വാസംമുട്ടല്‍ , ശരീരമാസകലം വൃണങ്ങള്‍ തുടങ്ങിയ ദേഹാസ്വാസ്ഥ്യങ്ങളും അസുഖങ്ങളും വ്യാപകമാകുന്നുണ്ട് . കൊച്ചു കുട്ടികള്‍ക്കും , പ്രായമായവര്‍ക്കും ഈ അസുഖങ്ങള്‍ മൂലം രാത്രി ഉറക്കം നഷ്ട്ടപ്പെടുന്ന അവസ്ഥയും തുടര്‍ച്ചയായി മരുന്നിനെ ആശ്രയിക്കേണ്ട അവസ്ഥയുമാണുള്ളത്. ക്രഷര്‍ യുണിറ്റില്‍ നിന്നും തുറന്ന ടിപ്പര്‍ ലോറികളില്‍ വേണ്ടരീതിയില്‍ മറയ്ക്കാതെയാണ് പാറപ്പൊടി കടത്തുന്നത് . അന്വേഷണ സംഘത്തിന്റെ സന്ദര്‍ശന വേളയില്‍ത്തന്നെ പോലീസിനു മുന്‍പിലൂടെ തന്നെ ഇത്തരം ടിപ്പറുകള്‍ കടന്നു പോവുന്നുണ്ടായിരുന്നു.
വര്‍ഷത്തില്‍ മുഴുവന്‍ സമയത്തും ജലലഭ്യതയുള്ള സ്ഥലമായിരുന്നു അമ്പിട്ടന്‍തരിശ്.എന്നാല്‍ പാറമടയില്‍ പാറപ്പൊടി ശുദ്ധീകരിക്കാന്‍ വേണ്ട വെള്ളത്തിനായി ഏകദേശം 6 മീറ്റെര്‍ ആഴത്തില്‍ വലിയ ഒരു കുളം നിര്‍മ്മിച്ചതായി അന്വേഷണ സംഘം കണ്ടു.ഈ കുളം നിര്‍മ്മിച്ചതിനു ശേഷം ഈ പ്രദേശത്ത് കിണറുകളില്‍ വെള്ളം വറ്റുകയും കടുത്ത ജലക്ഷാമം നേരിടുകയുമാണ്.വാസ്തവത്തില്‍ ഇവിടെ പാറ പൊട്ടിക്കലല്ല നടക്കുന്നത് , മറിച്ച് മൈനിംഗ് നിയമങ്ങള്‍ കാറ്റില്‍ പറത്തി കൊണ്ടുള്ള ഖനനം തന്നെയാണ്.
കിഴക്കഞ്ചെരി പഞ്ചായത്ത് ഭരിക്കുന്നത് സി.പി.ഐ (എം) ആണ്. അമ്പിട്ടന്‍തരിശിലെ മഹാ ഭൂരിപക്ഷം ജനങ്ങളും സി.പി.ഐ (എം) അനുഭാവികളാണ്.എന്നാല്‍ രാഷ്ട്രീയ നേതൃത്വം ക്വാറിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ജനങ്ങളുടെ പ്രതിഷേധത്തോട് സര്‍ക്കാരിന്റെ വിവിധ എജെന്‍സികള്‍ പ്രത്യേകിച്ചു പോലീസ് എടുത്തിട്ടുളള നിലപാട് അങ്ങേയറ്റം ജനവിരുദ്ധവും പ്രതിഷേധാര്‍ഹവും ആണ് .പ്രതിഷേധത്തെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവച്ച പാറമടകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനുള്ള സഹായമാണ് ആര്‍ ഡി ഒ അടക്കമുള്ള സിവില്‍ ഭരണാധികാരികള്‍ ചെയ്തു കൊടുത്തത്. പോലീസ് ആകട്ടെ പ്രതിഷേധിക്കുന്ന ജനങ്ങളെ ഭീഷണിപ്പെടുത്തി പ്രതിഷേധത്തെ ഇല്ലാതാക്കാന്‍ ആണ് ശ്രമിച്ചത് . റുബീന മരണപ്പെട്ട റോഡപകടത്തെ തുടര്‍ന്ന് ജനങ്ങളുടെ പ്രതിഷേധം ശക്തമാകുകയും ജനങ്ങള്‍ ക്വാറിയില്‍നിന്നുള്ള ടിപ്പര്‍ ലോറികള്‍ തടയുകയും ചെയ്തിരുന്നു .ഇതിനെ തുടര്‍ന്ന് പ്രശ്‌നത്തില്‍ ഇടപെട്ട പോലീസ് അമ്പിട്ടന്‍തരിശിലെ വീടുകളില്‍ കയറിയിറങ്ങി ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത് .പോലീസിന്റെ ശല്യം സഹിക്കവയ്യാതെ ക്വാറിക്കെതിരെയുള്ള സമരത്തിനു നേതൃത്വം കൊടുക്കുന്ന അമ്പിട്ടന്‍തരിശ് ആക്ഷന്‍ കൌണ്‍സില്‍ന്റെ പേരില്‍ കേരള ഹൈക്കോടതി മുന്‍പാകെ ംു(ര) 29816 / 13 ആയി കേസ് കൊടുത്തിരുന്നു .ആ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയില്‍ ആണ്.
ഡിസംബര്‍ പത്തിന് ആക്ഷന്‍ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ:തുഷാര്‍ നിര്‍മ്മല്‍ സാരഥി, പോരാട്ടം സംസ്ഥാന ജോയിന്റ് കണ്‍വീനര്‍ സി.എ.അജിതന്‍ , സി പി എം നിയന്ത്രണത്തിലുള്ള ആദിവാസി ക്ഷേമസമിതി തൃശൂര്‍ ജില്ലാ സെക്രട്ടറി അയ്യപ്പന്‍ കുട്ടി എന്നിവര്‍ പങ്കെടുത്തിരുന്നു .പിറ്റേന്ന് മുതല്‍ മംഗലം ഡാം പോലീസ് സ്‌റ്റെഷനിലെ പോലീസുകാരും സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥരും അമ്പിട്ടന്‍തരിശിലെ വീടുകള്‍ കയറിയിറങ്ങി പുറത്തു നിന്ന് ആരെയും അമ്പിട്ടന്‍തരിശിലെ ക്വാറി വിരുദ്ധ സമരത്തില്‍ പങ്കെടുപ്പിക്കരുതെന്നും അവരെല്ലാം തീവ്രവാദികള്‍ ആണെന്നും പറഞ്ഞു ജനങ്ങളെ ഭയപ്പെടുത്തുകയായിരുന്നു. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് താല്ക്കാലികമായി നിര്‍ത്തി വച്ച ക്വാറികളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചതില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 30 നു ക്വാറികളിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു . മാര്‍ച്ചില്‍ ആക്ഷന്‍ കൌണ്‍സില്‍ ക്ഷണിച്ചത് പ്രകാരം അഡ്വ:തുഷാര്‍ നിര്‍മ്മല്‍ സാരഥി, സി.എ.അജിതന്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് ക്വാറികളില്‍ നിന്നുള്ള വണ്ടികള്‍ക്ക് മാര്‍ഗ്ഗ തടസ്സം ഉണ്ടാക്കി എന്ന കുറ്റം ആരോപിച്ച് 20 ഓളം ആളുകള്‍ക്കെതിരെ മംഗലം ഡാം പോലിസ് കേസ് എടുത്തിട്ടുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസുകാരും മംഗലം ഡാം പോലിസ് സ്‌റ്റെഷനിലെ പോലീസുകാരും അമ്പിട്ടന്‍തരിശിലെ വീടുകളില്‍ കയറിയിറങ്ങി ഭീഷണിപ്പെടുത്തി.അഡ്വ.തുഷാര്‍ നിര്‍മ്മല്‍ സാരഥിയുടെ ഫോണ്‍ നിയമവിരുദ്ധമായി ചോര്‍ത്തുകയും തുഷാര്‍ ഫോണില്‍ വിളിച്ച ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുഷാറും അജിതനും മാവോയിസ്റ്റ് ബന്ധമുള്ളവരാണെന്നും അവരുമായി ബന്ധപ്പെട്ടാല്‍ തീവ്രവാദി കേസ്സില്‍ ഉള്‍പ്പെടുത്തി ജയിലിലാക്കുമെന്നും പറഞ്ഞാണ് പോലിസ് ഭീഷണിപ്പെടുത്തിയത്. അത് കൂടാതെ വയനാടും മറ്റും മാവോയിസ്റ്റുകളെ കണ്ടെന്ന വാര്‍ത്തയെ തുടര്‍ന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസ് അമ്പിട്ടന്‍തരിശില്‍ വ്യാപകമായി ഒട്ടിക്കുകയും ഇനി പുറത്തുനിന്നും ആരെങ്കിലും വരികയാണെങ്കില്‍ ഉടന്‍ പോലിസിനെ വിവരമറിയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.തുഷാറിനെ ഫോണില്‍ വിളിച്ചു സംസാരിച്ചതിന്റെ പേരില്‍ ആക്ഷന്‍ കൌണ്‍സില്‍ കണ്‍വീനര്‍ പി.കെ.രാജന്റെ മകന്‍ രതീഷിന്റെ പാസ്‌പോര്‍ട്ട് മംഗലം ഡാം പോലിസ് സ്‌റ്റേഷനില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു.രതീഷ് വിദേശത്തു ജോലിക്ക് പോകാന്‍ നില്‍ക്കുകയാണെന്ന് അറിഞ്ഞുകൊണ്ട് ഭയപ്പെടുത്താന്‍ വേണ്ടി തന്നെയാണ് പോലിസ് ഇപ്രകാരം ആവശ്യപ്പെട്ടതെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. മാര്‍ച്ചില്‍ പങ്കെടുക്കാനായി 29.12.13 നു അമ്പിട്ടന്‍തരിശില്‍ എത്തിയ തുഷാറും അജിതനും കോളനിയില്‍ ഉള്ള നാരായണന്‍ എന്നയാളുടെ വീട്ടിലാണ് രാത്രി തങ്ങിയത്. ഇതിനെ തുടര്‍ന്ന് നാരായണനെ മംഗലം ഡാം പോലിസ് ഭീഷണിപ്പെടുത്തുകയുണ്ടായി. തീവ്രവാദികളെ വീട്ടില്‍ പാര്‍പ്പിച്ചതിന് നാരായണന്റെ പേരില്‍ കേസ്സ് എടുത്തിട്ടുണ്ടെന്നും സ്‌റ്റേഷനില്‍ ഹാജരാവണമെന്നും പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്. എന്നാല്‍ മംഗലം ഡാം പോലിസ് സ്‌റ്റേഷനില്‍ അപ്രകാരം ഒരു കേസും നിലവിലില്ലെന്ന് അന്വേഷണ സംഘത്തിനു മനസ്സിലാക്കാനായത്. നാരായണനെയും നാട്ടുകാരെയും ഭയപ്പെടുത്തി ക്വാറിക്കെതിരെ സമരം ചെയ്യുന്നതില്‍ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കാന്‍ വേണ്ടിയാണ് പോലിസ് ഇപ്രകാരം പ്രവര്‍ത്തിച്ചത്.
അന്വേഷണ സംഘത്തിന്റെ സന്ദര്‍ശന സമയത്തും അമ്പിട്ടന്‍തരിശില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച്,ലോക്കല്‍ പോലീസ് ഉദ്യോഗസ്ഥരുടെ കനത്ത സാന്നിധ്യം ഉണ്ടായിരുന്നു .അവര്‍ അന്വേഷണ സംഘത്തോടൊപ്പം സഞ്ചരിക്കുകയും ജനങ്ങളും സംഘവും തമ്മില്‍ നടന്ന ആശയ വിനിമയം നിരീക്ഷിക്കുകയും ചെയ്തു . ക്വാറിക്കെതിരെയും സര്‍ക്കാരിന്റെ നിലപാടിനെക്കുറിച്ചും പോലീസിനെക്കുറിച്ചും അന്വേഷണ സംഘത്തോട് പരാതികള്‍ ഉന്നയിച്ച ആളുകളെ മനസ്സിലാക്കി ഭീഷണിപ്പെടുത്തുന്നതിന് വേണ്ടിയാണ് പോലീസ് ഇപ്രകാരം ചെയ്തത് എന്ന് അന്വേഷണ സംഘം സംശയിക്കുന്നു .അമ്പിട്ടന്‍തരിശിലെ ജനങ്ങളെ ഒന്നടങ്കം ഭീതിയുടെ മുള്‍മുനയില്‍ നിറുത്തുന്ന പ്രചാരണ കോലാഹലമാണ് പോലിസ് ഇവിടെ നടത്തിയത്. ഭയന്നു പോയ പലരും അന്വേഷണ സംഘത്തിന്റെ വരവിനെ കുറിച്ച് അറിഞ്ഞ് മുന്‍കൂട്ടി തന്നെ സ്ഥലത്ത് നിന്നും മാറി നില്‍ക്കുകയായിരുന്നു. പോലിസിനെ പേടിച്ചാണ് അവര്‍ ഇപ്രകാരം മാറി നിന്നത്. അത്രമാത്രം ഭീകരാന്തരീക്ഷമാണ് ക്വാറി ഉടമകളെ സഹായിക്കാനായി പോലിസ് സൃഷ്ടിച്ചത്. ഈ സാഹചര്യത്തില്‍ താഴെപറയുന്ന അടിയന്തിര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു .
1. അമ്പിട്ടന്‍തരിശിലെ ജനങ്ങളുടെ ജീവിതം ദുരിതമയമാക്കുന്ന എം .ജെ. ജോണിയുടെ ഉടമസ്ഥതയിലുള്ള സൈന്റ്.ജോര്‍ജ്, ജോജി ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള കൊട്ടുകാപ്പള്ളി സാന്റ് ആന്‍ഡ് മെറ്റല്‍സ് െ്രെപവറ്റ് ലിമിറ്റഡ് എന്നീ ക്വാറികള്‍ മൂലം ഉണ്ടായിട്ടുള്ള പാരിസ്ഥിതിക സാമൂഹിക പ്രശ്‌നങ്ങളെ സംബന്ധിച്ച് സ്വതന്ത്ര ശാസ്ത്രസാങ്കേതിക വിദഗ്ധരും സാമൂഹിക പ്രവര്‍ത്തകരും അടങ്ങിയ സമിതി രൂപീകരിച്ച് വിശദവും സമയബന്ധിതവുമായ അന്വേഷണം നടത്തുക .
2 . അന്വേഷണ കാലയളവില്‍ ക്വാറികളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിര്‍ത്തിവെയ്ക്കുക .
3.പ്രദേശവാസികളുടെ ജീവനെയും സ്വത്തിനെയും സ്വൈര്യ ജീവിതത്തെയും ഗുരുതരമായി ബാധിക്കുന്ന പാറമടകളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നുവാന്‍ ഒരു ഏകീകൃത നിയമം ഇന്ന് നിലവിലില്ല. തണ്ണീര്‍ത്തടങ്ങളും നെല്‍വയലും പോലെ തന്നെ കുന്നുകള്‍ സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ അടിയന്തിരമായി നിയമ നിര്‍മ്മാണം നടത്തുക.
4. പോലീസ് അമ്പിട്ടന്‍തരിശില്‍ നടത്തിക്കൊണ്ടിരിക്കുന്ന നിയമവിരുദ്ധവും ജനവിരുദ്ധവുമായ ഇടപെടലുകള്‍ ഉടനടി അവസാനിപ്പിക്കുക.
5. അഡ്വ : തുഷാര്‍ നിര്‍മ്മല്‍ സാരഥിയുടെ ഫോണ്‍ ചോര്‍ത്തുകയും കോള്‍ ഡീറ്റയില്‍സ് എടുത്തു അദേഹത്തിന്റെ കോണ്ടാക്റ്റ് ലിസ്റ്റിലുള്ള ആളുകളെ വിളിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്ത മംഗലം ഡാം പോലീസിന്റെ നടപടി ഗുരുതരമായ മനുഷ്യാവകാശ ലംഘനവും നിയമവിരുദ്ധവുമാണ്. ഗുരുതരമായ ഈ നിയമലംഘനത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി മാതൃകാപരമായി ശിക്ഷിക്കുക.
6. ജനകീയസമരങ്ങളില്‍ ഗുരുതരമായ ക്രമസമാധാന പ്രശന്ങ്ങള്‍ ഉണ്ടാകുമ്പോള്‍ അല്ലാതെ പോലീസ് ഇടപെടുന്നത് അടിയന്തിരമായി അവസാനിപ്പിക്കുക. പോലീസിന്റെ ഇടപെടല്‍ ന്യായമായ ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള ജനങ്ങളുടെ സമരത്തെ ക്രിമിനല്‍വല്‍ക്കരിക്കുകയാണ് ചെയ്യുന്നത് .ഇത് സംഘടിക്കാനും പ്രതിഷേധിക്കാനും ഉള്ള ജനങ്ങളുടെ അവകാശത്തെ പിന്നോട്ടു വലിക്കുന്നു. ഒരു ജനാധിപത്യ സമൂഹത്തിന് ഒട്ടും അനുയോജ്യമല്ലാത്ത ഈ പ്രവണത ഇപ്പോള്‍ നമ്മുടെ സമൂഹത്തില്‍ വര്‍ദ്ധിച്ചു വരികയാണ്. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ഭരണകൂടത്തിന്റെ ഉത്തരവാദിത്തം ഭരണഘടനാപരമായ ബാധ്യതയാണ് . ജനകീയ സമരങ്ങളില്‍ പോലീസിന്റെ അന്യായമായ ഇടപെടലുകള്‍ ഉടനടി അവസാനിപ്പിച്ചു കൊണ്ട് കേരളസര്‍ക്കാര്‍ ഭരണഘടനയുടെ അന്തസത്ത ഉയര്‍ത്തിപ്പിടിക്കണം.
7. കിഴക്കഞ്ചേരി പഞ്ചായത്തില്‍ ജിയോളജി വകുപ്പിന്റെ അംഗീകാരത്തോടുകൂടി പ്രവര്‍ത്തിക്കുന്ന 5 പാറമടകളാണ് ഉള്ളതെന്ന് വിവരാവകാശപ്രകാരം ലഭിച്ച രേഖ പറയുന്നു.എന്നാല്‍ ഏകദേശം 40 ഓളം ക്വാറികള്‍ ഈ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നതായിട്ടാണ് ജനങ്ങള്‍ പറയുന്നത്. കിഴക്കഞ്ചേരി പഞ്ചായത്തില്‍ നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മുഴുവന്‍ പാറമടകളെ കുറിച്ചും വിശദമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply