കോടതിക്കും അപ്രമാദിത്തമില്ല

ജഡ്ജിമാര്‍ക്കെന്താ കൊമ്പുണ്ടോ? ഇനിയെങ്കിലും ഉന്നയിക്കേണ്ട ചോദ്യമാണിത്. ജനാധിപത്യവ്യവസ്ഥയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് മറന്നാണ് പലപ്പോഴും കോടതികള്‍ പ്രവര്‍ത്തിക്കുന്നത്. ജഡ്ജിമാരുടെ വേഷവും നടപടിക്രമങ്ങളും മുതല്‍ കോടതിയലക്ഷ്യം പോലെ കാലഹരണപ്പെട്ട ചട്ടങ്ങങ്ങളൊന്നും ഒരു ജനാധിപത്യവ്യവസ്ഥക്ക് ഭൂഷണമല്ല. ഭരണാധികാരികളെപോലെ കോടതിയും ജനാധിപത്യത്തില്‍ അപ്രമാദിത്തമുള്ളവരല്ല. ഭൂമിതട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നടത്തിയ പ്രതികൂല പരാമര്‍ശങ്ങള്‍ ഡിവിഷന്‍ ബെഞ്ച് തടഞ്ഞ സംഭവംതന്നെ നോക്കുക. പരാമര്‍ശങ്ങള്‍ നീക്കിക്കിട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച സര്‍ക്കാര്‍ നിരത്തിയ കാരണങ്ങള്‍ ന്യായീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ കെ.എം. ജോസഫും എ.കെ. […]

download

ജഡ്ജിമാര്‍ക്കെന്താ കൊമ്പുണ്ടോ? ഇനിയെങ്കിലും ഉന്നയിക്കേണ്ട ചോദ്യമാണിത്. ജനാധിപത്യവ്യവസ്ഥയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് മറന്നാണ് പലപ്പോഴും കോടതികള്‍ പ്രവര്‍ത്തിക്കുന്നത്. ജഡ്ജിമാരുടെ വേഷവും നടപടിക്രമങ്ങളും മുതല്‍ കോടതിയലക്ഷ്യം പോലെ കാലഹരണപ്പെട്ട ചട്ടങ്ങങ്ങളൊന്നും ഒരു ജനാധിപത്യവ്യവസ്ഥക്ക് ഭൂഷണമല്ല. ഭരണാധികാരികളെപോലെ കോടതിയും ജനാധിപത്യത്തില്‍ അപ്രമാദിത്തമുള്ളവരല്ല.
ഭൂമിതട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നടത്തിയ പ്രതികൂല പരാമര്‍ശങ്ങള്‍ ഡിവിഷന്‍ ബെഞ്ച് തടഞ്ഞ സംഭവംതന്നെ നോക്കുക. പരാമര്‍ശങ്ങള്‍ നീക്കിക്കിട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച സര്‍ക്കാര്‍ നിരത്തിയ കാരണങ്ങള്‍ ന്യായീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ കെ.എം. ജോസഫും എ.കെ. ജയശങ്കരന്‍ നമ്പ്യാരും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. കേസില്‍ മുഖ്യമന്ത്രി കക്ഷിയല്ല. എന്നിട്ടും, മുഖ്യമന്ത്രിയുടെ വാദം കേള്‍ക്കാതെയും സ്വാഭാവിക നീതി ലംഘിച്ചുകൊണ്ടും അദ്ദേഹത്തിനെതിരെ സിംഗിള്‍ ബെഞ്ച് പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു. ഇത് നീക്കിക്കിട്ടണമെന്നാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനു മുമ്പാകെ ആവശ്യമുയര്‍ത്തിയത്. ഈ വാദത്തെ ഡിവിഷന്‍ ബഞ്ച് ഏറെക്കുറെ അംഗീകരിച്ചിരിക്കുകയാണ്.
നേരത്തെ ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നതില്‍നിന്ന് ഈ ജഡ്ജി പിന്‍മാറിയിരുന്നു. കൂടാതെ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനുമായുള്ള കൂടിക്കാഴ്ച വിവാദമായിരുന്നു. അവയേയും നിസ്സാരമായി കാണാനാകില്ല.
”സംഭവങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ഗൗരവമുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതിനാല്‍ അതേക്കുറിച്ച് ജനങ്ങളോട് മറുപടി പറയാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്”, ”മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാര്‍ക്കിടയില്‍ നീതിനിഷ്ഠയില്ലാത്തവരുടെ സാന്നിധ്യമുണ്ടെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്. ഈ കേസുകളുമായി ബന്ധപ്പെട്ട ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്റ്റാഫിന്റെ പങ്കിനെക്കുറിച്ചും ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെക്കുറിച്ചും സ്വതന്ത്ര ഏജന്‍സിയുടെ ആഴത്തിലുള്ള അന്വേഷണം ആവശ്യമാണ്” എന്നീ വാചകങ്ങളാണ് സ്‌റ്റേ ചെയ്തിട്ടുള്ളത്. മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും കുറിച്ച് പരാമര്‍ശിച്ച കോടതി അതേക്കുറിച്ച് വിശദീകരിക്കാന്‍ മുഖ്യമന്ത്രിക്ക് അവസരം നല്‍കിയില്ലെന്ന് സംസ്ഥാന സര്‍ക്കാറിനു വേണ്ടി ആഭ്യന്തര വകുപ്പ് സെക്രട്ടറി സമര്‍പ്പിച്ച അപ്പീലില്‍ അഡ്വക്കേറ്റ് ജനറല്‍ ബോധിപ്പിച്ചു. അത് സ്വാഭാവിക നീതി നിഷേധമായിരുന്നു എന്നായിരുന്നു വാദം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വേറെ കേസുമായി ബന്ധപ്പെട്ട് ആരോപണമുണ്ടായപ്പോള്‍ ഒരാള്‍ രാജിവെച്ചു. മറ്റൊരാളെ സസ്‌പെന്‍ഡ് ചെയ്തു. എന്നിട്ടും മുഖ്യമന്ത്രിയുടെ ഓഫീസിന് എതിരെ കാടടച്ച് പൊതുവായ പരാമര്‍ശം നടത്തിയതിന് ന്യായീകരണമില്ല എന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരെ നിയോഗിക്കുന്നത് പൊതുഭരണ വകുപ്പാണ്. പോലീസുദ്യോഗസ്ഥനെ നിയമിക്കുന്നത് പോലീസ് വകുപ്പുമാണ്. എന്നിരിക്കേ ഓഫീസിലെ ജീവനക്കാരുടെ പ്രവര്‍ത്തനത്തെക്കുറിച്ചുയര്‍ന്ന ആരോപണത്തിന് മുഖ്യമന്ത്രി ഉത്തരം നല്‍കാന്‍ ബാധ്യസ്ഥനാണ് എന്ന കോടതിയുടെ പരാമര്‍ശം അടിസ്ഥാനരഹിതമാണെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചു.
തീര്‍ച്ചയായും തന്റോ ഓഫീലെ ജീവനക്കാരുടെ പ്രവര്‍ത്തനങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടക്കട്ടെ. സത്യം പുറത്തുവരട്ടെ. എന്നാല്‍ അതിനിടയില്‍ തങ്ങളുടെ ഉത്തരവാദിത്തത്തില്‍ വരാത്ത വിഷയങ്ങളെ കുറിച്ച് കോടതികള്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply