കേരളമോഡലിന്റെ പേരില്‍ ഊറ്റം കൊള്ളുന്നവരോട്

തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാനഘട്ടത്തെ സജീവമാക്കിയത് നരേന്ദ്രമോദി തുടങ്ങിവെച്ച സോമാലിയ വിവാദമാണല്ലോ. കേരളത്തിലെ ഏതൊരു സംവാദത്തിനും സംഭവിക്കാറുള്ളപോലെ കേവലമൊരു വിവാദമായി തന്നെ ഈ വിഷയവും മാറുകയാണുണ്ടായത്. മോദി എന്തുലക്ഷ്യത്തില്‍ പറഞ്ഞാലും അതില്‍ ശരിയുണ്ടോ എന്നു പരിശോധിക്കാതെ ഗുജറാത്തുമായി താരതമ്യം ചെയ്ത് നമ്മെ സ്വയം ന്യായീകരിക്കുയാണ് എല്ലാവരും ചെയ്തത്. കേരളത്തിലെ ആദിവാസിവിഭാഗങ്ങളിലെ ശിശുമരണനിരക്കായിരുന്നു മോദി സൂചിപ്പിച്ചത്. അതെന്തായാലും വളരെ മോശപ്പെട്ട അവസ്ഥയിലാണെന്നത് പച്ചയായ യാഥാര്‍ത്ഥ്യമാണ്. കഴിഞ്ഞ ദിവസവും ഒരു ആദിവാസിയുവതിയുടെ പ്രസവത്തിലെ ഇരട്ടകുട്ടികള്‍ മരിച്ച സംഭവമുണ്ടായി. എന്നാല്‍ അത്തരമൊരു വിഷയമേ […]

kerala04തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാനഘട്ടത്തെ സജീവമാക്കിയത് നരേന്ദ്രമോദി തുടങ്ങിവെച്ച സോമാലിയ വിവാദമാണല്ലോ. കേരളത്തിലെ ഏതൊരു സംവാദത്തിനും സംഭവിക്കാറുള്ളപോലെ കേവലമൊരു വിവാദമായി തന്നെ ഈ വിഷയവും മാറുകയാണുണ്ടായത്. മോദി എന്തുലക്ഷ്യത്തില്‍ പറഞ്ഞാലും അതില്‍ ശരിയുണ്ടോ എന്നു പരിശോധിക്കാതെ ഗുജറാത്തുമായി താരതമ്യം ചെയ്ത് നമ്മെ സ്വയം ന്യായീകരിക്കുയാണ് എല്ലാവരും ചെയ്തത്.
കേരളത്തിലെ ആദിവാസിവിഭാഗങ്ങളിലെ ശിശുമരണനിരക്കായിരുന്നു മോദി സൂചിപ്പിച്ചത്. അതെന്തായാലും വളരെ മോശപ്പെട്ട അവസ്ഥയിലാണെന്നത് പച്ചയായ യാഥാര്‍ത്ഥ്യമാണ്. കഴിഞ്ഞ ദിവസവും ഒരു ആദിവാസിയുവതിയുടെ പ്രസവത്തിലെ ഇരട്ടകുട്ടികള്‍ മരിച്ച സംഭവമുണ്ടായി. എന്നാല്‍ അത്തരമൊരു വിഷയമേ ഇല്ല എന്ന് സമര്‍ത്ഥിക്കാനാണ് മറ്റുസംസ്ഥാനങ്ങളുമായുള്ള താരതമ്യത്തിലൂടെ മിക്കവാറും പേര്‍ ശ്രമിച്ചത്. പ്രതേകിച്ച് ഗുജറാത്തുമായി. വ്യത്യസ്ഥരീതിയില്‍ വികസിച്ചു വന്ന ജനവിഭാഗങ്ങളെ താരതമ്യം ചെയ്യുന്നതുതന്നെ തെറ്റായ സമീപനമാണ്. അതാകട്ടെ ഉപയോഗിക്കപ്പെടുന്നത് തെറ്റായ അവകാശവാദങ്ങള്‍ക്കും. ഏതാനും സൂചികകള്‍ കാട്ടി കേരളം മറ്റു സംസ്ഥാനങ്ങള്‍ക്കു മുകളിലാണെന്നു സ്ഥാപിച്ച് കൈ കഴുകുന്ന തെറ്റായ സമീപനമാണ് ഉത്തരവാദപ്പെട്ടവര്‍ പോലും സ്വീകരിച്ചത്. ഇവരില്‍ പലരും നേരത്തെ സോമാലിയ എന്ന പേരുപറയാതെ  ഈ വിഷയം ഉന്നയിച്ചിട്ടുള്ളവര്‍ ത്‌ന്നെയാണെന്നതും മറക്കരുത്.
സത്യത്തില്‍ എന്താണ് കുറെ സൂചികകള്‍ കാട്ടി കേരളമോഡലിനെ പ്രശംസിച്ച് നാം ചെയ്യുന്നത്? കൊട്ടിഘോഷിക്കുന്ന കേരള മോഡലിന്റെ അവസ്ഥ യഥാര്‍ത്ഥത്തില്‍ എന്താണ്? അതു സത്യസന്ധമായി പരിശോധിക്കാന്‍ ഇനിയെങ്കിലും നമുക്ക് തയ്യാറായികൂടെ? കൊട്ടിഘോഷിക്കപ്പെടുന്ന രണ്ടുമേഖലകള്‍ മാത്രമെടുക്കുക. ആരോഗ്യവും വിദ്യാഭ്യാസവും. ഉല്‍പ്പാദനമേഖല വികസിക്കാതെ പോലും ഒരു സമൂഹത്തിനു മുന്നോട്ടുപോകാമെന്ന് കേരളത്തിലെ ഈ രണ്ടു മേഖലകള്‍ ചൂണ്ടികാട്ടി ലോകമാസകലം പ്രചരണം നടന്നല്ലോ. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ വന്‍തോതില്‍ ഈ മേഖലയില്‍ നിക്ഷേപം നടത്തിയതിന്റെ ഗുണകള്‍ പ്രകടമായിരുന്നു. സംസ്ഥാനത്തിന്റെ മിക്കവാറും മേഖലകളില്‍ പ്രാഥമിക ചികിത്സാ സൗകര്യങ്ങളും പ്രാഥമിക വിദ്യാഭ്യാസ സൗകര്യങ്ങളും എത്തിയെന്നത് ശരിയാണ്. അവിടെതീര്‍ന്നുഈ മുന്നേറ്റം. പിന്നീട് രണ്ടുമേഖലകളിലും സംഭവിച്ചതെന്താണ്? യാതൊരു നിയന്ത്രണവുമില്ലാത്ത സ്വകാര്യവല്‍ക്കരണം. ഫലമോ? ചൂഷണത്തിന്റെ ഏറ്റവും വലിയ മേഖലകളായി ഇവ മാറി. നേടിയ നേട്ടങ്ങളെല്ലാ നഷ്ടപ്പെടുകയും ചെയ്തു. ഒരു മഴ പെയ്യുമ്പോഴേക്കും പനി പിടിക്കുകയും പനി പിടിച്ചാല്‍ മരണപ്പെടുകയും ചെയ്യുന്ന അവസ്ഥയിലേക്ക് വിഖ്യാതമായ കേരളമോഡല്‍ മാറി. ഒരിടത്തുമില്ലാത്ത രീതിയിലുള്ള പുതിയ രോഗങ്ങള്‍. അവയുടെ ചികിത്സയുടെപേരില്‍ തീവെട്ടിക്കൊള്ള. വിദ്യാഭ്യാസത്തിലോ? ഉന്നതവിദ്യാഭ്യാസത്തില്‍ നാം ബീഹാറിനു പുറകില്‍. മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്കു പുറത്തുപോയി പഠിക്കേണ്ട ഗതികേട്. സ്വകാര്യമേഖലയുടെ കൊള്ള അനസ്യൂതം തുടരുന്നു.
കേരളത്തിന് അഭിമാനമെന്നു പറയുന്ന മിക്കവാറും മേഖലകളിലെയെല്ലാം അവസ്ഥ ഇതുതന്നെ. ഭൂപരിഷ്‌കരണത്തെ കുറിച്ചു ഊറ്റം കൊള്ളുമ്പോള്‍, അതിനൊരു തുടര്‍ച്ചയില്ലാതിരുന്നതിനാല്‍ ആദിവാസി – ദളിത് വിഭാഗങ്ങള്‍ ഭൂമിയില്ലാതെ തുടരുന്നു. അവരുടെ ജീവിതാവസ്ഥ എത്രയോ പരിതാപകരമെന്ന് അവസാനം ജിഷ സംഭവം തന്നെ തെളിയിച്ചു. എന്നാല്‍ ഭൂമിക്കായും മനുഷ്യരായി ജീവിക്കാനും അവര്‍ നടത്തുന്ന പോരാട്ടങ്ങളോട് നാം മുഖംതിരിക്കുന്നു. ഒരു കക്ഷിരാഷ്ട്രീയ കൊലപാതകമുണ്ടായാല്‍ ഹര്‍ത്താല്‍ നടത്തുന്ന നാം ജിഷവധത്തില്‍ ദളിത് സംഘടനകള്‍ ആഹ്ാനം ചെയ്ത ഹര്‍ത്താല്‍ തള്ളിക്കളയുന്നു. പല സംസ്ഥാനങ്ങളും നടപ്പാക്കിയ ആദിവാസി സ്വയംഭരണാവകാശം ഇനിയും നടപ്പാക്കാന്‍ നാം തയ്യാറല്ല.
കാര്‍ഷ്ിക – വ്യവസായ മേഖലകള്‍ മുരടിച്ചിട്ടും കേരളത്തെ പിടിച്ചു നിര്‍ത്തിയത് പ്രവാസമായിരുന്നു. പക്ഷെ അവയുടെ പ്രധാനഫലം വന്‍ കെട്ടിടങ്ങളായിരുന്നു. പല കാരണങ്ങളാലും ഇവിടെ നിക്ഷേപമായി ആ പണം മാറിയില്ല. സ്വന്തമായി വീടില്ലാത്തവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് അടച്ചിട്ട വീടുകള്‍. അതേസമയം കേരളത്തിലെത്തുന്ന ഇതരസംസ്ഥാനക്കാരോട് നമ്മുടെ സമീപനമെന്താണ്? മാര്‍ക്‌സിസത്തിന് ഏറ്റവും വളക്കൂറുണ്ടെന്നവകാശപ്പെടുന്ന മണ്ണില്‍ അധ്വാനത്തോടുള്ള സമീപനമോ? കായികാധ്വാനത്തിനു പകരം നാമെല്ലാം വെള്ളക്കോളര്‍ ജോലിക്കാരാണ്. കിട്ടുന്ന വേതനം തുച്ഛും. പീടികത്തൊഴിലാളികള്‍, നഴ്‌സുമാര്‍, അണ്‍ എയ്ഡഡ് അധ്യാപകര്‍ എന്നിങ്ങനെ അസംഘടിതവിഭാഗങ്ങളുടെ പട്ടിക നീളുന്നു. ഇവരെ സംഘടിപ്പിക്കാന്‍ മഹത്തായ തൊഴിലാളി വര്‍ഗ്ഗ സംസ്‌കാരം പറയുന്ന നമ്മുടെ പ്രസ്ഥാനങ്ങള്‍ തയ്യാറുണ്ടോ?
സ്ത്രീസാക്ഷരത കൂടുതലെന്നു പറയുമ്പോഴും സന്ധ്യയായാല്‍ പുറത്തിറങ്ങാനാവാത്ത അവസ്ഥയിലേക്ക് അവര്‍ മാറി. പൊതുയിടങ്ങള്‍ മാത്രമല്ല, വാഹനങ്ങളും കാര്യാലയങ്ങളും സ്വന്തം വീടുകള്‍ പോലും അവര്‍ക്ക് സുരക്ഷിതമല്ലാതായിരിക്കുന്നു. ഇക്കാര്യത്തില്‍ തൊട്ടയല്‍പക്കമായ തമിഴ് നാടിനേക്കാല്‍ എത്രയോ പുറകിലാണു നാം. വിദ്യാസമ്പന്നരായ സ്ത്രീകള്‍ പോലും വന്‍തുക സ്ത്രീധനം കൊടുത്ത് വീട്ടമ്മമാരായി കഴിയേണ്ട ഗതികേട് വേറെ. ലൈംഗികതയോടുള്ള അടഞ്ഞ സമീപനവും ലൈംഗികാതിക്രമങ്ങള്‍ക്ക് കാരണമാകുന്നതായി നാം മനസ്സിലാക്കുന്നില്ല. ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ശത്രുക്കളായാണ് നാം വളര്‍ത്തുന്നത്. സദാചാരപോലീസിന്റെ ഗുണ്ടാവിളയാട്ടത്തെ തടയാന്‍ നമുക്കാവുന്നില്ല.
ഇനി മാനവരാശി മുഴുവന്‍ നേരിടുന്ന ഏറ്റവും രൂക്ഷമായ പരിസ്ഥിതി വിഷയത്തോടുള്ള നമ്മുടെ സമീപനമെന്താണെന്ന് പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ വ്യക്തമാക്കുന്നു. പശ്ചിമഘട്ടത്തെ തകര്‍ക്കുന്ന ക്വാറിയുടമകളുടെ താല്‍പ്പര്യമാണ് സംരക്ഷിക്കപ്പെടുന്നത്. മറുവശത്ത് ഇത്രയധികം മഴ ലഭിച്ചിട്ടും ജലസാക്ഷരതയില്ലാത്തതിനാല്‍ വേനലില്‍ കടുത്ത വരള്‍ച്ച നേരിടുന്നു. പരിസ്ഥിതി സംരക്ഷണത്തിനായി നടക്കുന്ന ജനകീയ പോരാട്ടങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നു.
ചുരുക്കത്തില്‍ കൊട്ടിഘോഷിക്കപ്പെടു്‌ന കേരളമോഡലിന്റെ യാഥാര്‍ത്ഥ്യമെന്താണ്?  കൃഷി മുന്നോട്ടു കൊണ്ടുപോകാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാതെയും തുടര്‍ച്ചയില്ലാതേയും നടത്തിയ ഭൂപരിഷ്‌കരണം, അതില്‍ നിന്ന് ഒഴിവാക്കിയ തോട്ടങ്ങള്‍, കേരളത്തിന്റെ പരിസ്ഥിതിക്കും കാലവസ്ഥക്കും സ്വാശ്രയവികസനത്തിനും അനുയോജ്യമല്ലാത്ത രീതിയില്‍ ആദിത്യ ബിര്‍ളയെ പോലുള്ളവരെയും പിന്നീട് കൊക്കക്കോള പോലുള്ളവരേയും ക്ഷണിച്ചുകൊണ്ടുവന്നുള്ള വികസനം, വൈദ്യുതി തന്നെ അംസസ്‌കൃത വസ്തുവായ വ്യവസായശാലകള്‍, തൊഴിലാളി വര്‍ഗ്ഗത്തിന്റെ പേരില്‍ പരിഗണിക്കാതിരുന്ന പരിസ്ഥിതിനാശം, തൊഴിലില്ലായ്മയുടെ പേരുപറഞ്ഞ് യന്ത്രവല്‍ക്കരണത്തെ ചെറുക്കല്‍, വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ പേരില്‍ സ്ത്രീ – ദളിത് – ആദിവാസി അസ്തിത്വങ്ങള്‍ നിഷേധിക്കല്‍, വനനശീകരണത്തേയും ആദിവാസി ജീവിതത്തേയും കണക്കിലെടുക്കാതെ നടന്ന കുടിയേറ്റത്തെ പ്രകീര്‍ത്തിക്കല്‍, വിദ്യാഭ്യാസത്തോടൊപ്പം കപടമായ സദാചാബോധവും മൂല്യസങ്കല്‍പ്പങ്ങളും വളര്‍ത്തിയെടുത്ത മിഷണറി വിദ്യാഭ്യാസം, സ്വന്തം നാട്ടില്‍ തൊഴില്‍ കണ്ടെത്താന്‍ ശ്രമിക്കാതെ പ്രവാസത്തെ മഹത്തരമായി കണ്ട ചിന്താരീതി, അധ്വാനത്തോടുള്ള ഫ്യഡല്‍ മനോഭാവവും വൈറ്റ് കോളര്‍ തൊഴിലിനോടുള്ള ആഭിമുഖ്യവും, സര്‍ക്കാര്‍ ജോലിയോടുള്ള അമിതമായ ആഭിമുഖ്യം, നിക്ഷേപകരോടുള്ള പുച്ഛം, പ്രസ്ഥാനങ്ങളെല്ലാം കൈയടക്കിയ  സവര്‍ണ്ണ – പുരുഷ വിഭാഗങ്ങള്‍, അവകാശങ്ങളോടൊപ്പം കടമകളെ കുറിച്ച് മിണ്ടാതിരിക്കുകയും അസംഘടിത മേഖലകളെ അവഗണിക്കുകയും ചെയ്യുന്ന തൊഴിലാളി പ്രസ്ഥാനങ്ങള്‍ എന്നിങ്ങനെപോകുന്നു ഈ പട്ടിക. സ്വാഭാവികമായും ഉപഭോഗസംസ്‌കാരമായി നമ്മുടെ മുഖമുദ്ര.  നമ്മുടെ ബാങ്കുകളും സ്റ്റോക് എക്‌സ്‌ചേഞ്ചും മറ്റും പണം പുറത്തു കടത്തുന്ന ഏജന്‍സികളായി മാറി. ഇതെല്ലാം സംഭവിച്ചിട്ടും ഒരു പുനരാലോചന നടത്താന്‍ തയ്യാറാകാതെ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയിലുണ്ടായ നവോത്ഥാനമുന്നേറ്റങ്ങള്‍ കൊണ്ടുവന്ന നേട്ടങ്ങളെ പറ്റി വാചാലരായും അവയുടെ പിതൃത്വമേറ്റെടുക്കാന്‍ മത്സരിച്ചും മറ്റുള്ളവരെ ആക്ഷേപിച്ചും കാലം കളയുവാനാണ് നമുക്കിഷ്ടം. അതിനാല്‍തന്നെയാണ് മറ്റെല്ലാ മുരടിപ്പിനൊപ്പം രാഷ്ട്രീയമായും മുരടിച്ച ജനതയായി നാം മാറിയത്. സോമാലിയയേക്കാള്‍ ഉയര്‍ന്നവരാണെന്ന് ഊറ്റം കൊണ്ട് നമുക്കിങ്ങനെയൊക്കെ കഴിയാം.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: malayali | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply