കേരളം : വേണം ഒരു നവജനാധിപത്യപ്രസ്ഥാനം

മറ്റൊരു കേരളപിറവി കൂടി.. പദം പദം ഉറച്ചു പാരില്‍ ഐക്യകേരളത്തിന്റെ കാഹളം മുഴക്കിയവരുടെ സ്മരണ ഒരിക്കല്‍ കൂടി. എന്നാല്‍ ഒരു ദിവസം കസവുസാരിയുടുക്കുക, ശ്രേഷ്ഠഭാഷയായി മാറിയ മലയാളത്തെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുക എന്നതില്‍ ഒതുങ്ങി നില്ക്കുന്നു നമ്മുടെ കേരളപിറവി എന്നതാണ് യാഥാര്‍ത്ഥ്യം. കേരളമോഡലിനെ കുറിച്ച് ഘോരഘോരം പ്രസംഗിച്ചു നടന്നവരാണ് നാം. ഇന്നതില്‍ പശ്ചാത്തപിക്കുന്നു. എന്തായിരുന്നു വാസ്തവത്തില്‍ കേരള മോഡല്‍? ഇന്ത്യയുടെ മറ്റു പല ഭാഗങ്ങളില്‍ നിന്നും വ്യത്യസ്ഥമായി താഴേക്കിടയില്‍ നിന്നുള്ള നവോത്ഥാനമുന്നേറ്റങ്ങളാണ് കഴിഞ്ഞ നൂറ്റാണ്ടില്‍ ഇന്ത്യയുടെ മിക്ക […]

keralaമറ്റൊരു കേരളപിറവി കൂടി.. പദം പദം ഉറച്ചു പാരില്‍ ഐക്യകേരളത്തിന്റെ കാഹളം മുഴക്കിയവരുടെ സ്മരണ ഒരിക്കല്‍ കൂടി. എന്നാല്‍ ഒരു ദിവസം കസവുസാരിയുടുക്കുക, ശ്രേഷ്ഠഭാഷയായി മാറിയ മലയാളത്തെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുക എന്നതില്‍ ഒതുങ്ങി നില്ക്കുന്നു നമ്മുടെ കേരളപിറവി എന്നതാണ് യാഥാര്‍ത്ഥ്യം.
കേരളമോഡലിനെ കുറിച്ച് ഘോരഘോരം പ്രസംഗിച്ചു നടന്നവരാണ് നാം. ഇന്നതില്‍ പശ്ചാത്തപിക്കുന്നു. എന്തായിരുന്നു വാസ്തവത്തില്‍ കേരള മോഡല്‍? ഇന്ത്യയുടെ മറ്റു പല ഭാഗങ്ങളില്‍ നിന്നും വ്യത്യസ്ഥമായി താഴേക്കിടയില്‍ നിന്നുള്ള നവോത്ഥാനമുന്നേറ്റങ്ങളാണ് കഴിഞ്ഞ നൂറ്റാണ്ടില്‍ ഇന്ത്യയുടെ മിക്ക സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്ഥമായ രീതിയിലൊരു വികസനം കേരളത്തിലുണ്ടാകാന്‍ പ്രധാന കാരണം. തുടര്‍ന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനം, ദേശീയ പ്രസ്ഥാനം, മിഷണറി പ്രവര്‍ത്തനം തുടങ്ങിയവയും ഇക്കാര്യത്തില്‍ തങ്ങളുടേതായ പങ്കുവഹിച്ചു. പിന്നെ മുഖ്യമായും തെക്കു നിന്നു കാടുകളിലേക്കുണ്ടായ കുടിയേറ്റം. ഇവയെല്ലാം ചേര്‍ന്ന് കേരളത്തെ മാറ്റി മറിച്ചു. പിന്നീട് ഗള്‍ഫിലേക്കുള്ള കുടിയേറ്റവും കൂടിയായപ്പോള്‍ ചിത്രം പൂര്‍ത്തിയായി.
സത്യത്തില്‍ ഈ മാറ്റങ്ങള്‍ നടക്കുമ്പോള്‍ ദീര്‍ഘവീക്ഷണത്തോടെ കാര്യങ്ങളെ നോക്കികാണാന്‍ നമുക്കായില്ല. ആയിരുന്നെങ്കില്‍ ഈ ഗതികേടു വരുമായിരുന്നില്ല. കൃഷി മുന്നോട്ടു കൊണ്ടുപോകാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാതെ നടത്തിയ ഭൂപരിഷ്‌കരണം, അതില്‍ നിന്ന് ഒഴിവാക്കിയ തോട്ടങ്ങള്‍, കേരളത്തിന്റെ പരിസ്ഥിതിക്കും കാലവസ്ഥക്കും സ്വാശ്രയവികസനത്തിനും അനുയോജ്യമല്ലാത്ത രീതിയില്‍ ആദിത്യ ബിര്‍ളയെ പോലുള്ളവരെയും പിന്നീട് കൊക്കക്കോള പോലുള്ളവരേയും ക്ഷണിച്ചുകൊണ്ടുവന്നുള്ള വികസനം, വൈദ്യുതി തന്നെ അംസസ്‌കൃത വസ്തുവായ വ്യവസായശാലകള്‍, തൊഴിലാളി വര്‍ഗ്ഗത്തിന്റെ പേരില്‍ പരിഗണിക്കാതിരുന്ന പരിസ്ഥിതിനാശം, തൊഴിലില്ലായ്മയുടെ പേരുപറഞ്ഞ് യന്ത്രവല്‍ക്കരണത്തെ ചെറുക്കല്‍, വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ പേരില്‍ സ്ത്രീ, ദളിത്, ആദിവാസി അസ്തിത്വങ്ങള്‍ നിഷേധിക്കല്‍, അന്ധമായ കക്ഷിരാഷ്ട്രീയം, വനനശീകരണത്തേയും ആദിവാസി ജീവിതത്തേയും കണക്കിലെടുക്കാതെ നടന്ന കുടിയേറ്റത്തെ പ്രകീര്‍ത്തിക്കല്‍, വിദ്യാഭ്യാസത്തോടൊപ്പം കപടമായ സദാചാബോധവും മൂല്യസങ്കല്‍പ്പങ്ങളും വളര്‍ത്തിയെടുത്ത മിഷണറി വിദ്യാഭ്യാസം, സ്വന്തം നാട്ടില്‍ തൊഴില്‍ കണ്ടെത്താന്‍ ശ്രമിക്കാതെ പ്രവാസത്തെ മഹത്തരമായി കണ്ട ചിന്താരീതി, അധ്വാനത്തോടുള്ള ഫ്യഡല്‍ മനോഭാവവും വൈറ്റ് കോളര്‍ തൊഴിലിനോടുള്ള ആഭിമുഖ്യവും, അതിന്റെ തുടര്‍ച്ചയായി കേരളത്തിലേക്കുള്ള കുടിയേറ്റം, അവകാശങ്ങളോടൊപ്പം കടമകളെ കുറിച്ച് മിണ്ടാതിരിക്കുകയും അസംഘടിത വിഭാഗങ്ങളെ അവഗണിക്കുകയും ചെയ്യുന്ന തൊഴിലാളി പ്രസ്ഥാനങ്ങള്‍, ഒളിച്ചുനോട്ടവും സദാചാരഗുണ്ടായിസവും തുടങ്ങിയവയെല്ലാമാണ് സത്യത്തില്‍ നമ്മുടെ മുഖമുദ്രകള്‍.
ഒരു കാലത്ത് ഉല്‍പ്പാദമേഖല വികസിക്കാതെ ഒരു സമൂഹത്തിനു മുന്നോട്ടുപോകാമെന്നതിന്റെ മാതൃകയായി കേരള മോഡല്‍ ചൂണ്ടികാട്ടുന്നതില്‍ ലോകമെങ്ങും മത്സരം നടന്നു. അതിന്റെ ഉദ്ദേശമറിയാതെ അതിന്റെ പിതൃത്വമേറ്റെടുക്കാന്‍ ഇവിടേയും മത്സരം നടന്നു. സ്വാഭാവികമായും ഉപഭോഗസംസ്‌കാരമായി നമ്മുടെ മുഖമുദ്ര. ഉല്‍പ്പാദിപ്പിക്കുന്നതൊന്നും ഉപയോഗിക്കാതിരിക്കുകയും ഉപയോഗിക്കുന്നതൊന്നും ഉല്‍പ്പാദിപ്പിക്കാതിരിക്കുകയും ചെയ്യുന്ന സമൂഹമായി കേരളം മാറി. ഇവിടത്തെ വ്യവസായവല്‍ക്കരത്തിനുപയുക്തമാക്കേണ്ട അസംസ്‌കൃത വസ്തുക്കളും അധ്വാനശേഷിയും പുറത്തേക്കൊഴുകി. മറുവശത്ത് പുറത്തുനിന്നുള്ള ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റ് കീഴടക്കി. പാടുപെട്ട് ഇവിടെ ചെറുസംരംഭങ്ങള്‍ ആരംഭിച്ചവര്‍ തകര്‍ന്നു. പ്രവാസികള്‍ അയക്കുന്ന പണം പോലും ഉല്‍പ്പാദന മേഖകളിലേക്ക് തിരിയാതെ പുറത്തേക്കൊഴുകി. നമ്മുടെ ബാങ്കുകളും സ്‌റ്റോക് എക്‌സ്‌ചേഞ്ചും മറ്റും പണം പുറത്തു കടത്തുന്ന ഏജന്‍സികളായി മാറി. പ്രവാസികളാകാന്‍ തയ്യാറാകാതിരുന്നവരാകട്ടെ ടെസ്റ്റുകളെഴുതി സര്‍ക്കാര്‍ ജോലിക്കുമാത്രം കാത്തിരുന്നു.
സ്വാഭാവികമായും ഇടക്കാലത്ത് ആരോഗ്യമേഖലക്കും വിദ്യാഭ്യാസമേഖലക്കും വളര്‍ച്ചയുണ്ടായി. എന്നാല്‍ സംഗതികള്‍ മാറിമറിയാന്‍ അധികകാലം വേണ്ടിവന്നില്ല. എല്ലാ മേഖലകളിലും തിരിച്ചടികള്‍ ആരംഭിച്ചു. ആരോഗ്യവും വിദ്യാഭ്യാസവും ഏറ്റവും വലിയ കച്ചവടമാകാന്‍ അധികകാലം വേണ്ടിവന്നില്ല. സര്‍ക്കാര്‍ ആരോഗ്യം, വിദ്യാഭ്യാസം, മാലിന്യ സംസ്‌കരണം, കുടിവെള്ള വിതരണം തുടങ്ങിയ മേഖലകളില്‍ പണം വിനിയോഗിക്കാതെ നഷ്ടത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ നടത്താനും കുറികമ്പനി തുടങ്ങാനും മറ്റും ചിലവഴിച്ചു. ആരോഗ്യമേഖലയില്‍ അനാവശ്യമായ മരുന്നുകള്‍ ഏറ്റവുമധികം തിന്നുന്നവരായി നാം മാറി. നാടുനീളെ ആശുപത്രികള്‍. ഇല്ലാതായെന്നു കരുതിയ രോഗങ്ങള്‍ക്കൊപ്പം ജീവിതശൈലി രോഗങ്ങള്‍ എന്നു വിശേഷിക്കപ്പെട്ട പുതിയ രോഗങ്ങളുടെ ഏറ്റവും വലിയ താവളമായി കേരളം. ആത്മഹത്യയിലും മദ്യപാനത്തിലും കുഴഞ്ഞുവീണു മരണത്തിലുമെല്ലാം ഒന്നാമതായി. വിദ്യാഭ്യാസമേഖലയിലും സ്ഥിതി വ്യത്യസ്ഥമല്ല. സാക്ഷരതയുടെ പേരില്‍ ഊറ്റം കൊള്ളുമ്പോള്‍ ഉന്നത വിദ്യാഭ്യാസം മുരടിച്ചു. മറുവശത്ത് വിദ്യാഭ്യാസനേട്ടം പോലും അര്‍ത്ഥരഹിതമായി. രാജ്യത്തെ ഏറ്റവും വിദ്യാഭ്യാസമുണ്ടെന്നു അവകാശപ്പെടുന്ന നമ്മുടെ സ്ത്രീകളുടെ അവസ്ഥ തന്ന തന്നെ ഉദാഹരണം.
ഈ സാഹചര്യങ്ങളിലാണ് ഒരു നവജനാധിപത്യത്തിന്റെ പ്രസക്തി ഉയര്‍ന്നു വരുന്നത്. ഒരു കാലത്ത് ജനാധിപത്യ, മതേതര, നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കുയും എന്നാല്‍ പൂര്‍ത്തീകരിക്കാനാവാഞ്ഞതുമായി കടമകളായിരിക്കണം ഈ പ്രസ്ഥാനം ഏറ്റടുക്കേണ്ടത്. അതില്‍ മുഖ്യം രണ്ടാം ഭൂപരിഷ്‌കരണം തന്നെ. ഒന്നാം ഭൂപരിഷ്‌കരണത്തില്‍ ഭൂമി ലഭിക്കാതിരുന്ന ദളിത് – ആദിവാസി വിഭാഗങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കണം. അന്ന് ഭൂപരിഷ്‌കരണത്തില്‍ നിന്ന് ഒഴിവാക്കിയ തോട്ടങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തണം. ഇതോടൊപ്പം കൃഷി, കര്‍ഷകന്റെ മാത്രം ഉത്തരവാദിത്തമായി കാണാതെ പൊതു ഉത്തരവാദിത്തത്തിലാക്കണം. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുമാത്രം വികസനം എന്ന നിലപാടില്‍ മുറുക്കി പിടിക്കണം. അത്തരത്തില്‍ കേരളത്തിനനുയോജ്യമായ വ്യവസായ – ഊര്‍ജ്ജ നയത്തിനു രൂപം നല്‍കണം. മറുവശത്ത് സ്ത്രീകളെ കേന്ദ്രസ്ഥാനത്തു നിര്‍ത്തിയുള്ള വികസന പരിപ്രേക്ഷ്യമായിരിക്കണം ഈ പ്രസ്ഥാനത്തിനു വേണ്ടത്. വൃദ്ധര്‍, വികലാംഗര്‍, ലൈംഗികന്യൂനപക്ഷങ്ങള്‍ , മറുനാടന്‍ തൊഴിലാളികള്‍ തുടങ്ങി വിവിധ ജനവിഭാഗങ്ങള്‍ക്ക് സമൂഹത്തില്‍ തുല്ല്യതയും മാന്യതയും ഉറപ്പുവരുത്തണം.
ശ്രേഷ്ഠഭാഷയെ കുറിച്ച് ഊറ്റം കൊള്ളുകയും പാരമ്പര്യത്തില്‍ രമിക്കുകയും ചെയ്യാതെ മലയാളത്തെ ആധുനികവല്‍ക്കരിക്കാനാണ് നവജനാധിപത്യ പ്രസ്ഥാനം ശ്രമിക്കേണ്ടത്. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിഗായിരിക്കണം അക്കാര്യത്തില്‍ വഴിക്കാട്ടി. സ്വതന്ത്ര്യ സോഫ്റ്റ് വെയര്‍ പ്രസ്ഥാനത്തെ പിന്തുണക്കുകയും അറിവിന്റെ കുത്തകവല്‍ക്കരണത്തെ ചെറുക്കുകയും വേണം.
ആധുനികകാലത്തിന്റെ മുഖമുദ്രയായ ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തണം. മതേതരത്വത്തില്‍ ഊന്നുന്നതും അഴിമതി രഹിതവും അക്രമരഹിതവുമായ സംവിധാനമാക്കി അതിനെ മാറ്റിയെടുക്കണം. ജനാധിപത്യവ്യവസ്ഥയില്‍ തന്നെ വളരുന്ന ഫാസിസത്തിനെതിരായ ശക്തമായ നിലപാട് അനിവാര്യമാണ്. ഒപ്പം വര്‍ഗ്ഗീയതക്കും സവര്‍ണ്ണാധിപത്യത്തിനും. ഇന്ത്യന്‍ ജനാധിപത്യത്തെയും ഭരണകൂടത്തേയും വികേന്ദ്രീകൃതവും ഫെഡറലുമാക്കാനുള്ള വീക്ഷണത്തോടെയായിരിക്കണം ഈ പ്രസ്ഥാനം പ്രവര്‍ത്തിക്കേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply