കേരള കോണ്‍ഗ്രസ്സ് ജൂബിലി ആഘോഷിക്കുമ്പോള്‍

കേരള കോണ്‍ഗ്രസ് സുവര്‍ണജൂബിലി ആഘോഷിക്കുകയാണ്. നാലു പ്രധാന കഷണങ്ങളായ പാര്‍ട്ടിയുടെ മാണി വിഭാഗവും ജേക്കബ്ബ് വിഭാഗവുമാണ് സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചിരിക്കുന്നത്. പിള്ള വിഭാഗവും പിസി തോമസ് വിഭാഗവും ഉടന്‍ ആഘോഷം തുടങ്ങുമായിരിക്കാം. പാര്‍ട്ടി രൂപംകൊണ്ട കോട്ടയം തിരുനക്കര മൈതാനത്താണ് മാണി വിഭാഗത്തിന്റെ ആഘോഷങ്ങള്‍ നടക്കുന്നത്. 1964ല്‍ തിരുനക്കര മൈതാനത്തു നടന്ന രൂപീകരണ യോഗത്തില്‍ എന്‍ എസ് എസ് സ്ഥാപകന്‍ മന്നത്തുപത്മനാഭനാണു കേരള കോണ്‍ഗ്രസ് എന്ന പേര് പ്രഖ്യാപിച്ചത്. ഏറെ പ്രസിദ്ധമായ പിടി ചാക്കോ സംഭവമാണ് […]

KM-Mani-Newskerala1
കേരള കോണ്‍ഗ്രസ് സുവര്‍ണജൂബിലി ആഘോഷിക്കുകയാണ്. നാലു പ്രധാന കഷണങ്ങളായ പാര്‍ട്ടിയുടെ മാണി വിഭാഗവും ജേക്കബ്ബ് വിഭാഗവുമാണ് സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചിരിക്കുന്നത്. പിള്ള വിഭാഗവും പിസി തോമസ് വിഭാഗവും ഉടന്‍ ആഘോഷം തുടങ്ങുമായിരിക്കാം. പാര്‍ട്ടി രൂപംകൊണ്ട കോട്ടയം തിരുനക്കര മൈതാനത്താണ് മാണി വിഭാഗത്തിന്റെ ആഘോഷങ്ങള്‍ നടക്കുന്നത്. 1964ല്‍ തിരുനക്കര മൈതാനത്തു നടന്ന രൂപീകരണ യോഗത്തില്‍ എന്‍ എസ് എസ് സ്ഥാപകന്‍ മന്നത്തുപത്മനാഭനാണു കേരള കോണ്‍ഗ്രസ് എന്ന പേര് പ്രഖ്യാപിച്ചത്.
ഏറെ പ്രസിദ്ധമായ പിടി ചാക്കോ സംഭവമാണ് കേരള കോണ്‍ഗ്രസ്സിനു രൂപം കൊടുക്കാന്‍ പെട്ടന്നുണ്ടായ പ്രചോദനം എന്നു പറയാറുണ്ട്. എന്തായാലും കേരളത്തിന്റെ ആവശ്യങ്ങള്‍ ശക്തമായി ഉന്നയിക്കുകയും അതിനുവേണ്ടി പോരാടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു കേരള കോണ്‍ഗ്രസ്സ് രൂപം കൊണ്ടത്. വാസ്തവത്തില്‍ പാര്‍ട്ടി രൂപം കൊള്ളുമ്പോള്‍ ഈ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ത്യയില്‍ വിരളമായിരുന്നു. തമിഴ് നാട്ടില്‍ ഡി.ഏം.കെയും അണ്ണാ ഡി.എം.കെയും മറ്റും ഉണ്ടായിരുന്നു. എന്നാല്‍ സമീപകാലത്തെ ഇന്ത്യന്‍ രാഷ്ട്രീയം ശ്രദ്ധിക്കുക. പ്രാദേശിക പാര്‍ട്ടികള്‍ ഓരോ സംസ്ഥാനത്തും നിര്‍ണ്ണായക ശക്തികളായി മാറിയിരിക്കുന്നു. അതതു സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാനാണ് അവ തമ്മില്‍ മുഖ്യമായും മത്സരിക്കുന്നത്. സൂപ്രധാന വിഷയങ്ങളിലാകട്ടെ അവരൊന്നിക്കുകയും ചെയ്യുന്നു. മുല്ലപ്പെരിയാര്‍, റെയില്‍വേ തുടങ്ങിയ വിഷയങ്ങളില്‍ തമിഴ്‌നാട്ടിലെ പ്രസ്ഥാനങ്ങള്‍ സ്വീകരിച്ച നിലപാടുകള്‍ നോക്കുക. ആന്ധ്ര, കര്‍ണ്ണാടക തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രമല്ല, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇതു തന്നെ അവസ്ഥ. പേരെന്തുതന്നെയായാലും സമാജ് വാദി പാര്‍ട്ടിയും ബി.എസ്.പിയും മറ്റും പ്രാദേശിക പാര്‍ട്ടികള്‍ തന്നെ. ബംഗാളില്‍ പോലും തൃണമൂല്‍ കോണ്‍ഗ്രസ്സും സി.പി.എമ്മും തമ്മിലുള്ള പ്രധാന മത്സരം പ്രാദേശിക പ്രശ്‌നങ്ങളില്‍ തന്നെ. ബംഗാളിലെ സി.പി.എം സത്യത്തില്‍ ഒരു പ്രാദേശിക പാര്‍ട്ടി തന്നെ എന്നവരുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. എന്നാല്‍ കേരളാ കോണ്‍ഗ്രസ്സിനു അതിനു കഴിയാതെ ഉപ പ്രാദേശിക പാര്‍ട്ടിയായി മാറുകയായിരുന്നു.
പ്രാദേശിക പാര്‍ട്ടികള്‍ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും ഭീഷണിയാണെന്ന് പറയാറുണ്ട്. വാസ്തവത്തില്‍ അത് സത്യവിരുദ്ധമാണ്. ഭരണ ഘടനാനുസൃതമായി പ്രവര്‍ത്തിക്കുന്ന ഈ പാര്‍ട്ടികള്‍ സ്വന്തം നാടിനു വേണ്ടി ശബ്ദിക്കുമ്പോഴും രാജ്യം നേരിടുന്ന പൊതുപ്രശ്‌നങ്ങൡ ദേശീയതല നിലപാടുകള്‍തന്നെയാണ് മിക്കവാറും സ്വീകരിക്കുന്നത്. അതാണ് യഥാര്‍ത്ഥ ജനാധിപത്യം. എത്രമാത്രം ഫെഡറല്‍ ആകാന്‍ കഴിയുമോ അത്രയും ജനാധിപത്യം ശക്തിപ്പെടുകയാണ് ചെയ്യുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പൊതുദിശ അതുതന്നെയാണ്. മുന്നണി ഭരണത്തില്‍ എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും അത് ഏകകക്ഷി ഭരണത്തേക്കാള്‍ ജനാധിപത്യപരമാകാന്‍ കാരണവും അതുതന്നെ.
സംഗതികള്‍ ഇങ്ങനെയൊക്കെയാണെങ്കിലും കേരളത്തിന്റെ അവസ്ഥ വ്യത്യസ്ഥമാണ്. കേരളത്തിനുവേണ്ടി നിലനില്‍ക്കുന്നു എന്നുറക്കെ വിളിച്ചുപറയാന്‍ ധൈര്യമുള്ള ഒരു പ്രസ്ഥാനവും ഇവിടെയില്ല. എല്ലാവരും തന്നെ അഖണ്ഡതയുടെ വക്താക്കളാണ്. പലപ്പോഴും തമിഴ്‌നാട് എം.പിമാര്‍ ലോകസഭയില്‍ ഒറ്റകെട്ടായി ലഹളയടിക്കുമ്പോള്‍ അവരെപോലെ സംസ്‌കാര രഹിതരായി പെരുമാറാന്‍ നമുക്കുകഴിയില്ല എന്ന ഒരു കേരള എം.പിയുടെ പ്രസ്താവന മാത്രം മതി നമ്മുടെ പൊതു നിലപാട് വ്യക്തമാകാന്‍. ഇരുമുന്നണികള്‍ക്കു നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്സിനും സി.പി.എമ്മിനും അഖിലേന്ത്യാരാഷ്ട്രീയമാണ് പ്രധാനം. കേരളം മലയാളികളുടെ മാതൃഭൂമി എന്ന് പണ്ട് ഇ.എം.എസ് പറഞ്ഞത് പോലും സി.പി.എം മറന്നു. കേന്ദ്രത്തിനുമുന്നില്‍ പിച്ചച്ചട്ടി നീട്ടാനാണ് ഇന്നിവര്‍ തമ്മില്‍ മത്സരം നടക്കുന്നത്.
പഴയ അവസ്ഥയില്‍ നിന്ന് വ്യത്യസ്ഥമായി കേന്ദ്രസര്‍ക്കാരില്‍ മലയാളി സാന്നിധ്യം കൂടുതലാണ്. സാക്ഷാല്‍ ആന്റണി മുതല്‍. എന്നാല്‍ അവര്‍ ആദ്യം മലയാളി, പിന്നെ ഇന്ത്യന്‍ എന്ന നിലപാടിലേക്ക് മാറണം. കേന്ദ്ര സര്‍ക്കാരിന്റെ പല തീരുമാനങ്ങളും കേരളത്തിന്റെ പൊതു അവസ്ഥക്ക് കടകവിരുദ്ധമാകാറുണ്ട്. സംസ്ഥാനങ്ങളുടെ വികസനത്തിന്റെ തോതിലുള്ള അന്തരമാണ് അതിനു പ്രധാനകാരണം. വിദ്യാഭ്യാസ ബില്ലും ദേശീയപാതാപ്രശ്‌നവും തൊഴിലുറപ്പു പദ്ധതിയും മറ്റും ഉദാഹരണങ്ങള്‍. കേരളത്തിനുവേണ്ടി ശക്തമായി വാദിക്കേണ്ട ആവശ്യകതയിലേക്കാണ് ഇവ വിരല്‍ ചൂണ്ടുന്നത്. അക്കാര്യത്തിലാകണം പാര്‍ട്ടികള്‍ തമ്മിലുള്ള പ്രഥമ മത്സരം ഉണ്ടാകേണ്ടത്. സാമുദായികതയും കക്ഷിരാഷ്ട്രീയവുമൊക്കെ പിന്നീട്. അതൊരിക്കലും ഇന്ത്യന്‍ അഖണ്ഡതക്ക് എതിരാകില്ല താനും. എന്നാല്‍ ആ ദിശയില്‍ ഒരു രാഷ്ട്രീയ ചലനവും കേരളത്തില്‍ ഉണ്ടാകുന്നില്ല. കേരള കോണ്‍ഗ്രസ്സിനും അത്തരമൊരു നയമില്ല. അതേസമയം മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് തികച്ചും ഏകപക്ഷീയമായ നിലപാടെടുത്ത് കേരളവും തമിഴ് നാടുമായുള്ള സംഘര്‍ഷം രൂക്ഷമാക്കാനുള്ള ശ്രമമാണ് ജോസഫിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി നടത്തിയതെന്നതാണ് തമാശ.
സത്യത്തില്‍ കേരളത്തിന്റെ വികസനം എന്ന ലക്ഷ്യത്തോടെയെയായിരുന്നു കേരള കോണ്‍ഗ്രസ്സ് രൂപം കൊണ്ടതെങ്കിലും പെട്ടന്നുതന്നെ അതിന്റെ സ്വഭാവവും മാറുകയായിരുന്നു. മധ്യതിരുവിതാംകൂറിലെ ക്രൈസ്തവ റബര്‍ കര്‍ഷകരുടെ ഒരു പാര്‍ട്ടിയായി അതുമാറി. കേരളം നേരിടുന്ന പൊതു പ്രശ്‌നങ്ങളിലൊന്നും അവര്‍ക്ക് കാര്യമായി ശബ്ദിക്കാനുണ്ടായിരുന്നില്ല. പലപ്പോഴും എതിരായ നിലപാട് എടുക്കുകയും ചെയ്തു. നെല്ലിയാമ്പതി വിഷയത്തിലെ പി സി ജോര്‍ജ്ജിന്റെ നിലപാടുകള്‍ തന്നെ നോക്കുക.
വളരും തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന ചരിത്രമാണ് കേരള കോണ്‍ഗ്രസ്സിന്റേത്. അധികാരം മാത്രമായിരുന്നു പിളര്‍പ്പുകളുടേയും മുന്നണിവിടലുകളുടേയും ലക്ഷ്യം. ഏതു മുന്നണി വന്നാലും കേരള കോണ്‍ഗ്രസ്സിന്റെ ഒരു കഷണം ഉണ്ടാകുമെന്നുറപ്പുവരുത്തി. അതിപ്പോഴും തുടരുന്നു. ഇപ്പോള്‍ എല്‍ഡിഎഫിലുള്ളത് പി സി തോമസിന്റെ നേതൃത്വത്തിലുള്ള ചെറിയ കഷണം മാത്രമാണ്. മറുവശത്ത് അധ്വാനവര്‍ഗ്ഗ സിദ്ധാന്തവുമായി കെ എം മാണി ലോകം ചുറ്റുന്നു. ഒരു മുഖ്യമന്ത്രിസ്ഥാനം സ്വപ്നം കൊണ്ട്. എന്നാല്‍ അതു ലഭിച്ചാല്‍ കേരളത്തിനു എന്തു ഗുണമുണ്ടാകുമെന്ന ചോദ്യം ബാക്കി……

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply