കേരള നവോത്ഥാനത്തിന്റെ ചിറകരിഞ്ഞതാര്?

കെ.വി.രാജേഷ് “ആധുനിക ജനാധിപത്യ രാഷ്ട്രത്തിന്റെ അടിസ്ഥാന തത്വം വ്യക്തിയുടെ മൂല്യത്തെ അംഗീകരിക്കുക എന്നതാണ്. ഓരോ വ്യക്തിക്കും ഒരൊറ്റ ജീവിതമേ ഉള്ളുവെന്നും ആ ജീവിതത്തില്‍ പരമാവധി വികാസം കൈവരിക്കാന്‍ അയാള്‍ക്ക് പൂര്‍ണ്ണമായ അവസരം നല്‍കേണ്ടതുമാണെന്ന വിശ്വാസമാണ് ജനാധിപത്യത്തിന്റെ കാതല്‍. ഭാരതീയ ദര്‍ശനമനുസരിച്ച് ഓരോ വ്യക്തിയുടേയും ഇന്നത്തെ ജീവിതം അസ്ഥിത്വങ്ങളുടെ പരമ്പരയിലെ ഒന്നു മാത്രമാണ്. വ്യക്തിയുടെ ജീവിതത്തിലെ അവസ്ഥ നിര്‍ണയിച്ചിരിക്കുന്നത് അയാളുടെ മുജ്ജന്മകൃത്യങ്ങളുടെ ഗുണമോ ദോഷമോ ആണ്. അതുകൊണ്ടുതന്നെ സാമൂഹ്യ ജൈവ ഘടനയില്‍ മാറ്റനൊക്കാത്തവിധം അയാളുടെ സ്ഥാനം ഉറപ്പിക്കപ്പെട്ടിരിക്കുന്നു. അപ്പോള്‍ […]

kkkkകെ.വി.രാജേഷ്

“ആധുനിക ജനാധിപത്യ രാഷ്ട്രത്തിന്റെ അടിസ്ഥാന തത്വം വ്യക്തിയുടെ മൂല്യത്തെ അംഗീകരിക്കുക എന്നതാണ്. ഓരോ വ്യക്തിക്കും ഒരൊറ്റ ജീവിതമേ ഉള്ളുവെന്നും ആ ജീവിതത്തില്‍ പരമാവധി വികാസം കൈവരിക്കാന്‍ അയാള്‍ക്ക് പൂര്‍ണ്ണമായ അവസരം നല്‍കേണ്ടതുമാണെന്ന വിശ്വാസമാണ് ജനാധിപത്യത്തിന്റെ കാതല്‍. ഭാരതീയ ദര്‍ശനമനുസരിച്ച് ഓരോ വ്യക്തിയുടേയും ഇന്നത്തെ ജീവിതം അസ്ഥിത്വങ്ങളുടെ പരമ്പരയിലെ ഒന്നു മാത്രമാണ്. വ്യക്തിയുടെ ജീവിതത്തിലെ അവസ്ഥ നിര്‍ണയിച്ചിരിക്കുന്നത് അയാളുടെ മുജ്ജന്മകൃത്യങ്ങളുടെ ഗുണമോ ദോഷമോ ആണ്. അതുകൊണ്ടുതന്നെ സാമൂഹ്യ ജൈവ ഘടനയില്‍ മാറ്റനൊക്കാത്തവിധം അയാളുടെ സ്ഥാനം ഉറപ്പിക്കപ്പെട്ടിരിക്കുന്നു. അപ്പോള്‍ ഇന്ത്യന്‍ ജനതയുടെ വിശ്വാസത്തില്‍ ആയിരമായിരം കൊല്ലങ്ങളായി വേരുറപ്പിച്ചിട്ടുള്ള എല്ലാ ആശയങ്ങള്‍ക്കുമെതിരാണ് ജനാധിപത്യത്തിന്റെ മൗലീക ധാരണകളെന്ന് നിശ്‌സംശയം പറയാം” (അംബേദ്കര്‍, സമ്പൂര്‍ണകൃതികള്‍, വോള്യം 4, പേജ് 152)

കഴിഞ്ഞ വര്‍ഷം ഇതേക്കാലത്താണ് ശ്രീനാരായണ ഗുരുവിനെ കുരിശ്ശിലേറ്റിയെന്ന വിവാദം ഉണ്ടാകുന്നത്. കേരളത്തിലെ ഒരു മുഖ്യധാര കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ സി.പി.ഐ.എമ്മാണ് ഇതിന് തുടക്കം കുറിച്ചത്. വര്‍ദ്ധിച്ചുവരുന്ന വര്‍ഗ്ഗീയതയ്‌ക്കെതിരെ അവര്‍ സംഘടിപ്പിച്ച ഘോഷയാത്രയില്‍ ആവിഷ്‌കരിച്ച ഒരു നിശ്ചലദൃശ്യത്തില്‍, എസ്.എന്‍.ഡി.പി. നേതൃത്വവും ഹിന്ദുവര്‍ഗ്ഗീയവാദികളും ചേര്‍ന്ന് നാരായണഗുരുവിനേയും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളെയും കുരിശ്ശിലേറ്റുന്നതായാണ് അതില്‍ ചിത്രീകരിയ്ക്കപ്പെട്ടത്. എന്നാല്‍ അദ്ദേഹത്തെ ഹിന്ദുക്കളുടെ ആത്മീയ ആചാര്യനായി വിശേഷിപ്പിക്കുന്ന എസ്.എന്‍.ഡി.പി. നേതൃത്വവും സംഘ്പരിവാര്‍ ശക്തികളും ഗുരുവിനെ കുരിശ്ശിലേറ്റിയെന്ന പ്രചരണവുമായി രംഗത്ത് വന്നു. എരിതീയ്യില്‍ എണ്ണയൊഴിക്കുന്നതിനും തെരഞ്ഞെടുപ്പില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനും കോണ്‍ഗ്രസ്സും അതിന്റെ നേതാവായ വി.എം. സുധീരനും കൂടെക്കൂടി.
വളരെ വ്യക്തമായ ഒരു ആവിഷ്‌കാരമായിട്ടുക്കൂടി സി.പി.എമ്മിന് ഇത് മറികടക്കാനായില്ല. തെറ്റ് പറ്റിയതായി സമ്മതിച്ചും ആവര്‍ത്തിയ്ക്കരുതെന്ന് അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയുമാണ് അന്ന് അതില്‍നിന്ന് പാര്‍ട്ടി തടിയൂരിയത് . ഈ വര്‍ഷം ആഗസ്റ്റ് മാസത്തില്‍ ശ്രീനാരായണ സ്മൃതിയും വലിയ രീതിയിലുള്ള കാമ്പയിനും നടത്തുന്നതിനാണ് സി.പി.എമ്മും അതിന്റെ പോഷക സംഘടനകളുംകൂടി തീരുമാനിച്ചിരിക്കുന്നത്. വര്‍ദ്ധിച്ചുവരുന്ന ഹിന്ദുത്വ വര്‍ഗ്ഗീയതയുടെ സ്വാധീനവും അതിലേയ്ക്ക് തങ്ങളുടെ അണികളുടെ ഒഴുക്കും ആ പാര്‍ട്ടിയെ കൊണ്ട് അതിന് നിര്‍ബന്ധിച്ചുവെന്ന് പറയുന്നതാകും ശരി.
നാരായണഗുരു മരിച്ചിട്ട് തൊണ്ണൂറുകള്‍ എത്തുന്ന ഇക്കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ സാമൂഹ്യവീക്ഷണവും സന്ദേശവും ചര്‍ച്ചചെയ്യുന്നതും പ്രചരിപ്പിക്കുന്നതും എന്തുകൊണ്ടും നല്ല കാര്യമാണ്. എന്നാല്‍ ഒരുനൂറ്റാണ്ടുമുമ്പ് ഗുരുമുന്നോട്ട്‌വെച്ച കാര്യങ്ങള്‍ സ്വന്തം പാര്‍ട്ടിയിലും അണികള്‍ക്കിടയിലും പ്രാവര്‍ത്തികമാക്കാന്‍ എന്തുകൊണ്ട് കഴിഞ്ഞില്ലെന്ന ചോദ്യവും ഇതോടൊപ്പം ഉയര്‍ന്നുവരേണ്ടതുണ്ട്. പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തിലുള്ളവര്‍പോലും ഗുരു നഖശിഖാന്തം എതിര്‍ത്തിരുന്ന ജാതിയും മതവും അതിന്റെ ആചാര-അനുഷ്ഠാനങ്ങളുമൊക്കെ കൂടെകൊണ്ടുനടക്കുമ്പോള്‍ ഇക്കാര്യത്തില്‍ ഒരു തീര്‍പ്പിലെത്താന്‍ ആ പാര്‍ട്ടി വിഷമിക്കുമെന്ന് തീര്‍ച്ചയാണ്. വര്‍ഗ്ഗീയതയെ ചെറുക്കുന്നതിന് ആരാധനാലയങ്ങളിലും അതിനോടനുബന്ധിച്ച ഉത്സവങ്ങളിലും പാര്‍ട്ടി അംഗങ്ങള്‍ നേതൃത്വം വഹിക്കണമെന്ന ഒറ്റമൂലിയാണവര്‍ ഇപ്പോള്‍ പ്രയോഗിക്കാന്‍ ശ്രമിക്കുന്നത്. ഇനി നമുക്ക് ക്ഷേത്രങ്ങള്‍ ആവശ്യമില്ലെന്നും ക്ഷേത്രങ്ങള്‍ ജാതി വര്‍ദ്ധിപ്പിക്കുന്നുവെന്നും നാരായണഗുരു ഒരു നൂറ്റാണ്ടുമുമ്പ് പറഞ്ഞ അതേ കേരളത്തിലാണ് സി.പി.എം. ഇത്തരം പയറ്റുകളുമായി രംഗത്ത് വരുന്നതെന്ന അതിശയോക്തി ഇക്കാര്യത്തിലുണ്ട്. ഇങ്ങനെ തെറ്റില്‍നിന്ന് തെറ്റിലേയ്ക്ക് സഞ്ചരിക്കുന്ന മുഖ്യധാര കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍, നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പൂര്‍വ്വികര്‍ക്കുണ്ടായിരുന്ന ധൈഷണീക നിലവാരം പോലുമില്ലാത്ത ഒരു വിഭാഗത്തെ എങ്ങനെ സൃഷ്ടിച്ചെടുത്തുവെന്ന ചോദ്യം, ചരിത്രത്തെ ഗൗരവകരമായി സമീപിക്കുന്നവരെ അലോസരപ്പെടുത്തും. ഈ തിരിച്ചുപോക്കിനെ മനസ്സിലാക്കണമെങ്കില്‍ നവോത്ഥാന പ്രസ്ഥാനങ്ങളുടെ ചരിത്രവും മുഖ്യധാര കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നിലപാടുകളും, നിലപാട് മാറ്റങ്ങളും പരിശോധിക്കേണ്ടിവരും.

കേരളവും നവോത്ഥാന പ്രസ്ഥാനങ്ങളും
കേരളത്തിന്റെ നവോത്ഥാനസമരങ്ങളെ സംബന്ധിച്ചുള്ള ചര്‍ച്ചകളില്‍ ഏറിയകൂറും ഹൈന്ദവ സമൂഹത്തിനുള്ളില്‍ നിലനിന്നിരുന്ന ജാതിപരമായ അടിച്ചര്‍ത്തലുകള്‍ക്ക് എതിരായ സമരങ്ങളായാണ് അടയാളപെടുത്തുന്നത്. മിക്കവാറും ഇതിനെ ഇങ്ങനെതന്നെ കാണാനാണ് കേരളത്തിലെ ചരിത്രകാരന്മാര്‍ ശ്രമിച്ചിട്ടുള്ളത്. മതത്തിനുള്ളില്‍ നടക്കുന്ന പരിഷ്‌കരണപ്രസ്ഥാനങ്ങളായാണ് ഇതിനെ പലരും വ്യാഖ്യാനിച്ചിട്ടുള്ളത്. എന്നാല്‍ ബലപ്രയോഗം ഒന്നുകൊണ്ടുമാത്രം നിലനിര്‍ത്തുകയും, ചൂഷണത്തിന്റെയും മര്‍ദ്ദനത്തിന്റെയും രാഷ്ട്രീയഘടന നിലനിര്‍ത്തുകയും ചെയ്ത കേരളീയസമൂഹത്തില്‍ പ്രസ്തുത സാമൂഹ്യഘടനയ്‌ക്കെതിരെ ഉയര്‍ന്നുവന്ന പ്രക്ഷോഭമായിരുന്നു നവോത്ഥാനസമരം. ഏകീകൃതമായ രൂപമില്ലാതിരുന്ന ഹിന്ദുസമൂഹത്തെ ഐക്യപെടുത്തിയ ഒന്നായി നവോത്ഥാനസമരങ്ങളെയും അതിന്റെ ഭാഗമായി നടന്ന ക്ഷേത്രപ്രവേശനസമരങ്ങളെയും ചിലര്‍ ചൂണ്ടിക്കാണിയ്ക്കാറുണ്ട്. ക്ഷേത്രപ്രവേശനത്തിനും വഴിനടക്കാനുള്ള അവകാശത്തിനും വേണ്ടിയുള്ള സമരങ്ങള്‍, പ്രാന്തവത്ക്കരിച്ചുകഴിഞ്ഞിരുന്ന ഒരു വിഭാഗത്തിന് പൊതുധാരയിലേയ്ക്ക് എത്താനും ജനാധിപത്യപ്രക്രിയയില്‍ ഉള്‍ച്ചേരാനുമുള്ള ശ്രമമായിരുന്നു. ഇതാണെങ്കില്‍ അന്നത്തെ സാഹചര്യത്തില്‍ വിപ്ലവകരവും സാമൂഹ്യഘടനയെ പിടിച്ചുലക്കുന്നതുമായിരുന്നു. ഇത് കാണാന്‍ കഴിയാത്തവരാണ് പലപ്പോഴും ഇങ്ങനെയൊരു നിഗമനം മുന്നോട്ടുവെക്കുന്നത്.
സവര്‍ണവിഭാഗത്തിന്റെ ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തങ്ങളുടെ വിഭാഗത്തിന്റെ സാമ്പത്തിക താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് രൂപംകൊണ്ട യോഗക്ഷേമസഭ പിന്നീട് പ്രധാന മതപരിഷ്‌കരണപ്രസ്ഥാനമായി മാറിയെങ്കിലും അതില്‍നിന്നൊക്കെ വിത്യസ്തമായ സാമൂഹ്യ-രാഷ്ട്രീയ പ്രയോഗങ്ങളായിരുന്നു കീഴാള-ദളിത് നവോത്ഥാനപ്രസ്ഥാനങ്ങളെ വ്യത്യസ്തമാക്കിയത്. സൂഷ്മമായി പരിശോധിച്ചാല്‍ നവോത്ഥാനപ്രസ്ഥാനത്തിനുള്ളില്‍തന്നെ രണ്ടു ധാരകള്‍ ഉണ്ടായിരുന്നുവെന്ന് കാണാം. ആദ്യത്തേത് ഉല്‍പാദനബന്ധങ്ങളില്‍ തളച്ചിടപെടുകയും ജാതീയമായ വിവേചനത്തിന്റെ ഫലമായി പൊതുധാരയില്‍നിന്ന് അകറ്റിനിര്‍ത്തപെടുകയും ചെയ്ത വിഭാഗമായിരുന്നു. രണ്ടാമത്തേത് സവര്‍ണജാതികള്‍ക്കുള്ളില്‍ നിലനിന്നിരുന്ന വിവേചനങ്ങള്‍ക്കും ലിംഗവിവേചനത്തിനെതിരേയുമുള്ള പരിഷ്‌ക്കരണപ്രസ്ഥാനവുമായിരുന്നു. ഇതില്‍ ആദ്യത്തേത് വിത്യസ്ത ജാതികളില്‍ ഉള്‍പ്പെട്ട കീഴാള വിഭാഗത്തിന്റെ പൊതുസമൂഹത്തെ പ്രതിനിധീകരിച്ചുകൊണ്ട് ഉല്‍പാദന ബന്ധങ്ങളില്‍ അടിമുടി അഴിച്ചുപണിക്ക് പ്രചോദനമായപ്പേള്‍, മറ്റുള്ളവ വിത്യസ്ത ജാതി-മത വിഭാഗങ്ങള്‍ക്കുള്ളിലെ പരിഷ്‌ക്കരണ ശ്രമങ്ങളെയാണ് മുന്നോട്ട് കൊണ്ടുപോയത്. അതുകൊണ്ടുതന്നെ നവോത്ഥാനപ്രസ്ഥാനങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ഇവയെ വിത്യസ്തരീതിയില്‍ തന്നെ പരിഗണിക്കേണ്ടതുണ്ട്.
1800കള്‍ മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദംവരെ കേരളത്തില്‍ മുന്നോട്ട് വന്ന നവോത്ഥാനപ്രസ്ഥാനങ്ങള്‍ ആദ്യത്തേതിന് ഉദാഹരണമാണ്. ഉല്പാദനബന്ധങ്ങളില്‍ നിന്നും വിടുതല്‍ നേടുന്നതിനും സാമൂഹ്യമായ അപമാനങ്ങളില്‍നിന്നും ഒഴിവാകുന്നതിന് വേണ്ടി കൃസ്ത്യന്‍ മിഷണറിമാരുടെ പ്രചോദനത്തിന്‍ ഫലമായും കൊളോണിയല്‍ ഇടപെടല്‍മൂലം ഉല്പാദനബന്ധങ്ങളില്‍ സൃഷ്ടിക്കപ്പെട്ട വികാസത്തിന്റെ സമ്മര്‍ദ്ദഫലമായും തിരുവിതാംക്കൂറിലെ കുറെയേറെപ്പേര്‍ മതം മാറിയിട്ടുണ്ട്. ഇതിന്റെ ഫലമായി ഈഴവരടക്കമുള്ള ചില വിഭാഗങ്ങളില്‍ ചിലരെങ്കിലും ഭൂവുടമകളാവുകയും ചെയ്തു. തിരുവിതാംകൂറില്‍ മതംമാറിയ ചാന്നാര്‍ വിഭാഗങ്ങള്‍ക്ക് കൃസ്ത്യന്‍ വസ്ത്രാധരണം അനുവദിക്കാത്തതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന കലാപമാണ് പിന്നീട് ചാന്നാര്‍ കലാപമായി മാറിയത്. 1822 ല്‍ മാറുമറച്ച് തെരുവില്‍ എത്തിയ സ്ത്രീകളെ ആക്രമിച്ചുകൊണ്ടും 1828-29 ല്‍ ഞായറാഴ്ചത്തെ ഊഴിയംവേലക്ക് തയ്യാറല്ലെന്ന ഈഴവരടക്കമുള്ള വിഭാഗങ്ങളുടെ തീരുമാനത്തിന്റെ തുടര്‍ച്ചയായിരുന്നു ഇത്. ക്രൈസ്തവമിഷണറിമാരുടെ സ്വാധീനത്തോടൊപ്പം മുത്തുക്കുട്ടി എന്ന വൈകുണ്ഠസ്വാമിയുടെ സമത്വസമാജം എന്ന സംഘടനയും വലിയ സ്വാധീനമാണ് അക്കാലത്തെ സമരങ്ങളില്‍ ചെലുത്തിയത്. സവര്‍ണരുടേത്‌പോലെ വസ്ത്രാധാരണം നടത്തണമെന്ന് മാത്രമല്ല അദ്ദേഹം പറഞ്ഞത്, കൂലിയില്ലാതെ പണിയെടുപ്പിക്കുന്ന ഊഴിയം വേലക്ക് (BONDED LABOUR) തയ്യാറാവരുതെന്നുകൂടിയാണ് ആവശ്യപ്പെട്ടത്. ഭയരഹിതമായി സഞ്ചരിക്കാനും അടിച്ചമര്‍ത്തലിനെതിരെ പോരാടാനും ആഹ്വാനം ചെയ്ത അദ്ദേഹവും അദ്ധേഹത്തിന്റെ സമത്വസമാജവുമായിരിക്കണം കേരളത്തിലെ ആദ്യത്തെ നവോത്ഥാനപ്രസ്ഥാനം.
ഹൈന്ദവ-സവര്‍ണമൂല്യങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധനിര കെട്ടിപടുത്ത മുഴുവന്‍ ദളിതുകളുടേയും നേതാവായിരുന്നു അയ്യങ്കാളി. 1889 ല്‍ സഞ്ചാര സ്വാതന്ത്ര്യത്തിന് വേണ്ടി ബാലരാമപുരം ചാലിയതെരുവില്‍ നയിച്ച സമരം മുതല്‍ വില്ലുവണ്ടിസമരവും ആറാലുംമൂട് സമരവും പുലയവിഭാഗത്തിന് മാത്രം വേണ്ടിയായിരുന്നില്ല. മറിച്ച് മുഴുവന്‍ അധഃസ്ഥിതവിഭാഗത്തിനും വേണ്ടിയായിരുന്നു. തൊഴിലാളി ട്രേഡ് യൂണിയനുകളോ തൊഴിലാളിവര്‍ഗ്ഗ സിദ്ധാന്തങ്ങളോ നിലവിലില്ലായിരുന്ന 1904 ല്‍ കര്‍ഷകരുടെ തൊഴില്‍വേതനം ഉയര്‍ത്തി കിട്ടുന്നതിനായി ഒരു വര്‍ഷം നീണ്ടുനിന്ന പണിമുടക്ക് കേരളചരിത്രത്തില്‍ ആദ്യമായി നടത്തിയത് അയ്യങ്കാളിയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മുഴുവന്‍ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തികൊണ്ട് 1905ല്‍ സാധുജന പരിപാലനയോഗം അദ്ദേഹം രൂപപെടുത്തുന്നത്. അപരിഷ്‌കകൃതരും അക്ഷരാഭ്യാസമില്ലാത്തവരുമായ ഈ ജനതയെ സ്വാഭിമാനമുള്ള കര്‍മ്മനിരതരാക്കി മാറ്റുന്നതിന് വലിയ ശ്രമമാണ് അയ്യങ്കാളിക്ക് വേണ്ടിവന്നത്. സവര്‍ണമതത്തിന്റെ പീഢനങ്ങള്‍ക്കും അവമതികള്‍ക്കും ഇരയായ മുഴുവന്‍ ജനതയേയും അണിനിരത്തി സവര്‍ണമൂല്യങ്ങളെ തകര്‍ക്കാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ക്കെതിരെ ശക്തമായ ഗൂഡാലോചനകളാണ് അന്ന് നടന്നത്. ഒന്നിച്ചുനില്‍ക്കുന്ന ദളിത് വിഭാഗങ്ങളെ പരസ്പരം അകറ്റാനും കേവലമായ ജാതികാഴ്ചപ്പാടിലേയ്ക്ക് നയിക്കാനും ഹൈന്ദവ പരിഷ്‌കരണപ്രസ്ഥാനങ്ങളായ ആര്യസമാജം, ഹിന്ദുമഹാസഭ, ഹിന്ദുമിഷന്‍ എന്നീ സംഘടനകളുടെ ബോധപൂര്‍വ്വമായ ശ്രമം വിജയം കണ്ടെത്തിയെന്ന്തന്നെ പറയാം. അയ്യങ്കാളിയുടെ മകളുടെ ഭര്‍ത്താവായിരുന്ന ടി. ടി. കേശവ ശാസ്ത്രി ഇതില്‍ വലിയ പങ്ക് വഹിച്ചു. കേശവശാസ്ത്രി അദ്ദേഹത്തിന്റെ സമുദായത്തിലെ ജനങ്ങളെ പ്രത്യേകം സംഘടിപ്പിക്കാന്‍ ശ്രമിച്ചത് കേശവശാസ്ത്രിയെ അയ്യങ്കാളിയുടെ പ്രതിയോഗിയാക്കി മാറ്റുകപോലുമുണ്ടായി. ഇതോടെ സാധുജനപരിപാലനയോഗത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും ചെയ്തു. (മകളായ ശ്രീമതി തങ്കമ്മയെ കേശവന്‍ ശാസ്ത്രി വിവാഹം കഴിച്ചതോടെ മരുമകനുമായി മത്സരിക്കാന്‍ അയ്യങ്കാളി ശ്രമിച്ചില്ലെന്നത് അദ്ദേഹത്തിന്റെ ദൗര്‍ഭല്ല്യമായി കണക്കാക്കപെടുന്നു.) പിന്നീട് ജാതിസംഘടനയെന്ന നിലയില്‍ ശാസ്ത്രിയുടെ നേതൃത്വത്തില്‍ പുലയമാഹാസഭ രജിസ്റ്റര്‍ ചെയ്യപ്പെട്ടതോടെ ആ പ്രക്രിയ പൂര്‍ത്തിയാകുകയുംചെയ്തു. എങ്കിലും അയ്യങ്കാളി ഉയര്‍ത്തിവിട്ട മൂല്യബോധത്തെ തകര്‍ക്കുവാന്‍ ഈ വിഭാഗങ്ങള്‍ക്ക് കഴിഞ്ഞില്ല. അതുകൊണ്ടാണ് തുടര്‍ന്നും നവോത്ഥാനശ്രമങ്ങള്‍ക്ക് മുന്നില്‍നില്‍ക്കുവാന്‍ ഈ പ്രസ്ഥാനം നിര്‍ബന്ധിതമായത്. അയ്യങ്കാളി മുന്നോട്ട് വെച്ച ദളിത് കാഴ്ചപാടില്‍ നിന്നുകൊണ്ട് അവശവിഭാഗങ്ങളുടെ ഒരു സമരസംഘടനയായി സാധുജനപരിപാലന യോഗം നിലനിന്നിരുന്നെങ്കില്‍ കേരളത്തിന്റെ ചരിത്രംതന്നെ ഇതാകുമായിരുന്നില്ല.
1903 ല്‍ ശ്രീ നാരായണ ഗുരുവിന്റെ നേതൃത്വത്തില്‍ ആരംഭിച്ച എസ്.എന്‍.ഡി.പി. യോഗവും സമഗ്രമായ സാമൂഹ്യ വിപ്ലവമായിരുന്നു മുന്നോട്ട് വെച്ചത്. വിദ്യാഭ്യാസം ആരോഗ്യം സമ്പദ്‌വ്യവസ്ഥ തുടങ്ങിയ സാമൂഹ്യമുന്നേറ്റത്തിന്റെ വഴികളെല്ലാം അദ്ദേഹം തുറന്നിട്ടു. കമ്മ്യൂണിസ്റ്റുപ്രസ്ഥാനം തൊഴിലാളികളെ സംഘടിപ്പിക്കുന്നതിന് മുമ്പ്തന്നെ എസ്.എന്‍.ഡി.പി ട്രേഡ് യൂണിയന്‍ സംഘടിപ്പിച്ചു. (ഈ പ്രസ്ഥാനങ്ങളെല്ലാം പിന്നീട് രൂപാന്തരം പ്രാപിച്ചു. മുന്‍ പ്രസ്ഥാനങ്ങളില്‍നിന്നും തുലോം വിത്യസ്തമായിരുന്നു പുതിയ പ്രസ്ഥാനങ്ങള്‍.) ഈ പ്രസ്ഥാനങ്ങളെല്ലാം ജാതിവിവേചനങ്ങള്‍ക്കെതിരെ നില്‍ക്കുന്നതോടൊപ്പം കാര്‍ഷികമേഖലയിലെ തൊഴില്‍ പ്രശ്‌നങ്ങളേയും മുന്നോട്ടുവെച്ചു.
എന്നാല്‍ 1920-കള്‍ മുതല്‍ ഈ നവോത്ഥാനപസ്ഥാനങ്ങള്‍ക്ക് വന്ന രൂപമാറ്റം അത് മുന്നോട്ട് വെച്ച പ്രത്യയശാസ്ത്രത്തെ അടിമുടി വ്യതിയാനത്തിന് വിധേയമാക്കുന്നതായിരുന്നു. സാധുജനപരിപാലന സംഘം അയ്യങ്കാളിയെ പിറകോട്ട് തള്ളികൊണ്ട് ഹിന്ദുമിഷന്റെ പ്രവര്‍ത്തകനായ കേശവശാസ്ത്രിയില്‍ കേന്ദ്രീകരിച്ചതോടെ 1913ല്‍ ജാതി സംഘടനയായ പുലയമഹാസഭയായി രൂപാന്തരപെടുത്തുകയായിരുന്നു. ഒരു സാമൂഹ്യസംഘടനായ സാധുജനപരിപാലനസംഘത്തില്‍നിന്ന് ജാതിസംഘടനയായ പുലയമഹാസഭയിലേയ്ക്കുള്ള ചുരുക്കം, നവോത്ഥാനപ്രസ്ഥാനങ്ങളുടെ ആകെതുകയെ ചിഹ്നഭിന്നമാക്കുന്നതായിരുന്നു. ശ്രീനാരായണീയ പരിപാലനയോഗമാണെങ്കില്‍ നാരായണഗുരുപോലും ഉപേക്ഷിക്കുന്നവിധത്തില്‍ ജാതിസംഘടനയിലേയ്ക്ക് മാറി. എന്നാല്‍ ഈ സംഘടനകളൊന്നുംതന്നെ നവോത്ഥാന പ്രസ്ഥാനത്തിന്റെ താല്പര്യങ്ങളെ മുഴുവനായും ഉപേക്ഷിക്കാന്‍ അന്നത്തെ സാമൂഹ്യബോധം അനുവദിച്ചില്ല. അതുകൊണ്ടുതന്നെ ക്ഷേത്രപ്രവേശനത്തിനും സഞ്ചാരസ്വാതന്ത്ര്യംപോലുള്ള ജനാധിപത്യ അവകാശങ്ങള്‍ക്കും വേണ്ടി മറ്റുള്ളവര്‍ക്കൊപ്പം ഈ വിഭാഗങ്ങള്‍ സമരങ്ങള്‍ പടുത്തുയര്‍ത്തി. 50 കള്‍ വരെ തുടര്‍ന്ന ഈ സമരങ്ങളുടെ പ്രധാനപോരായ്മ അതിന്റെ വര്‍ഗ്ഗഉള്ളടക്കവും ലക്ഷ്യവും ഉപേക്ഷിച്ചു എന്നതായിരുന്നു. ഇങ്ങനെ ഈ സംഘടനകളെല്ലാം നായര്‍ സര്‍വ്വീസ് സൊസൈറ്റിയെ പോലെയോ, യോഗക്ഷേമ സഭയേപോലെയൊ ജാതി പരിഷ്‌കരണപ്രസ്ഥാനത്തിലേയ്ക്ക് ചുരുങ്ങി. എങ്കിലും ഈ കാലയളവില്‍ പെരിനാട് പുലയകലാപം, മദ്യവര്‍ജ്ജനസമരം, വൈക്കം സത്യാഗ്രഹം, ഗുരുവായൂര്‍ സത്യഗ്രഹം, കുട്ടംകുളം സമരം, പാലിയം സമരം, തുടങ്ങിയവയില്‍ സജീവമായി നിലകൊണ്ടു.
നവോത്ഥാന സമരങ്ങളും കമ്മ്യൂണിസ്റ്റുകളും
നവോത്ഥാനശ്രമങ്ങളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് മുന്നോട്ട് കുതിച്ച അവശജനങ്ങള്‍ ആദ്യം കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള സ്വാതന്ത്ര്യസമരത്തിനും പിന്നീട് കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള വിപ്ലവപ്രസഥാനത്തിനും ശക്തിപകര്‍ന്നു. ജാതിയതയെ തുടച്ചുനീക്കുകയെന്നത് ശ്രീനാരായണ പ്രസ്ഥാനത്തിന്റെ മുഖ്യ ലക്ഷ്യമായിരുന്നു. ജാതിയത തകരുകയും ജാതിരഹിതസമൂഹം അടുത്തുതന്നെ യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയുമാണ് ഈ ജനങ്ങളെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടടുപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയടക്കമുള്ള ഇടതുപക്ഷപ്രസ്ഥാനം ശ്രീനാരായണപ്രസ്ഥാനത്തിന്റെ തുടര്‍ച്ചയെന്ന് ഇ.എം.എസിനെപോലുള്ളവര്‍ പറയുന്നത്. എന്നാല്‍ ജാതിമേധാവിത്വത്തിനെതിരെയുള്ള സമരം മുന്നോട്ട് കൊണ്ടുപോകാന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തയ്യാറായില്ല. ആ ഘട്ടത്തില്‍ ശ്രീനാരായണ സന്ദേശങ്ങള്‍ അപ്രസക്തമായിരിക്കുന്നുവെന്ന് പ്രഖ്യാപിച്ചുകൊണ്ട് അവയ്‌ക്കെതിരെ ആശയസമരം ഇ.എം.എസ് ആരംഭിക്കുകയും ചെയ്തു. 1995 ല്‍ ദേശാഭിമാനിയില്‍ അച്ചടിച്ചുവന്ന ശ്രീനാരായണസന്ദേശം മൂന്ന് മുഖങ്ങള്‍ എന്ന ലേഖനം ഇതിന് ഉദാഹരണമാണ്. ആ വര്‍ഷം ശിവഗിരി തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യാനുള്ള ക്ഷണം നിരസിയ്ക്കാനുള്ള കാരണം വിശദീകരിക്കുവാന്‍ എഴുതിയ ലേഖനത്തില്‍ ഇ.എം.എസ് പറയുന്നത് ശ്രീനാരായണന്റെ സന്ദേശങ്ങള്‍ക്ക് ഇന്ന് പ്രസക്തിയില്ലെന്നും കേരളത്തിന്റെ മുന്നോട്ട് പോക്കിന് ശ്രീനാരായണന്‍ വഴിക്കാട്ടുന്നുവെന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നുമാണ്. വര്‍ഗ്ഗസമരം എല്ലാവിധത്തിലുമുള്ള സാമൂഹ്യ അസമത്വങ്ങളേയും അവസാനിപ്പിക്കുമെന്ന പ്രത്യശാസ്ത്രപരമായ തെറ്റില്‍ അവിഭക്തകമ്മ്യൂണിസ്റ്റു പാര്‍ട്ടി അഭിരമിക്കുകയും നവോത്ഥാനശ്രമങ്ങളെ ഉപേക്ഷിക്കുകയും ചെയ്തു. ഇതാകട്ടെ നവോത്ഥാനസമരത്തിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേയ്ക്ക് എത്തിയ കൃഷ്ണപിള്ള, എ.കെ. ഗോപാലന്‍ എന്നിവര്‍ക്ക് പകരം മതപരിഷ്‌കരണപ്രസ്ഥാനത്തിലൂടെ രംഗത്ത് വന്നതാണെങ്കിലും പ്രധാനപ്പെട്ട സമരങ്ങളിലൊന്നും പങ്കെടുക്കാതിരുന്ന ഇ.എം.എസിനേപോലുള്ളവരുടെ കാഴ്ചപാട് വലിയരീതിയില്‍ സ്വാധീനിക്കുയും ചെയ്തു. യാന്ത്രികമായ മാര്‍ക്‌സിസ്റ്റ് വിശകലനശാസ്ത്രവും പ്രയോഗവും പിന്നീട് പിന്നോക്ക സാമൂഹ്യവിഭാഗങ്ങളുടെ സവിശേഷമായ വിഷയങ്ങളെ തള്ളികളയുന്നതിലേയ്ക്ക് ഈ വിഭാഗങ്ങളെ എത്തിച്ചു. ഭൂവിതരണം, സംവരണംപോലുള്ള വിഷയങ്ങളെ ബൂര്‍ഷ്വധനതത്ത്വവിദഗ്ധന്റെ തലത്തില്‍ പരിശോധിക്കുകയും അതിനെ തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്തു.
ദളിത് വിഭാഗത്തെ സാമൂഹ്യമായ പൊതുധാരയിലേയ്ക്ക് എത്തിക്കുന്നതിന് വേണ്ടി അംബേദ്കര്‍ ഭരണഘടനാപരമായി സ്ഥാപിച്ചെടുത്ത ദളിത്-പിന്നോക്ക വിഭാഗങ്ങള്‍ക്കായുള്ള സംവരണം ഫലത്തില്‍ അട്ടിമറിക്കുന്ന നടപടികളാണ് ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്തത്. 60 കളില്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളില്‍ ദളിത്-പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ളില്‍തന്നെ ക്രീമിലെയര്‍ എന്ന സിദ്ധാന്തം അവതരിപ്പിച്ചത് താനാണെന്ന് ഇ.എം.എസ് തന്നെ വീരവാദം മുഴക്കുന്നുണ്ട്. ഭൂരിഭാഗം ആളുകളും എതിരായിട്ടും താന്‍ ഉന്നയിച്ച വിഷയം ശരിയാണെന്ന് കാലം തെളിയിച്ചുവെന്നും സുപ്രീം കോടതിപ്പോലും അത് അംഗീകരിച്ചുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. (അച്ച്യുതമേനോന്‍ ജീവിതവും വീക്ഷണവും- ചിന്ത പബ്ലിക്കേഷന്‍സ്) ഭരണ വികേന്ദ്രീകരണമെന്ന വിഷയം കേന്ദ്രസര്‍ക്കാര്‍ ഗൗരവമായി എടുത്തക്കാലത്താണ് കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്നത്. അതിനെ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ബല്‍വന്ത്‌റായ് മേത്ത കമ്മിറ്റി കേരളത്തില്‍ വന്നപ്പോള്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗങ്ങള്‍ക്കുള്ള സംവരണത്തെ സംബന്ധിച്ച് പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചത് ഇ.എം.എസ്സായിരുന്നു. സംവരണം പിന്നോക്കവിഭാഗങ്ങളിലെ ദരിദ്രര്‍ക്ക് മാത്രമായി മാറ്റണമെന്നായിരുന്നു അതിലെ പ്രധാന നിര്‍ദ്ദേശം. പിന്നീട് വന്ന ക്രീമിലെയര്‍ സിദ്ധാന്തത്തിന്റെ വഴിക്കാട്ടിയായിരുന്നു 1958 ലെ കേരള ഭരണപരിഷ്‌ക്കാര കമ്മിറ്റി റിപ്പോര്‍ട്ട്. ഇതിലൂടെ ഇന്ത്യന്‍ ഭരണവര്‍ഗ്ഗങ്ങളുടെ പറിച്ചെറിയാനാകത്ത ബ്രഹ്മണിക്കല്‍ സിദ്ധാന്തത്തിന്റെ നിഴലായി അദ്ദേഹം മാറുകയുണ്ടായി. ഈയൊരു നിലപാടുതന്നെയാണ് ഭൂപരിഷ്‌കരണത്തിന്റെ കാര്യത്തിലും ദളിതുകള്‍ കര്‍ഷക തൊഴിലാളികളാണെന്നപേരില്‍ കൃഷിഭൂമി ലഭിയ്ക്കാതെ ഒഴിവാക്കപെടാന്‍ കാരണമെന്ന് കരുതാം. എന്തായാലും സാമൂഹ്യബോധത്തേയും സാമൂഹ്യപദവിയേയും നിര്‍ണ്ണയിക്കുന്ന നവോത്ഥാനശ്രമങ്ങളെ ഉപേക്ഷിക്കുന്നതിലേയ്ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും അണികളെയും നയിച്ചതില്‍ ഇ.എം.എസിന് വലിയ പങ്കുണ്ട്. പ്രാദേശികമായ സംഘട്ടനങ്ങളില്‍ കൊല്ലപെടുന്ന രക്തസാക്ഷികളെ കൂടി കൃത്യമായി അനുസ്മരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തങ്ങള്‍ക്കൂടി പങ്കെടുത്ത നവോത്ഥാനസമരങ്ങളില്‍ എത്രയെണ്ണത്തിന്റെ അനുസ്മരണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പരിശോധിച്ചാല്‍ ഇത് മനസിലാകും. രക്തരൂക്ഷിതമായ സമരത്തിലൂടെ സഞ്ചാരസ്വാതന്ത്ര്യം നേടിയെടുത്ത തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രപരിസരം രണ്ടുവര്‍ഷംമുമ്പ് വീണ്ടും അടച്ചുപൂട്ടിയപ്പോള്‍ അവിടെ നടന്ന പിന്നോക്കവിഭാഗങ്ങളുടെ സമരങ്ങളില്‍ സി.പി.എമ്മിനെ കണ്ടില്ല. നവോത്ഥാനസമരങ്ങളില്‍ അവസാനത്തേതായ 1956ല്‍ നടന്ന തൃശ്ശൂര്‍ജില്ലയിലെ വേലൂര്‍ മണിമലര്‍ക്കാവില്‍ നടന്ന മാറുമറക്കല്‍ സമരം പിന്നിട്ടത് 60 വര്‍ഷമാണ്. ഇക്കാലത്തിനിടയില്‍ ഒരിക്കല്‍പോലും ഈ വിഭാഗങ്ങള്‍ അനുസ്മരണങ്ങള്‍ നടത്തിയില്ല. ഇത് സൂചിപ്പിക്കുന്നത് ഈ വിഷയത്തോട് ഈ വിഭാഗങ്ങള്‍ക്കുള്ള സമീപനം തന്നെയാണ്. നവോത്ഥാനപ്രസ്ഥാനങ്ങളുടേയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും പരാജയം കേരളത്തെ എത്രവലിയ പിറകോട്ടടിയിലേയ്ക്കാണ് എത്തിച്ചിരിക്കുന്നതെന്ന് കാണാന്‍ കഴിയും. കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന കീഴാളജനതയെ ഭൂപരിഷ്‌കരണത്തില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ ശക്തമായി ഉന്നയിക്കാന്‍ ഈ വിഭാഗത്തെ അശക്തവുമാക്കിയത് ഇത്തരം സാഹചര്യങ്ങളാണ്. പിന്നീട് വിവിധ സാമുദായിക സംഘടനകളായി മാറിയ ഇവര്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ വോട്ടുബാങ്കിന്റെ തലത്തിലേയ്ക്ക് ചുരുങ്ങുകയും ചെയ്തു.
കേരളീയര്‍ ഒരു തോറ്റ ജനതയാണെന്ന് പറയാറുണ്ട്. പഠിച്ചതൊക്കെ മറക്കുകയും പഠിയ്ക്കാനുള്ളതൊക്കെ മനസിലാകാതെ വരുമ്പോഴുമാണ് നാം സ്വയം തോല്‍ക്കുന്നത്. മനസിലാകുകയെന്നാല്‍ കാര്യത്തെ കാരണംകൊണ്ട് ഹരിക്കുകയെന്നര്‍ത്ഥം. അത് കണക്കിലായാലും, സയന്‍സിലായാലും, ചരിത്രത്തിലായാലും അതിന്റെ രീതിശാസ്ത്രം ഒന്നുതന്നെയാണ്. അതില്‍ പരാജയപ്പെടുമ്പോഴാണ് നമുക്കുമുന്നില്‍ കാണുന്നതിനെ മനസിലാകാതെ പോകുന്നത്. ജനാധിപത്യം ഒരു വ്യവസ്ഥയല്ലെന്നും അതൊരു അറിവാണെന്നും ആ അറിവാണ് നമ്മെ ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേയ്ക്ക് നയിക്കുന്നതെന്നും ബോധ്യപ്പെടുത്തിയത് അയ്യങ്കാളിയും ശ്രീനാരായണഗുരുവും, അംബേദ്ക്കറുമൊക്കെയാണ്. അതുകൊണ്ടാണ് ഇനി നമുക്ക് ക്ഷേത്രങ്ങളല്ല വിദ്യാലയങ്ങളാണ് ആവശ്യമെന്ന് നാരായണഗുരു പറഞ്ഞത്. പറഞ്ഞത് മനസിലാകാതെ വന്നപ്പോഴാണ് കേരളത്തെ ജനാധിപത്യവത്ക്കരിച്ച നവോത്ഥാനസമരങ്ങളെ നാം മറന്നത്, അതിന് നേതൃത്വം കൊടുത്ത പ്രസ്ഥാനങ്ങളെ ശത്രുപാളയത്തിലെക്കെത്തിച്ചത്. ചരിത്രത്തെ ചരിത്രമായി കാണാനും സാഹിത്യത്തെ അതായിമാത്രം കാണാനും അശക്തമാകുന്നിടത്താണ് നമ്മുടെ കുട്ടികളെ നാം ശ്രീകൃഷ്ണവേഷം ധരിപ്പിക്കുന്നത്. യുദ്ധം അഗ്നിയാണെന്നും, അഗ്നി എല്ലാറ്റിനേയും ശുദ്ധീകരിക്കുമെന്നും കരുതിയ കൃഷ്ണന്റെ ബാലകവേഷം കുട്ടികള്‍ കെട്ടുമ്പോള്‍ നാം ദേവകിയും വാസുദേവനുമാകുന്നു. അതിന് അവസരം കൊടുത്തവര്‍ക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുമെന്നുമുള്ള കണക്കുകൂട്ടലുകളുമാണ് സി.പി.ഐ.എമ്മിനേയും ബി.ജെ.പിയേയും കോണ്‍ഗ്രസ്സിനേയുംപ്പോലുള്ള മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളെ നയിക്കുന്നത്. അതുകൊണ്ടാണ് സി.പി.എം പരീക്ഷണാടിസ്ഥാനത്തില്‍ കണ്ണൂരില്‍ തുടങ്ങിയത് കേരളത്തിലാകെ നടപ്പിലാക്കാന്‍ തുനിയുന്നത്. അതുകൊണ്ടാണ് നാരായണഗുരുവും അയ്യങ്കാളിയും രാമസ്വാമിയും അംബേദ്കറും പറഞ്ഞത് അവര്‍ മറന്നുപോയത്. നമ്മള്‍ മറന്നിടത്തുനിന്നാണ് ശത്രുക്കള്‍ തുടങ്ങിയത്. ആ തുടക്കമാണ് കേരളത്തിലെ ജനതയെ മടക്കത്തിലേയ്ക്ക് എത്തിച്ചത്. മടക്കമെന്നത് പലപ്പോഴും തോല്‍വിയാണ്. തോല്‍വിയുടെ മണ്ണില്‍ ചവിട്ടിനിന്നാണ് നാം ഭാവിയെകുറിച്ച് ചിന്തിക്കുന്നത്. കേരളത്തെ വര്‍ഗ്ഗീയത, ജാതീയത തുടങ്ങിയ തോല്‍വിയിലേയ്ക്ക് നയിച്ചതില്‍ വിത്യസ്ത പാര്‍ട്ടികളുടെ പങ്കെന്താണെന്ന് പരിശോധിക്കുന്നിടത്താണ് യാഥാര്‍ത്ഥ്യത്തിന്റെ ചെറുപ്രകാശമെങ്കിലും കാണാന്‍ കഴിയുക.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply