കോണ്‍ഗ്രസ്സ്‌ പഠിക്കേണ്ടത്‌ – ബിജെപിയും

കെ.വി. മുഹമ്മദ്‌ സക്കീര്‍ ഇത്രയേറെ പ്രതീക്ഷിച്ചില്ല. പരാജയം സുനിശ്ചിതമായിരുന്നു. ഇത്‌ വലിയ തിരിച്ചടി തന്നെ. ഇങ്ങനെയൊക്കെയാണ്‌ തോല്‍വിയെക്കുറിച്ചുള്ള അവലോകനങ്ങള്‍; കോണ്‍ഗ്രസ്സുകാര്‍ക്കിടയില്‍. ഇങ്ങനെ പറയുമ്പോള്‍ എന്താണ്‌ അവരുടെ ഉള്ളിലിരുപ്പ്‌ എന്ന്‌ വ്യക്തമാക്കാതിരിക്കാന്‍ കാര്യമായ ശ്രമങ്ങള്‍ ഓരോരുത്തരും ചെയ്‌തുകൊണ്ടിരുന്നു. പരാജയത്തിന്റെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുവാന്‍ മുന്നോട്ടു വരുന്നവര്‍ അതൊരു വലിയ ത്യാഗമായിട്ടാണ്‌ കാണുന്നത്‌. യഥാര്‍ത്ഥ കാരണത്തിന്റെ വാതിലുകള്‍ ശക്തമായി തന്നെ അടഞ്ഞുകിടക്കുന്നു. ഇത്‌ കോണ്‍ഗ്രസ്സിന്റെ മാത്രം പ്രതിസന്ധിയല്ല. മിക്കവാറും എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും രീതികള്‍ ഒന്നുതന്നെ. അതുകൊണ്ടുതന്നെ യഥാര്‍ത്ഥ വിലയിരുത്തലുകള്‍ എവിടെയും […]

imagesകെ.വി. മുഹമ്മദ്‌ സക്കീര്‍

ഇത്രയേറെ പ്രതീക്ഷിച്ചില്ല. പരാജയം സുനിശ്ചിതമായിരുന്നു. ഇത്‌ വലിയ തിരിച്ചടി തന്നെ. ഇങ്ങനെയൊക്കെയാണ്‌ തോല്‍വിയെക്കുറിച്ചുള്ള അവലോകനങ്ങള്‍; കോണ്‍ഗ്രസ്സുകാര്‍ക്കിടയില്‍. ഇങ്ങനെ പറയുമ്പോള്‍ എന്താണ്‌ അവരുടെ ഉള്ളിലിരുപ്പ്‌ എന്ന്‌ വ്യക്തമാക്കാതിരിക്കാന്‍ കാര്യമായ ശ്രമങ്ങള്‍ ഓരോരുത്തരും ചെയ്‌തുകൊണ്ടിരുന്നു. പരാജയത്തിന്റെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുവാന്‍ മുന്നോട്ടു വരുന്നവര്‍ അതൊരു വലിയ ത്യാഗമായിട്ടാണ്‌ കാണുന്നത്‌. യഥാര്‍ത്ഥ കാരണത്തിന്റെ വാതിലുകള്‍ ശക്തമായി തന്നെ അടഞ്ഞുകിടക്കുന്നു. ഇത്‌ കോണ്‍ഗ്രസ്സിന്റെ മാത്രം പ്രതിസന്ധിയല്ല. മിക്കവാറും എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും രീതികള്‍ ഒന്നുതന്നെ. അതുകൊണ്ടുതന്നെ യഥാര്‍ത്ഥ വിലയിരുത്തലുകള്‍ എവിടെയും നടക്കുന്നില്ല.
എല്ലാം തന്നെ `ഞെട്ടലുകളില്‍’ ആണ്‌ തുടങ്ങുന്നതും ഒടുങ്ങുന്നതും. യഥാര്‍ത്ഥത്തില്‍ ഇത്‌ തികച്ചും അപ്രതീക്ഷിതമാണോ? വന്‍മരം ഒരു വശത്തേക്ക്‌ ചാഞ്ഞുകൊണ്ടിരിക്കുന്നത്‌ തുടക്കത്തില്‍ സൂക്ഷ്‌മൈകദൃക്കുകള്‍ക്കേ മനസ്സിലാകൂ. എന്നാല്‍ അത്‌ കൂടുതല്‍ ചരിഞ്ഞ്‌ തുടങ്ങുമ്പോള്‍ കാണാന്‍ കഴിയാത്തവരെ നാം എന്താണ്‌ വിളിക്കുക? അങ്ങനെ നിലംപതിച്ചുകൊണ്ടിരിക്കുന്ന മരത്തിന്റെ തണലില്‍ ഇരുന്ന്‌ സ്വയം മതിപ്പ്‌ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു കൂട്ടരാണ്‌ കോണ്‍ഗ്രസ്സിന്റെ നേതൃത്വങ്ങളും അനുയായികളും. അവസാനം ആ വടമരം വീണ്‌ അതിനടിയില്‍ പെടുകയാണ്‌ ഇവര്‍.
കാലത്തിന്റെ ചുവരെഴുത്ത്‌ എങ്ങനെയാണ്‌ കാണാതെ പോകുന്നത്‌? പ്രായം, ആരോഗ്യം, വിനിമയ വൈദഗ്‌ദ്ധ്യം, പ്രതിസന്ധികളില്‍ ഇടപെട്ട്‌കൊണ്ട്‌ തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ്‌ തുടങ്ങി എല്ലാ മേഖലകളിലും പരാജയം എന്ന അവസ്ഥയില്‍ മന്‍മോഹന്‍സിങ്ങ്‌ വിലയിരുത്തപ്പെട്ടപ്പോള്‍ നിസ്സംഗതയോടെ അദ്ദേഹത്തെ തുടരാനനുവദിക്കുകയാണ്‌ കോണ്‍ഗ്രസ്സ്‌ നേതൃത്വം ചെയ്‌തത്‌. സ്വയം അഴിമതിരഹിതനാണെന്ന്‌ പ്രധാനമന്ത്രി പറയുമ്പോള്‍ തന്നെ, പൂര്‍ണമായും അഴിമതി രഹിതമായൊരു ഭരണം ജനങ്ങളുടെ വീക്ഷണത്തില്‍ ഉണ്ടായിരുന്നില്ല. കിട്ടുന്ന സര്‍വ്വീസിന്‌ ന്യായമായ വില കൊടുക്കണമെന്ന്‌ തന്നെയാണ്‌ ജനപക്ഷം. ഇവിടെ ജനത്തിന്റെ ആവശ്യം, നീണ്ടുനിവര്‍ന്ന്‌ നില്‍ക്കാന്‍ കഴിവുള്ള ഏത്‌ തെറ്റിനെയും ന്യായീകരിക്കാന്‍ കഴിയുന്ന, ഉജ്ജ്വല പ്രഭാഷണ ചാതുര്യവും ഇതിനൊക്കെ ഉതകുന്ന ഒരു കരിസ്‌മയുമാണ്‌. ഇതിനേക്കാള്‍ സത്യശീലനായ ശ്രീമാന്‍ എ.കെ. ആന്റണിയായിരുന്നു പ്രധാനമന്ത്രി എങ്കില്‍ കോണ്‍ഗ്രസ്സ്‌ രക്ഷപ്പെടുമായിരുന്നോ? അഴിമതിമുക്തരുടെ നിഷ്‌ക്രിയത്വവും അഹങ്കാരവും ജനങ്ങളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയാണ്‌. `എ സ്റ്റിച്ചിംഗ്‌ ഇന്‍ ടൈം സേവ്‌സ്‌ നയന്‍’ എന്ന ഇംഗ്ലീഷ്‌ പഴമൊഴി ഇവിടെ ഒരു പ്രസക്തിയും ഉണ്ടായില്ല. രണ്ടാം യു.പി.എയുടെ ഒന്നാം വര്‍ഷം പിന്നിടുമ്പോള്‍ തന്നെ കാര്യങ്ങള്‍ ഏറെ വ്യക്തമായതാണ്‌. ഒരു മെഡിക്കല്‍ ബാക്ക്‌ഗ്രൗണ്ടിലെങ്കിലും അദ്ദേഹത്തെക്കൊണ്ട്‌ രാജിവയ്‌പിക്കാമായിരുന്നു.
എന്താണ്‌ കോണ്‍ഗ്രസ്സില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചുകൊണ്ടിരുന്നത്‌? എന്തുകൊണ്ട്‌ ഒരു നെഹ്‌റു കുടുംബത്തിന്റെ സാന്നിദ്ധ്യം കോണ്‍ഗ്രസ്സിന്‌ അനിവാര്യമായി വന്നു. വിശകലനം ആവശ്യമാണിവിടെ. ജവഹര്‍ലാല്‍നെഹ്രുവാകട്ടെ, പ്രകടമായി ഇന്ദിരാഗാന്ധിയെ വാഴിക്കാന്‍ ശ്രമിച്ചിട്ടില്ല. നെഹ്രുവിനുശേഷം നേതൃത്വപാടവമുള്ളവരെയല്ല പ്രധാനമന്ത്രിയാക്കിയത്‌. ശാസ്‌ത്രിക്കുശേഷം പിടിവാശിക്കാരനായ മൊറാര്‍ജി ദേശായിയെ ആ ഭാരം ഏല്‍പ്പിക്കുവാന്‍ ആരും തയ്യാറായിരുന്നില്ല. ജഗജീവന്‍ റാം ആകട്ടെ, ദളിതനുമായിരുന്നു. മൗലാന അബ്‌ദുള്‍കലാം ആസാദ്‌ എത്ര സ്വീകാര്യനായിരുന്നെങ്കിലും, അദ്ദേഹം ഒരു മുസ്ലീം ആയിരുന്നു. അങ്ങനെയാണവര്‍ ഇന്ദിരാഗാന്ധിയിലേക്ക്‌ തിരിഞ്ഞത്‌. ശാസ്‌ത്രിയടെയും ഗുല്‍സാരിനന്ദയുടെയും നിലവാരത്തിലിരുത്താന്‍ കഴിയുന്ന ഒരു സ്‌ത്രീ; അതും നെഹ്‌റു കുടുംബത്തില്‍നിന്ന്‌. ഇങ്ങനെയാണവര്‍ ഇന്ദിരാഗാന്ധിയെ കണ്ടത്‌. പക്ഷേ നേതൃത്വം കോണ്‍ഗ്രസ്സിനെ കൈകാര്യം ചെയ്യുവാന്‍ നെഹ്‌റു കുടുംബത്തിലെ ഒരു സ്‌ത്രീ സാന്നിദ്ധ്യമായി ഇന്ദിരാഗാന്ധിയെ കണ്ടു. ഉറങ്ങിക്കിടക്കുന്ന ഒരു സിംഹം അവരിലുണ്ട്‌ എന്നവര്‍ തിരിച്ചറിഞ്ഞില്ല. ഇന്ദിരാഗാന്ധിയെ തെരഞ്ഞെടുക്കുവാനുണ്ടായിരുന്ന അതേ കാരണം തന്നെയാണ്‌ ഈ രാജകുടുംബത്തെ ചുറ്റിപ്പറ്റി ഇന്നും നടന്നുകൊണ്ടിരിക്കുന്ന വസ്‌തുതകള്‍. തങ്ങളില്‍ നിന്നും ഒരു പ്രധാനമന്ത്രി ഉയര്‍ന്നുവരുന്നത്‌ മറ്റുള്ളവര്‍ക്ക്‌ താല്‍പര്യമുണ്ടായിരുന്നില്ല. ആ അവസ്ഥ ഒഴിവാക്കാനാണ്‌ ഇന്നും സോണിയയുടെയും രാഹുലിന്റെയും സാന്നിദ്ധ്യം അവര്‍ ഉറപ്പുവരുത്തുന്നത്‌. ഇന്ന്‌ ആ പ്രധാന മന്ത്രിപദത്തെ ഈ അവസ്ഥയില്‍ ആഗ്രഹിക്കാന്‍പോലും ആരും തയ്യാറല്ല. അതില്‍ പരോക്ഷമായിട്ടെങ്കിലും ആഗ്രഹം പ്രകടിപ്പിച്ചത്‌ പ്രണബ്‌ മുഖര്‍ജി ആയിരുന്നു. എന്തുകൊണ്ട്‌ മന്‍മോഹനുപകരം സോണിയാഗാന്ധി രണ്ടാം അദ്ധ്യായത്തില്‍ പ്രണബിനെ പ്രധാനമന്ത്രിയാക്കില്ല? പിന്നീട്‌ പ്രധാനമന്ത്രിപഥം ഒരിക്കലും ഈ ഗാന്ധികുടുംബത്തിലേക്ക്‌ തിരിച്ചുവരില്ല എന്ന സത്യം അവര്‍ക്കും ചുറ്റുവട്ടത്തുള്ളവര്‍ക്കും അറിയാമായിരുന്നോ? അതുകൊണ്ടാണ്‌ അദ്ദേഹത്തെ പ്രസിഡണ്ട്‌ പദവി നല്‍കി കുളിപ്പിച്ചിരുത്തിയത്‌.
ഒരു കാര്യം പൊതുജനം മനസ്സിലാക്കേണ്ടതാണ്‌. ഈ രാഷ്‌ട്രീയ പ്രതിഭകളെല്ലാം തന്നെ കേവലം സാധാരണക്കാരാണ്‌. ഒരു പ്രത്യേകതയും അവര്‍ക്ക്‌ അവകാശപ്പെടാനില്ല. ചിന്തയിലും കാഴ്‌ചപ്പാടിലും കര്‍മ്മപഥത്തിലും വളരെ സാധാരണക്കാര തന്നെയാണവര്‍. അനുയായികള്‍ ഓച്ഛാനിച്ചു നില്‍ക്കുമ്പോള്‍ നേതൃത്വങ്ങള്‍ സ്വയം വിലയിരുത്തുന്നു; താന്‍ ഒരു ബുദ്ധിജീവിയും തന്റേടിയും നേതൃത്വഗുണമുള്ള ആളാണെന്ന്‌. ഈ അവസ്ഥയില്‍ സ്വയം വിലയിരുത്തുവാന്‍ ആര്‍ക്കും തന്നെ – അവര്‍ക്കു മുന്നില്‍ വണങ്ങി നില്‍ക്കുന്നവരടക്കം – കഴിയാതെ പോകുന്നു. അതുകൊണ്ടു തന്നെയാണ്‌ ചുവരെഴുത്തുകള്‍ ശ്രദ്ധിക്കപ്പെടാനാകാതെ പോകുന്നത്‌.
ഇവിടെ ജനാധിപത്യം ഒരു പ്രഹസനം മാത്രമാണ്‌. സ്വാതന്ത്ര്യം കിട്ടിയത്‌ ഭാരതത്തിന്റെ മണ്ണിനാണ്‌, ജനങ്ങള്‍ക്കല്ല. ഇന്ന്‌ സ്വതന്ത്രരായവരുടെ മുന്‍ഗാമികള്‍ ബ്രിട്ടീഷ്‌ കാലഘട്ടത്തിലും സ്വതന്ത്രരായിരുന്നു. ബ്രിട്ടീഷ്‌ കാലത്ത്‌ പാരതന്ത്ര്യം അനുഭവിച്ചിരുന്ന കോടിക്കണക്കിന്‌ ദരിദ്രവാസികളുടെ പിന്‍ഗാമികള്‍ ഇന്നും സ്വാതന്ത്ര്യമില്ലാതെ നരകയാതന അനുഭവിച്ചുകൊണ്ടിരിക്കുകയാണ്‌. പക്ഷെ, അവര്‍ അറിയിക്കപ്പെടാതെയും അറിയാതെയും പോകുന്നു. ഒരു രാഷ്‌ട്രീയപാര്‍ട്ടിയിലും ഡെമോക്രസി നിലനില്‍ക്കുന്നില്ല. ഈ അവസ്ഥ സംസ്ഥാപിതമാക്കപ്പെടാതെ മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പ്രയാസമാണ്‌, പുതുതായി വരുന്ന ഭരണത്തിലും.
ഈ പ്രതിസന്ധിയെ കോണ്‍ഗ്രസ്സിന്‌ എങ്ങനെയാണ്‌ നേരിടാന്‍ കഴിയുക? ഇത്തരമൊരവസ്ഥയില്‍ സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും പിന്‍വലിഞ്ഞാല്‍ കോണ്‍ഗ്രസ്സ്‌ എന്ന മഹാമേരു ഇല്ലാതാകും. പക്ഷെ, മാറ്റങ്ങള്‍ ആവശ്യമാണ്‌. കോണ്‍ഗ്രസ്സ്‌ പ്രസിഡണ്ടായി സോണിയാഗാന്ധി തന്നെ തുടരുക; പാര്‍ട്ടിക്ക്‌ സ്വന്തം കാലില്‍ നില്‍ക്കാനാകുന്നതുവരെ എങ്കിലും. രാഹുല്‍ഗാന്ധിയുടെ കര്‍മ്മപഥം മാറണം. പക്ഷെ പാര്‍ട്ടിയുടെ ഇന്നത്തെ കനത്ത പരാജയത്തിന്‌ പൂര്‍ണ്ണ ഉത്തരവാദിത്വം അദ്ദേഹത്തിന്റെ തലയില്‍ മാത്രം കെട്ടിവയ്‌ക്കാനാവില്ല. ഗവണ്‍മെന്റ്‌ നിലനില്‍ക്കുന്നതും അറിയപ്പെടുന്നതും പ്രധാനമന്ത്രിയിലൂടെയാണല്ലോ.
യു.പി.എ ചെയ്‌ത നല്ല കാര്യങ്ങള്‍ ജനങ്ങളുടെ മനസ്സില്‍ പതിയാത്ത വിധമാണ്‌ നിര്‍വ്വഹിക്കപ്പെട്ടത്‌. എല്ലാം ഒരു നിര്‍ബന്ധിതാവസ്ഥയില്‍ ചെയ്‌തതുപോലെ. ചെയ്‌ത കാര്യങ്ങള്‍ ഏറെയുണ്ടെങ്കിലും അതൊന്നും തന്നെ ജനഹൃദയങ്ങളില്‍ തങ്ങിനില്‍ക്കുന്നതായിരുന്നില്ല. ഈ ഒരവസ്ഥയില്‍ ഉത്തരവാദിത്വം രാഹുല്‍ഗാന്ധിക്കു ഏറ്റെടുക്കുവാന്‍ കഴിയില്ല. അദ്ദേഹം ഒരു നല്ല പ്രാസംഗികനല്ല. ശബ്‌ദ ഗാംഭീര്യവുമില്ല. ഇതെല്ലാം ആവശ്യത്തില്‍ കൂടുതലുള്ള മോദിയ്‌ക്ക്‌ മുന്നില്‍ എങ്ങനെ പിടിച്ചുനില്‍ക്കാന്‍ കഴിയും എന്ന സാമാന്യ തിരിച്ചറിവും കൂടെ നില്‍ക്കുന്നവര്‍ക്കുണ്ടായില്ല. അതുകൊണ്ടുതന്നെയാണ്‌ ഒരു ചെംകീരിയായി പ്രിയങ്കയെ രംഗത്തിറക്കാനാനുള്ള ആഹ്വാനമുണ്ടായത്‌. അപ്പോഴേയ്‌ക്കും വെള്ളം ഏറെ ഒഴുകി പോയിരുന്നു. രാഹുല്‍ഗാന്ധി ഏറ്റെടുത്ത ഒരുപാട്‌ ഉത്തരവാദിത്വങ്ങളുണ്ട്‌. യുവതയെ നേതൃത്വനിരയിലേക്ക്‌ കൊണ്ടുവരുവാനും പാര്‍ട്ടിഭരണത്തില്‍ സുതാര്യതയും ഡെമോക്രസിയും കൊണ്ടുവരുവാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്‌. ഈ രംഗത്ത്‌ പാര്‍ട്ടി വൈസ്‌ പ്രസിഡന്റ്‌ എന്ന നിലയില്‍ ഒരു ബാക്ക്‌ ഓഫീസ്‌ പ്രവര്‍ത്തനങ്ങളാണ്‌ അദ്ദേഹം ഏറ്റെടുക്കേണ്ടത്‌. ജനാധിപത്യം നടപ്പില്‍വരുത്തുവാന്‍ ആവശ്യമാണ്‌. വൈസ്‌ പ്രസിഡന്റ്‌ എന്ന നിലയില്‍ ബാക്ക്‌ ഓഫീസ്‌ പ്രവര്‍ത്തനങ്ങളാണ്‌ അദ്ദേഹം കാഴ്‌ചവയ്‌ക്കേണ്ടത്‌.
പുത്തന്‍ പ്രതിഭകളെ രംഗത്ത്‌ കൊണ്ടുവരണം. കാഴ്‌ചപ്പാടും പ്രവര്‍ത്തന പരിചയവും നിര്‍ഭയത്വവുമുള്ള മണിശങ്കര്‍ അയ്യരെപ്പോലുള്ളവരെ മുന്നോട്ട്‌ കൊണ്ടുവരണം. കേരളത്തില്‍നിന്നും സുധീരനെ പോലെയുള്ള ഒരാളെ ജനറല്‍ സെക്രട്ടറിസ്ഥാനത്തേക്കോ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്കോ ഉയര്‍ത്തിക്കൊണ്ടുവരാം. 10 വര്‍ഷത്തെ ജനസമ്പര്‍ക്കപരിപാടികള്‍ ആസൂത്രണം ചെയ്യണം. താല്‍ക്കാലികമായിട്ടെങ്കിലും പ്രിയങ്കാഗാന്ധിയെ കോണ്‍ഗ്രസ്സ്‌ പാര്‍ട്ടിയുടെ മുഖമായി സ്വീകരിക്കണം. മുന്‍പരിചയം ഇല്ലാതെ തന്നെ മാധ്യമങ്ങളും രാഷ്‌ട്രീയക്കാരും അവര്‍ക്ക്‌ ഉയര്‍ന്ന ക്രെഡിറ്റ്‌ റേറ്റിംഗ്‌ കൊടുത്തിട്ടുണ്ട്‌. പാര്‍ട്ടിയില്‍ ഇപ്പോള്‍ മറ്റൊരു പുതിയ നേതൃത്വത്തെ അംഗീകരിക്കാന്‍ കഴിയുന്ന ഒരവസ്ഥ നിലനില്‍ക്കാത്തതുകൊണ്ട്‌ വീണ്ടും ഒരു `ഇന്ദിരാഗാന്ധിയെ’ മുന്നോട്ടുകൊണ്ടുവരണമെന്ന്‌ അണികള്‍ ആഗ്രഹിക്കുന്നു.
ഒരു ദേശീയ പ്രതിപക്ഷം രാജ്യനന്മയ്‌ക്ക്‌ ആവശ്യമാണ്‌. പാര്‍ലിമെന്റിലെ മൃഗീയമായ ഭൂരിപക്ഷം എപ്പോഴും ഏകാധിപത്യത്തിലേയ്‌ക്ക്‌ നീങ്ങുവാന്‍ കാരണമായേക്കും. പ്രത്യേകിച്ചും മോഡിയെപ്പോലുള്ള ഒരാള്‍ ഭരണം കയ്യാളുമ്പോള്‍ അതുകൊണ്ടുതന്നെ കോണ്‍ഗ്രസ്സ്‌ എന്ന മഹാപ്രസ്ഥാനത്തെ തളര്‍ത്തുവാന്‍ പാടില്ല. അതിസമര്‍ത്ഥനായ ഒരു ഷോമാന്‍ ആണ്‌ മോഡി. ഗുജറാത്തില്‍ 12 വര്‍ഷംകൊണ്ട്‌ ശരാശരി വികസനം നടപ്പില്‍ വരുത്തിയ അദ്ദേഹത്തിന്‌ ഇന്ത്യയിലെ ഏറ്റവും വികസിത സംസ്ഥാനമെന്ന്‌ മാന്ത്രികനെപ്പോലെ ജനങ്ങളെ വിശ്വസിപ്പിക്കാന്‍ കഴിഞ്ഞു. നിഷ്‌പക്ഷമായി വിലയിരുത്തപ്പെട്ടപ്പോള്‍ ഗുജറാത്തിന്‌ ഒമ്പതാം സ്ഥാനമാണ്‌ ലഭിച്ചിട്ടുള്ളത്‌. കേരളവും തമിഴ്‌നാടും മഹാരാഷ്‌ട്രയുമെല്ലാം സൂപ്പര്‍ മോഡലുകളായി വിലയിരുത്തപ്പെടേണ്ട അവസ്ഥയില്‍ ഗുജറാത്ത്‌ മോഡല്‍ എന്ന ഒരു`കള്‍ട്ട്‌’ സൃഷ്ടിക്കുവാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞു. ഇത്‌ തന്നെ ജനത്തോടൊപ്പം കോണ്‍ഗ്രസ്സും മറ്റെല്ലാ പാര്‍ട്ടികളും ഒരു പരിധിവരെ വിശ്വസിച്ചുപോയി. ഇതിനെ പ്രായോഗികമായി വെല്ലുവിളിക്കാന്‍ ആര്‍ക്കും കഴിഞ്ഞതുമില്ല.
തെരഞ്ഞെടുപ്പുവേളയില്‍ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളെ യഥാര്‍ത്ഥത്തില്‍ ആരും വിലയിരുത്തിയിട്ടില്ല. വികസനത്തെക്കുറിച്ച്‌, ഭാവി ഇന്ത്യയെക്കുറിച്ച്‌ ഒരു ദര്‍ശനപരമായ ഒരു പ്രസ്‌താവനയല്ലാതെ മറ്റൊന്നും തന്നെ മോദി അവതരിപ്പിച്ചിട്ടില്ല. എങ്ങനെയാണ്‌ ഈ അവസ്ഥ നേടിയെടുക്കുക എന്നദ്ദേഹം പറഞ്ഞിട്ടില്ല. അദ്ദേഹത്തോടാരും ചോദിച്ചിട്ടുമില്ല. ഗുജറാത്ത്‌ പോലെയുള്ള ഒരു ചെറിയ സംസ്ഥാനത്ത്‌ പ്രതിപക്ഷമില്ലാതെ- പാര്‍ട്ടിയില്‍നിന്നും പുറത്തുനിന്നും – ഭരിക്കുന്ന ഒരനുഭവമല്ല ഇന്ത്യയെപ്പോലുള്ള ഒരു മഹാരാജ്യത്തിന്റെ ഭരണചക്രം കൈയ്യേല്‍ക്കുന്നത്‌. ആഗ്രഹങ്ങള്‍ക്കും വാക്കുകള്‍ക്കും രാജ്യത്ത്‌ മാറ്റമുണ്ടാക്കാന്‍ കഴിയുമെങ്കില്‍ അതിപ്പോള്‍ സംഭവിക്കട്ടെ ! ഏതൊരു ഘട്ടത്തിലും ഒരുപുതിയ ഭരണം വരുമ്പോള്‍ ജനങ്ങള്‍ ഒട്ടേറെ പ്രതീക്ഷിക്കുന്നു. ഒരു അടിസ്ഥാനവുമില്ലാത, അവസാനം ആ ഭരണ കാലാവധി അവസാനിക്കുമ്പോള്‍ വീണ്ടും പ്രതീക്ഷയോടെ പുതിയ ഭരണ കക്ഷിയിലേക്ക്‌ നോക്കുന്നു.
2004-2009 യുപിഎ ഭരണകാലത്ത്‌ ഇന്ത്യ കൈവരിച്ച വളര്‍ച്ച തികച്ചും ആകസ്‌മികതയാണ്‌. ലോകത്തില്‍ തന്നെ അത്തരം ഒരു കുമിള എല്ലായിടത്തും ഉയര്‍ന്നുവന്നിരുന്നു. വന്നപോലെ തന്നെ അതങ്ങ്‌ പൊട്ടിപ്പോവുകയും ചെയ്‌തു. അടിസ്ഥാനപരമായ മാറ്റങ്ങള്‍ നമ്മുടെ പാര്‍ലിമെന്ററി സംവിധാനത്തിലും സാമ്പത്തിക ശാസ്‌ത്രരംഗത്തും വികസനമാതൃകയിലും ടാക്‌സേഷന്‍ സിസ്റ്റത്തിലും മാറ്റം വരുത്താതെ കോടിക്കണക്കിനുള്ള സാധാരണ ജനവിഭാഗത്തിന്റെ അവസ്ഥയില്‍ മാറ്റം വരുന്നത്‌ ദുഷ്‌കരമായിതന്നെ നില്‍ക്കും. ഏറ്റവും എളുപ്പത്തില്‍ നേട്ടം അനുഭവപ്പെടാന്‍ പോകുന്നത്‌ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കാണ്‌. അവര്‍ക്ക്‌ കൈയ്യഴഞ്ഞുള്ള സഹായങ്ങള്‍ നേരിട്ട്‌ കിട്ടും. പക്ഷെ, ജനങ്ങളുടെ കാര്യത്തിലാവുമ്പോള്‍ അത്‌ വളരെ സങ്കീര്‍ണ്ണമായ സംവിധാനത്തിലൂടെ മാത്രമേ നടപ്പിലാക്കാന്‍ കഴിയൂ. അവിടെയാണ്‌ പ്രശ്‌നങ്ങള്‍ ഇരിക്കുന്നത്‌. മോഡിയുടെ കാര്യത്തില്‍ വിധികര്‍ത്താക്കളുടെ മാനദണ്‌ഡം ഇങ്ങനെയാണ്‌. 5+4=12. അത്‌ 9 ആണെന്ന്‌ കാണുവാന്‍ അവര്‍ക്ക്‌ കഴിയുന്നില്ല. ഒരു ഈക്വേഷന്റെ ഇടതുഭാഗം മാത്രമേ അവര്‍ വിലയിരുത്തുന്നുള്ളൂ. അങ്ങനെ വന്‍ പ്രതീക്ഷകളില്‍ അഭയം തേടുക. യഥാര്‍ത്ഥത്തില്‍ ഒരു ഗണിതശാസ്‌ത്രപരമായ മാനദണ്‌ഡം ആരും തന്നെ അന്വേഷിക്കുന്നില്ല. മോഡിപോലും. ഇന്ന്‌ ആഗോള സാമ്പത്തികരംഗവുമായി ബന്ധമില്ലാതെ ഒരു രാജ്യത്തിനും ഒരു സ്വതന്ത്ര സമ്പദ്‌വ്യവസ്ഥ നടപ്പിലാക്കാന്‍ കഴിയില്ല.
അതുകൊണ്ട്‌ ഒരുപാട്‌ പ്രതീക്ഷകള്‍ ജനങ്ങള്‍ക്ക്‌ നല്‍കാതെ, ദീര്‍ഘകാല ആസൂത്രണവുമായിട്ടാണ്‌ ജനങ്ങളെ സമീപിക്കേണ്ടത്‌. യാഥാര്‍ത്ഥ്യബോധത്തിലേക്ക്‌ ഭരണകര്‍ത്താവും ജനങ്ങളും ഒരേ തലത്തിലേക്ക്‌ ഉയര്‍ന്നുവരണം. വന്‍കിടക്കാരുടെ പ്രലോഭനങ്ങള്‍ക്ക്‌ അടിമപ്പെടാതിരിക്കാന്‍ നല്ല ഇച്ഛാശക്തി വേണ്ടിവരും.
സ്വന്തം ഇച്ഛാശക്തിക്ക്‌ അനുസൃതമായി ഭരിക്കുവാന്‍ സാധ്യമല്ല എന്ന്‌ മോഡി മനസ്സിലാക്കണം. ആര്‍.എസ്‌.എസ്‌ നേരെ ഡ്രൈവറുടെ പിന്‍സീറ്റിലാണ്‌ സ്ഥാനം പിടിച്ചിരിക്കുന്നത്‌. അവര്‍ക്ക്‌ ഒരുപാട്‌ അജണ്ടകളുണ്ട്‌. ഒരുപാട്‌ പ്രത്യാശകളുള്ള മുതിര്‍ന്ന രാജ്യതന്ത്രജ്ഞരും ചുറ്റുവട്ടത്തുണ്ട്‌. ഇവരെയെല്ലാം കൂട്ടിയിണക്കി മുന്നോട്ട്‌ പോകുവാന്‍ എളുപ്പമല്ല. 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply