കേരളപ്പിറവിയും മാതൃഭാഷകളും

പതിവുപോലെ ഈ കേരളപ്പിറവിയിലും മുഖ്യമന്ത്രിയടക്കം എല്ലാവരും മലയാളത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. മാതൃഭാഷ പഠിക്കാതെ ബിരുദമടക്കം നേടാവുന്ന സംസ്ഥാനമാണ് കേരളം എന്ന അവസ്ഥ തന്നെയാണ് പതിവുപോലെ മുഖ്യമന്ത്രി ചൂണ്ടികാട്ടിയത്. തീര്‍ച്ചയായും ശരിയാണത്. അപ്പോഴും ഇത്തരം വാദങ്ങളില്‍ ഒരു കെണി ഒളിച്ചിരിപ്പുണ്ട്. മാതൃഭാഷയെന്നും മലയാളമെന്നും ഒരേ അര്‍ത്ഥത്തില്‍ മാറി മാറി ഉപയോഗിക്കുന്നതാണത്. കേരളീയരുടെ മാതൃഭാഷയാണ് മലയാളം എന്ന ധ്വനി അതില്‍ പ്രകടമാണ്. ഒരു പ്രദേശത്തിനും ഒരു മാതൃഭാഷ ഉണ്ടാകുക അസാധ്യമാണ്. ഭൂരിപക്ഷത്തിന്റെ ഭാഷയുണ്ടാകാം. ഇന്ത്യയുടെ മാതൃഭാഷ ഹിന്ദിയാണെന്നു പറയുന്നപോലെ അസംബന്ധമാണ് […]

mmmപതിവുപോലെ ഈ കേരളപ്പിറവിയിലും മുഖ്യമന്ത്രിയടക്കം എല്ലാവരും മലയാളത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. മാതൃഭാഷ പഠിക്കാതെ ബിരുദമടക്കം നേടാവുന്ന സംസ്ഥാനമാണ് കേരളം എന്ന അവസ്ഥ തന്നെയാണ് പതിവുപോലെ മുഖ്യമന്ത്രി ചൂണ്ടികാട്ടിയത്. തീര്‍ച്ചയായും ശരിയാണത്. അപ്പോഴും ഇത്തരം വാദങ്ങളില്‍ ഒരു കെണി ഒളിച്ചിരിപ്പുണ്ട്. മാതൃഭാഷയെന്നും മലയാളമെന്നും ഒരേ അര്‍ത്ഥത്തില്‍ മാറി മാറി ഉപയോഗിക്കുന്നതാണത്. കേരളീയരുടെ മാതൃഭാഷയാണ് മലയാളം എന്ന ധ്വനി അതില്‍ പ്രകടമാണ്.
ഒരു പ്രദേശത്തിനും ഒരു മാതൃഭാഷ ഉണ്ടാകുക അസാധ്യമാണ്. ഭൂരിപക്ഷത്തിന്റെ ഭാഷയുണ്ടാകാം. ഇന്ത്യയുടെ മാതൃഭാഷ ഹിന്ദിയാണെന്നു പറയുന്നപോലെ അസംബന്ധമാണ് കേരളത്തിന്റെ മാതൃഭാഷ മലയാളമാണെന്ന വാദം. ഭാഷാടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളുടെ രൂപീകരണം നടന്നതെന്നതുശരി. എന്നാലത് ഭൂരിപക്ഷം എന്ന അര്‍ത്ഥത്തില്‍ മാത്രമാണ്. കേരളത്തില്‍  എത്രയോ ആദിവാസി, ദളിത് ഭാഷകള്‍ നിലവിലുണ്ട്.  എത്രയെത്ര ഭാഷാ ന്യൂനപക്ഷങ്ങളാണ് ഇവിടെ  ജീവിക്കുന്നത്. കൂടാതെ ഇങ്ങോട്ടു കുടിയേറുന്ന ഇതരസംസ്ഥാനക്കാരുടെ എണ്ണവും അനുദിനം വര്‍ദ്ധിക്കുന്നു. അവരുടെ മാതൃഭാഷ മലയാളമാണോ? മലയാളികളുടെ മാതൃഭാഷ മലയാളമെന്നു പറയാമെന്നാല്ലാതെ കേരളത്തിന്റെ മാതൃഭാഷ മലയാളമാണെന്ന പ്രയോഗം ഭാഷാമൗലികവാദം തന്നെയാണ്.
വളരെ ശ്രദ്ധേയമായ രീതിയില്‍ മലയാളത്തിന്റെ വിഷയം ഉയര്‍ത്തി കൊണ്ടുവരുന്ന ഐക്യ മലയാള പ്രസ്ഥാനം പോലും ഇത്തരം നിലപാടുകള്‍ ആവര്‍ത്തിക്കുന്നതു കാണാം. മാതൃഭാഷ, മലയാളം എന്നീ പദങ്ങള്‍ പലപ്പോഴും ഒരേ അര്‍ത്ഥത്തില്‍ ഉപയോഗിക്കാറുണ്ട്. മാത്രമല്ല പരോക്ഷമായും പ്രത്യക്ഷമായും ഹിന്ദിയും ഇംഗ്ലീഷും അടിച്ചേല്‍പ്പിക്കുന്നത് മലയാളത്തെ എങ്ങനെ ബാധിക്കുന്നുവോ, അതുപോലെതന്നെയാണ് മലയാളത്തിന്റെ അടിച്ചേല്‍പ്പിക്കല്‍ ഇവിടത്തെ ന്യൂനപക്ഷ ഭാഷകളേയും ബാധിക്കുന്നതെന്നത് അര്‍ഹിക്കുന്ന ഗൗരവത്തോടെ കണക്കിലെടുക്കാന്‍ അവരും തയ്യാറാകുന്നില്ല. പലപ്പോഴും തൊഴില്‍ നഷ്ടപ്പെടുമോ എന്ന മലയാളം അധ്യാപകരുടെ ഭയത്തില്‍ നിന്നാണ് അമിതമായ മലയാളവാദം ഉയരുന്നത്.
തീര്‍ച്ചയായും ഐക്യമലയാള പ്രസ്ഥാനം വളരെ പ്രസക്തമായ വഷയങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്. ഭാഷയ്ക്ക് അതിജീവിക്കാന്‍ കഴിവില്ലെങ്കില്‍ അതു മരിക്കട്ടെ, അതു സ്വാഭാവികമല്ലേ എന്നു ചോദ്യത്തെ അവര്‍ ചോദ്യം ചെയ്യുന്നു.  ഭാഷാമരണവും ഭാഷയെ കൊല്ലലും രണ്ടുതരം വിചാരമാതൃകകളാണെന്നവര്‍ ചൂണ്ടികാട്ടുന്നു. ഇവ രണ്ടുതരം  വ്യത്യസ്തമായ രാഷ്ട്രീയത്തെയും ഉള്‍ക്കൊള്ളുന്നു. പ്രകൃതിയിലുള്ളതെല്ലാം ജനിക്കുന്നു, വളരുന്നു, മരിക്കുന്നു. എന്ന മാതൃകയിലുള്ളതല്ല, ശക്തിയുള്ളത്, ശക്തിയില്ലാത്തതിനെ സ്വാഭാവികമായും കീഴ്‌പ്പെടുത്തുമെന്ന ചിന്ത. പലരും ഒരേസമയം രണ്ടും സ്വാഭാവികമാണെന്നു തട്ടിമൂളിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുവെങ്കിലും. ഭാഷയുടെ തേയ്മാനം, ഭാഷാ നഷ്ടം, ക്ഷയം, മരണം എന്നൊക്കെ വാദിക്കുന്നവര്‍ ഇതിനെല്ലാം കാരണക്കാരായി മറ്റാരും ഉണ്ടെന്നു വിശ്വസിക്കുന്നവരല്ല. അവരുടെ അഭിപ്രായത്തില്‍ ആ ഭാഷ സംസാരിക്കുന്നവര്‍ തന്നെയാണ് ഇതിനെല്ലാം ഉത്തരവാദികള്‍. ജീവികളുടെ പരിണാമം പോലെ ജനനവും വളര്‍ച്ചയും ക്ഷയവും നാശവും ഭാഷയ്ക്കുമുണ്ട് എന്നാണ് അവരുടെ വാദം. എന്നാല്‍ സത്യം അതല്ല, ഭാഷ നശിക്കുകയല്ല, അപഹരിക്കപ്പെടുകയാണ് ചെയ്യുന്നതെന്ന നിലപാട് വളരെ പ്രസക്തമാണ്. ഭാഷയെ ഒരു ഉപകരണം മാത്രമായി കാണുകയും ഭാഷയിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന സംസ്‌കാരത്തെക്കുറിച്ച് തീര്‍ത്തും അജ്ഞരായവരുമാണ് അത്തരം വാദങ്ങള്‍ ഉയര്‍ത്തുന്നത്.  അതേസമയം ലോകം കൈവിരലിലൊതുങ്ങുകയും തൊഴിലിടങ്ങള്‍ക്ക് പരിധികളില്ലാതാകുകയും ചെയ്യുന്ന സമകാലികാവസ്ഥയെ അഭിമുഖീകരിക്കാന്‍ ഭാഷക്കു കഴിയേണ്ടതുണ്ട്. അതിനു എഴുത്തച്ഛനെ കുറിച്ച് വാചാലരായി കാര്യമില്ല. ആധുനിക സാങ്കേതിക വിദ്യക്ക് വഴങ്ങുന്ന വിധത്തില്‍ ഭാഷയെ പരുവപ്പെടുത്താന്‍ കഴിയണം. തങ്ങള്‍ വായിച്ച മലയാളത്തിലെ മഹദ്ഗ്രന്ഥങ്ങള്‍ വായിക്കാതെ, കമ്പ്യൂട്ടറില്‍ മുഖംപൂഴ്ത്തുന്ന പുതുതലമുറയെ പഴിക്കുന്ന പണ്ഡിതരാണ് സത്യത്തില്‍ ഭാഷാ വികസനത്തെ തടയുന്നത്. അതേസമയം ഇവരില്‍ ഭൂരിഭാഗവും  തങ്ങളുടെ പുതുതലമുറയെ ഇംഗ്ലീഷ് മീഡിയത്തിലേ പഠിപ്പിക്കൂ എന്നതും ചെറിയ കാര്യമല്ല. ജാതീയമായ ശ്രേണീബന്ധം ഭാഷയിലും നിലനില്‍ക്കുന്നുണ്ട്. മാധവനും ഇന്ദുലേഖയും മാനിക്കപ്പെടുന്നത് ഇംഗ്ലീഷ് പരിജ്ഞാനത്തിന്റെ പേരില്‍ കൂടിയാണ്. ചെറുശ്ശേരിക്ക് ആര്യഭാഷയായ സംസ്‌കൃതമറിയാം. സൂരി നമ്പൂതിരി മോശക്കാരനാവുന്നതിന് ഈ രണ്ടു ഭാഷകളിലും പ്രാവീണ്യമില്ലാത്തതും ഒരു കാരണമാണ്. അതേസമയം നമ്മുടെ കുട്ടികളാരും ഇംഗ്ലീഷ് ഭാഷ നന്നായി പഠിക്കുന്നുമില്ല.
ഭരണം പൂര്‍ണമായും മാതൃഭാഷയിലാക്കുക എന്ന ഐക്യമലയാള പ്രസ്ഥാനത്തിന്റെ ആവശ്യം വളരെ പ്രസക്തമാണ്. തീര്‍ച്ചയായും ഏതാണ് മാതൃഭാഷ എന്ന ചോദ്യം വരും. മലയാളത്തെ കുറിച്ചുമാത്രമാണ് പ്രസ്ഥാനം പറയുന്നത്. ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടണമെന്നു ഒഴുക്കന്‍ മട്ടില്‍ പറയുന്നു. അതുപോര. അതും കൃത്യമായി നിര്‍വ്വചിക്കപ്പെടണം. അപ്പോഴും പ്രസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ വളരെ പ്രസക്തമാണ്.  ഒരു ഭാഷാ സമൂഹത്തിന്റെ ജീവിത വ്യവഹാരങ്ങള്‍ ആ ഭാഷയില്‍ നടക്കുമ്പോഴാണ് ഒരു ഭാഷ ശ്രേഷ്ഠമാകുന്നത് . ‘ഭരണഭാഷ മലയാളം’ എന്ന ബോര്‍ഡിനു കീഴില്‍ ഇംഗ്ലീഷില്‍ ഭരിക്കപ്പെടുന്നത് തുടരുക തന്നെയാണ്. 1957ല്‍ ഇ.എം.എസ്.കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യം നടത്തിയ പ്രഖ്യാപനങ്ങളിലൊന്ന് കേരളത്തിലെ ഭരണത്തിന്റെയും ഉന്നത വിദ്യാഭ്യാസത്തിന്റെയും മാധ്യമം മലയളമാക്കാന്‍ ശ്രമിക്കുമെന്നാണ്. ഭരണഭാഷ മലയാളമാക്കാന്‍ കോമാട്ടില്‍ അച്യുതമേനോന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയും രൂപീകരിച്ചു. ഏഴുവര്‍ഷം കൊണ്ട് ഭരണഭാഷ സമ്പൂര്‍ണമായി മലയാളമാക്കണമെന്നാണ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്. 1969ലാണ് കേരള ഔദ്യോഗിക ഭാഷകള്‍ ആക്റ്റ് നിലവില്‍ വന്നത്. 1973ല്‍ അതിനു ഭേദഗതികള്‍ വന്നു. അനുബന്ധമായി പല ഉത്തരവുകളുമുണ്ടായി. കാലാകാലങ്ങളായി ഭരണഭാഷാ സംബന്ധമായി പുറത്തിറങ്ങിയ ഉത്തരവുകളും സര്‍ക്കുലറുകളും നഗ്‌നമായി ലംഘിക്കപ്പെടുകയാണെന്ന് ഐക്യമലയാളപ്രസ്ഥാനം ചൂണ്ടികാട്ടുന്നു.  ഭരണം സുതാര്യമാവുകയെന്നാല്‍ ഭരണകാര്യങ്ങള്‍ ജനങ്ങള്‍ അവരുടെ ഭാഷയില്‍ അറിയുകയെന്നതാണ്. അതാണിവിടെ വിസ്മരിക്കപ്പെടുന്നത്. ഇ  ഭരണമാകട്ടെ ഫലത്തില്‍ ഭരണഭാഷയെ ഇംഗ്ലീഷാക്കുന്നു.  മുന്‍പ് മലയാളത്തില്‍ ലഭിച്ചിരുന്ന സേവനങ്ങള്‍ വരെ ഇംഗ്ലീഷാവുന്നു.
2011 മെയ് 6 നാണ് സംസ്ഥാനത്ത് ഒന്നാം ഭാഷാ ഉത്തരവ് പുറത്തിറങ്ങിയത്. അതിലെ പ്രധാന കാര്യങ്ങള്‍ ഇവയാണ്:
1) പൊതുവിദ്യാലയങ്ങളില്‍ പത്താംതരം വരെ എല്ലാ വിദ്യാര്‍ത്ഥികളും ആഴ്ചയില്‍ 3 പിരീഡെങ്കിലും മലയാളം നിര്‍ബന്ധമായി പഠിച്ചിരിക്കണം
2) മലയാളം തീരെയില്ലാത്ത ഓറിയന്റല്‍ സ്‌കൂളുകളില്‍ ആഴ്ചയില്‍ 3 പിരീഡ് മലയാളം പഠിപ്പിക്കണം
3) സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകളില്‍ പത്താംതരം വരെ 3 പിരീഡെങ്കിലും മലയാളം പഠിപ്പിക്കണം
4) കേരളത്തിലെ എല്ലാഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും മലയാളം പഠിക്കാനുള്ള അവസരം വേണം
5) കേരളത്തിലെ എല്ലാ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും മലയാളം പഠിക്കാനുള്ള അവസരം വേണം
6) ഹയര്‍ സെക്കന്‍ഡറി ക്ലാസ്സുകളില്‍ മലയാള മാധ്യമത്തില്‍ പരീക്ഷയെഴുതാന്‍ ഉദ്ദേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അതിനു സഹായകമായ വിധത്തില്‍ ശാസ്ത്ര വിഷയങ്ങളിലുള്‍പ്പെടെ പാഠപുസ്തകങ്ങള്‍ എസ്.സി.ഇ.ആര്‍.ടി തയ്യാറാക്കണം.
ഇങ്ങനെ പോകുന്ന ഉത്തരവിലെ നിര്‍ദ്ദേശങ്ങളിലൊന്നും പക്ഷെ നടപ്പിലായിട്ടില്ല. അവ നടപ്പാക്കാനുള്ള ആര്‍ജ്ജവമാണ് ഈ സര്‍ക്കമാക്കേണ്ടത്.
കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും മറക്കാന്‍ പാടില്ലാത്ത മറ്റൊന്നുണ്ട്. ജനാധിപത്യപരവും ബഹുസ്വരവുമാണ് എല്ലാ സമൂഹങ്ങളും. അല്ലെങ്കില്‍ അങ്ങനെയാകണം. അവിടെ ഭാഷകള്‍ പരസ്പരം ഇടകലരാത്ത ദ്രാവകങ്ങളല്ല. കാലത്തിന്റെ മാറ്റങ്ങള്‍ ഭാഷകളിലും പ്രതിഫലിക്കും. പരസ്പരം കൊണ്ടും കൊടുത്തും അവ വളരും. ചില ഭാഷകള്‍ ചിലപ്പോള്‍ തളരും. മരിക്കും. കൊലപാതകങ്ങള്‍ അംഗീകരിക്കാനാവില്ലെങ്കിലും സ്വാഭാവികമായ മരണങ്ങള്‍ അംഗീകരിക്കാതിരിക്കാനാവില്ലല്ലോ. അവിടെ ഭാഷാമൗലികവാദപരമായ നിലപാടുകള്‍ അപ്രസക്തമാകും. ഏതൊരു മൗലികവാദവും പോലെ തന്നെയാകുമത്. കേരളത്തിലെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളെ തുല്ല്യപദവിയുള്ള പൗരന്മാരാക്കാന്‍ മലയാളം പഠിപ്പിക്കുമെന്ന സര്‍ക്കാര്‍ നിലപാട് ശറിയാണോ? കന്നഡയറിയാത്ത മലയാളിക്ക് ബാംഗ്ലൂരില്‍ തുല്ല്യപദവിയില്ലേ..? നിരവധി ഭാഷകള്‍ സംസാരിക്കുന്ന കോസ്‌മോ പൊളിറ്റന്‍ സംസ്‌കാരത്തേക്കാണ് കേരളം നീങ്ങുന്നത്. അതത്ര മോശപ്പെട്ട കാര്യമല്ല. അങ്ങോട്ടുപഠിപ്പിക്കുക മാത്രമല്ല, ഇങ്ങോട്ടു പഠിക്കാനും നാം തയ്യാറാവണം. ഭാഷാപരമായ തുല്ല്യതയാണ് ആവശ്യം. അതംഗീകരിച്ചാണ്  ഭരണകൂടം കേരളത്തിലെ മാതൃഭാഷകളോടുള്ള  ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: malayali | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply