കേരള മോഡലിനെ പ്രകീര്‍ത്തിക്കുമ്പോള്‍ വിടി ബല്‍റാം ചെയ്യുന്നത്…

ജനാധിപത്യത്തിലും സോഷ്യലിസത്തിലും മതേതരത്വത്തിലുമൂന്നിയ കേരള വികസന മാതൃക തെറ്റെന്നു പറയുന്നവര്‍ക്ക് ഗൂഢലക്ഷ്യങ്ങളാണുള്ളതെന്ന് വി ടി ബല്‍റാം എം എല്‍ എ പറയുന്നു. നിരവധി പോരാട്ടങ്ങളിലൂടെയാണ് നാം സാര്‍വ്വത്രിക വിദ്യാഭ്യാസം നേടിയതെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. ഇടതുപക്ഷക്കാരും ഇടതുപക്ഷക്കാരാകാന്‍ ശ്രമിക്കുന്ന മറ്റുപാര്‍ട്ടിക്കാരും പറയുന്ന കാര്യങ്ങള്‍ തന്നെയാണ് ബല്‍റാമും പറയുന്നത്. കേള്‍ക്കുമ്പോള്‍ ശരിയെന്നു തോന്നുന്നവ. എന്നാല്‍ വെറും പതിറ്റാണ്ടുകള്‍ പോലും നിലനിര്‍ത്താന്‍ കഴിയാതിരുന്ന മാറ്റങ്ങളെ മാതൃകയായി കാണാന്‍ കഴിയുമോ? കേരളത്തില ജെനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും ഇന്നത്തെ അവസ്ഥയെന്താണ്? കക്ഷിരാഷ്ട്രീയഗുണ്ടായിസവും കൊലപാതകങ്ങളും പാര്‍ട്ടിഗ്രാമങ്ങളും അഴിമതിയുമൊക്കെയല്ലേ […]

vt

ജനാധിപത്യത്തിലും സോഷ്യലിസത്തിലും മതേതരത്വത്തിലുമൂന്നിയ കേരള വികസന മാതൃക തെറ്റെന്നു പറയുന്നവര്‍ക്ക് ഗൂഢലക്ഷ്യങ്ങളാണുള്ളതെന്ന് വി ടി ബല്‍റാം എം എല്‍ എ പറയുന്നു. നിരവധി പോരാട്ടങ്ങളിലൂടെയാണ് നാം സാര്‍വ്വത്രിക വിദ്യാഭ്യാസം നേടിയതെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.
ഇടതുപക്ഷക്കാരും ഇടതുപക്ഷക്കാരാകാന്‍ ശ്രമിക്കുന്ന മറ്റുപാര്‍ട്ടിക്കാരും പറയുന്ന കാര്യങ്ങള്‍ തന്നെയാണ് ബല്‍റാമും പറയുന്നത്. കേള്‍ക്കുമ്പോള്‍ ശരിയെന്നു തോന്നുന്നവ. എന്നാല്‍ വെറും പതിറ്റാണ്ടുകള്‍ പോലും നിലനിര്‍ത്താന്‍ കഴിയാതിരുന്ന മാറ്റങ്ങളെ മാതൃകയായി കാണാന്‍ കഴിയുമോ? കേരളത്തില ജെനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും ഇന്നത്തെ അവസ്ഥയെന്താണ്? കക്ഷിരാഷ്ട്രീയഗുണ്ടായിസവും കൊലപാതകങ്ങളും പാര്‍ട്ടിഗ്രാമങ്ങളും അഴിമതിയുമൊക്കെയല്ലേ നമ്മുടെ ജനാധിപത്യത്തിന്റെ സമകാലിക മുഖം? മതേതരത്വത്തെ കുറിച്ച് പറയണോ? പുതിയ തലമുറയില്‍ പോലും വര്‍ഗ്ഗീയ – ജാതി ചിന്തകളും സദാചാരപോലീസിംഗും ശക്തിപ്പെടുന്നു. ഭയാനകമായ രീതീയിലുള്ള സാമൂഹ്യവിവേചനത്തിന്റെ വാര്‍ത്തകള്‍ പുറത്തുവരുന്നു. പേരാമ്പ്രയിലെ സ്‌കൂള്‍ വിഷയം ഒടുവിലത്തെ ഉദാഹരണം മാത്രം.
പിന്നെ ബല്‍റാം പറയുന്നത് ലോകം മുഴുവന്‍ വെല്ലുവിളി നേരിട്ടുകഴിഞ്ഞ സോഷ്യലിസ്റ്റ് ആശയമാണ്. ജനാധിപത്യപരമായി ഉള്ളടക്കമില്ലാത്ത ഒന്നായതിനാലാണ് സോഷ്യലിസമെന്ന സങ്കല്‍പ്പത്തെ ലോകം തള്ളിക്കളഞ്ഞത്. അത് വിശദമായ ചര്‍ച്ചയര്‍ഹിക്കുന്ന വിഷയമാണ്.
സാര്‍വ്വത്രിക വിദ്യാഭ്യാസത്തെ കുറിച്ചും ബല്‍റാം പറയുന്നു. സാക്ഷരതയാണ് സാര്‍വ്വത്രികവിദ്യാഭ്യാസമെന്നാല്‍ അതില്‍ ശരിയുണ്ട്. എന്നാലത് അവിടെ നിന്നു എന്നതാണ് സത്യം. സാക്ഷരതയുടെ പേരില്‍ ഊറ്റം കൊള്ളുമ്പോള്‍ ഉന്നത വിദ്യാഭ്യാസം മുരടിച്ചു. ദേശീയതലത്തില്‍ എടുത്തുപറയാവുന്ന ഒന്നും കേരളത്തിനില്ല. 2015ലെ ഐഐടി കോഴ്‌സില്‍ കേരളത്തില്‍ നിന്നു പ്രവേശനം ലഭിച്ചവര്‍ 106. ആന്ധ്രയ്ില്‍ നിന്ന് 2000ത്തില്‍ പരം പേര്‍ പ്രവേശനം നേടിയപ്പോഴാണ് കേരളത്തിന്റെ ഈ ദുരവസ്ഥ. മറുവശത്ത് നേടിയ പ്രാഥമിക വിദ്യാഭ്യാസനേട്ടം പോലും അര്‍ത്ഥരഹിതമായി. രാജ്യത്തെ ഏറ്റവും വിദ്യാഭ്യാസമുണ്ടെന്നു അവകാശപ്പെടുന്ന നമ്മുടെ സ്ത്രീകളുടെ അവസ്ഥ തന്ന തന്നെ ഉദാഹരണം.
വാസ്തവത്തില്‍ ജനങ്ങളുടെ ജീവിതനിലവാരം ചൂണ്ടികാട്ടിയാണ് കേരളമോഡലിനെ കുറിച്ച് നാം ഊറ്റം കൊള്ളാറുള്ളത്. ഇന്ത്യയുടെ മറ്റു പല ഭാഗങ്ങളില്‍ നിന്നും വ്യത്യസ്ഥമായി താഴേക്കിടയില്‍ നിന്നുള്ള നവോത്ഥാനമുന്നേറ്റങ്ങളാണ് ബല്‍റാം പറയുന്ന പോലെ കഴിഞ്ഞ നൂറ്റാണ്ടില്‍ ഇന്ത്യയുടെ മിക്ക സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്ഥമായ രീതിയിലൊരു വികസനം കേരളത്തിലുണ്ടാകാന്‍ പ്രധാന കാരണം. തുടര്‍ന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനം, ദേശീയ പ്രസ്ഥാനം, മിഷണറി പ്രവര്‍ത്തനം തുടങ്ങിയവയും ഇക്കാര്യത്തില്‍ തങ്ങളുടേതായ പങ്കുവഹിച്ചു. പിന്നെ മുഖ്യമായും തെക്കു നിന്നു കാടുകളിലേക്കുണ്ടായ കുടിയേറ്റം. ഇവയെല്ലാം ചേര്‍ന്ന് കേരളത്തെ മാറ്റി മറിച്ചു. പിന്നീട് ഗള്‍ഫിലേക്കുള്ള കുടിയേറ്റവും കൂടിയായപ്പോള്‍ ചിത്രം പൂര്‍ത്തിയായി. ഇന്നിതാ മറ്റു സംസ്ഥാനങ്ങൡ നിന്ന് ലക്ഷങ്ങള്‍ ഇങ്ങോട്ടു കുടിയേറുന്ന അവസ്ഥയിലായി കാര്യങ്ങള്‍.
സത്യത്തില്‍ ഈ മാറ്റങ്ങള്‍ നടക്കുമ്പോള്‍ ദീര്‍ഘവീക്ഷണത്തോടെ കാര്യങ്ങളെ നോക്കികാണാന്‍ നമുക്കായില്ല. കൃഷി മുന്നോട്ടു കൊണ്ടുപോകാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാതെ നടത്തിയ ഭൂപരിഷ്‌കരണം, അതില്‍ നിന്ന് ഒഴിവാക്കിയ തോട്ടങ്ങള്‍, കേരളത്തിന്റെ പരിസ്ഥിതിക്കും കാലവസ്ഥക്കും സ്വാശ്രയവികസനത്തിനും അനുയോജ്യമല്ലാത്ത രീതിയില്‍ ആദിത്യ ബിര്‍ളയെ പോലുള്ളവരെയും പിന്നീട് കൊക്കക്കോള പോലുള്ളവരേയും ക്ഷണിച്ചുകൊണ്ടുവന്നുള്ള വികസനം, വൈദ്യുതി തന്നെ അംസസ്‌കൃത വസ്തുവായ വ്യവസായശാലകള്‍, തൊഴിലാളി വര്‍ഗ്ഗത്തിന്റെ പേരില്‍ പരിഗണിക്കാതിരുന്ന പരിസ്ഥിതിനാശം, തൊഴിലില്ലായ്മയുടെ പേരുപറഞ്ഞ് യന്ത്രവല്‍ക്കരണത്തെ ചെറുക്കല്‍, വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ പേരില്‍ സ്ത്രീ, ദളിത്, ആദിവാസി അസ്തിത്വങ്ങള്‍ നിഷേധിക്കല്‍, വനനശീകരണത്തേയും ആദിവാസി ജീവിതത്തേയും കണക്കിലെടുക്കാതെ നടന്ന കുടിയേറ്റത്തെ പ്രകീര്‍ത്തിക്കല്‍, വിദ്യാഭ്യാസത്തോടൊപ്പം കപടമായ സദാചാബോധവും മൂല്യസങ്കല്‍പ്പങ്ങളും വളര്‍ത്തിയെടുത്ത മിഷണറി വിദ്യാഭ്യാസം, സ്വന്തം നാട്ടില്‍ തൊഴില്‍ കണ്ടെത്താന്‍ ശ്രമിക്കാതെ പ്രവാസത്തെ മഹത്തരമായി കണ്ട ചിന്താരീതി, അധ്വാനത്തോടുള്ള ഫ്യഡല്‍ മനോഭാവവും വൈറ്റ് കോളര്‍ തൊഴിലിനോടുള്ള ആഭിമുഖ്യവും, അവകാശങ്ങളോടൊപ്പം കടമകളെ കുറിച്ച് മിണ്ടാതിരുന്ന തൊഴിലാളി പ്രസ്ഥാനങ്ങള്‍ തുടങ്ങിയവയെല്ലാമാണ് സത്യത്തില്‍ നമ്മുടെ മുഖമുദ്രകള്‍.
ഉല്‍പ്പാദമേഖല വികസിക്കാതെ ഒരു സമൂഹത്തിനു മുന്നോട്ടുപോകാമെന്നതിന്റെ മാതൃകയായി കേരള മോഡല്‍ ചൂണ്ടികാട്ടുന്നതില്‍ ലോകമെങ്ങും മത്സരം നടന്നു. അതിന്റെ ഉദ്ദേശ്യമറിയാതെ പിതൃത്വമേറ്റെടുക്കാന്‍ ഇവിടേയും മത്സരം നടന്നു. സ്വാഭാവികമായും ഉപഭോഗസംസ്‌കാരമായി നമ്മുടെ മുഖമുദ്ര. ഉല്‍പ്പാദിപ്പിക്കുന്നതൊന്നും ഉപയോഗിക്കാതിരിക്കുകയും ഉപയോഗിക്കുന്നതൊന്നും ഉല്‍പ്പാദിപ്പിക്കാതിരിക്കുകയും ചെയ്യുന്ന സമൂഹമായി കേരളം മാറി. ഇവിടത്തെ വ്യവസായവല്‍ക്കരത്തിനുപയുക്തമാക്കേണ്ട അസംസ്‌കൃത വസ്തുക്കളും അധ്വാനശേഷിയും പുറത്തേക്കൊഴുകി. മറുവശത്ത് പുറത്തുനിന്നുള്ള ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റ് കീഴടക്കി. പാടുപെട്ട് ഇവിടെ ചെറുസംരംഭങ്ങള്‍ ആരംഭിച്ചവര്‍ തകര്‍ന്നു. പ്രവാസികള്‍ അയക്കുന്ന പണം പോലും ഉല്‍പ്പാദന മേഖകളിലേക്ക് തിരിയാതെ പുറത്തേക്കൊഴുകി. നമ്മുടെ ബാങ്കുകളും സ്‌റ്റോക് എക്‌സ്‌ചേഞ്ചും മറ്റും പണം പുറത്തു കടത്തുന്ന ഏജന്‍സികളായി മാറി. പ്രവാസികളാകാന്‍ തയ്യാറാകാതിരുന്നവരാകട്ടെ ടെസ്റ്റുകളെഴുതി സര്‍ക്കാര്‍ ജോലിക്കുമാത്രം കാത്തിരുന്നു.
ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഭൂപരിഷ്‌കരണ നിയമം കൃഷിഭൂമിയെ തുണ്ടുവല്‍ക്കരിച്ചു. ഇവയെ ഏകോപിപ്പിച്ച് കാര്‍ഷിക മേഖലയെ നിലനിര്‍ത്താനുള്ള ശ്രമം പിന്നീടുണ്ടായില്ല. ഭൂപരിഷ്‌കരണത്തിനു രണ്ടാംഘട്ടവും ഉണ്ടായില്ല. യഥാര്‍ത്ഥ അവകാശികള്‍ക്ക് ഭൂമി ലഭിച്ചില്ല. മാത്രമല്ല ട്രാക്ടര്‍, കൊയ്ത്തുയന്ത്രം തുടങ്ങി കൃഷിയെ ആധുനികവല്‍ക്കരിക്കാനുള്ള ശ്രമങ്ങളെ സംഘടിതവിഭാഗങ്ങള്‍ തടഞ്ഞു. കൃഷി ചെയ്യുന്നതിനേക്കാള്‍ എത്രയോ മെച്ചമാണ് ഭൂമി വില്ക്കുന്നതും മറ്റാവശ്യങ്ങള്‍ക്കുപയോഗിക്കുന്നതുമെന്ന നിലവന്നു. കൂട്ടുകുടുംബങ്ങള്‍ തകര്‍ന്നു. കൃഷിഭൂമി നിരത്തല്‍ സജീവമായി. റിയല്‍ എസ്റ്ററ്റ് ബിസിനസ്സും വ്യാപകമായി. തമിഴ് നാട്ടില്‍ ലോറി പണിമുടക്കിയാല്‍ പട്ടിണി കിടക്കേണ്ട അവസ്ഥയിലായി നാം. കര്‍ഷക ആത്മഹത്യകള്‍ പോലും കേരളത്തില്‍ വ്യാപകമായി.
മറുവശത്ത് തോട്ടങ്ങള്‍ ഭൂപരിഷ്‌കരണ നിയമത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. വനങ്ങളിലേക്കുള്ള കുടിയേറ്റം ആദിവാസി ജീവിതത്തെ തകര്‍ത്തു. ഈ സാഹചര്യത്തിലാണ് അവശേഷിക്കുന്ന കൃഷിഭൂമി സംരക്ഷിക്കാനുള്ള പോരാട്ടങ്ങള്‍ കേരളത്തില്‍ സജീവമായത്. കളിമണ്‍ ഖനനത്തിനെതിരായും കൃഷിഭൂമി സംരക്ഷിക്കാനുമുള്ള സമരങ്ങള്‍ ശക്തമായി. ചെങ്ങറ പോലുള്ള മേഖലകളില്‍ പട്ടിക ജാതി വിഭാഗങ്ങളും മുത്തങ്ങയിലും തുടര്‍ന്ന് മറ്റു മേഖലകളിലും ആദിവാസികളും ഭൂമിക്കായി രംഗത്തിറങ്ങി. അങ്ങനെ കേരളത്തിലെ ഏറ്റവും സജീവമായ വിഷയമായി ഭൂമി മാറി. അവശേഷിക്കുന്ന കൃഷിഭൂമിയെങ്കിലും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നെല്‍വയല്‍ – നീര്‍ത്തട സംരക്ഷണ നിയമം വന്നു. പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ തിരിച്ചുപിടിക്കാനുള്ള ആവശ്യങ്ങളും ശക്തിപ്പെട്ടു. കാര്‍ഷികമേഖലയില്‍ മാത്രമല്ല, മറ്റെല്ലാ മേഖലയിലും ഭൂമിതന്നെയായി കേന്ദ്രപ്രശ്‌നം. ഏതൊരു വികസനത്തിനും കുടിയൊഴിപ്പിക്കല്‍ അനിവാര്യമായിരുന്നു. എന്നാല്‍ അര്‍ഹമായ നഷ്ടപരിഹാരം യഥാസമയം നല്‍കിയില്ല എന്ന പരാതി വ്യാപകമായി. ഇനിയും ഈ വിഷയങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണാന്‍
നമുക്കായില്ല. മറുവശത്ത് അവശേഷിക്കുന്ന കേരളത്തിന്റെ പ്രകൃതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ ബല്‍റാമിന്റേതടക്കമുള്ള കക്ഷിരാഷ്ട്രീയ പ്രസ്ഥാനങ്ങളും മതപുരോഹിതരും ഒന്നിച്ച അവസ്ഥയും നാം കണ്ടു.
വ്യവസായിക വികസനമില്ലാതെ ഒരു നാടിനു മുന്നോട്ടുപോകാനാവില്ലെന്നുറപ്പ്. കാര്‍ഷിക മേഖലയിലെ ഉല്പന്നങ്ങളുമായി ബന്ധപ്പെട്ട മൂല്യവര്‍ദ്ധിത വ്യവസായങ്ങളാണ് പൊതുവില്‍ എല്ലായിടത്തും വളരുക. കേരളത്തില്‍ പക്ഷെ അതല്ല സംഭവിച്ചത്. കേരം നിറഞ്ഞ നമ്മുടെ നാട്ടില്‍ ഒരു മികച്ച വെളിച്ചെണ്ണ ഫാക്ടറിപോലും ഉണ്ടായില്ല. ഇവിടെ നിന്നുപോകുന്ന കൊപ്രതന്നെയാണ് വെളിച്ചെണ്ണയായി ഭംഗിയായി പാക്ക് ചെയ്ത് വരുന്നതെന്നു നാം മറന്നു. അതുപോലെ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന സര്‍ക്കാരിന്റെ സോപ്പുകമ്പനി പോലും തകര്‍ന്നു. മികച്ച ടയര്‍ കമ്പനികളോ, എന്തിനു ബലൂണ്‍ കമ്പനികളോ പോലുമില്ലാതെ റബ്ബര്‍, വെറും ഷീറ്റുകളായി പുറത്തുപോയി. ഇവയുടെയെല്ലാം മികച്ച മാര്‍ക്കറ്റും കേരളമായിരുന്നു. ചക്ക, മാങ്ങ, മറ്റു പഴങ്ങള്‍, മത്സ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യവസായങ്ങളും വളര്‍ന്നില്ല. ചുരുക്കി പറഞ്ഞാല്‍ ഒരു ഘട്ടത്തില്‍ വ്യവസായ വികസനത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളും പ്രവാസികളില്‍നിന്നുള്ള മൂധനവും മാര്‍ക്കറ്റും അധ്വാന ശക്തിയും ഉണ്ടായിട്ടും ഇവിടെ വ്യവസായം വളര്‍ന്നില്ല. യന്ത്രവല്‍ക്കരണത്തിനെതിരായ നിലപാട് കാര്‍ഷിക മേഖലയെ മാത്രമല്ല, കയര്‍ പോലുള്ള വ്യവസായങ്ങളേയും തകര്‍ത്തു. കേരളം ട്രേഡ് യൂണിയന്‍ സമരങ്ങളാണെന്ന പ്രചരണം മൂലധന നിക്ഷേപത്തെ തടഞ്ഞു. പ്രവാസി വ്യവസായികള്‍ പോലും സംസ്ഥാനത്തിനുപുറത്ത് മൂലധനമിറക്കാന്‍ തുടങ്ങി. നമ്മുടെ ഉദ്യോഗസ്ഥവിഭാഗമാകട്ടെ ചുവപ്പുനാടകള്‍ മുറുക്കി വ്യവസായ വികസനത്തെ തുരങ്കം വെച്ചുകൊണ്ടിരുന്നു. ചെറുപ്പക്കാര്‍ നിക്ഷേപകരോ അധ്വാനികളോ ആകാന്‍ ശ്രമിക്കാതെ സര്‍ക്കാര്‍ ജോലിയിലേക്കോ ഇന്ത്യയിലെ മഹാനഗരങ്ങളിലേക്കോ ഗള്‍ഫിലേക്കോ കുടിയേറി. ദിവാന്റെ കാലത്താരംഭിച്ച, കേരളത്തിനു അനുയോജ്യമല്ലാത്ത രാസഫാക്ടറികളാണ് അവശേഷിച്ചത്. അവക്കെതിരെ ജനകീയ സമരങ്ങളും ആരംഭിച്ചു. ലോകത്തുതന്നെ ഐടി മേഖലയിലെ മലയാളികളുടെ പങ്കാളിത്തം വളരെ കൂടുതലാണെങ്കിലും കേരളത്തില്‍ ഐ.ടി വികസനം തുലോം തുച്ഛമായി. ഏറെ കൊട്ടിഘോഷിച്ച് സ്മാര്‍ട്ട് സിറ്റി പോലും ഇനിയും യാഥാര്‍ത്ഥ്യമായില്ല. ഐ.ടി, ബയോ ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ്, ഭക്ഷ്യ സംസ്‌കരണം, കാര്‍ഷിക സംസ്‌കരണം, ടൂറിസം തുടങ്ങിയ മേഖലകളെ ബന്ധിപ്പിക്കുന്ന വ്യവസായങ്ങളൊന്നും വളരുന്നില്ല. കുറെ സേവനമേഖലകള്‍ വളര്‍ന്നു. അത്രതന്നെ.
സ്വാഭാവികമായും ഇടക്കാലത്ത് ആരോഗ്യമേഖലക്കും വിദ്യാഭ്യാസമേഖലക്കും വളര്‍ച്ചയുണ്ടായി. എന്നാല്‍ സംഗതികള്‍ മാറിമറിയാന്‍ അധികകാലം വേണ്ടിവന്നില്ല. എല്ലാ മേഖലകളിലും തിരിച്ചടികള്‍ ആരംഭിച്ചു. ആരോഗ്യവും വിദ്യാഭ്യാസവും ഏറ്റവും വലിയ കച്ചവടമാകാന്‍ അധികകാലം വേണ്ടിവന്നില്ല. സര്‍ക്കാര്‍ ആരോഗ്യം, വിദ്യാഭ്യാസം, മാലിന്യ സംസ്‌കരണം, കുടിവെള്ള വിതരണം തുടങ്ങിയ മേഖലകളില്‍ പണം വിനിയോഗിക്കാതെ നഷ്ടത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ നടത്താനും കുറികമ്പനി തുടങ്ങാനും മറ്റും ചിലവഴിച്ചു. ആരോഗ്യമേഖലയില്‍ അനാവശ്യമായ മരുന്നുകള്‍ ഏറ്റവുമധികം തിന്നുന്നവരായി നാം മാറി. നാടുനീളെ ആശുപത്രികള്‍. ഇല്ലാതായെന്നു കരുതിയ രോഗങ്ങള്‍ക്കൊപ്പം ജീവിതശൈലി രോഗങ്ങള്‍ എന്നു വിശേഷിക്കപ്പെട്ട പുതിയ രോഗങ്ങളുടെ ഏറ്റവും വലിയ താവളമായി കേരളം. ആത്മഹത്യയിലും മദ്യപാനത്തിലും കുഴഞ്ഞുവീണു മരണത്തിലുമെല്ലാം ഒന്നാമതായി. പനിവന്നാല്‍ പോലും മരിക്കുന്ന സംസ്ഥാനമായി കേരളം.
ഈ എല്ലാ അര്‍ത്ഥത്തിലും പനി പിടിച്ച കേരള മോഡലിനെ ഇപ്പോഴും ഉയര്‍ത്തിപിടിക്കുകവഴി ഭൂതകാലത്തെ ഉദാത്തവല്‍ക്കരിച്ച് രാഷ്ട്രീയ ഉത്തരവാദിത്തങ്ങളില്‍ നിന്ന് രക്ഷപ്പെടുകയാണ് നാം ചെയ്യുന്നത്. ഒന്നാം കേരളമോഡലില്‍ നിന്ന് പാഠങ്ങള്‍ പഠിച്ച് രണ്ടാം മോഡല്‍ കെട്ടിപ്പടു്കകുകയാണ് വര്‍ത്തമാനകാലത്തെ രാഷ്ട്രീയ ഉത്തരവാദിത്തം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply