കൊറിയന്‍ ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തിലൊരു ‘ചന്ദ്രോദയം’

അഡ്വ. ജി. സുഗുണന്‍ രാഷ്ട്രീയരംഗത്ത് ആരെയും ആവേശംകൊള്ളിക്കുന്ന ചരിത്രമാണ് ദക്ഷിണകൊറിയയ്ക്കുള്ളത്. രണ്ടാം ലോകയുദ്ധത്തില്‍ ജപ്പാന്റെ പതനത്തോടെ കൊറിയ സ്വതന്ത്രമായി.1945 ലെ കൊറിയന്‍ വിഭജനത്തിന്റെ ഫലമായി കൊറിയന്‍ ഉപദ്വീപിന്റെ തെക്കുഭാഗം ഉള്‍പ്പെടുന്ന ദക്ഷിണകൊറിയ രൂപീകൃതമായി. 1948 ല്‍ കൊറിയന്‍ റിപ്പബ്ലിക്ക് നിലവില്‍ വന്നു. അമേരിക്കയോടു വിധേയത്വമുള്ള പൂര്‍ണ മുതലാളിത്ത രാജ്യമാണു ദക്ഷിണ കൊറിയ. ഉത്തര കൊറിയുമായി മാത്രമാണു രാജ്യം അതിര്‍ത്തി പങ്കിടുന്നത്. മഞ്ഞക്കടലും ജപ്പാന്‍ കടലും കൊറിയന്‍ കടലിടുക്കും ചൈന കടലിടുക്കും ദക്ഷിണകൊറിയയുടെ തീരങ്ങള്‍ പങ്കുവയ്ക്കുന്നു. കൊറിയുടെ പുനരേകീകരണം […]

kkk

അഡ്വ. ജി. സുഗുണന്‍

രാഷ്ട്രീയരംഗത്ത് ആരെയും ആവേശംകൊള്ളിക്കുന്ന ചരിത്രമാണ് ദക്ഷിണകൊറിയയ്ക്കുള്ളത്. രണ്ടാം ലോകയുദ്ധത്തില്‍ ജപ്പാന്റെ പതനത്തോടെ കൊറിയ സ്വതന്ത്രമായി.1945 ലെ കൊറിയന്‍ വിഭജനത്തിന്റെ ഫലമായി കൊറിയന്‍ ഉപദ്വീപിന്റെ തെക്കുഭാഗം ഉള്‍പ്പെടുന്ന ദക്ഷിണകൊറിയ രൂപീകൃതമായി. 1948 ല്‍ കൊറിയന്‍ റിപ്പബ്ലിക്ക് നിലവില്‍ വന്നു.
അമേരിക്കയോടു വിധേയത്വമുള്ള പൂര്‍ണ മുതലാളിത്ത രാജ്യമാണു ദക്ഷിണ കൊറിയ. ഉത്തര കൊറിയുമായി മാത്രമാണു രാജ്യം അതിര്‍ത്തി പങ്കിടുന്നത്. മഞ്ഞക്കടലും ജപ്പാന്‍ കടലും കൊറിയന്‍ കടലിടുക്കും ചൈന കടലിടുക്കും ദക്ഷിണകൊറിയയുടെ തീരങ്ങള്‍ പങ്കുവയ്ക്കുന്നു.
കൊറിയുടെ പുനരേകീകരണം ലക്ഷ്യമാക്കി ദക്ഷിണകൊറിയ തയാറാക്കിയ പദ്ധതിയാണു സണ്‍ഷൈന്‍ പോളിസി. സാമ്പത്തിക സഹകരണം, വിനോദസഞ്ചാര പദ്ധതികള്‍, വളം തുടങ്ങിയ സഹായങ്ങള്‍, ഉത്തര കൊറിയയിലെ യുവാക്കള്‍ക്കു ദക്ഷിണ കൊറിയയിലെ കമ്പനികളില്‍ തൊഴില്‍ നല്‍കല്‍ എന്നിവ ഉള്‍പ്പെട്ടതാണു പദ്ധതി. ദക്ഷിണ കൊറിയുടെ പ്രസിഡന്റായിരുന്ന കിം ദേ ജുങ്ങാണു സണ്‍ഷൈന്‍ പോളിസിയുടെ ഉപജ്ഞാതാവ്. 2000 ജൂണില്‍ അദ്ദേഹം ഉത്തരകൊറിയ സന്ദര്‍ശിക്കുകയും സഹകരണത്തിനു ശ്രമിക്കുകയും ചെയ്തു. ഈ നടപടി മുന്‍ നിര്‍ത്തി 2000ലെ സമാധാനത്തിലുള്ള നൊേബല്‍ സമ്മാനം ജുങ്ങിനു നല്‍കി.
ലോകത്തിലെ പത്താമത്തേതും ഏഷ്യയിലെ മൂന്നാമത്തെയും സാമ്പത്തിക ശക്തിയാണു ദക്ഷിണകൊറിയ. 1960 കളില്‍ ഖനനവ്യവസായത്തിലൂടെയാണു സാമ്പത്തിക വളര്‍ച്ചയ്ക്ക് തുടക്കം. പിന്നീട് വാഹനം, കപ്പല്‍ നിര്‍മാണം, ഇലക്‌ട്രോണിക്‌സ് തുടങ്ങിയ മേഖലയിലേക്കു ചുവടുമാറ്റിയതോടെ സാമ്പത്തിക വളര്‍ച്ചയുടെ ഗതിവേഗം വര്‍ധിച്ചു. ഇന്ന് ഇലക്‌ട്രോണിക്‌സ്, വാഹന വ്യവസായങ്ങളുടെ കേന്ദ്രമാണു ദക്ഷിണ കൊറിയ. ഹുണ്ടായ്, എല്‍.ജി, സാംസങ് തുടങ്ങിയ ലോക പ്രശസ്ത കമ്പനികള്‍ ദക്ഷിണ കൊറിയിലാണ്.
ലോകമാകെ ഉറ്റുനോക്കിയ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമാധാനകാംക്ഷികള്‍ക്ക് വലിയ ആശ്വാസം പകരുന്ന നിലയില്‍തന്നെ സമാപിച്ചു. ഉത്തര കൊറിയുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നങ്ങള്‍ തീര്‍ക്കണമെന്ന് അഭിപ്രായമുള്ള കൊറിയന്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ (ഡി.പി.കെ) സ്ഥാനാര്‍ഥി മൂണ്‍ ജെ. ഇന്‍ വന്‍ ഭൂരിപക്ഷത്തോടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഉത്തരദക്ഷിണ കൊറിയന്‍ സംഘര്‍ഷത്തിന് അയവുവരുത്താന്‍ ഉത്തര വിയറ്റ്‌നാം തലസ്ഥാനമായ പോങ്ങ്‌യാങ്ങിലേക്ക് പോകാന്‍ തയാറാണെന്നത് അടക്കമുള്ള പ്രഖ്യാപനങ്ങളാണ് മൂണ്‍ ജെ. ഇന്‍ നടത്തിയിരിക്കുന്നത്.
ഉത്തരകൊറിയയുമായി നല്ലബന്ധം ആഗ്രഹിക്കുന്ന മൂണ്‍ ഭരണത്തിലെത്തിയത് മേഖലയിലെ സംഘര്‍ഷങ്ങള്‍ക്കും അമേരിക്കയുമായുള്ള സഖ്യനിലപാടുകള്‍ക്കും മാറ്റംവരുത്തുമെന്നാണ് വിലയിരുത്തല്‍. ഉത്തരകൊറിയുമായി നല്ലബന്ധം ആഗ്രഹിക്കുന്ന മൂണ്‍ തങ്ങളുടെ രാജ്യത്തെ അമേരിക്കന്‍ മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ വിമര്‍ശകനാണ്. തെരഞ്ഞെടുപ്പിനുശേഷം പുറത്തുവിട്ട എല്ലാ എക്‌സിറ്റ് പോളുകളും മൂണിന്റെ ജയം പ്രവചിച്ചിരുന്നു. രാജ്യത്തെ അഴിമതിക്കെതിരേയുള്ള ജനങ്ങളുടെ പ്രതിഷേധംകൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചതാണെന്നാണ് വിലയിരുത്തല്‍.
ഉത്തരകൊറിയയില്‍ നിന്നുള്ള ഒരു അഭയാര്‍ത്ഥിയുടെ മകനായ മൂണ്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയാണ്. ആണവശക്തിയായ ഉത്തരകൊറിയയോട് മെച്ചപ്പെട്ട ബന്ധത്തിനായി വാദിക്കുന്നയാളാണ് 64 വയസുകാരനായ മൂണ്‍. പ്രസിഡന്റിന്റെ കൊട്ടാരമായ ബ്ലൂ ഹൗസില്‍ നടത്തിയ പ്രഥമ പത്രസമ്മേളനത്തില്‍ പുതിയ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ നിയമനവും മൂണ്‍ പ്രഖ്യാപിച്ചു. ദക്ഷിണ ജ്യോളാ പ്രവിശ്യാ ഗവര്‍ണര്‍ ലീനാക്യോണാണു പ്രധാനമന്ത്രി. 300 അംഗപാര്‍ലമെന്റില്‍ മൂണിന്റെ പാര്‍ട്ടിക്ക് 120 അംഗങ്ങളേയുള്ളൂ. ഭരണപരിഷ്‌കരണ നടപടികള്‍ക്ക് മറ്റ് പാര്‍ട്ടിക്കാരുടെകൂടി പിന്തുണ സമ്പാദിക്കാന്‍ മൂണ്‍ നിര്‍ബന്ധിതനാകും.
മൂണിന്റെ തെരഞ്ഞെടുപ്പ് വിജയത്തില്‍ ഉത്തര കൊറിയ ഔദ്യോഗികമായി പ്രതികരിച്ചില്ലെങ്കിലും സ്വാഗതം ചെയ്യുമെന്നുതന്നെയാണ് കരുതുന്നത്. യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബേ, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് തുടങ്ങിയവര്‍ മൂണിനെ അഭിനന്ദിച്ചു.
പാര്‍ക്ക് ഗ്യൂന്‍ ഹയി, ദക്ഷിണകൊറിയയുടെ പ്രസിഡന്റായിരുന്ന കാലത്ത് യു.എസുമായി സഹകരിച്ച് നടത്തിയ സംയുക്ത സൈനികാഭ്യാസം ഉത്തര കൊറിയയെ പ്രകോപിപ്പിച്ചിരുന്നു. ഉത്തരകൊറിയയുമായി ചര്‍ച്ച ചെയ്യണമെന്നും അവര്‍ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തിയതുകൊണ്ട് ആണവപദ്ധതികളില്‍നിന്നു ഉത്തരകൊറിയയെ പിന്മാറ്റാന്‍ സാധിക്കില്ലെന്ന അഭിപ്രായവും മൂണിനുണ്ട്. അതിര്‍ത്തി കടന്നുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഉത്തര ദക്ഷിണ കൊറിയകള്‍ സംയുക്തമായി ആരംഭിച്ച കെയ്‌സോങ് വ്യവസായ സമുച്ചയം സംഘര്‍ഷത്തെത്തുടര്‍ന്ന് 2016 ല്‍ അടച്ചുപൂട്ടിയിരുന്നു. ഇതു വീണ്ടും തുറന്നു പ്രവര്‍ത്തിക്കാനുള്ള നടപടി മൂണ്‍ ചെയ്യുമെന്നു കരുതുന്നുണ്ട്.
ദക്ഷിണകൊറിയയില്‍ സമീപകാലത്ത് ഭരണാധികാരികള്‍ ഏറ്റവുമധികം വിമര്‍ശനം നേരിടുന്നത് വന്‍കിട ബിസിനസ് ഗ്രൂപ്പുകളുമായിള്ള അവിഹിതബന്ധമാണ്. ദക്ഷിണകൊറിയന്‍ വന്‍കിട ബിസിനസ് ഗ്രൂപ്പുകള്‍ അറിയപ്പെടുന്നത് ചായ്‌ബോല്‍ എന്നാണ്. ഇവര്‍ ബിസിനസ് സ്ഥാപനങ്ങളുടെ തലപ്പത്ത് കാലങ്ങളായി കുടുംബാംഗങ്ങളെ അനധികൃതമായി അവരോധിക്കുകയാണ്. ഇതിനു തടയിടാന്‍ നിയമസംവിധാനങ്ങള്‍ക്ക് സാധിക്കാറില്ല. കാരണം, ഭരണതലത്തില്‍ ഇവര്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നുണ്ട് എന്നതുതന്നെ. സാംസങ്ങും ഹുണ്ടായ് മോട്ടോര്‍ കമ്പനിയുമൊക്കെ ചായ്‌ബോലുകളാണ്. ദക്ഷിണകൊറിയയില്‍ പാര്‍ക്ക് ഗ്യൂന്‍ ഹയിയുടെ പ്രസിഡന്റ്‌സ്ഥാനം തെറിച്ചതിനു പിന്നിലും ചായ്‌ബോലുകളുമായുള്ള അവിഹിതബന്ധവും അഴിമതിപ്പണം കൈപ്പറ്റിയതുമൊക്കെയായിരുന്നു. പുതിയ പ്രസിഡന്റായി അധികാരമേല്‍ക്കുമ്പോള്‍ മൂണിനു മുന്നിലുള്ള വെല്ലുവിളി ചായ്‌ബോലുകളെ നിയന്ത്രിക്കുക എന്നതായിരിക്കും.
കൊറിയന്‍ ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തില്‍ വലിയ മാറ്റങ്ങള്‍ വരുന്നതിന്റെ സൂചനയാണ് മൂണ്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റാകുന്നതെന്നു വിലയിരുത്തുന്നവര്‍ വളരെ കൂടുതലാണ്. മൂണിന്റെ മാതാപിതാക്കള്‍ 1950 കളില്‍ കൊറിയന്‍ യുദ്ധകാലത്ത് ഉത്തരകൊറിയയില്‍നിന്ന് അഭയാര്‍ഥികളായി ദക്ഷിണകൊറിയയിലെത്തിയവരാണ്.

1972 ല്‍ സ്വേച്ഛാധിപത്യ ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങളെത്തുടര്‍ന്ന് മൂണ്‍ അറസ്റ്റിലായി. സൈന്യത്തില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം ഉത്തരകൊറിയക്കെതിരായ ആക്രമണത്തില്‍ പങ്കെടുത്തിട്ടുമുണ്ട്. പിന്നീട് ജന്മദേശമായ ബൂസന്‍ എന്നപ്രദേശത്ത് ഒരു നിയമസ്ഥാപനത്തിന് തുടക്കം കുറിക്കുകയും ചെയ്തു. 2003 ല്‍ റോഹ് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പദവിയിലെത്തിയതോടെ അദ്ദേഹത്തിന്റെ നിഴലായി മൂണ്‍ മാറി.
റോഹിന്റെ ഭരണകാലത്ത് ഉത്തരകൊറിയയെ സഹായിച്ചെന്നു മൂണിനെതിരേ ആരോപണമുയര്‍ന്നിരുന്നു. പിന്നീട് വന്ന സര്‍ക്കാര്‍ രോഹിനെതിരായ അഴിമതി ആരോപണങ്ങള്‍ പൊടിതട്ടിയെടുത്തതോടെ അദ്ദേഹം ആത്മഹത്യ ചെയ്തു.
ഉറ്റ സുഹൃത്തിന്റെ മരണം മൂണിനെ ഉലച്ച സംഭവമായിരുന്നു. പിന്നീട് കൂട്ടുകാരന്റെ പാത പിന്തുടര്‍ന്ന് രാഷ്ട്രീയത്തില്‍ സജീവമായ മൂണ്‍ 2012 ല്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഭാര്യയും രണ്ടു മക്കളുമുണ്ട്. ഇരു കൊറിയകളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമാക്കാനും, ദക്ഷിണകൊറിയയെ തങ്ങളുടെ താളത്തിനൊത്ത് തുള്ളുന്ന ഒരുരാഷ്ട്രമാക്കി മാറ്റാനുമാണ് അമേരിക്ക ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഉത്തരകൊറിയയെ കൂടുതല്‍ പ്രകോപിതരാക്കി ആണവയുദ്ധഭീതി വളര്‍ത്താനും അമേരിക്ക ബോധപൂര്‍വം കരുനീക്കങ്ങള്‍ നടത്തുന്നുമുണ്ട്.

മംഗളം

(ലേഖകന്‍ സി.എം.പി. പോളിറ്റ്ബ്യൂറോ അംഗമാണ്. )

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply