കേരളത്തിലെ തൊഴിലാളികളില്‍ ഭൂരിപക്ഷവും അസംഘടിതര്‍

കെ.വേണു (കേരളത്തിലെ തൊഴിലാളി വര്‍ഗ്ഗം സംഘടിതരാണെന്ന ധാരണ എത്രയോ വാസ്തവവിരുദ്ധമാണ്. കല്ല്യാണ്‍ സാരീസിലെ വനിതാജീവനക്കാരുടെ സമരം അനശ്ചിതിമായി നീളുന്ന സാഹചര്യത്തില്‍ ഏറെ പ്രസക്തമായ ലേഖനം – എഡിറ്റര്‍) കേരളത്തിലെ തൊഴിലാളികളില്‍ മുഴുവന്‍ സംഘടിതരും സമരക്കാരുമാണെന്നും അതുകൊണ്ട് വ്യവസായങ്ങള്‍ തുടങ്ങാന്‍ മൂലധനം മുടക്കാന്‍ ആളുകള്‍ തയ്യാറാകുന്നില്ലെന്ന ഒരു പൊതുധാരണയാണ് ഇപ്പോഴും കേരളത്തെക്കുറിച്ച് അഖിലേന്ത്യാതലത്തില്‍ നിലനില്‍ക്കുന്നത്. 1940കളിലും 50കളിലും ഒരുപരിധിവരെ 60കളിലും ഈ അവസ്ഥ ഉണ്ടായിരുന്നു എന്നത് ഒരു വസ്തുതയാണ്. ഏറെക്കുറെ എല്ലാ തൊഴില്‍മേഖലകളിലും സംഘടിത പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവന്നു. കമ്മ്യൂണിസ്റ്റുകാര്‍ ഈ […]

kkകെ.വേണു

(കേരളത്തിലെ തൊഴിലാളി വര്‍ഗ്ഗം സംഘടിതരാണെന്ന ധാരണ എത്രയോ വാസ്തവവിരുദ്ധമാണ്. കല്ല്യാണ്‍ സാരീസിലെ വനിതാജീവനക്കാരുടെ സമരം അനശ്ചിതിമായി നീളുന്ന സാഹചര്യത്തില്‍ ഏറെ പ്രസക്തമായ ലേഖനം – എഡിറ്റര്‍)

കേരളത്തിലെ തൊഴിലാളികളില്‍ മുഴുവന്‍ സംഘടിതരും സമരക്കാരുമാണെന്നും അതുകൊണ്ട് വ്യവസായങ്ങള്‍ തുടങ്ങാന്‍ മൂലധനം മുടക്കാന്‍ ആളുകള്‍ തയ്യാറാകുന്നില്ലെന്ന ഒരു പൊതുധാരണയാണ് ഇപ്പോഴും കേരളത്തെക്കുറിച്ച് അഖിലേന്ത്യാതലത്തില്‍ നിലനില്‍ക്കുന്നത്. 1940കളിലും 50കളിലും ഒരുപരിധിവരെ 60കളിലും ഈ അവസ്ഥ ഉണ്ടായിരുന്നു എന്നത് ഒരു വസ്തുതയാണ്. ഏറെക്കുറെ എല്ലാ തൊഴില്‍മേഖലകളിലും സംഘടിത പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവന്നു. കമ്മ്യൂണിസ്റ്റുകാര്‍ ഈ പ്രക്രിയയില്‍ നേതൃത്വപരമായ പങ്ക് വഹിക്കുകയും ചെയ്തു. ഈ അവസ്ഥയില്‍ കേരളത്തിന്റെ പുറത്തുനിന്നും സ്വകാര്യസംരംഭകര്‍ കടന്നുവരാന്‍ മടിച്ചിരുന്നു. ഇവിടെനിന്ന് പലരും മറ്റു സംസ്ഥാനങ്ങളിലേക്ക് സ്ഥാപനങ്ങള്‍ മാറ്റുകയും ചെയ്തു എന്നാല്‍ കഴിഞ്ഞ മൂന്നുനാലു ദശകങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ സ്ഥിതി ആകെ മാറിയിരിക്കുന്നു എന്നുകാണാം.
സര്‍ക്കാര്‍ വ്യവസായങ്ങളും അപൂര്‍വ്വം വന്‍കിട സ്വകാര്യ വ്യവസായങ്ങളും കഴിച്ചാല്‍ വ്യവസായ മേഖല മുരടിച്ചു നില്‍ക്കുകയാണ്. കാര്‍ഷികമേഖല മുടിക്കുകമാത്രമല്ല, തകരുകയും ചെയ്തിരിക്കുകയാണ്. നാണ്യവിള കാര്‍ഷികമേഖലകളുടെ കാര്യമെടുക്കാം. കേരകര്‍ഷകര്‍ വന്‍ തകര്‍ച്ചയിലാണ്. റബ്ബര്‍, കാപ്പി മേഖലകളിലെ തൊഴിലാളികള്‍ അസംഘടിതരാണ്. തേയിലത്തോട്ടങ്ങളില്‍ മാത്രമാണ് നാമമാത്രമെങ്കിലും തൊഴിലാളികള്‍ സംഘടിതരായിട്ടുള്ളത്. കയര്‍, നെല്ല്, കശുവണ്ടി, മത്സ്യബന്ധനം, ബീഡി തുടങ്ങിയ പരമ്പരാഗത മേഖലകള്‍ എല്ലാം തകര്‍ച്ചയിലായതുകൊണ്ട് ഈ മേഖലയിലുണ്ടായിരുന്ന സംഘടിത യൂണിയനുകള്‍ നാമാവശേഷമാവുകയോ നാമമാത്രക്കാരാവുകയോ ചെയ്തു.
കേരളത്തിലെ മുഖ്യ സാമ്പത്തിക പ്രവര്‍ത്തനമേഖലകള്‍ നിര്‍മ്മാണ, കച്ചവടസേവന മേഖലകളാണ്. നിര്‍മ്മാണമേഖലയിലെ 25 ലക്ഷത്തോളം തൊഴിലാളികളില്‍ വളരെ കുറച്ചുപേര്‍ മാത്രമാണ് നാമമാത്രമായി സംഘടിതരായിട്ടുള്ളത്. ഇവരില്‍ മൂന്നിലൊന്നു മാത്രമേ മലയാളികളുള്ളൂ. ബാക്കിയുള്ളവരെല്ലാം ഇതരസംസ്ഥാന തൊഴിലാളികളാണ്. പൊതുവില്‍ ഈ മേഖലയില്‍ കേരളത്തിലാണ് ഏറ്റവും ഉയര്‍ന്ന കൂലി നിലനില്‍ക്കുന്നതെന്നതുകൊണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍  വന്‍തോതില്‍ ആകര്‍ഷിക്കപ്പെടുന്നു. മലയാളികള്‍ കായികാധ്വാനത്തിന് വിമുഖത കാട്ടുകയും വെള്ളക്കോളര്‍ ജോലി തേടുകയും ചെയ്യുന്നതുകൊണ്ടാണ് ഈ മേഖലയില്‍ കൂലി കൂടിയത്. സംഘടിത വിലപേശല്‍കൊണ്ടല്ല. ഇതര സംസ്ഥാനതൊഴിലാളികള്‍ക്ക് ഭേദപ്പെട്ട കൂലികൊടുക്കുന്നുണ്ടെങ്കിലും കോണ്‍ട്രാക്ടര്‍മാര്‍ തൊഴിലവകാശങ്ങള്‍ നിഷേധിക്കുന്നതില്‍ കര്‍ക്കശക്കാരാണ്. ആ തൊഴിലാളികളുടെ സ്ഥിതി ശോചനീയവുമാണ്.
കച്ചവട സേവന മേഖലകളിലായി 60-70 ലക്ഷം തൊഴിലാളികള്‍ അസംഘടിതരായി തൊഴില്‍ ചെയ്യുന്നു എന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. കൊച്ചുപീടികകള്‍ മുതല്‍ വലുതും ചെറുതുമായ സൂപ്പര്‍മാര്‍ക്കറ്റുകളും വന്‍കിട തുണിക്കടകളും സ്വര്‍ണ്ണക്കടകളും ഹോട്ടലുകളും വരെയുള്ള വ്യാപാരമേഖലയിലും ആശുപത്രികള്‍, അണ്‍-എയ്ഡഡ് സ്‌കൂളുകള്‍, കോളേജുകള്‍, അസംഖ്യം സേവനസ്ഥാപനങ്ങള്‍ എല്ലാം ഉള്‍പ്പെടുന്ന സേവനമേഖലയിലുമായിട്ടാണ് 60-70 ലക്ഷം വരുന്ന വെള്ളക്കോളര്‍ തൊഴിലാളികള്‍ ജോലിചെയ്യുന്നത്. ഇവര്‍ അസംഘടിതരും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരും തുച്ഛമായ വേതനം പറ്റുന്നവരുമായ തൊഴിലാളികളാണ്. ഇവരില്‍ ബഹുഭൂരിപക്ഷത്തെയും വ്യവസ്ഥാപിത യൂണിയനുകളൊന്നും സംഘടിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. ചെറിയൊരു വിഭാഗത്തെ ചില യൂണിയനുകളില്‍ അംഗങ്ങളാക്കിയിട്ടുണ്ടെങ്കിലും അവരില്‍നിന്ന് വരിസംഖ്യ പിരിക്കാനല്ലാതെ അവരുടെ ഏറ്റവും ചെറിയ  അവകാശങ്ങള്‍ക്കുവേണ്ടിപോലും ഒരു സമരവും നടത്തിയിട്ടില്ല. ഈ തൊഴിലാളികള്‍ പണിയെടുക്കുന്ന സ്ഥാപനങ്ങളുടെ ഉടമകളുമായിട്ടാണ് ഈ യൂണിയന്‍ നേതൃത്വങ്ങള്‍ക്കും അവരെ നയിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ബന്ധമുള്ളത്. ഇടത്, വലത് വ്യത്യാസമൊന്നുമില്ലാതെ എല്ലാ വിഭാഗം രാഷ്ട്രീയപാര്‍ട്ടികളുടെയും യൂണിയനുകളുടെയും മുഖ്യവരുമാന സ്രോതസ്സ് ഈ സ്ഥാപന ഉടമകളാണ്. കേരളത്തിലെ ഏറ്റവും വലിയ സംഘടന ഇവരുടേതാണ് -വ്യാപാരി വ്യവസായി ഏകോപന സമിതി. ഈ സംഘടന ചുമട്ടുതൊഴിലാളികളുടെ സംഘടിത വിലപേശലിനെതിരായി ഉയര്‍ന്നുവന്നതാണ്. ഇപ്പോള്‍ മുതലാളിമാര് ഏറ്റവും വലിയ സംഘടിതശക്തിയാവുകയും അവര്‍ക്കു കീഴിലെ തൊഴിലാളികള്‍ ബഹുഭൂരിപക്ഷവും അസംഘടിതരായി തുടരുകയും ചെയ്യുന്ന വിചിത്രമായ അവസ്ഥയാണ് കേരളത്തിലുള്ളത്. ഈ അവസ്ഥയ്ക്ക് പ്രധാന ഉത്തരവാദികള്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളും അവരുടെ യൂണിയനുകളുമാണ്. അവര്‍ വിചാരിച്ചിരുന്നെങ്കില്‍ മുകളില്‍ പറഞ്ഞ 70 ലക്ഷത്തോളം വരുന്ന തൊഴിലാളികളെ സംഘടിപ്പിക്കാനും അവരുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാനും അനായാസം കഴിയുമായിരുന്നു. എന്നാല്‍ വലതുപക്ഷ പാര്‍ട്ടികളെപ്പോലെ ഇടതുപക്ഷപാര്‍ട്ടികളും തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ മുഴുകിയതോടെ തെരഞ്ഞെടുപ്പു ഫണ്ടിനുവേണ്ടി മുതലാളിവര്‍ഗ്ഗത്തിന്റെ പക്ഷം ചേരുകയായിരുന്നു. ഇങ്ങനയുള്ള ഇടതുപക്ഷപാര്‍ട്ടികളെ തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടികളാണെന്ന് പറയുന്നതില്‍ യാതൊരര്‍ത്ഥവുമില്ല. ഒരു സ്ഥാപനത്തില്‍ 7 തൊഴിലാളികളായാല്‍ യൂണിയനായി സമരമായി എന്നാണ് കേരളത്തെക്കുറിച്ച് പറയാറുള്ളത്. പണം മുടക്കാന്‍ കേരളത്തിലേക്ക് ആളുകള്‍ വരാതിരിക്കുന്നത് അതുകൊണ്ടാണെന്നും പറയാറുണ്ട്. നേരത്തെ 7 പേരില്‍ കുറയാത്ത ഒരു സ്ഥാപനത്തിലെതൊഴിലാളികള്‍ യോഗം ചേര്‍ന്ന് യൂണിയനുണ്ടാക്കാന്‍ തീരുമാനിച്ചതിന്റെ മിനിസ്റ്റുമായി ജില്ലാ ലേബര്‍ ഓഫീസില്‍ അപേക്ഷിച്ചാല്‍ യൂണിയന് രജിസ്‌ട്രേഷന്‍ കിട്ടാന്‍ തടസ്സമുണ്ടായിരുന്നില്ല. എന്നാല്‍, കഴിഞ്ഞ രണ്ടു ദശകത്തിനുള്ളില്‍, കേന്ദ്ര-സംസ്ഥാന തലങ്ങളിലുണ്ടായ തൊഴില്‍ നിയമഭേദഗതികളിലൂടെ ഈ അവസ്ഥയ്ക്ക് പാടേ മാറ്റം വന്നു. ഒരു സ്വതന്ത്ര യൂണിയന് രജിസ്‌ട്രേഷന്‍ കിട്ടണമെങ്കില്‍ ജില്ലാതലത്തില്‍ അപേക്ഷിക്കാനാവില്ല. സംസ്ഥാനതലത്തില്‍ ചെല്ലുന്ന അപേക്ഷകള്‍ക്ക് അംഗീകാരം കിട്ടണമെങ്കില്‍ അനവധി കടമ്പകളും വര്‍ഷങ്ങളുടെ കാലതാമസവുമാണ് നേരിടുന്നത്. വ്യവസ്ഥാപിത പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള കേന്ദ്രീകൃത യൂണിയനുകള്‍ ഈ അവസ്ഥയെ എതിര്‍ക്കുന്നില്ല. കാരണം സ്വതന്ത്രയൂണിയനുകള്‍ ഉണ്ടാകാതിരിക്കണം എന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. സ്വതന്ത്രമായ പ്രാദേശിക സ്വതന്ത്രമായ പ്രാദേശിക യൂണിയനുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരൊക്കെ മുതലാളിപക്ഷത്ത് നിലകൊള്ളുന്ന ഈ യൂണിയനുകളില്‍ ചേരുന്നതോടെ ഒരവകാശസമരവും നടക്കാനാകാതെ കെട്ടപ്പെട്ട അവസ്ഥയിലെത്തുകയും ചെയ്യും.
വെള്ളക്കോളര്‍ തൊഴിലാളികള്‍ 60-70 ലക്ഷം അസംഘടിതരാണെന്ന് പറയുമ്പോള്‍ കേരളത്തിലെ സംഘടിത തൊഴിലാളികള്‍ എത്രയാണെന്നുകൂടി അറിയണം. അഞ്ചരലക്ഷം വരുന്ന സര്‍ക്കാര്‍ ജീവനക്കാരും സര്‍ക്കാര്‍ അദ്ധ്യാപകരും ഉള്‍പ്പെടെ, എല്ലാ കേന്ദ്രീകൃത യൂണിയനുകളുടെയും കീഴില്‍ 15 ലക്ഷത്തോളം പേര്‍ മാത്രമാണ് സംഘടിതരായിട്ടുള്ളത്. പൊതുമേഖലാ സ്ഥാപനങ്ങളിലെയും അപൂര്‍വ്വം വന്‍കിട സ്വകാര്യസ്ഥാപനങ്ങളിലെയും തൊഴിലാളികളാണിവര്‍. പരമ്പരാഗത വ്യവസായ മേഖലകളില്‍ വലിയ യൂണിയനുകള്‍ നേരത്തെ ഉണ്ടായിരുന്നു. പക്ഷേ, മേഖലയില്‍ തകര്‍ച്ചയും പ്രതിസന്ധിയും നിമിത്തം യൂണിയനുകള്‍ ദുര്‍ബലവും നാമമാത്രവുമായി നിലനില്‍ക്കുന്നവയുമായി. മറ്റു ചില മേഖലകളിലും കാര്‍ഷികമേഖലയിലുമെല്ലാം നാമമാത്ര യൂണിയനുകളുണ്ടെങ്കിലും അവകാശ സമരങ്ങള്‍ നടത്തുന്നവയില്ല. യൂണിയനുകളും സമരങ്ങളുമില്ലാതെ കേരളത്തില്‍ ഉയര്‍ന്ന കൂലി ലഭിക്കുന്നത് ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ തൊഴിലാളികള്‍ക്ക് മാത്രമാണ്. അവിദഗ്ദ്ധരും വിദഗ്ദ്ധരുമായ തൊഴിലാളികള്‍ക്ക് ഈ മേഖലയില്‍ 500 രൂപ മുതല്‍ 800-1000രൂപവരെ ദിവസക്കൂലി ലഭിക്കുന്നുണ്ട്. ഇവരുമായി താരതമ്യം ചെയ്യുമ്പോഴാണ് വെള്ളക്കോളര്‍ ജീവനക്കാരുടെ ദൈന്യാവസ്ഥ മനസ്സിലാവുക. സോഷ്യല്‍മീഡിയയുടെ സഹായത്തോടെ നഴ്‌സുമാരുടെ സമരം ശക്തമായപ്പോഴാണ്, 3-4 ലക്ഷം രൂപ ചെലവാക്കി പഠിച്ച് ജോലിയിലെത്തുന്ന നഴ്‌സുമാര്‍ക്ക് ലഭിച്ചിരുന്ന വേതനം 4000-5000 രൂപയായിരുന്നു എന്ന് ജനങ്ങള്‍ മനസ്സിലാക്കിയത്. അതായത് ദിവസക്കൂലി കണക്കാക്കിയാല്‍ 150-200 രൂപ ! ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലും സ്വാശ്രയകോളേജുകളിലും പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്ക് നിര്‍മ്മാണത്തൊഴിലാളികളുടെ കൂലിയുടെ മൂന്നിലൊന്നുപോലും ലഭിക്കാത്ത അവസ്ഥയുണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇത്തരം വിവിധ മേഖലകളില്‍ ലക്ഷക്കണക്കിന് പേരാണ് സംഘടിക്കാനാവാതെ, സേവനാവകാശങ്ങള്‍ ലഭിക്കാതെ തുച്ഛവേതനത്തിന് ജോലിചെയ്തുകൊണ്ടിരിക്കുന്നത്. യാഥാര്‍ത്ഥ്യം ഇതായിരിക്കെ, ഗുണ്ടായിസം പ്രയോഗിച്ച്, നോക്കുകൂലി വാങ്ങുന്ന ഒരു ചെറുസംഖ്യ വരുന്ന ചുമട്ടുതൊഴിലാളികളാണ് കേരളത്തില്‍ തൊഴില്‍ മേഖലയുടെ മുഖമായി അവതരിപ്പിക്കപ്പെടുന്നത്. കേരളത്തിലെ സാധാരണക്കാരും സംസ്ഥാനത്തിന് പുറത്തുള്ളവരും കേരളത്തിലെ തൊഴിലാളികളെ കാണുന്നത് ഈ ചുമട്ടുതൊഴിലാളി ഗുണ്ടായിസത്തിലൂടെയാണ്. തൊഴിലാളികളുടെ ന്യായമായ അവകാശസമരങ്ങളോടുപോലും ജനങ്ങള്‍ക്ക് വിമുഖത തോന്നാന്‍ ഇടയായവിധം ഈ ചുമട്ടുതൊഴിലാളി ഗുണ്ടായിസത്തെ എപ്പോഴും മുന്നില്‍ നിര്‍ത്താന്‍ മുതലാളിമാര്‍ക്ക് എന്നും അവസരം ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply