കോലാഹലങ്ങള്‍ ആര്‍ക്കുവേണ്ടി?

ഡോ. വിഎസ് വിജയന്‍ / ജേക്കബ് ബെഞ്ചമിന്‍ ഗാഡ്ഗില്‍ – കസ്തൂരിഗംഗന്‍ റിപ്പോര്‍ട്ടുകള്‍ സൃഷ്ടിച്ച കോലാഹലങ്ങള്‍ തുടരുമ്പോള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ ശില്പികളില്‍ ഒരാളായ ഡോ. വി എസ് വിജയനുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന് പ്രഫ. മാധവ് ഗാഡ്ഗില്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിരാകരിച്ച് കസ്തൂരി രംഗന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചിരിക്കുന്നത്. എന്നാല്‍ കേരളത്തില്‍ പ്രത്യേകിച്ച് മലയോര മേഖലയിലെ ജനങ്ങള്‍ രണ്ട് സമിതികളുടെയും റിപ്പോര്‍ട്ടുകളെ എതിര്‍ക്കുകയാണ്. അക്കാര്യത്തില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും മതസ്ഥാപനങ്ങളും കൈകോര്‍ത്തിരിരിക്കുകയാണ്. രണ്ട് […]

21idkgij01--_ec_22_1626532e

ഡോ. വിഎസ് വിജയന്‍ / ജേക്കബ് ബെഞ്ചമിന്‍
ഗാഡ്ഗില്‍ – കസ്തൂരിഗംഗന്‍ റിപ്പോര്‍ട്ടുകള്‍ സൃഷ്ടിച്ച കോലാഹലങ്ങള്‍ തുടരുമ്പോള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ ശില്പികളില്‍ ഒരാളായ ഡോ. വി എസ് വിജയനുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന്

പ്രഫ. മാധവ് ഗാഡ്ഗില്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിരാകരിച്ച് കസ്തൂരി രംഗന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചിരിക്കുന്നത്. എന്നാല്‍ കേരളത്തില്‍ പ്രത്യേകിച്ച് മലയോര മേഖലയിലെ ജനങ്ങള്‍ രണ്ട് സമിതികളുടെയും റിപ്പോര്‍ട്ടുകളെ എതിര്‍ക്കുകയാണ്. അക്കാര്യത്തില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും മതസ്ഥാപനങ്ങളും കൈകോര്‍ത്തിരിരിക്കുകയാണ്. രണ്ട് സമിതികളുടെയും റിപ്പോര്‍ട്ടുകള്‍ക്കെതിരെ പ്രധാനമായും ഉയര്‍ന്നിരിക്കുന്ന ആക്ഷേപം രണ്ട് റിപ്പോര്‍ട്ടുകളിലും സാധാരണക്കാരായ മനുഷ്യരുടെ വികാരം പ്രതിഫലിക്കുന്നില്ല എന്നാണ്. പരിസ്ഥിതിയുടെ സംരക്ഷണം മാത്രമാണ് പരിഗണനയില്‍ വന്നിട്ടുള്ളത് എന്നുമാണ്. കൃഷിക്കാരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാത്ത ഏതാനും ഉദ്യോഗസ്ഥരുടെ സൃഷ്ടി മാത്രമായ ഒന്നാണ് അവ എന്നുമാണ്. ഇത് ശരി വയ്ക്കാന്‍ കഴിയുമോ?
കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ ഒരു പക്ഷെ അത് ശരിയായിരിക്കാം. എന്നാല്‍ പ്രഫ. മാധവ് ഗാഡ്ഗില്‍ കമ്മിറ്റിയുടെ കാര്യത്തില്‍ അത് അംഗീകരിക്കാന്‍ സാധിക്കില്ല. കാരണം ഗാഡ്ഗില്‍ കമ്മിറ്റിയുടെ കാഴ്ചപ്പാട് സംരക്ഷിതമായ ഒരു പരിസ്ഥിതിയില്‍ മനുഷ്യന്റെ നിലനില്‍പ്പും സംരക്ഷിക്കപ്പെടണം എന്നതാണ്. മനുഷ്യന് നിലനില്‍ക്കണമെങ്കില്‍ പരിസ്ഥിതി ആവശ്യമാണ്. പരിസ്ഥിതിക്ക് നിലനില്‍ക്കാന്‍ മനുഷ്യന്റെ ആവശ്യമില്ല. അതുകൊണ്ട് മനുഷ്യന്റെ നിലനില്‍പ്പ് പരിസ്ഥിതിയുടെ നില നില്‍പ്പിനെ മാത്രം ആശ്രയിച്ചുള്ളതാണ്. അതിന് പരിസ്ഥിതി സംരക്ഷിക്കപ്പെടുകതന്നെ വേണം. അതിനുള്ള നിര്‍ദ്ദേശങ്ങളാണ് ഗാഡ്ഗില്‍ കമ്മിറ്റി മുന്നോട്ടു വച്ചത്. മനുഷ്യന്റെ നന്മയാണ് അതില്‍ ലക്ഷ്യംവച്ചിട്ടുള്ളത്. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് മനുഷ്യനുമായി ചേര്‍ന്നുള്ള ഒരു വികസന സംവിധാനം ഉരുത്തിരിയണം എന്ന കാഴ്ചപ്പാടോടെയാണ് നിര്‍ദ്ദേശങ്ങള്‍ സ്വരൂപിച്ചിട്ടുള്ളത്. അതിനെ ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ കുപ്രചരണങ്ങളിലൂടെ തെറ്റിധാരണകള്‍ പ്രചരിപ്പിച്ച് ജനങ്ങളെ ഇളക്കിവിട്ട് കോലാഹലങ്ങള്‍ ഉണ്ടാക്കുകയാണ്. ഇവര്‍ക്ക് സത്യത്തില്‍ മറ്റ് താത്പ്പര്യങ്ങളാണുള്ളത്. കര്‍ഷകരുടെ സംരക്ഷകരല്ല ഇപ്പോള്‍ പ്രക്ഷോഭവുമായി രംഗത്തുള്ളത്. കര്‍ഷകര്‍ അത് തിരിച്ചറിയുമ്പോഴേക്കും അവര്‍ക്ക് അവരുടെ വിളനിലം പോലും നഷ്ടപ്പെട്ടിരിക്കും എന്ന് തിരിച്ചറിയണം. പിന്നെ ഒരൂ കാര്യം, പ്രശ്‌നങ്ങളെ രാഷ്ട്രീയമായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ്.
എന്താണ് ഭാവിയില്‍ സംഭവിക്കുന്ന പാരിസ്ഥിക പ്രത്യാഘാതങ്ങള്‍?
ഇപ്പോള്‍ തന്നെ നമ്മുടെ ഹില്‍ സ്റ്റേഷനുകളില്‍ മുമ്പത്തേക്കാളും ചൂട് കൂടിയിരിക്കുന്നതായാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. മഴ നന്നേ കുറഞ്ഞിരിക്കുന്നു. ഇതൊക്കെ വെറുതെ പറയുന്നതല്ല. നമ്മള്‍ സുഖവാസ കേന്ദ്രമെന്ന് മൂന്നാറിനെ പരിഗണിച്ചിരുന്നത് അവിടുത്തെ കാലാവസ്ഥയുടെ സവിശേഷത കൊണ്ടാണ്. മൂന്നാറിലെ ഇപ്പോഴത്തെ കാലാവസ്ഥ എന്താണ്. മുമ്പെങ്ങുമില്ലാത്ത ചൂടല്ലേ. സുഖവാസ കേന്ദ്രം എന്ന ആകര്‍ഷണീയത മൂന്നാറിനു നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു എന്ന മുന്നറിയിപ്പാണ് അവിടുത്തെ കാലാസ്ഥയിലെ വ്യതിയാനം നല്‍കുന്നത്. കൂടുതല്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ മൂന്നാറില്‍ നിറഞ്ഞതോടെ അന്തരീക്ഷാവസ്ഥയില്‍ തന്നെ വലിയ മാറ്റമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഈ അവസ്ഥ തുടര്‍ന്നാല്‍ മൂന്നാറിന്റെ പ്രസക്തിതന്നെ ഇല്ലാതാകും.
ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശകളല്ല, മറിച്ച് കസ്തൂരി രംഗന്‍ സമിതി ശുപാര്‍ശകളാണ് ഉദ്യോഗസ്ഥ സൃഷ്ടിയായ റിപ്പോര്‍ട്ട് എന്ന് താങ്കള്‍ പറയാന്‍ കാരണം?
പ്രധാനമായും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പശ്ചിമഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച കാര്യങ്ങളില്‍ ജനങ്ങള്‍ക്കുള്ള അവകാശങ്ങള്‍ അംഗീകരിക്കുന്നില്ല. പശ്ചിമഘട്ട പ്രദേശങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുന്നതിന് ഗാഡ്ഗില്‍ സമിതി ജനങ്ങള്‍ക്ക് പൂര്‍ണ്ണ അധികാരം നല്‍കുമ്പോള്‍ കസ്തൂരി രംഗന്‍ സമിതി ജനങ്ങളുടെ അധികാരത്തെ നിരാകരിക്കുകയാണ് ചെയ്യുന്നത്. ഇപ്പോള്‍ നിലനില്‍ക്കുന്ന നിയമം തന്നെ നടപ്പാക്കാനാണ് കസ്തൂരി രംഗന്‍ നിര്‍ദ്ദേശിക്കുന്നത്. അതായത് പരിസ്ഥിത ലോല പ്രദേശങ്ങളില്‍ ഒരു വികസന പ്രവര്‍ത്തനവും അനുവദിച്ചു കൂടാ എന്ന നിലവിലെ നിയമം. ഇത്തരം ഒരു നിയമം നില്‍ക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് എന്ത് ചെയ്യാനാകും. അന്തിമ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ഉദ്യോഗസ്ഥര്‍ക്കാണ് അധികാരം. ഇത് ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന് കൂടുതല്‍ പിന്തുണയാണ് നല്‍കുന്നത്. ബ്രിട്ടീഷ് കോളനി വാഴ്ചക്കാലത്തേതുപോലെ. ഗാഡ്ഗില്‍ കമ്മിറ്റി ഇതിനെതിരാണ്. ജനങ്ങളെ അവരുടെ ആവാസ വ്യവസ്ഥയില്‍ നിലനിര്‍ത്തിക്കാണ്ടുതന്നെ അവരുടെ ജിവിതത്തിനും പരിസ്ഥിതിയുടെ നിലനില്‍പ്പിനും ദോഷം വരുത്താതെ സംരക്ഷിക്കുകയെന്നതാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മുന്നോട്ടു വയ്ക്കുന്നത്. അതായത് ഗാഡിഗില്‍ കമ്മിറ്റി അധികാരം താഴേത്തട്ടില്‍ നിന്ന് മുകളിലേക്ക് തുടങ്ങണം എന്നു പറയുമ്പോള്‍ കസ്തൂരി രംഗന്‍ സമിതി അധികാരം മേലേത്തട്ടില്‍ നിന്ന് താഴേക്ക് അടിച്ചേല്‍പ്പിക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നത്. കൂടുതല്‍ വ്യക്തമാക്കിയാല്‍ ജനങ്ങള്‍ ഉദ്യോഗസ്ഥരുടെ കരുണ്യത്തിനായ് യാചിച്ചു നില്‍ക്കേണ്ട സാഹചര്യം ഉണ്ടാകുമെന്ന് ചുരുക്കം.
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ജനപക്ഷത്താണെന്നു അങ്ങ് അവകാശപ്പെടുന്നു. എന്നാല്‍ ആ അവകാശവാദത്തെ ചോദ്യം ചെയ്യുന്ന തരത്തിലാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ ആക്ഷപങ്ങള്‍ ഉയരുന്നത്. അതായത്, ജനങ്ങളുമായി നേരിട്ടോ ജനപ്രതിനിധികള്‍ വഴിക്കോ ചര്‍ച്ചയെയൊന്നും നടത്താതെയാണ് ഗാഡിഗില്‍ സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് ആക്ഷേപം. ഇത് ശരിയാണോ?
ജനങ്ങളെ കാണുകയോ ജനങ്ങളുമായി ചര്‍ച്ച നടത്തുകയോ ചെയ്തിട്ടില്ല എന്ന വാദം ഒരിക്കലും ശരിയല്ല. ഗോവ മുതല്‍ കന്യാകുമാരി വരെ ഒന്നായി കിടക്കുന്ന പശ്ചിമഘട്ടത്തെ ഒന്നായി കണ്ടുകൊണ്ടാണ് സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കേരളത്തെ മാത്രമായി കണ്ടല്ല. അഞ്ചോളം സംസ്ഥാനങ്ങളിലായി വിശാലമായി പരന്നു കിടക്കുന്ന പ്രദേശത്തെ ഓരോ ഗ്രാമത്തിലെയും ജനങ്ങളുമായി കൂടിക്കാഴ്ച നടത്തി ഒരു പഠന റിപ്പോര്‍ട്ട് സമയബന്ധിതമായി തയ്യാറാക്കുയെന്നത് എളുപ്പമല്ല. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം ഒരു വര്‍ഷത്തെ കാലാവധിയാണ് സമിതിക്ക് അനുവദിച്ചിരുന്നത്. ഒരു വര്‍ഷം കൊണ്ട് പശ്ചിമഘട്ടപ്രദേശങ്ങളിലെ ജനങ്ങളുമായി നേരിട്ട് സംവദിച്ച് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആര്‍ക്കും സാധിക്കില്ല. എന്നിട്ടും ആറ് മാസത്തെ കാലാവധി നീട്ടി ലഭിച്ചിട്ടാണ് സമിതിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ സാധിച്ചത്. പിന്നെ പ്രധാനമായും ഒരു കാര്യം പറയാനുള്ളത് ഗാഡ്ഗില്‍ കമ്മിറ്റി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളത് പശ്ചിമഘട്ട സംരക്ഷണത്തിനുള്ള അജണ്ട മാത്രമാണ്. അത് നിയമം ആക്കണമെന്ന് സമിതി നിര്‍ദ്ദേശിച്ചിട്ടില്ല. ജനങ്ങളുമായി ചര്‍ച്ച ചെയ്യാനുള്ള വിഷയങ്ങളാണ് സമിതി നിര്‍ദ്ദേശങ്ങളായി സമിര്‍പ്പിച്ചിട്ടുള്ളത്. സമിതി റിപ്പോര്‍ട്ടിനെക്കുറിച്ച് തെറ്റിധരിപ്പിക്കലാണ് നടന്നു കൊണ്ടിരിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ ഗാഡ്ഗില്‍ ശുപാര്‍ശകള്‍ മനസ്സിലാക്കി തുടങ്ങിയാല്‍ അവരുടെ നിലപാടില്‍ മാറ്റം വരുമെന്നു തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ. ഇപ്പോള്‍ തന്നെ അതിന്റെ സൂചനകള്‍ കണ്ടു തുടങ്ങിയിട്ടുണ്ട് എന്നത് ആശാവഹമാണ്.
ഏതെങ്കിലും പ്രദേശങ്ങളിലെ ജനങ്ങളില്‍ നിന്ന് സമിതി നേരിട്ട് തെളിവെടുപ്പ് നടത്തിയിരുന്നുവോ?
കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം മൂന്നു കാര്യങ്ങളാണ് സമിതിയെ ഏല്‍പ്പിച്ചിരുന്നത്. കേരളത്തില്‍ അതിരപ്പള്ളി പദ്ധതി സംബന്ധിച്ച് കാര്യം. പിന്നെ മഹാരാഷ്ട്രയിലെ സിന്ധ് ദുര്‍ഗ, ഗുണ്ടിയ മേഖലകളിലെ താപ വൈദ്യുത നിലയങ്ങള്‍ സംബന്ധിച്ച്, കൂടാതെ കര്‍ണാടകയിലെ രത്‌നഗിരി എന്ന സ്ഥലത്ത് ഇനിയും വ്യവസായ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാമോ എന്നീ വിഷയങ്ങളാണ് സമിതിയുടെ പരിഗണനയ്ക്കായി വന്നത്. ഇത് സംബന്ധിച്ച് നടത്തിയ തെളിവെടുപ്പില്‍ പങ്കെടുത്ത ജനങ്ങള്‍ എല്ലാവരും തന്നെ ഇത്തരം പദ്ധതികള്‍ക്ക് അനുമതി നല്‍കരുതെന്നാണ് ആവശ്യപ്പെട്ടത്. 80 ശതമാനം ജനങ്ങളും ഇത്തരം വ്യവസായ സ്ഥാപനങ്ങളോ താപനിലയങ്ങളോ ആരംഭിക്കാന്‍ അനുവദിക്കരുതെന്നാണ് ആവശ്യപ്പെത്. ജനങ്ങളുടെ ആവശ്യമാണ് ഗാഡ്ഗില്‍ സമിതി പരിഗണിച്ചത്. അപ്പോള്‍ അതെങ്ങിനെയാണ് ജനവിരുദ്ധമായ ഒന്നാകുന്നത്. ഇനി മറ്റൊരു കാര്യം പറയാം. കേന്ദ്രം പുതിയ ജല നയം പ്രഖ്യാപിച്ചു. ഒരു മനുഷ്യന്റെ മൗലികാവകാശത്തിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങളാണ് വായുവും ജലവും മണ്ണും മറ്റും. അതുകൊണ്ടുതന്നെ നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയില്‍ പോലും പ്രത്യേക പരിഗണന ഇവയ്ക്ക് നല്‍കിയിട്ടുമുണ്ട്. എന്നാല്‍ ഇപ്പോള്‍ അത് സ്വകാര്യവത്കരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. നമ്മുടെ ഏതെങ്കിലും ഒരു നിമയസഭാ സാമാജികന്‍ തന്റെ മണ്ഡലത്തിലെ ജനങ്ങളോട് ഇക്കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ച നടത്തിയിട്ടുണ്ടോ? അതിനുള്ള ധാര്‍മിക ഉത്തരവാദിത്വം നിറവേറ്റാന്‍ കഴിയാത്ത ഇവര്‍ പരിസ്ഥിതി സംരക്ഷിക്കുന്ന കാര്യത്തില്‍ മാത്രം ജനങ്ങളുടെ സമ്മതം ആവശ്യപ്പെടുന്നത് നിക്ഷിപ്ത താത്പ്പര്യങ്ങളുടെ അടിസ്ഥാനത്തിലാണെന്നതില്‍ തര്‍ക്കമില്ല.
കേരളത്തില്‍ എവിടെയൊക്കെയാണ് സന്ദര്‍ശനം നടത്തിയത്?
കേരളത്തില്‍ അതിരപ്പള്ളിയിലാണ് സമിതി വിലയിരുത്തിയത്. അതിനായ് 2010ല്‍ തന്നെ അതിരപ്പള്ളിയില്‍ പ്രഫ മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തില്‍ മൂന്നു തവണ ജനങ്ങളുമായി ചര്‍ച്ച നടത്തി. ആ ചര്‍ച്ചകളിലൊക്കെ അവിടുത്തെ പഞ്ചായത്ത് അംഗങ്ങളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പരിസ്ഥിതി സംഘടനകളുടെ പ്രതിനിധികളും, കൂടാതെ വിവിധ വകുപ്പുകളുടെ അതായത് കെഎസ്ഇബി, വനം, ഇറിഗേഷന്‍, ആദിവാസി സമിതികള്‍ തുടങ്ങിയ ഒട്ടുമിക്ക വകുപ്പുകളുടെയും പ്രതിനിധികളും പങ്കെടുത്തിരുന്നു. അന്ന് അതിരപ്പള്ളി പദ്ധതി നടപ്പാക്കണം എന്ന് ആവശ്യപ്പെട്ടത് ചാലക്കുടി എംഎല്‍എ ബി ഡി ദേവസ്സി മാത്രമാണ്. ചര്‍ച്ചയില്‍ പങ്കെടുത്ത വി ടി ബലറാം എംഎല്‍എ പദ്ധതി നടപ്പാക്കുന്നതിനെ വളരെ ശക്തമായി തന്നെ എതിര്‍ത്തിരുന്നു. ഇങ്ങനെ പൊതുവായ ചര്‍ച്ച നടത്തിയാണ് സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ജനങ്ങളുമായി ചര്‍ച്ച നടത്തിയില്ലെന്നുള്ള ആരോപണങ്ങള്‍ക്ക് ഇതാണ് മറുപടി.
തങ്ങള്‍ ജീവിക്കുന്ന ഭൂമിയില്‍ നിന്ന് കുടിയിറക്കപ്പെടും എന്ന ഭയമാണ് മലയോര മേഖലയിലെ ജനങ്ങള്‍ക്കുള്ളത്. ഇത്തരത്തിലുള്ള ഭയപ്പാടുകള്‍ നിലനില്‍ക്കുകയാണ്. കഴിഞ്ഞയാഴ്ച നടന്ന അനിഷ്ട സംഭവങ്ങളൊക്കെ മലയോര ജനങ്ങള്‍ക്കിടയിലെ ഇത്തരത്തിലുള്ള ഭീതിയുടെ ഫലമായുണ്ടായതാണ്. അത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ടോ?
അത്തരം കുപ്രചാരണങ്ങള്‍ നടത്തുന്നത് ചില നിക്ഷിപ്ത താല്‍പ്പര്യക്കാരാണ്. അവര്‍ക്ക് ചില നിഗൂഢ താത്പ്പര്യമുണ്ടാകും. ഒന്നുകില്‍ കാര്യമറിയാതെ കോലാഹലങ്ങള്‍ സൃഷ്ടിക്കുന്നു. അല്ലെങ്കില്‍ ബോധപൂര്‍വം സൃഷ്ടിക്കുന്നത്. ഒരു കാര്യം പറയാം. പശ്ചിമഘട്ട മേഖലയില്‍ രാസവള പ്രയോഗം ക്രമേണ ഒഴിവാക്കി പൂര്‍ണ്ണമായും ജൈവ കൃഷിയിലേക്ക് പ്രവേശിക്കണം എന്നാണ് ഗാഡ്ഗില്‍ നിര്‍ദ്ദേശം. ഈ നിര്‍ദേശത്തെ അന്ധമായി എതിര്‍ക്കുകയാണ്. ജൈവ കൃഷിക്കെതിരെ കര്‍ഷകരെ ഇളക്കിവിടുന്നത് വന്‍കിട രാസവള കമ്പനികളുടെയും കീടനാശിനി കമ്പനികളുടെ ലോബികളാണ്. അവരുടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നരാണ് ജൈവ കൃഷക്കെതിരെ കോലാഹലങ്ങള്‍ ഉണ്ടാക്കുന്നത്. തുടക്കത്തില്‍ ലാഭം കുറവാണെങ്കിലും മൂന്നോ നാലോ തവണത്തെ വിളവെടുപ്പ് കഴിയുമ്പോഴേക്കും ജൈവ കൃഷി വളരെ ആദായകരമായി മാറും. ഇത് പരീക്ഷിച്ചു നോക്കാന്‍ പോലും ആരും മെനക്കെടാറില്ല. ചില വന്‍കിട കമ്പനികള്‍ കുപ്രചരണങ്ങള്‍വഴി കര്‍ഷകരില്‍ ഭീതി ജനിപ്പിച്ച് ജൈവകൃഷിയില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുകയാണ്. ജൈവ കൃഷി നടത്തുന്നതിന് കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണമെന്നും ഗാഡ്ഗില്‍ സമിതി നിര്‍ദ്ദേശിക്കുന്നു. എന്നിട്ടും ഇവര്‍ ഇതിനെ എതിര്‍ക്കുന്നതില്‍ ദുരൂഹതയുണ്ട്. ഒരു കാര്യം സ്പഷ്ടമാണ്. കര്‍ഷകരെ രക്ഷിക്കാനെന്ന് പറഞ്ഞ് ഇപ്പോള്‍ നടത്തുന്ന കോലാഹലങ്ങളുടെ ദുരന്തം അനുഭവിക്കേണ്ടി വരിക ഇതേ കര്‍ഷകര്‍ തന്നെയായിരിക്കും. ഒടുവില്‍ കൃഷി ചെയ്യാനായി മല കയറിയവര്‍ ഒരു തുള്ളി വെള്ളം പോലും കിട്ടാതെ മലയിറങ്ങേണ്ട സ്ഥിതിയിലാകും എന്നു മലസ്സിലാക്കിയാല്‍ നന്നായിരിക്കും.
ചുവപ്പ് ഗണത്തില്‍ പെടുത്തിയിട്ടുള്ള വ്യവസായങ്ങള്‍ അനുവദിച്ചൂകൂടാ എന്ന് നിര്‍ദ്ദേശങ്ങളില്‍ ഉണ്ടല്ലോ. ആ നിലയ്ക്ക് ചെറുകിട വ്യവസായങ്ങള്‍ പോലും ആരംഭിക്കാന്‍ അനുമതി ലഭിക്കാതെ പോകില്ലേ?
വ്യവസായങ്ങളെ തരം തിരിച്ചിട്ടുള്ളത് കേന്ദ്ര, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകളാണ്. ചുവപ്പ് , ഓറഞ്ച്, മഞ്ഞ എന്നീ മൂന്നു ഗണങ്ങളായാണ് വ്യവസായങ്ങളെ വേര്‍തിരിച്ചിട്ടുള്ളത്. ചുവപ്പ് ഗണത്തില്‍ വരുന്നവ ഏറ്റവും ഗുരുതമായ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാവുന്ന വ്യവസായങ്ങളാണ്. ഇത്തരം വ്യവസായങ്ങള്‍ കര്‍ശന നിയന്ത്രണങ്ങളോടെ മാത്രമേ അനുവദിക്കാവൂ എന്നാണ് ഗാഡ്ഗില്‍ സമിതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. മാത്രമല്ല, ഇത്തരം സ്ഥാപനങ്ങള്‍ പുഴയുടെ ഉത്ഭവസ്ഥാനങ്ങളില്‍ ഒരു കാരണവശാലും അനുവദിച്ചു കൂടാ എന്നും നിര്‍ദ്ദേശമുണ്ട്. ഇതാര്‍ക്കു വേണ്ടിയാണ്. ഇതെങ്ങനെ ജനങ്ങള്‍ക്കെതിരാകും. ഒരു പുഴയുടെ ഉത്ഭവത്തില്‍ വ്യവസായ മാലിന്യം ഒഴുകിയെത്തിയാല്‍ അത് ആ പുഴ ഒഴുകി കടന്നുപോകുന്ന പ്രദേശത്തെ ആകമാനം ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന വിഷയമാണ്. നമ്മുടെ ആലുവ മേഖലയിലെ വ്യവസായസ്ഥാപനങ്ങളില്‍ നിന്ന് പെരിയാറിലേക്ക് മാലിന്യങ്ങള്‍ ഒഴുക്കി വിടുന്നത് തടയാന്‍ ആര്‍ക്കെങ്കിലും കഴിയുന്നുണ്ടോ? അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥരും അതു പോലെ തന്നെ അഴിമതിക്കു കൂട്ടുനില്‍ക്കുന്ന രാഷ്ട്രീയക്കാരും വ്യവസായ ലോബിയുടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റി ജനങ്ങളെ വഞ്ചിക്കുന്നു. നമ്മുടെ ഇപ്പോഴത്തെ സാമൂഹ്യ വ്യവസ്ഥ തന്നെ അത്തരത്തിലൊന്നായി മാറിയിരിക്കുന്നു. ഈ ദുഷിച്ച സാഹചര്യത്തിനെതിരെ ഉയരുന്ന ജനങ്ങളുടെ ശബ്ദം അധികാരികള്‍ ചെവിക്കൊള്ളുന്നേയില്ല. ഇത് മുന്‍കൂട്ടി കണ്ടു കൊണ്ടു തന്നെയാണ് ജനങ്ങളുടെ രക്ഷയ്ക്കായി ഗാഡ്ഗില്‍ സമിതി ഇക്കാര്യത്തില്‍ കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വച്ചത്. ഇത് ഉദ്യോഗസ്ഥ ലോബിക്ക് അപ്രിയമുണ്ടാക്കുന്നതാണ്. അല്ലെങ്കില്‍ ഇത്തരം നിര്‍ദ്ദേശങ്ങള്‍ എന്തും കൈക്കൂലി കൊണ്ടും സ്വാധീനം കൊണ്ടും നേടാമെന്ന് ചിന്തിക്കുന്നവര്‍ക്ക് ഹിതകരമാല്ലാതെ പോകുന്നത് സ്വാഭാവികം. അവരാണ് കര്‍ഷകുടെ രക്ഷകരായി ചമഞ്ഞ് കോലാഹലങ്ങളുമായി് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. നമ്മുടെ പുഴകളും ജല സ്രോതസ്സുകളും മലിനമാക്കുന്ന അതേ ആളുകള്‍തന്നെയാണ് കര്‍ഷകരുടെ പേരില്‍ പശ്ചിമഘട്ട മേഖലയിലും രംഗപ്രവേശം ചെയ്തിരിക്കുന്നത്. കര്‍ഷകരുടെ രക്ഷകരെന്ന് ചമഞ്ഞ് ചിലര്‍ രംഗത്തെത്തിയിരിക്കുന്ന ഇവര്‍ വ്യവസായ, ഖനന ലോബികളുടെ പിണിയാളുകളാണ്. ഉദാഹരണത്തിന് പശ്ചിമഘട്ടത്തിലെ കരിങ്കല്‍ ഖനനം തടസ്സപ്പെടുത്തേണ്ട എന്നാണ് ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നതെങ്കില്‍ ഈ പറഞ്ഞ കോലാഹലങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, കേരളത്തിന്റെ മുഖ്യമന്ത്രി പോലും ഇപ്പോള്‍ ആവശ്യപ്പെടുന്നത് പരിസ്ഥിതി സംരക്ഷിത മേഖലയില്‍ നിന്ന് ഒഴിവാക്കി തരണമെന്നാണ്. അതിന്റെ അര്‍ഥം പശ്ചമിഘട്ട പ്രദേശങ്ങളില്‍ എല്ലാ പ്രകൃതിവിരുദ്ധമായ വികസന പ്രവര്‍ത്തനങ്ങളും സാധ്യമാക്കണം എന്നല്ലേ? കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ പറയുന്ന 123 പരിസ്ഥിതി വില്ലേജുകള്‍കൂടി അതില്‍ നിന്നൊഴിവാക്കി തരണമെന്നാണ അദ്ദേഹം ആവശ്യപ്പെടുന്നത്.
കരിങ്കല്‍ ഖനനത്തെയും മണല്‍ ഖനനത്തെയും പശ്ചമിഘട്ടത്തില്‍ നിന്ന് ഒഴിവാക്കാന്‍ നിര്‍ദ്ദേശമുണ്ടോ?
ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ജനസഭയ്ക്കാണ് അധികാരം നിര്‍ദ്ദേശിക്കുന്നത്. കൂടാതെ മേഖലാടിസ്ഥാനത്തില്‍ ക്രമേണ ഇത്തരം ഖനനങ്ങള്‍ കുറച്ചു കൊണ്ടു വരണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. പിന്നെ ഖനനം എന്നതിനെ പൂര്‍ണ്ണമായും തള്ളിക്കളയുന്നില്ല. മനുഷ്യന്റെ അവശ്യങ്ങള്‍ പ്രകൃതിയില്‍ നിന്നുതന്നെ സാധിക്കുന്നതില്‍ തെറ്റു കാണുന്നില്ല. ഒരു സാധാരണ മനുഷ്യന് ഒരു വീട് നിര്‍മിക്കുന്നതിന് പ്രകൃതിയെ ആശ്രയിക്കാതെ പറ്റില്ല. അത് അവശ്യമായ ഒന്നാണ്. ആ നിലയില്‍ ഖനനം അനുവദിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അനിയന്ത്രിതമായ തോതില്‍ തികഞ്ഞ കച്ചവട താത്പ്പര്യത്തോടെയുള്ള ഖനനത്തെ നിരുത്സാഹപ്പെടുത്തണം. ഉദാഹരണത്തിന് കൊച്ചിയിലെ സ്‌കൈ സിറ്റി പോലുള്ള വന്‍ പദ്ധതിള്‍ക്ക് പശ്ചിമഘട്ടത്തെ തുറന്നു കൊടുക്കാന്‍ അനുവദിക്കുന്നത് ശരിയല്ല. അത് വരുംതലമുറയോടും മലയോര മേഖലയിലെ ജനങ്ങളോടും ചെയ്യുന്ന കടുത്ത അപരാധമാണ്.
സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉമ്മന്‍ വി ഉമ്മന്റെ നേതൃത്വത്തില്‍ കര്‍മസമിതിയെ നിയോഗിച്ചിരിക്കുന്നതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?
അതിനെക്കുറിച്ച് എന്തു പറയാനാണ്? ഉമ്മന്‍ സമിതി പാലക്കാട് ജില്ലയിലെ നെന്‍മാറയില്‍ തെളിവെടുപ്പിന് ചെന്നപ്പോള്‍ പരാതിയമായി എത്തിയ നാട്ടുകാരെ ക്വാറി മുതലാളിമാരുടെ ആളുകള്‍ ഹാളിനകത്തേക്ക് കയറ്റി വിട്ടില്ല എന്നാണ് കേട്ടത്. അതില്‍നിന്നു നമ്മള്‍ എന്താണ് മനസ്സിലാക്കേണ്ടത്. ഏത് തരത്തിലുമുള്ള പാരിസ്ഥിതിക നിയന്ത്രണങ്ങളെയും എതിര്‍ക്കുന്നതിനു പിന്നില്‍ ഒരു ലോബി തന്നെ പ്രവര്‍ത്തിക്കുന്നുവെന്നതാണ്. ഇവരില്‍ നിന്ന് ആനുകൂല്യം പറ്റുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇവരുടെ എല്ലാ ചെയ്തികള്‍ക്കും നേരെ കണ്ണടച്ചു നില്‍ക്കുന്നു. അതാണ് സംഭവിക്കുന്നത്. ആ യാഥാര്‍ഥ്യം തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് കഴിയണം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply